വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 40

എന്താണു ശരിക്കുള്ള മാനസാന്തരം?

എന്താണു ശരിക്കുള്ള മാനസാന്തരം?

“പാപി​കളെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാ​നാ​ണു ഞാൻ വന്നത്‌.”—ലൂക്കോസ്‌ 5:32.

ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം

പൂർവാവലോകനം *

1-2. ആഹാബും മനശ്ശെ​യും തമ്മിലുള്ള വ്യത്യാ​സം എന്തായി​രു​ന്നു? ഏതു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും?

വളരെ​ക്കാ​ലം മുമ്പ്‌ ജീവി​ച്ചി​രുന്ന രണ്ടു രാജാ​ക്ക​ന്മാ​രു​ടെ കാര്യം നമുക്ക്‌ ഇപ്പോൾ നോക്കാം. ഒരാൾ പത്തു-ഗോത്ര ഇസ്രാ​യേ​ലി​ന്റെ രാജാ​വും മറ്റേയാൾ രണ്ടു-ഗോത്ര യഹൂദ​യു​ടെ രാജാ​വും ആയിരു​ന്നു. രണ്ടു പേരും ജീവി​ച്ചി​രു​ന്നത്‌ രണ്ടു കാലഘ​ട്ട​ത്തി​ലാ​യി​രു​ന്നു. എങ്കിലും ചില കാര്യ​ങ്ങ​ളിൽ അവർ ഒരു​പോ​ലെ​യാ​യി​രു​ന്നു. രണ്ടു രാജാ​ക്ക​ന്മാ​രും യഹോ​വയെ ധിക്കരി​ച്ചു; പാപം ചെയ്യാൻ ജനത്തെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു. രണ്ടു പേരും വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ച്ചു, കൊല​പാ​ത​ക​വും ചെയ്‌തു. എന്നാൽ അവർക്കു തമ്മിൽ ഒരു വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഒരാൾ മരണം​വരെ അതേ ജീവി​ത​രീ​തി തുടർന്നു. എന്നാൽ മറ്റേയാൾ തന്റെ തെറ്റു തിരു​ത്തു​ക​യും ക്ഷമ നേടു​ക​യും ചെയ്‌തു. ആരൊ​ക്കെ​യാ​യി​രു​ന്നു അവർ?

2 ഒരാൾ ഇസ്രാ​യേൽ രാജാ​വായ ആഹാബും മറ്റേയാൾ യഹൂദാ​രാ​ജാ​വായ മനശ്ശെ​യും ആണ്‌. അവരുടെ ജീവിതം മാനസാ​ന്തരം എന്ന വളരെ പ്രധാ​ന​പ്പെട്ട ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ ചില കാര്യങ്ങൾ നമ്മളെ പഠിപ്പി​ക്കും. (പ്രവൃ. 17:30; റോമ. 3:23) എന്താണു മാനസാ​ന്തരം? മാനസാ​ന്തരം ഉണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ആ രണ്ടു രാജാ​ക്ക​ന്മാ​രു​ടെ ജീവിതം നമുക്ക്‌ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ക്കാം. അവരുടെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കു​മെന്നു നോക്കാം. അതിനു ശേഷം മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ യേശു എന്തു പഠിപ്പി​ച്ചെ​ന്നും നമ്മൾ കാണും. ഇതൊക്കെ അറിയു​ന്നതു വളരെ പ്രധാ​ന​മാണ്‌. കാരണം നമുക്ക്‌ ഒരു തെറ്റു പറ്റിയാൽ യഹോവ നമ്മളോ​ടു ക്ഷമിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നുണ്ട്‌.

ആഹാബ്‌ രാജാ​വി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

3. ആഹാബ്‌ എങ്ങനെ​യുള്ള ഒരു രാജാ​വാ​യി​രു​ന്നു?

3 പത്തു-ഗോത്ര ഇസ്രാ​യേൽ രാജ്യ​ത്തി​ലെ ഏഴാമത്തെ രാജാ​വാ​യി​രു​ന്നു ആഹാബ്‌. അദ്ദേഹം സീദോ​നി​ലെ രാജാ​വി​ന്റെ മകളായ ഇസബേ​ലി​നെ കല്യാ​ണം​ക​ഴി​ച്ചു. വടക്കുള്ള ഒരു സമ്പന്ന നഗരമാ​യി​രു​ന്നു സീദോൻ. ഇസ്രാ​യേൽ രാജ്യ​ത്തി​നു ധാരാളം സമ്പത്ത്‌ വാരി​ക്കൂ​ട്ടാൻ ആ വിവാ​ഹ​ബ​ന്ധ​ത്തി​ലൂ​ടെ പറ്റിയി​രി​ക്കാം. പക്ഷേ, ആ ബന്ധം വലി​യൊ​രു അപകടം വരുത്തി​വെച്ചു. ഇസ്രാ​യേൽ ജനം യഹോ​വ​യോ​ടു കൂടുതൽ പാപം ചെയ്യാൻ അത്‌ ഇടയാക്കി. ഇസബേൽ ഒരു ബാൽ ആരാധി​ക​യാ​യി​രു​ന്നു. ആലയ​വേ​ശ്യാ​വൃ​ത്തി​യും കുഞ്ഞു​ങ്ങളെ ബലി അർപ്പി​ക്കു​ന്ന​തും ഒക്കെ അവരുടെ മതാചാ​ര​ങ്ങ​ളു​ടെ ഭാഗമാ​യി​രു​ന്നു. ആ വൃത്തി​കെട്ട മതാചാ​രങ്ങൾ ഇസ്രാ​യേ​ലി​ലെ​ങ്ങും വ്യാപി​പ്പി​ക്കാൻ ഇസബേൽ ആഹാബി​നെ പ്രേരി​പ്പി​ച്ചു. ഇസബേൽ ഒരു രാജ്ഞി​യാ​യി വാഴു​ന്നത്‌ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർക്കെ​ല്ലാം ഒരു ഭീഷണി​യാ​യി​രു​ന്നു. കാരണം യഹോ​വ​യു​ടെ കുറെ പ്രവാ​ച​ക​ന്മാ​രെ ഇസബേൽ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു. (1 രാജാ. 18:13) ഇനി ആഹാബി​നെ​യാ​ണെ​ങ്കിൽ, ‘അയാൾക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും നിന്ദ്യ​നാ​യി​ട്ടാണ്‌’ യഹോവ കണക്കാ​ക്കി​യത്‌. (1 രാജാ. 16:30) ആഹാബും ഇസബേ​ലും ചേർന്ന്‌ ചെയ്‌തു​കൂ​ട്ടുന്ന കാര്യ​ങ്ങ​ളൊ​ക്കെ യഹോവ കാണു​ന്നു​ണ്ടാ​യി​രു​ന്നു. എങ്കിലും യഹോവ കരുണ കാണിച്ചു. മാറ്റം വരുത്താൻ അവരെ​യും ജനത്തെ​യും സഹായി​ക്കു​ന്ന​തിന്‌ ഏലിയ പ്രവാ​ച​കനെ യഹോവ അയച്ചു. പക്ഷേ, ആഹാബും ഇസബേ​ലും അതൊ​ന്നും കേൾക്കാൻ തയ്യാറാ​യില്ല.

