വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 39

പ്രിയപ്പെട്ടവർ യഹോവയെ ഉപേക്ഷിക്കുമ്പോൾ

പ്രിയപ്പെട്ടവർ യഹോവയെ ഉപേക്ഷിക്കുമ്പോൾ

“എത്ര കൂടെക്കൂടെ അവർ  . . . ദൈവത്തെ മുറിപ്പെടുത്തി.”—സങ്കീ. 78:40.

ഗീതം 102 “ബലഹീനരെ സഹായിക്കുക”

പൂർവാവലോകനം *

1. ഒരാളെ സഭയിൽനിന്ന്‌ പുറത്താക്കിയാൽ അവരുടെ കുടുംബാംഗങ്ങൾക്ക്‌ എന്തു തോന്നിയേക്കാം?

നിങ്ങളുടെ പ്രിയപ്പെട്ടവരിൽ ആരെങ്കിലും സഭയിൽനിന്ന്‌ പുറത്താക്കപ്പെട്ടിട്ടുണ്ടോ? എങ്കിൽ ആ വേദന എത്ര വലുതാണെന്നു നിങ്ങൾക്ക്‌ അറിയാം. ഹിൽഡ എന്ന സഹോദരി പറയുന്നു: “41 വർഷത്തെ വിവാഹജീവിതത്തിനു ശേഷം എന്റെ ഭർത്താവ്‌ മരിച്ചു. * ഇതിലും വലിയൊരു വേദനയില്ലെന്ന്‌ അപ്പോൾ തോന്നി. എന്നാൽ അതിലും വലിയ ഒരു വേദന എനിക്ക്‌ അനുഭവിക്കേണ്ടിവന്നു. എന്റെ മകൻ സഭയെയും ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച്‌ പോയപ്പോൾ.”

പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ ഉപേക്ഷിച്ചാൽ അതു നമ്മളെ എത്ര വേദനിപ്പിക്കുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം (2-3 ഖണ്ഡികകൾ കാണുക) *

2-3. സങ്കീർത്തനം 78:40, 41 പറയുന്നതനുസരിച്ച്‌ ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച്‌ പോകുമ്പോൾ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നത്‌?

2 യഹോവയ്‌ക്ക്‌ ആ സങ്കടം മനസ്സിലാകും. കാരണം യഹോവയും അതേ വേദനയിലൂടെ കടന്നുപോയിട്ടുണ്ട്‌. സ്വർഗത്തിലെ ദൂതപുത്രന്മാർ ദൈവത്തെ ഉപേക്ഷിച്ച്‌ പോയി. (യൂദ 6) ഇനി, ഭൂമിയിൽ ദൈവം വളരെയധികം സ്‌നേഹിച്ച ഇസ്രായേൽ ജനം പല തവണ ദൈവത്തോടു മത്സരിച്ചു. അപ്പോഴെല്ലാം യഹോവയ്‌ക്ക്‌ എത്രമാത്രം ഹൃദയവേദന തോന്നിക്കാണും! (സങ്കീർത്തനം 78:40, 41 വായിക്കുക.) നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ യഹോവയെ ഉപേക്ഷിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അതേ വേദനതന്നെ യഹോവയ്‌ക്കും തോന്നുന്നുണ്ടെന്ന്‌ ഉറപ്പുണ്ടായിരിക്കുക. അതുകൊണ്ട്‌ അനുകമ്പയുള്ള ദൈവം നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്യും.

3 യഹോവയിൽനിന്നുള്ള ആ സഹായം ലഭിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകുമെന്ന്‌ ഈ ലേഖനത്തിൽ ചർച്ച ചെയ്യും. പ്രിയപ്പെട്ടവർ യഹോവയെ ഉപേക്ഷിച്ച്‌ പോകുന്നതിന്റെ വേദന സഭയിൽ ആരെങ്കിലും അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ എങ്ങനെ സഹായിക്കാമെന്നും കാണും. എന്നാൽ ആദ്യംതന്നെ നമ്മൾ ഒഴിവാക്കേണ്ട ചില തെറ്റായ ചിന്തകളെക്കുറിച്ച്‌ നോക്കാം.

നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുന്നത്‌ ഒഴിവാക്കുക

4. സ്വന്തം മകനോ മകളോ യഹോവയെ വിട്ട്‌ പോകുമ്പോൾ പല മാതാപിതാക്കൾക്കും എന്തു തോന്നുന്നു?

