വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 8

പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം?

പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും എങ്ങനെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാം?

“എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു വിവി​ധ​പ​രീ​ക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ അതിൽ സന്തോ​ഷി​ക്കുക.”—യാക്കോ. 1:2.

ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ

പൂർവാവലോകനം *

1-2. മത്തായി 5:11 അനുസ​രിച്ച്‌ പ്രശ്‌ന​ങ്ങളെ നമ്മൾ എങ്ങനെ​യാ​ണു കാണേ​ണ്ടത്‌?

തന്റെ ശിഷ്യ​ന്മാർ ശരിക്കും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​മെന്നു യേശു ഉറപ്പു തന്നിട്ടുണ്ട്‌. അതേസ​മയം, അവർക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും യേശു മുന്നറി​യി​പ്പു കൊടു​ത്തു. (മത്താ. 10:22, 23; ലൂക്കോ. 6:20-23) ക്രിസ്‌തു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​രി​ക്കു​ന്ന​തിൽ നമ്മൾ സന്തോ​ഷി​ക്കു​ന്നു. എന്നാൽ വിശ്വാ​സ​ത്തി​ന്റെ പേരിൽ വീട്ടു​കാർ നമ്മളെ എതിർക്കു​ക​യോ ഗവൺമെന്റ്‌ അധികാ​രി​കൾ നമ്മളെ ഉപദ്ര​വി​ക്കു​ക​യോ ചെയ്‌താ​ലോ? അല്ലെങ്കിൽ കൂടെ ജോലി ചെയ്യു​ന്ന​വ​രോ സഹപാ​ഠി​ക​ളോ തെറ്റായ എന്തെങ്കി​ലും ചെയ്യാൻ നമ്മളെ നിർബ​ന്ധി​ച്ചാ​ലോ? ഇതെക്കു​റി​ച്ചൊ​ക്കെ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ ഉത്‌കണ്‌ഠ തോന്നുക സ്വാഭാ​വി​ക​മാണ്‌.

2 ഉപദ്ര​വ​ങ്ങളെ സന്തോ​ഷി​ക്കാ​നുള്ള കാരണ​മാ​യി സാധാരണ ആരും കാണാ​റില്ല. എന്നാൽ അങ്ങനെ ചെയ്യാ​നാണ്‌ ദൈവ​വ​ചനം നമ്മളോ​ടു പറയു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ നിരാ​ശ​യിൽ മുങ്ങി​ത്താ​ഴു​ന്ന​തി​നു പകരം, അതിനെ സന്തോ​ഷ​ത്തി​നുള്ള ഒരു കാരണ​മാ​യി കാണാൻ ശിഷ്യ​നായ യാക്കോബ്‌ ആവശ്യ​പ്പെട്ടു. (യാക്കോ. 1:2, 12) ഉപദ്ര​വങ്ങൾ നേരി​ടു​മ്പോൾപ്പോ​ലും നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്ക​ണ​മെന്നു യേശു​വും പറഞ്ഞി​ട്ടുണ്ട്‌. (മത്തായി 5:11 വായി​ക്കുക.) പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോ​ഴും നമുക്ക്‌ എങ്ങനെ സന്തോഷം നിലനി​റു​ത്താം? ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്ക്‌ യാക്കോബ്‌ എഴുതിയ കത്തിലെ ചില കാര്യങ്ങൾ പരി​ശോ​ധി​ക്കു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. ആദ്യം, അവർ നേരിട്ട പ്രശ്‌നങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു നമുക്കു നോക്കാം.

ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ നേരിട്ട പരി​ശോ​ധ​ന​കൾ

3. യാക്കോബ്‌ യേശു​വി​ന്റെ ശിഷ്യ​നാ​യി​ത്തീർന്ന്‌ അധികം താമസി​യാ​തെ എന്തു സംഭവി​ച്ചു?

