പഠനലേഖനം 44
നിങ്ങളുടെ പ്രത്യാശ ശക്തമാക്കിനിറുത്തുക
“യഹോവയിൽ പ്രത്യാശ വെക്കൂ!”—സങ്കീ. 27:14.
ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!
ചുരുക്കം *
1. യഹോവ നമുക്ക് എന്തു പ്രത്യാശ നൽകിയിരിക്കുന്നു?
യഹോവ നമുക്കു നിത്യജീവന്റെ മഹത്തായ ഒരു പ്രത്യാശ തന്നിരിക്കുന്നു. ചിലർക്കു സ്വർഗത്തിൽ അമർത്യ ആത്മവ്യക്തികളായി നിത്യം ജീവിക്കാനുള്ള പ്രത്യാശയാണുള്ളത്. (1 കൊരി. 15:50, 53) എന്നാൽ ഭൂരിപക്ഷം പേരും ഭൂമിയിൽ പൂർണാരോഗ്യത്തോടെയും സന്തോഷത്തോടെയും എന്നെന്നും ജീവിക്കാൻ പ്രത്യാശയുള്ളവരാണ്. (വെളി. 21:3, 4) നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനോ ഭൂമിയിൽ ജീവിക്കാനോ ആയാലും നമുക്ക് അതു വളരെ വിലപ്പെട്ടതാണ്.
2. നമ്മുടെ പ്രത്യാശ എന്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
2 ബൈബിളിൽ കാണുന്ന “പ്രത്യാശ” എന്ന വാക്കിനെ “നല്ല കാര്യങ്ങൾ സംഭവിക്കും എന്നുള്ള പ്രതീക്ഷ” എന്നു നിർവചിക്കാനാകും. ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ ഉറപ്പുള്ള ഒന്നാണ്. കാരണം അതു തന്നിരിക്കുന്നത് യഹോവയാണ്. (റോമ. 15:13) യഹോവ എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും എല്ലായ്പോഴും യഹോവ തന്റെ വാക്കു പാലിക്കുമെന്നും നമുക്ക് അറിയാം. (സംഖ്യ 23:19) താൻ പറയുന്ന കാര്യങ്ങൾ അങ്ങനെതന്നെ ചെയ്യാനുള്ള ആഗ്രഹവും ശക്തിയും യഹോവയ്ക്കുണ്ടെന്ന കാര്യത്തിൽ നമുക്ക് ഒരു സംശയവുമില്ല. അതുകൊണ്ട് നമ്മുടെ പ്രത്യാശ ഏതെങ്കിലും കെട്ടുകഥയെയോ വെറുമൊരു ആഗ്രഹത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. മറിച്ച്, സത്യമാണെന്നു നമുക്കു പൂർണബോധ്യമുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (സങ്കീർത്തനം 27:14)
3 സ്വർഗീയപിതാവ് നമ്മളെ സ്നേഹിക്കുന്നു. നമ്മൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ പൂർണമായി വിശ്വസിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 27:14 വായിക്കുക.) യഹോവയിലുള്ള നമ്മുടെ പ്രത്യാശ ശക്തമാണെങ്കിൽ പരീക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും ധൈര്യത്തോടെയും സന്തോഷത്തോടെയും ഭാവിയിലേക്കു നോക്കാനും നമുക്കു കഴിയും. ഈ ലേഖനത്തിൽ, പ്രത്യാശ എങ്ങനെയാണു നമുക്കു സംരക്ഷണം നൽകുന്നതെന്നു നമ്മൾ പഠിക്കും. അതിനുവേണ്ടി, ആദ്യം പ്രത്യാശ ഒരു നങ്കൂരംപോലെയും പടത്തൊപ്പിപോലെയും ആയിരിക്കുന്നത് എങ്ങനെയാണെന്നു കാണും. തുടർന്ന് നമ്മുടെ പ്രത്യാശ എങ്ങനെ ശക്തമാക്കാമെന്നും മനസ്സിലാക്കും.