4 സ്വന്തം മകനോ മകളോ യഹോവയെ വിട്ട്‌ പോകുമ്പോൾ അതു തങ്ങളുടെ കുഴപ്പംകൊണ്ടാണെന്നു പല മാതാപിതാക്കളും ചിന്തിക്കാറുണ്ട്‌. മകൻ പുറത്താക്കപ്പെട്ടപ്പോൾ ലൂക്ക്‌ എന്ന സഹോദരൻ ചിന്തിച്ചത്‌ ഇങ്ങനെയാണ്‌: “എല്ലാം എന്റെ തെറ്റാണെന്നു പറഞ്ഞ്‌ ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തുമായിരുന്നു. ആ ചിന്ത സ്വപ്‌നങ്ങളിൽപ്പോലും എന്നെ അലട്ടിയിരുന്നു. ചിലപ്പോൾ സങ്കടംകൊണ്ട്‌ ഞാൻ പൊട്ടിക്കരയാറുണ്ട്‌.” സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ എലിസബത്ത്‌ എന്ന സഹോദരി ചിന്തിച്ചത്‌ ഇങ്ങനെയായിരുന്നു: “എന്റെ മകന്റെ ഉള്ളിൽ യഹോവയോടുള്ള സ്‌നേഹം വളർത്താൻ എനിക്കു കഴിഞ്ഞില്ല എന്നായിരുന്നു എന്റെ ചിന്ത. ഒരു അമ്മയെന്ന നിലയിൽ തികഞ്ഞ പരാജയമാണു ഞാനെന്ന്‌ എനിക്കു തോന്നി.”

5. ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച്‌ പോകുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്‌?

5 സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കെല്ലാം തന്നിട്ടുണ്ട്‌. അതിനർഥം യഹോവയെ അനുസരിക്കണോ വേണ്ടയോ എന്നു നമുക്ക്‌ ഓരോരുത്തർക്കും തീരുമാനിക്കാമെന്നാണ്‌. മാതാപിതാക്കൾ അത്ര നല്ല മാതൃകയൊന്നും അല്ലെങ്കിലും യഹോവയെ വിശ്വസ്‌തമായി സേവിക്കാൻ തീരുമാനിച്ച കുട്ടികളുണ്ട്‌. എന്നാൽ യഹോവയെ സേവിക്കാൻ മാതാപിതാക്കൾ ചെറുപ്പംതൊട്ടേ പഠിപ്പിച്ചിട്ടും മുതിർന്നുവന്നപ്പോൾ യഹോവയെ വിട്ട്‌ പോയവരുമുണ്ട്‌. യഹോവയെ സേവിക്കണോ വേണ്ടയോ എന്നത്‌ ഓരോരുത്തരും സ്വന്തമായി തീരുമാനിക്കണം എന്നാണ്‌ ഇതു കാണിക്കുന്നത്‌. (യോശു. 24:15) അതുകൊണ്ട്‌ നിങ്ങളുടെ കുട്ടി യഹോവയെ ഉപേക്ഷിച്ച്‌ പോയിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിച്ചതു നിങ്ങളുടെ കുറ്റംകൊണ്ടാണെന്ന്‌ ഒരിക്കലും ചിന്തിക്കരുത്‌.

6. അപ്പനോ അമ്മയോ സത്യം ഉപേക്ഷിച്ച്‌ പോകുമ്പോൾ അതു മക്കളെ എങ്ങനെ ബാധിച്ചേക്കാം?

6 ചിലപ്പോൾ മാതാപിതാക്കളിൽ ആരെങ്കിലുമായിരിക്കും യഹോവയെ വിട്ട്‌ പോകുന്നത്‌. (സങ്കീ. 27:10) ഇനി, അവർ കുടുംബത്തെപ്പോലും ഉപേക്ഷിച്ചേക്കാം. അതു കുട്ടികളെ മോശമായി ബാധിക്കും. കാരണം അവർ മാതൃകയായി കാണുന്നതു മാതാപിതാക്കളെയാണല്ലോ. തന്റെ പപ്പയെ സഭയിൽനിന്ന്‌ പുറത്താക്കിയപ്പോൾ തോന്നിയ വിഷമത്തെക്കുറിച്ച്‌ എസ്ഥേർ സഹോദരി പറയുന്നു: “എന്റെ പപ്പ പതിയെപ്പതിയെ സത്യത്തിൽനിന്ന്‌ അകന്നുപോയതല്ല, ഇനി യഹോവയെ സേവിക്കേണ്ടാ എന്ന്‌ മനഃപൂർവം തീരുമാനിക്കുകയായിരുന്നു. അത്‌ ഓർത്ത്‌ ഞാൻ മിക്കപ്പോഴും കരയുമായിരുന്നു. പപ്പയെ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. അതുകൊണ്ട്‌ പപ്പ പുറത്താക്കപ്പെട്ടപ്പോൾ എനിക്ക്‌ അതു സഹിക്കാനായില്ല. മാനസികമായി ഞാൻ ആകെ തകർന്നുപോയി. പപ്പയുടെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നെന്ന്‌ ഓർത്തും എനിക്കു ടെൻഷനുണ്ടായിരുന്നു.”

