വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

പ്രായമായ വിശ്വസ്‌ത ദൈവദാസരെ നിധിപോലെ കാണുക

പ്രായമായ വിശ്വസ്‌ത ദൈവദാസരെ നിധിപോലെ കാണുക

“നരച്ച മുടി സൗന്ദര്യകിരീടമാണ്‌.”—സുഭാ. 16:31.

ഗീതം 138 നരച്ച മുടി സൗന്ദര്യം

പൂർവാവലോകനം *

1-2. (എ) സുഭാഷിതങ്ങൾ 16:31 അനുസരിച്ച്‌ പ്രായമായ വിശ്വസ്‌ത ദൈവദാസരെ നമ്മൾ എങ്ങനെ കാണണം? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും?

പ്രകൃതിയിൽ കാണുന്ന മുറിച്ച്‌ മിനുസപ്പെടുത്താത്ത വജ്രത്തിനു തിളക്കവും ഭംഗിയും ഒന്നുമില്ലാത്തതുകൊണ്ട്‌ നമുക്ക്‌ അതിനോടു പ്രത്യേക ആകർഷണമൊന്നും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അതു കാണുന്ന ഒരു വ്യക്തിക്ക്‌ അത്‌ അത്ര വിലയുള്ളതായി തോന്നുകയുമില്ല.

2 ഒരർഥത്തിൽ നമ്മുടെ പ്രായമായ വിശ്വസ്‌ത ദൈവദാസർ ഈ വജ്രംപോലെയാണ്‌. അവർ വിലയേറിയ ഒരു നിധിയാണ്‌. അവരുടെ നരച്ച മുടി ഒരു കിരീടമാണെന്നാണു ബൈബിൾ പറയുന്നത്‌. (സുഭാഷിതങ്ങൾ 16:31 വായിക്കുക; സുഭാ. 20:29) എന്നാൽ അവർ എത്ര വിലയുള്ളവരാണെന്നു നമ്മൾ ചിലപ്പോൾ തിരിച്ചറിയാതെ പോയേക്കാം. പ്രായമായവരുടെ മൂല്യം തിരിച്ചറിയുന്ന ചെറുപ്പക്കാർക്ക്‌ അവരിൽനിന്ന്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനാകും. ഈ ലേഖനത്തിൽ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും. പ്രായമായ വിശ്വസ്‌ത ദൈവദാസരെ യഹോവ ഒരു നിധിപോലെ കാണുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയുടെ സംഘടനയിൽ അവർക്ക്‌ എങ്ങനെയുള്ള ഒരു സ്ഥാനമാണുള്ളത്‌? അവരുടെ മാതൃകയിൽനിന്ന്‌ പരമാവധി പ്രയോജനം നേടാൻ നമുക്ക്‌ എന്തു ചെയ്യാം?

പ്രായമേറിയ വിശ്വസ്‌തദാസരെ യഹോവ ഒരു നിധിപോലെ കാണുന്നത്‌ എന്തുകൊണ്ട്‌?

പ്രായമേറിയ വിശ്വസ്‌ത ദൈവദാസരെ യഹോവയും ദൈവജനവും വളരെ വിലയുള്ളവരായി കാണുന്നു (3-ാം ഖണ്ഡിക കാണുക)

3. സങ്കീർത്തനം 92:12-15 അനുസരിച്ച്‌ പ്രായമേറിയവരെ യഹോവ വിലമതിക്കുന്നത്‌ എന്തുകൊണ്ട്‌?

