പഠനലേഖനം 5
“ഏതു പുരുഷന്റെയും തല ക്രിസ്തു”
“ഏതു പുരുഷന്റെയും തല ക്രിസ്തു.”—1 കൊരി. 11:3.
ഗീതം 12 യഹോവ മഹാദൈവം
പൂർവാവലോകനം *
1. ഒരു പുരുഷൻ ഭാര്യയോടും മക്കളോടും ഇടപെടുന്ന രീതിയെ എന്തെല്ലാം കാര്യങ്ങൾ സ്വാധീനിച്ചേക്കാം?
ശിരഃസ്ഥാനം എന്ന വാക്ക് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? നാട്ടിലും കുടുംബത്തിലും കണ്ടുവളർന്ന രീതിയനുസരിച്ചാണ് ചില പുരുഷന്മാർ ഭാര്യയോടും മക്കളോടും ഇടപെടുന്നത്. യൂറോപ്പിലെ യാനിത എന്ന സഹോദരി പറയുന്നു: “സ്ത്രീകൾ പുരുഷന്മാരെക്കാൾ താഴ്ന്നവരാണ് എന്നും അവർക്ക് വേലക്കാരുടെ സ്ഥാനമേ നൽകേണ്ടതുള്ളൂ എന്നും ആണ് ഞാൻ താമസിക്കുന്ന സ്ഥലത്തെ ആളുകൾ ഉറച്ച് വിശ്വസിക്കുന്നത്.” ഐക്യനാടുകളിൽ താമസിക്കുന്ന ലൂക്ക് സഹോദരന്റെ വാക്കുകൾ ഇതാണ്: “സ്ത്രീകളുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അതുകൊണ്ട് പുരുഷന്മാർ അവർ പറയുന്നത് കേൾക്കേണ്ട കാര്യമില്ല എന്നാണ് ചില പിതാക്കന്മാർ തങ്ങളുടെ ആൺമക്കളെ പഠിപ്പിക്കുന്നത്.” എന്നാൽ ഭാര്യമാരോട് ആ വിധത്തിൽ ഇടപെടാനല്ല യഹോവ ആഗ്രഹിക്കുന്നത്. (മർക്കോസ് 7:13 താരതമ്യം ചെയ്യുക.) അങ്ങനെയെങ്കിൽ ഒരു പുരുഷന് എങ്ങനെ ഒരു നല്ല കുടുംബനാഥനാകാൻ കഴിയും?
2. ഒരു കുടുംബനാഥൻ എന്തെല്ലാം അറിഞ്ഞിരിക്കണം, എന്തുകൊണ്ട്?
2 ഒരു നല്ല കുടുംബനാഥൻ ആയിരിക്കണമെങ്കിൽ തന്നിൽനിന്ന് യഹോവ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ആദ്യം മനസ്സിലാക്കണം. യഹോവ എന്തിനാണ് ശിരഃസ്ഥാനക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം അറിഞ്ഞിരിക്കണം. കൂടാതെ, ഇക്കാര്യത്തിൽ യഹോവയും യേശുവും വെച്ച മാതൃക എങ്ങനെ അനുകരിക്കാമെന്നും പഠിക്കണം. ഒരു പുരുഷൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, യഹോവ കുടുംബനാഥന്മാർക്ക് ഒരളവുവരെ അധികാരം കൊടുത്തിട്ടുണ്ട്. അവർ അത് നല്ല രീതിയിൽ ഉപയോഗിക്കാനും യഹോവ പ്രതീക്ഷിക്കുന്നു.—ലൂക്കോ. 12:48ബി.
എന്താണ് ശിരഃസ്ഥാനം?
3. 1 കൊരിന്ത്യർ 11:3 ശിരഃസ്ഥാനത്തെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
3 (1 കൊരിന്ത്യർ 11:3 വായിക്കുക.) സ്വർഗത്തിലും ഭൂമിയിലും ഉള്ള തന്റെ കുടുംബത്തെ യഹോവ എങ്ങനെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഈ വാക്യം പറയുന്നു. സകലത്തിന്റെയും “തല” അഥവാ പരമാധികാരി യഹോവയാണ്. ശിരഃസ്ഥാനക്രമീകരണത്തിലൂടെ യഹോവ ചില അധികാരങ്ങൾ മറ്റുള്ളവർക്കും നൽകിയിട്ടുണ്ട്. എങ്കിലും തങ്ങളുടെ അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ അവർ യഹോവയോട് കണക്കു ബോധിപ്പിക്കണം. (റോമ. 14:10; എഫെ. 3:14, 15) സഭയുടെ മേൽ യഹോവ യേശുവിന് അധികാരം കൊടുത്തിട്ടുണ്ട്. എങ്കിലും നമ്മുടെ മേൽ ആ അധികാരം ഉപയോഗിക്കുന്ന വിധത്തെക്കുറിച്ച് യേശു യഹോവയോട് കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. (1 കൊരി. 15:27) അതുപോലെ, യഹോവ ഭർത്താവിന് ഭാര്യയുടെയും മക്കളുടെയും മേൽ അധികാരം നൽകിയിട്ടുണ്ട്. എന്നാൽ ആ അധികാരം ഉപയോഗിക്കുമ്പോൾ യഹോവയും യേശുവും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർക്കണം.—1 പത്രോ. 3:7.
