പഠനലേഖനം 32
സ്രഷ്ടാവിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
“വിശ്വാസം എന്നത്, . . . കണ്ടിട്ടില്ലാത്ത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ശക്തമായ തെളിവിൽ അധിഷ്ഠിതമായ നിശ്ചയവും ആണ്.”—എബ്രാ. 11:1.
ഗീതം 11 സൃഷ്ടി ദൈവത്തെ സ്തുതിക്കുന്നു
പൂർവാവലോകനം *
1. ചെറുപ്പംമുതൽ യഹോവയെക്കുറിച്ച് നിങ്ങൾ എന്താണു പഠിച്ചിരിക്കുന്നത്?
നിങ്ങളുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളായിരുന്നെങ്കിൽ സാധ്യതയനുസരിച്ച് ചെറുപ്പംമുതലേ നിങ്ങൾ യഹോവയെക്കുറിച്ച് പഠിച്ചിട്ടുണ്ടായിരിക്കും. യഹോവയാണു സ്രഷ്ടാവെന്നും ദൈവത്തിന് ആകർഷകമായ പല ഗുണങ്ങളുമുണ്ടെന്നും ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കാൻ ദൈവം ഉദ്ദേശിച്ചിട്ടുണ്ടെന്നും ഒക്കെ അവർ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.—ഉൽപ. 1:1; പ്രവൃ. 17:24-27.
2. സ്രഷ്ടാവിൽ വിശ്വസിക്കുന്നവരെ ചിലർ എങ്ങനെ കാണുന്നു?
2 എന്നാൽ ഒരു ദൈവമുണ്ടെന്നോ ആ ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്നോ പലരും ഇന്നു വിശ്വസിക്കുന്നില്ല. ജീവൻ തനിയെ ഉണ്ടായതാണെന്നും ലളിതമായ ജീവരൂപങ്ങളിൽനിന്ന് കൂടുതൽ സങ്കീർണമായവ പരിണമിച്ചുണ്ടായെന്നും ആണ് അവർ വിശ്വസിക്കുന്നത്. ഇങ്ങനെ വിശ്വസിക്കുന്ന പലരും നല്ല വിദ്യാഭ്യാസമൊക്കെയുള്ളവരാണ്. ബൈബിൾ തെറ്റാണെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും വലിയ അറിവും ബോധവും ഒന്നും ഇല്ലാത്ത ആളുകളാണു സ്രഷ്ടാവിൽ വിശ്വസിക്കുന്നതെന്നും അവർ പറയുന്നു.
3. നമ്മുടെ വിശ്വാസം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
3 നല്ല അറിവും വിദ്യാഭ്യാസവും ഒക്കെയുള്ള ആളുകൾ പറയുന്ന ഇത്തരം അഭിപ്രായങ്ങൾ കേട്ട് സ്നേഹവാനായ ഒരു സ്രഷ്ടാവിലുള്ള നമ്മുടെ വിശ്വാസം ഇളകിപ്പോകുമോ? വെറുതേ ആരെങ്കിലും പറയുന്നതു കേട്ടാണു നമ്മൾ ദൈവത്തിൽ വിശ്വസിക്കുന്നതെങ്കിൽ അങ്ങനെ സംഭവിക്കാം. എന്നാൽ ഒരു സ്രഷ്ടാവുണ്ട് എന്നുള്ളതിനുള്ള തെളിവുകൾ നമ്മൾ സ്വന്തമായി പഠിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വിശ്വാസത്തിന് ഇളക്കം തട്ടില്ല. (1 കൊരി. 3:12-15) നമ്മൾ എത്രകാലമായി യഹോവയുടെ ഒരു സാക്ഷിയാണെങ്കിലും ശരി, നമ്മുടെ വിശ്വാസം നമ്മൾ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കണം. നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കുന്നതു തെറ്റാണെന്നു പറയുന്നവരുടെ “തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും” നമ്മൾ വഴിതെറ്റിക്കപ്പെടില്ല. (കൊലോ. 2:8; എബ്രാ. 11:6) ഇക്കാര്യത്തിൽ നമ്മളെ സഹായിക്കാൻവേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ലേഖനം. ഇതിലൂടെ (1) ഇന്നു പലരും ഒരു സ്രഷ്ടാവിൽ വിശ്വസിക്കാത്തത് എന്തുകൊണ്ട്, (2) നമുക്ക് എങ്ങനെ സ്രഷ്ടാവായ യഹോവയിൽ നമ്മുടെ വിശ്വാസം വളർത്തിയെടുക്കാം, (3) നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്താൻ നമ്മൾ എന്തു ചെയ്യണം എന്നെല്ലാം നമ്മൾ പഠിക്കും.
