വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 37

“നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌”

“നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌”

“രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകു​ന്നേ​രം​വരെ നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌.”​—സഭാ. 11:6.

ഗീതം 68 രാജ്യവിത്ത്‌ വിതയ്‌ക്കാം

പൂർവാവലോകനം *

1-2. സഭാ​പ്ര​സം​ഗകൻ 11:6 എങ്ങനെ​യാ​ണു പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

ചില രാജ്യ​ങ്ങ​ളിൽ ആളുകൾക്കു സന്തോ​ഷ​വാർത്ത കേൾക്കാൻ ഇഷ്ടമാണ്‌. അതായി​രു​ന്നു അവർക്കു വേണ്ടി​യി​രു​ന്നത്‌. മറ്റു ചില രാജ്യ​ങ്ങ​ളിൽ ആളുകൾക്ക്‌ ദൈവി​ക​കാ​ര്യ​ങ്ങ​ളി​ലോ ബൈബി​ളി​ലോ ഒന്നും വലിയ താത്‌പ​ര്യ​മില്ല. നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾ എങ്ങനെ​യാണ്‌? അവർ എങ്ങനെ​യാണ്‌ പ്രതി​ക​രി​ക്കു​ന്ന​തെ​ങ്കി​ലും, മതി എന്ന്‌ യഹോവ പറയു​ന്ന​തു​വരെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ തീക്ഷ്‌ണ​ത​യോ​ടെ തുടരാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു.

2 യഹോവ നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വരു​മ്പോൾ പ്രസം​ഗ​പ്ര​വർത്തനം പൂർത്തി​യാ​കു​ക​യും ‘അവസാനം വരുക​യും’ ചെയ്യും. (മത്താ. 24:14, 36) അതുവരെ “നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌” എന്ന വാക്കുകൾ നമുക്ക്‌ എങ്ങനെ അനുസ​രി​ക്കാം? *​​—സഭാ​പ്ര​സം​ഗകൻ 11:6 വായി​ക്കുക.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻ പോകു​ന്നത്‌?

3 ‘മനുഷ്യ​രെ പിടി​ക്കു​ന്ന​തിൽ’ വിദഗ്‌ധ​രാ​കാൻ നമ്മളെ സഹായി​ക്കുന്ന നാലു കാര്യ​ങ്ങ​ളാണ്‌ കഴിഞ്ഞ ലേഖന​ത്തിൽ നമ്മൾ പഠിച്ചത്‌. (മത്താ. 4:19) നമ്മുടെ സാഹച​ര്യ​ങ്ങൾ എന്തായാ​ലും സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നം ശക്തമാ​ക്കാൻ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖന​ത്തിൽ ചർച്ച​ചെ​യ്യും. (1) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​തും (2) ക്ഷമയു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തും (3) ശക്തമായ വിശ്വാ​സം നിലനി​റു​ത്തു​ന്ന​തും പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നമ്മൾ പഠിക്കും.

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ക

4. യഹോവ നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന പ്രവർത്ത​ന​ത്തിന്‌ നമ്മുടെ മുഴു​ശ്ര​ദ്ധ​യും കൊടു​ക്കു​ന്നത്‌ അത്ര എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

4 അവസാ​ന​കാ​ല​ത്തി​ന്റെ അടയാ​ള​മായ സംഭവ​ങ്ങ​ളെ​യും ലോകാ​വ​സ്ഥ​ക​ളെ​യും കുറിച്ച്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. പ്രസം​ഗ​പ്ര​വർത്തനം ചെയ്‌തു​തീർക്കു​ന്ന​തിൽനിന്ന്‌ ആ കാര്യങ്ങൾ തന്റെ അനുഗാ​മി​ക​ളു​ടെ ശ്രദ്ധ വ്യതി​ച​ലി​പ്പി​ച്ചേ​ക്കാ​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ യേശു ശിഷ്യ​ന്മാ​രോട്‌ എപ്പോ​ഴും ‘ഉണർന്നി​രി​ക്കാൻ’ പറഞ്ഞത്‌. (മത്താ. 24:42) നോഹ​യു​ടെ കാലത്ത്‌ ആളുക​ളു​ടെ ശ്രദ്ധ മറ്റു പല കാര്യ​ങ്ങ​ളി​ലും ആയിരു​ന്നു. അതു​കൊണ്ട്‌ നോഹ കൊടുത്ത മുന്നറി​യിപ്പ്‌ ശ്രദ്ധി​ക്കാൻ അവർക്കു കഴിഞ്ഞില്ല. സമാന​മായ കാര്യങ്ങൾ ഇക്കാലത്ത്‌ നമ്മു​ടെ​യും ശ്രദ്ധ പതറി​ച്ചേ​ക്കാം. (മത്താ. 24:37-39; 2 പത്രോ. 2:5) അതു​കൊണ്ട്‌ യഹോവ നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന പ്രവർത്ത​ന​ത്തിന്‌ നമ്മുടെ മുഴു​ശ്ര​ദ്ധ​യും കൊടു​ക്കാൻ, അതിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ, നമ്മൾ ആഗ്രഹി​ക്കു​ന്നു.

5. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ വ്യാപ​ന​ത്തെ​ക്കു​റിച്ച്‌ പ്രവൃ​ത്തി​കൾ 1:6-8 എന്താണു പറയു​ന്നത്‌?

