പഠനലേഖനം 36
യഹോവയുടെ ജനം നീതിയെ സ്നേഹിക്കുന്നു
“നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടർ.”—മത്താ. 5:6.
ഗീതം 9 യഹോവ നമ്മുടെ രാജാവ്!
ചുരുക്കം *
1. യോസേഫിന് എന്തു പരീക്ഷണമാണു നേരിട്ടത്, അദ്ദേഹം അപ്പോൾ എന്തു ചെയ്തു?
യാക്കോബിന്റെ മകനായ യോസേഫ്, പോത്തിഫറിന്റെ വീട്ടിൽ അടിമയായിരുന്ന സമയം. ഒരിക്കൽ യജമാനൻ വീട്ടിൽ ഇല്ലാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ, “എന്നോടുകൂടെ കിടക്കുക” എന്നു യോസേഫിനോടു പറഞ്ഞു. പക്ഷേ യോസേഫ് അതിനു തയ്യാറായില്ല. ’അവൻ അതിനു വഴങ്ങിയാലും ആരും കുറ്റപ്പെടുത്തില്ലായിരുന്നല്ലോ’ എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. കാരണം യജമാനൻ അവിടെ ഇല്ല. മാത്രമല്ല യോസേഫ് ആ വീട്ടിൽ അടിമയാണ്; യജമാനത്തിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ജീവിതം കഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ യജമാനത്തി എത്ര നിർബന്ധിച്ചിട്ടും യോസേഫ് തന്റെ നിലപാടിൽ ഉറച്ചുനിന്നു. അദ്ദേഹം പറഞ്ഞു: “ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?”—ഉൽപ. 39:7-12.
2. വ്യഭിചാരം ദൈവത്തിന് എതിരെയുള്ള ഒരു പാപമാണെന്നു യോസേഫ് എങ്ങനെയാണു തിരിച്ചറിഞ്ഞത്?
2 “വ്യഭിചാരം ചെയ്യരുത്” എന്നൊരു നിയമം ദൈവം ഇസ്രായേൽജനത്തിനു നൽകിയതു യോസേഫ് ജീവിച്ചിരുന്നതിന് ഏതാണ്ട് 200 വർഷത്തിനു ശേഷമാണ്. (പുറ. 20:14) അപ്പോൾപ്പിന്നെ വ്യഭിചാരം ദൈവത്തിന്റെ നോട്ടത്തിൽ ‘ഇത്ര വലിയൊരു പാപമാണെന്നു’ അദ്ദേഹം എങ്ങനെയാണു തിരിച്ചറിഞ്ഞത്? വ്യഭിചാരം സംബന്ധിച്ച് ഒരു നിയമം ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന് യഹോവയുടെ ചിന്തകൾ നന്നായി അറിയാമായിരുന്നു. ഉദാഹരണത്തിന് വിവാഹത്തിന്റെ കാര്യത്തിൽ, ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് യഹോവ ഉദ്ദേശിച്ചതെന്നു യോസേഫ് മനസ്സിലാക്കിയിരുന്നു. കൂടാതെ, തന്റെ മുതുമുത്തശ്ശിയായ സാറയ്ക്കു സംഭവിച്ചതിനെക്കുറിച്ചും അദ്ദേഹം കേട്ടിട്ടുണ്ടായിരിക്കണം. രണ്ടു സന്ദർഭങ്ങളിൽ മറ്റു പുരുഷന്മാരിൽനിന്ന് യഹോവ സാറയെ സംരക്ഷിച്ചു. പിന്നീട് ഒരിക്കൽ യോസേഫിന്റെ മുത്തശ്ശിയായ റിബേക്കയുടെ കാര്യത്തിലും ദൈവം ഇതുപോലെ ഇടപെട്ടു. (ഉൽപ. 2:24; 12:14-20; 20:2-7; 26:6-11) ഇതെക്കുറിച്ചെല്ലാം ചിന്തിച്ചപ്പോൾ വ്യഭിചാരം യഹോവയുടെ നോട്ടത്തിൽ ഒരു പാപമാണെന്നു യോസേഫ് തിരിച്ചറിഞ്ഞു. അദ്ദേഹം യഹോവയെയും നീതിയെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങളെയും ഒരുപാടു സ്നേഹിച്ചിരുന്നു. ആ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഉറച്ച തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യുന്നത്?
3 നിങ്ങൾ നീതിയെ സ്നേഹിക്കുന്നുണ്ടോ? തീർച്ചയായുമുണ്ട്. എന്നാൽ നമ്മളെല്ലാം പാപികളായതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കിൽ നീതിയെക്കുറിച്ച് ലോകം വെച്ചിരിക്കുന്ന നിലവാരങ്ങൾ നമ്മളെയും സ്വാധീനിച്ചേക്കാം. (യശ. 5:20; റോമ. 12:2) അതുകൊണ്ട് ഈ ലേഖനത്തിൽ, എന്താണു നീതി, നമ്മൾ നീതിയെ സ്നേഹിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം ചർച്ച ചെയ്യും. തുടർന്ന് യഹോവയുടെ നിലവാരങ്ങളോടുള്ള നമ്മുടെ സ്നേഹം ശക്തമാക്കാൻ സഹായിക്കുന്ന മൂന്നു കാര്യത്തെക്കുറിച്ചും നമ്മൾ കാണും.
