പഠനലേഖനം 33
യഹോവ നമ്മളെ ശ്രദ്ധിക്കുന്നു, പരിപാലിക്കുന്നു
“യഹോവയുടെ കണ്ണുകൾ, തന്നെ ഭയപ്പെടുന്നവരുടെ മേൽ, . . . ഉണ്ട്.”—സങ്കീ. 33:18.
ഗീതം 4 “യഹോവ എന്റെ ഇടയൻ”
ചുരുക്കം *
1. യേശു എന്തുകൊണ്ടാണ് യഹോവയോടു തന്റെ അനുഗാമികളെ കാത്തുകൊള്ളണേ എന്ന് അപേക്ഷിച്ചത്?
മരണത്തിന്റെ തലേരാത്രി യേശു പിതാവിനോട് ഒരു പ്രത്യേകകാര്യം അപേക്ഷിച്ചു: തന്റെ അനുഗാമികളെ കാത്തുകൊള്ളണേ എന്ന്. (യോഹ. 17:15, 20) യഹോവ എപ്പോഴും തന്റെ ജനത്തിനുവേണ്ടി കരുതുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതു ശരിയാണ്. എന്നാൽ മുമ്പെന്നത്തെക്കാൾ അധികമായി തന്റെ അനുഗാമികൾക്കു സാത്താനിൽനിന്നുള്ള എതിർപ്പു നേരിടാൻപോകുകയാണെന്നു യേശുവിന് അറിയാമായിരുന്നു. കൂടാതെ, യഹോവയുടെ സഹായമുണ്ടെങ്കിൽ മാത്രമേ അവർക്കു പിടിച്ചുനിൽക്കാനാകുകയുള്ളൂ എന്നും യേശു തിരിച്ചറിഞ്ഞു.
2. സങ്കീർത്തനം 33:18-20 പറയുന്നതനുസരിച്ച് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ടാണ്?
2 സാത്താന്റെ ലോകം ഇന്നു സത്യക്രിസ്ത്യാനികളുടെ മേൽ പല തരം പ്രശ്നങ്ങൾ കൊണ്ടുവരുന്നുണ്ട്. അവ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം. പലതും യഹോവയോടുള്ള നമ്മുടെ വിശ്വസ്തതയ്ക്ക് ഒരു പരീക്ഷണംപോലുമായേക്കാം. എന്നാൽ നമ്മൾ പേടിക്കേണ്ടതില്ല. കാരണം നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ യഹോവ കാണുന്നുണ്ട്. നമ്മളെ സഹായിക്കാൻ യഹോവ എപ്പോഴും ഒരുങ്ങിയിരിക്കുകയുമാണ്. “യഹോവയുടെ കണ്ണുകൾ, തന്നെ ഭയപ്പെടുന്നവരുടെ മേൽ . . . ഉണ്ട്” എന്നു ബൈബിൾ പറയുന്നു. രണ്ടു ബൈബിൾകഥാപാത്രങ്ങളുടെ ജീവിതം അതാണു നമ്മളെ പഠിപ്പിക്കുന്നത്. അതെക്കുറിച്ച് നമുക്ക് ഇനി നോക്കാം.—സങ്കീർത്തനം 33:18-20 വായിക്കുക.
നമ്മൾ ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ
3. ഒറ്റയ്ക്കാണെന്ന തോന്നൽ നമുക്ക് എപ്പോഴൊക്കെ ഉണ്ടായേക്കാം?
3 സഭയിൽ നമുക്ക് ഒരുപാടു സഹോദരീസഹോദരന്മാരുണ്ട്. എങ്കിൽപ്പോലും ഒറ്റയ്ക്കാണെന്ന തോന്നൽ ഇടയ്ക്കൊക്കെ നമുക്കുണ്ടായേക്കാം. ഉദാഹരണത്തിന്, ചെറുപ്പക്കാർക്കു സ്കൂളിൽ കൂട്ടുകാരുടെയൊക്കെ മുന്നിൽവെച്ച് അവരുടെ വിശ്വാസങ്ങളെക്കുറിച്ച് വിശദീകരിക്കേണ്ടിവരുമ്പോഴോ അല്ലെങ്കിൽ പുതിയ സഭയിലേക്കു മാറേണ്ടിവരുമ്പോഴോ അങ്ങനെയൊരു തോന്നലുണ്ടാകാം. ഇനി, സങ്കടമോ നിരാശയോ തോന്നുമ്പോഴും നമ്മളിൽ ചിലർക്ക് ഒറ്റയ്ക്കാണെന്ന തോന്നലുണ്ടായേക്കാം. നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ആരോടെങ്കിലും പറയാൻ നമുക്കു മടി തോന്നാം. കാരണം മറ്റുള്ളവർക്ക് അതൊന്നും മനസ്സിലാകില്ലെന്നോ ആർക്കും നമ്മുടെ കാര്യത്തിൽ വലിയ താത്പര്യമില്ലെന്നോ ഒക്കെയായിരിക്കാം ഒരുപക്ഷേ നമ്മൾ ചിന്തിക്കുന്നത്. ഇങ്ങനെ, ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാകുമ്പോൾ നമുക്ക് ഉത്കണ്ഠയും സഹായിക്കാൻ ആരുമില്ലെന്ന ചിന്തയും ഉണ്ടാകാം. എന്നാൽ നമ്മൾ ആ രീതിയിൽ ചിന്തിക്കാൻ യഹോവ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
4. എന്തുകൊണ്ടാണു “ഞാൻ മാത്രമേ ബാക്കിയുള്ളൂ” എന്ന് ഏലിയ പ്രവാചകൻ പറഞ്ഞത്?
