വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 28

മത്സരം ഒഴിവാക്കുക, സമാധാനത്തിനായി പ്രവർത്തിക്കുക

മത്സരം ഒഴിവാക്കുക, സമാധാനത്തിനായി പ്രവർത്തിക്കുക

“നമുക്കു ദുരഭിമാനികളാകാതിരിക്കാം. പരസ്‌പരം മത്സരിക്കുന്നതും അസൂയപ്പെടുന്നതും ഒഴിവാക്കാം.”—ഗലാ. 5:26.

ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം

പൂർവാവലോകനം *

1. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാൻ ആളുകൾ ശ്രമിക്കുമ്പോൾ എന്തു സംഭവിക്കാം?

മറ്റുള്ളവരെക്കാൾ എങ്ങനെയും മികച്ചുനിൽക്കാനാണ്‌ ഇന്നു ലോകത്തിലെ പല ആളുകളും ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌, ബിസിനെസ്സ്‌ ലോകത്ത്‌ മറ്റ്‌ ബിസിനെസ്സുകാരെക്കാൾ മികച്ചുനിൽക്കാൻവേണ്ടി ഏത്‌ അറ്റംവരെ പോകാനും ആളുകൾ മടിക്കില്ല. ഇനി, കായികമത്സരങ്ങളിൽ തങ്ങളുടെ ടീം ജയിക്കുന്നതിനുവേണ്ടി എതിർ ടീമിലെ ആളുകളെ മനഃപൂർവം പരിക്കേൽപ്പിച്ചേക്കാം. പരീക്ഷയിൽ മറ്റുള്ളവരെക്കാൾ ഉയർന്ന മാർക്കു കിട്ടാനായി വിദ്യാർഥികൾ കോപ്പിയടിച്ചേക്കാം. ഇതെല്ലാം തെറ്റാണെന്നു ക്രിസ്‌ത്യാനികളായ നമുക്ക്‌ അറിയാം. കാരണം ഇതൊക്കെ “ജഡത്തിന്റെ പ്രവൃത്തികൾ” ആണ്‌. (ഗലാ. 5:19-21) എന്നാൽ അറിയാതെ ആണെങ്കിലും മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാനുള്ള ഒരു ശ്രമം ക്രിസ്‌തീയ സഹോദരങ്ങൾക്കിടയിൽ ഉണ്ടോ? ഇതു വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്‌. കാരണം അങ്ങനെ ഉണ്ടെങ്കിൽ അതു സഭയുടെ ഐക്യം തകർക്കും.

2. ഈ ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യുന്നത്‌?

2 സഹോദരങ്ങൾക്കിടയിൽ മത്സരമനോഭാവം ഇളക്കിവിട്ടേക്കാവുന്ന മോശം ഗുണങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാൻ ശ്രമിക്കാതിരുന്ന വിശ്വസ്‌തരായ ചില ദൈവദാസന്മാരെക്കുറിച്ചും നമ്മൾ പഠിക്കും. ആദ്യംതന്നെ നമുക്കു നമ്മളെത്തന്നെ ഒന്നു പരിശോധിക്കാം. എന്തുകൊണ്ടാണു നമ്മൾ ചില കാര്യങ്ങൾ ചെയ്യുന്നത്‌, അല്ലെങ്കിൽ എന്താണു നമ്മളെ അതിനു പ്രേരിപ്പിക്കുന്നത്‌ എന്നു നമുക്കു നോക്കാം.

നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

3. ഏതൊക്കെ ചോദ്യങ്ങൾ നമ്മൾ നമ്മളോടു തന്നെ ചോദിക്കണം?

3 നമ്മൾ ഓരോ കാര്യവും ചെയ്യുന്നതിന്റെ പിന്നിലെ ആന്തരം ഇടയ്‌ക്കിടയ്‌ക്കു പരിശോധിക്കുന്നതു നല്ലതാണ്‌. നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഞാൻ മറ്റുള്ളവരെക്കാൾ മികച്ചുനിന്നാൽ മാത്രമേ എനിക്കു സന്തോഷം തോന്നാറുള്ളോ? സഭയിൽ മറ്റ്‌ എല്ലാവരെക്കാളും മിടുക്കനാണെന്നു കാണിക്കാൻവേണ്ടി ഞാൻ ഒരു ശ്രമം നടത്താറുണ്ടോ? അതല്ലെങ്കിൽ ചിലരെക്കാളെങ്കിലും മികച്ചുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ? അതോ യഹോവയ്‌ക്ക്‌ എന്റെ ഏറ്റവും നല്ലതു കൊടുക്കുക എന്ന ആഗ്രഹം മാത്രമേ എനിക്കുള്ളോ?’ എന്തുകൊണ്ടാണ്‌ നമ്മൾ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടത്‌?

