വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 6

“സ്‌ത്രീ​യു​ടെ തല പുരുഷൻ”

“സ്‌ത്രീ​യു​ടെ തല പുരുഷൻ”

“സ്‌ത്രീ​യു​ടെ തല പുരുഷൻ.”—1 കൊരി. 11:3.

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

പൂർവാവലോകനം *

1. ഒരു ഇണയെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഒരു സഹോ​ദരി ഏതെല്ലാം ചോദ്യ​ങ്ങൾ ചോദി​ക്കണം?

ശിരഃ​സ്ഥാ​നം തികവുറ്റ രീതി​യിൽ പ്രയോ​ഗി​ക്കുന്ന യേശു​ക്രി​സ്‌തു​വി​ന്റെ അധികാ​ര​ത്തിൻകീ​ഴി​ലാണ്‌ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും. എങ്കിലും ഒരു ക്രിസ്‌തീ​യ​സ്‌ത്രീ വിവാ​ഹി​ത​യാ​കു​മ്പോൾ അവൾ അപൂർണ​നായ ഒരു പുരു​ഷന്റെ ശിരഃ​സ്ഥാ​ന​ത്തി​നു കീഴി​ലേക്ക്‌ വരുന്നു. അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല, അല്ലേ? അതു​കൊണ്ട്‌ ഒരു സഹോ​ദരി വിവാഹം കഴിക്കാൻ ആഗ്രഹി​ക്കുന്ന സഹോ​ദ​ര​നെ​ക്കു​റിച്ച്‌ സ്വയം ഇങ്ങനെ ചോദി​ക്കണം: ‘ഈ സഹോ​ദ​രന്‌ ഒരു നല്ല കുടും​ബ​നാ​ഥ​നാ​കാൻ കഴിയു​മോ? അദ്ദേഹ​ത്തി​ന്റെ പ്രവൃ​ത്തി​കൾ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? ആത്മീയ​കാ​ര്യ​ങ്ങൾ അദ്ദേഹ​ത്തിന്‌ ശരിക്കും പ്രധാ​ന​മാ​ണോ? ഇപ്പോൾ അങ്ങനെ​യ​ല്ലെ​ങ്കിൽ വിവാ​ഹ​ശേഷം അദ്ദേഹം ആത്മീയ​കാ​ര്യ​ങ്ങ​ളിൽ നന്നായി നേതൃ​ത്വ​മെ​ടു​ക്കു​മെന്ന്‌ എനിക്ക്‌ എങ്ങനെ പ്രതീ​ക്ഷി​ക്കാൻ കഴിയും?’ അതു​പോ​ലെ ഒരു സഹോ​ദരി സ്വയം ഇങ്ങനെ​യും ചോദി​ക്കണം: ‘നല്ലൊരു വിവാ​ഹ​ജീ​വി​ത​ത്തി​നു വേണ്ട ഏതെല്ലാം ഗുണങ്ങൾ എനിക്കുണ്ട്‌? ഞാൻ ക്ഷമയും മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ചിന്തയും ഉള്ള ഒരാളാ​ണോ? യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം ശക്തമാ​ണോ?’ (സഭാ. 4:9, 12) വിവാ​ഹ​ജീ​വി​ത​ത്തിൽ ഒരു ഭാര്യക്ക്‌ ലഭിക്കുന്ന സന്തോഷം വലി​യൊ​ര​ള​വു​വരെ വിവാ​ഹ​ത്തി​നു മുമ്പ്‌ അവളെ​ടു​ക്കുന്ന തീരു​മാ​ന​ങ്ങളെ ആശ്രയി​ച്ചി​രി​ക്കും.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഭർത്താ​ക്ക​ന്മാർക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കുന്ന കാര്യ​ത്തിൽ നമ്മുടെ ലക്ഷക്കണ​ക്കി​നു സഹോ​ദ​രി​മാർ നല്ലൊരു മാതൃ​ക​യാണ്‌. അവർ തീർച്ച​യാ​യും അഭിന​ന്ദനം അർഹി​ക്കു​ന്നു. വിശ്വ​സ്‌ത​രായ ഈ സഹോ​ദ​രി​മാ​രോ​ടൊ​പ്പം യഹോ​വയെ സേവി​ക്കാ​നാ​കു​ന്ന​തിൽ നമ്മൾ സന്തോ​ഷി​ക്കു​ന്നി​ല്ലേ? ഈ ലേഖന​ത്തിൽ നമ്മൾ മൂന്നു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും: (1) ഭാര്യ​മാർ നേരി​ടുന്ന ചില പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌? (2) ഒരു ഭാര്യ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടു​ത​ന്നെ​യി​രി​ക്കാൻ തീരു​മാ​നി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (3) യേശു, അബീഗ​യിൽ, യോ​സേ​ഫി​ന്റെ ഭാര്യ​യായ മറിയ എന്നിവ​രിൽനിന്ന്‌ കീഴ്‌പെ​ട​ലി​നെ​ക്കു​റിച്ച്‌ ക്രിസ്‌തീയ ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും എന്തു പഠിക്കാം?

ക്രിസ്‌തീ​യ​ഭാ​ര്യ​മാർ നേരി​ടുന്ന ചില പ്രശ്‌ന​ങ്ങൾ

3. എല്ലാം തികഞ്ഞ ഒരു വിവാ​ഹ​ബന്ധം എന്നൊ​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

3 വിവാ​ഹ​ക്ര​മീ​ക​രണം ദൈവ​ത്തിൽനി​ന്നുള്ള എല്ലാം തികഞ്ഞ ഒരു സമ്മാന​മാണ്‌. പക്ഷേ വ്യക്തികൾ എല്ലാം തികഞ്ഞ​വരല്ല, അവർ അപൂർണ​രാണ്‌. (1 യോഹ. 1:8) അതു​കൊ​ണ്ടാണ്‌ വിവാ​ഹ​ജീ​വി​ത​ത്തിൽ ദമ്പതി​കൾക്ക്‌ “ജഡത്തിൽ കഷ്ടപ്പാ​ടു​കൾ” അഥവാ പ്രശ്‌നങ്ങൾ ഉണ്ടാകു​മെന്ന്‌ ദൈവ​വ​ചനം പറയു​ന്നത്‌. (1 കൊരി. 7:28) ഒരു ഭാര്യ നേരി​ട്ടേ​ക്കാ​വുന്ന ചില പ്രശ്‌നങ്ങൾ നമുക്ക്‌ നോക്കാം.

4. ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു ഭാര്യക്ക്‌ തരംതാണ ഒരു കാര്യ​മാ​യി തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

4 വളർന്നു​വന്ന സാഹച​ര്യ​ങ്ങൾ കാരണം ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു തരംതാണ കാര്യ​മാ​യി ഒരു ഭാര്യക്ക്‌ തോന്നി​യേ​ക്കാം. ഐക്യ​നാ​ടു​ക​ളി​ലുള്ള മാരി​സോൾ സഹോ​ദരി പറയുന്നു: “യഹോവ ഏർപ്പെ​ടു​ത്തിയ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തിൽ ഭാര്യ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കണം, എങ്കിലും വിവാ​ഹ​ബ​ന്ധ​ത്തിൽ അവൾക്കും ആദരണീ​യ​മായ ഒരു സ്ഥാനമുണ്ട്‌, ഇതൊക്കെ എനിക്ക്‌ അറിയാം. എന്നാൽ എല്ലാത്തി​ലും പുരു​ഷ​ന്മാർക്കുള്ള അതേ സ്ഥാനം​തന്നെ സ്‌ത്രീ​കൾക്കും വേണം എന്നു പറഞ്ഞു​പ​ഠി​പ്പി​ച്ചി​രുന്ന ഒരു ചുറ്റു​പാ​ടി​ലാണ്‌ ഞാൻ വളർന്നത്‌. അതു​കൊണ്ട്‌ ശിരഃ​സ്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ഒരു ശരിയായ വീക്ഷണ​മു​ണ്ടാ​യി​രി​ക്കാൻ എനിക്ക്‌ ബുദ്ധി​മുട്ട്‌ തോന്നാ​റുണ്ട്‌.”

5. സ്‌ത്രീ​ക​ളെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത എന്തെല്ലാം കാഴ്‌ച​പ്പാ​ടു​ക​ളാണ്‌ ചില പുരു​ഷ​ന്മാർക്കു​ള്ളത്‌?

5 ഇനി, ചില സ്‌ത്രീ​ക​ളു​ടെ ഭർത്താ​ക്ക​ന്മാർ സ്‌ത്രീ​കൾ തരംതാ​ണ​വ​രാ​ണെന്ന്‌ ചിന്തി​ക്കു​ന്ന​വ​രാ​യി​രി​ക്കും. തെക്കേ അമേരി​ക്ക​യി​ലെ ഐവോൺ സഹോ​ദരി പറയുന്നു: “ഞങ്ങളുടെ നാട്ടിൽ പുരു​ഷ​ന്മാർ ഭക്ഷണം കഴിച്ച​തി​നു ശേഷമേ സ്‌ത്രീ​കൾ കഴിക്കൂ. പെൺകു​ട്ടി​കൾ പാചകം ചെയ്യു​ക​യും വീട്‌ വൃത്തി​യാ​ക്കു​ക​യും ഒക്കെ വേണം. എന്നാൽ ആൺകു​ട്ടി​കൾക്ക്‌ വേണ്ട​തെ​ല്ലാം അവരുടെ അമ്മയും പെങ്ങന്മാ​രും ചെയ്‌തു​കൊ​ടു​ക്കും. അവർ ‘വീട്ടിലെ രാജാ​ക്ക​ന്മാർ’ ആണെന്നാണ്‌ അവരെ പറഞ്ഞു​പ​ഠി​പ്പി​ക്കു​ന്നത്‌.” ഏഷ്യയി​ലെ യിങ്‌ലിങ്‌ എന്ന സഹോ​ദരി പറയുന്നു: “സ്‌ത്രീ​കൾക്ക്‌ വലിയ സാമർഥ്യ​വും വൈദ​ഗ്‌ധ്യ​വും ഒന്നും വേണ്ട എന്നു സൂചി​പ്പി​ക്കുന്ന ഒരു പഴഞ്ചൊ​ല്ലു​വരെ ഞങ്ങളുടെ ഭാഷയി​ലുണ്ട്‌. അവർ വീട്ടു​പ​ണി​യൊ​ക്കെ ചെയ്‌തു​കൊ​ണ്ടി​രു​ന്നോ​ണം. ഭർത്താ​ക്ക​ന്മാ​രോട്‌ അഭി​പ്രാ​യം ഒന്നും പറയാൻ അവർക്ക്‌ അനുവാ​ദ​മില്ല.” തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത, സ്‌നേ​ഹ​ശൂ​ന്യ​മായ ഇങ്ങനെ​യൊ​രു ചിന്ത ഭർത്താ​വി​നു​ണ്ടെ​ങ്കിൽ അത്‌ ഭാര്യ​യു​ടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കും. യേശു​വി​നെ അനുക​രി​ക്കു​ന്ന​തി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​ലും അദ്ദേഹം പരാജ​യ​പ്പെ​ടും.—എഫെ. 5:28, 29; 1 പത്രോ. 3:7.

6. യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തമാ​ക്കാൻ ഭാര്യ​മാർ എന്തു ചെയ്യണം?