4 ഒരു വിശ്വസ്ത ദൈവദാസനായിരുന്ന ഏലിയയുടെ കാര്യം നോക്കാം. അദ്ദേഹത്തെ കൊന്നുകളയുമെന്ന് ഇസബേൽ രാജ്ഞി ഉറച്ച തീരുമാനമെടുത്തു. അതുകേട്ട് പേടിച്ച് ഏലിയ ജീവനുംകൊണ്ട് ഓടി, 40-ലേറെ ദിവസം. (1 രാജാ. 19:1-9) അവസാനം അദ്ദേഹം ഒരു ഗുഹയിൽ എത്തിപ്പെട്ടു. അവിടെവെച്ച് അദ്ദേഹം സങ്കടത്തോടെ യഹോവയോടു പറഞ്ഞു: “(പ്രവാചകനായി) ഞാൻ മാത്രമേ ബാക്കിയുള്ളൂ.” (1 രാജാ. 19:10) ശരിക്കുംപറഞ്ഞാൽ ദേശത്ത് വേറെയും പ്രവാചകന്മാരുണ്ടായിരുന്നു. ഓബദ്യ 100 പ്രവാചകന്മാരെ ഇസബേലിന്റെ കണ്ണിൽപ്പെടാതെ ഒളിപ്പിച്ചിരുന്നു. (1 രാജാ. 18:7, 13) പിന്നെ എന്തുകൊണ്ടാണ് താൻ ഒറ്റയ്ക്കാണെന്ന് ഏലിയയ്ക്കു തോന്നിയത്. ഓബദ്യ രക്ഷപ്പെടുത്തിയ ആ പ്രവാചകന്മാരൊക്കെ അതിനോടകം മരിച്ചുപോയെന്ന് ഏലിയ ചിന്തിച്ചുകാണുമോ? അതല്ലെങ്കിൽ യഹോവയാണു സത്യദൈവമെന്നു കർമേൽ പർവതത്തിൽവെച്ച് തെളിഞ്ഞിട്ടും വേറെ ആരും തന്റെകൂടെ ചേർന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചതായിരിക്കുമോ? അതോ തന്റെ ജീവൻ എത്ര അപകടത്തിലാണെന്ന കാര്യം ആർക്കും മനസ്സിലാകില്ലെന്ന് അദ്ദേഹം കരുതിക്കാണുമോ? ഏലിയയുടെ മനസ്സിൽക്കൂടി പോയത് എന്താണെന്നു ബൈബിൾവിവരണം കൃത്യമായി പറയുന്നില്ല. എന്നാൽ ഒരു കാര്യം നമുക്ക് ഉറപ്പായി പറയാം: എന്തുകൊണ്ടാണു താൻ ഒറ്റയ്ക്കാണെന്ന് ഏലിയയ്ക്ക് തോന്നിയതെന്ന കാര്യം യഹോവയ്ക്കു ശരിക്കും മനസ്സിലായി. അദ്ദേഹത്തെ എങ്ങനെ സഹായിക്കണമെന്നും യഹോവയ്ക്ക് അറിയാമായിരുന്നു.
5. ഏലിയ ഒറ്റയ്ക്കല്ലെന്ന് യഹോവ എങ്ങനെയാണ് അദ്ദേഹത്തിന് ഉറപ്പു കൊടുത്തത്?