4. ആഹാബി​നെ എങ്ങനെ ശിക്ഷി​ക്കു​മെ​ന്നാണ്‌ യഹോവ പറഞ്ഞത്‌? അതു കേട്ട​പ്പോൾ ആഹാബ്‌ എന്തു ചെയ്‌തു?

4 അവസാനം അവരെ ശിക്ഷി​ക്കാൻ യഹോവ തീരു​മാ​നി​ച്ചു. ആഹാബി​നും ഇസബേ​ലി​നും എന്തു ശിക്ഷയാ​ണു നൽകാൻപോ​കു​ന്ന​തെന്നു പറയാൻ യഹോവ ഏലിയ പ്രവാ​ച​കനെ അയച്ചു. അവരുടെ കുടും​ബത്തെ മുഴു​വ​നാ​യി ഇല്ലാതാ​ക്കു​മെന്ന്‌ യഹോവ പറഞ്ഞു. അതു കേട്ട​പ്പോൾ ആഹാബിന്‌ ആകെ വിഷമ​മാ​യി. അഹങ്കാ​രി​യായ ആ മനുഷ്യൻ “സ്വയം താഴ്‌ത്തി.” ആരും പ്രതീ​ക്ഷി​ക്കാത്ത ഒരു മാറ്റമാ​യി​രു​ന്നു അത്‌.—1 രാജാ. 21:19-29.

ശരിക്കും മാനസാ​ന്ത​ര​പ്പെ​ടാഞ്ഞ ആഹാബ്‌ രാജാവ്‌ ദൈവ​ത്തി​ന്റെ പ്രവാ​ച​കനെ തടവറ​യി​ലാ​ക്കി (5, 6 ഖണ്ഡികകൾ കാണുക) *

5-6. ആഹാബി​ന്റേതു ശരിക്കുള്ള മാനസാ​ന്ത​ര​മ​ല്ലാ​യി​രു​ന്നു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 ഏലിയ​യു​ടെ വാക്കുകൾ കേട്ട്‌ ആഹാബ്‌ തന്നെത്തന്നെ താഴ്‌ത്തി​യെ​ങ്കി​ലും അതു ശരിക്കുള്ള മാനസാ​ന്ത​ര​മാ​യി​രു​ന്നില്ല. ദേശത്തു​നിന്ന്‌ ബാലാ​രാ​ധന നീക്കം ചെയ്യാൻ ആഹാബ്‌ ശ്രമി​ച്ചില്ല. യഹോ​വയെ ആരാധി​ക്കാൻ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​മില്ല. ആഹാബി​ന്റേത്‌ ആത്മാർഥ​മായ മാനസാ​ന്ത​ര​മ​ല്ലാ​യി​രു​ന്നു എന്ന്‌ മറ്റു പ്രവർത്ത​ന​ങ്ങ​ളും തെളി​യി​ക്കു​ന്നുണ്ട്‌.

6 പിന്നീട്‌, സിറി​യ​യ്‌ക്ക്‌ എതിരെ യുദ്ധത്തി​നു പോകാൻ ആഹാബ്‌ യഹൂദ​യി​ലെ നല്ല രാജാ​വായ യഹോ​ശാ​ഫാ​ത്തി​നെ ക്ഷണിച്ചു. യുദ്ധത്തി​നു പോകു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യു​ടെ പ്രവാ​ച​ക​നോട്‌ ഒന്നു ചോദി​ച്ചി​ട്ടു പോകാ​മെന്ന്‌ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു. പക്ഷേ ആ നിർദേശം ആഹാബിന്‌ ഇഷ്ടമാ​യില്ല. ആഹാബ്‌ പറഞ്ഞു: “നമുക്ക്‌ യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​യാൻ കഴിയുന്ന ഒരാൾക്കൂ​ടി​യുണ്ട്‌. പക്ഷേ എനിക്ക്‌ അയാളെ ഇഷ്ടമല്ല. കാരണം അയാൾ ഒരിക്ക​ലും എന്നെക്കു​റിച്ച്‌ ദോഷ​മ​ല്ലാ​തെ നല്ലതൊ​ന്നും പ്രവചി​ക്കാ​റില്ല.” എങ്കിലും മീഖായ പ്രവാ​ച​ക​നോ​ടു ചോദി​ക്കാൻതന്നെ അവർ തീരു​മാ​നി​ച്ചു. ആഹാബ്‌ ചിന്തി​ച്ച​തു​പോ​ലെ​തന്നെ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ ആഹാബി​നോ​ടു നല്ല കാര്യമല്ല പറഞ്ഞത്‌. പക്ഷേ അതു കേട്ടി​ട്ടും അയാൾ പശ്ചാത്ത​പിച്ച്‌ യഹോ​വ​യോ​ടു ക്ഷമ ചോദി​ച്ചില്ല. പകരം ദുഷ്ടനായ ആഹാബ്‌ ആ പ്രവാ​ച​കനെ തടവറ​യിൽ അടച്ചു. (1 രാജാ. 22:7-9, 23, 27) യഹോ​വ​യു​ടെ പ്രവാ​ച​കനെ തടവറ​യിൽ ആക്കാൻ രാജാ​വി​നു കഴിഞ്ഞു. പക്ഷേ അദ്ദേഹം മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ നിറ​വേ​റു​ന്നതു തടയാൻ രാജാ​വി​നാ​യില്ല. അങ്ങനെ സിറി​യ​യ്‌ക്ക്‌ എതി​രെ​യുള്ള ആ യുദ്ധത്തിൽ ആഹാബ്‌ കൊല്ല​പ്പെട്ടു.—1 രാജാ. 22:34-38.

