വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 36

മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ നിങ്ങൾ ഒരുങ്ങി​യോ?

മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ നിങ്ങൾ ഒരുങ്ങി​യോ?

“പേടി​ക്കാ​തി​രി​ക്കൂ! നീ ഇനിമു​തൽ മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കും.”​—ലൂക്കോ. 5:10.

ഗീതം 73 ധൈര്യം തരേണമേ

പൂർവാവലോകനം *

1. നാലു മീൻപി​ടു​ത്ത​ക്കാ​രെ യേശു എന്തിനു​വേ​ണ്ടി​യാ​ണു ക്ഷണിച്ചത്‌, അവർ അപ്പോൾ എന്തു ചെയ്‌തു?

മത്സ്യബ​ന്ധനം തൊഴി​ലാ​ക്കി​യ​വ​രാ​യി​രു​ന്നു ശിഷ്യ​ന്മാ​രായ പത്രോ​സും അന്ത്ര​യോ​സും യാക്കോ​ബും യോഹ​ന്നാ​നും. “എന്റെകൂ​ടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം” എന്നു യേശു അവരോ​ടു പറഞ്ഞ​പ്പോൾ അവർ ശരിക്കും അതിശ​യി​ച്ചു​കാ​ണും. * അവർ അപ്പോൾ എന്തു ചെയ്‌തു? ബൈബിൾ പറയുന്നു: “അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച്‌ യേശു​വി​നെ അനുഗ​മി​ച്ചു.” (മത്താ. 4:18-22) ആ തീരു​മാ​നം അവരുടെ ജീവി​ത​ത്തിൽ വലി​യൊ​രു വഴിത്തി​രി​വാ​യി​രു​ന്നു. ഇത്രയും നാൾ അവർ മീൻ പിടി​ക്കു​ന്ന​വ​രാ​യി​രു​ന്നു; ഇനിമു​തൽ അവർ ‘മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കു​മാ​യി​രു​ന്നു.’ (ലൂക്കോ. 5:10) അന്നത്തെ​പ്പോ​ലെ ഇന്നും സത്യത്തെ സ്‌നേ​ഹി​ക്കുന്ന, ആത്മാർഥ​ത​യുള്ള ആളുകളെ യേശു ക്ഷണിക്കു​ന്നുണ്ട്‌. (മത്താ. 28:19, 20) മനുഷ്യ​രെ പിടി​ക്കുന്ന ഒരാളാ​കാ​നുള്ള യേശു​വി​ന്റെ ക്ഷണം നിങ്ങൾ സ്വീക​രി​ച്ചി​ട്ടു​ണ്ടോ?

2. മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാ​നുള്ള തീരു​മാ​നം നമ്മൾ ഗൗരവ​മാ​യി കാണേ​ണ്ടത്‌ എന്തു​കൊണ്ട്‌, ആ തീരു​മാ​ന​മെ​ടു​ക്കാൻ എന്തു സഹായി​ക്കും?

2 കുറച്ച്‌ നാളായി ബൈബിൾ പഠിക്കു​ക​യും അതിന​നു​സ​രിച്ച്‌ ജീവി​ത​ത്തിൽ പല മാറ്റങ്ങൾ വരുത്തു​ക​യും ചെയ്‌ത ഒരാളാ​യി​രി​ക്കും നിങ്ങൾ. ഇപ്പോൾ നിങ്ങൾ ഒരു തീരു​മാ​ന​മെ​ടു​ക്കാ​റാ​യി, സന്തോ​ഷ​വാർത്ത​യു​ടെ ഒരു പ്രചാ​ര​ക​നാ​ക​ണോ എന്ന തീരു​മാ​നം. യേശു​വി​ന്റെ ക്ഷണം സ്വീക​രി​ക്കാൻ നിങ്ങൾക്കു മടി തോന്നു​ന്നു​ണ്ടെ​ങ്കിൽ അതിൽ വിഷമി​ക്കേ​ണ്ട​തില്ല. വളരെ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മാണ്‌ അതെന്നു നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം നിങ്ങൾ മടിച്ചു​നിൽക്കു​ന്നത്‌. എന്നാൽ ഒരു തീരു​മാ​ന​മെ​ടു​ക്കാൻ എന്തു സഹായി​ക്കും? പത്രോ​സും മറ്റുള്ള​വ​രും അവരുടെ വലകൾ “അപ്പോൾത്തന്നെ” ഉപേക്ഷി​ച്ചു എന്നതു ശരിയാണ്‌. എന്നാൽ അവർ എടുത്തു​ചാ​ടി എടുത്ത ഒരു തീരു​മാ​ന​മ​ല്ലാ​യി​രു​ന്നു അത്‌. ഏകദേശം ആറു മാസം മുമ്പു​തന്നെ അവർ യേശു​വാ​ണു മിശി​ഹ​യെന്നു തിരി​ച്ച​റി​യു​ക​യും യേശു​വിൽ വിശ്വ​സി​ക്കു​ക​യും ചെയ്‌തി​രു​ന്നു. (യോഹ. 1:35-42) അതു​പോ​ലെ നിങ്ങൾ യഹോ​വ​യെ​യും യേശു​വി​നെ​യും കുറിച്ച്‌ ഇതി​നോ​ടകം ധാരാളം കാര്യങ്ങൾ പഠിച്ചി​ട്ടു​ണ്ടാ​കും, ആത്മീയ​മാ​യി കൂടുതൽ പുരോ​ഗ​മി​ക്കാൻ ആഗ്രഹി​ക്കു​ന്നു​മു​ണ്ടാ​കും. എന്നാൽ ഒരു പ്രചാ​ര​ക​നാ​കാ​നുള്ള തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ അതെപ്പറ്റി നന്നായി ആലോ​ചി​ക്കണം. ഒരു തീരു​മാ​ന​മെ​ടു​ക്കാൻ പത്രോ​സി​നെ​യും മറ്റുള്ള​വ​രെ​യും ചില ഗുണങ്ങ​ളു​ണ്ടാ​യി​രു​ന്ന​തും സഹായി​ച്ചു. അത്‌ ഏതൊ​ക്കെ​യാണ്‌?