നമ്മുടെ പ്രത്യാശ ഒരു നങ്കൂരംപോലെയാണ്
4. പ്രത്യാശ എങ്ങനെയാണ് ഒരു നങ്കൂരംപോലെയായിരിക്കുന്നത്? (എബ്രായർ 6:19)
4 എബ്രായർക്കുള്ള കത്തിൽ അപ്പോസ്തലനായ പൗലോസ് പ്രത്യാശയെ ഒരു നങ്കൂരത്തോടു താരതമ്യപ്പെടുത്തി. (എബ്രായർ 6:19 വായിക്കുക.) കടലിലൂടെ ഒരുപാടു യാത്രകൾ നടത്തിയിട്ടുള്ള ആളാണു പൗലോസ്. അതുകൊണ്ട് കാറ്റിൽപ്പെട്ട് ഒഴുകിപ്പോകാതെ നങ്കൂരം എങ്ങനെയാണു കപ്പലിനെ പിടിച്ചുനിറുത്തുന്നതെന്ന് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ഒരിക്കൽ പൗലോസ് കപ്പലിൽ യാത്ര ചെയ്ത സമയത്ത് വലിയൊരു കൊടുങ്കാറ്റുണ്ടായി. അപ്പോൾ കപ്പൽ പാറക്കെട്ടുകളിൽ ചെന്ന് ഇടിക്കാതിരിക്കാൻ ജോലിക്കാർ നങ്കൂരങ്ങൾ ഇറക്കുന്നത് അദ്ദേഹം കണ്ടു. (പ്രവൃ. 27:29, 39-41) നങ്കൂരം ഒരു കപ്പലിനെ ഒഴുകിപ്പോകാതെ പിടിച്ചുനിറുത്തുന്നതുപോലെ നമ്മുടെ പ്രത്യാശ കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും യഹോവയിൽനിന്ന് അകന്നുപോകാതിരിക്കാൻ നമ്മളെ സഹായിക്കും. പ്രത്യാശയുള്ളതുകൊണ്ട് ജീവിതത്തിൽ വലിയ പരീക്ഷണങ്ങൾ നേരിടുമ്പോൾ ശാന്തരായി നിൽക്കാനും നമുക്കു കഴിയും. കാരണം പെട്ടെന്നുതന്നെ കാര്യങ്ങളെല്ലാം ശരിയാകുമെന്ന ഉറച്ചബോധ്യം നമുക്കുണ്ട്. നമുക്ക് ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടെന്ന് ഓർക്കുക. (യോഹ. 15:20) അതുകൊണ്ടുതന്നെ ഭാവിപ്രത്യാശയെക്കുറിച്ച് നമ്മൾ കൂടെക്കൂടെ ചിന്തിക്കണം. അങ്ങനെയാകുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമുക്കാകും.
5. ക്രൂരമായ മരണത്തെ നേരിടാൻ പ്രത്യാശ യേശുവിനെ എങ്ങനെയാണു സഹായിച്ചത്?
5 ക്രൂരമായ ഒരു മരണമാണു തന്നെ കാത്തിരിക്കുന്നതെന്ന് അറിഞ്ഞിട്ടും ദൈവത്തോടു വിശ്വസ്തനായി തുടരാൻ പ്രത്യാശ യേശുവിനെ സഹായിച്ചു. യേശുവിന്റെ പ്രത്യാശ എത്ര ശക്തമായിരുന്നെന്നു പത്രോസ് അപ്പോസ്തലന്റെ വാക്കുകൾ കാണിക്കുന്നു. എ.ഡി. 33-ലെ പെന്തിക്കോസ്തിൽ പത്രോസ് അപ്പോസ്തലൻ സങ്കീർത്തനപ്പുസ്തകത്തിൽനിന്നുള്ള ഒരു പ്രവചനം ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ പ്രത്യാശയോടെ കഴിയും; കാരണം അങ്ങ് എന്നെ ശവക്കുഴിയിൽ വിട്ടുകളയില്ല; അങ്ങയുടെ വിശ്വസ്തൻ ജീർണിച്ചുപോകാൻ അനുവദിക്കുകയുമില്ല. . . . അങ്ങയുടെ സന്നിധിയിൽവെച്ച് അങ്ങ് എന്നിൽ ആഹ്ലാദം നിറയ്ക്കും.” (പ്രവൃ. 2:25-28; സങ്കീ. 16:8-11) താൻ മരിക്കേണ്ടിവരുമെന്നു യേശുവിന് അറിയാമായിരുന്നു. എങ്കിലും തന്നെ ദൈവം ഉയിർപ്പിക്കുമെന്നും തനിക്കു വീണ്ടും പിതാവിനോടൊപ്പം സ്വർഗത്തിൽ സന്തോഷത്തോടെ ഒരുമിച്ചായിരിക്കാൻ കഴിയുമെന്നും ഉള്ള ഉറച്ച പ്രത്യാശ യേശുവിനുണ്ടായിരുന്നു. —എബ്രാ. 12:2, 3.