5 ഏലിയയെ സഹായിക്കാനായി യഹോവ പലതും ചെയ്തു. ആദ്യംതന്നെ മനസ്സുതുറന്ന് സംസാരിക്കാൻ യഹോവ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അതിനുവേണ്ടി രണ്ടു പ്രാവശ്യം ഏലിയയോട് “നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു. (1 രാജാ. 19:9, 13) എന്നിട്ട് ഓരോ തവണ അദ്ദേഹം സംസാരിച്ചപ്പോഴും അതെല്ലാം ശ്രദ്ധയോടെ കേട്ടു. പിന്നെ യഹോവ എന്താണു ചെയ്തത്? താൻ ഏലിയയുടെ കൂടെയുണ്ടെന്നും ഏലിയയെ സഹായിക്കാൻ ശക്തനാണെന്നും അദ്ദേഹത്തിനു കാണിച്ചുകൊടുത്തു. കൂടാതെ യഹോവയുടെ ആരാധകരായി അപ്പോഴും ദേശത്ത് ധാരാളം ആളുകളുണ്ടെന്ന് ഏലിയയ്ക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. (1 രാജാ. 19:11, 12, 18) തന്റെ സങ്കടമെല്ലാം യഹോവയോടു തുറന്നുപറയുകയും യഹോവയ്ക്കു പറയാനുള്ളതു കേൾക്കുകയും ചെയ്തപ്പോൾ ഏലിയയ്ക്കു വലിയ ആശ്വാസമായി. കൂടാതെ യഹോവ അദ്ദേഹത്തിനു ചില നിയമനങ്ങളും നൽകി. സിറിയയുടെ രാജാവായി ഹസായേലിനെയും ഇസ്രായേൽ രാജാവായി യേഹുവിനെയും പ്രവാചകനായി എലീശയെയും അഭിഷേകം ചെയ്യാൻ ഏലിയയോട് ആവശ്യപ്പെട്ടു. (1 രാജാ. 19:15, 16) പ്രധാനപ്പെട്ട ആ നിയമനങ്ങളൊക്കെ നൽകിയതിലൂടെ, വിഷമിപ്പിക്കുന്ന കാര്യങ്ങൾക്കു പകരം ചെയ്യാനുള്ള നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കാൻ യഹോവ ഏലിയയെ സഹായിച്ചു. കൂടാതെ ഏലിയയുടെ കൂടെ പ്രവർത്തിക്കാൻ എലീശയെ നൽകുകയും ചെയ്തു. അതു കാണിക്കുന്നത് ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാകുമ്പോൾ നമ്മളെയും യഹോവ സഹായിക്കും എന്നാണ്. എന്നാൽ അതിനുവേണ്ടി നമ്മൾ എന്താണു ചെയ്യേണ്ടത്?
6. ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ നിങ്ങൾക്ക് എന്തിനെക്കുറിച്ച് യഹോവയോടു പ്രാർഥിക്കാം? (സങ്കീർത്തനം 62:8)
6 നിങ്ങൾ യഹോവയോടു പ്രാർഥിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രശ്നങ്ങളൊക്കെ യഹോവ കാണുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിങ്ങൾക്കു പ്രാർഥിക്കാം. യഹോവ അതെല്ലാം ശ്രദ്ധിക്കുമെന്ന് ഉറപ്പു തന്നിട്ടുമുണ്ട്. (1 തെസ്സ. 5:17) തന്റെ ആരാധകർ പ്രാർഥിക്കുമ്പോൾ അതു കേൾക്കാൻ യഹോവയ്ക്ക് ഒത്തിരി സന്തോഷമാണ്. (സുഭാ. 15:8) ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ നിങ്ങൾക്ക് എന്തിനെക്കുറിച്ച് യഹോവയോടു പ്രാർഥിക്കാം? ഏലിയ ചെയ്തതുപോലെ നിങ്ങളുടെ മനസ്സിലുള്ളതെല്ലാം, നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളും നിങ്ങളുടെ തോന്നലുകളും എല്ലാം, യഹോവയോടു പറയാം. (സങ്കീർത്തനം 62:8 വായിക്കുക.) അത്തരം സമയങ്ങളിൽ എന്തു ചെയ്യണമെന്ന് അറിയാൻ സഹായിക്കണേ എന്ന് അപേക്ഷിക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സ്കൂളിൽ സംസാരിക്കേണ്ടിവരുമ്പോൾ കാര്യങ്ങൾ നന്നായി പറയാനുള്ള ധൈര്യത്തിനും ജ്ഞാനത്തിനും വേണ്ടി നിങ്ങൾക്ക് യഹോവയോടു പ്രാർഥിക്കാവുന്നതാണ്. (ലൂക്കോ. 21:14, 15) ഇനി, നിങ്ങൾക്കു നിരാശ തോന്നുന്നെങ്കിൽ അനുഭവപരിചയമുള്ള ഒരു സഹോദരനോടോ സഹോദരിയോടോ നിങ്ങളുടെ പ്രശ്നങ്ങളൊക്കെ തുറന്നുപറയാൻ സഹായിക്കണേ എന്നു പ്രാർഥിക്കാം. ഒപ്പം നിങ്ങൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനും നിങ്ങളെ ശരിക്കും മനസ്സിലാക്കാനും അവരെ സഹായിക്കണേ എന്നും അപേക്ഷിക്കാവുന്നതാണ്. മനസ്സിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയുക. എന്നിട്ടു നിങ്ങളുടെ പ്രാർഥനയ്ക്ക് യഹോവ എങ്ങനെയാണ് ഉത്തരം തരുന്നതെന്നു കാണുക. മറ്റുള്ളവർ തരുന്ന സഹായം സ്വീകരിക്കുക. അങ്ങനെയൊക്കെ ചെയ്യുമ്പോൾ നിങ്ങൾ ഒറ്റയ്ക്കാണെന്ന തോന്നൽ ഒരു പരിധിവരെ കുറയ്ക്കാനാകും.