എന്താണു നീതി?
4. നീതിമാനായിരിക്കുക എന്നു പറഞ്ഞാൽ എന്തല്ല?
4 യേശുവിന്റെ കാലത്തെ മതനേതാക്കന്മാർ തങ്ങൾ നീതിമാന്മാരാണെന്നു ചിന്തിച്ചിരുന്നു. എന്നാൽ യേശു അവരെ കുറ്റം വിധിക്കുകയാണു ചെയ്തത്. കാരണം അവർ ശരിയും തെറ്റും സംബന്ധിച്ച് സ്വന്തം നിലവാരങ്ങൾ വെക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മറ്റാളുകളെ വിമർശിക്കുകയും ചെയ്തിരുന്നു. (സഭാ. 7:16; ലൂക്കോ. 16:15) ഇന്നും ചിലർ അതുപോലെയാണ്. തങ്ങൾ നീതിമാന്മാരാണെന്ന് അവർ വിചാരിക്കുന്നു. പക്ഷേ അവർ സ്വന്തം നിലവാരങ്ങളുടെ അടിസ്ഥാനത്തിലാണു തങ്ങളെത്തന്നെ അളക്കുന്നത്. പലപ്പോഴും ഇങ്ങനെയുള്ളവർ സ്വന്തം നേട്ടങ്ങളിൽ അഹങ്കരിക്കുന്നവരും മറ്റുള്ളവരെ കുറ്റം വിധിക്കുന്നവരും തങ്ങൾ മറ്റെല്ലാവരെക്കാളും മികച്ചവരാണെന്നു ചിന്തിക്കുന്നവരും ആണ്. ഇങ്ങനെയുള്ള ആളുകളെ യഹോവയ്ക്ക് ഇഷ്ടമല്ല. അങ്ങനെയെങ്കിൽ എന്താണു ശരിക്കുള്ള നീതി?
5. ബൈബിളനുസരിച്ച് എന്താണു നീതി? ചില ഉദാഹരണങ്ങൾ പറയുക.
5 ലളിതമായി പറഞ്ഞാൽ ദൈവമായ യഹോവയുടെ നോട്ടത്തിൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നതാണു നീതി. ബൈബിളിൽ ‘നീതിയെ’ സൂചിപ്പിക്കുന്ന പദങ്ങൾ യഹോവയുടെ ഉയർന്ന നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നതിനെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, കച്ചവടക്കാർ ‘നേരും കൃത്യതയും ഉള്ള തൂക്കങ്ങൾ’ ഉപയോഗിക്കണമെന്ന് യഹോവ ആവശ്യപ്പെട്ടിരുന്നു. (ആവ. 25:15) ഇവിടെ ‘നേര്’ എന്നു പരിഭാഷ ചെയ്തിരിക്കുന്ന എബ്രായപദത്തെ ‘നീതി’ എന്നും പരിഭാഷ ചെയ്യാനാകും. അതുകൊണ്ട് ദൈവത്തിന്റെ നോട്ടത്തിൽ നീതിമാനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി തന്റെ എല്ലാ ബിസിനെസ്സ് ഇടപാടുകളിലും പൂർണമായി സത്യസന്ധനായിരിക്കണം. ഇനി, നീതിമാനായ ഒരാൾ ന്യായത്തെ ഇഷ്ടപ്പെടുന്ന ആളായിരിക്കും. ആർക്കെങ്കിലും അന്യായം നേരിട്ടാൽ അദ്ദേഹത്തിന് അതു സഹിക്കില്ല. താൻ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നതെന്ന് അദ്ദേഹം ചിന്തിക്കും. കാരണം ‘ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനാണ്’ അദ്ദേഹം ആഗ്രഹിക്കുന്നത്.—കൊലോ. 1:10.
6. നീതിയെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങളാണു ശരിയെന്നു നമുക്ക് ഉറപ്പോടെ പറയാവുന്നത് എന്തുകൊണ്ട്? (യശയ്യ 55:8, 9)
6 യഹോവ നീതിയുടെ ഉറവാണെന്നു ബൈബിൾ പറയുന്നു. അതുകൊണ്ടാണ് യഹോവയെ ‘നീതിയുടെ വാസസ്ഥലം’ എന്നു വിളിച്ചിരിക്കുന്നത്. (യിരെ. 50:7) സ്രഷ്ടാവായതുകൊണ്ട് ശരിയും തെറ്റും സംബന്ധിച്ച് നിലവാരങ്ങൾ വെക്കാനുള്ള അവകാശം യഹോവയ്ക്കു മാത്രമേയുള്ളൂ. ഇനി, യഹോവ പൂർണനാണ്. അതുകൊണ്ട് ശരി എന്ത്, തെറ്റ് എന്ത് എന്നു കൃത്യമായി പറയാൻ കഴിയുന്നതും യഹോവയ്ക്കു മാത്രമാണ്. പാപികളായ നമ്മുടെ നിലവാരങ്ങളെക്കാളും വളരെ ഉയർന്നതാണു നീതി സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ. (സുഭാ. 14:12; യശയ്യ 55:8, 9 വായിക്കുക.) എന്നാൽ ഒന്നോർക്കുക: നമ്മളെ സൃഷ്ടിച്ചിരിക്കുന്നതു ദൈവത്തിന്റെ സ്വന്തം ഛായയിലാണ്. (ഉൽപ. 1:27) അതുകൊണ്ട് നീതിയെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ നമുക്കാകും. കഴിവിന്റെ പരമാവധി യഹോവയെ അനുകരിക്കാൻ നമ്മൾ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള സ്നേഹമാണു നമ്മളെ അതിനു പ്രേരിപ്പിക്കുന്നത്.—എഫെ. 5:1.