4. യഹോവയ്ക്കും യേശുവിനും എന്തിനുള്ള അധികാരമുണ്ട്?
4 അഖിലാണ്ഡകുടുംബത്തിന്റെ തലയായ യഹോവയ്ക്ക് തന്റെ മക്കൾക്ക് വേണ്ട നിയമങ്ങൾ നൽകാനും അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും അധികാരമുണ്ട്. (യശ. 33:22) ക്രിസ്തീയസഭയുടെ തലയായ യേശുവിനും നിയമങ്ങൾ വെക്കാനും അവ പാലിക്കാത്തവർക്കു ശിക്ഷണം കൊടുക്കാനും ഉള്ള അധികാരമുണ്ട്.—ഗലാ. 6:2; കൊലോ. 1:18-20.
5. ഒരു കുടുംബനാഥന് എന്തിനുള്ള അധികാരമുണ്ട്, പക്ഷേ അദ്ദേഹത്തിന്റെ അധികാരം പരിധികൾ ഇല്ലാത്തതാണോ? വിശദീകരിക്കുക.
5 യഹോവയെയും യേശുവിനെയും പോലെ ഒരു കുടുംബനാഥനും തന്റെ കുടുംബത്തിൽ നിയമങ്ങൾ വെക്കാനുള്ള അധികാരമുണ്ട്. (റോമ. 7:2; എഫെ. 6:4) എങ്കിലും അദ്ദേഹത്തിന്റെ അധികാരത്തിന് ചില പരിധികളുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം വെക്കുന്ന നിയമങ്ങൾ ദൈവവചനത്തിലെ തത്ത്വങ്ങൾക്ക് ചേർച്ചയിലായിരിക്കണം. (സുഭാ. 3:5, 6) മാത്രമല്ല, തന്റെ കുടുംബത്തിലെ അംഗമല്ലാത്ത ഒരാളുടെ മേൽ നിയമങ്ങൾ വെക്കാനുള്ള അധികാരം ഒരു കുടുംബനാഥനില്ല. (റോമ. 14:4) ഇനി, മുതിർന്നശേഷം വീടു വിട്ടുപോകുന്ന അദ്ദേഹത്തിന്റെ ആൺമക്കളുടെയും പെൺമക്കളുടെയും കാര്യമോ? അവർ തുടർന്നും അദ്ദേഹത്തെ ബഹുമാനിക്കും, പക്ഷേ അവർ അദ്ദേഹത്തിന്റെ ശിരഃസ്ഥാനത്തിന് കീഴിലായിരിക്കില്ല.—മത്താ. 19:5.
ശിരഃസ്ഥാനം ഏർപ്പെടുത്തിയതിന്റെ കാരണം
6. എന്തിനുവേണ്ടിയാണ് യഹോവ ശിരഃസ്ഥാനക്രമീകരണം ഏർപ്പെടുത്തിയത്?
6 യഹോവയ്ക്ക് തന്റെ കുടുംബത്തോട് സ്നേഹം ഉള്ളതുകൊണ്ടാണ് ശിരഃസ്ഥാനം എന്ന ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. അത് ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്. ശിരഃസ്ഥാനം എന്ന ക്രമീകരണം ഉള്ളതുകൊണ്ടാണ് യഹോവയുടെ കുടുംബം സമാധാനത്തോടെയും ചിട്ടയോടെയും പ്രവർത്തിക്കുന്നത്. (1 കൊരി. 14:33, 40) നേതൃത്വമെടുക്കേണ്ടത് ആരാണെന്ന് വ്യക്തമല്ലെങ്കിൽ യഹോവയുടെ കുടുംബത്തിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായേനേ, സന്തോഷവും ഉണ്ടായിരിക്കില്ല. ഉദാഹരണത്തിന്, ശിരഃസ്ഥാനക്രമീകരണം ഇല്ലാത്തിടത്ത് ആരാണ് തീരുമാനമെടുക്കേണ്ടതെന്നും അത് നടപ്പിലാക്കേണ്ടതെന്നും സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായേക്കാം.