7. ആഹാബി​ന്റെ മരണ​ശേഷം യഹോവ അയാ​ളെ​ക്കു​റിച്ച്‌ എന്താണു പറഞ്ഞത്‌?

7 ആഹാബി​നെ​ക്കു​റി​ച്ചുള്ള തന്റെ അഭി​പ്രാ​യം എന്താ​ണെന്ന്‌ ആഹാബി​ന്റെ മരണ​ശേഷം യഹോവ വെളി​പ്പെ​ടു​ത്തി. നല്ല രാജാ​വായ യഹോ​ശാ​ഫാത്ത്‌ സുരക്ഷി​ത​നാ​യി തിരി​ച്ചെ​ത്തി​യ​പ്പോൾ യഹോവ യേഹു പ്രവാ​ച​കനെ അദ്ദേഹ​ത്തി​ന്റെ അടുക്ക​ലേക്ക്‌ അയച്ചു. യഹോ​ശാ​ഫാത്ത്‌ ആഹാബു​മാ​യി കൂട്ടു​ചേർന്നതു ശരിയാ​യി​ല്ലെന്ന്‌ യഹോവ പറഞ്ഞു. പ്രവാ​ചകൻ അദ്ദേഹ​ത്തോട്‌ ചോദി​ച്ചു: “ദുഷ്ട​നെ​യാ​ണോ അങ്ങ്‌ സഹായി​ക്കേ​ണ്ടത്‌? യഹോ​വയെ വെറു​ക്കു​ന്ന​വ​രെ​യാ​ണോ അങ്ങ്‌ സ്‌നേ​ഹി​ക്കേ​ണ്ടത്‌?” (2 ദിന. 19:1, 2) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ആഹാബി​ന്റെ മാനസാ​ന്തരം ശരിക്കു​ള്ള​താ​യി​രു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ പ്രവാ​ചകൻ ആഹാബി​നെ​ക്കു​റിച്ച്‌ ‘യഹോ​വയെ വെറു​ക്കുന്ന ദുഷ്ടൻ’ എന്നു പറയു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല. ആഹാബ്‌ തന്റെ പ്രവൃ​ത്തി​യെ​ക്കു​റിച്ച്‌ കുറ​ച്ചൊ​ക്കെ സങ്കടം കാണി​ച്ചെ​ങ്കി​ലും അതു ശരിക്കുള്ള മാനസാ​ന്ത​ര​മാ​യി​രു​ന്നില്ല.

8. ആഹാബി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

8 ആഹാബി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? തന്റെ കുടും​ബ​ത്തി​നു നേരി​ടാൻപോ​കുന്ന ദുരന്ത​ത്തെ​ക്കു​റിച്ച്‌ ഏലിയ പ്രവാ​ചകൻ പറഞ്ഞ​പ്പോൾ ആദ്യം അയാൾ തന്നെത്തന്നെ താഴ്‌ത്തി. അതൊരു നല്ല കാര്യ​മാ​യി​രു​ന്നു. എന്നാൽ അതു മാനസാ​ന്ത​ര​മ​ല്ലാ​യി​രു​ന്നെന്ന്‌ അയാളു​ടെ പിന്നീ​ടുള്ള പ്രവർത്ത​നങ്ങൾ കാണിച്ചു. അതു​കൊണ്ട്‌ ചെയ്‌ത തെറ്റി​നെ​ക്കു​റിച്ച്‌ വിഷമ​മു​ണ്ടെന്നു വെറുതേ പറയു​ന്നതല്ല മാനസാ​ന്തരം. ശരിക്കുള്ള മാനസാ​ന്ത​ര​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ നമുക്ക്‌ അടുത്ത രാജാ​വി​നെ​ക്കു​റിച്ച്‌ പഠിക്കാം.

മനശ്ശെ രാജാ​വി​ന്റെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9. മനശ്ശെ എങ്ങനെ​യുള്ള ഒരു രാജാ​വാ​യി​രു​ന്നു?

9 മുമ്പ്‌ പറഞ്ഞ സംഭവങ്ങൾ നടന്ന്‌ ഏതാണ്ട്‌ 200 വർഷം കഴിഞ്ഞാ​ണു മനശ്ശെ യഹൂദ​യിൽ രാജാ​വാ​കു​ന്നത്‌. മനശ്ശെ ഒരുത​ര​ത്തിൽ ആഹാബി​നെ​ക്കാൾ മോശ​മാ​യി​രു​ന്നെന്നു പറയാം. അദ്ദേഹം “യഹോ​വ​യു​ടെ മുമ്പാകെ ഒരുപാ​ടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപി​പ്പി​ച്ചു” എന്നാണു ബൈബിൾ പറയു​ന്നത്‌. (2 ദിന. 33:1-9) അദ്ദേഹം വ്യാജ​ദൈ​വ​ങ്ങൾക്കു യാഗപീ​ഠങ്ങൾ പണിതു. കൊത്തി​യു​ണ്ടാ​ക്കിയ ഒരു പൂജാ​സ്‌തൂ​പം യഹോ​വ​യു​ടെ വിശു​ദ്ധ​മായ ആലയത്തിൽത്തന്നെ സ്ഥാപിച്ചു. ഈ പൂജാ​സ്‌തൂ​പം പ്രത്യു​ത്‌പാ​ദ​ന​ത്തി​ന്റെ ദേവി​യു​ടെ പ്രതീ​ക​മാ​യി​രു​ന്നി​രി​ക്കാം. അദ്ദേഹം മന്ത്രവാ​ദ​വും ആഭിചാ​ര​വും ചെയ്യു​ക​യും ഭാവി​ഫലം നോക്കു​ക​യും ചെയ്‌തു. കൂടാതെ അദ്ദേഹം യരുശ​ലേ​മി​ന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ “നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.” സ്വന്തം മക്കളെ​പ്പോ​ലും അദ്ദേഹം വ്യാജ​ദൈ​വ​ങ്ങൾക്കു കുരു​തി​കൊ​ടു​ത്തു. അതിനാ​യി അവരെ തീയിൽ ദഹിപ്പി​ക്കു​ക​യാ​യി​രു​ന്നു.—2 രാജാ. 21:6, 7, 10, 11, 16.