3 യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ ഒരു ശിഷ്യ​നാ​യി​ത്തീർന്ന്‌ അധികം താമസി​യാ​തെ, യരുശ​ലേ​മി​ലെ ക്രിസ്‌ത്യാ​നി​കൾക്കു നേരെ കഠിന​മായ ഉപദ്ര​വങ്ങൾ പൊട്ടി​പ്പു​റ​പ്പെട്ടു. (പ്രവൃ. 1:14; 5:17, 18) ശിഷ്യ​നായ സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെ​ട്ട​പ്പോൾ പല ശിഷ്യ​രും നഗരം വിട്ട്‌ “യഹൂദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും ചിതറി​പ്പോ​യി.” അങ്ങനെ ഓടി​പ്പോ​യവർ അങ്ങു ദൂരെ സൈ​പ്രസ്‌, അന്ത്യോ​ക്യ എന്നീ പ്രദേ​ശ​ങ്ങൾവരെ എത്തി. (പ്രവൃ. 7:58–8:1; 11:19) അവർക്കു സഹി​ക്കേ​ണ്ടി​വന്ന കഷ്ടപ്പാ​ടു​കൾ നമുക്ക്‌ ഊഹി​ക്കാ​നേ കഴിയൂ. എന്നിട്ടും പോയ സ്ഥലങ്ങളി​ലെ​ല്ലാം അവർ ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു. അങ്ങനെ ധാരാളം പേർ ക്രിസ്‌ത്യാ​നി​ക​ളാ​യി, റോമൻ സാമ്രാ​ജ്യ​ത്തി​ലെ​ങ്ങും സഭകൾ സ്ഥാപി​ക്ക​പ്പെട്ടു. (1 പത്രോ. 1:1) പക്ഷേ ഇതിലും പ്രയാ​സ​മേ​റിയ കാലങ്ങ​ളാ​യി​രു​ന്നു അവരെ കാത്തി​രു​ന്നത്‌.

4. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു മറ്റ്‌ എന്തെല്ലാം പ്രശ്‌ന​ങ്ങൾകൂ​ടെ സഹി​ക്കേ​ണ്ടി​വന്നു?

4 ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്കു പലപല പ്രശ്‌ന​ങ്ങ​ളാ​ണു നേരി​ട്ടത്‌. ഉദാഹ​ര​ണ​ത്തിന്‌, ജൂതന്മാ​രെ​ല്ലാം റോം വിട്ടു​പോ​ക​ണ​മെന്ന്‌ എ.ഡി. 50-ൽ റോമൻ ചക്രവർത്തി​യായ ക്ലൗദ്യൊസ്‌ ഉത്തരവി​ട്ടു. അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന ജൂതന്മാർക്കും തങ്ങളുടെ വീട്‌ വിട്ട്‌ മറ്റു സ്ഥലങ്ങളി​ലേക്കു മാറേ​ണ്ടി​വന്നു. (പ്രവൃ. 18:1-3) തന്റെ സഹക്രി​സ്‌ത്യാ​നി​ക​ളിൽ പലരെ​യും പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ജയിലി​ലി​ടു​ക​യും അവരുടെ സ്വത്തുക്കൾ കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌തെന്ന്‌ എ.ഡി. 61-നോട​ടുത്ത്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി. (എബ്രാ. 10:32-34) കൂടാതെ മറ്റ്‌ ആളുക​ളെ​പ്പോ​ലെ, ക്രിസ്‌ത്യാ​നി​കൾക്കും ദാരി​ദ്ര്യ​വും രോഗ​വും ഒക്കെ അനുഭ​വി​ക്കേ​ണ്ടി​വന്നു.—റോമ. 15:26; ഫിലി. 2:25-27.

5. ഏതെല്ലാം ചോദ്യ​ങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തും?

5 യാക്കോബ്‌ തന്റെ കത്ത്‌ എഴുതു​ന്നത്‌, എ.ഡി. 62-നു മുമ്പാണ്‌. തന്റെ സഹോ​ദ​രങ്ങൾ അനുഭ​വി​ക്കുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തി​നു നന്നായി അറിയാ​മാ​യി​രു​ന്നു. അവർക്കു​വേണ്ട ചില നിർദേ​ശങ്ങൾ കൊടു​ക്കാൻ യഹോവ യാക്കോ​ബി​നെ ഉപയോ​ഗി​ച്ചു. ആ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌, പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോ​ഴും സന്തോഷം നിലനി​റു​ത്താൻ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. നമുക്ക്‌ ഇപ്പോൾ യാക്കോബ്‌ എഴുതിയ ആ കത്ത്‌ ഒന്ന്‌ പരി​ശോ​ധിച്ച്‌, പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താം: പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോ​ഴും ഒരു ക്രിസ്‌ത്യാ​നി സന്തോ​ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഏതെല്ലാം കാര്യങ്ങൾ ഒരു ക്രിസ്‌ത്യാ​നി​യു​ടെ സന്തോഷം കവർന്നു​ക​ള​ഞ്ഞേ​ക്കാം? ഇനി, നമ്മൾ നേരി​ടുന്ന പ്രശ്‌നം ഏതാ​ണെ​ങ്കി​ലും സന്തോഷം നിലനി​റു​ത്താൻ ജ്ഞാനം, വിശ്വാ​സം, ധൈര്യം എന്നീ ഗുണങ്ങൾ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

ഒരു ക്രിസ്‌ത്യാ​നി​യു​ടെ സന്തോ​ഷ​ത്തി​ന്റെ കാരണം എന്താണ്‌?