3 പ്രായമേറിയ വിശ്വസ്‌തദാസരെ യഹോവ വളരെ വിലപ്പെട്ടവരായിട്ടാണു കാണുന്നത്‌. അവർ ശരിക്കും എങ്ങനെയുള്ളവരാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. അവരുടെ നല്ല ഗുണങ്ങൾ യഹോവ വിലമതിക്കുകയും ചെയ്യുന്നു. ഇനി, വർഷങ്ങളായി യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്ന അവർക്കു നല്ല അറിവും അനുഭവപരിചയവും ഉണ്ട്‌. അതൊക്കെ അവർ ചെറുപ്പക്കാർക്കു പറഞ്ഞുകൊടുക്കുമ്പോൾ അതും യഹോവയെ സന്തോഷിപ്പിക്കുന്നു. (ഇയ്യോ. 12:12; സുഭാ. 1:1-4) യഹോവ അവരിൽ വിലമതിക്കുന്ന മറ്റൊരു കാര്യം കഷ്ടതകളൊക്കെ ഉണ്ടായപ്പോഴും അവരുടെ വിശ്വാസത്തിന്‌ ഇളക്കംതട്ടിയില്ല, അവർ അതെല്ലാം സഹിച്ചുനിന്നു എന്നതാണ്‌. (മലാ. 3:16) അവർ ആദ്യമായി സത്യം അറിഞ്ഞ ആ സമയത്തെക്കാൾ അവരുടെ പ്രത്യാശ ശക്തമാണ്‌ ഇന്ന്‌. ‘വാർധക്യത്തിൽപ്പോലും’ അവർ ദൈവത്തിന്റെ പേര്‌ ഘോഷിക്കുന്നതുകൊണ്ടും യഹോവ അവരെ സ്‌നേഹിക്കുന്നു.സങ്കീർത്തനം 92:12-15 വായിക്കുക.

4. പ്രായമായ സഹോദരങ്ങൾക്ക്‌ ഏതു കാര്യം പ്രോത്സാഹനം നൽകും?

4 നിങ്ങൾ പ്രായമായ ഒരു സഹോദരനോ സഹോദരിയോ ആണെങ്കിൽ യഹോവയുടെ സേവനത്തിൽ നിങ്ങൾ ഇതുവരെ ചെയ്‌ത കാര്യങ്ങളൊന്നും യഹോവ മറന്നുകളയില്ലെന്ന്‌ ഉറപ്പുണ്ടായിരിക്കുക. (എബ്രാ. 6:10) നിങ്ങൾ പ്രസംഗപ്രവർത്തനം തീക്ഷ്‌ണതയോടെ ചെയ്‌തു. ചെറുതും വലുതും ആയ പല പ്രശ്‌നങ്ങളിലൂടെ കടന്നുപോയപ്പോഴും നിങ്ങൾ തളരാതെ പിടിച്ചുനിന്നു. എല്ലായ്‌പോഴും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിച്ചു. യഹോവയുടെ സംഘടനയിൽ ബുദ്ധിമുട്ടുള്ള പല നിയമനങ്ങളും ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറായി. ഒപ്പം അത്തരം നിയമനങ്ങൾ ചെയ്യാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്‌തു. അതൊക്കെ യഹോവയെ ഒരുപാടു സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്‌. ഇനിയും, യഹോവയുടെ സംഘടന വരുത്തുന്ന മാറ്റങ്ങളോടെല്ലാം നിങ്ങൾ പെട്ടെന്നു പൊരുത്തപ്പെട്ടു. മുഴുസമയ സേവനം ചെയ്യാൻ തയ്യാറായവരെ നിങ്ങൾ പൂർണമായി പിന്തുണച്ചു. വിശ്വസ്‌തരായ നിങ്ങളെ ഓരോരുത്തരെയും യഹോവ ഒരുപാടു സ്‌നേഹിക്കുന്നു. “തന്റെ വിശ്വസ്‌തരെ ഉപേക്ഷിക്കില്ല” എന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. (സങ്കീ. 37:28) യഹോവ ഇങ്ങനെയും പറയുന്നു: “നിങ്ങളുടെ മുടി നരച്ചാലും ഞാൻ നിങ്ങളെ ചുമക്കും.” (യശ. 46:4) ‘ഒരുപാടു പ്രായമായതുകൊണ്ട്‌ യഹോവയുടെ സംഘടനയിൽ എനിക്ക്‌ ഇനി വലിയ വിലയൊന്നുമില്ല’ എന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല. നിങ്ങൾ വളരെ വിലയുള്ളവരാണ്‌.

സംഘടനയിൽ പ്രായമായവർക്കുള്ള സ്ഥാനം

5. പ്രായമായവർ ഏതു കാര്യം എപ്പോഴും ഓർക്കണം?

