വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1921—നൂറു വർഷം മുമ്പ്‌

1921—നൂറു വർഷം മുമ്പ്‌

“ഈ വർഷം നമ്മുടെ മുന്നി​ലുള്ള പ്രവർത്തനം എന്താണ്‌?” 1921 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​രം ബൈബിൾ വിദ്യാർഥി​ക​ളോട്‌ ആ ചോദ്യം ചോദി​ച്ചു. എന്നിട്ട്‌, യശയ്യ 61:1, 2 (സത്യ​വേ​ദ​പു​സ്‌തകം) ഉദ്ധരി​ച്ചു​കൊണ്ട്‌ മാസിക അതിനുള്ള ഉത്തരവും നൽകി. സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള അവരുടെ ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റി​ച്ചാണ്‌ ആ വാക്യം പറയു​ന്നത്‌. ‘എളിയ​വ​രോ​ടു സദ്വർത്ത​മാ​നം ഘോഷി​പ്പാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്നു; യഹോ​വ​യു​ടെ പ്രസാ​ദ​വർഷ​വും നമ്മുടെ ദൈവ​ത്തി​ന്റെ പ്രതി​കാ​ര​ദി​വ​സ​വും പ്രസി​ദ്ധ​മാ​ക്കു​വാൻ.’

ധീരരായ പ്രചാരകർ

തങ്ങളുടെ ആ ഉത്തരവാ​ദി​ത്വം ചെയ്യാൻ ബൈബിൾവി​ദ്യാർഥി​കൾക്കു നല്ല ധൈര്യം വേണമാ​യി​രു​ന്നു. കാരണം അവർക്ക്‌ എളിയ​വ​രോ​ടു “സദ്വർത്ത​മാ​നം” അറിയി​ക്കു​ന്ന​തോ​ടൊ​പ്പം ദുഷ്ടന്മാ​രോ​ടു ദൈവ​ത്തി​ന്റെ ‘പ്രതി​കാ​ര​ദി​വ​സ​ത്തെ​ക്കു​റി​ച്ചും’ അറിയി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

എതിർപ്പു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും കാനഡ​യിൽ ധൈര്യ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം നടത്തിയ ഒരു സഹോ​ദ​ര​നാണ്‌ ജെ. എച്ച്‌. ഹോസ്‌ക്കിൻ. 1921-ന്റെ തുടക്ക​ത്തിൽ ഒരു സംഭവ​മു​ണ്ടാ​യി. ഹോസ്‌ക്കിൻ സഹോ​ദരൻ മെഥഡിസ്റ്റ്‌ സഭയിലെ ഒരു പാസ്റ്ററെ കണ്ടു. ആദ്യം​തന്നെ സഹോ​ദരൻ ആ വ്യക്തി​യോ​ടു പറഞ്ഞു: “നമ്മൾ ബൈബി​ളിൽനി​ന്നാ​ണ​ല്ലോ സംസാ​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഒരു വഴക്കിന്റെ ആവശ്യ​മില്ല. ഏതെങ്കി​ലും കാര്യ​ത്തിൽ യോജി​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ അതു തുറന്നു​പ​റ​യാം. പക്ഷേ സന്തോ​ഷ​ത്തോ​ടെ വേണം പിരി​യാൻ.” എന്നാൽ നേരെ തിരി​ച്ചാ​ണു സംഭവി​ച്ചത്‌. ഹോസ്‌ക്കിൻ സഹോ​ദരൻ പറയുന്നു: “ഏതാനും മിനി​ട്ടു​കളേ ഞങ്ങളുടെ സംഭാ​ഷണം മുന്നോ​ട്ടു പോയു​ള്ളൂ. അപ്പോ​ഴേ​ക്കും ആ പാസ്റ്ററി​നു നല്ല ദേഷ്യം വന്നു. അദ്ദേഹം കൈ​കൊണ്ട്‌ വാതി​ലിൽ ശക്തിയാ​യി അടിച്ചു. ആ വാതി​ലി​ന്റെ ചില്ലു പൊട്ടി താഴെ വീഴു​മെന്നു ഞാൻ കരുതി.”

