പഠനലേഖനം 2
‘യേശു സ്നേഹിച്ച ശിഷ്യനിൽനിന്നുള്ള’ പാഠങ്ങൾ
“നമുക്കു പരസ്പരം സ്നേഹിക്കാം. കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്.”—1 യോഹ. 4:7.
ഗീതം 105 “ദൈവം സ്നേഹമാണ്”
പൂർവാവലോകനം *
1. ദൈവം നമ്മളെ സ്നേഹിക്കുന്നു എന്ന് ഓർക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?
“ദൈവം സ്നേഹമാണ്” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. (1 യോഹ. 4:8) ആ രണ്ടു വാക്കുകൾ ഒരു അടിസ്ഥാനസത്യം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു, ജീവന്റെ ഉറവായ ദൈവംതന്നെയാണ് സ്നേഹത്തിന്റെയും ഉറവ്. യഹോവ നമ്മളെ സ്നേഹിക്കുന്നു! ദൈവത്തിന്റെ സ്നേഹം നമുക്ക് സന്തോഷവും സുരക്ഷിതത്വവും സംതൃപ്തിയും നൽകുന്നു.
2. മത്തായി 22:37-40 അനുസരിച്ച് ഏതൊക്കെയാണ് ഏറ്റവും വലിയ രണ്ടു കല്പനകൾ? അതിൽ രണ്ടാമത്തേത് അനുസരിക്കാൻ നമുക്കു ചിലപ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
2 മറ്റുള്ളവരെ സ്നേഹിക്കുക എന്നത് ഒരു കല്പനയാണ്. അതുകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം അത് ചെയ്താൽ പോരാ. (മത്തായി 22:37-40 വായിക്കുക.) യഹോവയെ അടുത്തറിയുമ്പോൾ ‘ഒന്നാമത്തെ കല്പന’ അനുസരിക്കുന്നത് നമുക്ക് എളുപ്പമായിരിക്കും. കാരണം യഹോവ പരിപൂർണനാണ്. യഹോവയ്ക്കു നമ്മളെക്കുറിച്ച് ചിന്തയുണ്ട്, നമ്മളോട് ദയയോടെയാണ് ഇടപെടുന്നത്. പക്ഷേ, അയൽക്കാരനെ സ്നേഹിക്കുക എന്ന രണ്ടാമത്തെ കല്പന അനുസരിക്കുന്നത് നമുക്ക് അത്ര എളുപ്പമായിരിക്കില്ല. എന്തുകൊണ്ട്? നമ്മുടെ ഏറ്റവും അടുത്ത ‘അയൽക്കാരിൽപ്പെടുന്ന’ സഹോദരങ്ങളുടെ കാര്യം എടുക്കുക. അവരാരും പൂർണരല്ല. ചിലപ്പോൾ ചിന്തയില്ലാതെയോ ദയയില്ലാതെയോ അവർ നമ്മളോട് എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. മറ്റുള്ളവരെ സ്നേഹിക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുമെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് പരസ്പരം സ്നേഹിക്കേണ്ടത് എന്തുകൊണ്ടാണെന്നും എങ്ങനെയാണെന്നും നമ്മളെ പഠിപ്പിക്കാൻ യഹോവ ചില ബൈബിളെഴുത്തുകാരെ പ്രചോദിപ്പിച്ചു. അതിൽ ഒരാളായിരുന്നു യോഹന്നാൻ.—1 യോഹ. 3:11, 12.
3. തന്റെ കത്തുകളിൽ യോഹന്നാൻ എന്തിനെക്കുറിച്ചാണ് എടുത്തുപറഞ്ഞത്?
3 ക്രിസ്ത്യാനികൾ പരസ്പരം സ്നേഹിക്കണമെന്ന് യോഹന്നാൻ തന്റെ എഴുത്തുകളിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ “സ്നേഹം” എന്ന വാക്ക് മറ്റു മൂന്നു സുവിശേഷ എഴുത്തുകാരുംകൂടെ ഉപയോഗിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ തവണ യോഹന്നാൻ തന്റെ സുവിശേഷവിവരണത്തിൽ ഉപയോഗിച്ചിട്ടുണ്ട്. യോഹന്നാൻ എന്ന പുസ്തകവും മൂന്നു കത്തുകളും എഴുതിയപ്പോൾ അദ്ദേഹത്തിന് ഏകദേശം 1 യോഹ. 4:10, 11) പക്ഷേ ആ പാഠം യോഹന്നാൻ പഠിക്കാൻ കുറച്ച് സമയമെടുത്തു.