5 പ്രായമായവർക്കു പണ്ടത്തേതുപോലെ പലതും ചെയ്യാനുള്ള ശക്തിയില്ലായിരിക്കാം. എങ്കിലും വർഷങ്ങൾകൊണ്ട്‌ അവർ നേടിയെടുത്ത അനുഭവപരിചയം സംഘടനയ്‌ക്ക്‌ ഒരുപാടു പ്രയോജനം ചെയ്യും. യഹോവയ്‌ക്ക്‌ അവരെ പല രീതിയിൽ ഇപ്പോഴും ഉപയോഗിക്കാനാകും. മുൻകാലത്തെയും ഇപ്പോഴത്തെയും പലരുടെയും അനുഭവം അതാണു നമ്മളെ പഠിപ്പിക്കുന്നത്‌.

6-7. വിശ്വസ്‌തമായി യഹോവയെ സേവിച്ചതിന്‌ അനുഗ്രഹങ്ങൾ ലഭിച്ച പ്രായമായ ചിലരുടെ ഉദാഹരണങ്ങൾ പറയുക.

6 പ്രായമായപ്പോഴും യഹോവയെ വിശ്വസ്‌തമായി സേവിച്ച പലരുടെയും ദൃഷ്ടാന്തം ബൈബിളിൽ നമുക്കു കാണാം. ഇസ്രായേൽ ജനതയെ നയിക്കാനായി യഹോവ മോശയെ തന്റെ പ്രവാചകനായി തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തിന്‌ ഏതാണ്ട്‌ 80 വയസ്സുണ്ടായിരുന്നു. ഇനി, സാധ്യതയനുസരിച്ച്‌ ദാനിയേലിന്‌ 90-നുമേൽ പ്രായമുള്ളപ്പോഴും യഹോവ അദ്ദേഹത്തെ തന്റെ പ്രവാചകനായി ഉപയോഗിക്കുന്നുണ്ടായിരുന്നു. അപ്പോസ്‌തലനായ യോഹന്നാന്റെ കാര്യത്തിൽ അദ്ദേഹത്തിന്‌ 100-നോട്‌ അടുത്ത്‌ പ്രായമുള്ളപ്പോഴാണു ദൈവപ്രചോദിതമായി വെളിപാട്‌ പുസ്‌തകം എഴുതിയത്‌.

7 ഇനി, മറ്റുള്ളവരുടെ മുന്നിൽ വലിയ പേരും പ്രശസ്‌തിയും ഒന്നുമില്ലാഞ്ഞ വിശ്വസ്‌തരായ ദൈവദാസരും ഉണ്ടായിരുന്നു. എങ്കിലും യഹോവ അവരെ ശ്രദ്ധിക്കുകയും അവരുടെ വിശ്വസ്‌തതയ്‌ക്കു പ്രതിഫലം നൽകുകയും ചെയ്‌തു. ഉദാഹരണത്തിന്‌, “നീതിമാനും ദൈവഭക്തനും” ആയ ശിമെയോനെക്കുറിച്ച്‌ ബൈബിളിൽ കാര്യമായൊന്നും പറഞ്ഞിട്ടില്ല. എന്നാൽ യഹോവയ്‌ക്ക്‌ അദ്ദേഹത്തെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ശിശുവായ യേശുവിനെ കാണാനും ആ കുഞ്ഞിനെയും അമ്മയെയും കുറിച്ച്‌ ചില കാര്യങ്ങൾ മുൻകൂട്ടിപ്പറയാനും ഉള്ള അനുഗ്രഹം അദ്ദേഹത്തിനു കിട്ടി. (ലൂക്കോ. 2:22, 25-35) ഇനി, ഒരു വിധവയായ അന്ന പ്രവാചികയുടെ കാര്യവും അങ്ങനെതന്നെയായിരുന്നു. 84 വയസ്സുണ്ടായിരുന്ന അന്നയെ “എപ്പോഴും ദേവാലയത്തിൽ കാണാമായിരുന്നു.” അങ്ങനെ “മുടങ്ങാതെ” ദേവാലയത്തിൽ വന്നതുകൊണ്ട്‌ അന്നയെയും യഹോവ അനുഗ്രഹിച്ചു. ശിശുവായ യേശുവിനെ കാണാനുള്ള അവസരം ഒരു തവണ അന്നയ്‌ക്കും കിട്ടി. ശിമെയോനെയും അന്നയെയും യഹോവ വളരെ വിലപ്പെട്ടവരായിട്ടാണു കണ്ടത്‌.—ലൂക്കോ. 2:36-38.