7. എഫെസ്യർ 5:25, 28 അനുസരിച്ച്, പുരുഷൻ സ്ത്രീയുടെ മേൽ മേധാവിത്വം പുലർത്താൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടോ?
7 ശിരഃസ്ഥാനക്രമീകരണം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് ചില സ്ത്രീകൾക്ക് ഭർത്താക്കന്മാർ തങ്ങളുടെ മേൽ മേധാവിത്വം പുലർത്തി തങ്ങളെ അടിച്ചമർത്തുന്നതായി തോന്നുന്നത്? അതിനു കാരണം, പല പുരുഷന്മാരും യഹോവയുടെ നിലവാരങ്ങൾക്കു പകരം നാട്ടിലെ രീതികൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ്. ചിലർ ഭാര്യമാരോട് മോശമായി പെരുമാറുന്നത് സ്വാർഥതാത്പര്യങ്ങളെ തൃപ്തിപ്പെടുത്താനാണ്. ഉദാഹരണത്തിന്, തന്റെതന്നെ ആത്മാഭിമാനം വർധിപ്പിക്കാനും താനൊരു ‘ആണാണെന്ന്’ മറ്റുള്ളവരെ കാണിക്കാനും ഒക്കെ ചിലർ തങ്ങളുടെ ഭാര്യയെ അടക്കിഭരിക്കുന്നു. ഭാര്യയിൽനിന്നും സ്നേഹം പിടിച്ചുവാങ്ങാൻ തനിക്ക് കഴിയില്ലെങ്കിലും അവളെ പേടിപ്പിച്ച് വരച്ച വരയിൽ നിറുത്താം എന്ന് അദ്ദേഹം ചിന്തിച്ചേക്കാം. * ഈ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പുരുഷന്മാർ സ്ത്രീകൾക്ക് അർഹമായ ബഹുമാനവും ആദരവും കൊടുക്കുന്നില്ല. അത് യഹോവയുടെ ഇഷ്ടത്തിന് നേർവിപരീതമാണ്.—എഫെസ്യർ 5:25, 28 വായിക്കുക.
ഒരു പുരുഷന് എങ്ങനെ നല്ല കുടുംബനാഥനാകാം?
8. നല്ല കുടുംബനാഥനായിരിക്കാൻ ഒരു പുരുഷന് എങ്ങനെ പഠിക്കാം?
8 യഹോവയും യേശുവും അധികാരം ഉപയോഗിക്കുന്ന വിധം അനുകരിക്കുന്നെങ്കിൽ ഒരു പുരുഷന് പതുക്കെപ്പതുക്കെ ഒരു നല്ല കുടുംബനാഥനാകാൻ കഴിയും. യഹോവയും യേശുവും കാണിക്കുന്ന രണ്ടു ഗുണങ്ങൾ മാത്രം ഒന്ന് നോക്കാം. ഭാര്യയോടും മക്കളോടും ഇടപെടുമ്പോൾ കുടുംബനാഥന് എങ്ങനെ ഈ ഗുണങ്ങൾ കാണിക്കാമെന്ന് ചിന്തിക്കുക.
9. യഹോവ എങ്ങനെയാണ് താഴ്മ കാണിച്ചത്?
9 താഴ്മ. യഹോവയ്ക്ക് മറ്റ് എല്ലാവരെക്കാളും ജ്ഞാനമുണ്ട്. എങ്കിലും, തന്റെ ദാസരുടെ ഉൽപ. 18:23, 24, 32) തന്റെ അധികാരത്തിൻകീഴിലുള്ളവർക്ക് തങ്ങളുടെ നിർദേശങ്ങൾ പറയാനുള്ള അവസരവും യഹോവ കൊടുക്കുന്നു. (1 രാജാ. 22:19-22) യഹോവ പൂർണനാണ്. എങ്കിലും യഹോവ നമ്മളിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ല. പകരം ദൈവസേവനം നന്നായി ചെയ്യാൻ അപൂർണരായ മനുഷ്യരെ യഹോവ സഹായിക്കുന്നു. (സങ്കീ. 113:6, 7; 27:9; എബ്രാ. 13:6) യഹോവ താഴ്മയോടെ സഹായിച്ചതുകൊണ്ട് മാത്രമാണ് തന്നെ ഏൽപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദിത്വം ചെയ്തുതീർക്കാൻ കഴിഞ്ഞതെന്നു ദാവീദ് രാജാവ് സമ്മതിച്ചുപറഞ്ഞു.—2 ശമു. 22:36.