100 വയസ്സായിരുന്നു. ഒരു ക്രിസ്ത്യാനി ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നയിക്കേണ്ടത് സ്നേഹമാണെന്ന് ആ എഴുത്തുകൾ നമുക്ക് കാണിച്ചുതരുന്നു. (4. യോഹന്നാൻ എപ്പോഴും മറ്റുള്ളവരോട് സ്നേഹം കാണിച്ചിരുന്നോ?
4 യേശുവിന്റെ കൂടെയായിരുന്ന സമയത്ത് യോഹന്നാൻ എപ്പോഴും സ്നേഹം കാണിച്ചിരുന്നില്ല. ഉദാഹരണത്തിന്, ഒരിക്കൽ യേശുവും ശിഷ്യന്മാരും ശമര്യയിലൂടെ യരുശലേമിലേക്കു പോകുകയായിരുന്നു. അവർക്ക് ആതിഥ്യമരുളാൻ ഒരു ശമര്യ ഗ്രാമത്തിലെ ആളുകൾ തയ്യാറായില്ല. എന്തായിരുന്നു യോഹന്നാന്റെ പ്രതികരണം? ആകാശത്തുനിന്ന് തീയിറക്കി അവരെ നശിപ്പിക്കാൻ ആജ്ഞാപിക്കട്ടേ എന്നാണ് യോഹന്നാൻ അപ്പോൾ യേശുവിനോടു ചോദിച്ചത്. (ലൂക്കോ. 9:52-56) വേറൊരു അവസരത്തിൽ യോഹന്നാൻ മറ്റ് അപ്പോസ്തലന്മാരോട് സ്നേഹം കാണിച്ചില്ല. രാജ്യത്ത് പ്രമുഖസ്ഥാനങ്ങൾ കിട്ടുന്നതിനുവേണ്ടി യോഹന്നാനും സഹോദരനായ യാക്കോബും തങ്ങളുടെ അമ്മയെക്കൊണ്ട് യേശുവിനോട് ചോദിപ്പിച്ചു. മറ്റ് അപ്പോസ്തലന്മാർ ഇത് അറിഞ്ഞപ്പോൾ അവർക്ക് വല്ലാത്ത ദേഷ്യം തോന്നി. (മത്താ. 20:20, 21, 24) ഇങ്ങനെയുള്ള കുറവുകളൊക്കെ ഉണ്ടായിരുന്നെങ്കിലും യേശു യോഹന്നാനെ സ്നേഹിച്ചു.—യോഹ. 21:7.
5. നമ്മൾ ഈ ലേഖനത്തിൽ എന്താണു പഠിക്കാൻപോകുന്നത്?
5 ഈ ലേഖനത്തിൽ നമ്മൾ യോഹന്നാന്റെ മാതൃകയും സ്നേഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ചില കാര്യങ്ങളും ചിന്തിക്കും. സഹോദരങ്ങളോട് എങ്ങനെ സ്നേഹം കാണിക്കാം എന്ന് നമ്മൾ അതിലൂടെ പഠിക്കും. ഒരു കുടുംബനാഥന് തന്റെ കുടുംബത്തോടുള്ള സ്നേഹം കാണിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു വിധത്തെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും.
മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടെന്ന് എങ്ങനെ തെളിയിക്കാം?
6. നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിച്ചിരിക്കുന്നത്?
