നിങ്ങൾക്ക് അറിയാമോ?
ഒരു പുരാതന ശിലാഫലകം എങ്ങനെയാണു ബൈബിളിനെ പിന്താങ്ങുന്നത്?
ബി.സി. 700-600 കാലഘട്ടത്തിലുള്ള ഒരു ശിലാഫലകം ജറുസലേമിലെ ബൈബിൾദേശങ്ങളുടെ മ്യൂസിയത്തിലുണ്ട്. ഇസ്രായേലിലെ ഹെബ്രോന് അടുത്ത്, ശവക്കല്ലറയായി ഉപയോഗിച്ചിരുന്ന ഒരു ഗുഹയിൽനിന്നാണ് ഈ കല്ല് കണ്ടെടുത്തത്. അതിലെ എഴുത്ത് ഇതായിരുന്നു: “കഗാവിന്റെ പുത്രനായ കഗാഫ് യാഹ്വേ ഷാവോത്തിനാൽ ശപിക്കപ്പെട്ടവൻ.” ഈ ശിലാഫലകം എങ്ങനെയാണു ബൈബിളിനെ പിന്താങ്ങുന്നത്? ബൈബിൾക്കാലങ്ങളിൽ, എബ്രായയിൽ യഹ്വഹ് എന്ന് എഴുതിയിരുന്ന യഹോവ എന്ന ദൈവനാമം പ്രസിദ്ധമായിരുന്നെന്നും അതു വ്യാപകമായി ഉപയോഗിച്ചിരുന്നെന്നും ഇതു കാണിക്കുന്നു. മറ്റു ഗുഹകളിൽനിന്നും ഇതുപോലുള്ള ശിലാഫലകങ്ങൾ കിട്ടിയിട്ടുണ്ട്. ഇത്തരം ഗുഹകൾ രഹസ്യമായി കൂടിക്കാണുന്നതിനും ഒളിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്നവർ അതിലെ ഭിത്തികളിൽ ദൈവത്തിന്റെ പേരും ദൈവനാമത്തിന്റെ രൂപങ്ങൾ ഉൾപ്പെട്ടിരുന്ന സ്വന്തം പേരുകളും എഴുതിയിരുന്നു.
ഇത്തരം ശിലാഫലകങ്ങളെക്കുറിച്ച് ജോർജിയ യൂണിവേഴ്സിറ്റിയിലെ ഡോ. റെയ്ച്ചൽ നെബുൾസി ഇങ്ങനെ പറയുന്നു: “ഈ ശിലാഫലകങ്ങളിൽ യഹ്വഹ് എന്നു പല തവണ എഴുതിയിരിക്കുന്നത് ശ്രദ്ധേയമാണ്. . . . ഇസ്രായേല്യരുടെയും യഹൂദരുടെയും ജീവിതത്തിൽ യഹ്വഹ് എന്ന വ്യക്തിക്കുള്ള പ്രാധാന്യം ബൈബിൾരേഖകളും ശിലാഫലകങ്ങളും എടുത്തുകാണിക്കുന്നു.” ആയിരക്കണക്കിനു പ്രാവശ്യം യഹ്വഹ് എന്ന് എബ്രായലിപികളിൽ ദൈവനാമം എഴുതിയിരിക്കുന്ന ബൈബിളിന്റെ വിശ്വാസ്യതയ്ക്ക് ഇത് അടിവരയിടുന്നു. ദൈവനാമം ഉൾപ്പെടുന്ന വ്യക്തിനാമങ്ങളും അന്ന് ധാരാളമുണ്ടായിരുന്നു.
ആ കല്ലിൽ കൊത്തിവെച്ചിരുന്ന “യാഹ്വേ ഷാവോത്ത്” എന്ന വാക്കുകളുടെ അക്ഷരാർഥം “സൈന്യങ്ങളുടെ യഹോവ” എന്നാണ്. ബൈബിൾക്കാലങ്ങളിൽ ദൈവത്തിന്റെ പേര് മാത്രമല്ല, “സൈന്യങ്ങളുടെ യഹോവ” എന്ന പ്രയോഗവും സാധാരണയായി ഉപയോഗിച്ചിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. ബൈബിളിലെ എബ്രായ തിരുവെഴുത്തുകളിൽ “സൈന്യങ്ങളുടെ അധിപനായ യഹോവ,” “സൈന്യങ്ങളുടെ കർത്താവായ യഹോവ,” “സൈന്യങ്ങളുടെ ദൈവമായ യഹോവ” എന്നൊക്കെയായി 250-ലധികം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതിനെ ഇതു പിന്താങ്ങുന്നു. കൂടുതലും യശയ്യ, യിരെമ്യ, സെഖര്യ എന്നീ പുസ്തകങ്ങളിലാണ് ഈ പ്രയോഗം കാണുന്നത്.