5 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ നമ്മൾ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കേണ്ട ഒരു സമയമാണ്‌ ഇപ്പോൾ. തന്റെ മരണ​ശേ​ഷ​വും തന്റെ അനുഗാ​മി​കൾ പ്രസം​ഗ​പ്ര​വർത്തനം തുടരു​മെ​ന്നും താൻ ഉണ്ടായി​രു​ന്ന​പ്പോൾ ചെയ്‌ത​തി​നെ​ക്കാൾ വിപു​ല​മാ​യി അവർ അതു ചെയ്യു​മെ​ന്നും യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (യോഹ. 14:12) യേശു​വി​ന്റെ മരണ​ശേഷം ചില ശിഷ്യ​ന്മാർ അവരുടെ പഴയ ജോലി​യായ മീൻപി​ടു​ത്ത​ത്തി​ലേക്ക്‌ തിരി​ച്ചു​പോ​യി. പുനരു​ത്ഥാ​ന​പ്പെ​ട്ടു​വന്ന യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ക​യും അവർ ധാരാളം മീൻ പിടി​ക്കാൻ ഇടയാ​ക്കി​ക്കൊണ്ട്‌ ഒരു അത്ഭുതം പ്രവർത്തി​ക്കു​ക​യും ചെയ്‌തു. മനുഷ്യ​രെ പിടി​ക്കാൻ അവർക്കുള്ള നിയമ​ന​മാണ്‌ മറ്റെല്ലാ ജോലി​യെ​ക്കാ​ളും പ്രധാ​ന​മെന്ന്‌ ഈ സാഹച​ര്യ​ത്തിൽ യേശു എടുത്തു​പ​റഞ്ഞു. (യോഹ. 21:15-17) താൻ തുടങ്ങി​വെച്ച പ്രസം​ഗ​പ്ര​വർത്തനം ഇസ്രാ​യേ​ലി​ന്റെ അതിർത്തി​ക​ളെ​ല്ലാം കടന്ന്‌ ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവരെ വ്യാപി​ക്കു​മെന്ന്‌ സ്വർഗ​ത്തി​ലേക്കു കയറി​പ്പോ​കു​ന്ന​തിന്‌ തൊട്ടു​മുമ്പ്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. (പ്രവൃ​ത്തി​കൾ 1:6-8 വായി​ക്കുക.) വർഷങ്ങൾക്കു ശേഷം, ‘കർത്താ​വി​ന്റെ ദിവസ​ത്തിൽ’ നടക്കാ​നി​രി​ക്കുന്ന സംഭവങ്ങൾ ഒരു ദർശന​ത്തി​ലൂ​ടെ യേശു അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു കാണി​ച്ചു​കൊ​ടു​ത്തു. * യോഹ​ന്നാൻ കണ്ട ഭയഗം​ഭീ​ര​മായ ദർശനം ഇതായി​രു​ന്നു: ദൂത വഴിന​ട​ത്തി​പ്പി​നു കീഴിൽ, “എല്ലാ ജനതക​ളെ​യും ഗോ​ത്ര​ങ്ങ​ളെ​യും ഭാഷക്കാ​രെ​യും വംശങ്ങ​ളെ​യും” “എന്നും നിലനിൽക്കുന്ന ഒരു സന്തോ​ഷ​വാർത്ത” അറിയി​ക്കു​ന്നു. (വെളി. 1:10; 14:6) ലോക​മെ​ങ്ങും നടക്കുന്ന പ്രസം​ഗ​പ്ര​വർത്തനം പൂർത്തി​യാ​കു​ന്ന​തു​വരെ നമ്മൾ അതിൽ ഏർപ്പെ​ടാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു എന്നല്ലേ ഇതെല്ലാം കാണി​ക്കു​ന്നത്‌?

6. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ മുഴു​ശ്ര​ദ്ധ​യും കൊടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

6 നമ്മളെ സഹായി​ക്കാൻ യഹോവ എന്തൊ​ക്കെ​യാ​ണു ചെയ്യു​ന്നത്‌ എന്നു ചിന്തി​ക്കു​ന്നെ​ങ്കിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽനിന്ന്‌ നമ്മുടെ ശ്രദ്ധ പതറാ​തി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, യഹോവ ഇന്നു നമുക്ക്‌ അളവി​ല്ലാ​തെ ആത്മീയ​ഭ​ക്ഷണം നൽകി​ക്കൊ​ണ്ടേ​യി​രി​ക്കു​ക​യാണ്‌. അതിൽ അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഇല​ക്ട്രോ​ണിക്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഓഡി​യോ റെക്കോർഡി​ങ്ങു​ക​ളും വീഡി​യോ​ക​ളും പ്രക്ഷേ​പ​ണ​പ​രി​പാ​ടി​ക​ളും ഒക്കെ ഉൾപ്പെ​ടു​ന്നുണ്ട്‌. ഒന്നു ചിന്തി​ക്കുക, നമ്മുടെ വെബ്‌​സൈറ്റ്‌ ഇപ്പോൾ 1,000-ത്തിലധി​കം ഭാഷക​ളിൽ ലഭ്യമാണ്‌. (മത്താ. 24:45-47) ഈ ലോകം രാഷ്‌ട്രീ​യ​മാ​യും മതപര​മാ​യും സാമ്പത്തി​ക​മാ​യും ഭിന്നി​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ലോക​മെ​ങ്ങു​മുള്ള 80 ലക്ഷത്തി​ല​ധി​കം ദൈവ​ദാ​സർ ഒരൊറ്റ കുടും​ബം​പോ​ലെ ഐക്യ​ത്തിൽ പ്രവർത്തി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 2019 ഏപ്രിൽ 19 വെള്ളി​യാഴ്‌ച ലോക​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലു​മുള്ള സാക്ഷികൾ ഒരു​പോ​ലെ ഒരു കാര്യം ചെയ്‌തു. അന്നത്തെ ദിവസത്തെ ദിനവാ​ക്യ​ത്തി​ന്റെ ചർച്ചയു​ടെ ഒരു വീഡി​യോ അവർ കണ്ടു; അന്നു വൈകു​ന്നേരം യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ 2,09,19,041 പേർ കൂടി​വന്നു. ഇന്നു നടക്കുന്ന വിസ്‌മ​യ​ക​ര​മായ ഈ കാര്യങ്ങൾ കാണാ​നും അതിന്റെ ഭാഗമാ​യി​രി​ക്കാ​നും നമുക്കുള്ള അവസര​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ മുഴു​ശ്ര​ദ്ധ​യും കൊടു​ക്കാൻ നമുക്കു കഴിയും.