6 മറ്റുള്ളവരോടു വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന ഒരു വികാരമായിട്ടാണ് പലരും സ്നേഹത്തെ കരുതുന്നത്. പക്ഷേ യഥാർഥസ്നേഹം വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അത് തെളിവാകുന്നത് പ്രവൃത്തികളിലൂടെയാണ്. (യാക്കോബ് 2:17, 26 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, യഹോവ നമ്മളെ സ്നേഹിക്കുന്നു. (1 യോഹ. 4:19) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന മനോഹരമായ വാക്കുകളിൽ യഹോവയുടെ സ്നേഹം നമുക്ക് കാണാം. (സങ്കീ. 25:10; റോമ. 8:38, 39) എന്നാൽ അതുകൊണ്ട് മാത്രമല്ല ദൈവം നമ്മളെ സ്നേഹിക്കുന്നു എന്ന് നമുക്ക് ഉറപ്പുള്ളത്, ദൈവത്തിന്റെ പ്രവൃത്തികളും അതിന് തെളിവ് നൽകുന്നുണ്ട്. യോഹന്നാൻ എഴുതി: “തന്റെ ഏകജാതനിലൂടെ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു.” (1 യോഹ. 4:9) തന്റെ പ്രിയമകൻ നമുക്കുവേണ്ടി വേദനകൾ സഹിച്ച് മരിക്കാൻ യഹോവ അനുവദിച്ചു. (യോഹ. 3:16) യഹോവ നമ്മളെ സ്നേഹിക്കുന്നു എന്നതിന് മറ്റെന്തു തെളിവാണു വേണ്ടത്!
7. യേശു നമ്മളോടുള്ള സ്നേഹം എങ്ങനെയാണു തെളിയിച്ചത്?
7 ശിഷ്യന്മാരെ താൻ വളരെയധികം സ്നേഹിക്കുന്നുണ്ടെന്ന് യേശു അവർക്ക് ഉറപ്പു കൊടുത്തു. (യോഹ. 13:1; 15:15) വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും യേശു അവരോടും ഇക്കാലത്ത് ജീവിക്കുന്ന നമ്മളോടും ഉള്ള തന്റെ സ്നേഹത്തിന്റെ ആഴം തെളിയിച്ചു. യേശു പറഞ്ഞു: “സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.” (യോഹ. 15:13) യഹോവയും യേശുവും നമുക്കുവേണ്ടി ചെയ്തതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ എന്തു ചെയ്യാൻ നമുക്കു തോന്നണം?
8. നമ്മൾ എന്തു ചെയ്യണമെന്നാണ് 1 യോഹന്നാൻ 3:18 പറയുന്നത്?
8 യഹോവയെയും യേശുവിനെയും അനുസരിച്ചുകൊണ്ട് അവരോടുള്ള സ്നേഹം നമ്മൾ പ്രകടിപ്പിക്കുന്നു. (യോഹ. 14:15; 1 യോഹ. 5:3) യേശു നമുക്ക് പ്രത്യേകം തന്നിരിക്കുന്ന ഒരു കല്പനയാണ് നമ്മൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്നത്. (യോഹ. 13:34, 35) വാക്കുകളിലൂടെ മാത്രമല്ല പ്രവൃത്തികളിലൂടെയും സഹോദരങ്ങളോടുള്ള സ്നേഹം നമ്മൾ കാണിക്കണം. (1 യോഹന്നാൻ 3:18 വായിക്കുക.) അവരെ സ്നേഹിക്കുന്നുണ്ടെന്ന് നമുക്കു കാണിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
നിങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുക
9. സ്നേഹം എന്തു ചെയ്യാൻ യോഹന്നാനെ പ്രേരിപ്പിച്ചു?
9 യോഹന്നാന് വേണമെങ്കിൽ തന്റെ അപ്പന്റെ കൂടെനിന്ന് മത്സ്യവ്യാപാരം ഒക്കെ ചെയ്ത് പണമുണ്ടാക്കാമായിരുന്നു. എന്നാൽ അതിനു പകരം യോഹന്നാൻ ശേഷിച്ച ജീവിതകാലം മുഴുവൻ യഹോവയെയും യേശുവിനെയും കുറിച്ചുള്ള സത്യം മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് ഉപയോഗിച്ചു. ബുദ്ധിമുട്ടൊന്നുമില്ലാത്ത ഒരു ജീവിതമായിരുന്നോ അത്? അല്ല. പ്രസംഗപ്രവർത്തനം നടത്തിയതിന് യോഹന്നാന് ഉപദ്രവം സഹിക്കേണ്ടിവന്നു. ഒടുവിൽ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് അദ്ദേഹത്തെ നാടുകടത്തി. ആ സമയത്ത് യോഹന്നാന് നല്ല പ്രായമുണ്ടായിരുന്നു. (പ്രവൃ. 3:1; 4:1-3; 5:18; വെളി. 1:9) യേശുവിനെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരിൽ തടവിൽ കിടന്നപ്പോഴും യോഹന്നാന് മറ്റുള്ളവരെക്കുറിച്ച് ചിന്തയുണ്ടായിരുന്നു. ഉദാഹരണത്തിന്, പത്മോസ് ദ്വീപിലായിരുന്ന സമയത്ത് “ഉടനെ സംഭവിക്കാനുള്ള” കാര്യങ്ങളെക്കുറിച്ചുള്ള വെളിപാട് കിട്ടിയപ്പോൾ യോഹന്നാൻ അത് രേഖപ്പെടുത്തി. മാത്രമല്ല, സഹോദരങ്ങളും ഇക്കാര്യങ്ങൾ അറിയേണ്ടതിന് അത് സഭകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. (വെളി. 1:1) അതിനു ശേഷം, സാധ്യതയനുസരിച്ച് പത്മോസ് ദ്വീപിൽനിന്ന് മോചിതനായികഴിഞ്ഞ് യോഹന്നാൻ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സുവിശേഷവിവരണം എഴുതി. കൂടാതെ, സഹോദരങ്ങളെ ബലപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും യോഹന്നാൻ മൂന്നു കത്തുകളും എഴുതി. യോഹന്നാന്റെ ത്യാഗപൂർണമായ ഈ ജീവിതം നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?