7. മൊറിഷ്യോയുടെ ജീവിതാനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
7 യഹോവ നമുക്കെല്ലാം ചില ഉത്തരവാദിത്വങ്ങൾ തന്നിട്ടുണ്ട്. സഭയിലും പ്രസംഗപ്രവർത്തനത്തിലും നിങ്ങളുടെ നിയമനം നന്നായി ചെയ്യുമ്പോൾ യഹോവ അതു കാണും, വിലമതിക്കും, അക്കാര്യം ഉറപ്പാണ്. (സങ്കീ. 110:3) ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാകുമ്പോൾ ദൈവസേവനം കൂടുതലായി ചെയ്യുന്നതു നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നത്? മൊറിഷ്യോ * എന്നു പേരുള്ള ചെറുപ്പക്കാരനായ ഒരു സഹോദരന്റെ അനുഭവം നോക്കുക. അദ്ദേഹം സ്നാനപ്പെട്ട് അധികം താമസിയാതെ ഏറ്റവും അടുത്ത കൂട്ടുകാരൻ സത്യത്തിൽനിന്ന് അകന്ന് പോകാൻതുടങ്ങി. അതെക്കുറിച്ച് മൊറിഷ്യോ പറയുന്നു: “അതു കണ്ടപ്പോൾ എനിക്ക് ആകെ പേടി തോന്നി. യഹോവയ്ക്കു കൊടുത്ത വാക്കിനു ചേർച്ചയിൽ ജീവിക്കാൻ എന്നെക്കൊണ്ടാകുമോ, യഹോവയുടെ കുടുംബത്തിന്റെ ഭാഗമായി തുടരാൻ എനിക്കു സാധിക്കുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു. ശരിക്കും ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. എന്റെ ചിന്തകളൊന്നും മറ്റാർക്കും മനസ്സിലാകില്ല എന്നുതന്നെ ഞാൻ കരുതി.” എന്നാൽ അതിനെ മറികടക്കാൻ മൊറിഷ്യോക്ക് എങ്ങനെയാണു കഴിഞ്ഞത്? അദ്ദേഹം പറയുന്നു: “പ്രസംഗപ്രവർത്തനത്തിൽ ഞാൻ കൂടുതൽ ഉൾപ്പെടാൻ ശ്രമിച്ചു. അങ്ങനെ ചെയ്തതുകൊണ്ട് എന്നെക്കുറിച്ചുതന്നെ അധികം ചിന്തിക്കുന്നത് ഒഴിവാക്കാൻ എനിക്കു സാധിച്ചു. മറ്റുള്ളവരോടൊപ്പം പ്രസംഗപ്രവർത്തനം ചെയ്തതുകൊണ്ട് ഒറ്റയ്ക്കാണെന്ന തോന്നൽ ഒരു പരിധിവരെ കുറഞ്ഞു. എനിക്കു പഴയ സന്തോഷം തിരിച്ചുകിട്ടുകയും ചെയ്തു.” ഇനി, ഒരുപക്ഷേ മറ്റു സഹോദരങ്ങളുടെകൂടെ വീടുതോറും പോയി പ്രസംഗിക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെകൂടെ കത്തുകൾ എഴുതുന്നതും ടെലിഫോൺ സാക്ഷീകരണം നടത്തുന്നതും ഒക്കെ നമ്മളെ സഹായിക്കും. വേറെ എന്താണു മൊറിഷ്യോയെ സഹായിച്ചത്? അദ്ദേഹം പറയുന്നു: “സഭയിലും ഞാൻ കൂടുതലായി പലതും ചെയ്യാൻതുടങ്ങി. വിദ്യാർഥിനിയമനങ്ങൾ നന്നായി തയ്യാറായി അവതരിപ്പിക്കാൻ ഞാൻ പ്രത്യേകശ്രമം ചെയ്തു. അങ്ങനെയൊക്കെ ചെയ്തപ്പോൾ യഹോവയും മറ്റുള്ളവരും എന്നെ വിലപ്പെട്ടവനായി കാണുന്നെന്ന് എനിക്കു മനസ്സിലായി.”
കടുത്ത പരീക്ഷണങ്ങൾ നേരിടുമ്പോൾ
8. കടുത്ത പരീക്ഷണങ്ങൾ നേരിടുമ്പോൾ നമുക്ക് എന്തു തോന്നിയേക്കാം?