“തനിക്കു ക്രിസ്‌ത്യാ​നി​കൾ അല്ലാത്ത ആളുക​ളോ​ടു സംസാ​രി​ച്ചു കൂടേ” എന്ന്‌ ആ പാസ്റ്റർ അലറി. സഹോ​ദരൻ മറുപ​ടി​യൊ​ന്നും പറഞ്ഞില്ല. പക്ഷേ മനസ്സിൽ ചിന്തിച്ചു, ‘അങ്ങനെ​യുള്ള ഒരാ​ളോ​ടു​ത​ന്നെയാ ഞാൻ സംസാ​രി​ച്ചെ!’

പിറ്റേന്ന്‌ ആ പാസ്റ്റർ നടത്തിയ പ്രസംഗം സഹോ​ദ​രനെ കരി വാരി​ത്തേ​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. “ഈ പ്രദേ​ശത്ത്‌ കണ്ടിട്ടു​ള്ള​തി​ലേ​ക്കും വലിയ കള്ളനാണ്‌ അയാൾ. അയാ​ളെ​യൊ​ക്കെ വെടി​വെച്ച്‌ കൊല്ലണം” എന്നു പാസ്റ്റർ തന്റെ ആളുക​ളോ​ടു പറഞ്ഞതാ​യി സഹോ​ദരൻ ഓർക്കു​ന്നു. പക്ഷേ ആ ഭീഷണി​യൊ​ന്നും അദ്ദേഹത്തെ തളർത്തി​യില്ല. സഹോ​ദരൻ തന്റെ പ്രവർത്തനം ഉത്സാഹ​ത്തോ​ടെ​തന്നെ തുടർന്നു. ധാരാളം ആളുകൾ അദ്ദേഹത്തെ ശ്രദ്ധി​ക്കു​ക​യും ചെയ്‌തു. സഹോ​ദരൻ പറയുന്നു: “മുമ്പൊ​രി​ക്ക​ലും എനിക്കു പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഇത്ര​യേറെ സന്തോഷം തോന്നി​യി​ട്ടില്ല. ‘താങ്കൾ ശരിക്കും ഒരു ദൈവ​പു​രു​ഷ​നാണ്‌’ എന്നു​പോ​ലും ആളുകൾ എന്നോടു പറഞ്ഞി​ട്ടുണ്ട്‌. അവർ എന്നെ സഹായി​ക്കാൻ ആഗ്രഹി​ച്ചു. എനിക്ക്‌ ഒന്നിനും ഒരു കുറവും വരരുത്‌ എന്നായി​രു​ന്നു അവർക്ക്‌.”

ബൈബിൾ പഠിക്കാ​നുള്ള സഹായം

വിശ്വാ​സ​ത്തിൽ ശക്തരാ​യി​ത്തീ​രാൻ താത്‌പ​ര്യ​ക്കാ​രെ സഹായി​ക്കു​ന്ന​തി​നു ബൈബിൾവി​ദ്യാർഥി​കൾ സുവർണ​യു​ഗ​ത്തിൽ പുതിയ പരമ്പരകൾ പ്രസി​ദ്ധീ​ക​രി​ക്കാൻതു​ടങ്ങി. * ‘കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള ബൈബിൾപഠന പരിപാ​ടി’ എന്ന തലക്കെ​ട്ടോ​ടു​കൂ​ടിയ ഒരു പരമ്പര മക്കളെ പഠിപ്പി​ക്കാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു. അതിലെ ചോദ്യ​ങ്ങൾ മാതാ​പി​താ​ക്കൾ മക്കളു​മാ​യി ചർച്ച ചെയ്യണ​മാ​യി​രു​ന്നു. അവരോട്‌ ആ ചോദ്യ​ങ്ങൾ ചോദി​ച്ചിട്ട്‌ ഉത്തരം ബൈബി​ളിൽനിന്ന്‌ കണ്ടെത്താൻ മാതാ​പി​താ​ക്കൾ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, “ബൈബി​ളിൽ എത്ര പുസ്‌ത​ക​ങ്ങ​ളുണ്ട്‌” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ ബൈബി​ളി​നെ​ക്കു​റിച്ച്‌ ലളിത​മായ സത്യങ്ങൾ മനസ്സി​ലാ​ക്കാൻ കുട്ടി​കളെ സഹായി​ക്കു​മാ​യി​രു​ന്നു. ഇനി, “എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​ക​ളും ഏതെങ്കി​ലും തരത്തി​ലുള്ള ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​മോ” എന്നതു​പോ​ലുള്ള മറ്റു ചില ചോദ്യ​ങ്ങൾ ധീരരായ പ്രചാ​ര​ക​രാ​കാൻ ചെറു​പ്പ​ക്കാ​രെ ഒരുക്കി.