80-നുമേൽ പ്രായമുള്ള ലോയിസ്‌ സഹോദരി ഇപ്പോഴും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നു (8-ാം ഖണ്ഡിക കാണുക)

8-9. വിധവമാരായ പല സഹോദരിമാരും യഹോവയുടെ സംഘടനയിൽ എന്തു ചെയ്യുന്നു?

8 നമ്മുടെ നാളിലും ചെറുപ്പക്കാർക്കു നല്ല മാതൃകയായിരിക്കുന്ന പ്രായമേറിയ പല സഹോദരങ്ങളുമുണ്ട്‌. അങ്ങനെയുള്ള ഒരാളാണു ലോയിസ്‌ ഡീഡർ സഹോദരി. കാനഡയിൽ ഒരു പ്രത്യേക മുൻനിരസേവികയായി പ്രവർത്തനം ആരംഭിക്കുമ്പോൾ സഹോദരിക്ക്‌ 21 വയസ്സേ ഉള്ളൂ. പിന്നീട്‌ സഹോദരിയും ഭർത്താവ്‌ ജോണുംകൂടെ കുറെ വർഷം സഞ്ചാരവേല ചെയ്‌തു. പിന്നീട്‌ 20-ലേറെ വർഷം അവർ കാനഡ ബഥേലിൽ സേവിച്ചു. സഹോദരിക്ക്‌ 58 വയസ്സുള്ളപ്പോഴാണ്‌ അവരോട്‌ യുക്രെയിനിലേക്കു പോകാമോ എന്നു ചോദിക്കുന്നത്‌. അവർ അപ്പോൾ എന്തു ചെയ്‌തു? മറ്റൊരു രാജ്യത്ത്‌ പോയി പ്രവർത്തിക്കാനുള്ള പ്രായമൊക്കെ തങ്ങൾക്കു കടന്നുപോയി എന്ന്‌ അവർ ചിന്തിച്ചോ? ഇല്ല. അവർ ആ നിയമനം സ്വീകരിച്ചു. സഹോദരനെ അവിടത്തെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി നിയമിക്കുകയും ചെയ്‌തു. ഏഴു വർഷം കഴിഞ്ഞ്‌ സഹോദരൻ മരിച്ചു. എങ്കിലും സഹോദരി അവിടത്തെ തന്റെ നിയമനത്തിൽ തുടരാൻ തീരുമാനിച്ചു. ലോയിസ്‌ സഹോദരിക്ക്‌ ഇപ്പോൾ 81 വയസ്സുണ്ട്‌. സഹോദരി ഇപ്പോഴും യുക്രെയിൻ ബഥേൽക്കുടുംബത്തോടൊപ്പം വിശ്വസ്‌തമായി യഹോവയെ സേവിക്കുന്നു. അവർക്കെല്ലാം സഹോദരിയെ ഒരുപാട്‌ ഇഷ്ടമാണ്‌.

9 ലോയിസ്‌ സഹോദരിയെപ്പോലുള്ള വിധവമാർക്കു ഭർത്താവ്‌ കൂടെ ഉണ്ടായിരുന്നപ്പോഴത്തെ അത്രയും ശ്രദ്ധയോ പ്രാധാന്യമോ ഒന്നും ഇപ്പോൾ കിട്ടണമെന്നില്ല. എങ്കിലും അവർ ഇപ്പോഴും വളരെ വിലപ്പെട്ടവർതന്നെയാണ്‌. വർഷങ്ങളോളം തങ്ങളുടെ ഭർത്താക്കന്മാരെ പിന്തുണയ്‌ക്കുകയും ഇപ്പോഴും വിശ്വസ്‌തമായി യഹോവയെ സേവിക്കുകയും ചെയ്യുന്ന ഇത്തരം സഹോദരിമാരെ യഹോവ ഒരുപാടു വിലമതിക്കുന്നു. (1 തിമൊ. 5:3) ചെറുപ്പക്കാർക്ക്‌ അവർ നല്ലൊരു പ്രോത്സാഹനവുമാണ്‌.