7. ഒരു കുട്ടിയുടെ അപ്പനെയോ അമ്മയെയോ പുറത്താക്കിയിട്ടുണ്ടെങ്കിൽ ആ കുട്ടിയെക്കുറിച്ച്‌ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നത്‌?

7 കുട്ടികളേ, നിങ്ങളുടെ അപ്പനോ അമ്മയോ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളെ ഓർത്ത്‌ ഞങ്ങൾക്കു സങ്കടമുണ്ട്‌. നിങ്ങൾക്കു തോന്നുന്ന വേദന യഹോവ മനസ്സിലാക്കുന്നുണ്ടെന്ന്‌ ഉറപ്പുണ്ടായിരിക്കുക. യഹോവ നിങ്ങളെ സ്‌നേഹിക്കുന്നുണ്ട്‌. നിങ്ങൾ വിശ്വസ്‌തരായി നിൽക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്ക്‌ ഒരുപാടു സന്തോഷം തോന്നുന്നു. സഭയിലെ സഹോദരങ്ങൾക്കും അതിൽ സന്തോഷമുണ്ട്‌. മാതാപിതാക്കൾ എടുക്കുന്ന തീരുമാനത്തിനു നിങ്ങൾ അല്ല ഉത്തരവാദികൾ എന്ന കാര്യവും ഓർക്കണം. നേരത്തേ പറഞ്ഞതുപോലെ യഹോവയെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും യഹോവ നൽകിയിട്ടുണ്ട്‌. സമർപ്പിച്ച്‌ സ്‌നാനമേറ്റിരിക്കുന്ന ഓരോ ക്രിസ്‌ത്യാനിയും അവരവരുടെ ‘ഉത്തരവാദിത്വമെന്ന ചുമട്‌ സ്വയം ചുമക്കേണ്ടതുണ്ട്‌.’—ഗലാ. 6:5.

8. പുറത്താക്കപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക്‌ എന്തു ചെയ്യാനാകും? (“ യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . . ” എന്ന ചതുരം കാണുക.)

8 പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ ഉപേക്ഷിച്ച്‌ പോകുമ്പോൾ അവർ എന്നെങ്കിലും ഒരു ദിവസം തിരിച്ചുവരും എന്ന പ്രതീക്ഷ നിങ്ങൾക്കുണ്ടാകും. അതുവരെ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? യഹോവയിലുള്ള വിശ്വാസം ശക്തമാക്കുക. അപ്പോൾ നിങ്ങൾ മറ്റു കുടുംബാംഗങ്ങൾക്കും ഒരുപക്ഷേ പുറത്താക്കപ്പെട്ട വ്യക്തിക്കുപോലും നല്ല മാതൃകയായിരിക്കും. വേദനയും സങ്കടവും ഒക്കെ മറികടക്കാൻ അതു നിങ്ങളെ സഹായിക്കുകയും ചെയ്യും. അതുകൊണ്ട്‌ ഇപ്പോൾ, വിശ്വാസം ശക്തമാക്കാനായി നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ നോക്കാം.

ആത്മീയമായി ശക്തരായിരിക്കാൻ നിങ്ങൾക്ക്‌ എന്തൊക്ക ചെയ്യാം?

9. നിങ്ങൾക്ക്‌ എങ്ങനെ വിശ്വാസം ശക്തമാക്കി നിറുത്താനാകും? (“ ആശ്വാസം നൽകുന്ന തിരുവെഴുത്തുകൾ” എന്ന ചതുരവും കാണുക.)

