വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 4

ആർദ്ര​സ്‌നേഹം വളർത്തി​യെ​ടു​ക്കുക

ആർദ്ര​സ്‌നേഹം വളർത്തി​യെ​ടു​ക്കുക

“നിങ്ങൾ തമ്മിൽത്ത​മ്മിൽ ആർദ്ര​ത​യോ​ടെ സഹോ​ദ​ര​സ്‌നേഹം കാണി​ക്കണം.”​—റോമ. 12:10.

ഗീതം 109 ഹൃദയപൂർവം ഉറ്റ്‌ സ്‌നേ​ഹി​ക്കാം

പൂർവാവലോകനം *

1. ഇന്ന്‌ പല കുടും​ബ​ങ്ങ​ളി​ലും സ്‌നേ​ഹ​മില്ല എന്നതിന്‌ എന്തു തെളി​വാ​ണു​ള്ളത്‌?

അവസാ​ന​കാ​ലത്ത്‌ ആളുകൾ ‘സഹജസ്‌നേ​ഹ​മി​ല്ലാ​ത്തവർ’ ആയിരി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (2 തിമൊ. 3:1, 3) ആ പ്രവചനം നിറ​വേ​റു​ന്നത്‌ നമുക്ക്‌ ഇന്ന്‌ കാണാ​നാ​കും. പല കുടും​ബ​ങ്ങ​ളി​ലും ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യിൽ സ്‌നേഹം ഇല്ലാത്ത​തു​കൊണ്ട്‌ അവർ വിവാ​ഹ​മോ​ചനം ചെയ്യുന്നു. അതുമൂ​ലം തങ്ങളെ സ്‌നേ​ഹി​ക്കാൻ ആരുമി​ല്ലെന്ന്‌ കുട്ടി​കൾക്കു തോന്നു​ന്നു. ഇനി, ചില വീടു​ക​ളിൽ കുടും​ബാം​ഗങ്ങൾ ഒരുമി​ച്ചു കഴിയു​ന്നെന്നേ ഉള്ളൂ; എങ്കിലും അന്യ​രെ​പ്പോ​ലെ​യാണ്‌ അവർ. “അപ്പനും അമ്മയ്‌ക്കും മക്കൾക്കും പരസ്‌പരം സംസാ​രി​ക്കാ​നൊ​ന്നും സമയമില്ല, എപ്പോ​ഴും കമ്പ്യൂ​ട്ട​റി​ന്റെ​യും മൊ​ബൈ​ലി​ന്റെ​യും വീഡി​യോ ഗെയി​മി​ന്റെ​യും മുമ്പി​ലാ​യി​രി​ക്കും അവർ” എന്നു കുടും​ബ​ങ്ങൾക്കു വേണ്ട ഉപദേശം കൊടു​ക്കുന്ന ഒരു വ്യക്തി പറയുന്നു. “ഒരു കൂരയ്‌ക്കു കീഴി​ലാണ്‌ കഴിയു​ന്ന​തെ​ങ്കി​ലും അവർ തമ്മിൽ യാതൊ​രു ബന്ധവു​മില്ല” എന്നും അദ്ദേഹം പറയുന്നു.

2-3. (എ) റോമർ 12:10 അനുസ​രിച്ച്‌ നമ്മൾ ആരോട്‌ ആർദ്ര​സ്‌നേഹം കാണി​ക്കണം? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഇന്ന്‌ ലോക​ത്തി​ലെ പല ആളുകൾക്കും പരസ്‌പ​ര​സ്‌നേഹം ഇല്ല. ആ അച്ചിൽ നമ്മളെ​യും വാർത്തെ​ടു​ക്കാൻ നമ്മൾ സമ്മതി​ക്ക​രുത്‌. (റോമ. 12:2) മറിച്ച്‌, നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളോ​ടു മാത്രമല്ല, വിശ്വാ​സ​ത്താൽ നമ്മുടെ ബന്ധുക്ക​ളാ​യ​വ​രോ​ടും നമ്മൾ ആർദ്ര​ത​യോ​ടെ സ്‌നേഹം കാണി​ക്കണം. (റോമർ 12:10 വായി​ക്കുക.) എന്നാൽ എന്താണ്‌ ഈ ആർദ്ര​സ്‌നേഹം? അടുത്ത കുടും​ബാം​ഗ​ങ്ങൾക്കി​ട​യി​ലുള്ള ഉറ്റ സുഹൃ​ദ്‌ബ​ന്ധ​ത്തെ​യാണ്‌ ആ പദം സൂചി​പ്പി​ക്കു​ന്നത്‌. നമ്മുടെ ക്രിസ്‌തീ​യ​സ​ഹോ​ദ​രങ്ങൾ അടങ്ങുന്ന ആത്മീയ​കു​ടും​ബ​ത്തോ​ടും അങ്ങനെ​യുള്ള ഒരു സ്‌നേ​ഹ​മാ​യി​രി​ക്കണം നമുക്കു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌. സഹോ​ദ​ര​ങ്ങ​ളോട്‌ ആർദ്ര​സ്‌നേഹം കാണി​ക്കു​മ്പോൾ ഒരുമിച്ച്‌ സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കാൻ നമ്മൾ പരസ്‌പരം സഹായി​ക്കു​ക​യാ​യി​രി​ക്കും.​—മീഖ 2:12.