7. ശരിയായ നിലവാരങ്ങൾ ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്? ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക.
7 ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നതു നമുക്കു ഗുണം ചെയ്യും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഇതെക്കുറിച്ച് ഒന്നു ചിന്തിക്കുക: ഓരോ പട്ടണത്തിലും ട്രാഫിക് സിഗ്നലിനു വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ എന്തായിരിക്കും സംഭവിക്കുക? അപകടം ഉറപ്പാണ്. ഇനി, ഡോക്ടർമാർ ഒരു രോഗിയെ ചികിത്സിക്കുമ്പോൾ വൈദ്യശാസ്ത്രം വെച്ചിരിക്കുന്ന കൃത്യമായ നിലവാരങ്ങളനുസരിച്ച് പ്രവർത്തിക്കുന്നില്ലെങ്കിലോ? ചിലപ്പോൾ ആ രോഗി മരിക്കുകപോലും ചെയ്തേക്കാം. അതുകൊണ്ട് കൃത്യമായ നിലവാരങ്ങൾ ഉണ്ടായിരിക്കുന്നതും അവ അനുസരിക്കുന്നതും നമുക്ക് ഒരു സംരക്ഷണമാണ്. അതുപോലെ ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾ നമുക്ക് എപ്പോഴും ഒരു സംരക്ഷണമാണ്.
8. നീതിയെ സ്നേഹിക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?
8 തന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നവരെ യഹോവ അനുഗ്രഹിക്കും. അതെക്കുറിച്ച് ദൈവം തരുന്ന വാഗ്ദാനം ശ്രദ്ധിക്കുക: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.” (സങ്കീ. 37:29) എല്ലാവരും യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുകയാണെങ്കിൽ ഭൂമിയിലെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ഒന്ന് ആലോചിച്ചുനോക്കൂ. ജനങ്ങൾക്കിടയിൽ ഐക്യവും സമാധാനവും ഉണ്ടായിരിക്കും. എല്ലാവരും വളരെ സന്തോഷത്തിലായിരിക്കും. നമുക്ക് അങ്ങനെയൊരു ജീവിതം ഉണ്ടായിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. നീതിയെ സ്നേഹിക്കാനുള്ള എത്ര നല്ല കാരണങ്ങളാണ് അവ! എന്നാൽ നീതിയോടുള്ള സ്നേഹം നമുക്ക് എങ്ങനെ ശക്തമാക്കാനാകും? നമുക്കു ചെയ്യാനാകുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഇനി നോക്കാം.
യഹോവയുടെ നിലവാരങ്ങളോടുള്ള സ്നേഹം ശക്തമാക്കുക
9. നീതിയെ സ്നേഹിക്കാൻ നമ്മളെ എന്തു സഹായിക്കും?
9 ഒന്നാമത്തെ കാര്യം: യഹോവയെ സ്നേഹിക്കുക. ശരിയും തെറ്റും സംബന്ധിച്ച നിലവാരങ്ങൾ വെച്ചിരിക്കുന്നത് യഹോവയാണ്. നമ്മൾ യഹോവയെ കൂടുതൽ സ്നേഹിക്കുമ്പോൾ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ ആഗ്രഹം ശക്തമാകും. അപ്പോൾ നമ്മൾ നീതിയെ സ്നേഹിക്കാൻതുടങ്ങും. ആദാമും ഹവ്വയും പരാജയപ്പെട്ടത് അവിടെയാണ്. അവർ യഹോവയെ ശരിക്കും സ്നേഹിച്ചിരുന്നെങ്കിൽ ഒരിക്കലും ദൈവത്തിന്റെ നിയമം ലംഘിക്കില്ലായിരുന്നു.—ഉൽപ. 3:1-6, 16-19.
10. യഹോവയെ നന്നായി മനസ്സിലാക്കാൻ അബ്രാഹാം എന്തു ചെയ്തു?