ഒരു റാന്തൽവി​ള​ക്കി​ന്റെ തീനാളം അതിന്റെ ചില്ലു​കൂ​ടി​നു​ള്ളിൽ കെടാതെ നിൽക്കു​ന്ന​തു​പോ​ലെ, യഹോ​വ​യിൽനി​ന്നുള്ള സന്തോഷം ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഉള്ളിൽ ജ്വലി​ച്ചു​നിൽക്കും (6-ാം ഖണ്ഡിക കാണുക)

6. ലൂക്കോസ്‌ 6:22, 23 അനുസ​രിച്ച്‌, പരി​ശോ​ധ​നകൾ നേരി​ടു​മ്പോൾ ഒരു ക്രിസ്‌ത്യാ​നി​ക്കു സന്തോ​ഷി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

6 ആളുകൾ കരുതു​ന്നത്‌, തങ്ങൾക്കു നല്ല ആരോ​ഗ്യ​വും ധാരാളം പണവും നല്ല ഒരു കുടും​ബ​വും ഉണ്ടെങ്കിൽ സന്തോഷം കിട്ടു​മെ​ന്നാണ്‌. പക്ഷേ യാക്കോബ്‌ ഇവിടെ പറയു​ന്നത്‌, ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു ഘടകമായ സന്തോ​ഷ​ത്തെ​ക്കു​റി​ച്ചാണ്‌. അത്‌ ഒരു വ്യക്തി​യു​ടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങളെ ആശ്രയി​ച്ചു​ള്ളതല്ല. (ഗലാ. 5:22) മറിച്ച്‌, താൻ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക​യാ​ണെ​ന്നും യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ക​യാ​ണെ​ന്നും അറിയു​ന്ന​തി​ലൂ​ടെ​യാണ്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ യഥാർഥ സന്തോഷം കിട്ടു​ന്നത്‌. (ലൂക്കോസ്‌ 6:22, 23 വായി​ക്കുക; കൊലോ. 1:10, 11) ഒരു റാന്തൽവി​ള​ക്കി​ന്റെ തീനാളം അതിന്റെ ചില്ലു​കൂ​ടി​നു​ള്ളിൽ കെടാതെ നിൽക്കു​ന്ന​തു​പോ​ലെ, ഇങ്ങനെ​യുള്ള സന്തോഷം ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഉള്ളിൽ ജ്വലി​ച്ചു​നിൽക്കും. ആരോ​ഗ്യം മോശ​മാ​യാ​ലോ സാമ്പത്തി​ക​ഞെ​രു​ക്ക​മു​ണ്ടാ​യാ​ലോ അതു മങ്ങി​പ്പോ​കു​ക​യില്ല. കുടും​ബാം​ഗ​ങ്ങ​ളോ മറ്റുള്ള​വ​രോ നമ്മളെ എതിർത്താ​ലും നമ്മളെ പരിഹ​സി​ച്ചാ​ലും നമ്മുടെ സന്തോഷം നഷ്ടപ്പെ​ടില്ല. എതിരാ​ളി​കൾ നമ്മുടെ സന്തോഷം കെടു​ത്തി​ക്ക​ള​യാൻ നോക്കു​മ്പോ​ഴൊ​ക്കെ അത്‌ അണഞ്ഞു​പോ​കു​ന്ന​തി​നു പകരം ആളിക്ക​ത്തു​ക​യാ​ണു ചെയ്യു​ന്നത്‌. കാരണം വിശ്വാ​സ​ത്തി​ന്റെ പേരിൽ പരി​ശോ​ധ​നകൾ സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ നമ്മൾ ക്രിസ്‌തു​വി​ന്റെ യഥാർഥ​ശി​ഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ക​യാണ്‌. (മത്താ. 10:22; 24:9; യോഹ. 15:20) അതു​കൊ​ണ്ടാണ്‌ യാക്കോ​ബിന്‌ ഇങ്ങനെ എഴുതാൻ കഴിഞ്ഞത്‌: “എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു വിവി​ധ​പ​രീ​ക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ അതിൽ സന്തോ​ഷി​ക്കുക.”—യാക്കോ. 1:2.

ഒരു ഇരുമ്പാ​യു​ധം പഴുപ്പിച്ച്‌ മൂർച്ച കൂട്ടാൻ ഉപയോ​ഗി​ക്കുന്ന തീപോ​ലെ​യാണ്‌ പരി​ശോ​ധ​നകൾ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (7-ാം ഖണ്ഡിക കാണുക) *

7-8. പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജ​ന​മുണ്ട്‌? വിശദീ​ക​രി​ക്കുക.