3 ആർദ്ര​സ്‌നേഹം വളർത്തി​യെ​ടു​ക്കാ​നും അതു കാണി​ക്കാ​നും നമുക്ക്‌ എങ്ങനെ കഴിയും? യഹോ​വ​യു​ടെ​യും ചില ദൈവ​ദാ​സ​രു​ടെ​യും മാതൃ​കകൾ നോക്കാം.

യഹോവ​—ആർദ്ര​സ്‌നേ​ഹ​മുള്ള ദൈവം

4. യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ യാക്കോബ്‌ 5:11 എന്തു പറയുന്നു?

4 യഹോ​വ​യു​ടെ മനോ​ഹ​ര​മായ അനേകം ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ നമ്മളോട്‌ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, “ദൈവം സ്‌നേ​ഹ​മാണ്‌” എന്ന്‌ അതിൽ എഴുതി​യി​രി​ക്കു​ന്നു. (1 യോഹ. 4:8) ആ ഒരു വിശേ​ഷണം മാത്രം മതി നമുക്ക്‌ യഹോ​വ​യോട്‌ അടുപ്പം തോന്നാൻ. എന്നാൽ യഹോവ ‘വാത്സല്യം നിറഞ്ഞ,’ അതായത്‌ ആർദ്ര​സ്‌നേ​ഹ​മുള്ള, ദൈവ​മാ​ണെ​ന്നും ബൈബിൾ പറയുന്നു. (യാക്കോബ്‌ 5:11 വായി​ക്കുക.) ആ വാക്കുകൾ യഹോ​വ​യ്‌ക്ക്‌ നമ്മളോ​ടുള്ള സ്‌നേ​ഹത്തെ എത്ര നന്നായി വിവരി​ക്കു​ന്നു!

5. യഹോവ എങ്ങനെ​യാണ്‌ കരുണ കാണി​ച്ചി​രി​ക്കു​ന്നത്‌, നമുക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാം?

5 യാക്കോബ്‌ 5:11-ൽ യഹോ​വ​യു​ടെ വാത്സല്യം എന്ന ഗുണം യഹോ​വ​യോട്‌ നമ്മളെ അടുപ്പി​ക്കുന്ന മറ്റൊരു ഗുണവു​മാ​യി ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​—ദൈവ​ത്തി​ന്റെ കരുണ. (പുറ. 34:6) യഹോവ കരുണ കാണി​ക്കുന്ന ഒരു വിധം നമ്മുടെ തെറ്റുകൾ ക്ഷമിച്ചു​കൊ​ണ്ടാണ്‌. (സങ്കീ. 51:1) സഹോ​ദ​രങ്ങൾ നമ്മളെ വേദനി​പ്പി​ച്ചാൽ അവരെ വെറു​ക്കു​ന്ന​തി​നു പകരം അവരോട്‌ ക്ഷമിച്ചു​കൊണ്ട്‌ നമുക്കും കരുണ കാണി​ക്കാം. (എഫെ. 4:32) എന്നാൽ, ബൈബി​ളിൽ കരുണ എന്നു പറഞ്ഞി​രി​ക്കുന്ന ഗുണത്തിൽ, ഒരു വ്യക്തി​യു​ടെ തെറ്റുകൾ ക്ഷമിക്കു​ന്ന​തി​ല​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഒരു വ്യക്തി ബുദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്നതു കാണു​മ്പോൾ ഉള്ളിന്റെ ഉള്ളിൽ നമുക്കു തോന്നുന്ന തീവ്ര​മായ ഒരു വികാ​ര​മാണ്‌ കരുണ. അങ്ങനെ​യു​ള്ള​വരെ സഹായി​ക്കാൻ അപ്പോൾ നമുക്കു തോന്നും. ഒരു അമ്മയ്‌ക്ക്‌ തന്റെ കുട്ടി​യോ​ടു​ള്ള​തി​ലും അധിക​മാണ്‌ യഹോ​വ​യ്‌ക്ക്‌ നമ്മളെ സഹായി​ക്കാ​നുള്ള ആഗ്രഹ​മെന്ന്‌ യഹോവ പറയുന്നു. (യശ. 49:15) നമ്മൾ ദുരി​ത​ത്തി​ലാ​യി​രി​ക്കു​മ്പോൾ കരുണ തോന്നു​ന്ന​തു​കൊണ്ട്‌ യഹോവ നമ്മളെ സഹായി​ക്കു​ന്നു. (സങ്കീ. 37:39; 1 കൊരി. 10:13) സഹോ​ദ​ര​ങ്ങൾക്ക്‌ എന്തെങ്കി​ലും ബുദ്ധി​മു​ട്ടു​കൾ നേരി​ടു​മ്പോൾ അവർക്കു വേണ്ട സഹായം ചെയ്‌തു​കൊ​ടു​ത്തു​കൊണ്ട്‌ നമുക്കും കരുണ കാണി​ക്കാം. സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി നമ്മൾ മറ്റുള്ള​വ​രോട്‌ കരുണ കാണി​ക്കു​മ്പോൾ വാത്സല്യ​ത്തി​ന്റെ, അതായത്‌ ആർദ്ര​സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും നല്ല മാതൃ​ക​യായ യഹോ​വയെ നമ്മൾ അനുക​രി​ക്കു​ക​യാണ്‌.​—എഫെ. 5:1.

