വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വിവാഹയിണയെ കണ്ടെത്താൻ സഹായിക്കുന്ന വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നതിനെ യഹോവയുടെ സാക്ഷികൾ എങ്ങനെ കാണണം?

വിവാഹയിണകൾ തമ്മിൽ നല്ല സ്‌നേഹവും അടുപ്പവും ഉണ്ടായിരിക്കാനും അവർ എന്നെന്നും സന്തോഷത്തോടെയിരിക്കാനും ആണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (മത്താ. 19:4-6) നിങ്ങൾ കല്യാണംകഴിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ നല്ലൊരു ഇണയെ കണ്ടെത്താം? യഹോവ നമ്മുടെ സ്രഷ്ടാവായതുകൊണ്ട്‌ പറ്റിയ ഒരു ഇണയെ കണ്ടെത്താനും സന്തോഷമുള്ള വിവാഹജീവിതം നയിക്കാനും നമ്മൾ എന്താണു ചെയ്യേണ്ടതെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ യഹോവ നമുക്കു തന്നിട്ടുള്ള തത്ത്വങ്ങൾ അനുസരിക്കുന്നതു നമുക്കു ശരിക്കും പ്രയോജനം ചെയ്യും. അത്തരം ചില തത്ത്വങ്ങളെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

ആദ്യംതന്നെ നമ്മൾ നമ്മളെക്കുറിച്ച്‌ ഒരു കാര്യം തിരിച്ചറിയണം: “ഹൃദയം മറ്റ്‌ എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്‌.” (യിരെ. 17:9) വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിട്ടുള്ള രണ്ടു പേർ ഇടയ്‌ക്കിടെ കാണുകയും സംസാരിക്കുകയും ഒക്കെ ചെയ്യുമ്പോൾ അവർക്കിടയിൽ പെട്ടെന്നുതന്നെ മാനസികമായ ഒരു അടുപ്പം വളർന്നേക്കാം. അതോടെ ശരിയായ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാകും. അങ്ങനെ തോന്നുന്ന ഒരു ഇഷ്ടത്തിന്റെ പേരിൽ മാത്രം കല്യാണം കഴിച്ചാൽ പിന്നീട്‌ നിരാശയും സങ്കടവും ഒക്കെ തോന്നാൻ സാധ്യതയുണ്ട്‌. (സുഭാ. 28:26) അതുകൊണ്ട്‌ പരസ്‌പരം നന്നായി അറിയുന്നതിനു മുമ്പ്‌ അവർ തമ്മിൽ അടുപ്പം വളരാൻ അനുവദിക്കുകയോ വാക്കുകൊടുക്കുകയോ ചെയ്യരുത്‌.

സുഭാഷിതങ്ങൾ 22:3 പറയുന്നു: “വിവേകമുള്ളവൻ ആപത്തു കണ്ട്‌ ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന്‌ ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.” വിവാഹയിണയെ കണ്ടെത്താൻ സഹായിക്കുന്ന തരം വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നതിലെ അപകടം എന്താണ്‌? ചിലർ ഇത്തരം വെബ്‌സൈറ്റുകളിലൂടെ ഒരു പരിചയവുമില്ലാത്ത ചിലരുമായി അടുപ്പത്തിലാകുകയും എന്നാൽ ആ വ്യക്തി തന്നെ വഞ്ചിക്കുകയായിരുന്നെന്ന്‌ പിന്നീടു മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇനി, സത്യസന്ധരല്ലാത്ത ചിലർ തങ്ങളെക്കുറിച്ച്‌ തെറ്റായ വിവരങ്ങൾ നൽകി അനുഭവപരിചയമില്ലാത്തവരിൽനിന്ന്‌ പണം തട്ടിയ സംഭവങ്ങൾപോലും ഉണ്ടായിട്ടുണ്ട്‌. ചിലപ്പോൾ സാക്ഷികളാണെന്ന്‌ അവകാശപ്പെട്ടുകൊണ്ടാണു ചിലർ ഇത്തരം ക്രൂരമായ ചതികൾ കാണിച്ചിരിക്കുന്നത്‌.