പലരും ഒരു സ്രഷ്ടാവിൽ വിശ്വസിക്കാത്തതിന്റെ കാരണം
4. യഥാർഥ വിശ്വാസം എന്താണെന്നാണ് എബ്രായർ 11:1 പറയുന്നത്?
4 വിശ്വാസം എന്നതു തെളിവില്ലാതെ എന്തിലെങ്കിലും അന്ധമായി വിശ്വസിക്കുന്നതാണെന്നു പലരും കരുതുന്നു. എന്നാൽ ബൈബിൾ പറയുന്നതനുസരിച്ച് എബ്രായർ 11:1 വായിക്കുക.) യഹോവയെയും യേശുവിനെയും ദൈവരാജ്യത്തെയും ഒന്നും നമുക്കു കാണാനാകില്ലെന്നുള്ളതു ശരിയാണ്. എന്നാൽ യഹോവയും യേശുവും അതുപോലെ ദൈവരാജ്യവും യാഥാർഥ്യമാണെന്നതിനു നമുക്കു ശക്തമായ തെളിവുകളുണ്ട്. (എബ്രാ. 11:3) യഹോവയുടെ സാക്ഷിയായ ഒരു ശാസ്ത്രഗവേഷകൻ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനമുണ്ട്. ശാസ്ത്രീയ വസ്തുതകളെ അവർ ഒരിക്കലും അവഗണിക്കുന്നില്ല.”
അതല്ല യഥാർഥ വിശ്വാസം. മറിച്ച് തെളിവുകളിൽ അധിഷ്ഠിതമായ ഉറച്ചബോധ്യമാണ് അത്. (5. ഒരു സ്രഷ്ടാവില്ലെന്നു പലരും വിശ്വസിക്കുന്നതിന്റെ കാരണം എന്താണ്?
5 ‘ദൈവമാണ് എല്ലാം സൃഷ്ടിച്ചത് എന്നതിനു ധാരാളം തെളിവുകളുണ്ടെങ്കിൽ പിന്നെ എന്തുകൊണ്ടാണു പലരും ഒരു സ്രഷ്ടാവിൽ വിശ്വസിക്കാത്തത്’ എന്നു നമ്മൾ ചിന്തിച്ചേക്കാം. അവർ ഒരിക്കലും അതിനുള്ള തെളിവുകൾ പരിശോധിച്ചുനോക്കാൻ തയ്യാറായിട്ടില്ല എന്നതാണ് അതിന്റെ കാരണം. ഇപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളായ റോബർട്ട് പറയുന്നു: “ഒരു സ്രഷ്ടാവുണ്ടെന്നോ ദൈവമാണ് ഇതൊക്കെ സൃഷ്ടിച്ചതെന്നോ സ്കൂളിൽവെച്ച് ഞാൻ ഒരിക്കലും പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതൊക്കെ തെറ്റാണെന്നാണു ഞാൻ എന്നും വിചാരിച്ചിരുന്നത്. എന്നാൽ 22-ാം വയസ്സിൽ ഞാൻ യഹോവയുടെ സാക്ഷികളുമായി സംസാരിക്കാൻ ഇടയായി. ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്നു വിശ്വസിക്കാനുള്ള ശക്തമായ കാരണങ്ങൾ ബൈബിളിൽനിന്ന് അവർ എനിക്കു കാണിച്ചുതന്നു.” *—“ മാതാപിതാക്കളോട് ഒരു വാക്ക്. . . ” എന്ന ചതുരം കാണുക.
6. ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ പലരും തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
6 കാണാൻ പറ്റാത്ത ഒന്നിലും തങ്ങൾ വിശ്വസിക്കില്ല എന്നാണു ചിലർ പറയുന്നത്. അതുകൊണ്ട് അവർ ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നില്ല. എന്നാൽ കാണാൻ പറ്റാത്ത പലതിലും അവർ വിശ്വസിക്കുന്നുണ്ട് എന്നതാണു വാസ്തവം. ഉദാഹരണത്തിന്, കാറ്റുണ്ടെന്ന് അവർ വിശ്വസിക്കുന്നുണ്ട്. കാരണം അതൊരു യാഥാർഥ്യമാണെന്നതിന് അവർക്കു തെളിവുകളുണ്ട്. അതുപോലെ ബൈബിളിൽ പറഞ്ഞിരിക്കുന്ന വിശ്വാസവും നമുക്കു ‘കാണാൻ പറ്റാത്ത’ ചില “യാഥാർഥ്യങ്ങളെക്കുറിച്ചുള്ള” തെളിവുകളിൽ അധിഷ്ഠിതമാണ്. (എബ്രാ. 11:1) ഈ തെളിവുകളെക്കുറിച്ച് നമ്മൾ സ്വന്തമായി പഠിക്കാൻ തയ്യാറാകണം. അതിനു സമയവും ശ്രമവും ആവശ്യമാണ്. എന്നാൽ പലരും അങ്ങനെ ചെയ്യാൻ താത്പര്യം കാണിക്കുന്നില്ല. അങ്ങനെ പഠിക്കാൻ തയ്യാറാകാത്ത ഒരാൾ ഒരു ദൈവമില്ല എന്നൊക്കെ ചിന്തിച്ചേക്കാം.
7. വിദ്യാഭ്യാസമുള്ള എല്ലാവരും ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്നതിനെ എതിർക്കുന്നുണ്ടോ? വിശദീകരിക്കുക.
7 നേരത്തേ കണ്ട റോബർട്ടിനെപ്പോലെ സ്കൂളിൽവെച്ച് ഒരു സ്രഷ്ടാവിനെക്കുറിച്ച് പഠിക്കാത്തതുകൊണ്ട് മാത്രമായിരിക്കാം പലരും ദൈവത്തിൽ വിശ്വസിക്കാത്തത്. എന്നാൽ തെളിവുകൾ പരിശോധിക്കാൻ തയ്യാറായ ശാസ്ത്രജ്ഞന്മാർക്കു ദൈവമാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു ബോധ്യമായിട്ടുണ്ട്. * അവർ യഹോവയെക്കുറിച്ച് പഠിക്കുകയും യഹോവയെ സ്നേഹിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. നമ്മൾ വിദ്യാഭ്യാസം ഉള്ളവരോ ഇല്ലാത്തവരോ ആണെങ്കിലും ശരി, ഈ ശാസ്ത്രജ്ഞന്മാരെപ്പോലെ നമ്മളും ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കണം. നമുക്കുവേണ്ടി അതു ചെയ്യാൻ മറ്റാർക്കും പറ്റില്ല.
നമുക്ക് എങ്ങനെ സ്രഷ്ടാവിൽ വിശ്വാസം വളർത്തിയെടുക്കാം?
8-9. (എ) നമ്മൾ ഇപ്പോൾ ഏതു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തും? (ബി) സൃഷ്ടിയെക്കുറിച്ച് പഠിക്കുന്നതു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
8 സ്രഷ്ടാവിൽ വിശ്വാസം വളർത്തിയെടുക്കാനായി നമുക്ക് എന്തു ചെയ്യാം? അതിനുള്ള നാലു വഴികളെക്കുറിച്ച് നമുക്കു നോക്കാം.
9 സൃഷ്ടികളെക്കുറിച്ച് പഠിക്കുക. മൃഗങ്ങളെയും ചെടികളെയും നക്ഷത്രങ്ങളെയും കുറിച്ചെല്ലാം പഠിച്ചുകൊണ്ട് സ്രഷ്ടാവിലുള്ള നമ്മുടെ വിശ്വാസം വളർത്താം. (സങ്കീ. 19:1; യശ. 40:26) എത്ര കൂടുതൽ നമ്മൾ അങ്ങനെ പഠിക്കുന്നോ അതനുസരിച്ച് യഹോവയാണു സ്രഷ്ടാവെന്ന നമ്മുടെ ബോധ്യം ശക്തമാകും. സൃഷ്ടികളെക്കുറിച്ച് വിശദീകരിക്കുന്ന ലേഖനങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഇടയ്ക്കിടെ വരാറുണ്ട്. അത്തരം ലേഖനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നിയാലും വായിക്കാതെ വിടരുത്. അവയിൽനിന്ന് പറ്റുന്നത്ര പഠിക്കാൻ നോക്കുക. ഇനി, അടുത്ത കാലത്തെ കൺവെൻഷനുകളിലുണ്ടായിരുന്ന സൃഷ്ടികളെക്കുറിച്ചുള്ള മനോഹരമായ വീഡിയോകൾ നമ്മുടെ വെബ്സൈറ്റായ jw.org-ലുണ്ട്. അവ വീണ്ടുംവീണ്ടും കാണുക.