യോനാ​ഥാ​നും ദാവീ​ദും “ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി”

6. എങ്ങനെ​യുള്ള സുഹൃ​ദ്‌ബ​ന്ധ​മാ​യി​രു​ന്നു യോനാ​ഥാ​നും ദാവീ​ദും തമ്മിലു​ണ്ടാ​യി​രു​ന്നത്‌?

6 ആർദ്ര​സ്‌നേഹം കാണിച്ച അപൂർണ മനുഷ്യ​രെ​ക്കു​റി​ച്ചും ബൈബിൾ പറയുന്നു. യോനാ​ഥാ​ന്റെ​യും ദാവീ​ദി​ന്റെ​യും കാര്യം നോക്കാം. “യോനാ​ഥാ​നും ദാവീ​ദും ഉറ്റ സുഹൃ​ത്തു​ക്ക​ളാ​യി. യോനാ​ഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേ​ഹി​ച്ചു​തു​ടങ്ങി” എന്ന്‌ ബൈബിൾ പറയുന്നു. (1 ശമു. 18:1) ശൗലിനു ശേഷമുള്ള രാജാ​വാ​യി യഹോവ ദാവീ​ദി​നെ തിര​ഞ്ഞെ​ടു​ത്തി​രു​ന്നു. കുറച്ച്‌ കാലം കഴിഞ്ഞ്‌ ശൗലിന്‌ ദാവീ​ദി​നോ​ടു കടുത്ത അസൂയ തോന്നു​ക​യും ദാവീ​ദി​നെ കൊല്ലാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. എന്നാൽ ആ നീക്കത്തെ ശൗലിന്റെ മകനായ യോനാ​ഥാൻ പിന്തു​ണ​ച്ചില്ല. മറിച്ച്‌, എന്നും സുഹൃ​ത്തു​ക്കൾ ആയിരി​ക്കു​മെ​ന്നും പരസ്‌പരം സഹായി​ക്കു​മെ​ന്നും യോനാ​ഥാ​നും ദാവീ​ദും തമ്മിൽ വാക്കു​കൊ​ടു​ത്തു.​—1 ശമു. 20:42.

പരസ്‌പരം ആർദ്ര​സ്‌നേഹം കാണിച്ച സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു യോനാ​ഥാ​നും ദാവീ​ദും; പ്രായ​വ്യ​ത്യാ​സം അതിന്‌ ഒരു തടസ്സമാ​യി​ല്ല (6-9 ഖണ്ഡികകൾ കാണുക)

7. സുഹൃ​ത്തു​ക്ക​ളാ​കു​ന്ന​തിന്‌ യോനാ​ഥാ​നും ദാവീ​ദി​നും ഏതു കാര്യം ഒരു തടസ്സമാ​കാ​മാ​യി​രു​ന്നു?

7 യോനാ​ഥാ​നും ദാവീ​ദി​നും ഇടയി​ലു​ണ്ടാ​യി​രുന്ന ആർദ്ര​പ്രി​യം വളരെ സവി​ശേ​ഷ​മായ ഒന്നായി​രു​ന്നു. കാരണം ചില കാര്യങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ, യോനാ​ഥാ​നും ദാവീ​ദും എങ്ങനെ സുഹൃ​ത്തു​ക്ക​ളാ​യി എന്നു ചിലർ അതിശ​യി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, യോനാ​ഥാന്‌ ദാവീ​ദി​നെ​ക്കാൾ ഏകദേശം 30 വയസ്സ്‌ കൂടു​ത​ലു​ണ്ടാ​യി​രു​ന്നു. തന്റെ ഒരു സുഹൃ​ത്താ​ക്കാൻ മാത്ര​മുള്ള പ്രായ​മോ അനുഭ​വ​പ​രി​ച​യ​മോ ഒന്നും ദാവീ​ദിന്‌ ഇല്ലല്ലോ എന്ന്‌ യോനാ​ഥാന്‌ വേണ​മെ​ങ്കിൽ ചിന്തി​ക്കാ​മാ​യി​രു​ന്നു. എന്നാൽ യോനാ​ഥാൻ അങ്ങനെ ഒന്നും ചിന്തി​ച്ചില്ല. ദാവീ​ദി​നോ​ടു വളരെ ബഹുമാ​ന​ത്തോ​ടെ​യാണ്‌ യോനാ​ഥാൻ ഇടപെ​ട്ടത്‌.

