പഠനലേഖനം 41
നിങ്ങൾക്കു ശരിക്കും സന്തോഷമുള്ളവരായിരിക്കാനാകും
“യഹോവയെ ഭയപ്പെട്ട് ദൈവത്തിന്റെ വഴികളിൽ നടക്കുന്ന എല്ലാവരും സന്തുഷ്ടർ.”—സങ്കീ. 128:1.
ഗീതം 110 “യഹോവയിൽനിന്നുള്ള സന്തോഷം”
ചുരുക്കം *
1. ‘ആത്മീയകാര്യങ്ങൾക്കായുള്ള ദാഹം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്, അതു സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
ശരിക്കുള്ള സന്തോഷം, വല്ലപ്പോഴും മാത്രം തോന്നുന്ന ഒന്നല്ല, ഒരാളുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? മലയിലെ പ്രസംഗത്തിൽ യേശു പറഞ്ഞു: “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ.” (മത്താ. 5:3) മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതു സ്രഷ്ടാവായ യഹോവയെ അറിയാനും ആരാധിക്കാനും ഉള്ള ശക്തമായ ആഗ്രഹത്തോടെയാണെന്നു യേശുവിന് അറിയാമായിരുന്നു. ആ ആഗ്രഹത്തെയാണ് ‘ആത്മീയകാര്യങ്ങൾക്കായുള്ള ദാഹം’ എന്നതുകൊണ്ട് യേശു ഉദ്ദേശിച്ചത്. യഹോവ ‘സന്തോഷമുള്ള ദൈവമായതുകൊണ്ട്’ യഹോവയെ ആരാധിക്കുന്ന ഒരാൾക്ക് എപ്പോഴും സന്തോഷമുള്ളവനായിരിക്കാൻ കഴിയും.—1 തിമൊ. 1:11.
2-3. (എ) യേശു പറഞ്ഞതനുസരിച്ച് ആർക്കെല്ലാംകൂടെ സന്തോഷമുള്ളവരായിരിക്കാനാകും? (ബി) നമ്മൾ ഈ ലേഖനത്തിൽ എന്തു പഠിക്കും, നമ്മൾ അതു പഠിക്കേണ്ടത് എന്തുകൊണ്ട്?
2 ജീവിതത്തിൽ ഒരു പ്രശ്നവും ഇല്ലാത്തവർക്കു മാത്രമേ സന്തോഷത്തോടെയിരിക്കാൻ പറ്റുകയുള്ളോ? അല്ല. യേശു പറഞ്ഞതു ശ്രദ്ധിക്കുക: “ദുഃഖിക്കുന്നവർ സന്തുഷ്ടർ.” ഈ ദുഃഖത്തിന്റെ കാരണം പലതുമാകാം. മുമ്പ് ചെയ്തുപോയ തെറ്റുകളെക്കുറിച്ചോ ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഓർത്തിട്ടുള്ള ദുഃഖമാകാം അത്. കാരണം എന്തുതന്നെയായാലും അവർക്കു സന്തോഷമുള്ളവരായിരിക്കാനാകും. ഇനി, ‘നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർക്കും’ ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിന്റെ പേരിൽ “നിന്ദ” സഹിക്കേണ്ടിവരുന്നവർക്കുംപോലും സന്തോഷമുള്ളവരായിരിക്കാൻ കഴിയുമെന്നു യേശു പറഞ്ഞു. (മത്താ. 5:4, 10, 11) പക്ഷേ, ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെയാണു ശരിക്കും സന്തോഷമുള്ളവരായിരിക്കാൻ കഴിയുന്നത്?
3 യേശു നമ്മളെ പഠിപ്പിച്ചത് ഇതാണ്: നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനം പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതമല്ല, മറിച്ച് ദൈവത്തോട് അടുക്കുന്നതും നമ്മുടെ ആത്മീയദാഹം തൃപ്തിപ്പെടുത്തുന്നതും ആണ്. (യാക്കോ. 4:8) നമുക്ക് അത് എങ്ങനെ ചെയ്യാനാകും? ഈ ലേഖനത്തിൽ ശരിക്കുള്ള സന്തോഷം കണ്ടെത്താൻ നമുക്കു ചെയ്യാനാകുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും.
ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുക
4. ശരിക്കുള്ള സന്തോഷം കണ്ടെത്താൻ നമ്മൾ ചെയ്യേണ്ട ഒന്നാമത്തെ കാര്യം എന്താണ്? (സങ്കീർത്തനം 1:1-3)
4 ഒന്നാമത്തെ കാര്യം: ശരിക്കുള്ള സന്തോഷം കിട്ടാൻ നമ്മൾ ബൈബിൾ വായിക്കുകയും പഠിക്കുകയും വേണം. ദൈവവചനത്തെ യേശു ഭക്ഷണത്തോടു താരതമ്യംചെയ്തു. മനുഷ്യരും മൃഗങ്ങളും ജീവനോടിരിക്കണമെങ്കിൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്. എന്നാൽ മനുഷ്യർക്കു മാത്രമേ ആത്മീയഭക്ഷണം കഴിക്കാനാകൂ. നമുക്ക് അത് ആവശ്യവുമാണ്. അതുകൊണ്ടാണു യേശു ഇങ്ങനെ പറഞ്ഞത്: “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ വായിൽനിന്ന് വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്.” (മത്താ. 4:4) ‘യഹോവയുടെ നിയമത്തിൽ ആനന്ദിച്ച് അതു രാവും പകലും വായിക്കുന്നവൻ സന്തുഷ്ടൻ’ എന്നു സങ്കീർത്തനക്കാരനും മനസ്സിലാക്കി. അതുകൊണ്ട് ബൈബിൾ വായിക്കാതെ ഒരു ദിവസംപോലും കടന്നുപോകാൻ നമ്മൾ അനുവദിക്കരുത്.—സങ്കീർത്തനം 1:1-3 വായിക്കുക.
5-6. (എ) ബൈബിളിൽനിന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ പഠിക്കാം? (ബി) ബൈബിൾ വായിക്കുന്നതു നമുക്ക് ഏതെല്ലാം രീതിയിൽ പ്രയോജനം ചെയ്യും?
5 യഹോവ നമ്മളെ സ്നേഹിക്കുന്നു. അതുകൊണ്ടുതന്നെ സന്തോഷത്തോടെ ജീവിക്കാൻ എന്തു ചെയ്യണമെന്നു ബൈബിളിലൂടെ നമുക്കു പറഞ്ഞുതന്നിരിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്നു നമുക്ക് അതിൽനിന്ന് മനസ്സിലാക്കാം. അതുപോലെ ദൈവത്തോട് അടുത്തുചെല്ലാനും തെറ്റുകൾക്കു ക്ഷമ ലഭിക്കാനും നമ്മൾ എന്തു ചെയ്യണമെന്നും അതു പറഞ്ഞുതരുന്നു. കൂടാതെ ഭാവിയിലേക്കായി ദൈവം തന്നിരിക്കുന്ന മനോഹരമായ പ്രത്യാശയെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (യിരെ. 29:11) ഈ കാര്യങ്ങളെക്കുറിച്ചെല്ലാം പഠിക്കുമ്പോൾ നമ്മുടെ ഹൃദയം സന്തോഷംകൊണ്ട് നിറയും.
6 അതുപോലെതന്നെ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന ധാരാളം നിർദേശങ്ങളും ബൈബിളിലുണ്ട്. ആ ഉപദേശങ്ങൾ അനുസരിക്കുന്നെങ്കിൽ നമുക്കു സന്തോഷം കണ്ടെത്താനാകും. അതുകൊണ്ട് ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ കാരണം നിരാശ തോന്നുമ്പോൾ ദൈവവചനം വായിക്കാനും അതെക്കുറിച്ച് ചിന്തിക്കാനും കൂടുതൽ സമയം ചെലവഴിക്കുക. “ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് സന്തുഷ്ടർ” എന്നാണു യേശു പറഞ്ഞത്.—ലൂക്കോ. 11:28, അടിക്കുറിപ്പ്.