10 ആദാമും ഹവ്വയും ചെയ്ത തെറ്റ് ആവർത്തിക്കാൻ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല. അതിനു നമുക്ക് എന്തു ചെയ്യാനാകും? യഹോവയെക്കുറിച്ചും യഹോവ എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ചും നന്നായി മനസ്സിലാക്കുക. കൂടാതെ ദൈവത്തിന്റെ ഗുണങ്ങളെ വിലമതിക്കുക. അങ്ങനെയൊക്കെ ചെയ്യുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹം കൂടും. അതാണ് അബ്രാഹാം ചെയ്തത്. അബ്രാഹാമിന് യഹോവയെ ഒരുപാട് ഇഷ്ടമായിരുന്നു. ദൈവത്തിന്റെ ചില തീരുമാനങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നു തോന്നിയപ്പോഴും അദ്ദേഹം ദൈവത്തെ ധിക്കരിച്ചില്ല. പകരം യഹോവയെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു. ഉദാഹരണത്തിന് സൊദോം, ഗൊമോറ പട്ടണങ്ങളെ നശിപ്പിക്കാനുള്ള യഹോവയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അബ്രാഹാമിന് അത് ഒട്ടും ഉൾക്കൊള്ളാനായില്ല. “സർവഭൂമിയുടെയും ന്യായാധിപൻ” ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും നശിപ്പിച്ചുകളയുമോ എന്നാണ് അബ്രാഹാം ആദ്യം ചിന്തിച്ചത്. അതുകൊണ്ട് അദ്ദേഹം ദൈവത്തോട് ആദരവോടെ കുറെ ചോദ്യങ്ങൾ ചോദിച്ചു. അതിനെല്ലാം യഹോവ ക്ഷമയോടെ ഉത്തരവും നൽകി. അങ്ങനെ യഹോവ ഓരോ മനുഷ്യന്റെയും ഹൃദയത്തെ പരിശോധിക്കുന്നെന്നും കുറ്റക്കാരോടൊപ്പം നിരപരാധികളെ ഒരിക്കലും ശിക്ഷിക്കില്ലെന്നും അബ്രാഹാം തിരിച്ചറിഞ്ഞു.—ഉൽപ. 18:20-32.
11. താൻ യഹോവയെ സ്നേഹിക്കുന്നെന്നും യഹോവ കാര്യങ്ങൾ ചെയ്യുന്ന രീതിയിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നും അബ്രാഹാം എങ്ങനെയാണു തെളിയിച്ചത്?
11 സൊദോം, ഗൊമോറ നഗരങ്ങളെക്കുറിച്ച് യഹോവയുമായി നടത്തിയ ആ സംഭാഷണം അബ്രാഹാമിനെ ഒരുപാടു സ്വാധീനിച്ചു. അതെത്തുടർന്ന് യഹോവയോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ബഹുമാനവും മുമ്പത്തെക്കാൾ കൂടി. വർഷങ്ങൾക്കുശേഷം, അനുസരിക്കാൻ കുറെക്കൂടി ബുദ്ധിമുട്ടുള്ള ഒരു കാര്യം യഹോവ അബ്രാഹാമിനോട് ആവശ്യപ്പെട്ടു. അബ്രാഹാം ഒരുപാടു സ്നേഹിച്ചിരുന്ന മകനെ, യിസ്ഹാക്കിനെ, ബലി അർപ്പിക്കാനാണു ദൈവം ആവശ്യപ്പെട്ടത്. പക്ഷേ ആ സമയമായപ്പോഴേക്കും അബ്രാഹാം യഹോവയെ കുറെക്കൂടി നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം യഹോവയോടു ചോദ്യങ്ങളൊന്നും ചോദിച്ചില്ല. പകരം, യഹോവ ആവശ്യപ്പെട്ടതു ചെയ്യാൻ പെട്ടെന്നുതന്നെ തയ്യാറായി. എങ്കിലും അതിനു വേണ്ട ഒരുക്കങ്ങളൊക്കെ ചെയ്തപ്പോൾ അദ്ദേഹത്തിന് എത്ര വേദന തോന്നിയിരിക്കുമെന്ന് ഒന്നോർത്ത് നോക്കൂ! ആ സമയത്ത് അദ്ദേഹം യഹോവയെക്കുറിച്ച് താൻ മനസ്സിലാക്കിയ കാര്യങ്ങളെപ്പറ്റിയെല്ലാം ഒരുപാടു ചിന്തിച്ചിരിക്കാം. യഹോവ ഒരിക്കലും സ്നേഹമില്ലാതെ, അന്യായമായി ഒന്നും ചെയ്യില്ലെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച് തന്റെ പ്രിയ മകനായ യിസ്ഹാക്കിനെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവയ്ക്കു കഴിയുമെന്ന് അദ്ദേഹം ന്യായമായും ഓർത്തുകാണും. കാരണം യഹോവ അതിനോടകംതന്നെ, യിസ്ഹാക്ക് വലിയൊരു ജനതയുടെ പിതാവാകുമെന്നു വാഗ്ദാനം ചെയ്തിരുന്നു. (എബ്രാ. 11:17-19) ഇനി, അബ്രാഹാം യഹോവയെ ഒരുപാടു സ്നേഹിച്ചു. അതുകൊണ്ട് തന്റെ അപ്പൻ നീതിയോടെ മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ എന്ന കാര്യത്തിൽ അബ്രാഹാമിനു പൂർണവിശ്വാസമുണ്ടായിരുന്നു. വിശ്വാസത്താൽ അബ്രാഹാം ദൈവത്തെ അനുസരിച്ചു, അതു വളരെ ബുദ്ധിമുട്ടായിരുന്നെങ്കിൽപ്പോലും.—ഉൽപ. 22:1-12.