8. ദാവീ​ദി​ന്റെ നല്ലൊരു സുഹൃ​ത്താ​യി​രു​ന്നു യോനാ​ഥാൻ എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

8 യോനാ​ഥാന്‌ ദാവീ​ദി​നോട്‌ അസൂയ തോന്നാ​മാ​യി​രു​ന്നു. ശൗൽ രാജാ​വി​ന്റെ മകനാ​യ​തു​കൊണ്ട്‌ അടുത്ത രാജാ​വാ​കാ​നുള്ള അവകാശം തനിക്കുണ്ട്‌ എന്നു പറഞ്ഞ്‌ യോനാ​ഥാന്‌ ശാഠ്യം പിടി​ക്കാ​മാ​യി​രു​ന്നു. (1 ശമു. 20:31) താഴ്‌മ​യു​ള്ള​വ​നും യഹോ​വ​യോ​ടു വിശ്വ​സ്‌ത​നും ആയിരുന്ന യോനാ​ഥാൻ അങ്ങനെ ഒന്നും ചെയ്‌തില്ല. ദാവീ​ദി​നെ അടുത്ത രാജാ​വാ​ക്കാ​നുള്ള യഹോ​വ​യു​ടെ തീരു​മാ​നത്തെ യോനാ​ഥാൻ പിന്തു​ണച്ചു. കൂടാതെ, ശൗലിനെ കോപി​പ്പി​ക്കും എന്ന്‌ അറിഞ്ഞി​ട്ടും യോനാ​ഥാൻ ദാവീ​ദി​നോ​ടു വിശ്വ​സ്‌ത​നാ​യി​നി​ന്നു.​—1 ശമു. 20:32-34.

9. യോനാ​ഥാൻ ദാവീ​ദി​നെ ഒരു ശത്രു​വാ​യി കണ്ടോ? വിശദീ​ക​രി​ക്കുക.

9 ദാവീ​ദി​നോട്‌ ആർദ്ര​പ്രി​യം ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ യോനാ​ഥാൻ ദാവീ​ദി​നെ ഒരു ശത്രു​വാ​യി കണ്ടില്ല. യോനാ​ഥാൻ ധീരനായ ഒരു യോദ്ധാ​വും വിദഗ്‌ധ​നായ വില്ലാ​ളി​യും ആയിരു​ന്നു. “കഴുക​നി​ലും വേഗമു​ള്ളവർ,” “സിംഹ​ത്തെ​ക്കാൾ ബലശാ​ലി​കൾ” എന്ന്‌ പേരു​കേ​ട്ട​വ​രാ​യി​രു​ന്നു യോനാ​ഥാ​നും ശൗലും. (2 ശമു. 1:22, 23) താൻ ചെയ്‌ത വീരകൃ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ്‌ യോനാ​ഥാന്‌ വേണ​മെ​ങ്കിൽ അഹങ്കരി​ക്കാ​മാ​യി​രു​ന്നു. താൻ ദാവീ​ദി​നെ​ക്കാൾ വലിയ ആളാ​ണെന്ന്‌ യോനാ​ഥാൻ ഭാവി​ച്ചില്ല, ദാവീദ്‌ നല്ല കാര്യങ്ങൾ ചെയ്‌ത​പ്പോൾ അതിൽ അസൂയ​പ്പെ​ടു​ക​യും ചെയ്‌തില്ല. അതിനു പകരം ദാവീ​ദി​ന്റെ ധൈര്യ​വും യഹോ​വ​യോ​ടുള്ള ആശ്രയ​വും കണ്ടപ്പോൾ യോനാ​ഥാന്‌ ദാവീ​ദി​നോട്‌ ആദരവാണ്‌ തോന്നി​യത്‌. സത്യത്തിൽ, ദാവീദ്‌ ഗൊല്യാ​ത്തി​നെ കൊന്ന​തി​നു ശേഷമാണ്‌ യോനാ​ഥാന്‌ ദാവീ​ദി​നോട്‌ അത്ര അടുപ്പം തോന്നി​യത്‌. ഇത്തരത്തി​ലുള്ള ആർദ്ര​സ്‌നേഹം നമുക്ക്‌ എങ്ങനെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളോട്‌ കാണി​ക്കാം?

നമുക്ക്‌ ഇന്ന്‌ എങ്ങനെ ആർദ്ര​സ്‌നേഹം കാണി​ക്കാം?

10. “പരസ്‌പരം ഹൃദയ​പൂർവം ഗാഢമാ​യി സ്‌നേ​ഹി​ക്കുക” എന്നു പറഞ്ഞാൽ എന്താണ്‌ അർഥം?