10. യഹോവ എങ്ങനെ​യാ​ണു മനശ്ശെക്ക്‌ ശിക്ഷണം നൽകി​യത്‌? മനശ്ശെ അപ്പോൾ എന്തു ചെയ്‌തു?

10 ആഹാബി​നെ​പ്പോ​ലെ​ത​ന്നെ​യാ​യി​രു​ന്നു മനശ്ശെ​യും ആദ്യം. യഹോവ തന്റെ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ കൊടുത്ത മുന്നറി​യി​പ്പു​ക​ളൊ​ക്കെ അദ്ദേഹം ധിക്കാ​ര​ത്തോ​ടെ തള്ളിക്ക​ളഞ്ഞു. അവസാനം “യഹോവ അസീറി​യൻ രാജാ​വി​ന്റെ സൈന്യാ​ധി​പ​ന്മാ​രെ (യഹൂദ​യ്‌ക്കു) നേരെ വരുത്തി. അവർ മനശ്ശെയെ കൊളു​ത്തു​ക​ളിട്ട്‌ പിടിച്ച്‌ ചെമ്പു​കൊ​ണ്ടുള്ള രണ്ടു കാൽവി​ല​ങ്ങിട്ട്‌ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​യി.” അങ്ങനെ അന്യനാ​ട്ടിൽ തടവറ​യിൽ കിടന്ന​പ്പോൾ മനശ്ശെ താൻ ചെയ്‌തു​കൂ​ട്ടിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ഒന്നു ചിന്തി​ച്ചി​രി​ക്കണം. അദ്ദേഹം “പൂർവി​ക​രു​ടെ ദൈവ​ത്തി​ന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി.” അതു മാത്രമല്ല, മനശ്ശെ തന്റെ ദൈവ​മായ യഹോ​വ​യോ​ടു ‘കരുണ​യ്‌ക്കാ​യി യാചി​ക്കു​ക​യും’ ചെയ്‌തു. വാസ്‌ത​വ​ത്തിൽ, മനശ്ശെ ദൈവ​ത്തോ​ടു ‘പല തവണ പ്രാർഥി​ച്ചു.’ ദുഷ്ടനായ ആ മനുഷ്യൻ മാറ്റം വരുത്തു​ക​യാ​യി​രു​ന്നു. അദ്ദേഹം യഹോ​വയെ ‘തന്റെ ദൈവ​മാ​യി’ കാണാൻതു​ടങ്ങി. അതു​കൊണ്ട്‌ ദൈവ​ത്തോട്‌ ഇടവി​ടാ​തെ പ്രാർഥി​ച്ചു.—2 ദിന. 33:10-13.

മനശ്ശെ രാജാവ്‌ ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ട​തു​കൊണ്ട്‌ വ്യാജാ​രാ​ധ​ന​യ്‌ക്ക്‌ എതിരെ അദ്ദേഹം ശക്തമായ നടപടി​യെ​ടു​ത്തു (11-ാം ഖണ്ഡിക കാണുക) *

11. 2 ദിനവൃ​ത്താ​ന്തം 33:15, 16 അനുസ​രിച്ച്‌ മനശ്ശെ എങ്ങനെ​യാ​ണു ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടെന്നു തെളി​യി​ച്ചത്‌?

11 അവസാനം യഹോവ മനശ്ശെ​യു​ടെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം നൽകി. മനശ്ശെ​യു​ടെ പ്രാർഥന കേട്ട​പ്പോൾ അദ്ദേഹം ശരിക്കും മാറ്റം വരുത്തി​യെന്ന്‌ യഹോ​വ​യ്‌ക്ക്‌ മനസ്സി​ലാ​യി. അതു​കൊണ്ട്‌ യഹോവ മനശ്ശെ​യോ​ടു ക്ഷമിക്കു​ക​യും വീണ്ടും രാജസ്ഥാ​ന​ത്തേക്കു വരാൻ അദ്ദേഹത്തെ അനുവ​ദി​ക്കു​ക​യും ചെയ്‌തു. തനിക്കു മാനസാ​ന്തരം വന്നിട്ടു​ണ്ടെന്ന്‌ അഥവാ താൻ ശരിക്കും മാറ്റം​വ​രു​ത്തി​യെന്നു തെളി​യി​ക്കാൻ മനശ്ശെ കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു. ആഹാബ്‌ ഒരിക്ക​ലും ചെയ്യാത്ത ഒരു കാര്യ​മാണ്‌ അദ്ദേഹം ചെയ്‌തത്‌. അദ്ദേഹം തന്റെ സ്വഭാ​വ​ത്തി​നു മാറ്റം​വ​രു​ത്തി. അദ്ദേഹം വ്യാജാ​രാ​ധ​നയെ ശക്തമായി എതിർത്തു. മാത്രമല്ല, യഹോ​വയെ ആരാധി​ക്കാൻ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. (2 ദിനവൃ​ത്താ​ന്തം 33:15, 16 വായി​ക്കുക.) അങ്ങനെ ചെയ്യാൻ മനശ്ശെക്കു നല്ല ധൈര്യ​വും വിശ്വാ​സ​വും വേണമാ​യി​രു​ന്നു. കാരണം, അതുവരെ അദ്ദേഹം തന്റെ കുടും​ബാം​ഗ​ങ്ങ​ളോ​ടും പ്രധാ​നി​ക​ളോ​ടും ജനത്തോ​ടും ഒക്കെ നേർവി​പ​രീ​ത​മായ ഒരു കാര്യം ചെയ്യാ​നാ​ണ​ല്ലോ പറഞ്ഞി​രു​ന്നത്‌. എന്നാൽ ഇപ്പോൾ, വയസ്സായ ഈ സമയത്ത്‌, മനശ്ശെ താൻ ചെയ്‌തു​കൂ​ട്ടിയ കുറെ തെറ്റു​ക​ളെ​ങ്കി​ലും ഒന്നു തിരു​ത്താൻ ആത്മാർഥ​മാ​യി ശ്രമിച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌ തന്റെ കൊച്ചു​മ​ക​നായ യോശി​യ​യെ​യും നല്ല രീതി​യിൽ സ്വാധീ​നി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. അതു​കൊ​ണ്ടാ​യി​രി​ക്കാം യോശിയ പിന്നീടു നല്ലൊരു രാജാ​വാ​യി​ത്തീർന്നത്‌.—2 രാജാ. 22:1, 2.