8 നമ്മൾ ജീവിക്കുന്നത് അവസാനനാളുകളിലായതുകൊണ്ട് പരീക്ഷണങ്ങൾ ഉണ്ടാകുമെന്നു നമുക്ക് അറിയാം. (2 തിമൊ. 3:1) എങ്കിലും നമ്മുടെ ജീവിതത്തിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ഞെട്ടിപ്പോയേക്കാം. കാരണം തീരെ പ്രതീക്ഷിക്കാത്ത സമയത്ത്, ഒട്ടും ചിന്തിക്കാത്ത രീതിയിലായിരിക്കാം അവ വരുന്നത്. ഉദാഹരണത്തിന്, പെട്ടെന്നായിരിക്കാം ഒരുപക്ഷേ പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാകുന്നത്, അല്ലെങ്കിൽ വലിയൊരു അസുഖം വരുന്നത്, അതുമല്ലെങ്കിൽ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുന്നത്. ഇങ്ങനെ ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ അതല്ലെങ്കിൽ പല പ്രശ്നങ്ങൾ ഒന്നിച്ച് നേരിടുമ്പോഴോ നമ്മൾ ആകെ തകർന്നുപോയേക്കാം. എന്നാൽ അപ്പോഴും ഒരു കാര്യം നമുക്ക് ഓർക്കാം: നമുക്കു നേരിടുന്ന പ്രശ്നങ്ങളൊക്കെ യഹോവ കാണുന്നുണ്ട്. ഏതൊരു പരീക്ഷണത്തെയും ധൈര്യത്തോടെ നേരിടാൻ യഹോവ നമ്മളെ സഹായിക്കും.
9. ഇയ്യോബ് നേരിട്ട ചില പരീക്ഷണങ്ങൾ വിശദീകരിക്കുക.
9 വിശ്വസ്തനായ ഇയ്യോബിന്റെ ജീവിതത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇയ്യോബിനു പല ദുരന്തങ്ങളുടെയും വേദന ഒരുമിച്ച് അനുഭവിക്കേണ്ടിവന്നു. ഒറ്റദിവസംതന്നെ ഇയ്യോബിന്റെ മൃഗങ്ങളെല്ലാം നഷ്ടപ്പെട്ടു, ദാസന്മാർ കൊല്ലപ്പെട്ടു. ഇനി, അതിനെക്കാളെല്ലാം സങ്കടകരമായ കാര്യം, താൻ ഒരുപാടു സ്നേഹിച്ചിരുന്ന മക്കളെല്ലാം മരിച്ചെന്ന വാർത്തയും അദ്ദേഹത്തിനു കേൾക്കേണ്ടിവന്നു. (ഇയ്യോ. 1:13-19) ഈ വിഷമം തീരുന്നതിനു മുമ്പേ വളരെ ഗുരുതരമായ രോഗവും ഇയ്യോബിന് ഉണ്ടായി, വേദനിപ്പിക്കുന്നതും അറപ്പു തോന്നിപ്പിക്കുന്നതും ആയ ഒരു രോഗം. (ഇയ്യോ. 2:7) “ഈ ജീവിതത്തോട് എനിക്കു വെറുപ്പാണ്, എനിക്ക് ഇനി ജീവിക്കേണ്ടാ” എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം അത്രയ്ക്കു മോശമായിരുന്നു അദ്ദേഹത്തിന്റെ സാഹചര്യം.—ഇയ്യോ. 7:16.
10. ദുരിതങ്ങളൊക്കെ നേരിട്ടപ്പോൾ അതു സഹിച്ചുനിൽക്കാൻ യഹോവ എങ്ങനെയാണ് ഇയ്യോബിനെ സഹായിച്ചത്? (പുറംതാളിലെ ചിത്രം കാണുക.)
10 യഹോവ ഇയ്യോബിന്റെ അവസ്ഥ കാണുന്നുണ്ടായിരുന്നു. ഇത്രയെല്ലാം ദുരിതങ്ങൾ ഉണ്ടായപ്പോഴും വിശ്വസ്തമായി സഹിച്ചുനിൽക്കാൻ ആവശ്യമായതെല്ലാം യഹോവ ഇയ്യോബിനു നൽകി. യഹോവ ഇയ്യോബിനോടു സംസാരിച്ചു. തന്റെ വലിയ ജ്ഞാനത്തെക്കുറിച്ചും സൃഷ്ടികൾക്കുവേണ്ടി താൻ സ്നേഹത്തോടെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും യഹോവ ഇയ്യോബിനെ ഓർമിപ്പിച്ചു. (ഇയ്യോ. 38:1, 2; 39:9, 13, 19, 27; 40:15; 41:1, 2) കൂടാതെ എലീഹു എന്ന വിശ്വസ്തനായ ചെറുപ്പക്കാരനെ ഉപയോഗിച്ചുകൊണ്ട് ഇയ്യോബിനെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. പ്രയാസങ്ങൾ ഉണ്ടെങ്കിലും വിശ്വസ്തമായി സഹിച്ചുനിൽക്കുന്ന ആരാധകർക്ക് യഹോവ എപ്പോഴും പ്രതിഫലം നൽകുമെന്ന് എലീഹു ഇയ്യോബിന് ഉറപ്പു നൽകി. എന്നാൽ അതോടൊപ്പംതന്നെ ഇയ്യോബിനു സ്നേഹത്തോടെ ചില ഉപദേശങ്ങൾ നൽകാനും യഹോവ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇയ്യോബ് തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നതു നിറുത്താനും മുഴുപ്രപഞ്ചത്തിന്റെയും സ്രഷ്ടാവായ യഹോവയോടുള്ള താരതമ്യത്തിൽ താൻ എത്ര ചെറിയവനാണെന്ന് ഓർക്കാനും എലീഹു ഇയ്യോബിനെ സഹായിച്ചു. (ഇയ്യോ. 37:14) ഇനി, യഹോവ ഇയ്യോബിന് ഒരു നിയമനവും നൽകി. പാപം ചെയ്ത ആ മൂന്നു കൂട്ടുകാർക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. (ഇയ്യോ. 42:8-10) ഇന്നു പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ യഹോവ നമ്മളെയും സഹായിക്കുന്നുണ്ട്. അത് എങ്ങനെയാണെന്നു നോക്കാം.
11. പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ബൈബിൾ നമുക്ക് എന്ത് ആശ്വാസം തരുന്നു?
11 അന്ന് ഇയ്യോബിനോടു സംസാരിച്ച രീതിയിൽ യഹോവ ഇന്നു നമ്മളോടു സംസാരിക്കുന്നില്ല. പക്ഷേ യഹോവ നമ്മളോടും സംസാരിക്കുന്നുണ്ട്—തന്റെ വചനമായ ബൈബിളിലൂടെ. (റോമ. 15:4) ഭാവിയിലേക്കു നല്ലൊരു പ്രത്യാശ തന്നുകൊണ്ട് യഹോവ നമ്മളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ ഒരുപാടു കഷ്ടങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസം തരുന്ന ചില ആശയങ്ങൾ നമുക്ക് ഇപ്പോൾ ബൈബിളിൽനിന്ന് നോക്കാം. നമ്മൾ ഇന്ന് അനുഭവിക്കുന്ന കടുത്ത പരീക്ഷണങ്ങൾ ഉൾപ്പെടെ ഒന്നിനും “ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ കഴിയില്ല” എന്ന് യഹോവ ബൈബിളിലൂടെ നമുക്ക് ഉറപ്പു തന്നിരിക്കുന്നു. (റോമ. 8:38, 39) ഇനി, ‘പ്രാർഥനയിൽ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും താൻ സമീപസ്ഥൻ’ ആണെന്നും യഹോവ ഉറപ്പു തരുന്നുണ്ട്. (സങ്കീ. 145:18) നമ്മൾ യഹോവയിൽ ആശ്രയിക്കുകയാണെങ്കിൽ ഏതു പരീക്ഷണവും നമുക്കു നേരിടാനാകുമെന്നും കഷ്ടപ്പാടുകളൊക്കെ ഉള്ളപ്പോൾപ്പോലും സന്തോഷത്തോടെയിരിക്കാൻ സാധിക്കുമെന്നും യഹോവ പറയുന്നു. (1 കൊരി. 10:13; യാക്കോ. 1:2, 12) കൂടാതെ ഭാവിയിൽ യഹോവ തരാനിരിക്കുന്ന നിത്യമായ പ്രതിഫലത്തോടുള്ള താരതമ്യത്തിൽ നമ്മൾ ഇന്നു സഹിക്കുന്ന കഷ്ടപ്പാടുകളെല്ലാം താത്കാലികമാണെന്നും ദൈവവചനം ഓർമിപ്പിക്കുന്നു. (2 കൊരി. 4:16-18) അതു മാത്രമല്ല, ഇന്നുള്ള പ്രശ്നങ്ങളുടെ യഥാർഥ കാരണത്തെത്തന്നെ, അതായത് പിശാചായ സാത്താനെയും അവന്റെ കൂടെ ചേർന്നിരിക്കുന്ന ദുഷ്ടരെയും, എന്നേക്കുമായി ഇല്ലാതാക്കുമെന്നും യഹോവ നമുക്ക് ഉറപ്പു തരുന്നുണ്ട്. (സങ്കീ. 37:10) ദുരിതങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്ന ചില ബൈബിൾവാക്യങ്ങൾ നിങ്ങൾ കാണാതെ പഠിച്ചിട്ടുണ്ടോ?
12. ദൈവവചനത്തിൽനിന്ന് പൂർണപ്രയോജനം കിട്ടുന്നതിനു നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
12 പതിവായി ബൈബിൾ പഠിക്കാനും അതുപോലെ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും നമ്മൾ പ്രത്യേകസമയം മാറ്റിവെക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. പഠിച്ച കാര്യങ്ങൾക്കനുസരിച്ച് നമ്മൾ പ്രവർത്തിക്കുമ്പോൾ നമ്മുടെ വിശ്വാസം ശക്തമാകും, യഹോവയോടു കൂടുതൽ അടുക്കാനും നമുക്കു കഴിയും. അങ്ങനെയാകുമ്പോൾ പരീക്ഷണങ്ങളൊക്കെ ഉണ്ടാകുന്ന സമയത്ത് പിടിച്ചുനിൽക്കാൻ വേണ്ട കരുത്തു നമുക്കു കിട്ടും. ദൈവവചനം പഠിക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നവർക്ക് യഹോവ തന്റെ പരിശുദ്ധാത്മാവിനെയും നൽകും. സഹിച്ചുനിൽക്കാൻ ആവശ്യമായ “അസാധാരണശക്തി” നൽകാൻ പരിശുദ്ധാത്മാവിനാകും.—2 കൊരി. 4:7-10.