7. ദൈവവചനം വായിക്കുമ്പോൾ അതിൽനിന്ന് പരമാവധി പ്രയോജനം നേടാൻ എന്തു ചെയ്യാനാകും?
7 ദൈവവചനം സമയമെടുത്ത് ആസ്വദിച്ച് വായിക്കുക. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾക്കു വളരെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം ആരെങ്കിലും നിങ്ങൾക്ക് ഉണ്ടാക്കിത്തന്നെന്നു വിചാരിക്കുക. പക്ഷേ, നിങ്ങളുടെ തിരക്കുകൊണ്ടോ ചിന്ത മറ്റ് എന്തിലെങ്കിലും ആയതുകൊണ്ടോ ആ ഭക്ഷണം വളരെ വേഗത്തിൽ, രുചിയൊന്നും ആസ്വദിക്കാതെ കഴിച്ചേക്കാം. ചിലപ്പോൾ മുഴുവൻ കഴിച്ച് തീർന്നശേഷമായിരിക്കും കുറച്ചുകൂടെ പതിയെ, ആസ്വദിച്ച് കഴിക്കേണ്ടതായിരുന്നെന്നു ചിന്തിക്കുന്നത്. ബൈബിൾവായനയുടെ കാര്യത്തിലും ചിലപ്പോൾ ഇതുതന്നെ സംഭവിച്ചേക്കാം. വളരെ തിടുക്കത്തിൽ ബൈബിൾ വായിച്ചുതീർക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിലെ സന്ദേശം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയാതെ പോയേക്കാം. അതുകൊണ്ട് ദൈവവചനം സമയമെടുത്ത് ആസ്വദിച്ച് വായിക്കാൻ മറക്കരുത്. അതിനായി, വായിക്കുന്ന ഭാഗത്ത് വിവരിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ഭാവനയിൽ കാണുക, അവിടത്തെ ശബ്ദങ്ങളൊക്കെ കേൾക്കുക, എന്നിട്ട് വായിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ രീതിയിൽ വായിക്കുമ്പോൾ അതു നിങ്ങളുടെ സന്തോഷം കൂട്ടും.
8. ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ എന്ത് ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നു, അവർ എങ്ങനെയാണ് അതു ചെയ്യുന്നത്? (അടിക്കുറിപ്പും കാണുക.)
8 നമുക്കു തക്കസമയത്ത് ആത്മീയഭക്ഷണം നൽകാനായി യേശു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നിയമിച്ചിരിക്കുന്നു. * (മത്താ. 24:45) വേണ്ടുവോളം ആത്മീയഭക്ഷണം അവർ നമുക്കു നൽകുന്നുമുണ്ട്. അവർ തയ്യാറാക്കുന്ന എല്ലാ വിഭവങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ചേരുവ ദൈവവചനംതന്നെയാണ്. (1 തെസ്സ. 2:13) അങ്ങനെ ബൈബിളിലൂടെ യഹോവ വെളിപ്പെടുത്തിയിരിക്കുന്ന തന്റെ ചിന്തകളെക്കുറിച്ച് മനസ്സിലാക്കാൻ ആ ആത്മീയഭക്ഷണം നമ്മളെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വീക്ഷാഗോപുരവും ഉണരുക!യും jw.org-ൽ വരുന്ന ലേഖനങ്ങളും വായിക്കാൻ നമുക്കു വളരെ ഇഷ്ടമാണ്. കൂടാതെ, നമ്മൾ എല്ലാ സഭായോഗങ്ങൾക്കും നന്നായി തയ്യാറാകുന്നു. ഓരോ മാസവും JW പ്രക്ഷേപണം കാണുന്നു. ഇങ്ങനെയെല്ലാം വേണ്ടുവോളം ആത്മീയഭക്ഷണം കഴിക്കുന്നതു ശരിക്കുള്ള സന്തോഷം നേടാൻ വേണ്ട രണ്ടാമത്തെ കാര്യം ചെയ്യാൻ നമ്മളെ സഹായിക്കും.
യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുക
9. ശരിക്കുള്ള സന്തോഷം കണ്ടെത്താൻ നമ്മൾ ചെയ്യേണ്ട രണ്ടാമത്തെ കാര്യം എന്താണ്?
9 രണ്ടാമത്തെ കാര്യം: ശരിക്കുള്ള സന്തോഷം കിട്ടാൻ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ നമ്മൾ ജീവിക്കണം. സങ്കീർത്തനക്കാരൻ എഴുതി: “യഹോവയെ ഭയപ്പെട്ട് ദൈവത്തിന്റെ വഴികളിൽ നടക്കുന്ന എല്ലാവരും സന്തുഷ്ടർ.” (സങ്കീ. 128:1) യഹോവയെ ഭയപ്പെടുക എന്നതിന്റെ അർഥം ദൈവത്തോടുള്ള ബഹുമാനം നിമിത്തം ദൈവത്തെ വേദനിപ്പിക്കുന്ന യാതൊന്നും ചെയ്യാതിരിക്കുക എന്നാണ്. (സുഭാ. 16:6) അങ്ങനെയാകുമ്പോൾ ശരിയും തെറ്റും സംബന്ധിച്ച് ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുകയായിരിക്കും. (2 കൊരി. 7:1) ഈ രീതിയിൽ യഹോവ സ്നേഹിക്കുന്ന കാര്യങ്ങൾ ചെയ്യുകയും യഹോവ വെറുക്കുന്ന കാര്യങ്ങൾ ഒഴിവാക്കുകയും ആണെങ്കിൽ നമ്മൾ സന്തോഷമുള്ളവരായിരിക്കും.—സങ്കീ. 37:27; 97:10; റോമ. 12:9.
10. റോമർ 12:2 അനുസരിച്ച് നമ്മുടെ ഉത്തരവാദിത്വം എന്താണ്?
10 റോമർ 12:2 വായിക്കുക. ശരിയും തെറ്റും സംബന്ധിച്ച നിയമങ്ങൾ വെക്കാനുള്ള അധികാരം യഹോവയ്ക്കുണ്ടെന്ന് ഒരു വ്യക്തിക്ക് അറിയാമായിരിക്കാം. എന്നാൽ അതു മാത്രം പോരാ. അദ്ദേഹം ആ നിലവാരങ്ങളോടു മനസ്സുകൊണ്ട് യോജിക്കുകയും വേണം. ഉദാഹരണത്തിന് ഹൈവേയിലൂടെ എത്ര വേഗത്തിൽ വണ്ടി ഓടിക്കാമെന്നു തീരുമാനിക്കാനുള്ള അധികാരം ഗവണ്മെന്റിനുണ്ടെന്ന് ഒരു വ്യക്തിക്ക് അറിയാമായിരിക്കാം. പക്ഷേ ആ നിയമങ്ങളോടു മനസ്സുകൊണ്ട് യോജിക്കാത്ത ഒരു വ്യക്തി അവ ലംഘിച്ചേക്കാം. അതുപോലെ നമ്മളും, നിലവാരങ്ങൾ വെക്കാൻ യഹോവയ്ക്ക് അധികാരമുണ്ടെന്നു സമ്മതിച്ചാൽ മാത്രം പോരാ, ആ നിലവാരങ്ങളാണ് ഏറ്റവും നല്ലതെന്ന കാര്യം അംഗീകരിക്കുന്നുണ്ടെന്നു പ്രവൃത്തികളിലൂടെ തെളിയിക്കുകയും വേണം. (സുഭാ. 12:28) ദാവീദിന് ആ കാര്യം അറിയാമായിരുന്നു. അതുകൊണ്ടാണ് യഹോവയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്: “അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു. അങ്ങയുടെ സന്നിധിയിൽ ആഹ്ലാദം അലതല്ലുന്നു. അങ്ങയുടെ വലതുവശത്ത് എന്നും സന്തോഷമുണ്ട്.”—സങ്കീ. 16:11.