3. യേശു​വി​ന്റെ ക്ഷണം സ്വീക​രി​ക്കാ​നുള്ള ആഗ്രഹം വളർത്തി​യെ​ടു​ക്കാൻ ഏതു ഗുണങ്ങൾ നിങ്ങളെ സഹായി​ക്കും?

3 യേശു​വി​ന്റെ ആ ആദ്യത്തെ ശിഷ്യ​ന്മാർ തങ്ങളുടെ ജോലി​യോട്‌ ഇഷ്ടമു​ള്ള​വ​രും അതു നന്നായി ചെയ്യാൻ അറിയാ​വു​ന്ന​വ​രും ആയിരു​ന്നു. ധൈര്യ​വും ആത്മശി​ക്ഷ​ണ​വും അവർ വളർത്തി​യെ​ടു​ത്തി​രു​ന്നു. മനുഷ്യ​രെ പിടി​ക്കു​ന്ന​തിൽ വിദഗ്‌ധ​രാ​കാൻ ഇതേ ഗുണങ്ങൾതന്നെ അവരെ സഹായി​ച്ചു എന്നതിനു സംശയ​മില്ല. പ്രസംഗ-പഠിപ്പി​ക്കൽ വേലയിൽ വിദഗ്‌ധ​രാ​കാൻ സഹായി​ക്കുന്ന ആ ഗുണങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ വളർത്തി​യെ​ടു​ക്കാ​മെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും.

പ്രസം​ഗി​ക്കാ​നുള്ള നിങ്ങളു​ടെ ആഗ്രഹം ശക്തമാ​ക്കു​ക

പത്രോസും മറ്റുള്ള​വ​രും മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​യി. നമ്മുടെ കാലത്തും പ്രധാ​ന​പ്പെട്ട ഈ വേല തുടരു​ന്നു (4-5 ഖണ്ഡികകൾ കാണുക)

4. മീൻപി​ടു​ത്തം എന്ന ജോലി പത്രോസ്‌ ഉത്സാഹ​ത്തോ​ടെ ചെയ്‌തത്‌ എന്തു​കൊണ്ട്‌?

4 മീൻപി​ടു​ത്തം പത്രോ​സി​ന്റെ ഉപജീ​വ​ന​മാർഗ​മാ​യി​രു​ന്നു. പക്ഷേ അതു വെറു​മൊ​രു തൊഴി​ലാ​യി മാത്രമല്ല പത്രോസ്‌ കണ്ടത്‌. പത്രോ​സിന്‌ അത്‌ ഇഷ്ടമാ​യി​രു​ന്നു. (യോഹ. 21:3, 9-15) മനുഷ്യ​രെ പിടി​ക്കുന്ന ജോലി​യെ​യും സ്‌നേ​ഹി​ക്കാൻ പത്രോസ്‌ പഠിച്ചു. യഹോ​വ​യു​ടെ സഹായ​ത്താൽ പത്രോസ്‌ അതിൽ വിദഗ്‌ധ​നാ​യി​ത്തീ​രു​ക​യും ചെയ്‌തു.​—പ്രവൃ. 2:14, 41.

5. ലൂക്കോസ്‌ 5:8-11 അനുസ​രിച്ച്‌ പത്രോ​സി​നു പേടി തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌, നമുക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ അതിനെ മറിക​ട​ക്കാൻ എങ്ങനെ കഴിയും?