4. ഗലാത്യർ 6:3, 4 പറയുന്നതുപോലെ നമ്മൾ മറ്റുള്ളവരുമായി നമ്മളെത്തന്നെ താരതമ്യം ചെയ്യരുതാത്തത്‌ എന്തുകൊണ്ട്‌?

4 നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുതെന്നു ബൈബിൾ നമ്മളോടു പറയുന്നു. (ഗലാത്യർ 6:3, 4 വായിക്കുക.) എന്തുകൊണ്ട്‌? നമ്മൾ മറ്റുള്ളവരെക്കാൾ മിടുക്കരാണെന്നു ചിന്തിച്ചാൽ നമ്മൾ അഹങ്കാരികളായിത്തീർന്നേക്കാം. ഇനി, മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മളെ ഒന്നിനും കൊള്ളില്ലെന്നു ചിന്തിച്ചാൽ നമ്മൾ നിരുത്സാഹിതരാകാനും സാധ്യതയുണ്ട്‌. ഈ രണ്ടു ചിന്തയും നല്ലതല്ല. (റോമ. 12:3) ഗ്രീസിൽ നിന്നുള്ള കാതറീന * സഹോദരി പറയുന്നു: “കൂടുതൽ സുന്ദരികളും പ്രസംഗപ്രവർത്തനത്തിൽ നല്ല കഴിവുള്ളവരും അതുപോലെ കുറെ കൂട്ടുകാരുമൊക്കെയുള്ള സഹോദരിമാരുമായി ഞാൻ എന്നെ താരതമ്യം ചെയ്യുമായിരുന്നു. അങ്ങനെ ചെയ്‌തപ്പോൾ എന്നെ ഒന്നിനും കൊള്ളില്ലെന്നു ഞാൻ ചിന്തിക്കാൻ തുടങ്ങി.” യഹോവ നമ്മളെ തന്നിലേക്ക്‌ ആകർഷിച്ചത്‌ നമുക്കു നല്ല സൗന്ദര്യമുള്ളതുകൊണ്ടോ സംസാരിക്കാൻ നല്ല കഴിവുള്ളതുകൊണ്ടോ ഇനി കുറെ ആളുകൾക്കു നമ്മളെ ഇഷ്ടമുള്ളതുകൊണ്ടോ ഒന്നുമല്ല. മറിച്ച്‌, നമ്മൾ യഹോവയെ സ്‌നേഹിക്കാനും യേശുവിനെ അനുസരിക്കാനും തയ്യാറായതുകൊണ്ടാണ്‌.—യോഹ. 6:44; 1 കൊരി. 1:26-31.

5. ഹ്യൂൻ സഹോദരന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

5 നമ്മളോടുതന്നെ ചോദിക്കാവുന്ന മറ്റൊരു ചോദ്യം, ‘ഞാൻ എങ്ങനെയുള്ള ഒരാളായിട്ടാണ്‌ അറിയപ്പെടുന്നത്‌, സമാധാനം ഉണ്ടാക്കുന്ന ആളായിട്ടോ അതോ തൊട്ടതിനും പിടിച്ചതിനും ഒക്കെ പ്രശ്‌നം ഉണ്ടാക്കുന്ന ഒരാളായിട്ടോ?’ ദക്ഷിണ കൊറിയയിൽ താമസിക്കുന്ന ഹ്യൂൻ സഹോദരന്റെ അനുഭവം നോക്കാം. സഭയിൽ ഉത്തരവാദിത്വസ്ഥാനത്തുള്ള ചില സഹോദരങ്ങൾ തന്നെക്കാൾ മികച്ചുനിൽക്കാൻ ശ്രമിക്കുന്നതായി ഒരു കാലത്ത്‌ അദ്ദേഹം ചിന്തിച്ചിരുന്നു. സഹോദരൻ പറയുന്നു: “ഞാൻ എപ്പോഴും അവരെ വിമർശിക്കുമായിരുന്നു. അവർ പറയുന്ന കാര്യങ്ങളോടൊന്നും ഞാൻ മിക്കപ്പോഴും യോജിച്ചിരുന്നില്ല. അതുകൊണ്ട്‌ എന്തു സംഭവിച്ചു? എന്റെ ഈ സ്വഭാവം കാരണം സഭയിൽ ഐക്യമില്ലാതായി” എന്ന്‌ സഹോദരൻ സമ്മതിക്കുന്നു. സഹോദരന്റെ ഈ പ്രശ്‌നം തിരിച്ചറിയാൻ അദ്ദേഹത്തിന്റെ ചില കൂട്ടുകാർ സഹായിച്ചു. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഹ്യൂൻ സഹോദരൻ തയ്യാറായി. അതുകൊണ്ട്‌ അദ്ദേഹം ഇന്നും നല്ലൊരു മൂപ്പനായി സേവിക്കുന്നു. നമ്മുടെ പ്രവർത്തനം സഭയിൽ സമാധാനം ഉണ്ടാക്കുന്ന തരത്തിലുള്ളത്‌ അല്ലെങ്കിൽ പെട്ടെന്നുതന്നെ മാറ്റം വരുത്തുക.