10 ‘പരസ്‌പരം ഹൃദയ​പൂർവം ഗാഢമാ​യി സ്‌നേ​ഹി​ക്കാൻ’ ബൈബിൾ നമ്മളോ​ടു പറയുന്നു. (1 പത്രോ. 1:22) ഇക്കാര്യ​ത്തിൽ യഹോ​വ​തന്നെ നമുക്ക്‌ ഒരു മാതൃക വെച്ചി​രി​ക്കു​ന്നു. നമ്മൾ യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ ഒന്നിനും വേർപെ​ടു​ത്താൻ കഴിയാ​ത്ത​വി​ധം അത്ര ഗാഢമാ​യി യഹോവ നമ്മളെ സ്‌നേ​ഹി​ക്കും. (റോമ. 8:38, 39) “ഗാഢമാ​യി” എന്നതിന്റെ ഗ്രീക്ക്‌ വാക്ക്‌ സ്‌നേഹം കാണി​ക്കാൻ ഒരു വ്യക്തി കഠിന​മാ​യി ശ്രമി​ക്കു​ന്ന​തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ നമുക്ക്‌ ഒരു സഹവി​ശ്വാ​സി​യോട്‌ ആർദ്ര​പ്രി​യം കാണി​ക്കാൻ കഠിന​ശ്രമം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. സഹോ​ദ​രങ്ങൾ വിഷമി​പ്പി​ച്ചാൽ, “സ്‌നേ​ഹ​ത്തോ​ടെ എല്ലാവ​രു​മാ​യി ഒത്തു​പോ​കു​ക​യും നിങ്ങളെ ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം കാത്തു​കൊണ്ട്‌ ആത്മാവി​നാ​ലുള്ള ഐക്യം നിലനി​റു​ത്താൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും” ചെയ്യണം. (എഫെ. 4:1-3) “സമാധാ​ന​ബന്ധം” കാത്തു​സൂ​ക്ഷി​ക്കാൻ നമ്മൾ ശ്രമി​ക്കു​മ്പോൾ നമ്മൾ സഹോ​ദ​ര​ങ്ങ​ളു​ടെ തെറ്റു​ക​ളി​ലേക്കു നോക്കില്ല. പകരം, യഹോവ കാണു​ന്ന​തു​പോ​ലെ അവരെ കാണാൻ ശ്രമി​ക്കും.​—1 ശമു. 16:7; സങ്കീ. 130:3.

ചിലപ്പോഴൊക്കെ സഹോ​ദ​ര​ങ്ങ​ളോട്‌ ഒത്തു​പോ​കാൻ അത്ര എളുപ്പമല്ല; എന്നാൽ ഒരേ മനസ്സു​ള്ള​വ​രാ​യി​രി​ക്കാൻ പൗലോസ്‌ യുവൊ​ദ്യ​യെ​യും സുന്തു​ക​യെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു (11-ാം ഖണ്ഡിക കാണുക)

11. ചില​പ്പോ​ഴൊ​ക്കെ ആർദ്ര​സ്‌നേഹം കാണി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 സഹോ​ദ​ര​ങ്ങ​ളോട്‌ എപ്പോ​ഴും ആർദ്ര​സ്‌നേഹം കാണി​ക്കുക അത്ര എളുപ്പമല്ല, പ്രത്യേ​കിച്ച്‌ അവരുടെ തെറ്റുകൾ നമുക്ക്‌ അറിയാ​മെ​ങ്കിൽ. ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾക്കും ഇതൊരു വെല്ലു​വി​ളി​യാ​യി​രു​ന്നു എന്നു തോന്നു​ന്നു. ‘സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി പൗലോ​സി​ന്റെ കൂടെ​നിന്ന്‌’ പ്രവർത്തി​ച്ച​വ​രാ​യി​രു​ന്നു യുവൊ​ദ്യ​യും സുന്തു​ക​യും. അത്‌ അവർ മടികൂ​ടാ​തെ ചെയ്‌തി​രി​ക്കാം. എന്നാൽ എന്തൊ​ക്കെ​യോ കാരണ​ങ്ങ​ളാൽ പരസ്‌പരം ഒത്തു​പോ​കാൻ അവർക്ക്‌ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ “കർത്താ​വിൽ ഒരേ മനസ്സു​ള്ള​വ​രാ​യി​രി​ക്കാൻ” പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.​—ഫിലി. 4:2, 3.