6 കഴിഞ്ഞ ലേഖന​ത്തിൽ കണ്ടതു​പോ​ലെ, കുടും​ബ​ത്തി​ന്റെ ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യും വൈകാ​രിക ആവശ്യ​ങ്ങൾക്കാ​യും അനുദി​ന​കാ​ര്യ​ങ്ങൾക്കാ​യും കരുതാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ ക്രിസ്‌തീ​യ​ഭർത്താ​ക്ക​ന്മാ​രെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. (1 തിമൊ. 5:8) എങ്കിലും വിവാ​ഹി​ത​രായ സഹോ​ദ​രി​മാർ അവരുടെ തിരക്കു​പി​ടിച്ച ജീവി​ത​ത്തി​നി​ട​യി​ലും ഓരോ ദിവസ​വും ദൈവ​വ​ചനം വായി​ക്കാ​നും ധ്യാനി​ക്കാ​നും യഹോ​വ​യോ​ടു മനസ്സ്‌ തുറന്ന്‌ പ്രാർഥി​ക്കാ​നും സമയമു​ണ്ടാ​ക്കണം. ഇത്‌ ഒരു അൽപ്പം ബുദ്ധി​മു​ട്ടാ​യി തോന്നി​യേ​ക്കാം. ഭാര്യ​മാർക്ക്‌ ഒത്തിരി ജോലി​യു​ള്ള​തു​കൊണ്ട്‌ ഇക്കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യാ​നുള്ള സമയവും ആരോ​ഗ്യ​വും തങ്ങൾക്കി​ല്ലെന്ന്‌ അവർ ചിന്തി​ച്ചേ​ക്കാം. പക്ഷേ അവർ അതിനു സമയം കണ്ടെത്തി​യേ മതിയാ​കൂ. എന്തു​കൊണ്ട്‌? കാരണം നമ്മൾ ഓരോ​രു​ത്ത​രും യഹോ​വ​യു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം വളർത്തി​യെ​ടു​ക്കാ​നും നിലനി​റു​ത്താ​നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌.—പ്രവൃ. 17:27.

7. എന്തു ചെയ്‌താൽ കീഴ്‌പെ​ടു​ന്നത്‌ ഭാര്യക്ക്‌ കൂടുതൽ എളുപ്പ​മാ​കും?

7 ഇക്കാര്യ​ങ്ങ​ളെ​ല്ലാം കണക്കി​ലെ​ടു​ക്കു​മ്പോൾ അപൂർണ​ത​ക​ളുള്ള തന്റെ ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കാൻ ഒരു ഭാര്യ നല്ല ശ്രമം ചെയ്യേ​ണ്ടി​വ​രും എന്നതു ശരിയാണ്‌. എങ്കിലും കീഴ്‌പെ​ട്ടി​രി​ക്കേ​ണ്ട​തി​ന്റെ തിരു​വെ​ഴു​ത്തു​കാ​ര​ണങ്ങൾ മനസ്സി​ലാ​ക്കു​ക​യും അത്‌ അംഗീ​ക​രി​ക്കു​ക​യും ചെയ്‌താൽ അത്‌ അവൾക്ക്‌ കൂടുതൽ എളുപ്പ​മാ​യി​രി​ക്കും.

കീഴ്‌പെ​ട്ടി​രി​ക്കാൻ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ കാരണം

8. എഫെസ്യർ 5:22-24-ന്റെ അടിസ്ഥാ​ന​ത്തിൽ, ഒരു ക്രിസ്‌തീ​യ​ഭാ​ര്യ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കാൻ തീരു​മാ​നി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 ഭർത്താ​ക്ക​ന്മാർക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കാൻ യഹോവ ഭാര്യ​മാ​രോട്‌ ആവശ്യ​പ്പെ​ടു​ന്നു. അതാണ്‌ ഒരു ക്രിസ്‌തീ​യ​ഭാ​ര്യ കീഴ്‌പെ​ട്ടി​രി​ക്കാൻ തീരു​മാ​നി​ക്കു​ന്ന​തി​ന്റെ കാരണം. (എഫെസ്യർ 5:22-24 വായി​ക്കുക.) അവൾ തന്റെ സ്വർഗീ​യ​പി​താ​വി​നെ പൂർണ​മാ​യി വിശ്വ​സി​ക്കു​ന്നു. തനിക്ക്‌ ഏറ്റവും നല്ലത്‌ വരണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ ഓരോ കാര്യ​ങ്ങ​ളും ചെയ്യാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌, അതിന്‌ യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നത്‌ സ്‌നേ​ഹ​മാണ്‌ എന്നെല്ലാം അവൾക്ക്‌ അറിയാം.—ആവ. 6:24; 1 യോഹ. 5:3.

9. ഒരു ക്രിസ്‌തീ​യ​സ​ഹോ​ദരി തന്റെ ഭർത്താ​വി​ന്റെ അധികാ​രത്തെ ആദരി​ക്കു​ന്ന​തു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള്ളത്‌?

9 സ്‌ത്രീ​കൾ പുരു​ഷ​ന്മാർക്കു കീഴ്‌പെ​ടേ​ണ്ട​തി​ല്ലെ​ന്നും അങ്ങനെ ചെയ്യു​ന്നത്‌ അവരുടെ വിലയി​ടി​ച്ചു​ക​ള​യു​മെ​ന്നും ആണ്‌ ഇന്നു പലരും ചിന്തി​ക്കു​ന്നത്‌. യഹോവ വെച്ചി​രി​ക്കുന്ന ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണത്തെ അവഗണി​ക്കാൻ ഇത്തരം ചിന്ത പല സ്‌ത്രീ​ക​ളെ​യും പ്രേരി​പ്പി​ക്കു​ന്നു. എന്നാൽ ഇത്തരം ആശയങ്ങൾ പ്രചരി​പ്പി​ക്കു​ന്ന​വർക്ക്‌ നമ്മുടെ സ്‌നേ​ഹ​വാ​നായ ദൈവത്തെ അറിയില്ല. യഹോവ ഒരിക്ക​ലും തന്റെ പ്രിയ​പ്പെട്ട പെൺമ​ക്ക​ളു​ടെ വില ഇടിച്ചു​ക​ള​യുന്ന ഒരു നിയമം വെക്കില്ല. പകരം, യഹോവ കൊടുത്ത കല്‌പന അവൾ അനുസ​രി​ക്കാൻ ശ്രമി​ക്കു​മ്പോൾ കുടും​ബ​ത്തിൽ സമാധാ​ന​മു​ണ്ടാ​കും. (സങ്കീ. 119:165) അങ്ങനെ അവളുടെ ഭർത്താ​വി​നും അവൾക്കു​ത​ന്നെ​യും മക്കൾക്കും അത്‌ പ്രയോ​ജനം ചെയ്യും.