10. ഒരു സ്രഷ്ടാവുണ്ട് എന്നതിനുള്ള തെളിവ് സൃഷ്ടിയിലൂടെ കാണാനാകുന്നത് എങ്ങനെ? (റോമർ 1:20)
10 നമ്മുടെ ചുറ്റുമുള്ള സൃഷ്ടികളെക്കുറിച്ച് പഠിക്കുമ്പോഴെല്ലാം അതിലൂടെ സ്രഷ്ടാവിനെക്കുറിച്ച് എന്തു മനസ്സിലാക്കാമെന്നു നോക്കുക. (റോമർ 1:20 വായിക്കുക.) ഉദാഹരണത്തിന്, ഭൂമിയിൽ ജീവൻ നിലനിറുത്താൻ വളരെ ആവശ്യമായ ചൂടും വെളിച്ചവും സൂര്യനിൽനിന്ന് നമുക്കു കിട്ടുന്നു. എന്നാൽ അതോടൊപ്പം അൾട്രാവയലറ്റ് രശ്മികൾപോലെ ഹാനികരമായ ചില രശ്മികളും സൂര്യനിൽനിന്ന് വരുന്നുണ്ട്. ആ രശ്മികളിൽനിന്ന് നമുക്കു സംരക്ഷണം ആവശ്യമാണ്. നമുക്ക് ആ സംരക്ഷണം ലഭിക്കുന്നുണ്ട്. എങ്ങനെ? നമ്മുടെ ഭൂമിക്ക് ഒരു സംരക്ഷക കവചമുണ്ട്. ഹാനികരമായ രശ്മികളിൽനിന്ന് നമ്മളെ സംരക്ഷിക്കുന്ന ഓസോൺ പാളിയാണ് അത്. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത കൂടുന്നതനുസരിച്ച് നമുക്കു സംരക്ഷണം നൽകുന്ന ഓസോൺ പാളിയിലെ വാതകത്തിന്റെ അളവും കൂടുന്നു. ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? ഇതിന്റെ പിന്നിൽ നമ്മളെ ശരിക്കും സ്നേഹിക്കുന്ന ജ്ഞാനിയായ ഒരു സ്രഷ്ടാവുണ്ടായിരിക്കില്ലേ?
11. സ്രഷ്ടാവിലുള്ള നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന വിവരങ്ങൾ നിങ്ങൾക്ക് എവിടെനിന്ന് കണ്ടെത്താനാകും? (“ നിങ്ങളുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്നവ” എന്ന ചതുരം കാണുക.)
11 യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിലും jw.org-ലും നോക്കുന്നെങ്കിൽ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന സൃഷ്ടികളെക്കുറിച്ചുള്ള പല വിവരങ്ങളും നമുക്കു കണ്ടെത്താനാകും. സൃഷ്ടിയെക്കുറിച്ച് പഠിച്ച് തുടങ്ങാനായി “ആരുടെ കരവിരുത്?” എന്ന പരമ്പരയിലെ ലേഖനങ്ങളും വീഡിയോകളും നമുക്ക് ഉപയോഗിക്കാനാകും. ഈ വീഡിയോകളും ലേഖനങ്ങളും ചെറുതാണെന്നു മാത്രമല്ല ജീവികളെയും സസ്യങ്ങളെയും കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നവയുമാണ്. ഈ ജീവികളിൽനിന്നും മറ്റും മനസ്സിലാക്കിയ വിവരങ്ങൾ ഉപയോഗിച്ച് ശാസ്ത്രജ്ഞന്മാർ പലതും ഉണ്ടാക്കുന്നതിന്റെ ഉദാഹരണങ്ങളും നമുക്ക് അതിൽ കാണാം.
12. ബൈബിൾ പഠിക്കുമ്പോൾ ഏതൊക്കെ കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കണം?