9 ആത്മീയ കാര്യങ്ങൾ മുടക്കരുത്‌. അതായത്‌, ദിവസവും ബൈബിൾ വായിക്കുക, ധ്യാനിക്കുക, എല്ലാ മീറ്റിങ്ങുകൾക്കും കൂടിവരുക. ഇങ്ങനെയൊക്കെ ചെയ്‌തുകൊണ്ട്‌ നമുക്കു നമ്മുടെതന്നെയും കുടുംബാംഗങ്ങളുടെയും വിശ്വാസം ശക്തമാക്കി നിറുത്താം. ജൊവാനയുടെ ഉദാഹരണം നോക്കാം. ജൊവാനയുടെ പപ്പയും ചേച്ചിയും സത്യം ഉപേക്ഷിച്ച്‌ പോയി. സഹോദരി പറയുന്നു: “അബീഗയിൽ, എസ്ഥേർ, ഇയ്യോബ്‌, യോസേഫ്‌, യേശു എന്നിവരെക്കുറിച്ചെല്ലാം ബൈബിളിൽനിന്ന്‌ വായിക്കുമ്പോൾ എനിക്ക്‌ ആശ്വാസം തോന്നാറുണ്ട്‌. ഇവരുടെ ഈ ദൃഷ്ടാന്തങ്ങൾ വേദന കുറയ്‌ക്കാനും മനസ്സിലും ഹൃദയത്തിലും നല്ല ചിന്തകൾ കൊണ്ടുവരാനും സഹായിക്കുന്നു. നമ്മുടെ പ്രക്ഷേപണത്തിൽ വരാറുള്ള ചിത്രഗീതങ്ങളിലൂടെയും എനിക്ക്‌ ഒരുപാടു പ്രോത്സാഹനം കിട്ടാറുണ്ട്‌.”

10. സങ്കീർത്തനം 32:6-8 വരെ പറയുന്നതനുസരിച്ച്‌ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

10 നമ്മുടെ ഹൃദയത്തിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയുക. എത്ര ബുദ്ധിമുട്ടുള്ള സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നതെങ്കിലും യഹോവയോടു പ്രാർഥിക്കുന്നതു നിറുത്തരുത്‌. നിങ്ങളുടെ സാഹചര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ സഹായിക്കണേ എന്ന്‌ സ്‌നേഹവാനായ ദൈവത്തോടു പ്രാർഥിക്കുക. അതുപോലെ ‘ഉൾക്കാഴ്‌ച തന്ന്‌ പോകേണ്ട വഴി പഠിപ്പിക്കണേ’ എന്നും നിങ്ങൾക്കു യാചിക്കാനാകും. (സങ്കീർത്തനം 32:6-8 വായിക്കുക.) നമ്മുടെ ഹൃദയത്തിലുള്ളത്‌ യഹോവയോടു തുറന്നുപറയുമ്പോൾ ചിലപ്പോൾ നമുക്കു വിഷമം തോന്നിയേക്കാം. എന്നാൽ യഹോവയ്‌ക്കു നമ്മുടെ വേദന മുഴുവനായി മനസ്സിലാക്കാനാകും. യഹോവ നിങ്ങളെ ഒരുപാടു സ്‌നേഹിക്കുന്നു. നിങ്ങളുടെ ഹൃദയത്തിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയാൻ യഹോവ ആഗ്രഹിക്കുന്നു.—പുറ. 34:6; സങ്കീ. 62:7, 8.

11. എബ്രായർ 12:11 പറയുന്നതനുസരിച്ച്‌ പുറത്താക്കൽ ക്രമീകരണത്തെ നമ്മൾ പിന്തുണയ്‌ക്കേണ്ടത്‌ എന്തുകൊണ്ട്‌? (“ പുറത്താക്കൽയഹോവയുടെ സ്‌നേഹത്തിന്റെ തെളിവ്‌” എന്ന ചതുരവും കാണുക.)

11 മൂപ്പന്മാരുടെ തീരുമാനത്തെ പിന്തുണയ്‌ക്കുക. പുറത്താക്കൽ നടപടി യഹോവയുടെ ക്രമീകരണത്തിന്റെ ഭാഗമാണ്‌. യഹോവ സ്‌നേഹത്തോടെ ചെയ്‌തിരിക്കുന്ന ഈ ക്രമീകരണം എല്ലാവരുടെയും നന്മയ്‌ക്കുവേണ്ടിയുള്ളതാണ്‌, തെറ്റു ചെയ്‌ത ആളിന്റെപോലും. (എബ്രായർ 12:11 വായിക്കുക.) സഭയിലെ ചിലർ പുറത്താക്കപ്പെട്ട വ്യക്തിക്ക്‌ ഒരു വീഴ്‌ച പറ്റിയെന്നുപോലും ചിന്തിക്കാതെ മൂപ്പന്മാർ എടുത്ത തീരുമാനത്തെ കുറ്റപ്പെടുത്തിയേക്കാം. എന്നാൽ ഓർക്കുക, നമുക്ക്‌ കാര്യങ്ങളുടെ എല്ലാ വശങ്ങളും അറിയില്ല. അതുകൊണ്ടു മൂപ്പന്മാരിൽ വിശ്വാസം അർപ്പിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. കാരണം അവർ നീതിന്യായപരമായ കേസുകൾ കൈകാര്യം ചെയ്യുന്നതു ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌. കൂടാതെ യഹോവയ്‌ക്കുവേണ്ടിയാണു ന്യായം വിധിക്കുന്നതെന്ന്‌ അവർ എപ്പോഴും ഓർക്കും.—2 ദിന. 19:6.