12. നമുക്ക് എങ്ങനെ അബ്രാഹാമിന്റെ മാതൃക ജീവിതത്തിൽ പകർത്താം? (സങ്കീർത്തനം 73:28)
12 നമുക്ക് എങ്ങനെ അബ്രാഹാമിന്റെ മാതൃക പകർത്താം? അദ്ദേഹത്തെപ്പോലെ യഹോവയെക്കുറിച്ച് തുടർന്നും പഠിച്ചുകൊണ്ടിരിക്കുക. അങ്ങനെ ചെയ്യുമ്പോൾ ദൈവവുമായി നമ്മൾ കൂടുതൽ അടുക്കും. മുമ്പത്തെക്കാൾ അധികം യഹോവയെ സ്നേഹിക്കാനും തുടങ്ങും. (സങ്കീർത്തനം 73:28 വായിക്കുക.) മാത്രമല്ല യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ സഹായിക്കുന്ന ഒരു മനസ്സാക്ഷിയും നമുക്കുണ്ടായിരിക്കും. (എബ്രാ. 5:14) അങ്ങനെയാകുമ്പോൾ തെറ്റായ ഒരു കാര്യം ചെയ്യാൻ ആരെങ്കിലും പ്രലോഭിപ്പിച്ചാലും നമ്മൾ അതു ചെയ്യില്ല. യഹോവയെ വേദനിപ്പിക്കുന്നതോ ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കുന്നതോ ആയ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ ചിന്തിക്കുകപോലുമില്ല. നീതിയെ സ്നേഹിക്കുന്നെന്നു മറ്റ് ഏതു രീതിയിൽ നമുക്കു തെളിയിക്കാനാകും?
13. നമുക്ക് എങ്ങനെ നീതിപാതയിൽ നടക്കാം? (സുഭാഷിതങ്ങൾ 15:9)
13 രണ്ടാമത്തെ കാര്യം: നീതിയോടുള്ള സ്നേഹം ഓരോ ദിവസവും വളർത്തിയെടുക്കുക. എന്നും വ്യായാമം ചെയ്താൽ നമ്മുടെ പേശികളുടെ ബലം വർധിക്കും. അതുപോലെ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ എന്നും ശ്രമിക്കുന്നെങ്കിൽ ആ നിലവാരങ്ങളോടുള്ള നമ്മുടെ സ്നേഹം വർധിക്കും. അങ്ങനെ ചെയ്യുന്നതു നമുക്ക് ഒരു ബുദ്ധിമുട്ടായിരിക്കില്ല. കാരണം യഹോവ ന്യായബോധമുള്ള ദൈവമാണ്. നമുക്കു ചെയ്യാൻ കഴിയുന്നതിലും അപ്പുറം യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. (സങ്കീ. 103:14) കൂടാതെ യഹോവ നമുക്ക് ഇങ്ങനെ ഉറപ്പുതന്നിരിക്കുന്നു: “നീതിപാതയിൽ നടക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (സുഭാഷിതങ്ങൾ 15:9 വായിക്കുക.) യഹോവയുടെ സേവനത്തിൽ ഒരു പ്രത്യേകലക്ഷ്യത്തിൽ എത്തിച്ചേരാൻ നോക്കുമ്പോൾ അതിനുവേണ്ടി നമ്മൾ നല്ല ശ്രമം ചെയ്യും. അതുപോലെ നീതിപാതയിൽ നടക്കാനും നമ്മുടെ ഭാഗത്ത് ശ്രമം ആവശ്യമാണ്. അങ്ങനെ ചെയ്യുമ്പോൾ യഹോവ ക്ഷമയോടെ നമ്മളെ സഹായിക്കും. നമുക്കു പടിപടിയായി അതിൽ പുരോഗമിക്കാനുമാകും.—സങ്കീ. 84:5, 7.
14. എന്താണ് “നീതി എന്ന കവചം,” നമുക്ക് അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
14 നീതിയെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത് ഒരു ഭാരമല്ലെന്ന് യഹോവ സ്നേഹത്തോടെ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്. (1 യോഹ. 5:3) ശരിക്കും പറഞ്ഞാൽ അതു നമുക്ക് ഒരു സംരക്ഷണമാണ്. ആ സംരക്ഷണം നമുക്കു ദിവസവും വേണം. അപ്പോസ്തലനായ പൗലോസ് തന്റെ കത്തിൽ വിവരിച്ചിരിക്കുന്ന ആത്മീയ പടക്കോപ്പിനെക്കുറിച്ച് ഒന്നു ചിന്തിക്കുക. (എഫെ. 6:14-18) ആ പടക്കോപ്പിന്റെ ഏതു ഭാഗമാണ് ഒരു പടയാളിയുടെ ഹൃദയത്തെ സംരക്ഷിക്കുന്നത്? “നീതി എന്ന കവചം.” ശരിയും തെറ്റും സംബന്ധിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളെയാണ് അത് അർഥമാക്കുന്നത്. കവചം ഒരു സൈനികന്റെ ഹൃദയത്തെ സംരക്ഷിക്കുന്നതുപോലെ യഹോവയുടെ നിലവാരങ്ങൾ സാത്താന്റെ ആക്രമണങ്ങളിൽനിന്ന് നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. അതുകൊണ്ട് നമ്മുടെ പടക്കോപ്പിൽ നീതിയെന്ന കവചം എപ്പോഴും ഉണ്ടെന്ന് ഉറപ്പുവരുത്തുക.—സുഭാ. 4:23.