ദുരഭിമാനവും അസൂയയും ഒഴിവാക്കുക

6. ഗലാത്യർ 5:26 പറയുന്നതനുസരിച്ച്‌ മത്സരമനോഭാവത്തിലേക്കു നയിച്ചേക്കാവുന്ന മോശമായ ചില ഗുണങ്ങൾ ഏതൊക്കെയാണ്‌?

6 ഗലാത്യർ 5:26 വായിക്കുക. മത്സരമനോഭാവത്തിലേക്കു നയിച്ചേക്കാവുന്ന മോശമായ ചില ഗുണങ്ങൾ ഏതൊക്കെയാണ്‌? അതിൽ ഒന്ന്‌ ദുരഭിമാനമാണ്‌. ദുരഭിമാനിയായ ഒരാൾ അഹങ്കാരിയും സ്വാർഥനും ആയിരിക്കും. മോശമായ മറ്റൊരു ഗുണം അസൂയയാണ്‌. അസൂയയുള്ള ഒരു വ്യക്തി മറ്റൊരാൾക്കുള്ള എന്തെങ്കിലും തനിക്കു വേണമെന്നു മാത്രമല്ല ആ വ്യക്തിക്ക്‌ അതു നഷ്ടപ്പെട്ടുകാണാനും ആഗ്രഹിക്കും. അങ്ങനെയുള്ള ഒരാൾ ശരിക്കും തന്റെ സഹോദരനെ വെറുക്കുകയാണ്‌. അതുകൊണ്ട്‌ ദുരഭിമാനവും അസൂയയും ഒഴിവാക്കാൻ നമ്മൾ ശ്രമിക്കണം.

7. ദുരഭിമാനവും അസൂയയും വരുത്തിവെക്കുന്ന അപകടം മനസ്സിലാക്കാൻ ഒരു ഉദാഹരണം പറയുക.

7 ദുരഭിമാനവും അസൂയയും എത്രമാത്രം അപകടകരമാണെന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. തടികൊണ്ട്‌ പണിത വളരെ മനോഹരമായ ഒരു വീട്‌. പതിയെപ്പതിയെ അതു ചിതൽ അരിക്കുകയാണെങ്കിൽ എന്തു സംഭവിക്കും? കുറച്ച്‌ കാലം കഴിയുമ്പോൾ അതു തകർന്ന്‌ വീഴും. ഇതുപോലെയാണ്‌ ദുരഭിമാനവും അസൂയയും പിടികൂടുമ്പോൾ സംഭവിക്കുന്നത്‌. കുറച്ച്‌ നാൾ യഹോവയെ സേവിക്കുന്നതു നമ്മൾ തുടർന്നേക്കാം. (സുഭാ. 16:18) എന്നാൽ ഒരുനാൾ നമ്മൾ അതു നിറുത്തും. അത്‌ നമുക്കും മറ്റുള്ളവർക്കും ദോഷം ചെയ്യും. അതുകൊണ്ട്‌ ദുരഭിമാനവും അസൂയയും നമ്മളെ പിടികൂടാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

8. നമുക്ക്‌ എങ്ങനെ ദുരഭിമാനം ഒഴിവാക്കാം?

8 അപ്പോസ്‌തലനായ പൗലോസ്‌ ഫിലിപ്പിയർക്കു നൽകിയ ഉപദേശം ദുരഭിമാനം ഒഴിവാക്കാൻ നമ്മളെ സഹായിക്കും. “വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കാണുക.” (ഫിലി. 2:3) മറ്റുള്ളവരെ നമ്മൾ ശ്രേഷ്‌ഠരായി കാണുന്നുണ്ടെങ്കിൽ നമ്മൾ ആരോടും മത്സരിക്കില്ല. പകരം നമ്മളെക്കാൾ കഴിവും പ്രാപ്‌തിയും മറ്റുള്ളവരിൽ കാണുമ്പോൾ നമ്മൾ സന്തോഷിക്കും. പ്രത്യേകിച്ചും അവർ ദൈവസേവനത്തിൽ ആ കഴിവുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ. ഇനി, നല്ല കഴിവും പ്രാപ്‌തിയും ഉള്ള സഹോദരങ്ങൾ പൗലോസിന്റെ ഈ ഉപദേശം അനുസരിക്കുകയാണെങ്കിൽ അവർക്കും മറ്റുള്ളവരിലെ നന്മ കാണാനാകും. ഈ വിധത്തിൽ എല്ലാവരും പ്രവർത്തിക്കുമ്പോൾ സഭയിൽ നല്ല സമാധാനവും ഐക്യവും ഉണ്ടായിരിക്കും.