6. പ്രത്യാശയെക്കുറിച്ച് ഒരു സഹോദരൻ എന്തു പറഞ്ഞു?
6 പ്രയാസങ്ങളുണ്ടായപ്പോൾ സഹിച്ചുനിൽക്കാൻ പ്രത്യാശ ധാരാളം സഹോദരങ്ങളെ സഹായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന ലിയൊണാർഡ് ചിൻ സഹോദരന്റെ അനുഭവം നോക്കാം. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് സൈന്യത്തിൽ ചേരാൻ സമ്മതിക്കാഞ്ഞതുകൊണ്ട് സഹോദരനെ തടവിലാക്കി. ആദ്യത്തെ രണ്ടു മാസം സഹോദരനെ ഏകാന്തതടവിലിട്ടു. തുടർന്ന് കുറെക്കാലം അദ്ദേഹത്തെക്കൊണ്ട് കഠിനമായി ജോലി ചെയ്യിച്ചു. അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി: “പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ പ്രത്യാശ എത്ര ആവശ്യമാണെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു. നമുക്കു യേശുവിന്റെയും അപ്പോസ്തലന്മാരുടെയും പ്രവാചകന്മാരുടെയും നല്ല മാതൃകകളുണ്ട്. കൂടാതെ ബൈബിൾ നൽകുന്ന വിലയേറിയ വാഗ്ദാനങ്ങളുമുണ്ട്. ഇതെല്ലാം നമുക്കു ശക്തമായ പ്രത്യാശ തരുന്നു. പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ അവ സഹായിക്കുകയും ചെയ്യും.” ലിയൊണാർഡ് സഹോദരനു പ്രത്യാശ ഒരു നങ്കൂരമായിരുന്നു. നമ്മുടെ കാര്യത്തിലും അതിന് അങ്ങനെയായിരിക്കാൻ കഴിയും.
7. പരീക്ഷണങ്ങൾ എങ്ങനെയാണു നമ്മുടെ പ്രത്യാശയെ ശക്തമാക്കുന്നത്? (റോമർ 5:3-5; യാക്കോബ് 1:12)
7 ആദ്യമായി സന്തോഷവാർത്ത കേട്ടപ്പോൾ നമുക്ക് ഒരു പ്രത്യാശ കിട്ടി. എന്നാൽ പിന്നീടു പല പരീക്ഷണങ്ങൾ സഹിച്ചുനിൽക്കുകയും യഹോവയുടെ സഹായം അനുഭവിച്ചറിയുകയും യഹോവയുടെ അംഗീകാരം നമുക്കുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ നമ്മുടെ പ്രത്യാശ കൂടുതൽ ശക്തമായി. (റോമർ 5:3-5; യാക്കോബ് 1:12 വായിക്കുക.) പരീക്ഷണങ്ങൾ നേരിടേണ്ടിവരുമ്പോൾ നമ്മൾ ആകെ തളർന്നുപോകാനാണു സാത്താൻ ആഗ്രഹിക്കുന്നത്. പക്ഷേ യഹോവയുടെ സഹായത്താൽ നമുക്ക് അവ ഓരോന്നും വിജയകരമായി നേരിടാൻ കഴിയും.