5 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യം യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാണ്‌. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നുള്ള പ്രാപ്‌തി​യില്ല എന്നു നമുക്കു തോന്നി​യാ​ലും അതി​നെ​യെ​ല്ലാം മറിക​ട​ക്കാൻ യഹോ​വ​യോ​ടുള്ള സ്‌നേഹം നമ്മളെ സഹായി​ക്കും. മനുഷ്യ​രെ പിടി​ക്കുന്ന ഒരാളാ​കാൻ യേശു പത്രോ​സി​നെ ക്ഷണിച്ച​പ്പോൾ പറഞ്ഞ ഒരു കാര്യം ശ്രദ്ധി​ക്കുക: “പേടി​ക്കാ​തി​രി​ക്കൂ!” (ലൂക്കോസ്‌ 5:8-11 വായി​ക്കുക.) ഒരു ശിഷ്യ​നാ​യാൽ തനിക്ക്‌ എന്തൊക്കെ സംഭവി​ക്കു​മെന്ന്‌ ഓർത്തല്ല പത്രോസ്‌ പേടി​ച്ചത്‌. യേശു​വി​ന്റെ നിർദേ​ശ​മ​നു​സ​രിച്ച്‌ വല ഇറക്കി​യ​പ്പോൾ അവർക്കു കിട്ടിയ മീനിന്റെ പെരുപ്പം കണ്ടിട്ടാ​ണു പത്രോസ്‌ അമ്പരന്നു​പോ​യത്‌. യേശു ചെയ്‌ത ഈ അത്ഭുതം കണ്ടപ്പോൾ യേശു​വി​ന്റെ​കൂ​ടെ പ്രവർത്തി​ക്കാ​നുള്ള യോഗ്യത തനിക്കി​ല്ലെന്നു പത്രോ​സി​നു തോന്നി. നമുക്കും പേടി തോന്നി​യേ​ക്കാം. എന്നാൽ, ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യൻ ചെയ്യേണ്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ഓർക്കു​മ്പോ​ഴാ​യി​രി​ക്കും നമുക്കു പേടി തോന്നു​ന്നത്‌. അങ്ങനെ തോന്നു​ന്നെ​ങ്കിൽ യഹോ​വ​യോ​ടും യേശു​വി​നോ​ടും നിങ്ങളു​ടെ അയൽക്കാ​ര​നോ​ടും ഉള്ള സ്‌നേഹം ശക്തമാ​ക്കുക. അപ്പോൾ, മനുഷ്യ​രെ പിടി​ക്കുന്ന ഒരാളാ​കാ​നുള്ള യേശു​വി​ന്റെ ക്ഷണം സ്വീക​രി​ക്കാൻ നിങ്ങൾക്കു ശക്തമായ ആഗ്രഹം തോന്നും.​—മത്താ. 22:37, 39; യോഹ. 14:15.

6. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന മറ്റു ചില കാരണങ്ങൾ ഏതൊ​ക്കെ​യാണ്‌?

6 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ടാൻ നമ്മളെ പ്രചോ​ദി​പ്പി​ക്കുന്ന മറ്റു ചില കാരണങ്ങൾ നോക്കാം. “പോയി . . . ആളുകളെ ശിഷ്യ​രാ​ക്കുക” എന്ന യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു എന്നതാണ്‌ അതി​ലൊന്ന്‌. (മത്താ. 28:19, 20) കൂടാതെ, ഇന്ന്‌ ആളുകൾ “അവഗണി​ക്ക​പ്പെ​ട്ട​വ​രും മുറി​വേ​റ്റ​വ​രും” ആണെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം അവർക്ക്‌ എത്ര ആവശ്യ​മാ​ണെന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു. (മത്താ. 9:36) എല്ലാ തരം ആളുക​ളും സത്യത്തി​ന്റെ ശരിയായ അറിവ്‌ നേടാ​നും അവർക്കു രക്ഷ കിട്ടാ​നും യഹോവ ആഗ്രഹി​ക്കു​ന്നു.​—1 തിമൊ. 2:4.

7. റോമർ 10:13-15 പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ?

7 നമ്മൾ അറിയി​ക്കുന്ന സന്ദേശം ആളുകളെ രക്ഷയി​ലേക്കു നയിക്കു​ന്നെന്ന്‌ ഓർക്കു​മ്പോൾ പ്രസം​ഗ​പ്ര​വർത്തനം ഏറ്റെടു​ക്കാൻ നമുക്ക്‌ ആഗ്രഹം തോന്നും. ഒരു മീൻപി​ടു​ത്ത​ക്കാ​രൻ സാധാരണ മീൻ പിടി​ക്കു​ന്നത്‌ ഒന്നുകിൽ വിൽക്കാ​നാ​യി​രി​ക്കും, അല്ലെങ്കിൽ കഴിക്കാ​നാ​യി​രി​ക്കും. എന്നാൽ അതിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി നമ്മൾ മനുഷ്യ​രെ ‘പിടി​ക്കു​ന്നത്‌’ അവരുടെ ജീവൻ രക്ഷിക്കാ​നാണ്‌.​—റോമർ 10:13-15 വായി​ക്കുക; 1 തിമൊ. 4:16.

പ്രസം​ഗ​പ്ര​വർത്തനം എങ്ങനെ ചെയ്യണ​മെന്നു പഠിക്കുക

8-9. ഒരു മീൻപി​ടു​ത്ത​ക്കാ​രൻ എന്ത്‌ അറിഞ്ഞി​രി​ക്കണം, എന്തു​കൊണ്ട്‌?