12. പുറത്താക്കൽ ക്രമീകരണത്തെ പിന്തുണയ്‌ക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?

12 മൂപ്പന്മാരുടെ തീരുമാനത്തോടു നമ്മൾ യോജിച്ച്‌ പ്രവർത്തിക്കുന്നത്‌ യഹോവയിലേക്കു മടങ്ങിവരാൻ പുറത്താക്കപ്പെട്ട വ്യക്തിയെ സഹായിക്കും. നേരത്തേ കണ്ട എലിസബത്ത്‌ സഹോദരി പറയുന്നു: “ഞങ്ങളുടെ മകനെ പുറത്താക്കിയപ്പോൾ അവനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതു ഞങ്ങൾക്കു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. എങ്കിലും അതിനു നല്ല ഫലം ഉണ്ടായി. എന്റെ മകൻ യഹോവയിലേക്കു മടങ്ങിവന്നപ്പോൾ അവൻ പറഞ്ഞത്‌ ‘എന്നെ പുറത്താക്കാനുള്ള മൂപ്പന്മാരുടെ തീരുമാനം ശരിയായിരുന്നു’ എന്നാണ്‌. അതിലൂടെ പല നല്ല പാഠങ്ങളും പഠിക്കാനായെന്നു പിന്നീട്‌ അവൻ എന്നോടു പറഞ്ഞു. യഹോവ ശിക്ഷണം നൽകുന്നത്‌ എപ്പോഴും നമ്മുടെ നന്മയ്‌ക്കുവേണ്ടിയാണെന്ന്‌ എനിക്കു മനസ്സിലായി.” സഹോദരിയുടെ ഭർത്താവായ മാർക്ക്‌ സഹോദരന്‌ അതെക്കുറിച്ച്‌ പറയാനുള്ളത്‌ ഇതാണ്‌: “ഞങ്ങൾ അവനുമായി ഒട്ടും ഇടപഴകാതിരുന്നതാണു തിരികെ വരാൻ പ്രേരിപ്പിച്ചതെന്നു അവൻ പിന്നീടു പറഞ്ഞു. അനുസരണമുള്ളവരായിരിക്കാൻ യഹോവ ഞങ്ങളെ സഹായിച്ചതിൽ ഞങ്ങൾക്ക്‌ ഒത്തിരി നന്ദിയുണ്ട്‌.”

13. നിങ്ങളുടെ വിഷമങ്ങളെ മറികടക്കാൻ എന്തു സഹായിക്കും?

13 നിങ്ങളെ മനസ്സിലാക്കുന്ന സുഹൃത്തുക്കളോട്‌ ഉള്ളു തുറക്കുക. പക്വതയുള്ള സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുക. അവർക്കു നിങ്ങളെ ബലപ്പെടുത്താനാകും. (സുഭാ. 12:25; 17:17) മുമ്പ്‌ കണ്ട ജൊവാന സഹോദരി പറയുന്നു: “ആകെ ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. എന്നാൽ ഉറ്റ സുഹൃത്തുക്കളോട്‌ ഉള്ളു തുറന്ന്‌ സംസാരിച്ചത്‌ എനിക്ക്‌ ഒരുപാടു ഗുണം ചെയ്‌തു.” പക്ഷേ സഭയിലാരെങ്കിലും നിങ്ങളെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുന്നെങ്കിലോ? എന്തു ചെയ്യാനാകും?

14. നമ്മൾ സഹോദരങ്ങളോടു ‘ക്ഷമിക്കുന്നവരായിരിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