10. ക്യാര​ളി​ന്റെ അഭി​പ്രാ​യ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 ഒരു ഭാര്യ അപൂർണ​നായ തന്റെ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​മ്പോൾ ശിരഃ​സ്ഥാ​നം ഏർപ്പെ​ടു​ത്തിയ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ക​യാണ്‌. തെക്കേ അമേരി​ക്ക​യി​ലുള്ള ക്യാരൾ പറയുന്നു: “എന്റെ ഭർത്താ​വിന്‌ തെറ്റു​ക​ളൊ​ക്കെ പറ്റു​മെന്ന്‌ എനിക്ക​റി​യാം. പക്ഷേ യഹോ​വ​യു​മാ​യുള്ള സൗഹൃ​ദ​ത്തി​നു ഞാൻ വില കൊടു​ക്കു​ന്ന​തു​കൊണ്ട്‌, അദ്ദേഹ​ത്തി​നു തെറ്റു പറ്റു​മ്പോൾ ഞാൻ അനാദ​ര​വോ​ടെ ഇടപെ​ടാ​തി​രി​ക്കാൻ ശ്രദ്ധി​ക്കും. എപ്പോ​ഴും ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കാൻ ഞാൻ ശ്രമി​ക്കും. കാരണം എനിക്ക്‌ എന്റെ സ്വർഗീ​യ​പി​താ​വി​നെ സന്തോ​ഷി​പ്പി​ക്കണം.”

11. അനീസി എന്ന സഹോ​ദ​രിക്ക്‌ ക്ഷമിക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? സഹോ​ദ​രി​യു​ടെ അഭി​പ്രാ​യ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 തന്റെ വികാ​ര​ങ്ങ​ളും വിഷമ​ങ്ങ​ളും കാര്യ​മാ​ക്കാത്ത ഒരു ഭർത്താ​വി​നെ ബഹുമാ​നി​ക്കാ​നും അദ്ദേഹ​ത്തിന്‌ കീഴ്‌പെ​ട്ടി​രി​ക്കാ​നും ഒരു ഭാര്യക്ക്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കും. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ അനീസി എന്ന സഹോ​ദരി എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌ എന്നു സഹോ​ദ​രി​തന്നെ പറയുന്നു: “ഞാൻ ദേഷ്യ​പ്പെ​ട്ടോ പിണങ്ങി​യോ ഒന്നും മാറി​യി​രി​ക്കില്ല. നമുക്ക്‌ എല്ലാവർക്കും തെറ്റു​പ​റ്റാ​റു​ണ്ട​ല്ലോ എന്ന്‌ ഞാൻ ചിന്തി​ക്കും. യഹോ​വ​യെ​പ്പോ​ലെ എപ്പോ​ഴും ഉദാര​മാ​യി ക്ഷമിക്കാൻ ഞാൻ ശ്രമി​ക്കു​ന്നു. ക്ഷമിച്ചു​ക​ഴി​യു​മ്പോൾ എനിക്ക്‌ എന്റെ മനസ്സമാ​ധാ​നം തിരി​ച്ചു​കി​ട്ടും.” (സങ്കീ. 86:5) ക്ഷമിക്കാൻ മനസ്സുള്ള ഒരു ഭാര്യക്ക്‌, കീഴ്‌പെ​ടാ​നും എളുപ്പ​മാ​യി​രി​ക്കും.

ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12. എങ്ങനെ​യുള്ള വ്യക്തി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌?

12 കീഴ്‌പെ​ട്ടി​രി​ക്കുന്ന വ്യക്തികൾ ദുർബ​ല​രാ​ണെ​ന്നാണ്‌ ചിലരു​ടെ ധാരണ. പക്ഷേ അതല്ല സത്യം. കീഴ്‌പെ​ട്ടി​രി​ക്കു​ക​യും അതേസ​മയം നല്ല ഉൾക്കരുത്ത്‌ കാണി​ക്കു​ക​യും ചെയ്‌ത പലരെ​യും​കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. യേശു, അബീഗ​യിൽ, മറിയ എന്നിവ​രിൽനിന്ന്‌ എന്തു പഠിക്കാ​മെന്നു നമുക്കു നോക്കാം.

13. യേശു യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? വിശദീ​ക​രി​ക്കുക.