8 യേശു​വി​ന്റെ കാലത്തെ ഇസ്രാ​യേ​ല്യ​നായ ഒരു മീൻപി​ടു​ത്ത​ക്കാ​രൻ ഏതു തരം മീനി​നെ​യാ​ണു പിടി​ക്കേ​ണ്ട​തെന്ന്‌ അറിഞ്ഞി​രി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ 11:9-12) കടലിന്റെ ഏതു ഭാഗത്താണ്‌ അത്തരം മത്സ്യങ്ങൾ കാണു​ന്ന​തെ​ന്നും അദ്ദേഹം അറിയ​ണ​മാ​യി​രു​ന്നു. ആവശ്യ​ത്തിന്‌ ആഹാരം ലഭിക്കുന്ന, അവയ്‌ക്കു പറ്റിയ ഒരു ആവാസ​വ്യ​വ​സ്ഥ​യി​ലാ​യി​രി​ക്കും മത്സ്യങ്ങൾ സാധാരണ കാണ​പ്പെ​ടു​ന്നത്‌. ഇനി, ഒരു മീൻപി​ടു​ത്ത​ക്കാ​രൻ മീൻ പിടി​ക്കാൻ പോകുന്ന സമയത്തി​നും പ്രാധാ​ന്യ​മുണ്ട്‌. പസഫിക്‌ ദ്വീപി​ലെ ഒരു സഹോ​ദരൻ ഒരിക്കൽ അവിടെ എത്തിയ ഒരു മിഷന​റി​യെ തന്റെകൂ​ടെ മീൻപി​ടു​ത്ത​ത്തി​നു വരാൻ ക്ഷണിച്ചു. മിഷനറി ആ സഹോ​ദ​ര​നോ​ടു പറഞ്ഞു: “നാളെ രാവിലെ ഒൻപതു മണിക്കു നമുക്കു കാണാം.” ആ സഹോ​ദ​രന്റെ മറുപടി ഇതായി​രു​ന്നു: “സഹോ​ദരാ, സഹോ​ദ​രന്‌ അറിയാ​ഞ്ഞി​ട്ടാണ്‌. മീനിനെ കിട്ടു​മെന്ന്‌ ഉറപ്പുള്ള ഒരു സമയത്താ​ണു ഞങ്ങൾ പോകു​ന്നത്‌. അല്ലാതെ ഞങ്ങൾക്ക്‌ ഇഷ്ടമുള്ള സമയത്തല്ല.”

9 അതു​പോ​ലെ, ഒന്നാം നൂറ്റാ​ണ്ടിൽ മനുഷ്യ​രെ പിടി​ച്ചി​രു​ന്നവർ ‘മീൻ’ കാണ​പ്പെ​ടുന്ന സ്ഥലവും സമയവും മനസ്സി​ലാ​ക്കി​യാ​ണു പ്രവർത്തി​ച്ചി​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ അനുഗാ​മി​കൾ ദേവാ​ല​യ​ത്തി​ലും സിന​ഗോ​ഗു​ക​ളി​ലും അതു​പോ​ലെ വീടു​തോ​റും ചന്തസ്ഥല​ത്തും പോയി പ്രസം​ഗി​ച്ചു. (പ്രവൃ. 5:42; 17:17; 18:4) നമ്മളും നമ്മുടെ പ്രദേ​ശത്തെ ആളുക​ളു​ടെ രീതികൾ നന്നായി അറിഞ്ഞി​രി​ക്കണം. എവിടെ, എപ്പോൾ പോയാ​ലാ​ണു കൂടുതൽ പേരോ​ടു സാക്ഷീ​ക​രി​ക്കാൻ കഴിയു​ന്ന​തെന്നു മനസ്സി​ലാ​ക്കി അതിന​നു​സ​രിച്ച്‌ മാറ്റങ്ങൾ വരുത്താൻ നമ്മൾ തയ്യാറാ​കണം.​—1 കൊരി. 9:19-23.

സമർഥരായ മീൻപി​ടു​ത്ത​ക്കാർ. . . 1. മീൻ കിട്ടുന്ന സ്ഥലവും സമയവും നോക്കി വല ഇറക്കും (8-9 ഖണ്ഡികകൾ കാണുക)

10. യഹോ​വ​യു​ടെ സംഘടന നമുക്ക്‌ ഏത്‌ ഉപകര​ണ​ങ്ങ​ളാ​ണു തന്നിട്ടു​ള്ളത്‌?

10 ഒരു മീൻപി​ടു​ത്ത​ക്കാ​രന്റെ കൈയിൽ പറ്റിയ ഉപകര​ണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കണം, അവ എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്ന്‌ അദ്ദേഹം അറിഞ്ഞി​രി​ക്കു​ക​യും വേണം. അതു​പോ​ലെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു വേണ്ട ഉപകര​ണങ്ങൾ നമ്മുടെ പക്കലും ഉണ്ടായി​രി​ക്കണം. അത്‌ ഉപയോ​ഗി​ക്കേണ്ട വിധവും അറിയണം. മനുഷ്യ​രെ പിടി​ക്കു​ന്ന​തിന്‌ ആവശ്യ​മായ നിർദേ​ശങ്ങൾ യേശു തന്റെ ശിഷ്യ​ന്മാർക്കു കൊടു​ത്തു. എന്തു പറയണം, എവിടെ പ്രസം​ഗി​ക്കണം, എന്തൊക്കെ കൈയി​ലെ​ടു​ക്കണം എന്നെല്ലാം യേശു അവരോ​ടു പറഞ്ഞു. (മത്താ. 10:5-7; ലൂക്കോ. 10:1-11) ഇക്കാലത്ത്‌, യഹോ​വ​യു​ടെ സംഘടന നമുക്കു ‘പഠിപ്പി​ക്കാ​നുള്ള ഉപകര​ണങ്ങൾ’ തന്നിട്ടുണ്ട്‌. ഫലപ്ര​ദ​മെന്ന്‌ അനുഭ​വ​ത്തി​ലൂ​ടെ തെളി​ഞ്ഞി​രി​ക്കുന്ന ഈ ഉപകര​ണങ്ങൾ എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്നു നമ്മളെ പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. * ആത്മവി​ശ്വാ​സ​ത്തോ​ടെ നമ്മുടെ സന്ദേശം അറിയി​ക്കാ​നും വിദഗ്‌ധ​രായ അധ്യാ​പ​ക​രാ​കാ​നും ഈ പരിശീ​ല​ന​പ​രി​പാ​ടി നമ്മളെ സഹായി​ക്കും.​—2 തിമൊ. 2:15.

