പഠനലേഖനം 32
ചെറുപ്പക്കാരേ, സ്നാനത്തിനു ശേഷവും പുരോഗതി വരുത്തുക
“നമുക്കു സ്നേഹത്തിൽ, . . . എല്ലാ കാര്യത്തിലും വളർന്നുവരാം.” —എഫെ. 4:15.
ഗീതം 56 സത്യം സ്വന്തമാക്കാം
ചുരുക്കം *
1. പല ചെറുപ്പക്കാരും ഇതുവരെ എന്തൊക്കെ ചെയ്തിരിക്കുന്നു?
ഓരോ വർഷവും ആയിരക്കണക്കിനു ചെറുപ്പക്കാരാണു സ്നാനമേൽക്കുന്നത്. നിങ്ങളും സ്നാനമേറ്റ ഒരാളാണോ? അങ്ങനെയാണെങ്കിൽ നിങ്ങളുടെ ആ തീരുമാനം സഹോദരങ്ങളെ ഒത്തിരി സന്തോഷിപ്പിച്ചിട്ടുണ്ട്, യഹോവയെയും. (സുഭാ. 27:11) ഇതുവരെ നിങ്ങൾ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക: ഒരുപക്ഷേ നിങ്ങൾ പല വർഷങ്ങൾ ഉത്സാഹത്തോടെ ബൈബിൾ പഠിച്ചു. അങ്ങനെ പഠിച്ചപ്പോൾ ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു നിങ്ങൾ മനസ്സിലാക്കി. കൂടാതെ ആ ദൈവത്തെ അടുത്ത് അറിയാനും സ്നേഹിക്കാനും നിങ്ങൾക്കു കഴിഞ്ഞു. യഹോവയോടുള്ള സ്നേഹം വളർന്നപ്പോൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും സ്നാനപ്പെടാനും നിങ്ങൾ തീരുമാനിച്ചു. എത്ര നല്ലൊരു തീരുമാനമാണു നിങ്ങൾ എടുത്തത്!
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 സ്നാനപ്പെടുന്നതിനു മുമ്പ് വിശ്വാസത്തിന്റെ പല പരീക്ഷണങ്ങളും നിങ്ങൾക്കു നേരിട്ടിട്ടുണ്ടായിരിക്കാം. എന്നാൽ മുന്നോട്ടു പോകുമ്പോൾ വിശ്വാസത്തിന്റെ പുതിയപുതിയ പരീക്ഷണങ്ങൾ നിങ്ങൾക്കുണ്ടാകും. യഹോവയോടുള്ള നിങ്ങളുടെ സ്നേഹം തകർക്കാനും യഹോവയിൽനിന്ന് നിങ്ങളെ അകറ്റാനും സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. (എഫെ. 4:14) അങ്ങനെ സംഭവിക്കാൻ നിങ്ങൾ ഒരിക്കലും അനുവദിക്കരുത്. ദൈവത്തോടു വിശ്വസ്തനായിരിക്കാനും യഹോവയ്ക്കു സമർപ്പിച്ചപ്പോൾ കൊടുത്ത വാക്കിനു ചേർച്ചയിൽ ജീവിക്കാനും നിങ്ങളെ എന്തു സഹായിക്കും? അതിനുവേണ്ടി നിങ്ങൾ പക്വതയിലേക്കു “വളരാൻ” ഉത്സാഹിക്കണം, അതായത് പുരോഗതി വരുത്തുന്നതിൽ തുടരണം. (എബ്രാ. 6:1) അത് എങ്ങനെ ചെയ്യാം? അതിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നത്.
നിങ്ങൾക്ക് എങ്ങനെ പുരോഗമിക്കാം?
3. സ്നാനമേറ്റ ഓരോ ക്രിസ്ത്യാനിയും എന്തു ചെയ്യണം?