ചെറുപ്പക്കാരായ മൂപ്പന്മാർക്കും പ്രായ​മുള്ള മൂപ്പന്മാർക്കും തമ്മിൽ അടുത്ത സുഹൃ​ദ്‌ബന്ധം വളർത്തി​യെ​ടു​ക്കാൻ കഴിയും (12-ാം ഖണ്ഡിക കാണുക)

12. സഹോ​ദ​ര​ങ്ങ​ളോട്‌ ആർദ്ര​സ്‌നേഹം വളർത്തി​യെ​ടു​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

12 ഇന്ന്‌ നമുക്ക്‌ സഹോ​ദ​ര​ങ്ങ​ളോട്‌ എങ്ങനെ ആർദ്ര​സ്‌നേഹം വളർത്തി​യെ​ടു​ക്കാം? സഹോ​ദ​ര​ങ്ങളെ അടുത്ത​റി​യു​മ്പോൾ അവരെ മനസ്സി​ലാ​ക്കാ​നും അവരോട്‌ ആർദ്ര​സ്‌നേഹം കാണി​ക്കാ​നും കഴിയും. പ്രായ​വും പശ്ചാത്ത​ല​വും ഒന്നും അതിന്‌ ഒരു തടസ്സമാ​ക​രുത്‌. യോനാ​ഥാന്‌ ദാവീ​ദി​നെ​ക്കാൾ ഏകദേശം 30 വയസ്സ്‌ കൂടു​ത​ലു​ണ്ടാ​യി​രു​ന്നു എന്ന കാര്യം ഓർക്കുക. എങ്കിലും യോനാ​ഥാൻ ദാവീ​ദു​മാ​യി ഉറ്റ സുഹൃ​ദ്‌ബന്ധം വളർത്തി​യെ​ടു​ത്തു. നിങ്ങ​ളെ​ക്കാൾ പ്രായ​ക്കൂ​ടു​ത​ലോ കുറവോ ഉള്ള ഒരാളു​ടെ സുഹൃ​ത്താ​കാൻ നിങ്ങൾക്ക്‌ കഴിയു​മോ? അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ‘സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കു​ന്നു’ എന്ന്‌ നിങ്ങൾ കാണി​ക്കു​ക​യാ​യി​രി​ക്കും.​—1 പത്രോ. 2:17.

12-ാം ഖണ്ഡിക കാണുക *

13. സഭയിലെ ചില​രോട്‌ നമുക്ക്‌ കൂടുതൽ അടുപ്പം തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

13 സഹവി​ശ്വാ​സി​ക​ളോട്‌ ആർദ്ര​പ്രി​യ​മു​ണ്ടാ​യി​രി​ക്കുക എന്നതിന്റെ അർഥം സഭയിലെ എല്ലാവ​രു​മാ​യി ഒരേ​പോ​ലെ​യുള്ള അടുപ്പ​മു​ണ്ടാ​യി​രി​ക്കും എന്നാണോ? അങ്ങനെ നമുക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയില്ല. നമ്മുടെ അതേ ഇഷ്ടങ്ങളും താത്‌പ​ര്യ​ങ്ങ​ളും ഉള്ള സഹോ​ദ​ര​ങ്ങ​ളോട്‌ നമുക്ക്‌ കൂടുതൽ അടുപ്പം തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. യേശു തന്റെ എല്ലാ അപ്പോ​സ്‌ത​ല​ന്മാ​രെ​യും “സ്‌നേ​ഹി​ത​ന്മാർ” എന്നാണു വിളി​ച്ച​തെ​ങ്കി​ലും യോഹ​ന്നാ​നോട്‌ ഒരു പ്രത്യേക സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. (യോഹ. 13:23; 15:15; 20:2) എന്നാൽ യേശു യോഹ​ന്നാ​നോട്‌ പ്രത്യേക പരിഗണന കാണി​ച്ചില്ല. ഒരിക്കൽ, യോഹ​ന്നാ​നും സഹോ​ദ​ര​നായ യാക്കോ​ബും ദൈവ​രാ​ജ്യ​ത്തിൽ തങ്ങൾക്ക്‌ പ്രമു​ഖ​സ്ഥാ​നം തരണ​മെന്ന്‌ യേശു​വി​നോട്‌ അപേക്ഷി​ച്ച​പ്പോൾ “എന്റെ വലത്തോ ഇടത്തോ ഇരുത്തു​ന്നതു ഞാനല്ല” എന്നാണ്‌ യേശു മറുപടി പറഞ്ഞത്‌. (മർക്കോ. 10:35-40) യേശു​വി​നെ​പ്പോ​ലെ, നമ്മളും നമ്മുടെ അടുത്ത സുഹൃ​ത്തു​ക്കൾക്ക്‌ കൂടുതൽ പരിഗണന നൽകരുത്‌. (യാക്കോ. 2:3, 4) അങ്ങനെ ചെയ്‌താൽ അത്‌ ചേരി​തി​രിവ്‌ ഉണ്ടാക്കും; സഭയുടെ സമാധാ​നം തകർക്കും.​—യൂദ 17-19.