അഭിപ്രായങ്ങൾ യഹോവ ശ്രദ്ധിക്കുന്നു. (10. യേശു എങ്ങനെയാണ് താഴ്മ കാണിച്ചത്?
10 ഇനി, യേശുവിന്റെ മാതൃക നോക്കാം. ശിഷ്യന്മാരുടെ കർത്താവും ഗുരുവും ആയിരുന്നിട്ടുകൂടി യേശു അവരുടെ കാലുകൾ കഴുകി. എന്തുകൊണ്ടായിരിക്കാം യഹോവ ഇക്കാര്യം ബൈബിളിൽ രേഖപ്പെടുത്തിവെച്ചത്? തീർച്ചയായും, കുടുംബനാഥന്മാർ ഉൾപ്പെടെ എല്ലാവരും അനുകരിക്കുന്നതിനുവേണ്ടിയാണ് അത്. യേശു പറഞ്ഞു: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്.” (യോഹ. 13:12-17) യേശുവിന് വലിയ അധികാരമുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ തന്നെ ശുശ്രൂഷിക്കാൻ യേശു ആഗ്രഹിച്ചില്ല. പകരം, യേശു അവരെ ശുശ്രൂഷിച്ചു.—മത്താ. 20:28.
11. താഴ്മയുടെ കാര്യത്തിൽ യഹോവയും യേശുവും വെച്ച മാതൃകയിൽനിന്ന് ഒരു കുടുംബനാഥന് എന്തു പഠിക്കാം?
11 നമുക്കുള്ള പാഠങ്ങൾ. ഒരു കുടുംബനാഥന് പല വിധങ്ങളിൽ താഴ്മ കാണിക്കാനാകും. ഉദാഹരണത്തിന്, ഭാര്യയിൽനിന്നും മക്കളിൽനിന്നും അദ്ദേഹം പൂർണത പ്രതീക്ഷിക്കില്ല. തന്റെ അഭിപ്രായത്തോട് യോജിക്കാത്തപ്പോൾപ്പോലും ഭാര്യയും മക്കളും പറയുന്നത് അദ്ദേഹം ശ്രദ്ധിക്കും. ഐക്യനാടുകളിൽ താമസിക്കുന്ന മാർലി പറയുന്നു: “ചിലപ്പോഴൊക്കെ എനിക്കും ഭർത്താവിനും ഒരു കാര്യത്തെക്കുറിച്ച് രണ്ട് അഭിപ്രായമായിരിക്കും. എങ്കിലും ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് അദ്ദേഹം എന്നോടും അഭിപ്രായം ചോദിക്കും, അത് ഗൗരവമായി എടുക്കുകയും ചെയ്യും. ഞാൻ വേണ്ടപ്പെട്ടവളാണെന്നും അദ്ദേഹം എന്നെ ബഹുമാനിക്കുന്നുണ്ടെന്നും അപ്പോൾ എനിക്ക് തോന്നും.” അങ്ങനെയുള്ള ഒരു ഭർത്താവ് വീട്ടുജോലികൾ ചെയ്യാൻ മനസ്സുള്ള ആളുമായിരിക്കും. ചിലപ്പോൾ ഇത് അൽപ്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. കാരണം ചില സമൂഹങ്ങളിൽ ഇത്തരം ജോലികൾ സ്ത്രീകൾ മാത്രമാണ് ചെയ്യേണ്ടത് എന്നൊരു ധാരണയുണ്ട്. ഉദാഹരണത്തിന്, റെയ്ച്ചൽ സഹോദരി പറയുന്നതു ശ്രദ്ധിക്കുക: “എന്റെ നാട്ടിൽ ഒരു ഭർത്താവ് പാത്രം കഴുകാനോ വീട് വൃത്തിയാക്കാനോ ഭാര്യയെ സഹായിച്ചാൽ അയൽക്കാരും ബന്ധുക്കളും ഇയാൾ ‘ശരിക്കും ഒരു ആണാണോ’ എന്നു ചോദിക്കും. ഭാര്യയെ തന്റെ വരുതിയിൽ നിറുത്താൻ അവന് അറിയില്ല എന്നു പറയും.” നിങ്ങളുടെ നാട്ടിലും ആളുകൾക്ക് ഇതേ മനോഭാവമാണ് ഉള്ളതെങ്കിൽ ഓർക്കുക, യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി, അക്കാലത്ത് ഇത് ഒരു അടിമ ചെയ്യേണ്ട ജോലിയായിരുന്നിട്ടുകൂടി. മറ്റുള്ളവരുടെ മുന്നിൽ താനൊരു വലിയ ആളാണെന്ന് കാണിക്കുക എന്നതായിരിക്കില്ല
ഒരു നല്ല കുടുംബനാഥന്റെ ലക്ഷ്യം. മറിച്ച്, ഭാര്യയുടെയും കുട്ടികളുടെയും സന്തോഷമായിരിക്കും അദ്ദേഹത്തിന് പ്രധാനം. താഴ്മയോടൊപ്പം ഒരു നല്ല കുടുംബനാഥന് ഏതു ഗുണവുംകൂടെ ആവശ്യമാണ്?12. എന്തെല്ലാം ചെയ്യാൻ സ്നേഹം യഹോവയെയും യേശുവിനെയും പ്രേരിപ്പിച്ചിരിക്കുന്നു?