12. മനശ്ശെ മാനസാ​ന്ത​ര​പ്പെ​ട്ട​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 മനശ്ശെ​യു​ടെ ജീവി​ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? അദ്ദേഹം തന്നെത്തന്നെ താഴ്‌ത്തി. എന്നാൽ അതു മാത്രമല്ല, അദ്ദേഹം പ്രാർഥി​ച്ചു, യഹോ​വ​യു​ടെ കരുണ​യ്‌ക്കാ​യി അപേക്ഷി​ച്ചു, തന്റെ സ്വഭാ​വ​ത്തി​നു മാറ്റം വരുത്തി, തന്റെ തെറ്റു​ക​ളൊ​ക്കെ തിരു​ത്താ​നും വീണ്ടും യഹോ​വയെ ആരാധി​ക്കാ​നും കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു. അതിനു മറ്റുള്ള​വരെ സഹായി​ക്കു​ക​യും ചെയ്‌തു. അങ്ങേയറ്റം മോശ​മായ കാര്യങ്ങൾ ചെയ്യു​ന്ന​വർക്കു​പോ​ലും പ്രതീ​ക്ഷ​യ്‌ക്കു വകയു​ണ്ടെന്നു പഠിപ്പി​ക്കു​ന്ന​താണ്‌ മനശ്ശെ​യു​ടെ ജീവിതം. യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്ന​തി​ന്റെ ശക്തമായ തെളി​വാണ്‌ ഇത്‌. ശരിക്കും മാനസാ​ന്ത​ര​പ്പെ​ടു​ന്ന​വ​രോട്‌ യഹോവ എന്തായാ​ലും ക്ഷമിക്കും.—സങ്കീ. 86:5.

13. മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട പാഠം പഠിപ്പി​ക്കുന്ന ഒരു ഉദാഹ​രണം പറയുക.

13 നമ്മൾ കണ്ടതു​പോ​ലെ, മനശ്ശെ താൻ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ സങ്കട​പ്പെ​ടുക മാത്രമല്ല, ആ തെറ്റുകൾ തിരു​ത്തു​ക​യും ചെയ്‌തു. മനശ്ശെ​യു​ടെ ജീവിതം ശരിക്കുള്ള മാനസാ​ന്ത​ര​ത്തെ​ക്കു​റിച്ച്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം നമ്മളെ പഠിപ്പി​ക്കു​ന്നുണ്ട്‌. അതു കുറെ​ക്കൂ​ടി നന്നായി മനസ്സി​ലാ​ക്കാൻ ഒരു ഉദാഹ​രണം നോക്കാം. നിങ്ങൾ ഒരു ബേക്കറി​യിൽ ചെന്ന്‌ കേക്കു വേണ​മെന്നു പറയുന്നു. പക്ഷേ കേക്കിനു പകരം കടക്കാരൻ ഒരു മുട്ട എടുത്ത്‌ തരു​ന്നെ​ങ്കി​ലോ? നിങ്ങൾക്കു സന്തോ​ഷ​മാ​കു​മോ? ഒരിക്ക​ലു​മില്ല. ‘മുട്ട കേക്കിലെ പ്രധാ​ന​പ്പെട്ട ഒരു ചേരു​വയാ, അതു​കൊണ്ട്‌ ഇതു പോരേ’ എന്നു കടക്കാരൻ ചോദി​ച്ചാ​ലോ? നിങ്ങൾ അതും വാങ്ങി തിരി​ച്ചു​പോ​രു​മോ? ഇല്ല അല്ലേ? മാനസാ​ന്ത​ര​ത്തി​ന്റെ കാര്യ​ത്തി​ലും ഏതാണ്ട്‌ ഇങ്ങനെ​ത​ന്നെ​യാണ്‌. യഹോവ പാപി​യായ ഒരാ​ളോ​ടു മാനസാ​ന്ത​ര​പ്പെ​ടാൻ ആവശ്യ​പ്പെ​ടു​ന്നു. ചെയ്‌ത തെറ്റി​നെ​ക്കു​റിച്ച്‌ അയാൾക്കു സങ്കടം തോന്നു​ന്നതു നല്ല സംഗതി​യാണ്‌. അതു മാനസാ​ന്ത​ര​ത്തി​ന്റെ ഒരു പ്രധാ​ന​ഘ​ട​ക​വു​മാണ്‌. എന്നാൽ അതു മാത്രം പോരാ. പാപം ചെയ്‌ത​യാൾ മറ്റ്‌ എന്തുകൂ​ടെ ചെയ്യണം? യേശു പറഞ്ഞ ധൂർത്ത​പു​ത്ര​നെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്ത​ക​ഥ​യിൽനിന്ന്‌ നമുക്ക്‌ അതു പഠിക്കാം.

എന്താണു ശരിക്കുള്ള മാനസാ​ന്തരം?

സുബോ​ധ​ത്തി​ലേക്കു വന്ന ധൂർത്ത​പു​ത്രൻ അങ്ങു ദൂരെ​യുള്ള വീട്ടി​ലേക്കു മടങ്ങി​പ്പോ​കു​ന്നു (14, 15 ഖണ്ഡികകൾ കാണുക) *

14. യേശു പറഞ്ഞ കഥയിലെ ധൂർത്ത​പു​ത്രനു മാനസാ​ന്തരം വരാൻതു​ട​ങ്ങി​യെന്ന്‌ എന്തു തെളി​യി​ച്ചു?