11-12. (എ) ഉത്കണ്ഠയോ നിരാശയോ ഒക്കെ തോന്നുമ്പോൾ നമ്മൾ ഏതു കാര്യം ശ്രദ്ധിക്കണം? (ബി) ഫിലിപ്പിയർ 4:8-ലെ വാക്കുകൾ വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
11 ഉത്കണ്ഠയോ നിരുത്സാഹമോ തോന്നുമ്പോൾ മനസ്സ് ഒന്നു സ്വസ്ഥമാകാൻവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ നമുക്കു തോന്നിയേക്കാം. അതു സ്വാഭാവികവുമാണ്. പക്ഷേ അത്തരം സാഹചര്യങ്ങളിൽ യഹോവ വെറുക്കുന്ന എന്തെങ്കിലും ചെയ്തുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.—എഫെ. 5:10-12, 15-17.
12 പൗലോസ് അപ്പോസ്തലൻ ഫിലിപ്പിയിലുള്ള ക്രിസ്ത്യാനികൾക്കു കത്ത് എഴുതിയപ്പോൾ “നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും . . . അത്യുത്തമമായതും” ആയ കാര്യങ്ങളെക്കുറിച്ച് തുടർന്നും ചിന്തിച്ചുകൊണ്ടിരിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. (ഫിലിപ്പിയർ 4:8 വായിക്കുക.) പൗലോസ് ഇവിടെ വിനോദത്തെക്കുറിച്ച് നേരിട്ട് സംസാരിക്കുകയായിരുന്നില്ല. പക്ഷേ വിനോദം തിരഞ്ഞെടുക്കുന്ന സമയത്ത് നമുക്ക് ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. അതായത് നമ്മൾ കേൾക്കുന്ന പാട്ടുകളും കാണുന്ന സിനിമകളും വായിക്കുന്ന പുസ്തകങ്ങളും കളിക്കുന്ന വീഡിയോ ഗെയിമുകളും പൗലോസ് പറഞ്ഞ ആ കാര്യങ്ങളുമായി യോജിപ്പിലാണോ? അങ്ങനെ ചിന്തിക്കുന്നെങ്കിൽ വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതു ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിലുള്ളതാണോ അല്ലയോ എന്നു മനസ്സിലാക്കാനാകും. അതിലൂടെ നമ്മുടെ ജീവിതം യഹോവയുടെ ഉയർന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ നമുക്കു കഴിയും. (സങ്കീ. 119:1-3) അതു ശുദ്ധമായ ഒരു മനസ്സാക്ഷി നേടിത്തരും. ശരിക്കുള്ള സന്തോഷം കിട്ടാൻ ചെയ്യേണ്ട അടുത്ത കാര്യം ചെയ്യാനും അതു നമ്മളെ സഹായിക്കും.—പ്രവൃ. 23:1.