10. ടോണി സഹോദരനിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാനാകുന്നത്‌?

10 പുറത്തൊന്നും പോകാൻ പറ്റാതെ കഴിയുന്ന, കൂടുതൽ പരിചരണം ആവശ്യമുള്ള, പ്രായമേറിയ വിശ്വസ്‌തസഹോദരങ്ങളും വളരെ വിലപ്പെട്ടവരാണ്‌. ഉദാഹരണത്തിന്‌, ടോണി സഹോദരൻ ഇപ്പോൾ താമസിക്കുന്നതു പ്രായമായവരെ പരിചരിക്കുന്ന ഒരു സ്ഥലത്താണ്‌. 1942 ആഗസ്റ്റിൽ ഐക്യനാടുകളിലെ പെൻസിൽവേനിയയിൽവെച്ചാണ്‌ അദ്ദേഹം സ്‌നാനമേറ്റത്‌, 20-ാമത്തെ വയസ്സിൽ. സ്‌നാനമേറ്റ്‌ പെട്ടെന്നുതന്നെ അദ്ദേഹത്തിനു സൈന്യത്തിൽ ചേരാനുള്ള ഒരു ഉത്തരവ്‌ കിട്ടി. അദ്ദേഹം അതിനു തയ്യാറാകാഞ്ഞതുകൊണ്ട്‌ രണ്ടര വർഷം ജയിലിൽ കിടക്കേണ്ടിവന്നു. സഹോദരനും ഭാര്യ ഹിൽഡയ്‌ക്കും രണ്ടു മക്കളാണ്‌. രണ്ടു പേരെയും അവർ സത്യത്തിൽ വളർത്തിക്കൊണ്ടുവന്നു. ഇത്രയും കാലത്തിനിടെ സഹോദരൻ മൂന്നു സഭകളിൽ അധ്യക്ഷമേൽവിചാരകനായും (ഇപ്പോൾ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ) അതുപോലെ സർക്കിട്ട്‌ സമ്മേളനമേൽവിചാരകനായും സേവിച്ചിട്ടുണ്ട്‌. കൂടാതെ, ജയിലിൽ ചെന്ന്‌ അദ്ദേഹം മീറ്റിങ്ങുകളും ബൈബിൾപഠനങ്ങളും നടത്തുമായിരുന്നു. ഇപ്പോൾ 98-ാം വയസ്സിലും അദ്ദേഹം തന്റെ സഭയിലെ സഹോദരങ്ങളോടൊപ്പം യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യുന്നു.

11. വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുന്ന പ്രായമായവരെ വിലപ്പെട്ടവരായി കരുതുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

11 വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുന്ന പ്രായമായവരെ വിലപ്പെട്ടവരായി കരുതുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം? സഭാപ്രവർത്തനങ്ങളിൽ അവരെ കഴിയുന്നത്ര ഉൾപ്പെടുത്താൻ മൂപ്പന്മാർക്കു ശ്രമിക്കാം. ഇനി, നമുക്ക്‌ അവരെ ചെന്നു കാണുകയോ വീഡിയോ കോളിലൂടെ അവരുമായി സംസാരിക്കുകയോ ഒക്കെ ചെയ്യാം. സഭയിൽനിന്ന്‌ അകലെ ഒറ്റയ്‌ക്കോ വിശ്വാസത്തിലില്ലാത്ത ബന്ധുക്കളുടെകൂടെയോ താമസിക്കുന്ന സഹോദരങ്ങളുടെ കാര്യത്തിൽ നമുക്കു പ്രത്യേകം താത്‌പര്യം കാണിക്കാം. കാരണം ശ്രദ്ധിച്ചില്ലെങ്കിൽ ഈ പ്രായമായവരെ നമ്മൾ മറന്നുപോകാൻ സാധ്യതയുണ്ട്‌. അവരിൽ ചിലർ തങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ മടിയുള്ളവരോ അങ്ങനെ സംസാരിക്കുന്നതു ശരിയല്ലെന്നു ചിന്തിക്കുന്നവരോ ആകാം. എന്നാൽ യഹോവയുടെ സംഘടനയിൽ അവർക്കുണ്ടായ സന്തോഷത്തെക്കുറിച്ചൊക്കെ അവർക്കു ധാരാളം പറയാനുണ്ടാകും. അതുകൊണ്ട്‌ അതെക്കുറിച്ച്‌ അവരോടു ചോദിക്കുക. അവർ പറയുമ്പോൾ നന്നായി ശ്രദ്ധിക്കുക. അതിലൂടെ നമുക്കു പലതും പഠിക്കാനാകും.