3 പൗലോസ് അപ്പോസ്തലൻ എഫെസൊസിലുള്ള സഹോദരങ്ങൾക്കു കൊടുത്ത ഉപദേശം സ്നാനമേറ്റ ഓരോ വ്യക്തിയും അനുസരിക്കേണ്ടതാണ്. “പൂർണവളർച്ചയെത്തിയ” ക്രിസ്ത്യാനികളാകാൻ പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു. (എഫെ. 4:13) ‘പുരോഗതി വരുത്തുന്നതിൽ തുടരണം’ എന്നാണ് അദ്ദേഹം അതിലൂടെ ഉദ്ദേശിച്ചത്. പൗലോസ് ആത്മീയവളർച്ചയെ, ഒരു കുട്ടിയുടെ വളർച്ചയോടു താരതമ്യം ചെയ്തു. ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കൾക്കു സന്തോഷവും അഭിമാനവും ഒക്കെ തോന്നും. എന്നാൽ ഒരു കുഞ്ഞിന് എപ്പോഴും ആ അവസ്ഥയിൽത്തന്നെ തുടരാൻ പറ്റില്ലല്ലോ. കുറച്ച് കഴിയുമ്പോൾ “കുട്ടികളുടെ രീതികൾ” അവൻ ഉപേക്ഷിക്കണം. (1 കൊരി. 13:11) അതുപോലെയാണു ക്രിസ്ത്യാനികളും. സ്നാനപ്പെട്ടതിനു ശേഷം നമ്മൾ പുരോഗമിച്ചുകൊണ്ടിരിക്കണം. അതിനു നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങൾ ഇപ്പോൾ നോക്കാം.
4. ആത്മീയമായി പുരോഗമിക്കാൻ നമ്മളെ എന്തു സഹായിക്കും, വിശദീകരിക്കുക. (ഫിലിപ്പിയർ 1:9)
4 യഹോവയെ കൂടുതൽക്കൂടുതൽ സ്നേഹിക്കുക. നിങ്ങൾ ഇപ്പോൾത്തന്നെ യഹോവയെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. എന്നാൽ യഹോവയോടുള്ള സ്നേഹം നിങ്ങൾക്കു കൂട്ടാനാകും. എങ്ങനെ? അതിനുള്ള ഒരു വഴി അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയർ 1:9-ൽ (വായിക്കുക.) പറയുന്നുണ്ട്. “ശരിയായ അറിവിലും തികഞ്ഞ വകതിരിവിലും” ഫിലിപ്പിയിലെ ക്രിസ്ത്യാനികളുടെ “സ്നേഹം ഇനിയുമിനിയും വർധിക്കട്ടെ” എന്നാണു പൗലോസ് പ്രാർഥിച്ചത്. യഹോവയെ എത്രത്തോളം അറിയുന്നോ അത്രത്തോളം നമ്മൾ യഹോവയെ സ്നേഹിക്കും; യഹോവയുടെ വ്യക്തിത്വവും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയും വിലമതിക്കും. കൂടാതെ യഹോവയെ സന്തോഷിപ്പിക്കാനും ദൈവത്തെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാനും ഉള്ള നമ്മുടെ ആഗ്രഹം ശക്തമാകുകയും ചെയ്യും. മാത്രമല്ല, നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാനും തയ്യാറാകും.
5-6. യഹോവയോടുള്ള സ്നേഹം എങ്ങനെ കൂട്ടാം, വിശദീകരിക്കുക.
5 യഹോവയോടുള്ള സ്നേഹം വർധിക്കുന്നതിനു നമ്മൾ യേശുവിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം. കാരണം ദൈവത്തിന്റെ ഗുണങ്ങളൊക്കെ യേശു തന്റെ ജീവിതത്തിൽ അങ്ങനെതന്നെ പകർത്തി. (എബ്രാ. 1:3) യേശുവിനെ കൂടുതൽ നന്നായി അറിയാനുള്ള വഴി നാലു സുവിശേഷവിവരണങ്ങൾ പഠിക്കുന്നതാണ്. ദിവസവും ബൈബിൾ വായിക്കുന്ന ഒരു ശീലം നിങ്ങൾക്കുണ്ടോ? അങ്ങനെയില്ലെങ്കിൽ യേശുവിനെക്കുറിച്ചുള്ള ആ വിവരണങ്ങൾ വായിച്ചുകൊണ്ട് നിങ്ങൾക്കു തുടങ്ങിക്കൂടേ? ഈ ഭാഗങ്ങൾ വായിക്കുമ്പോൾ യേശുവിന്റെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. യേശുവിന്റെ കൂടെയായിരിക്കാനും യേശുവിനോടു സംസാരിക്കാനും എല്ലാവരും ആഗ്രഹിച്ചിരുന്നു. കുട്ടികൾക്കുപോലും യേശുവിന്റെ അടുത്ത് പോകാൻ മടി തോന്നിയില്ല. യേശു സ്നേഹത്തോടെ അവരെ കൈകളിൽ എടുക്കുമായിരുന്നു. (മർക്കോ. 10:13-16) യേശുവിന്റെ കൂടെയായിരിക്കാൻ ശിഷ്യന്മാർക്കും വലിയ ഇഷ്ടമായിരുന്നു. മനസ്സിലുള്ളതെല്ലാം യേശുവിനോടു തുറന്നുപറയാൻ അവർക്ക് ഒരു പേടിയും തോന്നിയില്ല. (മത്താ. 16:22) ഇക്കാര്യത്തിൽ യേശു പിതാവിനെ അനുകരിക്കുകയായിരുന്നു. യഹോവയെയും ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാം. അതുകൊണ്ട് മനസ്സിലുള്ളതെല്ലാം തുറന്നുപറഞ്ഞുകൊണ്ട് നമുക്ക് യഹോവയോടു പ്രാർഥിക്കാനാകും. യഹോവ ഒരിക്കലും നമ്മളെ കുറ്റപ്പെടുത്തില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. യഹോവ നമ്മളെ സ്നേഹിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുന്നു.—1 പത്രോ. 5:7.