12 സ്നേഹം. ഓരോ കാര്യവും ചെയ്യാൻ യഹോവയെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് സ്നേഹമാണ്. (1 യോഹ. 4:7, 8) യഹോവയുടെ എല്ലാ പ്രവൃത്തികളിലും നമുക്ക് സ്നേഹം കാണാം. ദൈവവചനമായ ബൈബിളിലൂടെയും തന്റെ സംഘടനയിലൂടെയും യഹോവ സ്നേഹത്തോടെ നമ്മുടെ ആത്മീയാവശ്യങ്ങൾക്കായി കരുതുന്നു. കൂടാതെ, യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു നൽകിക്കൊണ്ട് നമ്മുടെ മനസ്സിന് കരുത്തു പകരുന്നു. ഇനി, നമ്മുടെ അനുദിന ആവശ്യങ്ങളുടെ കാര്യമോ? ‘നമ്മൾ അനുഭവിക്കുന്നതെല്ലാം ഉദാരമായി തരുന്ന ദൈവമാണ്’ യഹോവ. (1 തിമൊ. 6:17) നമുക്ക് തെറ്റുകൾ പറ്റുമ്പോൾ യഹോവ നമ്മളെ തിരുത്തുന്നുണ്ട് എന്നതു ശരിയാണ്. പക്ഷേ അതോടെ യഹോവയ്ക്ക് നമ്മളോടുള്ള സ്നേഹം ഇല്ലാതാകുന്നില്ല. സ്നേഹമുള്ളതുകൊണ്ടാണ് യഹോവ നമുക്കായി മോചനവില ഏർപ്പെടുത്തിയത്. യേശുവിന്റെ കാര്യം നോക്കിയാൽ, സ്വന്തം ജീവൻ നമുക്കുവേണ്ടി തരാൻമാത്രം യേശു നമ്മളെ സ്നേഹിച്ചിരിക്കുന്നു. (യോഹ. 3:16; 15:13) തങ്ങളുടെ വിശ്വസ്തദാസരോട് യഹോവയ്ക്കും യേശുവിനും ഉള്ള സ്നേഹം ഇല്ലാതാക്കാൻ യാതൊന്നിനും കഴിയില്ല.—യോഹ. 13:1; റോമ. 8:35, 38, 39.
13. ഒരു കുടുംബനാഥൻ തന്റെ കുടുംബത്തോട് സ്നേഹം കാണിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (“ ഒരു നവവരന് എങ്ങനെ ഭാര്യയുടെ ബഹുമാനം നേടിയെടുക്കാം?” എന്ന ചതുരവും കാണുക.)
13 നമുക്കുള്ള പാഠങ്ങൾ. ഒരു കുടുംബനാഥൻ ചെയ്യുന്ന ഓരോ കാര്യത്തിനും പിന്നിലെ കാരണം സ്നേഹമായിരിക്കണം. അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അതിന്റെ ഉത്തരം അപ്പോസ്തലനായ യോഹന്നാൻ തരുന്നുണ്ട്: “കാണുന്ന സഹോദരനെ (കുടുംബത്തെ) സ്നേഹിക്കാത്തയാൾ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?” (1 യോഹ. 4:11, 20) കുടുംബത്തെ സ്നേഹിക്കുകയും യഹോവയെയും യേശുവിനെയും അനുകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാൾ തന്റെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കും വൈകാരിക ആവശ്യങ്ങൾക്കും അനുദിന ആവശ്യങ്ങൾക്കും ആയി കരുതും. (1 തിമൊ. 5:8) അദ്ദേഹം മക്കളെ പരിശീലിപ്പിക്കുകയും അവർക്ക് വേണ്ട ശിക്ഷണം നൽകുകയും ചെയ്യും. യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്നതും കുടുംബത്തിനു പ്രയോജനം ചെയ്യുന്നതും ആയ തീരുമാനങ്ങളെടുക്കാനായിരിക്കും അദ്ദേഹം എപ്പോഴും ശ്രമിക്കുക. കുടുംബനാഥൻ ചെയ്യേണ്ട ഈ ഓരോ കാര്യങ്ങളും നമുക്ക് ഒന്ന് അടുത്ത് ചിന്തിക്കാം. അതുവഴി, യഹോവയെയും യേശുവിനെയും അദ്ദേഹത്തിന് എങ്ങനെ അനുകരിക്കാം എന്നും നോക്കാം.