ഇനി, ബൈബി​ളി​നെ​ക്കു​റിച്ച്‌ കുറെ​ക്കൂ​ടെ ആഴത്തിൽ പഠിക്കാ​നാ​യി ആളുകളെ സഹായി​ക്കു​ന്ന​തിന്‌, മറ്റൊരു പരമ്പര സുവർണ​യു​ഗ​ത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. വേദാ​ധ്യ​യ​ന​പ​ത്രി​ക​യു​ടെ ആദ്യത്തെ വാല്യത്തെ അടിസ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു അതിലെ ചോദ്യ​ങ്ങൾ. ഇതിൽനിന്ന്‌ ഒത്തിരി ആളുകൾക്കു പ്രയോ​ജനം കിട്ടി. എന്നാൽ ഈ രണ്ടു പരമ്പര​യും നിറു​ത്തു​ന്നു എന്നൊരു അറിയിപ്പ്‌, 1921 ഡിസംബർ 21-ലെ സുവർണ​യു​ഗ​ത്തിൽ വന്നു. എന്തായി​രു​ന്നു കാരണം?

ഒരു പുതിയ പുസ്‌തകം!

ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌ത​കം

വായിക്കാനുള്ള ഭാഗം എഴുതി​യി​രി​ക്കുന്ന കാർഡ്‌

ചോദ്യങ്ങളുള്ള കാർഡ്‌

പുതിയ ബൈ​ബിൾവിദ്യാർഥി​കൾ അടി​സ്ഥാന ബൈ​ബിൾസത്യ​ങ്ങൾ വിഷ​യം​വിഷ​യമാ​യി പഠി​ക്കേ​ണ്ടതു​ണ്ടെന്നു നേ​തൃത്വ​മെടു​ക്കുന്ന സ​ഹോ​ദര​ന്മാർ തിരി​ച്ചറി​ഞ്ഞു. അതു​കൊണ്ട്‌ 1921 ന​വംബ​റിൽ ദൈവ​ത്തിന്റെ കി​ന്നരം എ​ന്നൊരു പുസ്‌ത​കം പ്രസി​ദ്ധീ​കരിച്ചു. ഈ പുസ്‌തകം വാങ്ങു​ന്നതോടൊപ്പം താത്‌പര്യ​ക്കാർ ഒരു ബൈബിൾപഠന പരിപാടി​യിലും ചേരുമാ​യിരുന്നു. തന്നെ​ത്താൻ ബൈബിൾ പഠിക്കാ​നുള്ള ഒരു പരിപാടിയാ​യിരുന്നു അത്‌. അതി​ലൂടെ അതി​ന്റെ വായ​നക്കാർക്ക്‌, മനുഷ്യർക്കു നിത്യ​ജീ​വൻ നൽകാ​നുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. എങ്ങനെ​യാ​യി​രു​ന്നു ആ പഠനപ​രി​പാ​ടി?

ഒരാൾ പുസ്‌തകം വാങ്ങു​മ്പോൾ അതോ​ടൊ​പ്പം ഒരു കാർഡും കിട്ടും. അതിൽ ആ ആഴ്‌ച വായി​ക്കേണ്ട ഭാഗം ഏതാ​ണെന്നു പറഞ്ഞി​രി​ക്കും. പിറ്റേ ആഴ്‌ച മറ്റൊരു കാർഡ്‌ കിട്ടും. അതിൽ വായിച്ച്‌ കഴിഞ്ഞ ഭാഗത്തെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ചോദ്യ​ങ്ങ​ളു​ണ്ടാ​കും. കൂടാതെ തൊട്ട​ടുത്ത ആഴ്‌ച വായി​ക്കാ​നുള്ള ഭാഗം ഏതാ​ണെ​ന്നും അതിൽ പറഞ്ഞി​ട്ടു​ണ്ടാ​കും. ഇത്‌ 12 ആഴ്‌ച തുടരും.