സത്യത്തിനു സാക്ഷി​യാ​യി നിൽക്കു​ന്ന​തിൽനിന്ന്‌ തന്റെ ശ്രദ്ധ പതറി​ക്കാൻ യേശു ഒന്നി​നെ​യും അനുവ​ദി​ച്ചി​ല്ല (7-ാം ഖണ്ഡിക കാണുക)

7. യേശു​വി​ന്റെ മാതൃക എങ്ങനെ​യാണ്‌ നമ്മുടെ പ്രവർത്ത​ന​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌?

7 യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്ന​തും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽനിന്ന്‌ ശ്രദ്ധ പതറാ​തി​രി​ക്കാൻ നമ്മളെ സഹായി​ക്കും. സത്യത്തി​നു സാക്ഷി​യാ​യി നിൽക്കു​ന്ന​തിൽനിന്ന്‌ തന്റെ ശ്രദ്ധ കവരാൻ യേശു യാതൊ​ന്നി​നെ​യും അനുവ​ദി​ച്ചില്ല. (യോഹ. 18:37) ഒരിക്കൽ സാത്താൻ “ലോകത്തെ എല്ലാ രാജ്യ​ങ്ങ​ളും അവയുടെ പ്രതാ​പ​വും” വാഗ്‌ദാ​നം ചെയ്‌ത​പ്പോൾ യേശു അതിൽ വീണു​പോ​യില്ല. (മത്താ. 4:8, 9; യോഹ. 6:15) പിന്നീട്‌, യേശു തങ്ങളുടെ രാജാ​വാ​ക​ണ​മെന്ന്‌ ആളുകൾ ആഗ്രഹം പ്രകടി​പ്പി​ച്ച​പ്പോ​ഴും യേശു അതിനു വഴങ്ങി​യില്ല. (ലൂക്കോ. 9:58; യോഹ. 8:59) പണവും വസ്‌തു​വ​ക​ക​ളും ഉണ്ടാക്കാ​നുള്ള ആഗ്രഹം ഒരിക്ക​ലും യേശു​വി​നെ പിടി​കൂ​ടി​യില്ല. ശക്തമായ എതിർപ്പു നേരി​ടേ​ണ്ടി​വ​ന്ന​പ്പോ​ഴും യേശു പിൻവാ​ങ്ങി​യില്ല. വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ നമ്മൾ നേരി​ടു​മ്പോൾ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ഉപദേശം ഓർക്കുക. ‘ക്ഷീണിച്ച്‌ പിന്മാ​റാ​തി​രി​ക്കാൻ’ ക്രിസ്‌ത്യാ​നി​കൾ യേശു​വി​ന്റെ മാതൃക ഓർക്ക​ണ​മെന്ന്‌ പൗലോസ്‌ പറഞ്ഞു. (എബ്രാ. 12:3) ആ ഉപദേശം അനുസ​രി​ക്കു​ന്നെ​ങ്കിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മുടെ മുഴു​ശ്ര​ദ്ധ​യും അർപ്പി​ക്കാൻ നമുക്കു കഴിയും.

ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക

8. എന്താണ്‌ ക്ഷമ, ഇപ്പോൾ അതു പ്രത്യേ​കിച്ച്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 ഒരു സാഹച​ര്യം മാറു​ന്ന​തു​വരെ ശാന്തമാ​യി കാത്തി​രി​ക്കാ​നുള്ള പ്രാപ്‌തി​യാണ്‌ ക്ഷമ. ചില​പ്പോൾ നമ്മൾ കാത്തി​രി​ക്കു​ന്നത്‌ മോശ​മായ ഒരു സാഹച​ര്യം അവസാ​നി​ച്ചു​കാ​ണാ​നാ​യി​രി​ക്കും. അല്ലെങ്കിൽ വളരെ​ക്കാ​ല​മാ​യി നമ്മൾ ആഗ്രഹിച്ച ഒരു കാര്യം നടക്കു​ന്നതു കാണാ​നാ​യി​രി​ക്കും. എന്താ​ണെ​ങ്കി​ലും നമുക്കു ക്ഷമ വേണം. യഹൂദ​യിൽ നടന്നു​കൊ​ണ്ടി​രുന്ന അക്രമങ്ങൾ അവസാ​നി​ക്കാൻ ഹബക്കൂക്ക്‌ പ്രവാ​ചകൻ അതിയാ​യി ആഗ്രഹി​ച്ചു. (ഹബ. 1:2) ദൈവ​രാ​ജ്യം ‘പെട്ടെ​ന്നു​തന്നെ പ്രത്യ​ക്ഷ​പ്പെ​ടു​മെ​ന്നും’ റോമി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ തങ്ങളെ രക്ഷിക്കു​മെ​ന്നും യേശു​വി​ന്റെ ശിഷ്യ​ന്മാർ പ്രതീ​ക്ഷി​ച്ചു. (ലൂക്കോ. 19:11) ദൈവ​രാ​ജ്യം, ദുഷ്ടത നീക്കി നീതി കളിയാ​ടുന്ന ഒരു പുതിയ ലോകം ഇവിടെ കൊണ്ടു​വ​രുന്ന ദിവസ​ത്തി​നാ​യി നമ്മളും കാത്തി​രി​ക്കു​ക​യാണ്‌. (2 പത്രോ. 3:13) പക്ഷേ യഹോവ നിശ്ചയി​ച്ചി​രി​ക്കുന്ന സമയത്തേ അതു നടക്കു​ക​യു​ള്ളൂ. അതുവരെ നമ്മൾ ക്ഷമയോ​ടെ കാത്തി​രി​ക്കണം. യഹോവ നമ്മളെ ക്ഷമയു​ള്ള​വ​രാ​കാൻ പഠിപ്പി​ക്കുന്ന ചില വിധങ്ങൾ നോക്കാം.