9. മറ്റുള്ളവരോട്‌ അസൂയ തോന്നാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

9 എളിമ വളർത്തിയെടുക്കുന്നെങ്കിൽ മറ്റുള്ളവരോടു നമുക്ക്‌ അസൂയ തോന്നില്ല. എല്ലാ കാര്യങ്ങളും തനിക്ക്‌ ഏറ്റവും നന്നായി ചെയ്യാൻ കഴിയില്ലെന്ന്‌ ആ വ്യക്തി തിരിച്ചറിയും. നമുക്ക്‌ എളിമയുണ്ടെങ്കിൽ മറ്റുള്ളവരെക്കാളെല്ലാം കഴിവും പ്രാപ്‌തിയും ഉണ്ടെന്നു വരുത്തിത്തീർക്കാൻ നമ്മൾ ശ്രമിക്കില്ല. പകരം നമ്മളെക്കാൾ കഴിവുള്ളവരിൽനിന്ന്‌ എങ്ങനെ പഠിക്കാമെന്നു നമ്മൾ നോക്കും. ഉദാഹരണത്തിന്‌, സഭയിലെ ഒരു സഹോദരൻ നല്ല പൊതുപ്രസംഗങ്ങൾ നടത്തുന്ന ആളാണെന്നിരിക്കട്ടെ. എങ്ങനെയാണ്‌ അദ്ദേഹം പ്രസംഗങ്ങൾ തയ്യാറാകുന്നതെന്നു നമുക്കു ചോദിക്കാം. ഇനി, ഒരു സഹോദരിക്കു നന്നായി ഭക്ഷണം ഉണ്ടാക്കാൻ അറിയാമെങ്കിലോ? ആ സഹോദരിയിൽനിന്നും നമുക്ക്‌ കാര്യങ്ങൾ പഠിക്കാനാകും. ചെറുപ്പക്കാരനായ ഒരു സഹോദരന്‌ അധികം കൂട്ടുകാരൊന്നും ഇല്ലെങ്കിൽ ധാരാളം സുഹൃത്തുക്കളുള്ള സഹോദരങ്ങളോട്‌ എങ്ങനെയാണ്‌ അവർ കൂട്ടുകാരെ കണ്ടെത്തുന്നതെന്നു ചോദിച്ചറിയാം. ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ നമുക്ക്‌ അസൂയ ഒഴിവാക്കാം. അതുപോലെ നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താനും പറ്റും.

ബൈബിൾ കഥാപാത്രങ്ങളിൽനിന്ന്‌ പഠിക്കുക

താഴ്‌മ ഉണ്ടായിരുന്നതുകൊണ്ട്‌ ഗിദെയോന്‌ എഫ്രയീമ്യരുമായി സമാധാനത്തിലായിരിക്കാൻ കഴിഞ്ഞു (10-12 ഖണ്ഡികകൾ കാണുക)

10. ഗിദെയോൻ നേരിട്ട ഒരു പ്രശ്‌നം എന്തായിരുന്നു?

10 മനശ്ശെ ഗോത്രത്തിലെ ഗിദെയോനും എഫ്രയീം ഗോത്രത്തിലെ ചില പുരുഷന്മാരും ഉൾപ്പെട്ട സംഭവം നോക്കാം. യഹോവയുടെ സഹായത്താൽ ഗിദെയോനും കൂടെ ഉണ്ടായിരുന്ന 300 പേരും ഒരു യുദ്ധത്തിൽ വിജയിച്ചു. ആർക്കും അഹങ്കാരം തോന്നാവുന്ന ഒരു വിജയമായിരുന്നു അത്‌. ഇതെക്കുറിച്ച്‌ അറിഞ്ഞപ്പോൾ എഫ്രയീം ഗോത്രത്തിലെ ആളുകൾ ഗിദെയോനെ കാണാൻ വന്നു. അദ്ദേഹത്തെ അഭിനന്ദിക്കാനല്ല, വഴക്കുണ്ടാക്കാൻ. ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോയപ്പോൾ തുടക്കത്തിൽ അവരെ വിളിച്ചില്ല എന്നതായിരുന്നു അവരുടെ പരാതി. അവർക്ക്‌ അത്‌ ഒരു വലിയ അഭിമാനപ്രശ്‌നമായി. കാരണം സ്വന്തം ഗോത്രത്തിന്റെ പ്രശസ്‌തിയിലായിരുന്നു അവരുടെ ശ്രദ്ധ. വാസ്‌തവത്തിൽ ഗിദെയോൻ യഹോവയുടെ നാമത്തിനു മഹത്ത്വം കരേറ്റാനും ദൈവജനത്തെ സംരക്ഷിക്കാനും വേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്ന പ്രധാനപ്പെട്ട കാര്യം തിരിച്ചറിയാൻ അവർ പരാജയപ്പെട്ടു.—ന്യായാ. 8:1.