10. ആളുകളെ സ്നേഹിക്കുന്നെന്ന് നിങ്ങൾക്ക് എങ്ങനെ കാണിക്കാം?
10 നിങ്ങളുടെ ജീവിതം എന്ത് ചെയ്യുന്നതിനുവേണ്ടി നിങ്ങൾ ഉപയോഗിക്കും? അക്കാര്യത്തിൽ നിങ്ങളെടുക്കുന്ന തീരുമാനത്തിലൂടെ മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടെന്ന് തെളിയിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സമയവും ആരോഗ്യവും എല്ലാം നിങ്ങൾക്കുവേണ്ടിത്തന്നെ ഉപയോഗിക്കാൻ, അതായത് കുറെ പണമുണ്ടാക്കാനും സ്വന്തമായി ഒരു പേര് സമ്പാദിക്കാനും ഒക്കെയാണ് സാത്താന്റെ ലോകം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള രാജ്യപ്രഘോഷകർ സ്വയം ത്യജിച്ചുകൊണ്ട് സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കാനും അങ്ങനെ യഹോവയോട് അടുക്കുന്നതിന് അവരെ സഹായിക്കാനും പരമാവധി സമയം ചെലവഴിക്കുന്നു. ചിലർ ആ പ്രവർത്തനത്തിൽ മുഴുസമയം ഏർപ്പെടുകപോലും ചെയ്യുന്നു.
11. യഹോവയെയും സഹോദരങ്ങളെയും സ്നേഹിക്കുന്നുണ്ടെന്ന് വിശ്വസ്തരായ പല പ്രചാരകരും എങ്ങനെയാണ് തെളിയിക്കുന്നത്?
11 സ്വന്തം കുടുംബത്തിനുവേണ്ടി കരുതാനായി പല സഹോദരങ്ങൾക്കും മുഴുസമയം ജോലി ചെയ്യേണ്ടിവരുന്നു. എങ്കിലും ഈ വിശ്വസ്തരായ സഹോദരങ്ങൾ യഹോവയുടെ സംഘടനയെ പിന്തുണയ്ക്കുന്നതിന് തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നു. ഉദാഹരണത്തിന്, ചിലർ ദുരിതാശ്വാസപ്രവർത്തനങ്ങളിലോ നിർമാണപദ്ധതികളിലോ ഏർപ്പെടുന്നു. ഇനി, എല്ലാ സഹോദരങ്ങൾക്കും ലോകവ്യാപകവേലയ്ക്കുവേണ്ടി സംഭാവനകൾ നൽകാനുള്ള അവസരവുമുണ്ട്. ദൈവത്തെയും സഹമനുഷ്യനെയും സ്നേഹിക്കുന്നതുകൊണ്ടാണ് അവർ അതെല്ലാം ചെയ്യുന്നത്. ഓരോ ആഴ്ചയും സഭായോഗങ്ങൾക്ക് ഹാജരായിക്കൊണ്ടും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും സഹോദരങ്ങളോടുള്ള സ്നേഹം നമുക്ക് തെളിയിക്കാം. ക്ഷീണമൊക്കെ തോന്നിയാൽപ്പോലും നമ്മൾ മീറ്റിങ്ങുകൾ മുടക്കില്ല. പേടിയൊക്കെയുണ്ടെങ്കിലും നമ്മൾ ഉത്തരങ്ങൾ പറയും. നമുക്ക് നമ്മുടേതായ പ്രശ്നങ്ങളുണ്ടെങ്കിലും മീറ്റിങ്ങിനു മുമ്പും അതിനു ശേഷവും നമ്മൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കും. എബ്രാ. 10:24, 25) നമ്മുടെ പ്രിയപ്പെട്ട സഹോദരങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് അവരോട് നമുക്ക് നന്ദി തോന്നുന്നില്ലേ?