9. യഹോവ ക്ഷമ കാണി​ച്ച​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ എന്തൊ​ക്കെ​യാണ്‌?

9 യഹോ​വ​യാണ്‌ ക്ഷമയുടെ ഏറ്റവും ശ്രേഷ്‌ഠ​മായ മാതൃക. പെട്ടകം പണിയാ​നും ‘നീതി​യെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കാ​നും’ യഹോവ നോഹ​യ്‌ക്ക്‌ മതിയായ സമയം കൊടു​ത്തു. (2 പത്രോ. 2:5; 1 പത്രോ. 3:20) ദുഷ്ടത നിറഞ്ഞ സൊ​ദോം, ഗൊ​മോറ നഗരങ്ങ​ളി​ലെ ആളുകളെ നശിപ്പി​ക്കാ​നുള്ള യഹോ​വ​യു​ടെ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ അബ്രാ​ഹാം ആവർത്തിച്ച്‌ ചോദി​ച്ച​പ്പോ​ഴും യഹോവ ശ്രദ്ധ​യോ​ടെ കേട്ടു​നി​ന്നു. (ഉൽപ. 18:20-33) അവിശ്വ​സ്‌ത​രായ ഇസ്രാ​യേൽ ജനത​യോട്‌ യഹോവ നൂറ്റാ​ണ്ടു​ക​ളോ​ളം ക്ഷമയോ​ടെ ഇടപെട്ടു. (നെഹ. 9:30, 31) താൻ ആകർഷി​ക്കുന്ന എല്ലാവർക്കും മാനസാ​ന്ത​ര​പ്പെ​ടാൻ ആവശ്യ​ത്തി​നു സമയം കൊടു​ത്തു​കൊണ്ട്‌ യഹോവ ഇന്നും ക്ഷമ കാണി​ക്കു​ന്നു. (2 പത്രോ. 3:9; യോഹ. 6:44; 1 തിമൊ. 2:3, 4) പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്ത​ന​ത്തിൽ ആയിരി​ക്കു​മ്പോൾ ക്ഷമ കാണി​ക്കാൻ യഹോ​വ​യു​ടെ ഈ നല്ല മാതൃക നമ്മളെ പ്രചോ​ദി​പ്പി​ക്കും. തന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ​യും യഹോവ ക്ഷമ എന്ന ഗുണ​ത്തെ​ക്കു​റിച്ച്‌ നമ്മളെ പഠിപ്പി​ക്കു​ന്നു.

കഠിനാധ്വാനിയായ, അതേസ​മയം ക്ഷമയുള്ള ഒരു കർഷക​നെ​പ്പോ​ലെ നമ്മുടെ ശ്രമങ്ങ​ളു​ടെ ഫലങ്ങൾക്കാ​യി നമുക്കു കാത്തി​രി​ക്കാം (10-11 ഖണ്ഡികകൾ കാണുക)

10. യാക്കോബ്‌ 5:7, 8-ൽ പറയുന്ന കർഷകന്റെ ദൃഷ്ടാന്തം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

10 യാക്കോബ്‌ 5:7, 8 വായി​ക്കുക. വിത്തു വിതച്ച്‌ അതു വളരു​ന്ന​തു​വരെ കാത്തി​രി​ക്കുന്ന ഒരു കർഷകന്റെ ദൃഷ്ടാന്തം എങ്ങനെ ക്ഷമയു​ള്ളവർ ആയിരി​ക്കണം എന്ന്‌ നമ്മളെ പഠിപ്പി​ക്കു​ന്നു. ചില ചെടികൾ പെട്ടെന്ന്‌ വളരും. എന്നാൽ മറ്റു ചിലത്‌, പ്രത്യേ​കിച്ച്‌ വിളകൾ ഉത്‌പാ​ദി​പ്പി​ക്കുന്ന ചെടികൾ, വിള​വെ​ടു​പ്പിന്‌ പാകമാ​കു​ന്ന​തി​നു കുറച്ചു​കൂ​ടെ സമയ​മെ​ടു​ക്കും. ഇസ്രാ​യേ​ലിൽ സാധാരണ ഒരു കർഷകൻ മുന്മഴ​യ്‌ക്കു മുമ്പ്‌, അതായത്‌ ഒക്ടോബർ പകുതി​യോ​ടെ വിത്തു വിതയ്‌ക്കും; എന്നിട്ട്‌ പിന്മഴ​യ്‌ക്കു ശേഷം, അതായത്‌ ഏപ്രിൽ പകുതി​യോ​ടെ വിള​വെ​ടു​ക്കും. അതെ, ഒരു കർഷകൻ വിത്ത്‌ വിതച്ചിട്ട്‌ എതാണ്ട്‌ ആറു മാസ​ത്തോ​ളം ക്ഷമയോ​ടെ കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. (മർക്കോ. 4:28) ആ കർഷക​നെ​പ്പോ​ലെ നമുക്കും ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാം, അതാണു ജ്ഞാനം. എന്നാൽ അത്‌ അത്ര എളുപ്പമല്ല.