7 ക്രിസ്‌ത്യാ​നി​കൾ കഠിന​മായ പരി​ശോ​ധ​ന​കൾപോ​ലും സഹിച്ചു​നിൽക്കാൻ മനസ്സു കാണി​ക്കു​ന്ന​തി​ന്റെ മറ്റൊരു കാരണം​കൂ​ടി യാക്കോബ്‌ പറയുന്നു: “പരി​ശോ​ധ​ന​ക​ളി​ലൂ​ടെ മാറ്റു തെളി​യുന്ന വിശ്വാ​സം നിങ്ങൾക്കു സഹനശക്തി പകരും.” (യാക്കോ. 1:3) ഒരു ഇരുമ്പാ​യു​ധം പഴുപ്പിച്ച്‌, മൂർച്ച കൂട്ടാൻ ഉപയോ​ഗി​ക്കുന്ന തീപോ​ലെ​യാ​ണു പരി​ശോ​ധ​നകൾ എന്നു നമുക്കു പറയാം. അതിന്റെ വായ്‌ത്തല ചുട്ടു​പ​ഴു​പ്പിച്ച ശേഷം തണുപ്പി​ക്കു​മ്പോൾ അതു കൂടുതൽ ബലമു​ള്ള​താ​യി​ത്തീ​രു​ന്നു. അതു​പോ​ലെ പരി​ശോ​ധ​നകൾ സഹിക്കു​മ്പോൾ നമ്മുടെ വിശ്വാ​സ​വും ശക്തിയു​ള്ള​താ​യി​ത്തീ​രും. അതു​കൊണ്ട്‌ യാക്കോബ്‌ ഇങ്ങനെ എഴുതി: ‘നിങ്ങളു​ടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീ​ക​രി​ക്കട്ടെ. അങ്ങനെ നിങ്ങൾ പൂർണ​രും എല്ലാം തികഞ്ഞ​വ​രും ആകും.’ (യാക്കോ. 1:4) നമുക്കു നേരി​ടുന്ന പരി​ശോ​ധ​നകൾ നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ന്നതു കാണു​മ്പോൾ സന്തോ​ഷ​ത്തോ​ടെ അവ സഹിച്ചു​നിൽക്കാൻ നമുക്കാ​കും.

8 നമ്മുടെ സന്തോഷം ചോർത്തി​ക്ക​ള​ഞ്ഞേ​ക്കാ​വുന്ന മറ്റു ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യാക്കോബ്‌ തന്റെ കത്തിൽ പറയു​ന്നുണ്ട്‌. അവ എന്തെല്ലാ​മാ​ണെ​ന്നും നമുക്ക്‌ അവയെ എങ്ങനെ മറിക​ട​ക്കാ​മെ​ന്നും നോക്കാം.

സന്തോഷം കവരുന്ന പ്രശ്‌ന​ങ്ങളെ മറിക​ട​ക്കാം

9. നമുക്ക്‌ ജ്ഞാനം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 പ്രശ്‌നം: എന്തു ചെയ്യണ​മെന്ന്‌ അറിയില്ല. പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ നമ്മളെ​ടു​ക്കുന്ന തീരു​മാ​നങ്ങൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​താ​യി​രി​ക്കണം, സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​താ​യി​രി​ക്കണം, നമ്മുടെ വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാൻ സഹായി​ക്കു​ന്ന​താ​യി​രി​ക്കണം. അതിന്‌ യഹോ​വ​യു​ടെ സഹായം കൂടിയേ തീരൂ. (യിരെ. 10:23) പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ എന്തു ചെയ്യണ​മെ​ന്നും നമ്മളെ എതിർക്കു​ന്ന​വ​രോട്‌ എന്തു പറയണ​മെ​ന്നും അറിയ​ണ​മെ​ങ്കിൽ നമുക്കു ജ്ഞാനം വേണം. അല്ലെങ്കിൽ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ, നമ്മുടെ സന്തോഷം നഷ്ടപ്പെ​ട്ടു​പോ​കാൻ അത്‌ ഇടയാ​ക്കും.

10. ജ്ഞാനം ലഭിക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണ​മെ​ന്നാണ്‌ യാക്കോബ്‌ 1:5 പറയു​ന്നത്‌?