15. നിങ്ങൾക്ക് എങ്ങനെ നീതിയെന്ന കവചം ധരിക്കാനാകും?
15 നിങ്ങൾക്ക് എങ്ങനെ നീതിയെന്ന കവചം ധരിക്കാനാകും? ജീവിതത്തിൽ നിങ്ങൾ ഓരോരോ തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയുടെ നിലവാരങ്ങൾ കണക്കിലെടുത്തുകൊണ്ട് നിങ്ങൾക്ക് അതു ചെയ്യാം. ഉദാഹരണത്തിന് എന്തെങ്കിലും സംസാരിക്കാൻ ഒരുങ്ങുമ്പോഴോ ഒരു പാട്ടു കേൾക്കാനോ വിനോദപരിപാടി കാണാനോ പുസ്തകം വായിക്കാനോ തീരുമാനിക്കുമ്പോഴോ ആദ്യംതന്നെ നിങ്ങളോട് ഇങ്ങനെ ചോദിക്കുക: ‘ഞാൻ ഇതു ചെയ്താൽ എങ്ങനെയുള്ള കാര്യങ്ങളായിരിക്കും എന്റെ മനസ്സിൽ നിറയുന്നത്? ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ളതാണോ? അതോ ലൈംഗികകാര്യങ്ങളെയും അക്രമത്തെയും അത്യാഗ്രഹത്തെയും സ്വാർഥതയെയും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണോ, അതായത് യഹോവ അനീതിയെന്നു വിളിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ?’ (ഫിലി. 4:8) നിങ്ങൾ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലാണു തീരുമാനമെടുക്കുന്നതെങ്കിൽ, നീതിയെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾകൊണ്ട് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുകയായിരിക്കും.
16-17. നീതിയെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ നമുക്ക് എന്നും ജീവിക്കാനാകുമെന്ന് യശയ്യ 48:18 ഉറപ്പു തരുന്നത് എങ്ങനെ?
16 നീതിയുടെ കാര്യത്തിൽ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ എപ്പോഴും ജീവിക്കാനാകുമോ എന്നൊരു ചിന്ത ഇടയ്ക്കൊക്കെ നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ? യശയ്യ 48:18-ൽ (വായിക്കുക.) യഹോവ ഉപയോഗിച്ചിരിക്കുന്ന ഒരു ദൃഷ്ടാന്തം കാണുക. അവിടെ യഹോവ നമ്മുടെ ‘നീതി സമുദ്രത്തിലെ തിരമാലകൾപോലെ ആയിത്തീരും’ എന്ന് ഉറപ്പു തന്നിരിക്കുന്നു. ഇങ്ങനെയൊന്നു ചിന്തിക്കുക: നിങ്ങൾ ഒരു കടൽത്തീരത്ത് നിൽക്കുകയാണ്. ശാന്തസുന്ദരമായ അന്തരീക്ഷം. ഒന്നിനു പുറകേ ഒന്നായി തിരമാലകൾ വന്നുകൊണ്ടിരിക്കുന്നു. അതു കണ്ടുനിൽക്കുമ്പോൾ ഈ തിരകൾ പെട്ടെന്നെങ്ങാനും നിന്നുപോകുമോയെന്നു നിങ്ങൾ ചിന്തിക്കുമോ? ഇല്ലല്ലേ! കാരണം, ആയിരക്കണക്കിനു വർഷങ്ങളായി തിരമാലകൾ ഇങ്ങനെ അടിച്ചുകൊണ്ടിരിക്കുകയാണ്, അത് അങ്ങനെതന്നെ തുടരുമെന്നും നിങ്ങൾക്ക് ഉറപ്പുണ്ട്.
17 എങ്ങനെയാണു നിങ്ങളുടെ നീതി സമുദ്രത്തിലെ തിരമാലകൾപോലെ ആയിത്തീരുന്നത്? ജീവിതത്തിൽ നിങ്ങൾ ഓരോരോ തീരുമാനങ്ങളെടുക്കുമ്പോൾ അതെക്കുറിച്ചുള്ള യഹോവയുടെ ഇഷ്ടം എന്താണെന്ന് ആദ്യംതന്നെ ചിന്തിക്കുക. എന്നിട്ട് അതനുസരിച്ച് പ്രവർത്തിക്കുക. ചിലപ്പോൾ ആ തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. എന്നാൽ നിങ്ങളുടെ അപ്പനായ യഹോവ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നതുകൊണ്ട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഓരോ ദിവസവും തന്റെ നിലവാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.—യശ. 40:29-31.