14 സഹോദരങ്ങളോടു ക്ഷമയോടെ ഇടപെടുക. ഓർക്കുക: എല്ലാവരും എപ്പോഴും നല്ല രീതിയിൽ സംസാരിക്കണമെന്നില്ല. (യാക്കോ. 3:2) നമ്മളെല്ലാം അപൂർണരാണ്‌. അതുകൊണ്ട്‌ ഇത്തരം സാഹചര്യങ്ങളിൽ എന്തു പറയണമെന്നു ചിലർക്ക്‌ അറിയില്ലായിരിക്കും. ഇനി, ചിലർ ചിന്തിക്കാതെ സംസാരിക്കുന്നതും നമ്മളെ വേദനിപ്പിച്ചേക്കാം. ഈ സാഹചര്യത്തിലെല്ലാം പൗലോസ്‌ അപ്പോസ്‌തലൻ നൽകിയ ഉപദേശം നമുക്ക്‌ ഓർക്കാം: “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.” (കൊലോ. 3:13) ഒരു സഹോദരിയുടെ കുടുംബാംഗത്തെ സഭയിൽനിന്ന്‌ പുറത്താക്കിയിരുന്നു. ആ സഹോദരി പറയുന്നു: “ചിലർ എന്നെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പറഞ്ഞ കാര്യങ്ങൾ ശരിക്കും എന്നെ വിഷമിപ്പിക്കുകയാണുണ്ടായത്‌. എന്നാൽ അവരോടെല്ലാം ക്ഷമിക്കാൻ യഹോവ എന്നെ സഹായിച്ചു.” പുറത്താക്കപ്പെട്ട കുടുംബാംഗങ്ങളുള്ള സഹോദരങ്ങളെ സഭയ്‌ക്ക്‌ എങ്ങനെ സഹായിക്കാനാകും?

സഭയ്‌ക്കു സഹായിക്കാൻ കഴിയും

15. അടുത്തിടെ പുറത്താക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നമുക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും?

15 പുറത്താക്കപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളോടു സ്‌നേഹവും പരിഗണനയും കാണിക്കുക. തന്റെ ആങ്ങളയെ പുറത്താക്കിയതിനു ശേഷം മീറ്റിങ്ങിനു പോകാൻ നാണക്കേടു തോന്നിയിട്ടുണ്ടെന്നു മിരിയം പറയുന്നു. “എല്ലാവരും എന്തായിരിക്കും പറയുക എന്നായിരുന്നു എന്റെ ടെൻഷൻ. എന്നാൽ എന്റെ ആങ്ങളയെ പുറത്താക്കിയതിൽ പലർക്കും എന്നെപ്പോലെ തന്നെ സങ്കടമുണ്ടായിരുന്നു. അവർ അവനെക്കുറിച്ച്‌ മോശമായി ഒന്നും പറഞ്ഞില്ല. അതുകൊണ്ട്‌ എന്റെ സങ്കടത്തിൽ ഞാൻ ഒറ്റയ്‌ക്കായിപ്പോയില്ല. അതിന്‌ എനിക്ക്‌ അവരോടു നന്ദിയുണ്ട്‌.” മറ്റൊരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ മകനെ പുറത്താക്കിയപ്പോൾ ആശ്വസിപ്പിക്കാനായി പല സഹോദരങ്ങളും വന്നു. എന്തു പറഞ്ഞ്‌ സമാധാനിപ്പിക്കണമെന്ന്‌ അറിയില്ലെന്നു ചിലർ പറഞ്ഞു. എങ്കിലും അവർ എന്നോടൊപ്പം ഇരുന്ന്‌ കരഞ്ഞു. ഇനി, വേറെ ചിലർ എന്നെ ആശ്വസിപ്പിക്കുന്ന ചില കത്തുകളൊക്കെ എഴുതി. അവർ ഈ ചെയ്‌തതെല്ലാം പിടിച്ചുനിൽക്കാൻ എന്നെ ഒരുപാടു സഹായിച്ചു.”

16. പുറത്താക്കപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളെ സഭയ്‌ക്ക്‌ എങ്ങനെ തുടർന്നും സഹായിക്കാനാകും?