12 ബൈബിൾ പഠിക്കുക. നമ്മൾ നേരത്തേ കണ്ട ആ ശാസ്ത്രഗവേഷകൻ പെട്ടെന്നൊന്നും ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ പിന്നീട് ഒരു സ്രഷ്ടാവുണ്ടെന്ന കാര്യം അദ്ദേഹത്തിനു ബോധ്യമായി. അദ്ദേഹം പറയുന്നു: “ശാസ്ത്രവിഷയങ്ങൾ പഠിച്ചതുകൊണ്ട് മാത്രമല്ല എനിക്ക് ഇങ്ങനെയൊരു ബോധ്യം വന്നത്. ബൈബിളിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങളും അതിന് എന്നെ സഹായിച്ചു.” ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾക്ക് ഇപ്പോൾത്തന്നെ നല്ല അറിവുണ്ടായിരിക്കാം. എന്നാൽ സ്രഷ്ടാവിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവവചനം തുടർന്നും പഠിക്കേണ്ടതുണ്ട്. (യോശു. 1:8; സങ്കീ. 119:97) ബൈബിളിൽ കാണുന്ന ചരിത്രസംഭവങ്ങളൊക്കെ എത്ര കൃത്യതയോടെയാണ് അതിൽ പറഞ്ഞിരിക്കുന്നതെന്നു പഠിക്കുക. അതുപോലെ ബൈബിളിലെ പ്രവചനങ്ങളൊക്കെ കൃത്യമായി നിറവേറിയിരിക്കുന്നത് എങ്ങനെയാണ്, പലർ ചേർന്നാണു ബൈബിൾ എഴുതിയതെങ്കിലും അതിലെ ആശയങ്ങൾ യോജിപ്പിലായിരിക്കുന്നത് എങ്ങനെയാണ് എന്നീ കാര്യങ്ങളെക്കുറിച്ചും പഠിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ സ്നേഹവാനും ജ്ഞാനിയും ആയ ഒരു സ്രഷ്ടാവാണു നമ്മളെ ഉണ്ടാക്കിയതെന്നും ആ ദൈവമാണു ബൈബിൾ എഴുതിച്ചതെന്നും ഉള്ള നമ്മുടെ വിശ്വാസം ശക്തമാകും. *—2 തിമൊ. 3:14; 2 പത്രോ. 1:21.
13. നമുക്കു പ്രയോജനം ചെയ്യുന്ന ഒരു ബൈബിൾ ഉപദേശത്തിന് ഉദാഹരണം നൽകുക.
13 ബൈബിൾ പഠിക്കുമ്പോൾ അതിലെ ഉപദേശങ്ങൾ നമുക്ക് എത്രമാത്രം പ്രയോജനം ചെയ്യുന്നതാണെന്നു ചിന്തിക്കുക. ഉദാഹരണത്തിന് പണസ്നേഹം 1 തിമൊ. 6:9, 10; സുഭാ. 28:20; മത്താ. 6:24) അത് ഇന്നും സത്യമാണോ? പൊങ്ങച്ചരോഗം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “പണമാണു ജീവിതത്തിലെ എല്ലാമെല്ലാം എന്നു ചിന്തിക്കുന്ന ആളുകൾ പൊതുവേ നിരാശിതരും അത്ര സന്തോഷമില്ലാത്തവരുമാണ്.” എങ്ങനെയും പണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കു മാനസികവും ശാരീരികവും ആയ പല പ്രശ്നങ്ങളുണ്ടാകുന്നു. പണസ്നേഹത്തിനെതിരെയുള്ള ബൈബിളിന്റെ മുന്നറിയിപ്പ് അനുസരിക്കുന്നത് എത്ര നല്ലതാണ്, അല്ലേ? നിങ്ങൾക്കു പ്രയോജനം ചെയ്ത മറ്റേതെങ്കിലും ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ഓർക്കാനാകുന്നുണ്ടോ? അത്തരം ബൈബിൾതത്ത്വങ്ങളെക്കുറിച്ച് കൂടുതൽക്കൂടുതൽ ചിന്തിക്കുമ്പോൾ സ്നേഹവാനായ സ്രഷ്ടാവ് നമ്മുടെ പ്രയോജനത്തിനുവേണ്ടിയാണു ജ്ഞാനത്തോടെ അവ നൽകിയിരിക്കുന്നതെന്നു നമുക്കു മനസ്സിലാകും. ആ ജ്ഞാനത്തിൽ ആശ്രയിക്കാനും നമ്മൾ തയ്യാറാകും. (യാക്കോ. 1:5) അപ്പോൾ നമ്മുടെ ജീവിതം കൂടുതൽ സന്തോഷമുള്ളതായിത്തീരും.—യശ. 48:17, 18.