6 യേശുവിന് ആളുകളോട് അനുകമ്പ തോന്നി. അപ്പോസ്തലനായ മത്തായി പറയുന്നു: “ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അലിവ് തോന്നി. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആയിരുന്നു.” (മത്താ. 9:36) യഹോവയ്ക്ക് എങ്ങനെയാണു തോന്നുന്നത്? യേശു പറഞ്ഞു: “ഈ ചെറിയവരിൽ ഒരാൾപ്പോലും നശിച്ചുപോകുന്നതു സ്വർഗസ്ഥനായ എന്റെ പിതാവിന് ഇഷ്ടമല്ല.” (മത്താ. 18:14) ഈ വാക്കുകൾ കാണിക്കുന്നത് യഹോവയ്ക്ക് നമ്മളെ ഒരുപാട് ഇഷ്ടമാണെന്നല്ലേ? ഇതു ശരിക്കും നമ്മളെ സന്തോഷിപ്പിക്കുന്നു. യേശുവിനെ നമ്മൾ എത്രത്തോളം അറിയുന്നുവോ അത്രത്തോളം യഹോവയോടുള്ള നമ്മുടെ സ്നേഹം കൂടും.
7. പക്വതയുള്ള ക്രിസ്ത്യാനികളോടൊപ്പം സമയം ചെലവഴിക്കുന്നതു നിങ്ങളെ എങ്ങനെ സഹായിക്കും?
7 യഹോവയോടുള്ള സ്നേഹം കൂടാനും ക്രിസ്ത്യാനിയെന്ന നിലയിൽ പുരോഗമിക്കാനും നമ്മളെ സഹായിക്കുന്ന മറ്റൊരു കാര്യം സഭയിലെ പക്വതയുള്ള ക്രിസ്ത്യാനികളെ കൂട്ടുകാരാക്കുന്നതാണ്. അവരുടെ സന്തോഷം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? യഹോവയെ സേവിക്കാൻ തീരുമാനിച്ചതിൽ അവർക്ക് ഒരു വിഷമവുമില്ല. ദൈവസേവനത്തിൽ അവർക്കുണ്ടായ നല്ല അനുഭവങ്ങളെക്കുറിച്ച് നമുക്ക് അവരോടു ചോദിക്കാം. ഇനി, പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ട സമയത്ത് ഉപദേശത്തിനായും അവരുടെ സഹായം തേടാം. “ധാരാളം ഉപദേശകരുള്ളപ്പോൾ വിജയം നേടാനാകുന്നു” എന്നാണല്ലോ ബൈബിൾ പറയുന്നത്.—സുഭാ. 11:14.
8. ബൈബിളിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്കു സംശയമുണ്ടെങ്കിൽ എന്തു ചെയ്യണം?