13 യേശു യഹോ​വ​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. അതു പക്ഷേ, യേശു​വിന്‌ ബുദ്ധി​ശ​ക്തി​യോ കഴിവോ ഒന്നും കുറവു​ള്ള​തു​കൊ​ണ്ടല്ല. നല്ല ജ്ഞാനമുള്ള ഒരാൾക്കേ യേശു​വി​നെ​പ്പോ​ലെ അത്ര ലളിത​മാ​യും വ്യക്തമാ​യും പഠിപ്പി​ക്കാൻ കഴിയൂ. (യോഹ. 7:45, 46) യേശു​വി​ന്റെ കഴിവു​കളെ മാനി​ച്ച​തു​കൊ​ണ്ടാണ്‌ പ്രപഞ്ചത്തെ സൃഷ്ടി​ച്ച​പ്പോൾ യഹോവ തന്റെകൂ​ടെ പ്രവർത്തി​ക്കാൻ യേശു​വി​നെ അനുവ​ദി​ച്ചത്‌. (സുഭാ. 8:30; എബ്രാ. 1:2-4) ഇനി, യേശു​വി​ന്റെ പുനരു​ത്ഥാ​നം കഴിഞ്ഞ​പ്പോൾമു​തൽ “സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള എല്ലാ അധികാ​ര​വും” യഹോവ യേശു​വി​നെ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. (മത്താ. 28:18) അത്ര കഴിവു​കൾ ഒക്കെയു​ണ്ടെ​ങ്കി​ലും യേശു എപ്പോ​ഴും മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കു​ന്നു. എന്തു​കൊണ്ട്‌? കാരണം യേശു തന്റെ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു.—യോഹ. 14:31.

14. (എ) യഹോവ സ്‌ത്രീ​കളെ വീക്ഷി​ക്കുന്ന വിധത്തിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം? (ബി) സുഭാ​ഷി​തങ്ങൾ 31-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആശയങ്ങ​ളിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം?

14 ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം? ഭാര്യ​മാർ ഭർത്താ​ക്ക​ന്മാർക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌, സ്‌ത്രീ​കളെ യഹോവ പുരു​ഷ​ന്മാ​രെ​ക്കാൾ താഴ്‌ന്ന​വ​രാ​യി കാണു​ന്ന​തു​കൊ​ണ്ടല്ല. യേശു​വി​ന്റെ​കൂ​ടെ ഭരിക്കാൻ പുരു​ഷ​ന്മാ​രോ​ടൊ​പ്പം സ്‌ത്രീ​ക​ളെ​യും തിര​ഞ്ഞെ​ടു​ത്ത​തി​ലൂ​ടെ യഹോവ അതു തെളി​യി​ക്കു​ന്നു. (ഗലാ. 3:26-29) യഹോവ യേശു​വി​നെ അധികാ​രം ഏൽപ്പി​ച്ചു​കൊണ്ട്‌ തന്റെ പുത്ര​നിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ കാണിച്ചു. അതു​പോ​ലെ, വിവേ​ക​മുള്ള ഒരു ഭർത്താവ്‌ ഒരു പരിധി​വ​രെ​യുള്ള അധികാ​രം ഭാര്യയെ വിശ്വ​സി​ച്ചേൽപ്പി​ക്കും. കാര്യ​പ്രാ​പ്‌തി​യുള്ള ഒരു ഭാര്യ ചെയ്യുന്ന അനേകം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. അവൾ വീട്ടു​കാ​ര്യ​ങ്ങൾ നോക്കു​ക​യും നിലം വാങ്ങു​ക​യും വിൽക്കു​ക​യും ബുദ്ധി​യോ​ടെ പണമി​ട​പാ​ടു​കൾ നടത്തു​ക​യും ഒക്കെ ചെയ്യു​മെന്ന്‌ ദൈവ​വ​ചനം പറയുന്നു. (സുഭാ​ഷി​തങ്ങൾ 31:15, 16, 18 വായി​ക്കുക.) സ്വന്തം അഭി​പ്രാ​യങ്ങൾ പറയാൻ അവകാ​ശ​മി​ല്ലാത്ത ഒരു അടിമയല്ല ഭാര്യ. മറിച്ച്‌, അവളുടെ ഭർത്താവ്‌ അവളെ വിശ്വ​സി​ക്കു​ന്നു, അവളുടെ അഭി​പ്രാ​യങ്ങൾ മാനി​ക്കു​ന്നു. (സുഭാ​ഷി​തങ്ങൾ 31:11, 26, 27 വായി​ക്കുക.) അങ്ങനെ തന്നോട്‌ ബഹുമാ​ന​ത്തോ​ടെ ഇടപെ​ടുന്ന ഭർത്താ​വിന്‌ ഒരു ഭാര്യ സന്തോ​ഷ​ത്തോ​ടെ കീഴ്‌പെ​ട്ടി​രി​ക്കും.

യേശു യഹോ​വ​യ്‌ക്ക്‌ കീഴ്‌പെ​ട്ടി​രു​ന്ന​തിൽനിന്ന്‌ കാര്യ​പ്രാ​പ്‌തി​യുള്ള ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം? (15-ാം ഖണ്ഡിക കാണുക)

15. ഭാര്യ​മാർക്ക്‌ യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാം?

15 ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം? യേശു വലിയ​വ​ലിയ കാര്യ​ങ്ങ​ളൊ​ക്കെ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ അധികാ​ര​ത്തിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നു. (1 കൊരി. 15:28; ഫിലി. 2:5, 6) അങ്ങനെ ചെയ്യു​മ്പോൾ തന്റെ വില കുറയു​ന്ന​താ​യി യേശു​വിന്‌ തോന്നു​ന്നില്ല. അതു​പോ​ലെ, യേശു​വി​ന്റെ മാതൃക അനുക​രി​ക്കുന്ന കാര്യ​പ്രാ​പ്‌തി​യുള്ള ഒരു ഭാര്യ, തന്റെ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ തരംതാണ ഒരു കാര്യ​മാ​യി കാണില്ല. അവൾ ഭർത്താ​വി​നെ സ്‌നേ​ഹി​ക്കു​ന്നു. അതിലും പ്രധാ​ന​മാ​യി, അവൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടാണ്‌ അവൾ ഭർത്താ​വി​നെ പിന്തു​ണ​യ്‌ക്കു​ന്നത്‌.