11. എഫ്രയീമിലെ പുരുഷന്മാരോടു ഗിദെയോൻ എന്താണു പറഞ്ഞത്‌?

11 ഗിദെയോൻ താഴ്‌മയോടെ എഫ്രയീമിലെ പുരുഷന്മാരോട്‌ പറഞ്ഞു: “നിങ്ങൾ ചെയ്‌തതുവെച്ച്‌ നോക്കുമ്പോൾ ഞാൻ ചെയ്‌തത്‌ എത്ര നിസ്സാരം!” എന്നിട്ട്‌ യഹോവയുടെ സഹായത്താൽ അവർക്ക്‌ ചെയ്യാൻ കഴിഞ്ഞ വലിയൊരു കാര്യത്തെക്കുറിച്ച്‌ ഗിദെയോൻ അവരെ ഓർമിപ്പിച്ചു. അതു കേട്ടപ്പോൾ “അവർ ശാന്തരായി.” (ന്യായാ. 8:2, 3) ഗിദെയോൻ അങ്ങനെ താഴ്‌മ കാണിച്ചതുകൊണ്ട്‌ ദൈവജനത്തിനിടയിൽ സമാധാനം നിലനിറുത്താനായി.

12. എഫ്രയീമ്യരിൽനിന്നും ഗിദെയോനിൽനിന്നും നമുക്ക്‌ എന്തു പഠിക്കാം?

12 ഈ സംഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? സ്വന്തം പേരിനും പ്രശസ്‌തിക്കും വേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ നമ്മുടെ ശ്രദ്ധ യഹോവയ്‌ക്കു മഹത്ത്വം കൊടുക്കുന്നതിലായിരിക്കണമെന്ന്‌ എഫ്രയീമ്യരുടെ ദൃഷ്ടാന്തം നമ്മളെ പഠിപ്പിക്കുന്നു. ഇനി, ഗിദെയോന്റെ മാതൃകയിൽനിന്ന്‌ കുടുംബനാഥന്മാർക്കും മൂപ്പന്മാർക്കും ഒരു പാഠം പഠിക്കാം. നമ്മൾ ചെയ്‌ത ഒരു കാര്യം ആരെയെങ്കിലും വിഷമിപ്പിച്ചെങ്കിൽ എന്തുകൊണ്ടായിരിക്കാം ആ വ്യക്തിക്ക്‌ അങ്ങനെ തോന്നിയതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. കൂടാതെ, അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുക. ഇങ്ങനെ ചെയ്യുന്നതിനു നമ്മുടെ ഭാഗത്ത്‌ ശരിക്കും താഴ്‌മ ആവശ്യമാണ്‌, പ്രത്യേകിച്ചും മറ്റേ ആളാണ്‌ തെറ്റുകാരനെങ്കിൽ. എപ്പോഴും ഓർക്കുക, നമ്മുടെ ഭാഗമാണു ശരിയെന്ന്‌ തെളിയിക്കുന്നതിനെക്കാൾ പ്രധാനം സഹോദരങ്ങളുമായുള്ള സമാധാനബന്ധമാണ്‌.

കാര്യങ്ങൾ നേരെയാക്കാൻ യഹോവയിൽ ആശ്രയിച്ചതുകൊണ്ട്‌ ഹന്നയ്‌ക്കു മനസ്സമാധാനം തിരിച്ചുകിട്ടി (13-14 ഖണ്ഡികകൾ കാണുക)

13. ഹന്ന നേരിട്ട പ്രശ്‌നം എന്തായിരുന്നു, ഹന്ന എങ്ങനെയാണ്‌ അതിനെ മറികടന്നത്‌?