8 സംശയങ്ങൾ തീർക്കുക. 2-ാം ഖണ്ഡികയിൽ കണ്ടതുപോലെ നമ്മൾ ആത്മീയമായി പുരോഗമിക്കുന്നതു തടയാൻ സാത്താൻ ശ്രമിക്കുന്നു. അതിനുവേണ്ടി ബൈബിളിൽനിന്ന് നമ്മൾ പഠിച്ച കാര്യങ്ങൾ സത്യമാണോ എന്നൊരു സംശയം സാത്താൻ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. ഉദാഹരണത്തിന്, മനുഷ്യനെ ദൈവം സൃഷ്ടിച്ചതല്ല, പകരം നമ്മൾ പരിണമിച്ച് ഉണ്ടായതാണെന്ന് ആളുകൾ പറഞ്ഞേക്കാം. നിങ്ങൾ ചെറുതായിരുന്നപ്പോൾ ആ വിഷയത്തെക്കുറിച്ച് അധികമൊന്നും ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ ഇപ്പോൾ നിങ്ങൾ കുറച്ചുകൂടെ വളർന്ന് വലുതായി; സ്കൂളിലൊക്കെ അതിനെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അതു വിശ്വസിക്കാൻ നിങ്ങൾക്കു തോന്നിയേക്കാം. അധ്യാപകർ പരിണാമത്തെ പിന്തുണച്ച് പറയുന്ന കാര്യങ്ങളൊക്കെ ശരിയാണെന്നോ അതിൽ കാര്യമുണ്ടെന്നോ നിങ്ങൾ ചിന്തിക്കാൻ ഇടയുണ്ട്. പക്ഷേ സ്രഷ്ടാവുണ്ട് എന്നതിനുള്ള തെളിവുകൾ അവർ ഇതുവരെ പരിശോധിച്ചിട്ടില്ലായിരിക്കും. എന്നാൽ സുഭാഷിതങ്ങൾ 18:17-ലെ ആശയം ഓർക്കുന്നതു നല്ലതാണ്. അവിടെ പറയുന്നു: “ആദ്യം പരാതി ബോധിപ്പിക്കുന്നവന്റെ ഭാഗത്താണു ശരിയെന്നു തോന്നും; എന്നാൽ എതിർകക്ഷി വന്ന് അവനെ ചോദ്യം ചെയ്യുന്നതുവരെ മാത്രം.” അതുകൊണ്ട് കേൾക്കുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കരുത്. പകരം ബൈബിളിൽ അതെക്കുറിച്ച് എന്താണു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിച്ച് പഠിക്കുക. ഈ വിഷയത്തെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുക. മുമ്പ് പരിണാമത്തിൽ വിശ്വസിച്ചിരുന്ന സഹോദരങ്ങളോടു സംസാരിക്കുക. * സ്നേഹവാനായ ഒരു സ്രഷ്ടാവുണ്ടെന്ന് അവർക്കു ബോധ്യം വന്നത് എങ്ങനെയാണെന്ന് അവരോടു ചോദിക്കാവുന്നതാണ്. അങ്ങനെ സംസാരിക്കുമ്പോൾ ഒരു സ്രഷ്ടാവുണ്ട് എന്നതിനുള്ള തെളിവുകൾ നിങ്ങൾക്കു കണ്ടെത്താനാകും.
9. മെലിസ്സയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
9 സൃഷ്ടിയെക്കുറിച്ച് ആഴത്തിൽ പഠിച്ചതു മെലിസ്സ സഹോദരിക്ക് ഒരുപാടു ഗുണം ചെയ്തു. * സഹോദരി പറയുന്നു: “പരിണാമമാണു ശരിയെന്നു വിശ്വസിപ്പിക്കുന്ന രീതിയിലായിരുന്നു സ്കൂളിൽ ടീച്ചർമാർ പഠിപ്പിച്ചിരുന്നത്. എന്റെ സംശയങ്ങൾ തീർക്കുന്നതിനുവേണ്ടി കൂടുതൽ പഠിക്കാൻ ആദ്യമൊക്കെ എനിക്കു പേടി തോന്നി. കാരണം കൂടുതൽ പഠിച്ചുവരുമ്പോൾ പരിണാമമെങ്ങാനും ശരിയാണെന്ന് എനിക്കു തോന്നിയാലോ? അത് എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. എന്നാൽ ഒന്നും കണ്ണുമടച്ച് വിശ്വസിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ലെന്ന കാര്യം ഞാൻ ഓർത്തു. അതുകൊണ്ട് എന്റെ സംശയം തീർക്കാൻതന്നെ ഞാൻ തീരുമാനിച്ചു. അതിനുവേണ്ടി നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്), ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ പ്രസിദ്ധീകരണങ്ങൾ ഞാൻ വായിച്ചു. എന്റെ മനസ്സിലുണ്ടായ പല ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം അവയിലുണ്ടായിരുന്നു. ഞാൻ ഇതു കുറച്ചുകൂടെ നേരത്തേ ചെയ്യേണ്ടതായിരുന്നെന്നു ചിന്തിച്ചുപോയി.”