10 പരിഹാ​രം: ജ്ഞാനത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്ക​ണ​മെ​ങ്കിൽ നമ്മൾ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കണം. അതിനുള്ള ജ്ഞാനം ലഭിക്കാൻ നമ്മൾ ആദ്യം​തന്നെ യഹോ​വ​യോ​ടു ചോദി​ക്കണം. (യാക്കോബ്‌ 1:5 വായി​ക്കുക.) നമ്മുടെ പ്രാർഥ​ന​കൾക്ക്‌ യഹോവ പെട്ടെന്ന്‌ ഉത്തരം തരുന്നില്ല എന്നു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യണം? യാക്കോബ്‌ പറയു​ന്നത്‌ നമ്മൾ ദൈവ​ത്തോ​ടു ‘ചോദി​ച്ചു​കൊ​ണ്ടി​രി​ക്കാ​നാണ്‌.’ അങ്ങനെ കൂടെ​ക്കൂ​ടെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നാൽ ദൈവം നമ്മളോ​ടു മുഷി​യു​ക​യോ കോപി​ക്കു​ക​യോ ഇല്ല. പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാ​നുള്ള ജ്ഞാനത്തി​നാ​യി പ്രാർഥി​ക്കു​മ്പോൾ നമ്മുടെ സ്വർഗീ​യ​പി​താവ്‌ അത്‌ ‘ഉദാര​മാ​യി നൽകും.’ (സങ്കീ. 25:12, 13) നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം കാണുന്ന ദൈവം അതിൽ വേദനി​ക്കു​ന്നു, നമ്മളെ സഹായി​ക്കാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. ഇതു നമുക്ക്‌ ശരിക്കും സന്തോഷം തരുന്ന കാര്യ​മല്ലേ? അങ്ങനെ​യെ​ങ്കിൽ യഹോവ എങ്ങനെ​യാ​ണു നമുക്ക്‌ ജ്ഞാനം തരുന്ന​തെന്നു നോക്കാം.

11. ജ്ഞാനം നേടാൻ നമ്മൾ മറ്റെന്തു​കൂ​ടെ ചെയ്യണം?

11 യഹോവ തന്റെ വചനത്തി​ലൂ​ടെ നമുക്ക്‌ ജ്ഞാനം നൽകുന്നു. (സുഭാ. 2:6) അതു നേടാൻ നമ്മൾ ബൈബി​ളും ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പഠിക്കണം. പക്ഷേ അങ്ങനെ അറിവ്‌ നേടി​യ​തു​കൊ​ണ്ടു​മാ​ത്രം മതിയാ​കു​ന്നില്ല. ദൈവം ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ നമ്മൾ ചെയ്യു​ക​യും വേണം. യാക്കോബ്‌ എഴുതി: ‘ദൈവ​വ​ചനം കേൾക്കു​ന്നവർ മാത്ര​മാ​കാ​തെ അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രു​മാ​കണം.’ (യാക്കോ. 1:22) ദൈവ​ത്തി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​മ്പോൾ നമ്മൾ സമാധാ​ന​പ്രി​യ​രും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​വ​രും കരുണ​യു​ള്ള​വ​രും ആയിരി​ക്കും. (യാക്കോ. 3:17) ഈ ഗുണങ്ങൾ പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ നമ്മളെ സഹായി​ക്കും.

12. ബൈബിൾ പഠിക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 ദൈവ​വ​ചനം ഒരു കണ്ണാടി​പോ​ലെ​യാണ്‌. നമ്മൾ ഏതു കാര്യ​ത്തി​ലാണ്‌ മെച്ച​പ്പെ​ടേ​ണ്ട​തെ​ന്നും അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും അതു നമുക്കു കാണി​ച്ചു​ത​രും. (യാക്കോ. 1:23-25) ഉദാഹ​ര​ണ​ത്തിന്‌, ദൈവ​വ​ചനം പഠിക്കു​മ്പോ​ഴാ​യി​രി​ക്കാം നമ്മൾ കോപം നിയ​ന്ത്രി​ക്കേ​ണ്ട​തു​ണ്ടെന്നു മനസ്സി​ലാ​ക്കു​ന്നത്‌. പ്രകോ​പ​ന​മു​ണ്ടാ​കുന്ന സാഹച​ര്യ​ത്തിൽ ആളുക​ളോട്‌ എങ്ങനെ ശാന്തരാ​യി ഇടപെ​ടാ​മെന്ന്‌ യഹോ​വ​യു​ടെ സഹായ​ത്താൽ നമ്മൾ പഠിക്കും. ശാന്തരാ​ണെ​ങ്കിൽ പ്രശ്‌നങ്ങൾ മെച്ചമാ​യി കൈകാ​ര്യം ചെയ്യാൻ നമുക്കു കഴിയും. നന്നായി ചിന്തിച്ച്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സാധി​ക്കു​ക​യും ചെയ്യും. (യാക്കോ. 3:13) ബൈബിൾ നന്നായി പഠി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌ അല്ലേ?

13. ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാതൃ​ക​യിൽനിന്ന്‌ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 ഇന്ന്‌ പലപ്പോ​ഴും ആളുകൾ തെറ്റു ചെയ്‌ത​തി​നു ശേഷമാണ്‌ പല പാഠങ്ങ​ളും പഠിക്കു​ന്നത്‌. അതിനു പകരം, മറ്റുള്ള​വ​രു​ടെ വിജയ​ങ്ങ​ളിൽനി​ന്നും പരാജ​യ​ങ്ങ​ളിൽനി​ന്നും പാഠങ്ങൾ പഠിക്കു​ന്നത്‌ എത്രയോ നന്നായി​രി​ക്കും! അതു​കൊ​ണ്ടാണ്‌ അബ്രാ​ഹാം, രാഹാബ്‌, ഇയ്യോബ്‌, ഏലിയ തുടങ്ങിയ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാതൃ​ക​യിൽനിന്ന്‌ പഠിക്കാൻ യാക്കോബ്‌ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (യാക്കോ. 2:21-26; 5:10, 11, 17, 18) സന്തോഷം കവർന്നെ​ടു​ക്കാ​വുന്ന പല പരി​ശോ​ധ​ന​ക​ളും സഹിച്ചു​നി​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ ഈ വിശ്വ​സ്‌ത​ദാ​സ​ന്മാർ. അവരുടെ മാതൃക കാണി​ക്കു​ന്നത്‌, യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കും അവരെ​പ്പോ​ലെ സഹിച്ചു​നിൽക്കാൻ കഴിയും എന്നാണ്‌.

14-15. സംശയങ്ങൾ അവഗണി​ച്ചു​ക​ള​യ​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

14 പ്രശ്‌നം: സംശയങ്ങൾ. ചില​പ്പോ​ഴൊ​ക്കെ ദൈവ​വ​ച​ന​ത്തി​ലെ ചില കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ നമുക്കു ബുദ്ധു​മു​ട്ടു​തോ​ന്നി​യേ​ക്കാം. അല്ലെങ്കിൽ, യഹോവ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ നമ്മൾ പ്രതീ​ക്ഷിച്ച ഉത്തരം തന്നി​ല്ലെന്നു വരാം. ഇതു നമ്മുടെ ഉള്ളിൽ സംശയങ്ങൾ വളർത്താൻ ഇടയുണ്ട്‌. സംശയങ്ങൾ തീർത്തി​ല്ലെ​ങ്കിൽ അവ നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​ക്കും, യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കു​ക​യും ചെയ്യും. (യാക്കോ. 1:7, 8) മാത്രമല്ല, നമ്മുടെ ഭാവി​പ്ര​ത്യാ​ശ നഷ്ടപ്പെ​ടാ​നും അത്‌ ഇടയാ​ക്കി​യേ​ക്കാം.

15 നമ്മുടെ ഭാവി​പ്ര​ത്യാ​ശ ഒരു നങ്കൂരം​പോ​ലെ​യാ​ണെന്നു പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞു. (എബ്രാ. 6:19) നങ്കൂരം കൊടു​ങ്കാ​റ്റി​ന്റെ സമയത്ത്‌ ഒരു കപ്പലിനെ ഉറപ്പി​ച്ചു​നി​റു​ത്തു​ക​യും പാറയിൽ പോയി തട്ടാതെ സംരക്ഷി​ക്കു​ക​യും ചെയ്യും. പക്ഷേ കപ്പലു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കുന്ന ചങ്ങല ബലമു​ള്ള​താ​ണെ​ങ്കി​ലേ നങ്കൂരം​കൊണ്ട്‌ പ്രയോ​ജ​ന​മു​ള്ളൂ. തുരുമ്പ്‌, ചങ്ങലയു​ടെ ബലം കുറയ്‌ക്കു​ന്ന​തു​പോ​ലെ നമ്മുടെ ഉള്ളിലെ പരിഹ​രി​ക്കാ​തെ കിടക്കുന്ന സംശയങ്ങൾ നമ്മുടെ വിശ്വാ​സം ദുർബ​ല​മാ​ക്കും. സംശയ​മുള്ള ഒരു വ്യക്തിക്ക്‌ എതിർപ്പു​ക​ളു​ണ്ടാ​കു​മ്പോൾ യഹോവ തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റു​മെന്ന വിശ്വാ​സം നഷ്ടപ്പെ​ട്ടേ​ക്കാം. നമ്മുടെ വിശ്വാ​സം നഷ്ടപ്പെ​ട്ടാൽ നമ്മുടെ പ്രത്യാ​ശ​യും നഷ്ടപ്പെ​ടും. “സംശയി​ക്കു​ന്ന​യാൾ കാറ്റിൽ ഇളകി​മ​റി​യുന്ന കടൽത്തി​ര​പോ​ലെ​യാണ്‌” എന്നു യാക്കോബ്‌ പറയുന്നു. (യാക്കോ. 1:6) അങ്ങനെ​യുള്ള ഒരു വ്യക്തിക്കു സന്തോഷം കിട്ടു​മെന്നു തോന്നു​ന്നു​ണ്ടോ?

16. സംശയങ്ങൾ ഉള്ളപ്പോൾ നമ്മൾ എന്താണ്‌ ചെയ്യേ​ണ്ടത്‌?