നമ്മുടെ പ്രത്യാശ ഒരു പടത്തൊപ്പിപോലെയാണ്
8. പ്രത്യാശ എങ്ങനെയാണു പടത്തൊപ്പിപോലെയായിരിക്കുന്നത്? (1 തെസ്സലോനിക്യർ 5:8)
8 ബൈബിൾ പ്രത്യാശയെ പടത്തൊപ്പിയോടും താരതമ്യപ്പെടുത്തിയിരിക്കുന്നു. (1 തെസ്സലോനിക്യർ 5:8 വായിക്കുക.) യുദ്ധത്തിന്റെ സമയത്ത് ശത്രുക്കളുടെ ആക്രമണത്തിൽ തലയ്ക്കു പരിക്കേൽക്കാതിരിക്കാൻവേണ്ടി ഒരു പടയാളി പടത്തൊപ്പി ധരിക്കും. നമ്മൾ ഇന്ന് ഒരു ആത്മീയയുദ്ധത്തിലാണ്. നമ്മുടെ ചിന്തകളെ ദുഷിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഉണ്ടാക്കിയിരിക്കുന്ന പല പ്രലോഭനങ്ങളും ആശയങ്ങളും സാത്താൻ നമ്മുടെ നേരെ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ട് സാത്താന്റെ ആക്രമണങ്ങളിൽനിന്ന് നമ്മൾ മനസ്സിനെ സംരക്ഷിക്കേണ്ടതുണ്ട്. ഒരു പടത്തൊപ്പി പടയാളിയുടെ തലയെ സംരക്ഷിക്കുന്നതുപോലെ പ്രത്യാശ നമ്മുടെ ചിന്തകളെ സംരക്ഷിക്കും. അങ്ങനെ നമുക്ക് യഹോവയോടു വിശ്വസ്തരായി തുടരാനാകും.
9. പ്രത്യാശയില്ലാത്തവരുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
9 നമുക്കുള്ള നിത്യജീവന്റെ പ്രത്യാശ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മളെ സഹായിക്കും. എന്നാൽ ആ പ്രത്യാശ ശക്തമല്ലെങ്കിൽ നമ്മൾ സ്വന്തം ആഗ്രഹങ്ങൾക്കു വേണ്ടതിലധികം പ്രാധാന്യം കൊടുക്കാൻതുടങ്ങും. അങ്ങനെ നിത്യജീവന്റെ പ്രത്യാശ നമ്മുടെ മനസ്സിൽനിന്ന് മായാൻ ഇടയാകും. കൊരിന്തിലെ ആദ്യകാല ക്രിസ്ത്യാനികളിൽ ചിലരുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചു. ദൈവം നൽകിയിരുന്ന പ്രധാനപ്പെട്ട ഒരു വാഗ്ദാനത്തിലുള്ള അവരുടെ വിശ്വാസം, അതായത് പുനരുത്ഥാനപ്രത്യാശയിലുള്ള അവരുടെ വിശ്വാസം, അവർക്കു നഷ്ടപ്പെട്ടു. (1 കൊരി. 15:12) പുനരുത്ഥാനത്തിൽ വിശ്വാസമില്ലാത്ത ആളുകൾ തങ്ങളുടെ ആഗ്രഹങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്താം എന്നതിനെക്കുറിച്ച് മാത്രമായിരിക്കും ചിന്തിക്കുക എന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (1 കൊരി. 15:32) ഇന്നുള്ള അനേകരും അങ്ങനെയാണ്. ദൈവം നൽകുന്ന വാഗ്ദാനങ്ങളിൽ വിശ്വാസമില്ലാത്ത അവർ ചിന്തിക്കുന്നത്, ‘ജീവിതം ഇപ്പോൾ എങ്ങനെ സന്തോഷമുള്ളതാക്കാം’ എന്നു മാത്രമാണ്. എന്നാൽ നമ്മൾ ഭാവിയെക്കുറിച്ച് ദൈവം നൽകിയിരിക്കുന്ന വാഗ്ദാനങ്ങളിൽ പൂർണമായും വിശ്വസിക്കുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ജീവിതരീതി തിരഞ്ഞെടുക്കുകയാണെങ്കിൽ അത് യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കും. അത്തരം ഒരു ജീവിതരീതിയിലേക്കു പോകാതെ നമ്മുടെ ചിന്തകളെ സംരക്ഷിക്കാൻ പ്രത്യാശ ഒരു പടത്തൊപ്പിപോലെ നമ്മളെ സഹായിക്കുന്നു.—1 കൊരി. 15:33, 34.