14. ഫിലി​പ്പി​യർ 2:3 അനുസ​രിച്ച്‌, മത്സരത്തി​ന്റെ മനോ​ഭാ​വം ഒഴിവാ​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

14 നമുക്ക്‌ പരസ്‌പരം ആർദ്ര​പ്രി​യ​മു​ണ്ടെ​ങ്കിൽ സഭയിൽ നമ്മൾ മറ്റുള്ള​വ​രെ​ക്കാൾ മികച്ച​വ​രാ​കാൻ ശ്രമി​ക്കില്ല. ദാവീ​ദി​നു പകരം രാജാ​വാ​കാൻ ശ്രമി​ച്ചു​കൊണ്ട്‌ യോനാ​ഥാൻ ഒരിക്ക​ലും ദാവീ​ദിന്‌ എതിരെ മത്സരി​ച്ചില്ല എന്നോർക്കുക. നമു​ക്കെ​ല്ലാം അക്കാര്യ​ത്തിൽ യോനാ​ഥാ​നെ അനുക​രി​ക്കാം. സഹോ​ദ​ര​ങ്ങ​ളു​ടെ കഴിവു​ക​ളിൽ നമുക്ക്‌ അസൂയ തോന്ന​രുത്‌. അതിനു പകരം “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക.” (ഫിലി​പ്പി​യർ 2:3 വായി​ക്കുക.) സഭയിൽ ഓരോ​രു​ത്തർക്കും അവരവ​രു​ടേ​തായ ഒരു പങ്കുണ്ട്‌ എന്ന കാര്യം മനസ്സിൽപ്പി​ടി​ക്കുക. നമുക്ക്‌ താഴ്‌മ​യു​ണ്ടെ​ങ്കിൽ നമ്മൾ സഹോ​ദ​ര​ങ്ങ​ളി​ലെ നന്മ കാണു​ക​യും അവരുടെ വിശ്വ​സ്‌ത​മാ​തൃ​ക​യിൽനിന്ന്‌ പഠിക്കു​ക​യും ചെയ്യും.​—1 കൊരി. 12:21-25.

15. ടാനിയ സഹോ​ദ​രി​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

15 നമ്മുടെ ജീവി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ സഹോ​ദ​രങ്ങൾ കാണി​ക്കുന്ന ആർദ്ര​പ്രി​യ​ത്തി​ലൂ​ടെ​യും അവർ തരുന്ന പ്രാ​യോ​ഗി​ക​സ​ഹാ​യ​ത്തി​ലൂ​ടെ​യും യഹോവ നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു. അതിന്റെ ഒരു ചെറിയ ഉദാഹ​രണം നോക്കാം. 2019-ൽ ഐക്യ​നാ​ടു​ക​ളിൽവെച്ച്‌ നടന്ന “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല” അന്താരാ​ഷ്ട്ര കൺ​വെൻ​ഷന്റെ ശനിയാ​ഴ്‌ചത്തെ പരിപാ​ടി​ക്കു ശേഷം ഹോട്ട​ലി​ലേക്ക്‌ ഒരു കുടും​ബം മടങ്ങു​ക​യാ​യി​രു​ന്നു. മൂന്ന്‌ കുട്ടി​ക​ളു​ടെ അമ്മയായ ടാനിയ സഹോ​ദരി പറയുന്നു: “ഞങ്ങൾ പോയ വഴിക്ക്‌ മറ്റൊരു വണ്ടി നിയ​ന്ത്ര​ണം​വിട്ട്‌ ഞങ്ങളുടെ വണ്ടിയിൽ വന്നിടി​ച്ചു. ആർക്കും പരി​ക്കൊ​ന്നും പറ്റിയില്ല, എന്നാൽ ഞങ്ങൾ എല്ലാവ​രും വല്ലാതെ പേടി​ച്ചു​പോ​യി. ഞങ്ങൾ കാറിൽനിന്ന്‌ പുറത്ത്‌ ഇറങ്ങി റോഡിൽ നിന്നു. പെട്ടെന്ന്‌ ഒരാൾ അദ്ദേഹ​ത്തി​ന്റെ കാർ റോഡി​ന്റെ സൈഡിൽ നിറു​ത്തി​യിട്ട്‌ ഞങ്ങളോട്‌ ആ കാറിൽ വന്ന്‌ കയറി ഇരുന്നു​കൊ​ള്ളാൻ പറഞ്ഞു. അത്‌ കൺ​വെൻ​ഷൻ കഴിഞ്ഞ്‌ മടങ്ങുന്ന നമ്മുടെ ഒരു സഹോ​ദ​ര​നാ​യി​രു​ന്നു. ആ സഹോ​ദരൻ മാത്രമല്ല, സ്വീഡ​നിൽനിന്ന്‌ കൺ​വെൻ​ഷൻ കൂടാൻ വന്ന മറ്റ്‌ അഞ്ച്‌ സഹോ​ദ​ര​ങ്ങ​ളും അവരുടെ വണ്ടി നിറുത്തി. സഹോ​ദ​രി​മാർ എന്നെയും മോ​ളെ​യും കെട്ടി​പ്പി​ടിച്ച്‌ ആശ്വസി​പ്പി​ച്ചു. അപ്പോ​ഴാണ്‌ ഞങ്ങളുടെ വിറയൽ ഒന്നു മാറി​യത്‌. ഞങ്ങൾക്ക്‌ കുഴപ്പ​മൊ​ന്നു​മില്ല എന്ന്‌ ഞങ്ങൾ അവരോട്‌ പറഞ്ഞെ​ങ്കി​ലും അവർ ഞങ്ങളുടെ കൂടെ​ത്തന്നെ നിന്നു. ഞങ്ങൾക്ക്‌ വേണ്ട വൈദ്യ​സ​ഹാ​യം ലഭിച്ചു​ക​ഴി​ഞ്ഞി​ട്ടും അവർ പോയില്ല. ഞങ്ങൾക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ചെയ്‌തു​ത​ന്നി​ട്ടാണ്‌ അവർ മടങ്ങി​യത്‌. ഞങ്ങളുടെ ഈ പ്രയാ​സ​സാ​ഹ​ച​ര്യ​ത്തിൽ ഓരോ നിമി​ഷ​വും ഞങ്ങൾ യഹോ​വ​യു​ടെ സ്‌നേഹം അനുഭ​വി​ച്ച​റി​ഞ്ഞു. ഈ അനുഭവം സഹോ​ദ​ര​ങ്ങ​ളോ​ടുള്ള ഞങ്ങളുടെ സ്‌നേഹം കൂടുതൽ ശക്തമാക്കി; യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും നന്ദിയും ആഴമു​ള്ള​താ​യി.” ഒരു അവശ്യ​സ​മ​യത്ത്‌ സഹോ​ദ​രങ്ങൾ നിങ്ങ​ളോട്‌ ആർദ്ര​പ്രി​യം കാണിച്ച ഒരു സാഹച​ര്യം നിങ്ങളു​ടെ മനസ്സി​ലേക്കു വരുന്നു​ണ്ടോ?