10-11. മോശമായ കാര്യങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം? (1 തെസ്സലോനിക്യർ 4:3, 4)
10 മോശമായ കാര്യങ്ങൾ ഒഴിവാക്കുക. കൗമാരപ്രായത്തിൽ ലൈംഗികതയിൽ ഏർപ്പെടാനുള്ള ആഗ്രഹം ശക്തമായിരുന്നേക്കാം. ആ മോശമായ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ മറ്റുള്ളവർ നമ്മളെ നിർബന്ധിക്കുകയും ചെയ്തേക്കാം. നമ്മൾ അങ്ങനെ ചെയ്തുകാണാനാണു സാത്താനും ആഗ്രഹിക്കുന്നത്. എന്നാൽ അത്തരം പ്രലോഭനങ്ങളെ നമുക്ക് എങ്ങനെ എതിർത്തുനിൽക്കാം? (1 തെസ്സലോനിക്യർ 4:3, 4 വായിക്കുക.) അതിനുവേണ്ടി നിങ്ങളുടെ ഉള്ളിലുള്ളത് യഹോവയോടു തുറന്നുപറയുക. പിടിച്ചുനിൽക്കാനുള്ള ശക്തി തരണേ എന്ന് യഹോവയോട് അപേക്ഷിക്കുക. (മത്താ. 6:13) യഹോവ എപ്പോഴും നമ്മളെ സഹായിക്കാനാണ് ആഗ്രഹിക്കുന്നത്, ശിക്ഷിക്കാനല്ല എന്നു നമുക്ക് ഓർക്കാം. (സങ്കീ. 103:13, 14) ഇനി, സഹായത്തിനായി ദൈവവചനത്തിലേക്കും നമുക്കു തിരിയാം. നേരത്തേ കണ്ട മെലിസ്സ സഹോദരിക്കും മോശമായ ചിന്തകളുണ്ടായിരുന്നു. സഹോദരി പറയുന്നു: “ദിവസവും ബൈബിൾ വായിച്ചതു തെറ്റായ ചിന്തകൾക്കെതിരെ പോരാടാൻ എന്നെ സഹായിച്ചു. ഞാൻ യഹോവയ്ക്കുവേണ്ടി ജീവിക്കേണ്ടതാണെന്നും യഹോവയുടെ സഹായം എനിക്ക് ആവശ്യമാണെന്നും അത് എന്നെ ഓർമിപ്പിച്ചു.”—സങ്കീ. 119:9.
11 പ്രശ്നങ്ങൾ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. അതെക്കുറിച്ച് മാതാപിതാക്കളോടു സംസാരിക്കുക. എന്നാൽ ഇതുപോലുള്ള കാര്യങ്ങൾ അവരോടു സംസാരിക്കാൻ അത്ര എളുപ്പമല്ല. പക്ഷേ പറയാതിരിക്കരുത്. മെലിസ്സ പറയുന്നു: “ധൈര്യത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട് എന്റെ പ്രശ്നത്തെക്കുറിച്ച് ഡാഡിയോടു തുറന്നുപറഞ്ഞു. അപ്പോൾ എനിക്കു വലിയ ആശ്വാസം തോന്നി. യഹോവ എന്നെക്കുറിച്ച് അഭിമാനിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.”
12. നിങ്ങൾക്ക് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?