18. നമ്മുടെ ഇഷ്ടമനുസരിച്ച് നമ്മൾ മറ്റുള്ളവരെ വിധിക്കരുതാത്തത് എന്തുകൊണ്ട്?
18 മൂന്നാമത്തെ കാര്യം: യഹോവ മറ്റുള്ളവരെ വിധിക്കട്ടെ. യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. അതേസമയം മറ്റുള്ളവർ അങ്ങനെ ചെയ്യുന്നുണ്ടോ എന്നു വിധിക്കാൻ നമ്മൾ ശ്രമിക്കുകയും അരുത്. നമ്മുടെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ ശ്രമിക്കുന്നതിനു പകരം യഹോവയാണ് “സർവഭൂമിയുടെയും ന്യായാധിപൻ” എന്നു നമുക്ക് ഓർക്കാം. (ഉൽപ. 18:25) ആളുകളെ വിധിക്കാനുള്ള ഉത്തരവാദിത്വം യഹോവ നമ്മളെ ഏൽപ്പിച്ചിട്ടില്ല. ഇതിനെക്കുറിച്ച് യേശു പറഞ്ഞത്, “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക” എന്നാണ്.—മത്താ. 7:1. *
19. യഹോവ കാര്യങ്ങൾ തീരുമാനിക്കുന്ന വിധത്തിൽ തനിക്കു വിശ്വാസമുണ്ടെന്നു യോസേഫ് എങ്ങനെയാണു തെളിയിച്ചത്?
19 നമുക്കു വീണ്ടും നീതിമാനായ യോസേഫിന്റെ കാര്യം നോക്കാം. തന്നോടു വളരെ മോശമായി പെരുമാറിയവരെ അദ്ദേഹം വിധിച്ചില്ല. യോസേഫിന്റെ ചേട്ടന്മാർ അദ്ദേഹത്തെ ഉപദ്രവിച്ചു, ഒരു അടിമയായി വിറ്റു. അവസാനം യോസേഫ് മരിച്ചുപോയെന്ന് അപ്പനെ വിശ്വസിപ്പിക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം യോസേഫ് അവരുമായി വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും അദ്ദേഹം ഈജ്പിതിലെ ശക്തനായ ഭരണാധികാരിയായിരുന്നു. യോസേഫിനു വേണമെങ്കിൽ അവരോടു പകരം വീട്ടുകയും അവരെ ശിക്ഷിക്കുകയും ചെയ്യാമായിരുന്നു. യോസേഫ് അങ്ങനെ ചെയ്യുമെന്നുതന്നെയാണ് ചേട്ടന്മാർ വിചാരിച്ചതും. എന്നാൽ അദ്ദേഹം അവരോടു പറഞ്ഞു. “എന്തിനാണു നിങ്ങൾ ഭയപ്പെടുന്നത്, ഞാൻ എന്താ ദൈവത്തിന്റെ സ്ഥാനത്താണോ?” (ഉൽപ. 37:18-20, 27, 28, 31-35; 50:15-21) അങ്ങനെ പറഞ്ഞതിലൂടെ തന്റെ ചേട്ടന്മാരെ വിധിക്കാനുള്ള അവകാശം യഹോവയ്ക്കു മാത്രമേ ഉള്ളൂ എന്നു യോസേഫ് താഴ്മയോടെ അംഗീകരിക്കുകയായിരുന്നു.
20-21. സഹോദരങ്ങളോടും മറ്റുള്ളവരോടും നമ്മൾ എങ്ങനെ പെരുമാറണം?
20 യോസേഫിനെപ്പോലെതന്നെ നമ്മളും, വിധിക്കാനുള്ള അവകാശം യഹോവയ്ക്കു മാത്രമേ ഉള്ളൂ എന്ന് ഓർക്കണം. എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ ഒരു സഹോദരനെയോ സഹോദരിയെയോ പ്രേരിപ്പിക്കുന്നത് എന്താണെന്നു നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ നമ്മൾ അവരെ വിധിക്കില്ല. നമുക്ക് ആരുടെയും മനസ്സിലുള്ളത് കണ്ടുപിടിക്കാനാകില്ലല്ലോ. യഹോവയ്ക്കു മാത്രമേ ‘ഒരാളുടെ ഉള്ളിലിരുപ്പു പരിശോധിക്കാനാകൂ.‘ (സുഭാ. 16:2) ആളുകളുടെ പശ്ചാത്തലമോ സംസ്കാരമോ ഭാഷയോ എന്തുതന്നെയായാലും, എല്ലാ തരം ആളുകളെയും യഹോവ സ്നേഹിക്കുന്നുണ്ട്. നമ്മളും അതുപോലെ ‘ഹൃദയം വിശാലമായി തുറക്കാനാണ്’ യഹോവ ആഗ്രഹിക്കുന്നത്. (2 കൊരി. 6:13) എല്ലാ സഹോദരീസഹോദരന്മാരെയും നമ്മൾ സ്നേഹിക്കണം. ഒരിക്കലും അവരെ വിധിക്കരുത്.