സമർഥരായ മീൻപി​ടു​ത്ത​ക്കാർ. . . 2. ശരിയായ ഉപകരണം ഉപയോ​ഗി​ക്കാൻ അവർ പഠിച്ചി​ട്ടുണ്ട്‌ (10-ാം ഖണ്ഡിക കാണുക)

ധൈര്യം ആർജി​ക്കു​ക

11. മനുഷ്യ​രെ പിടി​ക്കു​ന്ന​വർക്കു ധൈര്യം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 മീൻ പിടി​ക്കാൻ പോകു​ന്ന​വർക്കു നല്ല ധൈര്യം ആവശ്യ​മാ​യി​രു​ന്നു. കാരണം, കടലിൽ അവർക്ക്‌ അപ്രതീ​ക്ഷി​ത​മായ സാഹച​ര്യ​ങ്ങളെ നേരി​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അവർ രാത്രി​യി​ലാ​യി​രി​ക്കും ജോലി ചെയ്യു​ന്നത്‌. കൂടാതെ കടലിൽ പെട്ടെ​ന്നുള്ള കൊടു​ങ്കാ​റ്റു​ക​ളും ഉണ്ടാ​യേ​ക്കാം. മനുഷ്യ​രെ പിടി​ക്കു​ന്ന​വർക്കും ധൈര്യം വേണം. നമ്മൾ മറ്റുള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും നമ്മൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു മറ്റുള്ള​വ​രോ​ടു പറയു​ക​യും ചെയ്യു​മ്പോൾ നമ്മളും ‘കൊടു​ങ്കാ​റ്റു​കൾ’ നേരി​ടേ​ണ്ടി​വ​രും. കുടും​ബാം​ഗങ്ങൾ ചില​പ്പോൾ നമ്മളെ എതിർത്തേ​ക്കാം, സുഹൃ​ത്തു​ക്കൾ നമ്മളെ കളിയാ​ക്കി​യേ​ക്കാം, ഇനി ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധി​ച്ചി​ല്ലെ​ന്നും വരാം. പക്ഷേ ഇതൊ​ന്നും കണ്ട്‌ നമ്മൾ അതിശ​യി​ക്കു​ന്നില്ല. തന്റെ അനുഗാ​മി​കളെ താൻ അയയ്‌ക്കു​ന്നത്‌ അവരെ എതിർക്കുന്ന ആളുക​ളു​ടെ ഇടയി​ലേ​ക്കാ​ണെന്നു യേശു പറഞ്ഞി​രു​ന്നു.​—മത്താ. 10:16.

12. യോശുവ 1:7-9-നു ചേർച്ച​യിൽ, കൂടുതൽ ധൈര്യ​മു​ള്ള​വ​രാ​കാൻ നമ്മളെ എന്തു സഹായി​ക്കും?

12 നിങ്ങൾക്ക്‌ എങ്ങനെ ധൈര്യം നേടി​യെ​ടു​ക്കാം? ആദ്യം​തന്നെ, സ്വർഗ​ത്തിൽ ഇരുന്നു​കൊണ്ട്‌ യേശു ഇപ്പോ​ഴും ഈ വേലയെ നയിക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. (യോഹ. 16:33; വെളി. 14:14-16) ഇനി, നിങ്ങൾക്കാ​യി കരുതു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തി​ലും ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക. (മത്താ. 6:32-34) നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കു​ന്ന​ത​നു​സ​രിച്ച്‌ നിങ്ങളു​ടെ ധൈര്യ​വും വർധി​ക്കും. തങ്ങളുടെ ഉപജീ​വ​ന​മാർഗം വിട്ട്‌ യേശു​വി​നെ അനുഗ​മി​ച്ച​പ്പോൾ പത്രോ​സും മറ്റുള്ള​വ​രും എത്ര വലിയ വിശ്വാ​സ​മാ​ണു കാണി​ച്ചത്‌! യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാ​നും അവരുടെ യോഗ​ങ്ങൾക്കു പോകാ​നും തുടങ്ങി​യെന്നു നിങ്ങൾ കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും പറഞ്ഞ​പ്പോൾ അതേ​പോ​ലെ ശക്തമായ വിശ്വാ​സ​മാ​ണു നിങ്ങളും കാണി​ച്ചത്‌. യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങളു​ടെ പെരു​മാ​റ്റ​ത്തി​ലും ജീവി​ത​രീ​തി​യി​ലും നിങ്ങൾ വലിയ മാറ്റങ്ങൾ വരുത്തി​യെ​ന്ന​തി​നു സംശയ​മില്ല. അതിനും ധൈര്യ​വും വിശ്വാ​സ​വും ആവശ്യ​മാ​യി​രു​ന്നു. “നീ എവിടെ പോയാ​ലും നിന്റെ ദൈവ​മായ യഹോവ നിന്റെ​കൂ​ടെ​യുണ്ട്‌” എന്ന ഉറപ്പോ​ടെ തുടർന്നും നിങ്ങളു​ടെ ധൈര്യം വർധി​പ്പി​ക്കുക.യോശുവ 1:7-9 വായി​ക്കുക.

സമർഥരായ മീൻപി​ടു​ത്ത​ക്കാർ. . . 3. സാഹച​ര്യ​ങ്ങൾ മോശ​മാ​യാ​ലും ധൈര്യ​ത്തോ​ടെ ജോലി തുടരും (11-12 ഖണ്ഡികകൾ കാണുക)

13. ധ്യാനി​ക്കു​ന്ന​തും പ്രാർഥി​ക്കു​ന്ന​തും കൂടുതൽ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കും?