ദോഷകരവും ‘പലപല വേദനകൾക്ക്’ ഇടയാക്കുന്നതുമാണ് എന്ന് വർഷങ്ങൾക്കു മുമ്പ് ബൈബിൾ മുന്നറിയിപ്പു തന്നിട്ടുണ്ട്. (14. ബൈബിൾ പഠിക്കുമ്പോൾ യഹോവയെക്കുറിച്ച് നിങ്ങൾക്ക് എന്തു മനസ്സിലാകും?
14 യഹോവയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ബൈബിൾ പഠിക്കുക. (യോഹ. 17:3) ബൈബിൾ പഠിക്കുമ്പോൾ യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും നമ്മൾ മനസ്സിലാക്കും. ഈ ഗുണങ്ങളൊക്കെ തന്നെയാണു സൃഷ്ടികളെക്കുറിച്ച് പഠിച്ചപ്പോഴും നമ്മൾ മനസ്സിലാക്കിയത്. യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ യഹോവ യഥാർഥത്തിൽ ഉണ്ടെന്നു നമുക്കു ബോധ്യമാകും. (പുറ. 34:6, 7; സങ്കീ. 145:8, 9) യഹോവയെ നിങ്ങൾ എത്ര കൂടുതലായി അറിയുന്നുവോ അതനുസരിച്ച് യഹോവയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാകും, യഹോവയോടുള്ള നിങ്ങളുടെ സ്നേഹം വർധിക്കും, ദൈവത്തോടു നിങ്ങൾക്കു കൂടുതൽ അടുപ്പം തോന്നുകയും ചെയ്യും.
15. നമ്മുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
15 ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുക. അങ്ങനെ ചെയ്യുന്നെങ്കിൽ നിങ്ങളുടെ വിശ്വാസം ശക്തമാകും. എന്നാൽ നിങ്ങൾ സംസാരിക്കുന്ന ആരെങ്കിലും ദൈവം ഉണ്ടെന്നുള്ളതിനു തെളിവ് എന്താണെന്നു ചോദിക്കുന്നെന്നിരിക്കട്ടെ. അതിന് ഉത്തരം പറയാൻ നിങ്ങൾക്ക് അറിയില്ലെങ്കിൽ എന്തു ചെയ്യാം? അതെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു വിശദീകരിച്ചിട്ടുള്ള നമ്മുടെ ഒരു പ്രസിദ്ധീകരണം കണ്ടെത്തുകയും അതിലെ വിവരങ്ങൾ ആ വ്യക്തിയോടു പറയുകയും ചെയ്യുക. (1 പത്രോ. 3:15) ആ ചോദ്യത്തിന് എങ്ങനെ ഉത്തരം കൊടുക്കണമെന്ന് അനുഭവപരിചയമുള്ള സഹോദരങ്ങളോടു ചോദിക്കുകയും ചെയ്യാം. ബൈബിളിൽനിന്ന് നമ്മൾ നൽകുന്ന ഉത്തരം ആ വ്യക്തി സ്വീകരിച്ചാലും ഇല്ലെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതലായി പഠിച്ചതുകൊണ്ട് നമുക്കു പ്രയോജനം കിട്ടും. നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകും. അങ്ങനെയാകുമ്പോൾ വലിയ അറിവും വിദ്യാഭ്യാസവും ഒക്കെയുള്ളവരായി കാണപ്പെടുന്ന ആളുകൾ ദൈവം ഇല്ലെന്നും മറ്റും വാദിച്ചാലും നമ്മൾ അതു വിശ്വസിക്കില്ല.
നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്തുക
16. നമ്മൾ വിശ്വാസം ശക്തമാക്കി നിറുത്തിയില്ലെങ്കിൽ എന്തു സംഭവിക്കും?