13. “വിശ്വസ്തനും വിവേകിയും ആയ അടിമ” തരുന്ന ആത്മീയാഹാരം പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
13 യഹോവയുടെ സഹായത്താൽ “വിശ്വസ്തനും വിവേകിയും ആയ അടിമ” ഒരുപാടു ലേഖനങ്ങളും വീഡിയോകളും പാട്ടുകളും ഒക്കെ പുറത്തിറക്കുന്നുണ്ട്. (മത്താ. 24:45) വിശ്വാസത്തെ ബലപ്പെടുത്താനും യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്താനും സഹായിക്കുന്നവയാണ് അവ. എന്നാൽ യഹോവ കൃത്യസമയത്ത് തന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അടുത്തയിടെ ഐക്യനാടുകളിൽനിന്നുള്ള ഒരു സഹോദരി ഇങ്ങനെ കിട്ടുന്ന ആത്മീയാഹാരം താൻ എത്രമാത്രം വിലമതിക്കുന്നെന്നു പറയുകയുണ്ടായി. സഹോദരി പറയുന്നു: “ഞാൻ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് 40 വർഷമായി. ഇതിനിടയിൽ യഹോവയോടുള്ള എന്റെ വിശ്വസ്തത പല തവണ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.” മദ്യപിച്ച് കാറോടിച്ച ഒരാൾ ഉണ്ടാക്കിയ അപകടത്തിൽ സഹോദരിയുടെ മുത്തച്ഛൻ കൊല്ലപ്പെട്ടു. ഇനി, സഹോദരിയുടെ മാതാപിതാക്കൾ അസുഖം വന്ന് മരിച്ചു. സഹോദരിക്കുതന്നെ രണ്ടു തവണ ക്യാൻസർ പിടിപെട്ടു. ഇതുപോലുള്ള പ്രയാസങ്ങളിലൂടെയൊക്കെ കടന്നുപോയപ്പോൾ സഹിച്ചുനിൽക്കാൻ സഹോദരിയെ സഹായിച്ചത് എന്താണ്? സഹോദരി പറയുന്നു: “യഹോവ എന്നെ എപ്പോഴും സ്നേഹത്തോടെ പരിപാലിച്ചു. വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെ യഹോവ നൽകിയ ആത്മീയാഹാരം എനിക്കു പിടിച്ചുനിൽക്കാനുളള ശക്തി തന്നു. അതുകൊണ്ട് ഇയ്യോബിനെപ്പോലെ എനിക്കും പറയാനാകും: ‘മരണംവരെ ദൈവത്തോടുള്ള വിശ്വസ്തത ഞാൻ ഉപേക്ഷിക്കില്ല!’”—ഇയ്യോ. 27:5.
14. നമുക്കു ബുദ്ധിമുട്ടുകളൊക്കെ നേരിടുമ്പോൾ സഹവിശ്വാസികളെ ഉപയോഗിച്ച് യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? (1 തെസ്സലോനിക്യർ 4:9)
14 പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ പരസ്പരം സ്നേഹിക്കാനും ആശ്വസിപ്പിക്കാനും യഹോവ തന്റെ ജനത്തെ പരിശീലിപ്പിക്കുന്നുണ്ട്. (2 കൊരി. 1:3, 4; 1 തെസ്സലോനിക്യർ 4:9 വായിക്കുക.) എലീഹു ഇയ്യോബിനെ സഹായിച്ചതുപോലെ, ദുരിതങ്ങൾ ഉണ്ടാകുമ്പോൾ വിശ്വസ്തരായി തുടരാൻ നമ്മുടെ സഹോദരങ്ങൾ നമ്മളെ സഹായിക്കുന്നു. (പ്രവൃ. 14:22) ഡൈൻ എന്ന സഹോദരിയുടെ അനുഭവം അതാണു തെളിയിക്കുന്നത്. സഹോദരിയുടെ ഭർത്താവിനു ഗുരുതരമായ രോഗം വന്നു. ആ സമയത്ത് ആത്മീയമായി പുറകോട്ടു പോകാതിരിക്കാൻ സഹോദരിയെ സഹായിച്ചതു സഭയിലെ സഹോദരങ്ങളാണ്. സഹോദരി പറയുന്നു: “പിടിച്ചുനിൽക്കാൻ ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ യഹോവ സ്നേഹത്തോടെ ഞങ്ങളെ ചേർത്തുപിടിക്കുന്നതു ഞങ്ങൾ ശരിക്കും അനുഭവിച്ചറിഞ്ഞു. ആ മാസങ്ങളിലെല്ലാം സഹോദരങ്ങൾ ഞങ്ങൾക്കുവേണ്ടി പലതും ചെയ്തു. അവർ ഫോൺ വിളിക്കുകയും വന്നു കാണുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്തത് ശരിക്കും ഞങ്ങൾക്കു വലിയ ആശ്വാസമായിരുന്നു. ഇനി, എനിക്കാണെങ്കിൽ വണ്ടി ഓടിക്കാൻ അറിയില്ല. അതുകൊണ്ട് സഹോദരങ്ങൾ മീറ്റിങ്ങിനും വയൽസേവനത്തിനും എന്നെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു.” ഇത്രയും സ്നേഹമുള്ള ഒരു ആത്മീയകുടുംബത്തിന്റെ ഭാഗമായിരിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്!