ഒരു കുടുംബനാഥൻ ചെയ്യേണ്ടത്
14. ഒരു കുടുംബനാഥന് തന്റെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി എങ്ങനെ കരുതാം?
14 കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുക. പിതാവിനെ അനുകരിച്ചുകൊണ്ട്, ആത്മീയമായി ശക്തരായി നിൽക്കുന്നതിന് തന്റെ അനുയായികളെ സഹായിക്കാൻ യേശു ആഗ്രഹിച്ചു. (മത്താ. 5:3, 6; മർക്കോ. 6:34) അതുപോലെ, തന്റെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കായിരിക്കണം ഒരു കുടുംബനാഥൻ ഒന്നാം സ്ഥാനം കൊടുക്കേണ്ടത്. (ആവ. 6:6-9) അതിനായി, താനും തന്റെ കുടുംബാംഗങ്ങളും ദൈവവചനം വായിക്കുകയും മീറ്റിങ്ങുകൾക്ക് ഹാജരാകുകയും സന്തോഷവാർത്ത പ്രസംഗിക്കുകയും അതുപോലെ യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുകയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പു വരുത്തും.
15. യഹോവയെയും യേശുവിനെയും അനുകരിച്ചുകൊണ്ട് കുടുംബത്തിന്റെ വൈകാരിക ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ ഒരു കുടുംബനാഥന് എന്തു ചെയ്യാം?
15 കുടുംബത്തിന്റെ വൈകാരിക ആവശ്യങ്ങൾക്കായി കരുതുക. താൻ യേശുവിനെ സ്നേഹിക്കുന്നുണ്ടെന്ന് നേരിട്ട് പറയാൻ യഹോവ ഒരു മടിയും കാണിച്ചില്ല. (മത്താ. 3:17) അതുപോലെ, യേശുവും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ശിഷ്യന്മാരോടുള്ള സ്നേഹം പ്രകടിപ്പിച്ചു. തങ്ങൾ യേശുവിനെ സ്നേഹിക്കുന്നുണ്ടെന്ന് ശിഷ്യന്മാരും പറഞ്ഞു. (യോഹ. 15:9, 12, 13; 21:16) ഭാര്യക്കും മക്കൾക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങളിലൂടെ ഒരു കുടുംബനാഥന് താൻ അവരെ സ്നേഹിക്കുന്നു എന്ന് കാണിക്കാം. അവരോടൊപ്പം ഇരുന്ന് ബൈബിൾ പഠിക്കുന്നതാണ് അതിനുള്ള ഒരു വിധം. ഒപ്പം താൻ അവരെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് തുറന്നുപറയുകയും വേണം. ഉചിതമായ അവസരങ്ങളിൽ മറ്റുള്ളവരുടെ മുന്നിൽവെച്ച് അവരെ അഭിനന്ദിക്കുകയുമാകാം.—സുഭാ. 31: 28, 29.
16. ഒരു കുടുംബനാഥൻ മറ്റെന്തുംകൂടെ ചെയ്യണം, പക്ഷേ ഏതു കാര്യം അദ്ദേഹം ശ്രദ്ധിക്കണം?