13 ഹന്നയിൽനിന്നും നമുക്കു പഠിക്കാം. എൽക്കാന എന്ന ലേവ്യനാണു ഹന്നയെ വിവാഹം കഴിച്ചിരുന്നത്‌. എൽക്കാനയ്‌ക്കു ഹന്നയെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ എൽക്കാനയ്‌ക്കു വേറൊരു ഭാര്യയുംകൂടി ഉണ്ടായിരുന്നു, പെനിന്ന. എൽക്കാനയ്‌ക്കു പെനിന്നയെക്കാൾ ഇഷ്ടം ഹന്നയോടായിരുന്നു. എന്നാൽ “പെനിന്നയ്‌ക്കു കുട്ടികളുണ്ടായിരുന്നു. ഹന്നയ്‌ക്കാകട്ടെ കുട്ടികളില്ലായിരുന്നു.” അതുകൊണ്ട്‌ പെനിന്ന ‘കുത്തുവാക്കുകൾ പറഞ്ഞ്‌ ഹന്നയെ നിരന്തരം വിഷമിപ്പിച്ചിരുന്നു.’ അതു കേട്ട്‌ “ഹന്നാ കരയുകയും ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു” എന്നു ബൈബിൾ പറയുന്നു. (1 ശമു. 1:2, 6, 7) എന്നാൽ ഹന്ന പെനിന്നയോട്‌ ഏതെങ്കിലും വിധത്തിൽ പ്രതികാരം ചെയ്യാൻ ശ്രമിച്ചതായി ബൈബിൾ ഒരിടത്തും പറയുന്നില്ല. പകരം, തന്റെ സങ്കടങ്ങളെല്ലാം ഹന്ന യഹോവയോട്‌ പറഞ്ഞു. യഹോവ തന്നെ സഹായിക്കുമെന്നു ഹന്നയ്‌ക്ക്‌ ഉറപ്പായിരുന്നു. ഹന്നയോടുള്ള പെനിന്നയുടെ മനോഭാവം മാറിയോ? ബൈബിൾ അതെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. എന്നാൽ ‘ഹന്നയുടെ മുഖം പിന്നെ വാടിയില്ല’ എന്നാണു തിരുവെഴുത്തുകൾ പറയുന്നത്‌. അതു കാണിക്കുന്നതു ഹന്നയ്‌ക്കു തന്റെ മനസ്സമാധാനം തിരികെ കിട്ടിയെന്നാണ്‌.—1 ശമു. 1:10, 18.

14. ഹന്നയുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 ഹന്നയുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ആരെങ്കിലും കളിയാക്കുകയോ നമ്മളോടു മത്സരിക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്‌താൽ അതു നമ്മളെ എങ്ങനെ ബാധിക്കണം എന്നതു നമ്മളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്‌. തിന്മയ്‌ക്കു പകരം തിന്മ ചെയ്യാതെ ആ വ്യക്തിയുമായി സമാധാനത്തിലാകാൻ നമുക്കു ശ്രമിക്കാം. (റോമ. 12:17-21) അങ്ങനെയാകുമ്പോൾ ആ വ്യക്തി മാറ്റം വരുത്താൻ തയ്യാറാകുന്നില്ലെങ്കിൽപ്പോലും നമുക്കു നമ്മുടെ സമാധാനം നിലനിറുത്താനാകും.

യഹോവയുടെ അനുഗ്രഹത്താലാണു തങ്ങളുടെ പ്രവർത്തനം മുന്നോട്ടുപോകുന്നതെന്നു തിരിച്ചറിഞ്ഞതുകൊണ്ട്‌ അപ്പൊല്ലോസും പൗലോസും പരസ്‌പരം മത്സരിച്ചില്ല (15-18 ഖണ്ഡികകൾ കാണുക)

15. അപ്പൊല്ലോസിനും പൗലോസിനും എന്തെല്ലാം സമാനതകളുണ്ടായിരുന്നു?

15 അവസാനമായി, അപ്പൊല്ലോസിൽനിന്നും അപ്പോസ്‌തലനായ പൗലോസിൽനിന്നും നമുക്ക്‌ എന്തൊക്കെ പഠിക്കാൻ കഴിയുമെന്നു നോക്കാം. രണ്ടു പേർക്കും തിരുവെഴുത്തുകളെക്കുറിച്ച്‌ നല്ല അറിവുണ്ടായിരുന്നു. അതുപോലെ അവർ അറിയപ്പെടുന്ന മികച്ച അധ്യാപകരുമായിരുന്നു. ഇനി, രണ്ടു പേരും ക്രിസ്‌തു ശിഷ്യരാകാൻ അനേകരെ സഹായിച്ചിട്ടുമുണ്ട്‌. എന്നാൽ അവർക്കു പരസ്‌പരം അസൂയ ഒന്നുമില്ലായിരുന്നു.