10. തെറ്റായ ന്യായവാദങ്ങളിൽനിന്ന് പ്രത്യാശ നമ്മളെ സംരക്ഷിക്കുന്നത് എങ്ങനെ?
10 ‘യഹോവയെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിൽ ഒരു കാര്യവുമില്ല’ എന്നതുപോലുള്ള തെറ്റായ ചിന്തകളിൽനിന്ന് പ്രത്യാശ എന്ന പടത്തൊപ്പി നമ്മളെ സംരക്ഷിക്കും. ചില ആളുകൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘എനിക്ക് ഒരിക്കലും നിത്യജീവൻ കിട്ടാൻപോകുന്നില്ല. അതിനുള്ള യോഗ്യതയൊന്നും എനിക്കില്ല. ദൈവം പറയുന്നതുപോലെ എല്ലാം ചെയ്യാൻ എന്നെക്കൊണ്ട് ഒരിക്കലും കഴിയില്ല.’ ഇയ്യോബിന്റെ അടുത്ത് വന്ന വ്യാജാശ്വാസകരിൽ ഒരാളായ എലീഫസും ഏതാണ്ട് ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തോടു പറഞ്ഞത്. എലീഫസ് പറഞ്ഞു: “നശ്വരനായ മനുഷ്യനു ശുദ്ധിയുള്ളവനായിരിക്കാൻ കഴിയുമോ?” എന്നിട്ട് അദ്ദേഹം ദൈവത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു തന്റെ വിശുദ്ധരെപ്പോലും വിശ്വാസമില്ല, സ്വർഗംപോലും ദൈവത്തിന്റെ കണ്ണിൽ ശുദ്ധമല്ല.” (ഇയ്യോ. 15:14, 15) എത്ര വലിയ നുണകൾ! നമ്മൾ ഇങ്ങനെ ചിന്തിക്കാൻ ആഗ്രഹിക്കുന്നതു സാത്താനാണ്. അവ നമ്മുടെ പ്രത്യാശയ്ക്കു മങ്ങലേൽപ്പിക്കുമെന്നു സാത്താന് അറിയാം. അത്തരം നുണകളെല്ലാം തള്ളിക്കളയുക. എന്നിട്ട് യഹോവ നൽകുന്ന വാഗ്ദാനങ്ങളിൽ മാത്രം ശ്രദ്ധിക്കുക. നമുക്കു നിത്യജീവൻ ലഭിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. തീർച്ചയായും ദൈവം അതിനു നമ്മളെ സഹായിക്കുകയും ചെയ്യും.—1 തിമൊ. 2:3, 4.
നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്തുക
11. പ്രത്യാശിക്കുന്ന കാര്യങ്ങൾ നടക്കുന്നതു കാണാനായി നമ്മൾ ക്ഷമയോടെ കാത്തിരിക്കേണ്ടത് എന്തുകൊണ്ട്?
11 പ്രത്യാശ ശക്തമാക്കി നിറുത്താൻ എല്ലായ്പോഴും അത്ര എളുപ്പമല്ല. ദൈവം തന്റെ വാഗ്ദാനം പാലിക്കുന്നതു കാണാൻ കാത്തിരിക്കേണ്ടിവരുമ്പോൾ നമ്മൾ ചിലപ്പോൾ അക്ഷമരായേക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക: യഹോവ എന്നെന്നുമുള്ളവനാണ്. സമയത്തെക്കുറിച്ചുള്ള യഹോവയുടെ കാഴ്ചപ്പാട് നമ്മുടേതിൽനിന്ന് വളരെ വ്യത്യസ്തവുമാണ്. (2 പത്രോ. 3:8, 9) ഏറ്റവും ശരിയായ സമയത്ത്, ഏറ്റവും ശരിയായ രീതിയിൽ യഹോവ തന്റെ വാക്കു പാലിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതു നമ്മൾ പ്രതീക്ഷിക്കുന്ന സമയത്തായിരിക്കണമെന്നില്ല. യഹോവ തന്റെ വാഗ്ദാനങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്ന സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെ നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്താം?—യാക്കോ. 5:7, 8.