16 കുടുംബത്തിന്റെ അനുദിന ആവശ്യങ്ങൾക്കായി കരുതുക. അനുസരണക്കേടു കാണിച്ചതിന് ശിക്ഷിച്ച സമയത്തുപോലും യഹോവ ഇസ്രായേല്യരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി കരുതി. (ആവ. 2:7; 29:5) ഇന്ന് നമുക്കുവേണ്ടിയും യഹോവ കരുതുന്നു. (മത്താ. 6:31-33; 7:11) അതുപോലെ യേശു, തന്നെ അനുഗമിച്ചവർക്ക് വിശന്നപ്പോൾ ആഹാരം കൊടുത്തു. (മത്താ. 14:17-20) കൂടാതെ, രോഗികളെ സൗഖ്യമാക്കിക്കൊണ്ട് ആളുകളുടെ ആരോഗ്യകാര്യത്തിലും യേശു ശ്രദ്ധ കാണിച്ചു. (മത്താ. 4:24) യഹോവയെ സന്തോഷിപ്പിക്കണമെങ്കിൽ ഒരു കുടുംബനാഥൻ കുടുംബത്തിന്റെ അനുദിന ആവശ്യങ്ങൾക്കുവേണ്ടി കരുതണം. എങ്കിലും അത് ചെയ്യുമ്പോൾ അദ്ദേഹം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാനുള്ള വ്യഗ്രതയിൽ ഒരു കുടുംബനാഥൻ ജോലിയിൽ മുഴുകിപ്പോകാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ കുടുംബത്തിന്റെ ആത്മീയവും വൈകാരികവും ആയ ആവശ്യങ്ങൾ വേണ്ടപോലെ തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിന് കഴിയാതെവന്നേക്കാം.
17. പരിശീലനവും ശിക്ഷണവും നൽകുന്ന കാര്യത്തിൽ യഹോവയും യേശുവും എന്തു മാതൃകവെച്ചു?
17 പരിശീലിപ്പിക്കുക. നമ്മുടെ നന്മയെ കരുതി യഹോവ നമ്മളെ പരിശീലിപ്പിക്കുകയും വേണ്ട ശിക്ഷണം നൽകുകയും ചെയ്യുന്നു. (എബ്രാ. 12:7-9) തന്റെ പിതാവിനെപ്പോലെ യേശുവും തന്റെ അധികാരത്തിൻകീഴിലുള്ളവരെ സ്നേഹത്തോടെ പരിശീലിപ്പിക്കുന്നു. (യോഹ. 15:14, 15) യേശു ശക്തമായ ബുദ്ധിയുപദേശം നൽകിയപ്പോഴും ദയയോടെയാണ് അതു ചെയ്തത്. (മത്താ. 20:24-28) കാരണം, നമ്മൾ അപൂർണരാണെന്നും നമുക്ക് തെറ്റുകൾ പറ്റുമെന്നും യേശുവിന് അറിയാം.—മത്താ. 26:41.
18. ഭാര്യയോടും മക്കളോടും ഇടപെടുമ്പോൾ ഒരു കുടുംബനാഥൻ എന്ത് ഓർക്കും?
കൊലോ. 3:19) പകരം, ഗലാത്യർ 6:1-ൽ പറയുന്ന തത്ത്വം അനുസരിക്കും. താനും അപൂർണനാണെന്ന് ഓർത്തുകൊണ്ട് “സൗമ്യതയുടെ ആത്മാവിൽ” അവർക്കു വേണ്ട തിരുത്തൽ നൽകും. യേശുവിനെപ്പോലെ നല്ല മാതൃക വെക്കുന്നതാണ് അവരെ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി എന്ന് അദ്ദേഹത്തിന് അറിയാം.—1 പത്രോ. 2:21.
18 യഹോവയെയും യേശുവിനെയും അനുകരിക്കുന്ന ഒരു കുടുംബനാഥൻ കുടുംബത്തിലെ എല്ലാവരും അപൂർണരാണെന്ന് ഓർത്തുകൊണ്ടായിരിക്കും അവരോട് ഇടപെടുന്നത്. അദ്ദേഹം തന്റെ ഭാര്യയോടും മക്കളോടും ‘വല്ലാതെ ദേഷ്യപ്പെടില്ല.’ (19-20. തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ ഒരു കുടുംബനാഥന് എങ്ങനെ യഹോവയെയും യേശുവിനെയും അനുകരിക്കാം?
19 സ്വാർഥതയില്ലാത്ത തീരുമാനങ്ങളെടുക്കുക. മറ്റുള്ളവർക്ക് ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ് യഹോവ എല്ലായ്പോഴും എടുക്കുന്നത്. ഉദാഹരണത്തിന്, യഹോവ എല്ലാം സൃഷ്ടിച്ചത് തനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാക്കാനല്ല. മറിച്ച്, നമ്മൾ ജീവിതം ആസ്വദിക്കാൻവേണ്ടിയാണ്. നമ്മുടെ പാപങ്ങൾക്കു പരിഹാരമായി സ്വന്തം മകനെ നൽകിയത് യഹോവയെ ആരും നിർബന്ധിച്ചിട്ടല്ല. പകരം, നമ്മളെ സഹായിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ്. അതുപോലെ, യേശുവും മറ്റുള്ളവരുടെ താത്പര്യങ്ങൾ മുൻനിറുത്തിയുള്ള തീരുമാനങ്ങളാണ് എടുത്തത്. (റോമ. 15:3) ഉദാഹരണത്തിന്, വലിയൊരു ജനക്കൂട്ടം തന്റെ അടുത്ത് വന്നപ്പോൾ ക്ഷീണമൊന്നും വകവെക്കാതെ യേശു അവരെ പഠിപ്പിക്കാൻ തീരുമാനിച്ചു.—മർക്കോ. 6:31-34.