അതതു പ്രദേ​ശത്തെ ക്ലാസ്‌ അഥവാ സഭ ആണ്‌ താത്‌പ​ര്യ​ക്കാർക്ക്‌ ഈ കാർഡ്‌ അയച്ച്‌ കൊടു​ത്തി​രു​ന്നത്‌. സഭയിലെ പ്രായ​മുള്ള സഹോ​ദ​ര​ങ്ങ​ളെ​യോ വീടു​തോ​റും പോകാൻ പറ്റാത്ത​വ​രെ​യോ ആണ്‌ മിക്ക​പ്പോ​ഴും ആ ജോലി ഏൽപ്പി​ച്ചി​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ഐക്യ​നാ​ടു​ക​ളി​ലെ പെൻസിൽവേ​നി​യ​യിൽനി​ന്നുള്ള അന്ന കെ. ഗാർഡ്‌നർ സഹോ​ദരി അതെക്കു​റിച്ച്‌ പറയുന്നു: “എന്റെ ചേച്ചി തെയ്‌ലി​നു നടക്കാൻ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌തകം പുറത്തി​റ​ങ്ങി​യ​പ്പോൾ ചോദ്യ​ങ്ങ​ളുള്ള ഈ കാർഡു​കൾ താത്‌പ​ര്യ​ക്കാർക്ക്‌ അയച്ചു​കൊ​ടു​ത്തു​കൊണ്ട്‌ ചേച്ചിക്കു സേവന​ത്തിൽ കൂടുതൽ ചെയ്യാ​നാ​യി.” പഠനപ​രി​പാ​ടി തീരു​മ്പോൾ സഭയിൽനിന്ന്‌ ആരെങ്കി​ലും ആ താത്‌പ​ര്യ​ക്കാ​രെ ചെന്ന്‌ കാണും. എന്നിട്ട്‌ കൂടു​ത​ലാ​യി പഠിക്കാ​നുള്ള ക്രമീ​ക​രണം ചെയ്യു​മാ​യി​രു​ന്നു.

തെയ്‌ൽ ഗാർഡ്‌നർ തന്റെ വീൽചെയറിൽ

ഇനിയും ചെയ്യാനുണ്ടായിരുന്നു

ആ വർഷാ​വ​സാ​നം ജെ. എഫ്‌. റഥർഫോർഡ്‌ സഹോ​ദരൻ എല്ലാ സഭകൾക്കും ഒരു കത്ത്‌ അയച്ചു. അതിൽ അദ്ദേഹം പറഞ്ഞു: “മുൻവർഷ​ങ്ങളെ അപേക്ഷിച്ച്‌ ഈ വർഷം നമുക്ക്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്ദേശം കൂടുതൽ പേരെ അറിയി​ക്കാൻ കഴിഞ്ഞു. ധാരാളം പേർ വിശ്വാ​സ​ത്തി​ലേക്കു വരുക​യും ചെയ്‌തു.” എന്നിട്ട്‌ സഹോ​ദരൻ തുടർന്നു: “ഇനിയും നമുക്ക്‌ ഒരുപാ​ടു ചെയ്യാ​നുണ്ട്‌. ഈ മഹത്തായ പ്രവർത്ത​ന​ത്തിൽ നമ്മളോ​ടൊ​പ്പം ചേരാൻ മറ്റുള്ള​വ​രെ​യും ക്ഷണിക്കുക.” ബൈബിൾവി​ദ്യാർഥി​കൾ സഹോ​ദ​രന്റെ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു. 1922-ൽ അവർ ധൈര്യ​ത്തോ​ടെ, മുമ്പ​ത്തെ​ക്കാൾ അധിക​മാ​യി ദൈവ​രാ​ജ്യ​സ​ന്ദേശം ആളുകളെ അറിയി​ച്ചു.

^ ഖ. 9 സുവർണയുഗത്തിന്റെ പേര്‌ 1937-ൽ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും ആക്കി.