16 നമ്മൾ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായാലും ശരി ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കിക്കൊണ്ടേയിരിക്കണം. കാരണം, ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വിശ്വാസം ദുർബലമായേക്കാം. നമ്മൾ കണ്ടുകഴിഞ്ഞതുപോലെ നമ്മുടെ വിശ്വാസം തെളിവുകളിൽ അധിഷ്ഠിതമാണ്. എന്നാൽ അത് കണ്ടിട്ടില്ലാത്ത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള തെളിവുകളാണ്. കാണാൻ പറ്റാത്ത ഒരു കാര്യം നമ്മൾ പെട്ടെന്നു മറന്നുപോയേക്കാം. അതുകൊണ്ടാണു പൗലോസ് വിശ്വാസമില്ലായ്മയെ ‘എളുപ്പം വരിഞ്ഞുമുറുക്കുന്ന പാപം’ എന്നു വിളിച്ചത്. (എബ്രാ. 12:1) നമുക്ക് എങ്ങനെ ആ കെണി ഒഴിവാക്കാം?—2 തെസ്സ. 1:3.
17. വിശ്വാസം ശക്തമാക്കി നിറുത്താൻ നമ്മൾ എന്തു ചെയ്യണം?
17 ഒന്ന്, പരിശുദ്ധാത്മാവിന്റെ സഹായത്തിനായി യാചിക്കുക. കൂടെക്കൂടെ അങ്ങനെ ചെയ്യുക. കാരണം, ദൈവാത്മാവിന്റെ ഫലത്തിൽ ഉൾപ്പെടുന്ന ഒരു ഗുണമാണു വിശ്വാസം. (ഗലാ. 5:22, 23) പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ സ്രഷ്ടാവിലുള്ള നമ്മുടെ വിശ്വാസം വളർത്താനും ശക്തമാക്കി നിറുത്താനും കഴിയില്ല. നമ്മൾ കൂടെക്കൂടെ അപേക്ഷിച്ചുകൊണ്ടിരുന്നാൽ യഹോവ ഉറപ്പായും തന്റെ ആത്മാവിനെ നമുക്കു തരും. (ലൂക്കോ. 11:13) “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ” എന്നുപോലും നമുക്കു യഹോവയോടു പ്രാർഥിക്കാം.—ലൂക്കോ. 17:5.
18. നമുക്ക് ഇന്ന് എന്ത് അനുഗ്രഹം ലഭ്യമാണ്? (സങ്കീർത്തനം 1:2, 3)
18 രണ്ട്, പതിവായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. (സങ്കീർത്തനം 1:2, 3 വായിക്കുക.) ഈ സങ്കീർത്തനം എഴുതിയ സമയത്ത് രാജാവും പുരോഹിതന്മാരും ഉൾപ്പെടെ, ചുരുക്കം ചില ഇസ്രായേല്യരുടെ കൈയിൽ മാത്രമേ ദൈവവചനത്തിന്റെ പ്രതികൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഓരോ ഏഴു വർഷം കൂടുമ്പോഴും ‘പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും’ ഇസ്രായേലിൽ വന്ന് താമസിക്കുന്ന വിദേശികൾക്കും ദൈവനിയമം വായിച്ചുകേൾക്കാനുള്ള അവസരം ഉണ്ടായിരുന്നു. (ആവ. 31:10-12) ഇനി യേശുവിന്റെ നാളിലും, ചുരുക്കം ചില ആളുകളുടെ കൈയിലും സിനഗോഗുകളിലും മാത്രമേ തിരുവെഴുത്തുകളുടെ ചുരുളുകൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നു മിക്ക ആളുകൾക്കും ബൈബിളിന്റെ ചില ഭാഗങ്ങളോ ബൈബിൾ മുഴുവനായോ ലഭ്യമാണ്. അതു ശരിക്കും എത്ര വലിയ അനുഗ്രഹമാണ്, അല്ലേ? ഇങ്ങനെയൊരു സമ്മാനം കിട്ടിയിരിക്കുന്നതിൽ നമുക്ക് എങ്ങനെ നന്ദി കാണിക്കാം?
19. വിശ്വാസം ശക്തമാക്കി നിറുത്താൻ നമ്മൾ എന്തു ചെയ്യണം?
19 പതിവായി ബൈബിൾ വായിച്ചുകൊണ്ട് അങ്ങനെയൊരു സമ്മാനം കിട്ടിയിരിക്കുന്നതിൽ നന്ദിയുള്ളവരാണെന്നു നമുക്കു കാണിക്കാം. ബൈബിൾ വായിക്കാനും പഠിക്കാനും ആയി നമ്മൾ സമയം മാറ്റിവെക്കേണ്ടതുണ്ട്. അല്ലാതെ ‘സമയം കിട്ടിയാൽ വായിക്കാം’ എന്നു ചിന്തിക്കരുത്. ക്രമമായി ബൈബിൾ പഠിക്കുന്നെങ്കിൽ നമുക്കു വിശ്വാസം ശക്തമാക്കി നിറുത്താനാകും.