11. ക്ഷമയു​ള്ളവർ ആയിരി​ക്കു​ന്നത്‌ ശുശ്രൂ​ഷ​യിൽ നമുക്ക്‌ ഗുണം ചെയ്യു​ന്നത്‌ എങ്ങനെ?

11 എന്തെങ്കി​ലും ഒരു കാര്യം ചെയ്‌താൽ അതിനു പെട്ടെന്ന്‌ ഫലം കിട്ടണ​മെ​ന്നാണ്‌ അപൂർണ​മ​നു​ഷ്യ​രു​ടെ ആഗ്രഹം. എന്നാൽ ഒരു കർഷകൻ നടുന്ന വിത്ത്‌ ഫലം കായ്‌ക്ക​ണ​മെ​ങ്കിൽ അതിന്‌ എപ്പോ​ഴും ശ്രദ്ധ കൊടു​ത്തു​കൊ​ണ്ടി​രി​ക്കണം. നിലം ഒരുക്കു​ക​യും വിത്തു വിതയ്‌ക്കു​ക​യും കള പറിക്കു​ക​യും വെള്ളം ഒഴിക്കു​ക​യും ഒക്കെ ചെയ്യണം. അതിനു നല്ല ക്ഷമയും വേണം. ശിഷ്യ​രാ​ക്കൽ വേലയിൽ ഫലം കിട്ടണ​മെ​ങ്കിൽ നമ്മളും ക്ഷമയോ​ടെ നല്ല ശ്രമം ചെയ്യണം. ആളുകൾ നമ്മളെ ശ്രദ്ധി​ക്കാ​ത്ത​പ്പോൾ നിരാശ തോന്നാ​തി​രി​ക്കാൻ ക്ഷമയെന്ന ഗുണം നമ്മളെ സഹായി​ക്കും. ഇനി ആളുകൾ കേൾക്കാൻ നല്ല താത്‌പ​ര്യം കാണി​ച്ചാ​ലും നമ്മൾ ക്ഷമയു​ള്ള​വ​രാ​യി​രി​ക്കണം. നമ്മൾ പറയുന്ന കാര്യങ്ങൾ ബൈബിൾവി​ദ്യാർഥി പെട്ടെന്ന്‌ വിശ്വ​സി​ക്കണം എന്ന്‌ നമുക്ക്‌ നിർബന്ധം പിടി​ക്കാ​നാ​വില്ല. ചില​പ്പോ​ഴൊ​ക്കെ യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു​പോ​ലും യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളു​ടെ അർഥം പെട്ടെന്ന്‌ പിടി​കി​ട്ടി​യില്ല. (യോഹ. 14:9) നമ്മൾ ബൈബിൾ പഠിപ്പി​ക്കുന്ന ആളുക​ളു​ടെ ഉള്ളിൽനി​ന്നും മുൻവി​ധി​യും നിസ്സം​ഗ​ത​യും പിഴു​തു​ക​ള​യു​ന്ന​തി​നും സമയ​മെ​ടു​ക്കും. നമ്മളാ​യി​രി​ക്കും നടുക​യും നനയ്‌ക്കു​ക​യും ചെയ്യു​ന്നത്‌. പക്ഷേ ദൈവ​മാണ്‌ വളർത്തു​ന്നത്‌ എന്ന കാര്യം നമ്മൾ എപ്പോ​ഴും ഓർക്കണം.​—1 കൊരി. 3:6.

12. വിശ്വാ​സ​ത്തിൽ ഇല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളോട്‌ സാക്ഷീ​ക​രി​ക്കു​മ്പോ​ഴും നമുക്ക്‌ എങ്ങനെ ക്ഷമ കാണി​ക്കാം?

12 വിശ്വാ​സ​ത്തിൽ ഇല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളോട്‌ സാക്ഷീ​ക​രി​ക്കു​മ്പോൾ ക്ഷമ കാണി​ക്കാൻ നമുക്ക്‌ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. സഭാ​പ്ര​സം​ഗകൻ 3:1, 7-ലെ തത്ത്വം ഈ കാര്യ​ത്തിൽ നമ്മളെ സഹായി​ക്കു​ന്നു. ‘സംസാ​രി​ക്കാൻ ഒരു സമയവും മൗനമാ​യി ഇരിക്കാൻ ഒരു സമയവും’ ഉണ്ടെന്ന്‌ അവിടെ പറയുന്നു. നമ്മൾ ഒന്നും പറഞ്ഞി​ല്ലെ​ങ്കി​ലും നമ്മുടെ നല്ല പെരു​മാ​റ്റം​തന്നെ അവർക്കൊ​രു സാക്ഷ്യ​മാ​യി​രി​ക്കും. (1 പത്രോ. 3:1, 2) അതേസ​മയം സത്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ കിട്ടുന്ന അവസര​ങ്ങ​ളൊ​ന്നും നമ്മൾ നഷ്ടപ്പെ​ടു​ത്തു​ക​യും അരുത്‌. തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മ്പോൾത്തന്നെ കുടും​ബാം​ഗങ്ങൾ ഉൾപ്പെടെ എല്ലാവ​രോ​ടും ക്ഷമയോ​ടെ ഇടപെ​ടാ​നും നമ്മൾ ശ്രദ്ധി​ക്കണം.