ഇനി മറ്റൊരു അപകടത്തെക്കുറിച്ച്‌ ചിന്തിക്കാം. ഇത്തരം ചില സൈറ്റുകളിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ചാണ്‌ ആരൊക്കെ തമ്മിൽ കല്യാണം കഴിക്കണമെന്നു തീരുമാനിക്കുന്നത്‌. എന്നാൽ അതു ഫലകരമാണെന്നതിനു തെളിവൊന്നുമില്ല. നല്ലൊരു ഇണയെ കണ്ടെത്തുന്നതുപോലെ ഇത്ര പ്രധാനപ്പെട്ട ഒരു കാര്യത്തിനുവേണ്ടി മനുഷ്യനുണ്ടാക്കിയ കമ്പ്യൂട്ടർ പ്രോഗ്രാമിനെ ആശ്രയിക്കുന്നത്‌ ഒട്ടും ബുദ്ധിയല്ല. ബൈബിൾതത്ത്വങ്ങൾപോലെ ആശ്രയയോഗ്യമല്ല ഒരു കമ്പ്യൂട്ടർ പ്രോഗ്രാമും.—സുഭാ. 1:7; 3:5-7.

സുഭാഷിതങ്ങൾ 14:15-ൽ മറ്റൊരു തത്ത്വം കാണാം: “അനുഭവജ്ഞാനമില്ലാത്തവൻ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നു; എന്നാൽ വിവേകമുള്ളവൻ ഓരോ കാലടിയും ശ്രദ്ധയോടെ വെക്കുന്നു.” ഒരാളെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിനു മുമ്പ്‌ നമ്മൾ അയാളെ അടുത്തറിയണം. എന്നാൽ വെബ്‌സൈറ്റിലൂടെയാണ്‌ ഒരാളെ പരിചയപ്പെടുന്നതെങ്കിൽ അതത്ര എളുപ്പമല്ല. രണ്ടു പേരും തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും കുറെയധികം സമയം ചാറ്റ്‌ ചെയ്യുകയും ചെയ്‌തെന്നു കരുതി നിങ്ങൾ പരസ്‌പരം ശരിക്കും അറിഞ്ഞെന്നു പറയാനാകുമോ? വെബ്‌സൈറ്റിലൂടെ തന്റെ ഭാവി ഇണയെ കണ്ടെത്തിയെന്നു കരുതിയ പലരും അവസാനം ആ വ്യക്തിയെ നേരിട്ട്‌ കണ്ടപ്പോൾ ഞെട്ടിപ്പോയിട്ടുണ്ട്‌.

സങ്കീർത്തനക്കാരൻ പറയുന്നു: “വഞ്ചകരോടു ഞാൻ കൂട്ടു കൂടാറില്ല; തനിസ്വരൂപം മറച്ചുവെക്കുന്നവരെ ഞാൻ ഒഴിവാക്കുന്നു.” (സങ്കീ. 26:4) ഇതുപോലുള്ള സൈറ്റുകളിൽ ആളുകൾ വിവരങ്ങൾ നൽകുമ്പോൾ തങ്ങൾ വളരെ നല്ലവരാണെന്നു കാണിക്കാൻവേണ്ടി കുറച്ചൊക്കെ നുണകൾ പറയുന്നതിൽ തെറ്റില്ലെന്നാണു പലരും കരുതുന്നത്‌. തങ്ങൾ ശരിക്കും എങ്ങനെയുള്ളവരാണെന്നു ചിലർ മറച്ചുവെച്ചേക്കാം. ഇനി, മറ്റു ചിലർ മനഃപൂർവം അങ്ങനെ ചെയ്യുന്നില്ലെങ്കിൽപ്പോലും ചാറ്റിങ്ങിലൂടെ നമുക്ക്‌ അവരെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ കണ്ടെത്താൻ കഴിയാതെ വന്നേക്കാം. പിൻവരുന്ന ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കുന്നത്‌ നന്നായിരിക്കും: ചിലർ തങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു പറഞ്ഞേക്കാമെങ്കിലും അവർ സ്‌നാനമേറ്റ സാക്ഷികൾതന്നെയാണോ? അവർ ആത്മീയമായി പക്വതയുള്ളവരാണോ? അവർക്ക്‌ യഹോവയുമായി ഒരു അടുത്തബന്ധമുണ്ടോ? സഭയിൽ അവർക്കു നല്ലൊരു പേരുണ്ടോ? അതോ മറ്റുള്ളവർക്ക്‌ അവർ ഒരു മോശം മാതൃകയാണോ? (1 കൊരി. 15:33; 2 തിമൊ. 2:20, 21) തിരുവെഴുത്തുപരമായി കല്യാണം കഴിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ കണ്ടുപിടിക്കണം. എന്നാൽ ആ വ്യക്തിയെ നന്നായി അറിയാവുന്ന സഹോദരങ്ങളോടു ചോദിക്കാതെ നിങ്ങൾക്ക്‌ അതു കണ്ടുപിടിക്കാനാകില്ല. (സുഭാ. 15:22) യഹോവയുടെ വിശ്വസ്‌തദാസൻ എന്തായാലും ഒരു അവിശ്വാസിയെ കല്യാണം കഴിച്ച്‌ അവരുമായി “ഒരേ നുകത്തിൻകീഴിൽ” വരുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകപോലുമില്ല.—2 കൊരി. 6:14; 1 കൊരി. 7:39.