12. എബ്രായർ 11:1, 6 അനുസരിച്ച് പ്രത്യാശ എങ്ങനെയാണു വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
12 യഹോവയുമായി വളരെ അടുത്ത ഒരു ബന്ധം നമുക്കുണ്ടെങ്കിൽ നമ്മുടെ പ്രത്യാശ കൂടുതൽ ശക്തമായിരിക്കും. കാരണം നമ്മൾ പ്രത്യാശിക്കുന്ന കാര്യങ്ങൾ നടക്കാൻ ഇടയാക്കുന്നത് യഹോവയാണ്. പ്രത്യാശയെ ബൈബിൾ ‘യഹോവ ഉണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുമെന്നും’ ഉള്ള വിശ്വാസവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. (എബ്രായർ 11:1, 6 വായിക്കുക.) യഹോവ ഉണ്ടെന്നു നമ്മൾ ശരിക്കും വിശ്വസിക്കുന്നുണ്ടെങ്കിൽ ദൈവം തന്റെ വാക്കു പാലിക്കുമെന്നും നമുക്ക് ഉറപ്പായിരിക്കും. അതുകൊണ്ട് ദൈവവുമായുള്ള നമ്മുടെ ബന്ധം ആഴമുള്ളതാക്കാൻ നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇനി നോക്കാം. അങ്ങനെ നമുക്കു നമ്മുടെ പ്രത്യാശ കൂടുതൽ ശക്തമാക്കാം.
13. നമുക്ക് എങ്ങനെ ദൈവത്തോട് അടുക്കാം?
13 യഹോവയോടു പ്രാർഥിക്കുക, ദൈവവചനം വായിക്കുക. യഹോവയെ നമുക്കു കാണാനാകില്ല. എങ്കിലും നമുക്ക് യഹോവയോട് അടുത്ത് ചെല്ലാനാകും. പ്രാർഥനയിലൂടെ നമുക്കു ദൈവത്തോടു സംസാരിക്കാം. യഹോവ തീർച്ചയായും നമ്മുടെ പ്രാർഥന കേൾക്കും. (യിരെ. 29:11, 12) ഇനി, ദൈവവചനം വായിക്കുകയും അതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതിലൂടെ ദൈവം പറയുന്നതു നമുക്കു ശ്രദ്ധിക്കാനും പറ്റും. മുൻകാലങ്ങളിൽ തന്നോടു വിശ്വസ്തരായിരുന്നവർക്കുവേണ്ടി ദൈവം എങ്ങനെയെല്ലാമാണു കരുതിയതെന്നു വായിക്കുമ്പോൾ നമ്മുടെ പ്രത്യാശ കൂടുതൽ ശക്തമാകും. കാരണം ദൈവവചനത്തിൽ ‘എഴുതിയിട്ടുള്ളതെല്ലാം നമ്മളെ പഠിപ്പിക്കാനും അങ്ങനെ നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്.’—റോമ. 15:4.