13-14. ക്ഷമയുടെ കാര്യ​ത്തിൽ നല്ല മാതൃക വെച്ച ചിലരു​ടെ ദൃഷ്ടാ​ന്തങ്ങൾ പറയുക.

13 ബൈബിൾക്കാ​ല​ങ്ങ​ളി​ലെ​യും ഇക്കാല​ത്തെ​യും വിശ്വ​സ്‌ത​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്കു ക്ഷമയെ​ക്കു​റിച്ച്‌ പഠിക്കാൻ കഴിയും. ദുഷ്ടത അവസാ​നി​ച്ചു​കാ​ണാൻ ഹബക്കൂക്ക്‌ ആഗ്രഹി​ച്ചു. എങ്കിലും ഹബക്കൂക്ക്‌ ക്ഷമയു​ള്ളവൻ ആയിരു​ന്നു. അതു​കൊ​ണ്ടാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌: “എന്റെ കാവൽസ്ഥാ​നത്ത്‌ ഞാൻ നിൽക്കും.” (ഹബ. 2:1) അതെ, ഹബക്കൂക്ക്‌ ക്ഷമയോ​ടെ തന്റെ കാവൽസ്ഥാ​ന​ത്തു​തന്നെ തുടർന്നു. അതു​പോ​ലെ ശുശ്രൂഷ ‘പൂർത്തി​യാ​ക്കി’ തന്റെ സ്വർഗീയ പ്രതി​ഫലം നേടാൻ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ആഗ്രഹി​ച്ചു. എങ്കിലും ‘സന്തോ​ഷ​വാർത്ത സമഗ്ര​മാ​യി അറിയി​ക്കു​ന്ന​തിൽ’ പൗലോസ്‌ ക്ഷമയോ​ടെ തുടർന്നു.​—പ്രവൃ. 20:24.

14 ഇനി നമുക്ക്‌ ഇക്കാലത്തെ ഒരു അനുഭവം നോക്കാം. ഗിലെ​യാദ്‌ ബിരുദം നേടിയ ഒരു ദമ്പതി​കളെ സാക്ഷികൾ അധികം ഒന്നുമി​ല്ലാത്ത ഒരു രാജ്യ​ത്തേക്ക്‌ നിയമി​ച്ചു. ആ രാജ്യത്തെ ഭൂരി​പക്ഷം ആളുക​ളും ക്രൈ​സ്‌ത​വ​രാ​യി​രു​ന്നില്ല. മിക്കവർക്കും ബൈബിൾ പഠിക്കാൻ വലിയ താത്‌പ​ര്യ​വും ഇല്ലായി​രു​ന്നു. എന്നാൽ അവരു​ടെ​കൂ​ടെ ഗിലെ​യാദ്‌ ബിരുദം നേടി മറ്റു രാജ്യ​ങ്ങ​ളിൽ സേവി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്ക്‌ ശുശ്രൂ​ഷ​യിൽ നല്ലനല്ല അനുഭ​വങ്ങൾ ലഭിക്കു​ന്നു​ണ്ടാ​യി​രു​ന്നു. അവർക്ക്‌ ലഭിക്കുന്ന നല്ല ബൈബിൾപ​ഠ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒക്കെ ഈ ദമ്പതി​ക​ളോട്‌ പറയു​മാ​യി​രു​ന്നു. തങ്ങളുടെ പ്രദേ​ശത്തെ മിക്കവ​രും കേൾക്കാൻ തയ്യാറ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആ ദമ്പതികൾ ക്ഷമയോ​ടെ ശുശ്രൂ​ഷ​യിൽ തുടർന്നു. അങ്ങനെ എട്ടു വർഷം കടന്നു​പോ​യി. ഒടുവിൽ അവർക്ക്‌ അവരുടെ ഒരു ബൈബിൾവി​ദ്യാർഥി സ്‌നാ​ന​പ്പെ​ടു​ന്ന​തി​ന്റെ സന്തോഷം അനുഭ​വി​ക്കാൻ കഴിഞ്ഞു. പുരാ​ത​ന​കാ​ല​ത്തെ​യും ആധുനി​ക​കാ​ല​ത്തെ​യും വിശ്വ​സ്‌ത​രു​ടെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ഇവരാ​രും മടുത്തു​പോ​കു​ക​യോ അവരുടെ കൈക്കു വിശ്രമം കൊടു​ക്കു​ക​യോ ചെയ്‌തില്ല. അവർ കാണിച്ച ക്ഷമയ്‌ക്ക്‌ യഹോവ അവർക്കു പ്രതി​ഫലം കൊടു​ക്കു​ക​യും ചെയ്‌തു. ‘വിശ്വാ​സ​ത്തി​ലൂ​ടെ​യും ക്ഷമയി​ലൂ​ടെ​യും വാഗ്‌ദാ​നങ്ങൾ അവകാ​ശ​മാ​ക്കി​യ​വരെ നമുക്ക്‌ അനുക​രി​ക്കാം.’​—എബ്രാ. 6:10-12.

ശക്തമായ വിശ്വാ​സം കാത്തു​സൂ​ക്ഷി​ക്കു​ക

15. പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

15 നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തിൽ നമുക്ക്‌ വിശ്വാ​സ​മുണ്ട്‌, അതു​കൊണ്ട്‌ കഴിയു​ന്നത്ര ആളുകളെ അത്‌ അറിയി​ക്കാൻ നമ്മൾ ആഗ്രഹി​ക്കും. ദൈവ​വ​ച​ന​ത്തിൽ കാണുന്ന വാഗ്‌ദാ​നങ്ങൾ നടക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌. (സങ്കീ. 119:42; യശ. 40:8) ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റു​ന്നത്‌ നമ്മൾ ഇന്ന്‌ കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​മ്പോൾ ആളുക​ളു​ടെ ജീവിതം മെച്ച​പ്പെ​ടു​ന്ന​തും നമ്മൾ കാണുന്നു. ഈ തെളി​വു​ക​ളെ​ല്ലാം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത എല്ലാവ​രും അറിയേണ്ട ഒരു സന്ദേശ​മാ​ണെന്ന നമ്മുടെ ബോധ്യം കൂടുതൽ ശക്തമാ​ക്കു​ന്നു.