അതുകൊണ്ട്‌ വെബ്‌സൈറ്റിലൂടെ ഇണയെ കണ്ടെത്താൻ ശ്രമിക്കുന്നതിൽ അപകടമുണ്ട്‌ എന്നോർക്കുക. എന്നാൽ ഭാവി ഇണയെ കണ്ടെത്താനും അവരെ അടുത്ത്‌ അറിയാനും നമുക്ക്‌ എന്തെങ്കിലും വഴികളുണ്ടോ? കോവിഡ്‌-19 മഹാമാരിയുടെ പേരിൽ ഒരുമിച്ച്‌ കൂടുന്നതു നിരോധിച്ചിട്ടില്ലാത്തപ്പോൾ സഭായോഗങ്ങൾക്കോ സമ്മേളനങ്ങൾക്കോ കൺവെൻഷനുകൾക്കോ മറ്റേതെങ്കിലും പരിപാടികൾക്കോ ഒരുമിച്ച്‌ കൂടുമ്പോൾ നമുക്ക്‌ അവരെ പരിചയപ്പെടാം.

നിങ്ങൾ ഒരുമിച്ച്‌ സമയം ചെലവഴിക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങളും മൂല്യങ്ങളും ഒക്കെ ഒരുപോലെയുള്ളതാണോ എന്നു തിരിച്ചറിയാനാകും

എന്നാൽ കോവിഡ്‌-19 മഹാമാരിപോലുള്ള കാരണങ്ങൾകൊണ്ട്‌ ഇങ്ങനെ ഒരുമിച്ച്‌ കൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിച്ചാണു നമ്മൾ മീറ്റിങ്ങുകൾ കൂടുന്നത്‌. അത്തരം സന്ദർഭങ്ങളിലും കല്യാണം കഴിക്കാത്ത മറ്റു സാക്ഷികളെ പരിചയപ്പെടാനാകും. അവർ മീറ്റിങ്ങുകളിൽ പരിപാടി നടത്തുന്നതും ഉത്തരം പറയുന്നതും ഒക്കെ കേട്ടാൽ യഹോവയുമായുള്ള അവരുടെ ബന്ധം എത്ര ശക്തമാണെന്ന്‌ ഒരു പരിധിവരെ നമുക്കു മനസ്സിലാക്കാനായേക്കും. (1 തിമൊ. 6:11, 12) മീറ്റിങ്ങിനു ശേഷം ബ്രേക്കൗട്ട്‌ റൂമിൽ വെച്ചും നിങ്ങൾക്ക്‌ അവരെ പരിചയപ്പെടാനാകും. ഇനി, ഇലക്ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സാമൂഹികകൂടിവരവുകളിലും നമുക്ക്‌ താത്‌പര്യമുള്ള വ്യക്തിയെ നിരീക്ഷിക്കാനായേക്കും. മറ്റുള്ളവരുമായി ഇടപെടുന്ന രീതി നോക്കിയാൽ ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചും മറ്റും നമുക്ക്‌ ഒരു ഏകദേശധാരണ കിട്ടും. (1 പത്രോ. 3:4) നിങ്ങൾ കൂടുതൽ അടുത്ത്‌ അറിയുമ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങളും മൂല്യങ്ങളും ഒക്കെ ഒരുപോലെയുള്ളതാണോ, നിങ്ങൾക്കു തമ്മിൽ യോജിച്ചുപോകാനാകുമോ എന്നെല്ലാം തിരിച്ചറിയാനാകും.

ഇങ്ങനെ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ തന്റെ ഭാവിയിണയെ കണ്ടെത്താൻ ഒരാൾ ശ്രമിക്കുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ അവരുടെ വിവാഹജീവിതം സന്തോഷമുള്ളതായിരിക്കും. സുഭാഷിതങ്ങളിൽ പറഞ്ഞിരിക്കുന്ന ഈ വാക്കുകൾ എത്ര സത്യമാണെന്ന്‌ അവർ തിരിച്ചറിയും: “നല്ല ഭാര്യയെ (അഥവാ ഭർത്താവിനെ) കിട്ടുന്നവനു (അഥവാ കിട്ടുന്നവൾക്കു) നന്മ കിട്ടുന്നു; അവന്‌ (അഥവാ അവൾക്ക്‌) യഹോവയുടെ പ്രീതിയുണ്ട്‌.”—സുഭാ. 18:22.