13 കൂടുതൽ ധൈര്യ​മു​ള്ള​വ​രാ​കാൻ മറ്റ്‌ എന്തു ചെയ്യാ​നാ​കും? ധൈര്യ​ത്തി​നു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (പ്രവൃ. 4:29, 31) യഹോവ നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരും, നിങ്ങളെ ഒരിക്ക​ലും കൈവി​ടില്ല. നിങ്ങളെ സഹായി​ച്ചു​കൊണ്ട്‌ യഹോവ എപ്പോ​ഴും നിങ്ങളു​ടെ കൂടെ​യു​ണ്ടാ​യി​രി​ക്കും. മുൻകാ​ല​ങ്ങ​ളിൽ യഹോവ മറ്റുള്ള​വരെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌ എന്നു ധ്യാനി​ക്കു​ന്ന​തും നിങ്ങൾക്കു പ്രയോ​ജനം ചെയ്യും. അതു​പോ​ലെ, പ്രശ്‌നങ്ങൾ മറിക​ട​ക്കാൻ യഹോവ നിങ്ങളെ സഹായിച്ച വിധങ്ങ​ളെ​പ്പ​റ്റി​യും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യ​മായ ശക്തി തന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. ചെങ്കട​ലി​ലൂ​ടെ തന്റെ ജനത്തെ നടത്തിയ ആ ദൈവ​ത്തി​നു ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാ​നും കഴിയും. (പുറ. 14:13) “യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടി​ക്കില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും” എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​രന്റെ അതേ ഉറപ്പ്‌ എപ്പോ​ഴും ഉണ്ടായി​രി​ക്കുക.​—സങ്കീ. 118:6.

14. മസി, റ്റൊ​മോ​യോ എന്നീ സഹോ​ദ​രി​മാ​രു​ടെ അനുഭ​വ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

14 സ്വതവേ വലിയ ധൈര്യ​മൊ​ന്നു​മി​ല്ലാത്ത, നാണം​കു​ണു​ങ്ങി​ക​ളായ ചിലരുണ്ട്‌. അവർ ധൈര്യം കാണി​ക്കാൻ പഠിച്ചി​രി​ക്കു​ന്നു. അവരെ യഹോവ എങ്ങനെ​യാ​ണു സഹായി​ച്ചത്‌ എന്നു ചിന്തി​ക്കു​ന്ന​താ​ണു കൂടുതൽ ധൈര്യ​മു​ള്ള​വ​രാ​കാൻ നമ്മളെ സഹായി​ക്കുന്ന മറ്റൊരു വഴി. മസി എന്നു പേരുള്ള ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. നാണക്കാ​രി​യായ ആ സഹോ​ദരി, പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ തനിക്ക്‌ ഒരിക്ക​ലും കഴിയി​ല്ലെ​ന്നാ​ണു ചിന്തി​ച്ചത്‌. അപരി​ചി​ത​രോ​ടു സംസാ​രി​ക്കു​ന്നതു തനിക്കു മറിക​ട​ക്കാൻ കഴിയാത്ത വലി​യൊ​രു മതിൽപോ​ലെ സഹോ​ദ​രി​ക്കു തോന്നി. അതു​കൊണ്ട്‌ ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം ശക്തമാ​ക്കാൻ സഹോ​ദരി ഒരു പ്രത്യേ​ക​ശ്രമം നടത്തി. നമ്മൾ ജീവി​ക്കുന്ന കാലത്തി​ന്റെ അടിയ​ന്തി​ര​ത​യെ​ക്കു​റിച്ച്‌ സഹോ​ദരി ചിന്തിച്ചു. സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള തന്റെ ആഗ്രഹം കൂടുതൽ ശക്തമാ​ക്കാൻ പ്രാർഥി​ക്കു​ക​യും ചെയ്‌തു. പേടി​യെ​ല്ലാം മറികടന്ന മസി സഹോ​ദരി പിന്നീട്‌ സാധാരണ മുൻനി​ര​സേ​വ​നം​പോ​ലും ചെയ്‌തു. പുതിയ പ്രചാ​ര​ക​രെ​യും ‘ധൈര്യ​മു​ള്ള​വ​രാ​കാൻ’ യഹോ​വ​യ്‌ക്കു സഹായി​ക്കാൻ കഴിയും. റ്റൊ​മോ​യോ എന്നു പേരുള്ള ഒരു സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ ഇറങ്ങിയ ആദ്യദി​വസം, ആദ്യം കണ്ട വീട്ടു​കാ​രി​തന്നെ സഹോ​ദ​രി​യോട്‌ ഇങ്ങനെ ആക്രോ​ശി​ച്ചു: “യഹോ​വ​യു​ടെ സാക്ഷികൾ പറയു​ന്ന​തൊ​ന്നും എനിക്കു കേൾക്കേണ്ടാ.” എന്നിട്ട്‌ വാതിൽ വലിച്ച​ടച്ചു. റ്റൊ​മോ​യോ തന്റെകൂ​ടെ വന്ന സഹോ​ദ​രി​യോ​ടു ധൈര്യ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “എനിക്കു സന്തോ​ഷ​മാ​യി. ഞാൻ ഒരു വാക്കു​പോ​ലും പറയാതെ ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ ആ വീട്ടു​കാ​രി​ക്കു മനസ്സി​ലാ​യ​ല്ലോ.” റ്റൊ​മോ​യോ ഇപ്പോൾ ഒരു സാധാരണ മുൻനി​ര​സേ​വി​ക​യാണ്‌.

ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കുക

15. എന്താണ്‌ ആത്മശി​ക്ഷണം, ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 തങ്ങളുടെ ജോലി​യിൽ വിജയം കാണണ​മെ​ങ്കിൽ മീൻപി​ടു​ത്ത​ക്കാർക്ക്‌ ആത്മശി​ക്ഷണം ആവശ്യ​മാണ്‌. “ചെയ്യേണ്ട കാര്യങ്ങൾ കൃത്യ​മാ​യി ചെയ്‌തു​തീർക്കു​ന്ന​തി​നു ബോധ​പൂർവം നല്ല ശ്രമം നടത്തു​ന്ന​തി​നെ​യാണ്‌” ആത്മശി​ക്ഷണം എന്നു പറയു​ന്നത്‌. അതിരാ​വി​ലെ എഴു​ന്നേൽക്കാ​നും ഇടയ്‌ക്കു​വെച്ച്‌ ജോലി നിറു​ത്തി​പ്പോ​രാ​തി​രി​ക്കാ​നും പ്രതി​കൂ​ല​മായ കാലാ​വ​സ്ഥ​യിൽ ജോലി തുടരാ​നും മീൻപി​ടു​ത്ത​ക്കാർക്ക്‌ ഈ ഗുണം കൂടിയേ തീരൂ. അവസാ​നം​വരെ സഹിച്ചു​നിൽക്കാ​നും നമ്മുടെ നിയമനം ചെയ്‌തു​തീർക്കാ​നും നമുക്കും ആത്മശി​ക്ഷണം ആവശ്യ​മാണ്‌.​—മത്താ. 10:22.

16. നമുക്ക്‌ എങ്ങനെ ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കാം?

16 പക്ഷേ ആത്മശി​ക്ഷണം പരിശീ​ലി​ക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. നമ്മുടെ സ്വാഭാ​വി​ക​മായ ചായ്‌വ്‌ എളുപ്പ​മുള്ള കാര്യങ്ങൾ ചെയ്യാ​നാണ്‌. എന്നാൽ രസകര​മായ സംഗതി, നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ എപ്പോ​ഴും അത്ര എളുപ്പ​മു​ള്ള​താ​യി​രി​ക്കില്ല എന്നതാണ്‌. അതു​കൊണ്ട്‌, നമുക്കു ബുദ്ധി​മു​ട്ടാ​യി തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ നമ്മളെ​ത്തന്നെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തുണ്ട്‌. അതിന്‌ ആത്മനി​യ​ന്ത്രണം വേണം. യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ അതു നമുക്കു തരും.​—ഗലാ. 5:22, 23.

17. ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കാൻ പൗലോസ്‌ എന്തു ചെയ്‌തെ​ന്നാണ്‌ 1 കൊരി​ന്ത്യർ 9:25-27 പറയു​ന്നത്‌?

17 ഇക്കാര്യ​ത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ നല്ല ഒരു മാതൃ​ക​യാണ്‌. ശരിയാ​യതു ചെയ്യാൻ തന്റെ ശരീരത്തെ “ഇടിച്ചി​ടിച്ച്‌” കൊണ്ടു​ന​ട​ക്ക​ണ​മാ​യി​രു​ന്നെന്നു പൗലോസ്‌ തുറന്നു​പ​റഞ്ഞു. (1 കൊരി​ന്ത്യർ 9:25-27 വായി​ക്കുക.) മറ്റുള്ള​വ​രും അങ്ങനെ​ത​ന്നെ​യാ​യി​രി​ക്കാ​നും എല്ലാ കാര്യ​ങ്ങ​ളും “മാന്യ​മാ​യും ചിട്ട​യോ​ടെ​യും” ചെയ്യാ​നും അദ്ദേഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 കൊരി. 14:40) പ്രസംഗ-പഠിപ്പി​ക്കൽ പ്രവർത്തനം ഉൾപ്പെടെ എല്ലാ ആത്മീയ​കാ​ര്യ​ങ്ങ​ളും ക്രമമാ​യി ചെയ്യു​ന്ന​തി​നു നമ്മളും ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കണം.​—പ്രവൃ. 2:46.

വൈക​രുത്‌

18. നമ്മുടെ പ്രവർത്തനം യഹോവ വിജയ​മാ​യി കാണണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

18 എത്രമാ​ത്രം മീൻ പിടി​ക്കു​ന്നു എന്നു നോക്കി​യാണ്‌ ഒരു മീൻപി​ടു​ത്ത​ക്കാ​രന്റെ വിജയം അളക്കു​ന്നത്‌. എന്നാൽ ദൈവ​ത്തി​ന്റെ സംഘട​ന​യി​ലേക്കു നമ്മൾ എത്ര പേരെ കൊണ്ടു​വ​രു​ന്നു എന്നതല്ല നമ്മുടെ വിജയ​ത്തി​ന്റെ അടിസ്ഥാ​നം. (ലൂക്കോ. 8:11-15) പ്രസംഗ-പഠിപ്പി​ക്കൽ വേല നമ്മൾ നിറു​ത്താ​തെ തുടരു​ന്ന​തു​തന്നെ നമ്മുടെ വിജയ​മാ​യി യഹോവ കാണുന്നു. കാരണം അതിലൂ​ടെ നമ്മൾ യഹോ​വ​യെ​യും യഹോ​വ​യു​ടെ പുത്ര​നെ​യും അനുസ​രി​ക്കു​ക​യാണ്‌.​—മർക്കോ. 13:10; പ്രവൃ. 5:28, 29.