16 വിശ്വസ്‌തരായ ആ കുടുംബാംഗങ്ങളെ സഹായിക്കുന്നതിൽ തുടരുക. (എബ്രാ. 10:24, 25) ചില സമയങ്ങളിൽ, സഹോദരങ്ങൾ പുറത്താക്കപ്പെട്ടവരെ കാണുന്നതുപോലെതന്നെയാണു തങ്ങളെയും കാണുന്നതെന്ന്‌ അവരുടെ കുടുംബാംഗങ്ങൾക്കു തോന്നാറുണ്ട്‌. അവർക്ക്‌ അങ്ങനെയൊരു തോന്നലുണ്ടാകാൻ ഒരിക്കലും ഇടയാക്കരുത്‌. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും അവർക്ക്‌ ഇപ്പോൾ മുമ്പത്തെക്കാൾ ആവശ്യമാണെന്ന്‌ ഓർക്കുക, പ്രത്യേകിച്ച്‌ മാതാപിതാക്കൾ സത്യം ഉപേക്ഷിച്ച്‌ പോയ ചെറുപ്പക്കാർക്ക്‌. അവരെ നമ്മൾ കൂടെക്കൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. മരിയയുടെ ഭർത്താവ്‌ സത്യം വിട്ട്‌ പോയി, കുടുംബത്തെയും ഉപേക്ഷിച്ചു. എന്നാൽ ഈ സാഹചര്യത്തിൽ മരിയയ്‌ക്കു സഹോദരങ്ങളിൽനിന്ന്‌ ധാരാളം സഹായം ലഭിച്ചു. സഹോദരി പറയുന്നു: “ചില സഹോദരങ്ങൾ ഞങ്ങളുടെ വീട്ടിൽ വരുകയും ഞങ്ങൾക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കിത്തരുകയും കുട്ടികളെ ബൈബിൾ പഠിപ്പിക്കാൻ സഹായിക്കുകയും ഒക്കെ ചെയ്‌തു. കൂടാതെ അവർ എന്റെ വിഷമങ്ങൾ മനസ്സിലാക്കി, എന്നോടൊപ്പം കരഞ്ഞു. ആളുകൾ എന്നെക്കുറിച്ച്‌ നുണകൾ പറഞ്ഞപ്പോൾ അവർ എനിക്കുവേണ്ടി സംസാരിച്ചു. ആ സഹായംകൊണ്ടാണു ഞാൻ പിടിച്ചുനിന്നത്‌.”—റോമ. 12:13, 15.

സഹോദരങ്ങൾക്കു വിശ്വസ്‌തരായ കുടുംബാംഗങ്ങളെ സ്‌നേഹത്തോടെ പിന്തുണയ്‌ക്കാനാകും (17-ാം ഖണ്ഡിക കാണുക) *

17. സങ്കടപ്പെട്ടിരിക്കുന്ന സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ മൂപ്പന്മാർക്ക്‌ എന്തു ചെയ്യാനാകും?

17 മൂപ്പന്മാരേ, പുറത്താക്കപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളെ ബലപ്പെടുത്താനായി ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി ഉപയോഗിക്കുക. അവരെ ആശ്വസിപ്പിക്കേണ്ടതു നിങ്ങളുടെ ഉത്തരവാദിത്വമാണ്‌. (1 തെസ്സ. 5:14) മീറ്റിങ്ങുകൾക്കു മുമ്പും ശേഷവും അവരോടു സംസാരിക്കാൻ പ്രത്യേക ശ്രമം നടത്തുക. അവരെ വീട്ടിൽ ചെന്ന്‌ കാണുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക. ശുശ്രൂഷയിൽ അവരോടൊപ്പം പോകുക. ഇനി, ഇടയ്‌ക്കൊക്കെ നിങ്ങളുടെ കുടുംബാരാധനയ്‌ക്ക്‌ അവരെയും ക്ഷണിക്കുക. സങ്കടപ്പെട്ടിരിക്കുന്ന സഹോദരങ്ങളോട്‌ ആത്മീയ ഇടയന്മാരെന്ന നിലയിൽ മൂപ്പന്മാർ സ്‌നേഹത്തോടെയും കരുണയോടെയും ഇടപെടണം.—1 തെസ്സ. 2:7, 8.

പ്രതീക്ഷ കൈവിടാതെ യഹോവയിൽ ആശ്രയിക്കുക

18. 2 പത്രോസ്‌ 3:9 അനുസരിച്ച്‌ തന്നെ ഉപേക്ഷിച്ച്‌ പോയവർ എന്തു ചെയ്യാനാണു ദൈവം ആഗ്രഹിക്കുന്നത്‌?