14. യഹോവ മറ്റു ദൈവദാസർക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
14 യഹോവ തന്റെ വാക്കു പാലിച്ചതിനെക്കുറിച്ച് ചിന്തിക്കുക. അബ്രാഹാമിന്റെയും സാറയുടെയും കാര്യത്തിൽ യഹോവ എന്താണു ചെയ്തതെന്ന് ഓർക്കുക: അവർക്കു രണ്ടു പേർക്കും കുട്ടികൾ ജനിക്കാനുള്ള പ്രായം കഴിഞ്ഞുപോയിരുന്നു. എങ്കിലും ദൈവം അവരോടു പറഞ്ഞു, അവർക്ക് ഒരു കുഞ്ഞുണ്ടാകുമെന്ന്. (ഉൽപ. 18:10) ഇതു കേട്ടപ്പോൾ അബ്രാഹാം എങ്ങനെയാണു പ്രതികരിച്ചത്? ബൈബിൾ പറയുന്നു: “താൻ അനേകം ജനതകൾക്കു പിതാവാകും എന്ന് അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു.” (റോമ. 4:18) മനുഷ്യരുടെ നോട്ടത്തിൽ അബ്രാഹാമിന് ഒരു പ്രതീക്ഷയ്ക്കും വകയില്ലായിരുന്നു. എന്നാൽ യഹോവ തന്റെ വാക്കു പാലിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അബ്രാഹാമിന് ഒരിക്കലും നിരാശപ്പെടേണ്ടിവന്നില്ല. (റോമ. 4:19-21) ഇതുപോലുള്ള ബൈബിൾവിവരണങ്ങൾ നമ്മളെ ഒരു കാര്യം പഠിപ്പിക്കുന്നു: യഹോവ എപ്പോഴും തന്റെ വാക്കു പാലിക്കും, അത് എത്ര അസാധ്യമാണെന്നു നമുക്കു തോന്നിയാലും.
15. ദൈവം നമുക്കുവേണ്ടി ഇതുവരെ ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
15 യഹോവ നിങ്ങൾക്കുവേണ്ടി ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. തന്റെ വചനത്തിലൂടെ ദൈവം നൽകിയിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ചും നിങ്ങളുടെ കാര്യത്തിൽ എങ്ങനെയാണു ദൈവം ആ വാക്കു പാലിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചും ഓർക്കാനാകും. ഉദാഹരണത്തിന് നിങ്ങളുടെ ജീവിതാവശ്യങ്ങൾക്കുവേണ്ടി പിതാവ് കരുതുമെന്നു യേശു ഉറപ്പുതന്നു. (മത്താ. 6:32, 33) കൂടാതെ നമ്മൾ ചോദിക്കുമ്പോൾ ദൈവം പരിശുദ്ധാത്മാവിനെ നൽകുമെന്നും യേശു പറഞ്ഞു. (ലൂക്കോ. 11:13) യഹോവ ആ വാക്കെല്ലാം പാലിച്ചിരിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ സത്യമായിത്തീർന്ന മറ്റു വാഗ്ദാനങ്ങളെക്കുറിച്ചും ചിന്തിക്കാം. ഉദാഹരണത്തിന് ദൈവം നമ്മളോടു ക്ഷമിക്കുമെന്നും നമ്മളെ ആശ്വസിപ്പിക്കുമെന്നും ദൈവത്തോട് അടുത്ത് ചെല്ലാൻ നമുക്കു വേണ്ടതെല്ലാം തരുമെന്നും പറഞ്ഞിട്ടുണ്ട്. (മത്താ. 6:14; 24:45; 2 കൊരി. 1:3) ഇപ്പോൾത്തന്നെ ദൈവം നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത്, ഭാവിയിൽ ദൈവം തന്റെ വാക്കു പാലിക്കുമെന്ന നിങ്ങളുടെ പ്രത്യാശ കൂടുതൽ ശക്തമാക്കും.
പ്രത്യാശ ഓർത്ത് സന്തോഷിക്കുക
16. പ്രത്യാശ വിലയേറിയ ഒരു സമ്മാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 നമുക്കുള്ള നിത്യജീവന്റെ പ്രത്യാശ ദൈവത്തിൽനിന്നുള്ള വിലയേറിയ ഒരു സമ്മാനമാണ്. ആ നല്ല ഭാവിക്കായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതു വരുമെന്ന് ഉറപ്പാണ്. ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്. പരീക്ഷണങ്ങളും ഉപദ്രവങ്ങളും ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും മരണത്തെപ്പോലും നേരിടാനും അതു നമ്മളെ സഹായിക്കുന്നു. കൂടാതെ ഈ പ്രത്യാശ ഒരു പടത്തൊപ്പിയുമാണ്. അതു നമ്മുടെ ചിന്തകളെ സംരക്ഷിക്കുന്നു. അതുകൊണ്ട് തെറ്റായ കാര്യങ്ങളെ തള്ളിക്കളഞ്ഞ് ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയുന്നു. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ഈ പ്രത്യാശ യഹോവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. ദൈവം നമ്മളെ എത്രമാത്രം സ്നേഹിക്കുന്നെന്ന് അതു കാണിച്ചുതരുന്നു. പ്രത്യാശ ശക്തമാക്കി നിറുത്തുകയാണെങ്കിൽ നമുക്ക് അത് ഒരുപാടു പ്രയോജനം ചെയ്യും.