21 സഹോദരങ്ങളെ മാത്രമല്ല മറ്റുള്ളവരെയും നമ്മൾ വിധിക്കരുത്. (1 തിമൊ. 2:3, 4) വിശ്വാസത്തിൽ ഇല്ലാത്ത ഒരു ബന്ധുവിനെക്കുറിച്ച് “അദ്ദേഹം ഒരിക്കലും സത്യം പഠിക്കാൻപോകുന്നില്ല” എന്നു നിങ്ങൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറയുന്നെങ്കിൽ നമുക്കു ചെയ്യാൻ അവകാശമില്ലാത്ത ഒരു കാര്യം ചെയ്തുകൊണ്ട് നമ്മൾ ധിക്കാരം കാണിക്കുകയായിരിക്കും. നമ്മൾ അവരെക്കാൾ നീതിമാന്മാരാണെന്നു ഭാവിക്കുകയായിരിക്കും. എന്നാൽ യഹോവ ഇപ്പോഴും ‘എല്ലായിടത്തുമുള്ള മനുഷ്യർക്ക്’ മാനസാന്തരപ്പെട്ട് തിരിഞ്ഞുവരാനുള്ള അവസരം കൊടുത്തിട്ടുണ്ട്. (പ്രവൃ. 17:30) ഓർക്കുക, നമ്മൾ മറ്റുള്ളവരെക്കാൾ നീതിമാന്മാരാണെന്ന മട്ടിൽ പ്രവർത്തിക്കുന്നത് ഒരുതരത്തിൽ പറഞ്ഞാൽ അനീതിയാണ്.
22. നിങ്ങൾ നീതിയെ സ്നേഹിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
22 നീതിയെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങളോടുള്ള സ്നേഹം നമ്മുടെ സന്തോഷം വർധിപ്പിക്കട്ടെ. അതു മറ്റുള്ളവരെ നമ്മളോടും നമ്മുടെ ദൈവമായ യഹോവയോടും കൂടുതൽ അടുപ്പിക്കട്ടെ. ‘നീതിക്കായുള്ള നമ്മുടെ വിശപ്പും ദാഹവും’ ഒരിക്കലും നഷ്ടപ്പെടാതെ നമുക്കു നോക്കാം. (മത്താ. 5:6) ശരിയെന്ന് യഹോവ പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങൾ യഹോവ കാണുന്നുണ്ട്. ദൈവം അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അനീതിയെന്നു ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ആളുകൾ പൊതുവേ ചെയ്യുന്നതെങ്കിലും, നീതിയെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് നമുക്കു പ്രവർത്തിക്കാം. കാരണം ‘യഹോവ സ്നേഹിക്കുന്നതു നീതിമാന്മാരെയാണ്.’—സങ്കീ. 146:8.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
^ ദുഷ്ടത നിറഞ്ഞ ഈ ലോകത്തിൽ നീതിമാന്മാരെ, അതായത് ശരിയെന്നു യഹോവ പറയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നവരെ, കണ്ടെത്തുക ബുദ്ധിമുട്ടാണ്. എങ്കിലും നീതിയുടെ വഴിയേ പോകുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്നുണ്ട്. നിങ്ങളും അവരിൽ ഒരാളാണ്, തീർച്ച. നിങ്ങൾ നീതിയുടെ വഴിയേ പോകാൻ തീരുമാനിച്ചിരിക്കുന്നതിന്റെ കാരണം യഹോവയെ സ്നേഹിക്കുന്നു എന്നതാണ്. യഹോവ നീതിയെ സ്നേഹിക്കുന്ന ദൈവമാണല്ലോ. ഈ ഗുണത്തോടുള്ള നമ്മുടെ സ്നേഹം എങ്ങനെ വർധിപ്പിക്കാനാകും? നമ്മൾ ഈ ലേഖനത്തിൽ, എന്താണു നീതി എന്നും നീതിയെ സ്നേഹിക്കുന്നതിന്റെ പ്രയോജനം എന്താണെന്നും കാണും. കൂടാതെ നീതിയോടുള്ള നമ്മുടെ സ്നേഹം ശക്തമാക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാമെന്നും ചർച്ച ചെയ്യും.
^ ആരെങ്കിലും ഗുരുതരമായ പാപം ചെയ്യുമ്പോൾ സഭയിലെ മൂപ്പന്മാർക്ക് അവരെ വിധിക്കേണ്ടിവരാറുണ്ട്. (1 കൊരി. 5:11; 6:5; യാക്കോ. 5:14, 15) എന്നാൽ തങ്ങൾക്ക് ആരുടെയും മനസ്സു വായിക്കാനാകില്ലെന്നും തങ്ങൾ വിധിക്കുന്നത് യഹോവയ്ക്കുവേണ്ടിയാണെന്നും അവർ താഴ്മയോടെ ഓർക്കുന്നു. (2 ദിനവൃത്താന്തം 19:6 താരതമ്യം ചെയ്യുക.) അതുകൊണ്ട് മറ്റുള്ളവരെ വിധിക്കുമ്പോൾ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ശരിയായ തീരുമാനങ്ങളെടുക്കാനും സാധ്യമാകുമ്പോൾ കരുണ കാണിക്കാനും അവർ ശ്രമിക്കും.