ദാവീദിനും കൂടെ​യു​ള്ള​വർക്കും ഭക്ഷണം കൊടു​ത്ത​യ​ച്ച​ശേഷം അബീഗ​യിൽ ദാവീ​ദി​ന്റെ അടു​ത്തേക്ക്‌ ചെല്ലുന്നു. എന്നിട്ട്‌, മുട്ടു​കു​ത്തി നിലം​വരെ കുമ്പി​ട്ട​ശേഷം ദാവീ​ദി​നോട്‌, സ്വയം പ്രതി​കാ​രം ചെയ്‌ത്‌ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റം വരുത്തി​വെ​ക്ക​രു​തെന്ന്‌ അപേക്ഷി​ക്കു​ന്നു. (ഖണ്ഡിക 16 കാണുക)

16. 1 ശമുവേൽ 25:3, 23-28 അനുസ​രിച്ച്‌, അബീഗ​യി​ലി​ന്റെ മുന്നി​ലു​ണ്ടാ​യി​രുന്ന ചില വെല്ലു​വി​ളി​കൾ എന്തൊ​ക്കെ​യാ​യി​രു​ന്നു? (പുറം​താ​ളി​ലെ ചിത്രം കാണുക.)

16 നാബാ​ലാ​യി​രു​ന്നു അബീഗ​യി​ലി​ന്റെ ഭർത്താവ്‌. സ്വാർഥ​നായ, അഹങ്കാ​രി​യായ, നന്ദിയി​ല്ലാത്ത ഒരു മനുഷ്യൻ. എന്നാൽ ആ വിവാ​ഹ​ബന്ധം എങ്ങനെ​യെ​ങ്കി​ലും അവസാ​നി​ച്ചു​കാ​ണാൻ അബീഗ​യിൽ നോക്കി​യി​രി​ക്കു​ക​യ​ല്ലാ​യി​രു​ന്നു. ആയിരു​ന്നെ​ങ്കിൽ ദാവീ​ദും ആളുക​ളും അവളുടെ ഭർത്താ​വി​നെ കൊല്ലാൻ വന്നപ്പോൾ അവൾ മിണ്ടാ​തി​രു​ന്നാൽ മതിയാ​യി​രു​ന്നു. എന്നാൽ അബീഗ​യിൽ അങ്ങനെ ചെയ്‌തില്ല. പകരം, നാബാ​ലി​നെ​യും വീട്ടി​ലുള്ള എല്ലാവ​രെ​യും സംരക്ഷി​ക്കാൻ അബീഗ​യിൽ തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്‌തു. ആയുധ​ധാ​രി​ക​ളായ 400 പുരു​ഷ​ന്മാ​രെ സമീപി​ക്കാ​നും ദാവീ​ദി​നോട്‌ ആദര​വോ​ടെ കാര്യങ്ങൾ സംസാ​രി​ക്കാ​നും അബീഗ​യി​ലിന്‌ എത്രമാ​ത്രം ധൈര്യം ആവശ്യ​മാ​യി​രു​ന്നു എന്നൊന്ന്‌ ചിന്തി​ച്ചു​നോ​ക്കൂ. ഭർത്താവ്‌ ചെയ്‌ത തെറ്റിന്റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻപോ​ലും അബീഗ​യിൽ തയ്യാറാ​യി. (1 ശമുവേൽ 25:3, 23-28 വായി​ക്കുക.) വേണ്ട ഉപദേശം നൽകി ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്യു​ന്ന​തിൽനിന്ന്‌ തന്നെ തടയാൻ യഹോവ ധീരയായ ഈ സ്‌ത്രീ​യെ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ ദാവീദ്‌ പെട്ടെ​ന്നു​തന്നെ സമ്മതി​ച്ചു​പ​റഞ്ഞു.

17. ദാവീ​ദും അബീഗ​യി​ലും ഉൾപ്പെട്ട സംഭവ​ത്തിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം?

17 ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം? അബീഗ​യിൽ വിവേ​ക​മുള്ള ഒരു സ്‌ത്രീ​യാ​യി​രു​ന്നു. അബീഗ​യി​ലി​ന്റെ വാക്കു​കൾക്ക്‌ ശ്രദ്ധ കൊടു​ത്തു​കൊണ്ട്‌ ദാവീദ്‌ ജ്ഞാനപൂർവം പ്രവർത്തി​ച്ചു. അതു​കൊണ്ട്‌ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റം ഒഴിവാ​ക്കാൻ ദാവീ​ദിന്‌ കഴിഞ്ഞു. അതു​പോ​ലെ പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ജ്ഞാനമുള്ള ഒരു ഭർത്താവ്‌ ഭാര്യ​യു​ടെ അഭി​പ്രാ​യ​ങ്ങ​ളും​കൂ​ടെ കണക്കി​ലെ​ടു​ക്കും. തെറ്റായ ഒരു തീരു​മാ​നം എടുക്കാ​തി​രി​ക്കാൻ ഭാര്യ​യു​ടെ അഭി​പ്രാ​യങ്ങൾ ഒരുപക്ഷേ അദ്ദേഹത്തെ സഹായി​ച്ചേ​ക്കാം.

18. അബീഗ​യി​ലി​ന്റെ മാതൃ​ക​യിൽനിന്ന്‌ ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം?

18 ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം? ഭർത്താവ്‌ യഹോ​വയെ സേവി​ക്കാ​ത്ത​യാ​ളോ യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാ​ത്ത​യാ​ളോ ആണെന്നു കരുതുക. അങ്ങനെ​യാ​ണെ​ങ്കിൽപ്പോ​ലും ഭാര്യ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ അത്‌ ആ കുടും​ബത്തെ നല്ല രീതി​യിൽ സ്വാധീ​നി​ക്കും. വിവാ​ഹ​ജീ​വി​തം അവസാ​നി​ച്ചു​കി​ട്ടാൻ അവൾ തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത ഒരു ഉപാധി കണ്ടെത്തില്ല. പകരം, അവൾ ആദര​വോ​ടെ ഇടപെ​ടു​ക​യും കീഴ്‌പെ​ട്ടി​രി​ക്കു​ക​യും ചെയ്യും. കാരണം, തന്റെ നല്ല പെരു​മാ​റ്റം യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചേ​ക്കാം എന്ന്‌ അവൾക്ക്‌ അറിയാം. (1 പത്രോ. 3:1, 2) ഇനി, ഭർത്താവ്‌ യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നത്‌ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യാണ്‌, യഹോവ അത്‌ ഒരിക്ക​ലും ശ്രദ്ധി​ക്കാ​തെ​പോ​കില്ല.

19. ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ ഒരു ഭാര്യ ഭർത്താ​വി​നെ അനുസ​രി​ക്കാ​തി​രു​ന്നേ​ക്കാം?

19 ഒരു ക്രിസ്‌തീ​യ​ഭാ​ര്യ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്നെ​ങ്കി​ലും ബൈബിൾനി​യ​മ​ങ്ങ​ളോ തത്ത്വങ്ങ​ളോ ലംഘി​ക്കുന്ന രീതി​യി​ലുള്ള എന്തെങ്കി​ലും ചെയ്യാൻ ഭർത്താവ്‌ ആവശ്യ​പ്പെ​ട്ടാൽ അവൾ അത്‌ ചെയ്യില്ല. ഉദാഹ​ര​ണ​ത്തിന്‌, അവിശ്വാ​സി​യായ ഒരു ഭർത്താവ്‌ ഭാര്യ​യോട്‌ നുണ പറയാ​നോ മോഷ്ടി​ക്കാ​നോ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ഒരു കാര്യം ചെയ്യാ​നോ ആവശ്യ​പ്പെ​ട്ടെന്ന്‌ വിചാ​രി​ക്കുക. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ സഹോ​ദരി എന്ത്‌ ഓർക്കണം? വിവാ​ഹി​ത​രായ സഹോ​ദ​രി​മാർ ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ഒന്നാമത്‌ അനുസ​രി​ക്കേ​ണ്ടത്‌ യഹോ​വയെ ആണ്‌. അതു​കൊണ്ട്‌ ബൈബിൾത​ത്ത്വ​ങ്ങൾ ലംഘി​ക്കാൻ ഒരു സഹോ​ദ​രി​യോട്‌ ആവശ്യ​പ്പെ​ട്ടാൽ തനിക്ക്‌ അത്‌ ചെയ്യാൻ കഴിയില്ല എന്ന്‌ സഹോ​ദരി തീർത്തു​പ​റ​യണം, അതിന്റെ കാരണം വിശദീ​ക​രി​ക്കു​ക​യും വേണം. എന്നാൽ ആദര​വോ​ടെ വേണം അതെല്ലാം ചെയ്യാൻ.—പ്രവൃ. 5:29.

20-ാം ഖണ്ഡിക കാണുക) *

20. മറിയ​യ്‌ക്ക്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

20 മറിയ​യ്‌ക്ക്‌ യഹോ​വ​യു​മാ​യി ഒരു നല്ല അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു, തിരു​വെ​ഴു​ത്തു​കൾ നന്നായി അറിയാ​മാ​യി​രു​ന്നു. സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ അമ്മയായ എലിസ​ബ​ത്തു​മാ​യുള്ള സംഭാ​ഷ​ണ​ത്തി​നി​ടെ മറിയ എബ്രായ തിരു​വെ​ഴു​ത്തു​കൾ 20-ലധികം തവണ പരാമർശി​ക്കു​ന്ന​താ​യി കാണാം. (ലൂക്കോ. 1:46-55) ഇനി ഇതൊന്ന്‌ ചിന്തി​ക്കുക, മറിയ​യും യോ​സേ​ഫും തമ്മിലുള്ള വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ ദൂതൻ ആദ്യം പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ യോ​സേ​ഫി​നല്ല. മറിച്ച്‌, മറിയ​യോ​ടാണ്‌ ദൂതൻ സംസാ​രി​ച്ച​തും ദൈവ​പു​ത്രനു ജന്മം നൽകു​മെന്ന്‌ പറഞ്ഞതും. (ലൂക്കോ. 1:26-33) യഹോ​വ​യ്‌ക്ക്‌ മറിയയെ നന്നായി അറിയാ​മാ​യി​രു​ന്നു. മറിയ തന്റെ മകനെ സ്‌നേ​ഹി​ക്കു​ക​യും നന്നായി വളർത്തി​ക്കൊ​ണ്ടു​വ​രു​ക​യും ചെയ്യു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ ഉറപ്പാ​യി​രു​ന്നു. യേശു മരിച്ച്‌ സ്വർഗ​ത്തി​ലേക്ക്‌ പോയ​ശേ​ഷ​വും മറിയ​യ്‌ക്ക്‌ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധമു​ണ്ടാ​യി​രു​ന്നു എന്നതിന്‌ യാതൊ​രു സംശയ​വു​മില്ല.—പ്രവൃ. 1:14.

21. മറിയ​യെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം?