16. സങ്കീർത്തനം 46:1-3-നു ചേർച്ച​യിൽ യഹോ​വ​യി​ലുള്ള വിശ്വാ​സം പ്രസം​ഗി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ ശക്തമാ​ക്കു​ന്നത്‌ എങ്ങനെ? യേശു​വി​ലുള്ള വിശ്വാ​സം നമ്മളെ എങ്ങനെ സഹായി​ക്കു​ന്നു?

16 ഇനി, നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തി​ന്റെ ഉറവി​ട​മായ യഹോ​വ​യി​ലും ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യഹോവ നിയമി​ച്ചി​രി​ക്കുന്ന യേശു​വി​ലും നമുക്കു വിശ്വാ​സ​മുണ്ട്‌. (യോഹ. 14:1) നമ്മൾ നേരി​ടുന്ന സാഹച​ര്യ​ങ്ങൾ എത്ര ദുഷ്‌ക​ര​മാ​യാ​ലും യഹോവ എപ്പോ​ഴും നമ്മുടെ അഭയസ്ഥാ​ന​വും ശക്തിയും ആയിരി​ക്കും. (സങ്കീർത്തനം 46:1-3 വായി​ക്കുക.) യഹോവ കൊടുത്ത ശക്തിയും അധികാ​ര​വും ഉപയോ​ഗി​ച്ചു​കൊണ്ട്‌ യേശു സ്വർഗ​ത്തിൽനിന്ന്‌ പ്രസം​ഗ​പ്ര​വർത്ത​നത്തെ നയിക്കു​ന്നെ​ന്നും നമുക്ക്‌ ഉറപ്പുണ്ട്‌.​—മത്താ. 28:18-20.

17. പ്രസം​ഗ​പ്ര​വർത്തനം തുട​രേ​ണ്ട​തി​ന്റെ കാരണം വ്യക്തമാ​ക്കുന്ന ഒരു അനുഭവം പറയുക.

17 വിശ്വാ​സ​മു​ണ്ടെ​ങ്കിൽ, യഹോവ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കും എന്ന ഉറപ്പും നമുക്കു​ണ്ടാ​യി​രി​ക്കും. ഒരുപക്ഷേ നമ്മൾ പ്രതീ​ക്ഷി​ക്കാത്ത വിധങ്ങ​ളിൽപ്പോ​ലും യഹോവ അത്‌ ചെയ്യും. (സഭാ. 11:6) ഉദാഹ​ര​ണ​ത്തിന്‌, നമ്മുടെ പ്രസി​ദ്ധീ​കരണ കൈവ​ണ്ടി​ക​ളു​ടെ​യും സ്റ്റാൻഡു​ക​ളു​ടെ​യും അടുത്തു​കൂ​ടെ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ ഓരോ ദിവസ​വും നടന്നു​പോ​കു​ന്നു. ഈ സാക്ഷീ​ക​ര​ണ​രീ​തി ശരിക്കും ഫലപ്ര​ദ​മാ​ണോ? ആണെന്ന​തിന്‌ ഒരു സംശയ​വു​മില്ല. 2014 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ ഒരു അനുഭവം വന്നിരു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഒരു ഉപന്യാ​സം എഴുതാൻ ആഗ്രഹിച്ച ഒരു കോ​ളേജ്‌ വിദ്യാർഥി​നി​യു​ടെ അനുഭ​വ​മാ​യി​രു​ന്നു അത്‌. നമ്മുടെ രാജ്യ​ഹാൾ കണ്ടുപി​ടി​ക്കാൻ അവൾക്ക്‌ കഴിഞ്ഞില്ല, എങ്കിലും കോ​ളേ​ജി​ന്റെ അടുത്ത്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഒരു പ്രദർശ​ന​മേശ അവൾ കണ്ടു. ഉപന്യാ​സം എഴുതാൻ വേണ്ട വിവരങ്ങൾ അവൾക്ക്‌ അവി​ടെ​നിന്ന്‌ കിട്ടി. പിന്നീട്‌, അവൾ സ്‌നാ​ന​മേറ്റ്‌ ഒരു സാക്ഷി​യാ​യി. ഇപ്പോൾ ഒരു സാധാരണ മുൻനി​ര​സേ​വി​ക​യാണ്‌. രാജ്യ​സ​ന്ദേശം കേൾക്കേണ്ട ധാരാളം ആളുകൾ ഇനിയു​മു​ണ്ടെന്ന്‌ ഇത്തരം അനുഭ​വ​ങ്ങ​ളൊ​ക്കെ തെളി​യി​ക്കു​ന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ ഇത്‌ നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നി​ല്ലേ?

കൈക്കു വിശ്രമം കൊടു​ക്കില്ല എന്ന്‌ നിങ്ങൾ തീരു​മാ​നി​ച്ചി​ട്ടു​ണ്ടോ?