12. എങ്ങനെയുള്ള സഹോദരങ്ങൾ നമ്മുടെ സഭയിൽത്തന്നെ ഉണ്ടായിരിക്കാം?

12 നമ്മുടെ സ്വന്തം സഭയിൽത്തന്നെ വിശ്വാസത്തിന്റെ നല്ല മാതൃകകളായ പ്രായമേറിയ സഹോദരീസഹോദരന്മാർ ഉണ്ടായിരിക്കാം. ഹാരിയെറ്റ്‌ എന്ന സഹോദരിയുടെ കാര്യം നോക്കാം. സഹോദരി വർഷങ്ങളോളം ഐക്യനാടുകളിലെ ന്യൂ ജേഴ്‌സി സഭയിലായിരുന്നു. പിന്നീട്‌ സഹോദരി മകളുടെ വീട്ടിലേക്കു താമസം മാറി. ആ സഭയിലെ സഹോദരങ്ങൾ സഹോദരിയെ അടുത്ത്‌ അറിഞ്ഞപ്പോഴാണു സഹോദരിയിൽനിന്ന്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ടെന്നു മനസ്സിലാക്കിയത്‌. 1925-നോട്‌ അടുത്ത്‌ താൻ സത്യം പഠിച്ചപ്പോഴത്തെ വയൽസേവന അനുഭവങ്ങൾ ഒക്കെ പറഞ്ഞ്‌ സഹോദരി അവരെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്‌ പ്രസംഗപ്രവർത്തനത്തിനു പോകുമ്പോഴൊക്കെ പല്ലു തേക്കാനുള്ള ഒരു ബ്രഷും സഹോദരി ബാഗിൽ കരുതുമായിരുന്നു. കാരണം എപ്പോഴാണു ജയിലിൽ പോകേണ്ടിവരുന്നതെന്ന്‌ അറിയില്ലല്ലോ. 1933-ൽ രണ്ടു തവണ സഹോദരിയെ അറസ്റ്റു ചെയ്‌തു. രണ്ടു തവണയും ഓരോ ആഴ്‌ച വീതം ജയിലിൽ കഴിയേണ്ടിവന്നു. സഹോദരിയുടെ ഭർത്താവ്‌ സാക്ഷിയല്ലായിരുന്നെങ്കിലും എതിർപ്പൊന്നും ഇല്ലായിരുന്നു. സഹോദരി ജയിലിൽ കിടന്നപ്പോൾ, അന്നു തീരെ ചെറുതായിരുന്ന മൂന്നു മക്കളുടെയും കാര്യം നോക്കിയത്‌ അദ്ദേഹമാണ്‌. ഹാരിയെറ്റ്‌ സഹോദരിയെപ്പോലുള്ള പ്രായമായ, വിശ്വസ്‌തസഹോദരങ്ങളെ നമ്മൾ എത്രമാത്രം വിലമതിക്കണം, അല്ലേ?

13. യഹോവയുടെ സംഘടന പ്രായമായവരെ എങ്ങനെയാണു കാണുന്നത്‌?

13 നമ്മുടെ പ്രായമേറിയ സഹോദരീസഹോദരന്മാരെ യഹോവയും സംഘടനയും വളരെ വിലപ്പെട്ടവരായിട്ടാണു കാണുന്നത്‌. യഹോവ തന്റെ സംഘടനയെയും തങ്ങളെയും പല വിധങ്ങളിൽ അനുഗ്രഹിച്ചിരിക്കുന്നത്‌ അവർ കണ്ടറിഞ്ഞിരിക്കുന്നു. സ്വന്തം തെറ്റുകളിൽനിന്നുതന്നെ അവർ പല പാഠങ്ങളും പഠിച്ചിട്ടുണ്ട്‌. അവരുടെ അനുഭവപരിചയത്തിൽനിന്ന്‌ നമുക്ക്‌ ഒരുപാടു കാര്യങ്ങൾ പഠിക്കാനാകും. “ജ്ഞാനത്തിന്റെ ഉറവ” ആയി അവരെ കാണുക. (സുഭാ. 18:4) അതുകൊണ്ട്‌ അവരെ അടുത്തറിയുക. അവരിൽനിന്ന്‌ പഠിക്കുക. അതു നിങ്ങളുടെ വിശ്വാസം ശക്തമാക്കും.