14 ലൂക്കോസ്‌ 15:11-32 വരെയുള്ള വാക്യ​ങ്ങ​ളിൽ ഒരു ധൂർത്ത​പു​ത്ര​നെ​ക്കു​റിച്ച്‌ യേശു പറഞ്ഞ കഥ നമുക്കു കാണാം. ഒരു ചെറു​പ്പ​ക്കാ​രൻ തന്റെ അപ്പനെ ധിക്കരിച്ച്‌ വീടു​വിട്ട്‌ ഒരു “ദൂര​ദേ​ശ​ത്തേക്കു” പോയി. അവിടെ അവൻ കുത്തഴിഞ്ഞ ജീവിതം നയിച്ചു. ഉണ്ടായി​രുന്ന പണമെ​ല്ലാം തീർന്ന്‌ ജീവിതം ആകെ കഷ്ടത്തി​ലാ​യ​പ്പോൾ അവൻ താൻ എടുത്ത തീരു​മാ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻതു​ടങ്ങി. അപ്പന്റെ വീട്ടിൽ തന്റെ ജീവിതം എത്ര നല്ലതാ​യി​രു​ന്നെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞു. യേശു പറഞ്ഞതു​പോ​ലെ അവൻ ‘സുബോ​ധ​ത്തി​ലേക്കു’ വന്നു. അതു​കൊണ്ട്‌ തിരിച്ചു ചെന്ന്‌ അപ്പനോ​ടു ക്ഷമ ചോദി​ക്കാൻ അവൻ തീരു​മാ​നി​ച്ചു. തന്റെ തീരു​മാ​നങ്ങൾ തെറ്റി​പ്പോ​യെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞതു പ്രധാ​ന​മാ​യി​രു​ന്നു. എന്നാൽ അതു മാത്രം മതിയാ​യി​രു​ന്നോ? പോരാ. അവൻ തന്റെ സ്വഭാ​വ​ത്തിൽ മാറ്റം വരുത്ത​ണ​മാ​യി​രു​ന്നു.

15. യേശു പറഞ്ഞ കഥയിലെ ആ ധൂർത്ത​പു​ത്രൻ ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടെന്നു തെളി​യി​ച്ചത്‌ എങ്ങനെ?

15 തനിക്കു ശരിക്കും മാനസാ​ന്തരം വന്നിട്ടു​ണ്ടെന്ന്‌ ആ മകൻ തെളി​യി​ച്ചു. അവൻ അങ്ങു ദൂരെ​യുള്ള അപ്പന്റെ അടു​ത്തേക്കു യാത്ര​യാ​യി. അപ്പന്റെ അടുത്ത്‌ ചെന്ന​പ്പോൾ അവൻ പറഞ്ഞു: “ഞാൻ സ്വർഗ​ത്തോ​ടും അപ്പനോ​ടും പാപം ചെയ്‌തു. അങ്ങയുടെ മകൻ എന്ന്‌ അറിയ​പ്പെ​ടാൻ എനിക്ക്‌ ഇനി ഒരു യോഗ്യ​ത​യു​മില്ല.” (ലൂക്കോ. 15:21) ആ ചെറു​പ്പ​ക്കാ​രന്റെ ആത്മാർഥ​മായ കുറ്റസ​മ്മതം തെളി​യി​ക്കു​ന്നതു വീണ്ടും യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാൻ അവൻ ആഗ്രഹി​ച്ചു എന്നാണ്‌. താൻ ചെയ്‌തതു തന്റെ അപ്പനെ​യും ഒരുപാ​ടു വിഷമി​പ്പി​ച്ചെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞു. അപ്പനു​മാ​യി പഴയ ആ ബന്ധത്തി​ലേക്കു വരാൻ എന്തും ചെയ്യാൻ അവൻ ഒരുക്ക​മാ​യി​രു​ന്നു. അതിനു​വേണ്ടി അപ്പന്റെ ഒരു കൂലി​ക്കാ​രൻ ആകാൻപോ​ലും അവൻ തയ്യാറാ​യി. (ലൂക്കോ. 15:19) വളരെ പ്രധാ​ന​പ്പെട്ട ചില തത്ത്വങ്ങൾ മനസ്സി​ലാ​ക്കാൻ ഈ കഥ സഹായി​ക്കും. ഗുരു​ത​ര​മായ തെറ്റു ചെയ്‌ത ഒരാൾ ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടി​ട്ടു​ണ്ടോ എന്നു തിരി​ച്ച​റി​യാൻ മൂപ്പന്മാ​രെ സഹായി​ക്കു​ന്ന​വ​യാണ്‌ ആ തത്ത്വങ്ങൾ.

16. ഒരു വ്യക്തി ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടി​ട്ടു​ണ്ടോ എന്നു തിരി​ച്ച​റി​യാൻ മൂപ്പന്മാർക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

16 ഗുരു​ത​ര​മായ പാപം ചെയ്‌ത ഒരാൾ ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടോ എന്നു തിരി​ച്ച​റി​യാൻ മൂപ്പന്മാർക്ക്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. അത്‌ എന്തു​കൊ​ണ്ടാണ്‌? മൂപ്പന്മാർക്ക്‌ ആരു​ടെ​യും മനസ്സു വായി​ക്കാ​നാ​കി​ല്ല​ല്ലോ. അതു​കൊണ്ട്‌ തന്റെ തെറ്റിനെ ആ വ്യക്തി ഇപ്പോൾ ശരിക്കും വെറു​ക്കു​ന്നു​ണ്ടോ എന്നതിന്റെ തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തി​ലേ അവർക്ക്‌ അതു തീരു​മാ​നി​ക്കാ​നാ​കൂ. ചില​പ്പോൾ ഒരു വ്യക്തി​യു​ടെ തെറ്റ്‌ അങ്ങേയറ്റം ഗുരു​ത​ര​മാ​യി​രി​ക്കാം. അത്തരം സന്ദർഭ​ങ്ങ​ളിൽ ഒരു വ്യക്തി ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടി​ട്ടു​ണ്ടോ എന്നു തീരു​മാ​നി​ക്കു​ന്നതു മൂപ്പന്മാർക്കു കൂടുതൽ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

17. (എ) ചെയ്‌ത തെറ്റ്‌ ഓർത്ത്‌ ഒരാൾ സങ്കട​പ്പെ​ട്ടാൽ മാത്രം പോരാ എന്നതിന്‌ ഒരു ഉദാഹ​രണം പറയുക. (ബി) 2 കൊരി​ന്ത്യർ 7:11 അനുസ​രിച്ച്‌ ശരിക്കും മാനസാ​ന്ത​ര​പ്പെട്ട ഒരാൾ എന്തു ചെയ്യും?