18 ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാനാണ്‌’ യഹോവ ആഗ്രഹിക്കുന്നത്‌. (2 പത്രോസ്‌ 3:9 വായിക്കുക.) ഒരാൾ ഗുരുതരമായ ഒരു പാപം ചെയ്‌താലും യഹോവ ആ വ്യക്തിയുടെ ജീവൻ വിലപ്പെട്ടതായി കാണുന്നു. പാപികളുടെ ജീവൻ രക്ഷിക്കാൻ യഹോവ കൊടുത്ത വിലയെക്കുറിച്ച്‌ ഒന്നു ചിന്തിച്ച്‌ നോക്കൂ. തന്റെ പ്രിയമകനെയാണ്‌ ഒരു മോചനവിലയായി യഹോവ നൽകിയത്‌. എത്ര വലിയ ഒരു വില, അല്ലേ? തന്നെ ഉപേക്ഷിച്ച്‌ പോയവരെ എങ്ങനെയും തിരികെ കൊണ്ടുവരാനാണ്‌ യഹോവ ശ്രമിക്കുന്നത്‌. അവർ മടങ്ങിവരും എന്നുതന്നെയാണു സ്‌നേഹവാനായ ദൈവത്തിന്റെ പ്രതീക്ഷ. ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാം. (ലൂക്കോ. 15:11-32) സത്യം ഉപേക്ഷിച്ച്‌ പോയ പലരും പിന്നീട്‌ നമ്മുടെ സ്വർഗീയ പിതാവിന്റെ അടുത്തേക്കു മടങ്ങിവന്നിട്ടുണ്ട്‌. അവർ അങ്ങനെ ചെയ്‌തപ്പോൾ സഹോദരങ്ങൾ സന്തോഷത്തോടെ അവരെ സ്വീകരിച്ചിട്ടുണ്ട്‌. നേരത്തേ പറഞ്ഞ എലിസബത്ത്‌ സഹോദരിയുടെ മകൻ പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ സഹോദരിക്ക്‌ ഒരുപാട്‌ സന്തോഷമായി. “പ്രതീക്ഷ കൈവിടാതിരിക്കാൻ അന്നു പലരും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അത്‌ എത്ര നന്നായെന്ന്‌ ഞാൻ ഇപ്പോൾ ഓർക്കുകയാണ്‌” എന്നു സഹോദരി പറയുന്നു.

19. നിങ്ങൾക്ക്‌ എപ്പോഴും യഹോവയിൽ ആശ്രയിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

19 എപ്പോഴും നമുക്ക്‌ യഹോവയിൽ ആശ്രയിക്കാം. നമുക്കു ദോഷം വരുത്തുന്ന ഒരു കാര്യം ചെയ്യാൻ ദൈവം ഒരിക്കലും ആവശ്യപ്പെടില്ല. എപ്പോഴും സഹായിക്കാൻ മനസ്സുള്ള, അനുകമ്പയുള്ള ഒരു പിതാവാണ്‌ യഹോവ. തന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരെ യഹോവയും ഒരുപാടു സ്‌നേഹിക്കുന്നു. നിങ്ങൾ ഒരു ബുദ്ധിമുട്ടിലായിരിക്കുമ്പോൾ യഹോവ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല, ഉറപ്പാണ്‌. (എബ്രാ. 13:5, 6) നേരത്തേ പറഞ്ഞ മാർക്ക്‌ പറയുന്നു: “യഹോവ ഞങ്ങളെ ഒരിക്കലും ഉപേക്ഷിച്ചില്ല. പ്രയാസസാഹചര്യങ്ങളിൽ യഹോവ എപ്പോഴും സഹായത്തിനെത്തും.” യഹോവ തുടർന്നും നിങ്ങൾക്ക്‌ “അസാധാരണശക്തി” നൽകും. (2 കൊരി. 4:7) നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും യഹോവയെ ഉപേക്ഷിക്കുമ്പോൾപ്പോലും പ്രതീക്ഷ കൈവിടാതെ വിശ്വസ്‌തരായി തുടരാൻ നിങ്ങൾക്കാകും.

ഗീതം 44 എളിയവന്റെ പ്രാർഥന

^ ഖ. 5 പ്രിയപ്പെട്ട ഒരാൾ യഹോവയെ വിട്ട്‌ പോകുന്നതു വളരെ വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്‌. അങ്ങനെ സംഭവിക്കുമ്പോൾ യഹോവയ്‌ക്ക്‌ എന്താണു തോന്നുന്നതെന്ന്‌ ഈ ലേഖനം ചർച്ച ചെയ്യും. വിശ്വസ്‌തരായ കുടുംബാംഗങ്ങൾക്ക്‌ ആ സങ്കടത്തെ നേരിടാനും ആത്മീയമായി ശക്തരായിരിക്കാനും എന്തു ചെയ്യാനാകുമെന്നും നമ്മൾ കാണും. കൂടാതെ സഭയിലുള്ള എല്ലാവർക്കും ആ കുടുംബത്തെ എങ്ങനെ സഹായിക്കാമെന്നും നമ്മൾ പഠിക്കും.

^ ഖ. 1 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 79 ചിത്രക്കുറിപ്പ്‌: ഒരു സഹോദരൻ തന്റെ കുടുംബത്തെയും യഹോവയെയും ഉപേക്ഷിച്ച്‌ പോകുമ്പോൾ ഭാര്യയും മക്കളും വിഷമത്തിലാകുന്നു.

^ ഖ. 81 ചിത്രക്കുറിപ്പ്‌: രണ്ടു മൂപ്പന്മാർ ഒരു കുടുംബത്തെ പ്രോത്സാഹിപ്പിക്കാനായി അവരെ സന്ദർശിക്കുന്നു.