(12. സഹോദരങ്ങളെ സ്നേഹിക്കുന്നെന്ന് യോഹന്നാൻ കാണിച്ച മറ്റൊരു വിധം ഏത്?
12 പ്രോത്സാഹനവാക്കുകൾ പറഞ്ഞുകൊണ്ട് മാത്രമല്ല യോഹന്നാൻ സഹോദരങ്ങളോടുള്ള സ്നേഹം കാണിച്ചത്. അവർക്ക് വേണ്ട ബുദ്ധിയുപദേശം നൽകുകയും ചെയ്തു. ഉദാഹരണത്തിന്, തന്റെ കത്തുകളിലൂടെ സഹോദരങ്ങളുടെ വിശ്വാസത്തെയും അവർ ചെയ്യുന്ന നല്ല കാര്യങ്ങളെയും പ്രശംസിച്ച് പറഞ്ഞു. എന്നാൽ തെറ്റ് തിരുത്താൻ ആവശ്യമായ ബുദ്ധിയുപദേശവും അവർക്ക് നൽകി. (1 യോഹ. 1:8–2:1, 13, 14) അതുപോലെ, സഹോദരങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് നമുക്ക് അവരെ അഭിനന്ദിക്കാം. അതേസമയം, ആരിലെങ്കിലും ഒരു തെറ്റായ മനോഭാവമോ ശീലമോ വളർന്നുവരുന്നതായി നമ്മൾ കണ്ടാൽ അവരെ നയപൂർവം തിരുത്തിക്കൊണ്ട് സ്നേഹം കാണിക്കാം. ഒരു സുഹൃത്തിന് ബുദ്ധിയുപദേശം കൊടുക്കാൻ ധൈര്യം വേണം. എന്നാൽ ബൈബിൾ പറയുന്നത് നല്ല സുഹൃത്തുക്കൾ പരസ്പരം തിരുത്തൽ കൊടുത്തുകൊണ്ടും മൂർച്ചകൂട്ടും എന്നാണ്.—സുഭാ. 27:17.
13. നമ്മൾ ഒഴിവാക്കേണ്ട ഒരു കാര്യം എന്താണ്?
13 ചില കാര്യങ്ങൾ ചെയ്യാതിരുന്നുകൊണ്ടും നമുക്ക് സഹോദരങ്ങളോട് സ്നേഹം കാണിക്കാം. ഉദാഹരണത്തിന്, അവർ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ പെട്ടെന്ന് നീരസപ്പെടില്ല. യേശു ഭൂമിയിലായിരുന്ന സമയത്ത് സംഭവിച്ച ഒരു കാര്യം നോക്കാം. ജീവൻ നേടാൻ തന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യണം എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞു. (യോഹ. 6:53-57) ഇതു കേട്ട് ഞെട്ടിയ യേശുവിന്റെ ശിഷ്യന്മാരിൽ പലരും യേശുവിനെ വിട്ടുപോയി. എന്നാൽ യോഹന്നാൻ ഉൾപ്പെടെയുള്ള ചില വിശ്വസ്തരായ സുഹൃത്തുക്കൾ യേശുവിനോടു പറ്റിനിന്നു. യേശു പറഞ്ഞതിന്റെ അർഥം അവർക്കും മനസ്സിലായില്ലായിരുന്നു. അതു കേട്ടപ്പോൾ അവരും അതിശയിച്ച് പോയിക്കാണും. എന്നാൽ യേശുവിന്റെ ആ വിശ്വസ്തസുഹൃത്തുക്കൾ യേശു പറഞ്ഞത് ശരിയല്ലെന്നു ചിന്തിക്കുകയോ അതിന്റെ പേരിൽ നീരസപ്പെടുകയോ ചെയ്തില്ല. സത്യത്തിന്റെ വചനങ്ങളാണ് യേശു പറയുന്നതെന്ന് അറിയാമായിരുന്നതുകൊണ്ട് അവർ യേശുവിനെ വിശ്വസിച്ചു. (യോഹ. 6:60, 66-69) നമ്മുടെ സുഹൃത്തുക്കൾ എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ പെട്ടെന്ന് നീരസപ്പെടാതിരിക്കുന്നത് എത്ര പ്രധാനമാണ്! പകരം അവർ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാൻ നമ്മൾ അവർക്ക് അവസരം നൽകും.—സുഭാ. 18:13; സഭാ. 7:9.
14. നമ്മുടെ ഉള്ളിൽ സഹോദരങ്ങളോട് വെറുപ്പ് വളരാൻ നമ്മൾ അനുവദിക്കരുതാത്തത് എന്തുകൊണ്ട്?
14 നമ്മുടെ സഹോദരങ്ങളെ ഒരിക്കലും വെറുക്കരുത് എന്നും യോഹന്നാൻ പറഞ്ഞു. ആ ഉപദേശം അനുസരിക്കാതിരുന്നാൽ സാത്താൻ നമ്മളെ സ്വാധീനിച്ചേക്കാം. (1 യോഹ. 2:11; 3:15) ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ജീവിച്ചിരുന്ന ചിലരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചു. ദൈവജനത്തിന് ഇടയിൽ പരസ്പരം വെറുപ്പ് വളർത്തുന്നതിനും അങ്ങനെ ഭിന്നിപ്പുണ്ടാക്കുന്നതിനും തന്നാലാകുന്നതെല്ലാം ആ സമയത്ത് സാത്താൻ ചെയ്യുന്നുണ്ടായിരുന്നു. യോഹന്നാൻ തന്റെ കത്തുകൾ എഴുതിയ സമയം ആയപ്പോഴേക്കും സാത്താന്റെ അതേ മനോഭാവമുണ്ടായിരുന്ന ചിലർ സഭയിലുണ്ടായിരുന്നു. ഉദാഹരണത്തിന്, ദിയൊത്രെഫേസ് എന്നു പറയുന്ന ഒരാൾ ഒരു സഭയിൽ കാര്യമായ രീതിയിൽ ഭിന്നിപ്പുണ്ടാക്കുന്നുണ്ടായിരുന്നു. ഭരണസംഘത്തിന്റെ സഞ്ചാരപ്രതിനിധികളോട് അയാൾ അനാദരവോടെ ഇടപെട്ടു. തനിക്ക് ഇഷ്ടമില്ലാത്തവരോട് ആതിഥ്യം കാണിച്ച സഹോദരങ്ങളെ സഭയിൽനിന്ന് പുറത്താക്കാൻപോലും ദിയൊത്രെഫേസ് ശ്രമിച്ചു. എന്തൊരു ധിക്കാരം! (3 യോഹ. 9, 10) ദൈവജനത്തിന് ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ സാത്താൻ ഇപ്പോഴും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. നമ്മുടെ ഉള്ളിൽ സഹോദരങ്ങളോട് വെറുപ്പ് വളർന്നാൽ നമുക്കിടയിൽ അകൽച്ച സംഭവിച്ചേക്കാം. അതുകൊണ്ട് അതിന് നമുക്ക് ഒരിക്കലും അനുവദിക്കാതിരിക്കാം.
നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുക
15. കുടുംബനാഥന്മാർ എന്ത് ഓർക്കണം?