17. പ്രത്യാശ നമുക്കു സന്തോഷം നൽകുന്നത് എങ്ങനെ?
17 പൗലോസ് അപ്പോസ്തലൻ റോമർക്ക് എഴുതിയ കത്തിൽ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “പ്രത്യാശ ഓർത്ത് സന്തോഷിക്കുക.” (റോമ. 12:12) പൗലോസിനു തന്റെ പ്രത്യാശയിൽ സന്തോഷിക്കാൻ കഴിഞ്ഞു. കാരണം താൻ വിശ്വസ്തനായി തുടരുകയാണെങ്കിൽ സ്വർഗത്തിൽ നിത്യം ജീവിക്കാനുള്ള അനുഗ്രഹം തനിക്കു കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. നമ്മുടെ പ്രത്യാശ ഓർത്ത് നമുക്കും സന്തോഷിക്കാം. കാരണം യഹോവ തന്റെ വാക്കു പാലിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. സങ്കീർത്തനക്കാരൻ എഴുതിയതുപോലെ ‘തന്റെ ദൈവമായ യഹോവയിൽ പ്രത്യാശ വെക്കുന്നവൻ സന്തുഷ്ടൻ. ദൈവം എപ്പോഴും വിശ്വസ്തനാണ്’ എന്നു നമുക്ക് അറിയാം.—സങ്കീ. 146:5, 6.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
^ യഹോവ നമുക്കു വളരെ നല്ല ഒരു പ്രത്യാശ തന്നിട്ടുണ്ട്. ആ പ്രത്യാശ നമുക്ക് ഉത്സാഹം പകരുന്നു. ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാതെ എല്ലാം മാറുന്ന ഒരു കാലം വരുമെന്നു വിശ്വസിക്കാൻ അതു നമ്മളെ സഹായിക്കുന്നു. എന്തെല്ലാം പ്രയാസങ്ങളുണ്ടായാലും ദൈവത്തോടു വിശ്വസ്തരായി നിൽക്കാൻ വേണ്ട ശക്തി അതു നമുക്കു തരുന്നു. കൂടാതെ നമ്മുടെ ചിന്തകളെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ ആശയങ്ങൾക്കു പിന്നാലെ പോകുന്നതിൽനിന്ന് അതു നമ്മളെ സംരക്ഷിക്കുന്നു. നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്താനുള്ള കാരണങ്ങളല്ലേ ഇവയെല്ലാം? അതെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ പഠിക്കുന്നത്.
^ ചിത്രത്തിന്റെ വിവരണം: ഒരു പടത്തൊപ്പിപടയാളിയുടെ തലയെ സംരക്ഷിക്കുന്നതുപോലെയും ഒരു നങ്കൂരം കപ്പൽ ഒഴുകിപ്പോകാതെ പിടിച്ചുനിറുത്തുന്നതുപോലെയും പ്രത്യാശ നമ്മുടെ ചിന്തകളെ സംരക്ഷിക്കുന്നു, പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാൻ സഹായിക്കുന്നു. ഒരു സഹോദരി യഹോവ തന്റെ അപേക്ഷ കേൾക്കുമെന്ന ഉറപ്പോടെ ദൈവത്തോടു പ്രാർഥിക്കുന്നു. ദൈവം അബ്രാഹാമിനു കൊടുത്ത വാക്കു പാലിച്ചതിനെക്കുറിച്ച് ഒരു സഹോദരൻ ചിന്തിക്കുന്നു. ദൈവം തന്നെ എങ്ങനെയെല്ലാമാണ് അനുഗ്രഹിച്ചിരിക്കുന്നതെന്നു മറ്റൊരു സഹോദരൻ ഓർക്കുന്നു.