19-20. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ അടിയ​ന്തി​ര​ത​യോ​ടെ ഏർപ്പെ​ടാൻ നമുക്ക്‌ എന്തു കാരണ​മാ​ണു​ള്ളത്‌?

19 ചില രാജ്യ​ങ്ങ​ളിൽ വർഷത്തി​ലെ ചില മാസങ്ങ​ളിൽ മാത്രമേ മീൻ പിടി​ക്കാൻ അനുവാ​ദ​മു​ള്ളൂ. മീൻ പിടി​ക്കാൻ അനുവാ​ദ​മുള്ള സമയം തീരാ​റാ​കു​മ്പോൾ എത്രയും പെട്ടെന്ന്‌ പരമാ​വധി മീൻ പിടി​ക്കണം എന്നതാ​യി​രി​ക്കും അത്തരം രാജ്യ​ങ്ങ​ളി​ലെ മീൻപി​ടു​ത്ത​ക്കാ​രു​ടെ ചിന്ത. മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രായ നമ്മുടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. കാരണം, ഈ വ്യവസ്ഥി​തി​യു​ടെ അവസാനം വളരെ വേഗത്തിൽ അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ ഈ പ്രവർത്ത​ന​ത്തിൽ നമ്മൾ അടിയ​ന്തി​ര​ത​യോ​ടെ ഏർപ്പെ​ടണം. ആളുക​ളു​ടെ ജീവൻ രക്ഷിക്കുന്ന ഈ വേല ചെയ്യാൻ വളരെ കുറച്ച്‌ സമയമേ ഇനി ബാക്കി​യു​ള്ളൂ. എല്ലാ സാഹച​ര്യ​ങ്ങ​ളും ഒത്തുവ​ന്നിട്ട്‌ ഈ പ്രധാ​ന​പ്പെട്ട പ്രവർത്തനം ചെയ്യാൻ തുടങ്ങാം എന്നു വിചാ​രിച്ച്‌ നമ്മൾ കാത്തു​നിൽക്ക​രുത്‌.​—സഭാ. 11:4.

20 പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​നുള്ള നിങ്ങളു​ടെ ആഗ്രഹം ശക്തമാ​ക്കുക, ബൈബി​ളി​ലെ സന്ദേശ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ അറിവ്‌ കൂടുതൽ വർധി​പ്പി​ക്കുക, കൂടുതൽ ധൈര്യം നേടുക, ആത്മശി​ക്ഷണം വളർത്തി​യെ​ടു​ക്കുക. അതിന്‌ ഇനി വൈക​രുത്‌. മനുഷ്യ​രെ പിടി​ക്കുന്ന പ്രവർത്ത​ന​ത്തിൽ ഇപ്പോൾത്തന്നെ ഏർപ്പെ​ടുന്ന 80 ലക്ഷത്തി​ല​ധി​കം ആളുക​ളോ​ടു ചേരു​ന്നെ​ങ്കിൽ യഹോ​വ​യിൽനി​ന്നുള്ള സന്തോഷം ആസ്വദി​ക്കാൻ നിങ്ങൾക്കു കഴിയും. (നെഹ. 8:10) ഈ പ്രവർത്ത​ന​ത്തിൽ പരമാ​വധി ഏർപ്പെ​ടാ​നും യഹോവ “മതി” എന്നു പറയു​ന്ന​തു​വരെ അതു തുടരാ​നും ദൃഢനി​ശ്ചയം ചെയ്യുക. സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ തുടരാ​നുള്ള നമ്മുടെ തീരു​മാ​നത്തെ ശക്തമാ​ക്കുന്ന മൂന്നു കാര്യങ്ങൾ നമ്മൾ അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

ഗീതം 66 സന്തോ​ഷ​വാർത്ത ഘോഷി​ക്കാം!

^ ഖ. 5 താഴ്‌മ​യുള്ള, കഠിനാ​ധ്വാ​നി​ക​ളായ മീൻപി​ടു​ത്ത​ക്കാ​രെ യേശു തന്റെ ശിഷ്യ​ന്മാ​രാ​കാൻ ക്ഷണിച്ചു. മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കാൻ യേശു ഇന്നും അതേ ഗുണങ്ങ​ളു​ള്ള​വരെ ക്ഷണിക്കു​ന്നുണ്ട്‌. യേശു​വി​ന്റെ ശിഷ്യ​രാ​കാൻ മടിച്ചു​നിൽക്കുന്ന ബൈബിൾവി​ദ്യാർഥി​കൾ എന്തു ചെയ്യണ​മെന്ന്‌ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ ഖ. 1 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ‘മനുഷ്യ​രെ പിടി​ക്കു​ന്നവർ’ എന്ന പ്രയോ​ഗം സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കാൻ മറ്റുള്ള​വരെ പഠിപ്പി​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രെ​യും ആണ്‌ കുറി​ക്കു​ന്നത്‌.

^ ഖ. 10 2018 ഒക്ടോബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ 11-16 പേജു​ക​ളി​ലെ “സത്യം പഠിപ്പി​ക്കുക” എന്ന ലേഖനം കാണുക.