പ്രായമായവരുടെ മാതൃകയിൽനിന്ന്‌ പരമാവധി പഠിക്കുക

ഏലിയയുടെ കൂടെയായിരുന്നത്‌ എലീശയ്‌ക്കു പ്രയോജനം ചെയ്‌തതുപോലെ വർഷങ്ങളായി യഹോവയെ സേവിക്കുന്നവരുടെ അനുഭവങ്ങൾ കേൾക്കുന്നതു സഹോദരങ്ങൾക്കു പ്രയോജനം ചെയ്യും (14, 15 ഖണ്ഡികകൾ കാണുക)

14. ആവർത്തനം 32:7 എന്തു ചെയ്യാനാണു ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നത്‌?

14 പ്രായമായവരോടു സംസാരിക്കാൻ ശ്രമിക്കുക. (ആവർത്തനം 32:7 വായിക്കുക.) അവർക്ക്‌ ഇപ്പോൾ പണ്ടത്തെപ്പോലെ കാണാനാകുന്നില്ലായിരിക്കാം, നടത്തത്തിന്റെ വേഗം കുറഞ്ഞിരിക്കാം, സംസാരം പതുക്കെയായിരിക്കാം. എങ്കിലും അവരുടെ മനസ്സ്‌ ഇപ്പോഴും ചെറുപ്പമാണ്‌. ദൈവമുമ്പാകെ അവർ ഒരു “സത്‌പേര്‌” നേടിയിരിക്കുന്നു. (സഭാ. 7:1) യഹോവ അവരെ വിലപ്പെട്ടവരായി കാണുന്നത്‌ എന്തുകൊണ്ടെന്ന്‌ ഓർക്കുക. അവരോടു തുടർന്നും ബഹുമാനം കാണിക്കുക. നമുക്ക്‌ എലീശയെപ്പോലെ ആയിരിക്കാം. ഏലിയയുടെകൂടെ ആയിരുന്ന അവസാനദിവസം അദ്ദേഹത്തെ വിട്ട്‌ പോകാൻ എലീശ തയ്യാറല്ലായിരുന്നു. “ഞാൻ അങ്ങയെ വിട്ട്‌ പോകില്ല” എന്ന്‌ എലീശ മൂന്നു തവണ പറഞ്ഞു.—2 രാജാ. 2:2, 4, 6.

15. പ്രായമായവരോടു നമുക്ക്‌ എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കാം?

15 പ്രായമായവരോടു താത്‌പര്യം കാണിക്കാനുള്ള ഒരു വിധം സ്‌നേഹത്തോടെ അവരോടു ചോദ്യങ്ങൾ ചോദിക്കുന്നതാണ്‌. (സുഭാ. 1:5; 20:5; 1 തിമൊ. 5:1, 2) ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാം: “നിങ്ങൾ ചെറുപ്പമായിരുന്നപ്പോൾ ഇതുതന്നെയാണു സത്യമെന്നു നിങ്ങൾക്ക്‌ എങ്ങനെയാണു മനസ്സിലായത്‌?” “ജീവിതത്തിൽ നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാൻ നിങ്ങളെ എങ്ങനെയാണു സഹായിച്ചത്‌?” “യഹോവയുടെ സേവനത്തിൽ സന്തോഷത്തോടെ തുടരാൻ നിങ്ങൾക്ക്‌ എങ്ങനെയാണു കഴിഞ്ഞത്‌?” (1 തിമൊ. 6:6-8) എന്നിട്ട്‌ അവർക്കു പറയാനുള്ള കഥകളൊക്കെ ശ്രദ്ധിച്ചുകേൾക്കുക.