17 അതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു ഉദാഹ​രണം നോക്കാം. ഒരു സഹോ​ദരൻ വർഷങ്ങ​ളാ​യി വ്യഭി​ചാ​രം ചെയ്യു​ക​യാണ്‌. തന്റെ തെറ്റായ പ്രവൃത്തി തിരു​ത്തു​ന്ന​തി​നു സഹായം സ്വീക​രി​ക്കു​ന്ന​തി​നു പകരം അദ്ദേഹം സ്വന്തം ഭാര്യ​യിൽനി​ന്നും കൂട്ടു​കാ​രിൽനി​ന്നും മൂപ്പന്മാ​രിൽനി​ന്നും ഒക്കെ അതു മറച്ചു​വെ​ക്കു​ന്നു. ഒടുവിൽ അദ്ദേഹ​ത്തി​ന്റെ തെറ്റു മൂപ്പന്മാർ അറിയാൻ ഇടയാ​കു​ന്നു. തെളി​വു​കൾ എല്ലാം തനിക്ക്‌ എതിരാ​ണെന്നു മനസ്സി​ലാ​കു​മ്പോൾ അദ്ദേഹം തെറ്റു സമ്മതി​ക്കു​ക​യും ചെയ്‌തത്‌ ഓർത്ത്‌ തനിക്കു വിഷമ​മു​ണ്ടെന്നു കാണി​ക്കു​ക​യും ചെയ്യുന്നു. പക്ഷേ, ആ വ്യക്തി ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടെന്ന്‌ അതു തെളി​യി​ക്കു​ന്നു​ണ്ടോ? ഇല്ല. അതു കൈകാ​ര്യം ചെയ്യുന്ന മൂപ്പന്മാർ അദ്ദേഹ​ത്തി​ന്റെ ആ സങ്കടം മാത്രം കണക്കി​ലെ​ടു​ത്താൽ പോരാ. കാരണം ഇതു പെട്ടെന്ന്‌ ഒരു നിമിഷം സംഭവി​ച്ചു​പോയ ഒരു തെറ്റല്ല. വർഷങ്ങ​ളാ​യി തുടർന്നു​പോന്ന ഒന്നാണ്‌. തെറ്റു​കാ​രൻ സ്വയം കുറ്റസ​മ്മതം നടത്താൻ തയ്യാറാ​യ​തു​മില്ല. പകരം അതെക്കു​റിച്ച്‌ അറിഞ്ഞ മറ്റാരോ അതു മൂപ്പന്മാ​രു​ടെ അടുത്ത്‌ റിപ്പോർട്ടു ചെയ്‌ത​താണ്‌. അതു​കൊണ്ട്‌ ആ വ്യക്തി​യു​ടെ ചിന്തയി​ലും വികാ​ര​ങ്ങ​ളി​ലും പ്രവർത്ത​ന​ങ്ങ​ളി​ലും ശരിക്കും മാറ്റം വന്നിട്ടു​ണ്ടോ എന്നതിന്റെ തെളി​വു​കൾ മൂപ്പന്മാർ കണ്ടെ​ത്തേ​ണ്ട​തുണ്ട്‌. (2 കൊരി​ന്ത്യർ 7:11 വായി​ക്കുക.) ആവശ്യ​മായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹ​ത്തിന്‌ എന്തായാ​ലും സമയം വേണ്ടി​വ​രും. അതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അദ്ദേഹത്തെ സഭയിൽനിന്ന്‌ നീക്കം ചെയ്യു​ക​യും കുറച്ച്‌ കാലം അദ്ദേഹം അങ്ങനെ തുടരു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം.—1 കൊരി. 5:11-13; 6:9, 10.

18. പുറത്താ​ക്ക​പ്പെ​ട്ട​യാൾക്കു താൻ ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം, എന്തായി​രി​ക്കും അതിന്റെ ഫലം?

18 തനിക്കു ശരിക്കും മാനസാ​ന്തരം വന്നിട്ടു​ണ്ടെന്നു തെളി​യി​ക്കാൻ പുറത്താ​ക്ക​പ്പെട്ട വ്യക്തി പതിവാ​യി മീറ്റി​ങ്ങു​കൾക്കു വരുക​യും പ്രാർഥി​ക്കു​ക​യും ബൈബിൾ പഠിക്കു​ക​യും ഒക്കെ ചെയ്യേ​ണ്ട​തുണ്ട്‌. തെറ്റി​ലേക്കു നയിച്ച സാഹച​ര്യ​ങ്ങൾ അദ്ദേഹം ബോധ​പൂർവം ഒഴിവാ​ക്കു​ക​യും ചെയ്യും. യഹോ​വ​യു​മാ​യുള്ള ബന്ധത്തി​ലേക്കു തിരികെ വരാൻ അദ്ദേഹം ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നെ​ങ്കിൽ യഹോവ അദ്ദേഹ​ത്തോ​ടു പൂർണ​മാ​യി ക്ഷമിക്കും. മാത്രമല്ല വീണ്ടും സഭയുടെ ഭാഗമാ​യി​ത്തീ​രാൻ മൂപ്പന്മാർ അദ്ദേഹത്തെ സഹായി​ക്കു​ക​യും ചെയ്യും. എന്നാൽ ഓരോ​രു​ത്ത​രു​ടെ​യും തെറ്റു വ്യത്യ​സ്‌ത​മാണ്‌. അതു​കൊണ്ട്‌ പുറത്താ​ക്ക​പ്പെ​ട്ട​യാൾക്കു ശരിക്കും മാനസാ​ന്തരം വന്നിട്ടു​ണ്ടോ എന്നു പരി​ശോ​ധി​ക്കുന്ന സമയത്ത്‌ മൂപ്പന്മാർ ഓരോ കേസും നന്നായി വിലയി​രു​ത്തും. അതേസ​മയം അവരോട്‌ അന്യാ​യ​മാ​യി ഇടപെ​ടു​ക​യു​മില്ല.

19. ശരിക്കുള്ള മാനസാ​ന്ത​ര​ത്തിൽ ഉൾപ്പെ​ടു​ന്നത്‌ എന്താണ്‌? (യഹസ്‌കേൽ 33:14-16)

19 നമ്മൾ കണ്ടതു​പോ​ലെ, ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തിട്ട്‌ അങ്ങനെ ചെയ്‌തു​പോ​യ​തിൽ വിഷമ​മു​ണ്ടെന്നു പറയു​ന്നതു മാത്രമല്ല ശരിക്കുള്ള മാനസാ​ന്തരം. ശരിക്കും മാറ്റം വരേണ്ടതു മനസ്സി​നും ഹൃദയ​ത്തി​നും ആണ്‌. അതു ശരിയായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തെ പ്രേരി​പ്പി​ക്കും. തന്റെ തെറ്റായ വഴി ഉപേക്ഷി​ക്കു​ക​യും വീണ്ടും തിരിഞ്ഞ്‌ യഹോ​വ​യു​ടെ വഴിയിൽ നടക്കു​ക​യും ചെയ്യു​ന്ന​താണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (യഹസ്‌കേൽ 33:14-16 വായി​ക്കുക.) യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വീണ്ടും വരുക എന്നതാ​യി​രി​ക്കണം അദ്ദേഹ​ത്തി​ന്റെ മുഖ്യ​താ​ത്‌പ​ര്യം.