21 ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം? ഭാര്യക്ക്‌ തിരു​വെ​ഴു​ത്തു​കൾ നന്നായി അറിയാ​മെ​ങ്കിൽ ജ്ഞാനമുള്ള ഒരു ഭർത്താവ്‌ അതിൽ സന്തോ​ഷി​ക്കും. കുടും​ബ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന കാര്യ​ത്തിൽ ഭാര്യ തനിക്ക്‌ ഒരു ഭീഷണി​യാ​കു​മോ എന്ന്‌ അങ്ങനെ​യുള്ള ഒരു ഭർത്താവ്‌ ഒരിക്ക​ലും ചിന്തി​ക്കില്ല. ഭാര്യക്ക്‌ ബൈബി​ളി​ലും ബൈബിൾത​ത്ത്വ​ങ്ങ​ളി​ലും ഉള്ള അറിവ്‌ കുടും​ബ​ത്തിന്‌ ഒരു മുതൽക്കൂ​ട്ടാ​ണെന്ന്‌ അദ്ദേഹം തിരി​ച്ച​റി​യും. വിദ്യാ​ഭ്യാ​സ​ത്തി​ന്റെ കാര്യ​ത്തിൽ ഭാര്യ ഭർത്താ​വി​നെ​ക്കാൾ മുമ്പി​ലാ​ണെ​ങ്കി​ലും കുടും​ബാ​രാ​ധ​ന​യ്‌ക്കും മറ്റ്‌ ക്രിസ്‌തീ​യ​പ്ര​വർത്ത​ന​ങ്ങൾക്കും നേതൃ​ത്വ​മെ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഭർത്താ​വി​നാണ്‌.—എഫെ. 6:4.

ദൈവവചനം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു​വി​ന്റെ അമ്മയായ മറിയ​യിൽനി​ന്നും ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം? (22-ാം ഖണ്ഡിക കാണുക) *

22. മറിയ​യിൽനിന്ന്‌ ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം?

22 ഭാര്യ​മാർക്ക്‌ എന്തു പഠിക്കാം? യഹോ​വയെ ആരാധി​ക്കുന്ന കാര്യ​ത്തിൽ ഭർത്താ​വാണ്‌ നേതൃ​ത്വ​മെ​ടു​ക്കേ​ണ്ടത്‌ എന്നു ഭാര്യ ഓർക്കണം. എങ്കിലും തന്റെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുന്ന കാര്യ​ത്തിൽ അവൾക്കും ഉത്തരവാ​ദി​ത്വ​മുണ്ട്‌. (ഗലാ. 6:5) അതു​കൊണ്ട്‌ വ്യക്തി​പ​ര​മായ പഠനത്തി​നും ധ്യാന​ത്തി​നും അവൾ സമയം കണ്ടെത്തണം. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും ആദരവും വർധി​ക്കാ​നും സന്തോ​ഷ​ത്തോ​ടെ ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കാ​നും അത്‌ അവളെ സഹായി​ക്കും.

23. സഹോ​ദ​രി​മാർ കീഴ്‌പെ​ട്ടി​രി​ക്കു​മ്പോൾ അത്‌ അവർക്കു​ത​ന്നെ​യും കുടും​ബ​ത്തി​നും സഭയ്‌ക്കും എങ്ങനെ പ്രയോ​ജനം ചെയ്യും?

23 യഹോ​വ​യോ​ടു സ്‌നേ​ഹ​മു​ള്ള​തു​കൊണ്ട്‌ ഭർത്താ​വിന്‌ കീഴ്‌പെ​ട്ടി​രി​ക്കുന്ന ഭാര്യ​മാർ, യഹോ​വ​യു​ടെ ശിരഃ​സ്ഥാ​ന​ക്ര​മീ​ക​ര​ണ​ത്തി​നു കീഴ്‌പെ​ടാത്ത സ്‌ത്രീ​ക​ളെ​ക്കാൾ സന്തോ​ഷ​വും സംതൃ​പ്‌തി​യും ആസ്വദി​ക്കു​ന്നു. അവർ യുവാ​ക്കൾക്കും യുവതി​കൾക്കും നല്ല ഒരു മാതൃ​ക​യാണ്‌. കുടും​ബ​ത്തിൽ മാത്രമല്ല സഭയി​ലും സ്‌നേ​ഹ​വും സമാധാ​ന​വും ഉള്ള ഒരു അന്തരീക്ഷം ഉണ്ടാക്കി​യെ​ടു​ക്കു​ന്ന​തിൽ സഹായി​ക്കാൻ അവർക്ക്‌ കഴിയും. (തീത്തോ. 2:3-5) ഇന്ന്‌ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വ​രിൽ വലി​യൊ​രു പങ്കും സ്‌ത്രീ​ക​ളാണ്‌. (സങ്കീ. 68:11) പുരു​ഷ​നാ​യാ​ലും സ്‌ത്രീ​യാ​യാ​ലും നമുക്ക്‌ എല്ലാവർക്കും സഭയിൽ ഒരു പ്രധാന പങ്ക്‌ വഹിക്കാ​നുണ്ട്‌. ആ പങ്ക്‌ എങ്ങനെ നിർവ​ഹി​ക്കാ​മെന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

ഗീതം 131 ‘ദൈവം കൂട്ടി​ച്ചേർത്തത്‌’

^ ഖ. 5 യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​മ​നു​സ​രിച്ച്‌ ഭാര്യ​മാർ ഭർത്താ​ക്ക​ന്മാർക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കണം. അതിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? കീഴ്‌പെ​ട​ലി​നെ​ക്കു​റിച്ച്‌ യേശു​വി​ന്റെ​യും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ചില സ്‌ത്രീ​ക​ളു​ടെ​യും മാതൃ​ക​ക​ളിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും ധാരാളം കാര്യങ്ങൾ പഠിക്കാ​നുണ്ട്‌.

^ ഖ. 68 ചിത്രക്കുറിപ്പ്‌: സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ അമ്മയായ എലിസ​ബ​ത്തു​മാ​യുള്ള സംഭാ​ഷ​ണ​ത്തി​നി​ടെ മറിയ ഓർമ​യിൽനിന്ന്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ പരാമർശി​ച്ചു.

^ ഖ. 70 ചിത്രക്കുറിപ്പ്‌: സ്വന്തം ആത്മീയത കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിന്‌ ഒരു ക്രിസ്‌തീ​യ​സ​ഹോ​ദ​രി​യും ബൈബിൾപ​ഠ​ന​ത്തി​നാ​യി സമയം മാറ്റി​വെ​ക്കു​ന്നു.