12 ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങളെടുക്കുക. വളർന്നുവരുന്നതനുസരിച്ച് സ്വന്തമായി തീരുമാനമെടുക്കാൻ നിങ്ങൾക്കു കൂടുതൽക്കൂടുതൽ സ്വാതന്ത്ര്യം കിട്ടും. എന്നാൽ നിങ്ങൾക്ക് അനുഭവപരിചയം കുറവാണ്. യഹോവയുമായുള്ള നിങ്ങളുടെ ബന്ധം തകർത്തേക്കാവുന്ന ഒരു തീരുമാനമെടുക്കാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (സുഭാ. 22:3) ശരിയായ തീരുമാനമെടുക്കാൻ ഓരോ കാര്യത്തെക്കുറിച്ചും കൃത്യമായ നിയമമൊന്നും വേണമെന്നില്ലെന്നു ക്യാരി എന്നു പേരുള്ള ഒരു സഹോദരി മനസ്സിലാക്കി. സഹോദരി പറയുന്നു: “കുറെ നിയമങ്ങൾ അറിയുന്നതിനെക്കാൾ ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കുന്നതാണു പ്രധാനം എന്നു ഞാൻ തിരിച്ചറിഞ്ഞു.” ബൈബിൾ വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഈ ഭാഗത്തുനിന്ന് യഹോവയുടെ ചിന്തയെക്കുറിച്ച് എനിക്ക് എന്താണു പഠിക്കാൻ പറ്റിയത്? ശരിയായ കാര്യങ്ങൾ ചെയ്യാൻ എന്നെ സഹായിക്കുന്ന തത്ത്വങ്ങൾ ഈ ഭാഗത്തുണ്ടോ? ആ തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത് എനിക്ക് എങ്ങനെ പ്രയോജനം ചെയ്യും?’ (സങ്കീ. 19:7; യശ. 48:17, 18) ബൈബിൾ വായിക്കുകയും ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നെങ്കിൽ യഹോവയെ സന്തോഷിപ്പിക്കുന്ന നല്ല തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമായിരിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വ്യക്തമായ ഒരു നിയമം ഇല്ലാത്ത സാഹചര്യത്തിലും യഹോവയുടെ ചിന്ത മനസ്സിലാക്കി തീരുമാനമെടുക്കാൻ നിങ്ങൾക്കാകും.
13. നല്ല കൂട്ടുകാർക്ക് നിങ്ങളെ എങ്ങനെ സ്വാധീനിക്കാൻ കഴിയും? (സുഭാഷിതങ്ങൾ 13:20)
13 യഹോവയെ സ്നേഹിക്കുന്നവരെ കൂട്ടുകാരാക്കുക. 7-ാം ഖണ്ഡികയിൽ കണ്ടതുപോലെ നമ്മുടെ കൂട്ടുകാർക്ക് ആത്മീയമായി പുരോഗമിക്കാൻ നമ്മളെ സഹായിക്കാനാകും. (സുഭാഷിതങ്ങൾ 13:20 വായിക്കുക.) സാറ എന്നു പേരുള്ള ഒരു സഹോദരിക്കു ദൈവസേവനത്തിലുള്ള സന്തോഷം നഷ്ടപ്പെട്ടുതുടങ്ങി. എന്നാൽ സന്തോഷം തിരിച്ചുകിട്ടാൻ ചില കാര്യങ്ങൾ സഹോദരിയെ സഹായിച്ചു. സാറ പറയുന്നു: “കൃത്യസമയത്ത് എനിക്കു ചില നല്ല കൂട്ടുകാരെ കിട്ടി. ചെറുപ്പക്കാരിയായ ഒരു സഹോദരിയുടെകൂടെ ഞാൻ എല്ലാ ആഴ്ചയും വീക്ഷാഗോപുരം പഠിച്ചു. മറ്റൊരു കൂട്ടുകാരി മീറ്റിങ്ങിൽ അഭിപ്രായം പറഞ്ഞുതുടങ്ങാൻ എന്നെ സഹായിച്ചു. ഇനി, കൂട്ടുകാർ സഹായിച്ചതുകൊണ്ട് വ്യക്തിപരമായ പഠനത്തിനും പ്രാർഥനയ്ക്കും ഒക്കെ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കാൻതുടങ്ങി. അങ്ങനെ യഹോവയുമായുള്ള എന്റെ സൗഹൃദം കൂടുതൽ ശക്തമായി. എന്റെ പഴയ സന്തോഷം എനിക്കു തിരിച്ചുകിട്ടി.”
14. ജൂലിയൻ എങ്ങനെയാണു നല്ല കൂട്ടുകാരെ കണ്ടെത്തിയത്?
14 നിങ്ങൾക്ക് എങ്ങനെ നല്ല കൂട്ടുകാരെ കണ്ടെത്താം? ഇപ്പോൾ മൂപ്പനായി സേവിക്കുന്ന ജൂലിയൻ സഹോദരൻ പറയുന്നു: “ചെറുപ്പത്തിൽ വയൽസേവനത്തിന് ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരെ ഞാൻ കൂട്ടുകാരാക്കിയിരുന്നു. അവർ നല്ല ഉത്സാഹമുള്ളവരായിരുന്നു. വയൽസേവനം എത്ര രസമാണെന്നു കാണാൻ അവർ എന്നെ സഹായിച്ചു. അങ്ങനെ ഞാൻ മുഴുസമയസേവനം ലക്ഷ്യം വെച്ചു. ഇനി, എന്റെ പ്രായത്തിലുള്ള ആളുകളെ മാത്രം കൂട്ടുകാരാക്കാൻ ശ്രമിച്ചതുകൊണ്ടാണ് എനിക്ക് അധികം കൂട്ടുകാരൊന്നും ഇല്ലാത്തതെന്നും മനസ്സിലാക്കി. പിന്നീട് ബഥേലിൽ ചെന്നപ്പോഴും എനിക്കു കുറെ കൂട്ടുകാരെ കിട്ടി. അവരുടെ മാതൃക നല്ല വിനോദങ്ങൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിച്ചു. അങ്ങനെ യഹോവയോടു കൂടുതൽ അടുക്കാനുമായി.”