20. നമുക്ക് എന്തു ചെയ്യാൻ പരമാവധി ശ്രമിക്കാം?
20 ലോകത്തിലെ ‘ജ്ഞാനികളുടെയും ബുദ്ധിശാലികളുടെയും’ പോലുള്ള ഒരു വിശ്വാസമല്ല നമ്മുടേത്. (മത്താ. 11:25, 26) നമ്മുടെ വിശ്വാസം ശക്തമാണ്. കാരണം അതു ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളാകുന്നത് എന്തുകൊണ്ടാണെന്നും യഹോവ അതു സംബന്ധിച്ച് എന്താണു ചെയ്യാൻ പോകുന്നതെന്നും ബൈബിൾ പഠിച്ചപ്പോൾ നമുക്കു മനസ്സിലായി. അതുകൊണ്ട് നമ്മുടെതന്നെ വിശ്വാസം ശക്തമാക്കാനും ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ കഴിയുന്നത്ര ആളുകളെ സഹായിക്കാനും നമുക്കു പരമാവധി ശ്രമിക്കാം. (1 തിമൊ. 2:3, 4) ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും വെളിപാട് 4:11-ലെ വാക്കുകൾ ഏറ്റുപറയുന്ന ആ സമയത്തിനായി നമുക്കു കാത്തിരിക്കാം. അവിടെ പറയുന്നു: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്.”
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
^ ഖ. 5 ദൈവമായ യഹോവയാണു സ്രഷ്ടാവെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. എന്നാൽ പലരും ഇതു വിശ്വസിക്കുന്നില്ല. ജീവൻ തനിയെ ഉണ്ടായെന്നാണ് അവർ പറയുന്നത്. അവരുടെ വാദങ്ങൾ സ്രഷ്ടാവിലുള്ള നമ്മുടെ വിശ്വാസം തകർക്കാതിരിക്കണമെങ്കിൽ ദൈവത്തിലും ബൈബിളിലും ഉള്ള നമ്മുടെ വിശ്വാസം ശക്തമാക്കേണ്ടതുണ്ട്. ഇതെങ്ങനെ ചെയ്യാമെന്നാണ് ഈ ലേഖനത്തിലൂടെ നമ്മൾ കാണാൻപോകുന്നത്.
^ ഖ. 5 എല്ലാം സൃഷ്ടിക്കപ്പെട്ടതാകാനുള്ള ഒരു സാധ്യതയെക്കുറിച്ചുപോലും പല സ്കൂളുകളിലും കുട്ടികളെ പഠിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ ദൈവത്തിൽ വിശ്വസിക്കാൻ തങ്ങൾ വിദ്യാർഥികളെ നിർബന്ധിക്കുകയായിരിക്കും എന്നാണ് അവരുടെ വാദം.
^ ഖ. 7 ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ സൃഷ്ടിയിൽ വിശ്വസിക്കുന്ന നല്ല വിദ്യാഭ്യാസമുള്ള 60-ലധികം ആളുകളുടെ അഭിപ്രായങ്ങൾ വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്) കാണാം. അതിനായി “ശാസ്ത്രം” എന്ന വിഷയത്തിനു കീഴിൽ “സൃഷ്ടിയിൽ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാർ” എന്ന ഭാഗത്ത് നോക്കുക. അവയിൽ ചിലത് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിലുമുണ്ട്. അവിടെ “ശാസ്ത്രവും സാങ്കേതികവിദ്യയും” എന്ന വിഷയത്തിനു കീഴിൽ “‘അഭിമുഖം’ (ഉണരുക!-യിലെ പരമ്പര)” എന്ന ഭാഗത്ത് അതു കാണാം.
^ ഖ. 12 ഉദാഹരണത്തിന് 2011 ജൂലൈ ലക്കം ഉണരുക!-യിലെ “ശാസ്ത്രവും ബൈബിളും യോജിപ്പിലാണോ?” എന്ന ലേഖനവും 2008 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവയുടെ വാക്കുകൾ സത്യമായി ഭവിക്കുന്നു” എന്ന ലേഖനവും കാണുക.