16. അപ്പൊല്ലോസ്‌ എങ്ങനെയുള്ള ഒരാളായിരുന്നു?

16 ഒന്നാം നൂറ്റാണ്ടിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു കേന്ദ്രമായ ‘അലക്‌സാൻഡ്രിയയിൽനിന്നുള്ള’ ആളായിരുന്നു അപ്പൊല്ലോസ്‌. “വാക്‌സാമർഥ്യവും തിരുവെഴുത്തുകളെക്കുറിച്ച്‌ നല്ല അറിവും” ഉള്ള ഒരാൾ. (പ്രവൃ. 18:24) അപ്പൊല്ലോസ്‌ കൊരിന്തിൽ ഉണ്ടായിരുന്നപ്പോൾ അവിടുത്തെ ചില സഹോദരങ്ങൾ പൗലോസിനെക്കാളും മറ്റ്‌ ചില സഹോദരങ്ങളെക്കാളും തങ്ങൾക്ക്‌ ഇഷ്ടം അപ്പൊല്ലോസിനോടാണെന്ന്‌ അവരുടെ പെരുമാറ്റത്തിലൂടെ കാണിച്ചു. (1 കൊരി. 1:12, 13) എന്നാൽ അപ്പൊല്ലോസ്‌ ആ മനോഭാവത്തെ പ്രോത്സാഹിപ്പിച്ചോ? അദ്ദേഹം അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച്‌ നമുക്കു ചിന്തിക്കാൻപോലും പറ്റില്ല. വാസ്‌തവത്തിൽ അപ്പൊല്ലോസ്‌ കൊരിന്തിൽനിന്ന്‌ പോയി കുറച്ച്‌ നാൾ കഴിഞ്ഞപ്പോൾ അവിടേക്കു തിരിച്ച്‌ ചെല്ലാൻ പൗലോസ്‌ അദ്ദേഹത്തെ നിർബന്ധിക്കുന്നുണ്ട്‌. (1 കൊരി. 16:12) അപ്പൊല്ലോസ്‌ സഭയിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒരാളായിരുന്നെങ്കിൽ പൗലോസ്‌ ഒരിക്കലും അങ്ങനെ ആവശ്യപ്പെടില്ലായിരുന്നു. അപ്പൊല്ലോസ്‌ തന്റെ കഴിവുകൾ എപ്പോഴും ഉപയോഗിച്ചതു സന്തോഷവാർത്ത പ്രസംഗിക്കാനും സഹോദരങ്ങളെ ബലപ്പെടുത്താനും ആയിരുന്നു. കൂടാതെ, അപ്പൊല്ലോസ്‌ താഴ്‌മയുള്ള ഒരാളുമായിരുന്നു. ഉദാഹരണത്തിന്‌, അക്വിലയും പ്രിസ്‌കില്ലയും ‘ദൈവത്തിന്റെ മാർഗത്തെക്കുറിച്ച്‌ കൂടുതൽ കൃത്യമായി വിവരിച്ചുകൊടുത്തപ്പോൾ’ അപ്പൊല്ലോസ്‌ അതു സ്വീകരിച്ചു.—പ്രവൃ. 18:24-28.

17. സഭയിലെ സമാധാനം കാത്തുസൂക്ഷിക്കാൻ പൗലോസ്‌ എന്തു ചെയ്‌തു?

17 അപ്പൊല്ലോസ്‌ ഒരുപാടു നല്ല കാര്യങ്ങൾ ചെയ്‌തെന്നു പൗലോസ്‌ അപ്പോസ്‌തലന്‌ അറിയാമായിരുന്നു. തന്നെക്കാൾ മിടുക്കനായി അപ്പൊല്ലോസിനെ ആളുകൾ കാണുമോ എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. പൗലോസ്‌ കൊരിന്ത്യർക്ക്‌ എഴുതിയ കത്തിൽനിന്ന്‌ അദ്ദേഹം എത്രമാത്രം താഴ്‌മയും എളിമയും ന്യായബോധവും ഒക്കെയുള്ള ആളാണെന്നു നമുക്ക്‌ മനസ്സിലാക്കാം. “ഞാൻ പൗലോസിന്റെ പക്ഷത്താണ്‌” എന്നു പറയുന്ന ആളുകളുടെ മുഖസ്‌തുതിയിൽ മയങ്ങിപ്പോകുന്നതിനു പകരം പൗലോസ്‌ എല്ലാ ശ്രദ്ധയും യഹോവയിലേക്കും യേശുവിലേക്കും തിരിച്ചുവിട്ടു.—1 കൊരി. 3:3-6.