16 പരിഹാ​രം: ഉത്തരം കണ്ടെത്തുക, വിശ്വാ​സം ബലപ്പെ​ടു​ത്തുക. സംശയം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌. തങ്ങൾ വിശ്വ​സി​ച്ചി​രുന്ന കാര്യ​ങ്ങ​ളിൽ യാതൊ​രു ഉറപ്പു​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു ഏലിയ പ്രവാ​ച​കന്റെ കാലത്തെ യഹോ​വ​യു​ടെ ജനം. അവരോട്‌ ഏലിയ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എത്ര​ത്തോ​ളം രണ്ടു പക്ഷത്ത്‌ നിൽക്കും? യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ങ്കിൽ ആ ദൈവത്തെ സേവി​ക്കുക. അല്ല, ബാലാ​ണെ​ങ്കിൽ ആ ദൈവത്തെ സേവി​ക്കുക!” (1 രാജാ. 18:21) ഇക്കാലത്ത്‌ ജീവി​ക്കുന്ന നമ്മളും, യഹോ​വ​യാ​ണു സത്യ​ദൈ​വ​മെ​ന്നും ബൈബിൾ ദൈവ​ത്തി​ന്റെ വചനമാ​ണെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ത്തി​ന്റെ ജനമാ​ണെ​ന്നും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തണം. (1 തെസ്സ. 5:21) അങ്ങനെ ചെയ്യു​മ്പോൾ നമ്മുടെ സംശയങ്ങൾ ഇല്ലാതാ​ക്കാ​നും വിശ്വാ​സം ശക്തമാ​ക്കാ​നും കഴിയും. സംശയങ്ങൾ തീർക്കാൻ സഹായം ആവശ്യ​മാ​ണെ​ങ്കിൽ നമുക്കു മൂപ്പന്മാ​രോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​ന്റെ സന്തോഷം നിലനി​റു​ത്ത​ണ​മെ​ങ്കിൽ നമ്മുടെ ഉള്ളിൽ വരുന്ന സംശയങ്ങൾ പെട്ടെന്ന്‌ പരിഹ​രി​ക്കണം.

17. നിരു​ത്സാ​ഹി​ത​രാ​യാൽ എന്തു സംഭവി​ക്കും?

17 പ്രശ്‌നം: നിരു​ത്സാ​ഹി​ത​രാ​യി തളർന്നു​പോ​കുക. ദൈവ​വ​ചനം പറയുന്നു: “കഷ്ടതയു​ടെ ദിവസം നീ തളർന്നു​പോ​യാൽ നിന്റെ ശക്തി​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.” (സുഭാ. 24:10) നമ്മൾ തളർന്നു​പോ​യാൽ, അതോടെ നമ്മുടെ സന്തോ​ഷ​വും നഷ്ടപ്പെ​ടും.

18. സഹിച്ചു​നിൽക്കുക എന്നതു​കൊണ്ട്‌ എന്താണ്‌ അർഥമാ​ക്കു​ന്നത്‌?

18 പരിഹാ​രം: സഹിച്ചു​നിൽക്കാ​നുള്ള കരുത്തി​നാ​യി യഹോ​വ​യിൽ ആശ്രയി​ക്കുക. പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്ക​ണ​മെ​ങ്കിൽ നമുക്കു മനോ​ബലം ആവശ്യ​മാണ്‌. (യാക്കോ. 5:11) “സഹിച്ചു​നിൽക്കുക” എന്നതിനു യാക്കോബ്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കു സൂചി​പ്പി​ക്കു​ന്നത്‌ ഒരാൾ തന്റെ സ്ഥാനത്തു​നിന്ന്‌ മാറാതെ ഉറച്ചു​നിൽക്കു​ന്ന​തി​നെ​യാണ്‌. എത്ര കടുത്ത ആക്രമ​ണ​മു​ണ്ടാ​യാ​ലും പിൻവാ​ങ്ങാ​തെ ഉറച്ചു​നിൽക്കുന്ന ധീരനായ ഒരു പടയാ​ളി​യു​ടെ ചിത്ര​മാ​യി​രി​ക്കാം ഇപ്പോൾ നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌.

19. പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

19 സഹിച്ചു​നി​ന്ന​തി​ന്റെ നല്ലൊരു മാതൃ​ക​യാണ്‌ പൗലോസ്‌ അപ്പോ​സ്‌തലൻ. ചില സമയങ്ങ​ളിൽ താൻ തളർന്നു​പോ​കു​ന്ന​തു​പോ​ലെ പൗലോ​സിന്‌ തോന്നി. സഹിച്ചു​നിൽക്കാൻ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്താണ്‌? ആവശ്യ​മായ ശക്തിക്കാ​യി അദ്ദേഹം യഹോ​വ​യിൽ ആശ്രയി​ച്ചു. യഹോ​വ​യു​ടെ സഹായം നമുക്കും ആവശ്യ​മാ​ണെന്നു നമ്മൾ താഴ്‌മ​യോ​ടെ തിരി​ച്ച​റി​യണം. (2 കൊരി. 12:8-10; ഫിലി. 4:13) അപ്പോൾ പൗലോ​സി​നു ലഭിച്ച​തു​പോ​ലുള്ള ധൈര്യ​വും ശക്തിയും നമുക്കും ലഭിക്കും.—യാക്കോ. 4:10.

ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലുക, സന്തോഷം നിലനി​റു​ത്തു​ക

20-21. നമുക്ക്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

20 നമുക്ക്‌ നേരി​ടുന്ന പരി​ശോ​ധ​നകൾ ഒരിക്ക​ലും ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയല്ല. യാക്കോബ്‌ ഇങ്ങനെ ഉറപ്പു തരുന്നു: “പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ, ‘ദൈവം എന്നെ പരീക്ഷി​ക്കു​ക​യാണ്‌’ എന്ന്‌ ആരും പറയാ​തി​രി​ക്കട്ടെ. ദോഷ​ങ്ങൾകൊണ്ട്‌ ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല.” (യാക്കോ. 1:13) ഇക്കാര്യ​ത്തിൽ നമുക്കു നല്ല ഉറപ്പു​ണ്ടാ​യി​രി​ക്കണം. അപ്പോൾ സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടു നമ്മൾ കൂടുതൽ അടുക്കും.—യാക്കോ. 4:8.

21 യഹോവ “മാറ്റമി​ല്ലാ​ത്ത​വ​നാണ്‌.” (യാക്കോ. 1:17) ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോൾ ദൈവം സഹായി​ച്ചു, അതു​പോ​ലെ ഇന്നു നമ്മളെ​യും സഹായി​ക്കും. ജ്ഞാനത്തി​നും വിശ്വാ​സ​ത്തി​നും കരുത്തി​നും ആയി യഹോ​വ​യോട്‌ ആത്മാർഥ​മാ​യി അപേക്ഷി​ക്കുക. യഹോവ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരും. പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ സന്തോ​ഷ​ത്തോ​ടെ അതു സഹിച്ചു​നിൽക്കാൻ ദൈവം നമ്മളെ ഓരോ​രു​ത്ത​രെ​യും സഹായി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം!

ഗീതം 128 അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ക

^ ഖ. 5 പ്രശ്‌നങ്ങൾ നേരി​ടു​ന്ന​തി​നു സഹായി​ക്കുന്ന ധാരാളം ഉപദേ​ശങ്ങൾ യാക്കോബ്‌ എന്ന ബൈബിൾപു​സ്‌ത​ക​ത്തി​ലുണ്ട്‌. ഈ ലേഖന​ത്തിൽ നമ്മൾ അങ്ങനെ​യുള്ള ചില ഉപദേ​ശങ്ങൾ ചർച്ച ചെയ്യാൻ പോകു​ക​യാണ്‌. യഹോ​വയെ സേവി​ക്കു​ന്ന​തി​ലെ സന്തോഷം നഷ്ടപ്പെ​ടാ​തെ പ്രശ്‌നങ്ങൾ സഹിച്ചു​നിൽക്കാൻ അവ നമ്മളെ സഹായി​ക്കും.

^ ഖ. 59 ചിത്രക്കുറിപ്പ്‌: ഒരു സഹോ​ദ​രനെ വീട്ടിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌തു​കൊ​ണ്ടു​പോ​കു​ന്നു. അധികാ​രി​കൾ അദ്ദേഹത്തെ കൊണ്ടു​പോ​കു​മ്പോൾ ഭാര്യ​യും മകളും നോക്കി​നിൽക്കു​ന്നു. ഭർത്താവ്‌ ജയിലി​ലാ​യി​രി​ക്കു​മ്പോൾ സഭയിലെ സഹോ​ദ​രങ്ങൾ ഭാര്യ​യോ​ടും മകളോ​ടും ഒപ്പം കുടും​ബാ​രാ​ധ​ന​യിൽ പങ്കെടു​ക്കു​ന്നു. പരി​ശോ​ധ​ന​ക​ളിൽ സഹിച്ചു​നിൽക്കാ​നുള്ള ശക്തിക്കാ​യി സഹോ​ദ​രി​യും മകളും യഹോ​വ​യോ​ടു കൂടെ​ക്കൂ​ടെ പ്രാർഥി​ക്കു​ന്നു. യഹോവ അവർക്ക്‌ ആന്തരി​ക​സ​മാ​ധാ​ന​വും ധൈര്യ​വും നൽകുന്നു. അങ്ങനെ അവരുടെ വിശ്വാ​സം കൂടുതൽ ശക്തമാ​യി​ത്തീ​രു​ന്നു, സന്തോ​ഷ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ അവർക്കു കഴിയു​ന്നു.