15. പൗലോസ് തിമൊഥെയൊസിന് ഏതു കാര്യത്തെക്കുറിച്ച് മുന്നറിയിപ്പു നൽകി? (2 തിമൊഥെയൊസ് 2:20-22)
15 സഭയിലുള്ള ചിലരോടു കൂട്ടുകൂടുന്നത് യഹോവയുമായുള്ള നിങ്ങളുടെ ബന്ധം തകർത്തേക്കാമെന്നു തോന്നിയാൽ നിങ്ങൾ എന്തു ചെയ്യണം? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയിലും അങ്ങനെ ചിലരുണ്ടെന്നു പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ട് അവരിൽനിന്ന് അകന്നിരിക്കാൻ പൗലോസ് തിമൊഥെയൊസിനു മുന്നറിയിപ്പു നൽകി. (2 തിമൊഥെയൊസ് 2:20-22 വായിക്കുക.) യഹോവയുമായുള്ള നമ്മുടെ ബന്ധം വളരെ വിലപ്പെട്ടതാണ്. നമ്മൾ ഒത്തിരി ശ്രമം ചെയ്തിട്ടാണ് യഹോവയുമായി അങ്ങനെയൊരു ബന്ധത്തിലേക്ക് എത്തിയത്. അതു തകർക്കാൻ നമ്മൾ ആരെയും അനുവദിക്കരുത്.—സങ്കീ. 26:4.
ആത്മീയമായി പുരോഗമിക്കാൻ ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുക
16. എങ്ങനെയുള്ള ലക്ഷ്യങ്ങൾ നിങ്ങൾക്കു വെക്കാം?
16 നല്ല ലക്ഷ്യങ്ങൾ വെക്കുക. വിശ്വാസം ശക്തമാകാനും യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാനും സഹായിക്കുന്ന ലക്ഷ്യങ്ങൾ വെക്കുക. (എഫെ. 3:16) ഉദാഹരണത്തിന് പതിവായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മെച്ചപ്പെടാൻ നിങ്ങൾക്ക് ഒരു ലക്ഷ്യം വെക്കാവുന്നതാണ്. (സങ്കീ. 1:2, 3) അല്ലെങ്കിൽ കൂടെക്കൂടെ പ്രാർഥിക്കാനും മനസ്സുതുറന്ന് യഹോവയോടു സംസാരിക്കാനും നിങ്ങൾക്കു ശ്രമിക്കാം. ഇനി, വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിലും സമയം ഏറ്റവും നന്നായി ഉപയോഗിക്കുന്ന കാര്യത്തിലും നിങ്ങൾക്കു മെച്ചപ്പെടാനാകും. (എഫെ. 5:15, 16) പുരോഗമിക്കാനായി നിങ്ങൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്കു സന്തോഷമാകും.
17. മറ്റുള്ളവരെ സഹായിക്കുന്നതു നിങ്ങൾക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
17 മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയും നിങ്ങൾക്കു പുരോഗമിക്കാം. യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃ. 20:35) നിങ്ങളുടെ ഊർജവും സമയവും ഒക്കെ മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുമ്പോൾ അതു നിങ്ങൾക്ക് ഒത്തിരി ഗുണം ചെയ്യും. ഉദാഹരണത്തിന് സഭയിലെ പ്രായമുള്ളവരെയും രോഗികളെയും ഒക്കെ സഹായിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാം. സാധനങ്ങൾ വാങ്ങാനോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാനോ നിങ്ങൾക്ക് അവരെ സഹായിക്കാനാകുമോ? നിങ്ങൾ ഒരു സഹോദരനാണെങ്കിൽ സഹോദരങ്ങളെ കൂടുതൽ സഹായിക്കാനായി നിങ്ങൾക്ക് ഒരു ശുശ്രൂഷാദാസനാകാൻ ലക്ഷ്യം വെക്കാം. (ഫിലി. 2:4) ഇനി, മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിച്ചുകൊണ്ട് അവരോടും നിങ്ങൾക്കു സ്നേഹം കാണിക്കാവുന്നതാണ്. (മത്താ. 9:36, 37) സാധിക്കുമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഒരു മുഴുസമയസേവനം ചെയ്യുന്നതും നിങ്ങളുടെ ലക്ഷ്യമാക്കുക.