16. പരസ്‌പരം ആർദ്ര​സ്‌നേഹം കാണി​ക്കാൻ എന്തൊക്കെ കാരണ​ങ്ങ​ളുണ്ട്‌?

16 പരസ്‌പരം ആർദ്ര​സ്‌നേഹം കാണി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌, അല്ലേ? പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ സഹോ​ദ​ര​ങ്ങൾക്ക്‌ നമ്മളിൽനിന്ന്‌ ആശ്വാസം കിട്ടുന്നു. ദൈവ​ജ​ന​ത്തിന്‌ ഇടയിലെ ഐക്യം ശക്തി​പ്പെ​ടു​ന്നു. നമ്മൾ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ തെളി​യി​ക്കു​ന്നു. അത്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ സത്യത്തി​ലേക്ക്‌ ആകർഷി​ക്കു​ന്നു. “മനസ്സലി​വുള്ള പിതാ​വും ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​വും” ആയ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. (2 കൊരി. 1:3) അതു​കൊണ്ട്‌ നമുക്ക്‌ ആർദ്ര​പ്രി​യം കാണി​ക്കാ​നും സ്‌നേ​ഹ​ത്തിൽ വളരാ​നും ദൃഢനി​ശ്ചയം ചെയ്യാം.

ഗീതം 130 ക്ഷമിക്കു​ന്ന​വ​രാ​യി​രി​ക്കുക

^ ഖ. 5 തന്റെ ശിഷ്യ​ന്മാർക്കി​ട​യി​ലെ പരസ്‌പ​ര​സ്‌നേഹം ആയിരി​ക്കണം അവരെ തിരി​ച്ച​റി​യി​ക്കേണ്ട അടയാളം എന്ന്‌ യേശു പറഞ്ഞു. അത്തരത്തി​ലുള്ള സ്‌നേഹം കാണി​ക്കാൻ നമ്മളും ശ്രമി​ക്കു​ന്നു. നമ്മൾ നമ്മുടെ കുടും​ബാം​ഗ​ങ്ങളെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​വോ അതേ വിധത്തിൽ നമ്മൾ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ പഠിക്കണം. വിശ്വാ​സ​ത്താൽ നമ്മുടെ ബന്ധുക്ക​ളാ​യ​വ​രോട്‌ എങ്ങനെ ആർദ്ര​സ്‌നേഹം കാണി​ക്കാ​മെന്ന്‌ ഈ ലേഖന​ത്തിൽ പഠിക്കും.

^ ഖ. 55 ചിത്രക്കുറിപ്പ്‌: പ്രായ​മുള്ള ഒരു മൂപ്പന്റെ അനുഭ​വ​പ​രി​ച​യ​ത്തിൽനി​ന്നും പ്രയോ​ജനം നേടുന്ന ചെറു​പ്പ​ക്കാ​ര​നായ ഒരു മൂപ്പൻ; പ്രായ​മുള്ള സഹോ​ദരൻ ചെറു​പ്പ​ക്കാ​ര​നായ സഹോ​ദ​രനെ തന്റെ വീട്ടി​ലേക്ക്‌ സ്വാഗതം ചെയ്യുന്നു. അവരും ഭാര്യ​മാ​രും പരസ്‌പരം അതിഥി​പ്രി​യം കാണി​ക്കു​ന്നു.