20 കുടുംബത്തിനുവേണ്ടി നല്ലനല്ല തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് ഒരു കുടുംബനാഥന് അറിയാം. ആ ഉത്തരവാദിത്വം അദ്ദേഹം വളരെ ഗൗരവമായി എടുക്കുന്നു. അദ്ദേഹം ഒരിക്കലും വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ പെട്ടെന്ന് ഒരു വികാരത്തിന്റെ പുറത്ത് തീരുമാനം എടുക്കില്ല. പകരം, ഇക്കാര്യത്തിൽ തന്നെ പരിശീലിപ്പിക്കാൻ യഹോവയെ അനുവദിക്കും. * (സുഭാ. 2:6, 7) അങ്ങനെ, തനിക്ക് എന്ത് പ്രയോജനം കിട്ടുമെന്നല്ല, മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നു ചിന്തിക്കാൻ അദ്ദേഹം ശീലിക്കും.—ഫിലി. 2:4.
21. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
21 യഹോവ കുടുംബനാഥന്മാരെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം അത്ര എളുപ്പമുള്ള ഒന്നല്ല. അവർ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന വിധത്തെക്കുറിച്ച് യഹോവയോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്. യഹോവയെയും യേശുവിനെയും അനുകരിക്കുന്നെങ്കിൽ ഒരു ഭർത്താവിന് നല്ല കുടുംബനാഥനായിരിക്കാൻ കഴിയും. അതുപോലെ ഒരു ഭാര്യ, തന്റെ ധർമവും നന്നായി ചെയ്യുമ്പോൾ വിവാഹജീവിതം സന്തോഷമുള്ളതായിത്തീരും. ആകട്ടെ, ഒരു ഭാര്യ ശിരഃസ്ഥാനത്തെ എങ്ങനെയാണ് കാണേണ്ടത്? ഭാര്യയെന്ന നിലയിൽ ഒരു സ്ത്രീ നേരിട്ടേക്കാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.
ഗീതം 16 അഭിഷിക്തനാം മകനെപ്രതി യാഹിനെ സ്തുതിപ്പിൻ!
^ ഖ. 5 ഒരു വ്യക്തി വിവാഹിതനാകുമ്പോൾ അദ്ദേഹം ഒരു പുതിയ കുടുംബത്തിന്റെ ശിരസ്സായിത്തീരുന്നു. എന്താണ് ശിരഃസ്ഥാനം, എന്തിനുവേണ്ടിയാണ് യഹോവ അങ്ങനെ ഒരു ക്രമീകരണം വെച്ചിരിക്കുന്നത്, യഹോവയുടെയും യേശുവിന്റെയും മാതൃകയിൽനിന്ന് പുരുഷന്മാർക്ക് എന്തെല്ലാം പഠിക്കാം എന്നെല്ലാം ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. അടുത്ത ലേഖനത്തിൽ, യേശുവിൽനിന്നും ബൈബിളിലെ മറ്റു ചില കഥാപാത്രങ്ങളിൽനിന്നും ഭർത്താക്കന്മാർക്കും ഭാര്യമാർക്കും എന്തെല്ലാം പഠിക്കാം എന്നും നമ്മൾ കാണും. മൂന്നാമത്തെ ലേഖനം സഭയിലെ ശിരഃസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യും.
^ ഖ. 7 ഭാര്യയോട് മോശമായി പെരുമാറുന്നതും അവളെ ഉപദ്രവിക്കുന്നതും ഒന്നും തെറ്റല്ല എന്ന കാഴ്ചപ്പാട് സിനിമകളിലും നാടകങ്ങളിലും ഹാസ്യപുസ്തകങ്ങളിൽപ്പോലും സർവസാധാരണമാണ്. അതുകൊണ്ട് പുരുഷൻ ഭാര്യയുടെ മേൽ മേധാവിത്വം പുലർത്തുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് ആളുകൾ ചിന്തിക്കുന്നു.
^ ഖ. 20 നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ, 2011 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 13-17 പേജുകളിലെ “ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക” എന്ന ലേഖനം കാണുക.