15 കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾക്കായി കരുതിക്കൊണ്ട് തന്റെ കുടുംബത്തെ സ്നേഹിക്കുന്നെന്ന് ഒരു കുടുംബനാഥന് കാണിക്കാം. (1 തിമൊ. 5:8) എന്നാൽ അദ്ദേഹം ഒരു കാര്യം ഓർക്കണം, ഭൗതികകാര്യങ്ങൾക്ക് ഒരു കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്താനാവില്ല. (മത്താ. 5:3) കുടുംബനാഥന്മാർക്കായി യേശു വെച്ച നല്ല മാതൃക നോക്കുക. ദണ്ഡനസ്തംഭത്തിലെ തന്റെ മരണസമയത്തുപോലും യേശുവിന് തന്റെ കുടുംബത്തെക്കുറിച്ച് ചിന്തയുണ്ടായിരുന്നു എന്ന് യോഹന്നാന്റെ സുവിശേഷം സൂചിപ്പിക്കുന്നു. യേശുവിനെ സ്തംഭത്തിലേറ്റിയ സ്ഥലത്ത്, യേശുവിന്റെ അമ്മയായ മറിയയുടെ അരികിൽ യോഹന്നാൻ നിൽക്കുന്നുണ്ടായിരുന്നു. കടുത്ത വേദനയിലായിരുന്ന ആ സമയത്തും യേശു മറിയയെക്കുറിച്ച് ചിന്തിക്കുകയും മറിയയുടെ സംരക്ഷണം യോഹന്നാനെ ഏൽപ്പിക്കുകയും ചെയ്തു. (യോഹ. 19:26, 27) മറിയയുടെ കാര്യങ്ങളൊക്കെ നോക്കാൻ യേശുവിന്റെ കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് അവരാരും യേശുവിന്റെ ശിഷ്യരായിരുന്നില്ല എന്നുവേണം കരുതാൻ. അതുകൊണ്ട് മറിയയുടെ മറ്റ് ആവശ്യങ്ങളോടൊപ്പം ആത്മീയാവശ്യങ്ങൾക്കുവേണ്ടിയും കരുതാൻ പറ്റിയ ഒരാളെ യേശു ആ ചുമതല ഏൽപ്പിച്ചു.
16. യോഹന്നാന് എന്തെല്ലാം ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു?
16 യോഹന്നാന് ധാരാളം ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അപ്പോസ്തലന്മാരിൽ ഒരാളായിരുന്നതുകൊണ്ട് അദ്ദേഹം പ്രസംഗപ്രവർത്തനത്തിന് നേതൃത്വമെടുക്കണമായിരുന്നു. അദ്ദേഹം വിവാഹിതനായിരുന്നിരിക്കാം. അതുകൊണ്ട് കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കും ആത്മീയാവശ്യങ്ങൾക്കും വേണ്ടി കരുതാനുള്ള ഉത്തരവാദിത്വം യോഹന്നാനുണ്ടായിരുന്നു. (1 കൊരി. 9:5) ഇക്കാലത്തെ കുടുംബനാഥന്മാർക്ക് ഇതിൽനിന്ന് എന്തു പഠിക്കാം?
17. ഒരു കുടുംബനാഥൻ തന്റെ കുടുംബത്തിന്റെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 കുടുംബനാഥനായ ഒരു ക്രിസ്ത്യാനിക്ക് ഗൗരവമുള്ള പലപല ഉത്തരവാദിത്വങ്ങളുണ്ടായിരിക്കും. ഉദാഹരണത്തിന്, അദ്ദേഹം ഉത്സാഹത്തോടെ ജോലി ചെയ്യണം, അല്ലെങ്കിൽ യഹോവയുടെ പേരിന് നിന്ദ വരും. (എഫെ. 6:5, 6; തീത്തോ. 2:9, 10) ഇനി സഭയിലും അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളുണ്ടായിരിക്കും. ഇടയസന്ദർശനങ്ങൾ നടത്തണം, പ്രസംഗപ്രവർത്തനത്തിൽ നേതൃത്വമെടുക്കണം, അങ്ങനെ പലതും. എന്നാൽ അതോടൊപ്പം അദ്ദേഹം ഭാര്യയുടെയും കുട്ടികളുടെയും കൂടെ ക്രമമായി ബൈബിൾ പഠിക്കേണ്ടതും പ്രധാനമാണ്. കാരണം, തന്റെ കുടുംബത്തിന്റെ ഭൗതികവും വൈകാരികവും ആയ ആവശ്യങ്ങൾക്കൊപ്പം അവരുടെ ആത്മീയകാര്യങ്ങൾക്കുവേണ്ടിയും കരുതേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾക്ക് കുടുംബാംഗങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കും.—എഫെ. 5:28, 29; 6:4.
‘എന്റെ സ്നേഹത്തിൽ നിലനിൽക്കുക’
18. യോഹന്നാന് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു?