18. മുഴുസമയ ശുശ്രൂഷയിലായിരിക്കുന്നതു യഹോവയോടു കൂടുതൽ അടുക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
18 മുഴുസമയ ശുശ്രൂഷ യഹോവയോടു കൂടുതൽ അടുക്കാനുള്ള പല അവസരങ്ങളും നിങ്ങൾക്കു തുറന്നുതരും. മുൻനിരസേവനം ചെയ്താൽ രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാനുള്ള അവസരം കിട്ടിയേക്കും. ഇനി, ചിലപ്പോൾ ബഥേലിൽ സേവിക്കാനോ നമ്മുടെ ഏതെങ്കിലും ഒരു നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കാനോ കഴിഞ്ഞേക്കാം. കെയ്റ്റ്ലീൻ എന്നു പേരുള്ള ഒരു യുവ മുൻനിരസേവിക ഇങ്ങനെ പറഞ്ഞു: “അനുഭവപരിചയമുള്ള സഹോദരങ്ങളോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്തത് സ്നാനത്തിനു ശേഷം യഹോവയോടു കൂടുതൽ അടുക്കാൻ എന്നെ സഹായിച്ചു. അവരുടെ മാതൃക ബൈബിൾ നന്നായി പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും എനിക്കു നല്ലൊരു പ്രോത്സാഹനമായിരുന്നു.”
19. ആത്മീയമായി പുരോഗമിക്കുമ്പോൾ നിങ്ങൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?
19 ആത്മീയമായി പുരോഗമിക്കുകയാണെങ്കിൽ യഹോവ നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ തരും. നിങ്ങളുടെ സമയവും ഊർജവും വെറുതേ പാഴാക്കിക്കളയാതെ പ്രയോജനമുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കാനാകും. (1 യോഹ. 2:17) മോശമായ തീരുമാനങ്ങൾ എടുത്തതിന്റെ വിഷമങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടിവരില്ല. അപ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. നിങ്ങൾക്കു ജീവിതത്തിൽ സന്തോഷം ആസ്വദിക്കാനുമാകും. (സുഭാ. 16:3) ഇനി, നിങ്ങളുടെ നല്ല മാതൃക, സഭയിലുള്ള ചെറുപ്പക്കാരെയും പ്രായമുള്ളവരെയും പ്രോത്സാഹിപ്പിക്കും. (1 തിമൊ. 4:12) ഏറ്റവും പ്രധാനമായി യഹോവയെ ഒരു സുഹൃത്താക്കാൻ പറ്റിയതിന്റെയും യഹോവയെ സന്തോഷിപ്പിക്കുന്നതിന്റെയും സമാധാനവും സംതൃപ്തിയും നിങ്ങൾക്കു കിട്ടും.—സുഭാ. 23:15, 16.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചു തരേണമേ
^ കൗമാരക്കാരായ കുട്ടികൾ സ്നാനമേൽക്കുന്നതു കാണുമ്പോൾ യഹോവയുടെ ആരാധകരായ നമ്മളെല്ലാം സന്തോഷിക്കുന്നു. എന്നാൽ സ്നാനമേറ്റതിനു ശേഷവും അവർ ആത്മീയമായി പുരോഗമിക്കേണ്ടതുണ്ട്. ഈ ലേഖനത്തിൽ, പുതുതായി സ്നാനമേറ്റ ചെറുപ്പക്കാർക്ക് എങ്ങനെ ക്രിസ്തീയപക്വതയിലേക്കു വളരുന്നതിൽ തുടരാം എന്നു നമ്മൾ പഠിക്കും.
^ jw.org-ൽ “ജീവന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധരുടെ അഭിപ്രായങ്ങൾ” എന്ന ഭാഗവും നോക്കാം.
^ ചില പേരുകൾക്കു മാറ്റമുണ്ട്.