യഹോവ സ്നേഹത്തോടെ പരിപാലിക്കുന്നതിൽ നമ്മൾ നന്ദിയുള്ളവരാണ്
15. പ്രയാസങ്ങൾ ഉണ്ടായാലും പിടിച്ചുനിൽക്കാനാകുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
15 നമുക്കെല്ലാം പല തരത്തിലുള്ള പരീക്ഷണങ്ങൾ നേരിടുന്നുണ്ട്. എന്നാൽ നമ്മൾ കണ്ടുകഴിഞ്ഞതുപോലെ ഇത്തരം സമയങ്ങളിൽ നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല. കാരണം യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ട്. സ്നേഹമുള്ള ഒരു അപ്പൻ തന്റെ കുഞ്ഞിനെ നോക്കുന്നതുപോലെ യഹോവ നമ്മുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നു. സഹായത്തിനായി നമ്മൾ നിലവിളിക്കുന്ന ഓരോ സമയത്തും അതു കേൾക്കാനും സഹിച്ചുനിൽക്കാൻ വേണ്ടതെല്ലാം ചെയ്തുതരാനും യഹോവ തയ്യാറാണ്. (യശ. 43:2) അതിനുവേണ്ടി യഹോവ നമുക്ക് പ്രാർഥന, ബൈബിൾ, സമൃദ്ധമായ ആത്മീയാഹാരം, സ്നേഹമുള്ള സഹോദരീസഹോദരന്മാർ എന്നിങ്ങനെയുള്ള പല സഹായങ്ങളും തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും പിടിച്ചുനിൽക്കാനാകുമെന്നു നമുക്ക് ഉറപ്പാണ്.
16. യഹോവയുടെ സ്നേഹത്തോടെയുള്ള പരിപാലനം തുടർന്നും കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
16 നമ്മളെ എപ്പോഴും ശ്രദ്ധിക്കുകയും സഹായിക്കാൻ തയ്യാറായിരിക്കുകയും ചെയ്യുന്ന സ്നേഹമുള്ള ഒരു അപ്പൻ ഉണ്ടായിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! നമ്മുടെ “ഹൃദയം ദൈവത്തിൽ സന്തോഷിക്കുന്നു.” (സങ്കീ. 33:21) നമ്മളെ സഹായിക്കുന്നതിനുവേണ്ടി യഹോവ ചെയ്തിരിക്കുന്ന എല്ലാ കരുതലുകളും നന്നായി ഉപയോഗിച്ചുകൊണ്ട് നമുക്കു നമ്മുടെ നന്ദി കാണിക്കാം. ഇനി, യഹോവയുടെ സ്നേഹത്തോടെയുള്ള പരിപാലനം തുടർന്നും കിട്ടാൻ നമ്മളാലാകുന്നതെല്ലാം ചെയ്യുകയും വേണം. അതായത് യഹോവയെ അനുസരിക്കാനും യഹോവ ശരിയെന്നു പറയുന്ന കാര്യങ്ങൾ ചെയ്യാനും നമ്മൾ എപ്പോഴും ശ്രമിക്കണം. അങ്ങനെ ചെയ്താൽ യഹോവ തുടർന്നും നമ്മുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും നമ്മളെ സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.—1 പത്രോ. 3:12.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
^ നമുക്കെല്ലാം ഇന്നു പല തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഒറ്റയ്ക്ക് അവ കൈകാര്യം ചെയ്യാൻ നമുക്കാകില്ല, യഹോവയുടെ സഹായം വേണം. നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം യഹോവ അറിയുന്നുണ്ട്. യഹോവ നമ്മളെ ശ്രദ്ധിക്കുന്നുണ്ടെന്നും സഹായിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുകയാണെന്നും ഉറപ്പു നൽകുന്നതാണ് ഈ ലേഖനം.
^ ചില പേരുകൾക്കു മാറ്റമുണ്ട്.