18 സുദീർഘമായ, സംഭവബഹുലമായ ഒന്നായിരുന്നു യോഹന്നാന്റെ ജീവിതം. വിശ്വാസം ദുർബലമാക്കുന്ന പല പ്രശ്നങ്ങളും അദ്ദേഹം നേരിട്ടു. എങ്കിലും സഹോദരങ്ങളെ സ്നേഹിക്കുക എന്നത് ഉൾപ്പെടെ യേശുവിന്റെ എല്ലാ കല്പനകളും അനുസരിക്കാൻ അദ്ദേഹം സകല ശ്രമവും ചെയ്തു. അതുകൊണ്ട് യഹോവയും യേശുവും തന്നെ സ്നേഹിക്കുന്നുണ്ടെന്നും ഏതൊരു പ്രശ്നവും നേരിടാനുള്ള ശക്തി അവർ തനിക്ക് തരുമെന്നും യോഹന്നാന് ഉറപ്പുണ്ടായിരുന്നു. (യോഹ. 14:15-17; 15:10; 1 യോഹ. 4:16) വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സഹോദരങ്ങളോടുള്ള സ്നേഹം കാണിക്കുന്നതിൽനിന്ന് യോഹന്നാനെ തടയാൻ സാത്താനും അവന്റെ ലോകത്തിനും ഒരിക്കലും കഴിഞ്ഞില്ല.
19. 1 യോഹന്നാൻ 4:7 എന്തു ചെയ്യാനാണ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്, എന്തുകൊണ്ട്?
19 യോഹന്നാനെപ്പോലെ, വിദ്വേഷവും വെറുപ്പും നിറഞ്ഞ ഈ ലോകത്തിന്റെ ദൈവമായ സാത്താൻ ഭരിക്കുന്ന ലോകത്തിലാണ് നമ്മളും ജീവിക്കുന്നത്. (1 യോഹ. 3:1, 10) നമ്മുടെ ഉള്ളിൽനിന്ന് സഹോദരങ്ങളോടുള്ള സ്നേഹം ഇല്ലാതാകണം എന്നാണ് അവന്റെ ആഗ്രഹം. എന്നാൽ നമ്മൾ അനുവദിച്ചെങ്കിൽ മാത്രമേ സാത്താന്റെ ആ ആഗ്രഹം നടക്കുകയുള്ളൂ. അതുകൊണ്ട് സഹോദരങ്ങളോട് സ്നേഹമുള്ളവരായിരിക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. നമ്മൾ പറയുന്ന വാക്കുകളും അവർക്കായി ചെയ്യുന്ന കാര്യങ്ങളും ആ സ്നേഹത്തിന് തെളിവ് നൽകട്ടെ. അപ്പോൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിന്റെ സന്തോഷം നമുക്കുണ്ടായിരിക്കും, ജീവിതം ശരിക്കും സംതൃപ്തി നിറഞ്ഞതായിരിക്കും.—1 യോഹന്നാൻ 4:7 വായിക്കുക.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
^ ഖ. 5 സർവസാധ്യതയും അനുസരിച്ച്, “യേശു സ്നേഹിച്ച ശിഷ്യൻ” എന്നു വിളിച്ചിരിക്കുന്നത് അപ്പോസ്തലനായ യോഹന്നാനെയാണ്. (യോഹ. 21:7) യേശുവിന്റെ കൂടെയായിരുന്ന സമയത്തുതന്നെ യോഹന്നാന് പല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്? അനേകവർഷങ്ങൾ കഴിഞ്ഞ് വാർധക്യത്തിൽ എത്തിയതിനു ശേഷം സ്നേഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ എഴുതാൻ യഹോവ യോഹന്നാനെ ഉപയോഗിച്ചു. ഈ ലേഖനത്തിൽ നമ്മൾ യോഹന്നാൻ എഴുതിയ ചില കാര്യങ്ങളും അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം എന്നും ചർച്ച ചെയ്യും.
^ ഖ. 59 ചിത്രക്കുറിപ്പ്: തിരക്കുള്ള ഒരു കുടുംബനാഥൻ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു; ലോകവ്യാപകവേലയ്ക്കായി സംഭാവന കൊടുക്കുന്നു; മറ്റുള്ളവരെയും കൂടി ഉൾപ്പെടുത്തി ഭാര്യയോടും കുട്ടികളോടും ഒപ്പം കുടുംബാരാധന ആസ്വദിക്കുന്നു.