18. യഹോവ നിശ്ചയി​ച്ചി​രി​ക്കുന്ന സമയത്തു​തന്നെ പ്രസം​ഗ​പ്ര​വർത്തനം പൂർത്തി​യാ​കു​മെന്നു നമുക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

18 നിശ്ചയി​ച്ചി​രി​ക്കുന്ന സമയത്തു​തന്നെ പ്രസം​ഗ​പ്ര​വർത്തനം പൂർത്തി​യാ​കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. നോഹ​യു​ടെ കാലത്ത്‌ എന്താണു സംഭവി​ച്ചത്‌ എന്ന്‌ ഓർക്കുക. താൻ ഒരു സമയം നിശ്ചയി​ച്ചാൽ അത്‌ അങ്ങോ​ട്ടോ ഇങ്ങോ​ട്ടോ മാറി​ല്ലെന്ന്‌ യഹോവ അന്ന്‌ തെളി​യി​ച്ചു. ജലപ്ര​ളയം ആരംഭി​ക്കാ​നുള്ള സമയം ഏകദേശം 120 വർഷങ്ങൾക്കു മുമ്പു​തന്നെ യഹോവ നിശ്ചയി​ച്ചി​രു​ന്നു. വർഷങ്ങൾക്കു ശേഷം, ഒരു പെട്ടകം പണിയാൻ യഹോവ നോഹ​യോട്‌ കല്‌പി​ച്ചു. പ്രളയം തുടങ്ങു​ന്ന​തി​നു 40-ഓ 50-ഓ വർഷം മുമ്പ്‌ ആയിരി​ക്കാം ഇത്‌. അക്കാല​മ​ത്ര​യും നോഹ ശരിക്കും കഠിനാ​ധ്വാ​നം ചെയ്‌തു. യാതൊ​രു പ്രതി​ക​ര​ണ​വും ഇല്ലാത്ത ആളുക​ളോട്‌ നോഹ ന്യായ​വി​ധി​സ​ന്ദേശം അറിയി​ക്കു​ക​യും ചെയ്‌തു. മൃഗങ്ങളെ പെട്ടക​ത്തിൽ കയറ്റാ​നുള്ള സമയമാ​യെന്ന്‌ യഹോവ പറയു​ന്ന​തു​വരെ നോഹ അതു തുടർന്നു. ഒടുവിൽ നിശ്ചയിച്ച സമയം വന്നപ്പോൾ “യഹോവ വാതിൽ അടച്ചു.”​—ഉൽപ. 6:3; 7:1, 2, 16.

19. കൈക്കു വിശ്രമം കൊടു​ക്കാ​തി​രു​ന്നാൽ നമുക്ക്‌ എന്തു പ്രതി​ഫലം കിട്ടും?

19 പെട്ടെ​ന്നു​തന്നെ നമ്മൾ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നതു നിറു​ത്തും, യഹോവ മതി എന്നു പറയു​മ്പോൾ. സാത്താന്റെ ഈ വ്യവസ്ഥി​തി​ക്കു മുന്നിൽ ‘യഹോവ അന്നു വാതിൽ അടയ്‌ക്കും.’ എന്നിട്ട്‌ നീതി കളിയാ​ടുന്ന ഒരു പുതിയ ലോക​ത്തി​ന്റെ വാതിൽ തുറക്കും. അതുവരെ തങ്ങളുടെ കൈക്കു വിശ്രമം കൊടു​ക്കാ​തി​രുന്ന നോഹ​യെ​യും ഹബക്കൂ​ക്കി​നെ​യും പോലു​ള്ള​വരെ നമുക്ക്‌ അനുക​രി​ക്കാം. നമുക്ക്‌ ശ്രദ്ധ പതറാതെ സൂക്ഷി​ക്കാം, ക്ഷമയു​ള്ള​വ​രാ​യി​രി​ക്കാം, യഹോ​വ​യി​ലും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ശക്തമായ വിശ്വാ​സം കാക്കാം.

ഗീതം 75 “ഇതാ ഞാൻ, എന്നെ അയച്ചാ​ലും!”

^ ഖ. 5 കഴിഞ്ഞ ലേഖന​ത്തി​ലെ വിവരങ്ങൾ മനുഷ്യ​രെ പിടി​ക്കാ​നുള്ള യേശു​വി​ന്റെ ക്ഷണം സ്വീക​രി​ക്കാൻ, പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ബൈബിൾവി​ദ്യാർഥി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഈ ലേഖനം, പുതി​യ​വ​രും അനുഭ​വ​പ​രി​ച​യ​മു​ള്ള​വ​രും ഉൾപ്പെടെ, എല്ലാ പ്രചാ​ര​ക​രെ​യും ഉദ്ദേശി​ച്ചു​ള്ള​താണ്‌. പൂർത്തി​യാ​യി എന്ന്‌ യഹോവ പറയു​ന്ന​തു​വരെ ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടരാൻ നമ്മളെ സഹായി​ക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ഈ ലേഖന​ത്തിൽ “നിന്റെ കൈക്കു വിശ്രമം കൊടു​ക്ക​രുത്‌” എന്ന പ്രയോ​ഗം അർഥമാ​ക്കു​ന്നത്‌ പൂർത്തി​യാ​യി എന്ന്‌ യഹോവ പറയു​ന്ന​തു​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ തുടരാൻ നമ്മൾ ദൃഢനി​ശ്ച​യ​മു​ള്ള​വ​രാ​യി​രി​ക്കണം എന്നാണ്‌.

^ ഖ. 5 യേശു 1914-ൽ രാജാ​വാ​യ​പ്പോ​ഴാണ്‌ “കർത്താ​വി​ന്റെ ദിവസം” ആരംഭി​ച്ചത്‌. ആയിരം വർഷവാ​ഴ്‌ച​യു​ടെ അവസാ​നം​വരെ അതു തുടരും.