പാപി​കളെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കുക

20-21. ഗുരു​ത​ര​മായ തെറ്റു ചെയ്‌ത ഒരാളെ നമുക്ക്‌ എങ്ങനെ സഹായി​ക്കാം?

20 തന്റെ ശുശ്രൂ​ഷ​യു​ടെ ഒരു പ്രധാ​ന​ഭാ​ഗം എന്താ​ണെന്നു വിശദീ​ക​രി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: “പാപി​കളെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാ​നാ​ണു ഞാൻ വന്നത്‌.” (ലൂക്കോ. 5:32) നമ്മുടെ ആഗ്രഹ​വും അതുത​ന്നെ​യാ​യി​രി​ക്കണം. ശരി, നമ്മുടെ ഒരു അടുത്ത സുഹൃത്ത്‌ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌ത​താ​യി നമ്മൾ അറിയു​ന്നെ​ങ്കി​ലോ? അപ്പോൾ എന്തു ചെയ്യണം?

21 ആ തെറ്റി​നെ​ക്കു​റിച്ച്‌ അറിഞ്ഞി​ട്ടു നമ്മൾ അതു മൂടി​വെ​ക്കു​ക​യാ​ണെ​ങ്കിൽ നമ്മൾ ആ സുഹൃ​ത്തി​നെ ദ്രോ​ഹി​ക്കു​ക​യാ​യി​രി​ക്കും. എന്തായാ​ലും നമുക്ക്‌ അതു മൂടി​വെ​ക്കാ​നാ​കില്ല. കാരണം യഹോവ അതു കാണു​ന്നുണ്ട്‌. (സുഭാ. 5:21, 22; 28:13) മൂപ്പന്മാർ അദ്ദേഹത്തെ സഹായി​ക്കു​മെന്നു നമുക്ക്‌ ആ സുഹൃ​ത്തി​നോ​ടു പറയാം. ആ വ്യക്തി മൂപ്പന്മാ​രു​ടെ അടുത്ത്‌ കുറ്റസ​മ്മതം നടത്താൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കിൽ നമ്മൾ അതെക്കു​റിച്ച്‌ മൂപ്പന്മാ​രോ​ടു പറയണം. അങ്ങനെ ആ വ്യക്തിയെ സഹായി​ക്കാൻ നമ്മൾ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നെന്നു നമുക്കു തെളി​യി​ക്കാം. മൂപ്പന്മാ​രു​ടെ സഹായം കിട്ടി​യി​ല്ലെ​ങ്കിൽ യഹോ​വ​യു​മാ​യുള്ള അദ്ദേഹ​ത്തി​ന്റെ ബന്ധം തകരും.

22. അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

22 ഒരാൾ കുറെ​ക്കാ​ല​മാ​യി ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ ആ വ്യക്തിയെ പുറത്താ​ക്കാൻ മൂപ്പന്മാർ തീരു​മാ​നി​ച്ചേ​ക്കാം. അതിന്റെ അർഥം മൂപ്പന്മാർ അദ്ദേഹ​ത്തോ​ടു കരുണ​യി​ല്ലാ​തെ ഇടപെട്ടു എന്നാണോ? യഹോവ എങ്ങനെ​യാ​ണു പാപി​കൾക്കു കരുണ​യോ​ടെ ശിക്ഷണം നൽകു​ന്ന​തെ​ന്നും നമുക്ക്‌ എങ്ങനെ അത്‌ അനുക​രി​ക്കാ​മെ​ന്നും അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.

ഗീതം 103 ഇടയന്മാർ ദൈവ​ത്തിൽനി​ന്നുള്ള സമ്മാനം

^ ഖ. 5 ശരിക്കുള്ള മാനസാ​ന്തരം എന്നു പറയു​ന്നതു തെറ്റു പറ്റിയ​തിൽ സങ്കടമു​ണ്ടെന്നു വെറുതേ പറയു​ന്നതല്ല. ആഹാബ്‌ രാജാവ്‌, മനശ്ശെ രാജാവ്‌, യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ ധൂർത്ത​പു​ത്രൻ എന്നിവ​രു​ടെ ജീവി​ത​ത്തിൽനിന്ന്‌ ശരിക്കുള്ള മാനസാ​ന്തരം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം നമ്മളെ സഹായി​ക്കും. ഗുരു​ത​ര​മായ തെറ്റു ചെയ്‌ത ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ ശരിക്കുള്ള മാനസാ​ന്തരം വന്നിട്ടു​ണ്ടോ എന്നു കണ്ടെത്താൻ മൂപ്പന്മാ​രെ സഹായി​ക്കുന്ന ചില കാര്യ​ങ്ങ​ളും ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 60 ചിത്രക്കുറിപ്പ്‌: യഹോ​വ​യു​ടെ പ്രവാ​ച​ക​നായ മീഖാ​യയെ തടവറ​യി​ലാ​ക്കാൻ ആഹാബ്‌ രാജാവ്‌ കോപ​ത്തോ​ടെ തന്റെ കാവൽക്കാ​രോ​ടു കല്‌പി​ക്കു​ന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ദേവാ​ല​യ​ത്തിൽ താൻ സ്ഥാപിച്ച വിഗ്ര​ഹങ്ങൾ തകർത്തു​ക​ള​യാൻ മനശ്ശെ രാജാവ്‌ ജോലി​ക്കാർക്കു നിർദേശം നൽകുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: വളരെ ദൂരം യാത്ര ചെയ്‌ത്‌ ക്ഷീണിച്ച്‌ തളർന്ന ധൂർത്ത​പു​ത്രന്‌ അങ്ങു ദൂരെ തന്റെ വീടു കാണു​മ്പോൾ ആശ്വാ​സ​മാ​കു​ന്നു.