18. അപ്പൊല്ലോസിന്റെയും പൗലോസിന്റെയും മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (1 കൊരിന്ത്യർ 4:6, 7)

18 അപ്പൊല്ലോസിന്റെയും പൗലോസിന്റെയും മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? നമ്മൾ ദൈവസേവനത്തിൽ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കാം. ഇനി, അനേകരെ ക്രിസ്‌തുശിഷ്യരാകാൻ സഹായിക്കുന്നുമുണ്ടാകും. എന്നാൽ നമ്മുടെ നേട്ടങ്ങൾ എല്ലാം യഹോവയുടെ അനുഗ്രഹത്താൽ മാത്രം ഉണ്ടായതാണെന്നു നമ്മൾ എപ്പോഴും ഓർക്കണം. അപ്പൊല്ലോസിന്റെയും പൗലോസിന്റെയും മാതൃകയിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്ന മറ്റൊരു പാഠം ഇതാണ്‌: സഭയിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ കൂടുന്നതനുസരിച്ച്‌ സഭയിൽ സമാധാനം നിലനിറുത്താനുള്ള ധാരാളം അവസരങ്ങൾ നമുക്കു ലഭിച്ചേക്കാം. ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും സഭയിൽ സമാധാനവും ഐക്യവും നിലനിറുത്താൻ പരമാവധി ശ്രമിക്കുന്നു. അതിനുവേണ്ടി അവർ സഹോദരങ്ങൾക്ക്‌ ഉപദേശങ്ങൾ നൽകുമ്പോൾ സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കാതെ ദൈവവചനത്തിൽ ആശ്രയിക്കുന്നു. കൂടാതെ, അവർ തങ്ങളിലേക്കു ശ്രദ്ധ ആകർഷിക്കാതെ യേശുവിന്റെ മാതൃക അനുകരിക്കാൻ സഹോദരങ്ങളെ സഹായിക്കുകയും ചെയ്യുന്നു. അതിനു നമ്മൾ അവരോട്‌ എത്രയധികം നന്ദിയുള്ളവരാണ്‌!1 കൊരിന്ത്യർ 4:6, 7 വായിക്കുക.

19. നമുക്ക്‌ ഓരോരുത്തർക്കും എന്തു ചെയ്യാം? (“ മത്സരമനോഭാവത്തിനു കളമൊരുക്കരുത്‌” എന്ന ചതുരവും കാണുക.)

19 ദൈവം തന്നിരിക്കുന്ന എന്തെങ്കിലുമൊക്കെ കഴിവുകൾ നമുക്കെല്ലാമുണ്ട്‌. ആ കഴിവുകൾ “പരസ്‌പരം ശുശ്രൂഷ ചെയ്യാൻ” നമുക്ക്‌ ഉപയോഗിക്കാം. (1 പത്രോ. 4:10) ചിലപ്പോൾ, അധികമൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ സഭയുടെ ഐക്യത്തിനുവേണ്ടി നമ്മൾ ചെയ്യുന്ന ഏതൊരു ചെറിയ കാര്യവും ഒരു കെട്ടിടത്തിന്റെ ഓരോ ഇഷ്ടികയുംപോലെയാണ്‌. മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാൻ നമ്മൾ ഒരിക്കലും ശ്രമിക്കരുത്‌. അങ്ങനെയൊരു പ്രവണത ഉണ്ടെന്നു കണ്ടാൽ അതു പരിഹരിക്കാൻ നോക്കണം. സഭയിൽ സമാധാനവും ഐക്യവും നിലനിറുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുക.—എഫെ. 4:3.

ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”

^ ഖ. 5 മൺപാത്രത്തിലെ ചെറിയൊരു വിള്ളൽ അതു പെട്ടെന്നു പൊട്ടാൻ ഇടയാക്കുന്നതുപോലെ സഹോദരങ്ങൾക്കിടയിലെ മത്സരമനോഭാവം സഭയുടെ ഐക്യം തകർക്കും. സഭയിൽ ഐക്യം ഇല്ലെങ്കിൽ അവിടെ സമാധാനത്തോടെ നമുക്കു ദൈവത്തെ ആരാധിക്കാൻ പറ്റില്ല. സഭയിൽ ഒരു മത്സരമനോഭാവം വളരുന്നത്‌ എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക്‌ എങ്ങനെ സഭയിലെ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കാമെന്നും ഈ ലേഖനത്തിൽ ചർച്ച ചെയ്യും.

^ ഖ. 4 ഈ ലേഖനത്തിലേത്‌ യഥാർഥ പേരുകളല്ല.