16. ചെറുപ്പക്കാർ പ്രായമായവരോടു സംസാരിക്കുന്നതു രണ്ടു കൂട്ടർക്കും പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

16 ചെറുപ്പക്കാർ പ്രായമായവരോടു സംസാരിക്കുമ്പോൾ രണ്ടു കൂട്ടർക്കും പ്രയോജനമുണ്ട്‌. (റോമ. 1:12) യഹോവ തന്റെ വിശ്വസ്‌തദാസന്മാർക്കുവേണ്ടി കരുതുന്നത്‌ എങ്ങനെയാണെന്നു കാണുമ്പോൾ ചെറുപ്പക്കാരായ നിങ്ങളുടെ വിലമതിപ്പു കൂടും. ഇനി, പ്രായമായവർക്കു മറ്റുള്ളവർ തങ്ങളെ ആദരിക്കുന്നെന്നു മനസ്സിലാകുകയും ചെയ്യും. യഹോവ തങ്ങളെ അനുഗ്രഹിച്ചതിനെക്കുറിച്ചൊക്കെ പറയാൻ അവർക്ക്‌ ഒരുപാട്‌ ഇഷ്ടമായിരിക്കും.

17. വർഷങ്ങൾ കഴിയുംതോറും വിശ്വസ്‌തരായ പ്രായമേറിയ സഹോദരങ്ങളുടെ സൗന്ദര്യം കൂടുമെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

17 പൊതുവേ പ്രായമാകുന്നതോടെ, പുറമേയുള്ള സൗന്ദര്യമൊക്കെ കുറയും. എന്നാൽ യഹോവയുടെ കണ്ണിൽ വിശ്വസ്‌തരായ ദൈവദാസരുടെ സൗന്ദര്യം വർഷങ്ങൾ കഴിയുംതോറും കൂടിക്കൂടി വരും. (1 തെസ്സ. 1:2, 3) അത്‌ എന്തുകൊണ്ടാണ്‌? ഓരോ വർഷം കഴിയുമ്പോഴും പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവർ ദൈവികഗുണങ്ങൾ വളർത്തിയെടുക്കുകയും അങ്ങനെ മെച്ചപ്പെട്ട വ്യക്തികളാകുകയും ചെയ്യുന്നു. അതുകൊണ്ട്‌ പ്രായമേറിയ നമ്മുടെ പ്രിയ സഹോദരങ്ങളെ അടുത്തറിയുക, അവരെ ആദരിക്കുക, അവരിൽനിന്ന്‌ പഠിക്കുക. അപ്പോൾ അവർ എത്ര വിലപ്പെട്ട നിധികളാണെന്നു നിങ്ങൾ തിരിച്ചറിയും.

18. അടുത്ത ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യുന്നത്‌?

18 ചെറുപ്പക്കാർ പ്രായമായവരെ ഒരു നിധിപോലെ കാണുന്നതോടൊപ്പം തിരിച്ച്‌ പ്രായമായവരും ചെറുപ്പക്കാരെ വിലമതിക്കണം. അപ്പോഴാണ്‌ ഒരു സഭ ശക്തമാകുന്നത്‌. അടുത്ത ലേഖനത്തിൽ പ്രായമായവർക്ക്‌ എങ്ങനെ സഭയിലെ ചെറുപ്പക്കാരെ ഒരു നിധിപോലെ കാണാം എന്നതിനെക്കുറിച്ച്‌ നമ്മൾ ചർച്ച ചെയ്യും.

ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!

^ ഖ. 5 പ്രായമേറിയ വിശ്വസ്‌ത ദൈവദാസർ ശരിക്കും ഒരു നിധിയാണ്‌. അവരെ കൂടുതൽ വിലമതിക്കാൻ നമ്മളെ സഹായിക്കുന്ന ഒരു ലേഖനമാണ്‌ ഇത്‌. അവരുടെ അറിവിൽനിന്നും അനുഭവപരിചയത്തിൽനിന്നും നമുക്ക്‌ എങ്ങനെ പരമാവധി പ്രയോജനം നേടാമെന്നു നമ്മൾ ഇതിൽ ചർച്ച ചെയ്യും. ദൈവത്തിന്റെ സംഘടനയിൽ പ്രായമായവർക്കു വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ടെന്ന്‌ ഉറപ്പുകൊടുക്കുന്നതുമാണ്‌ ഈ ലേഖനം.