യഹോവയുടെ ആരാധനയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുക
13. ശരിക്കുള്ള സന്തോഷം തരുന്ന മൂന്നാമത്തെ കാര്യം എന്താണ്? (യോഹന്നാൻ 4:23, 24)
13 മൂന്നാമത്തെ കാര്യം: സത്യാരാധനയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നുണ്ടെന്നു നമ്മൾ ഉറപ്പാക്കണം. സ്രഷ്ടാവ് എന്ന നിലയിൽ യഹോവ മാത്രമാണു നമ്മുടെ ആരാധനയ്ക്ക് അർഹൻ. (വെളി. 4:11; 14:6, 7) അതുകൊണ്ട് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ ദൈവത്തെ ആരാധിക്കുന്നതായിരിക്കണം. നമ്മൾ “ദൈവാത്മാവോടെയും സത്യത്തോടെയും” ദൈവത്തെ ആരാധിക്കണം എന്നു ബൈബിൾ പറയുന്നു. (യോഹന്നാൻ 4:23, 24 വായിക്കുക.) ദൈവാത്മാവ് നമ്മുടെ ആരാധനയെ നയിക്കാൻ നമ്മൾ അനുവദിക്കണം. അങ്ങനെയാകുമ്പോൾ ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന സത്യങ്ങൾക്കു ചേർച്ചയിൽ നമുക്ക് യഹോവയെ ആരാധിക്കാൻ കഴിയും. ഇനി, നമ്മൾ താമസിക്കുന്ന ദേശത്ത് നമ്മുടെ പ്രവർത്തനങ്ങൾക്കു നിയന്ത്രണമോ നിരോധനമോ ഉണ്ടെങ്കിൽപ്പോലും ആരാധന ഒന്നാം സ്ഥാനത്തുതന്നെ വരേണ്ടതുണ്ട്. യഹോവയുടെ സാക്ഷികളാണ് എന്നതിന്റെ പേരിൽ നൂറിലേറെ സഹോദരങ്ങളാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. * എങ്കിലും ദൈവത്തോടു പ്രാർഥിക്കാനും ബൈബിൾ പഠിക്കാനും ദൈവത്തെക്കുറിച്ചും ദൈവരാജ്യത്തെക്കുറിച്ചും മറ്റുള്ളവരോടു പറയാനും തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നതുകൊണ്ട് അവർ സന്തോഷമുള്ളവരാണ്. ഉപദ്രവമോ പരിഹാസമോ ഒക്കെ സഹിക്കേണ്ടിവരുമ്പോൾ യഹോവ കൂടെയുണ്ടെന്നും നമുക്കു പ്രതിഫലം തരുമെന്നും ഉള്ള അറിവ് സന്തോഷത്തോടെ മുന്നോട്ടുപോകാൻ നമ്മളെ സഹായിക്കും.—യാക്കോ. 1:12; 1 പത്രോ. 4:14.
ഒരു നല്ല മാതൃക
14. താജികിസ്ഥാനിലുള്ള ചെറുപ്പക്കാരനായ ഒരു സഹോദരന് എന്തു നേരിടേണ്ടിവന്നു, എന്തുകൊണ്ട്?
14 നമ്മുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും, ഇതുവരെ ചർച്ച ചെയ്ത മൂന്നു കാര്യങ്ങൾ ചെയ്യുന്നതിലൂടെ ശരിക്കുള്ള സന്തോഷം കണ്ടെത്താമെന്നു പലരുടെയും ജീവിതം പഠിപ്പിക്കുന്നു. അത്തരം ഒരു അനുഭവം നോക്കാം. താജികിസ്ഥാനിൽനിന്നുള്ള 19 വയസ്സുകാരനായ ജോബിഡൻ ബബിജിനോവ് സഹോദരന്റെ അനുഭവമാണ് അത്. സൈനികസേവനം ചെയ്യാൻ തയ്യാറാകാഞ്ഞതുകൊണ്ട് 2019 ഒക്ടോബർ 4-ാം തീയതി സഹോദരനെ ബലമായി വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോകുകയും മാസങ്ങളോളം തടവിൽ വെക്കുകയും ചെയ്തു. ഒരു കുറ്റവാളിയോട് എന്നപോലെയാണ് അവർ അദ്ദേഹത്തോടു പെരുമാറിയത്. അദ്ദേഹത്തോടു കാണിച്ച ഈ അനീതി പല രാജ്യങ്ങളിലെയും മാധ്യമങ്ങളിൽ വലിയ വാർത്തയായി. എങ്ങനെയും സൈനികപ്രതിജ്ഞ ചൊല്ലിക്കാനും സൈന്യത്തിന്റെ യൂണിഫോം ധരിപ്പിക്കാനും വേണ്ടി അവർ അദ്ദേഹത്തെ ഒരുപാടു തല്ലിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പിന്നീട് ജോബിഡനെ ഒരു കുറ്റവാളിയായി വിധിച്ച് ജയിലിലടച്ചു. അവിടത്തെ പ്രസിഡന്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും തടവിൽനിന്ന് മോചിപ്പിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹത്തിന് അവിടെ കഴിയേണ്ടിവന്നു. ജയിലിലായിരുന്ന ഈ സമയം മുഴുവൻ ജോബിഡൻ സഹോദരൻ വിശ്വസ്തനായി തുടരുകയും സന്തോഷം നിലനിറുത്തുകയും ചെയ്തു. എങ്ങനെയാണു സഹോദരന് അതിനു കഴിഞ്ഞത്? തന്റെ ആത്മീയദാഹം തൃപ്തിപ്പെടുത്തുന്നതിൽ സഹോദരൻ എപ്പോഴും ശ്രദ്ധിച്ചു.
15. ജയിലിലായിരുന്നപ്പോൾ ജോബിഡൻ സഹോദരൻ എങ്ങനെയാണ് ആത്മീയാഹാരം കഴിച്ചുകൊണ്ടിരുന്നത്?
15 ജയിലിൽവെച്ച് ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും കയ്യിൽ ഇല്ലാതിരുന്നപ്പോഴും ജോബിഡൻ സഹോദരൻ ആത്മീയാഹാരം കഴിച്ചുകൊണ്ടേയിരുന്നു. എങ്ങനെ അതു സാധ്യമായി? അവിടത്തെ സഹോദരങ്ങൾ അദ്ദേഹത്തിനു ഭക്ഷണസാധനങ്ങൾ നൽകുന്ന സമയത്ത് ആ കവറിൽ ദിനവാക്യം എഴുതിക്കൊടുക്കും. അങ്ങനെ സഹോദരന് എല്ലാ ദിവസവും ബൈബിൾ വായിക്കാനും അതെക്കുറിച്ച് ചിന്തിക്കാനും ഒക്കെ കഴിഞ്ഞു. ജയിലിൽനിന്ന് പുറത്ത് വന്ന ജോബിഡൻ, ഇതുവരെ ഇത്തരം പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലാത്ത സഹോദരങ്ങളോടു പറയുന്നത് ഇതാണ്: “നിങ്ങൾക്ക് ഇപ്പോഴുള്ള സ്വാതന്ത്ര്യം, ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും വായിച്ചുകൊണ്ട് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഏറ്റവും നന്നായി ഉപയോഗിക്കുക. അതു വളരെ പ്രധാനമാണ്.”
16. ജോബിഡൻ സഹോദരൻ ഏതു കാര്യങ്ങളിലാണു തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്?
16 ജോബിഡൻ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിച്ചു. തെറ്റായ കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനു പകരം യഹോവയെക്കുറിച്ചും യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും ആണ് സഹോദരൻ ചിന്തിച്ചത്. ദൈവത്തിന്റെ മനോഹരമായ സൃഷ്ടികളെ നിരീക്ഷിക്കാനും ജോബിഡൻ സമയം കണ്ടെത്തി. എല്ലാ ദിവസവും കിളികളുടെ പാട്ടും ചിലപ്പും ഒക്കെ കേട്ടാണ് അദ്ദേഹം ഉണർന്നിരുന്നത്. ഇനി, രാത്രിയിൽ ചന്ദ്രനെയും നക്ഷത്രങ്ങളെയും അദ്ദേഹം അതിശയത്തോടെ നോക്കിനിൽക്കുമായിരുന്നു. സഹോദരൻ പറയുന്നു: “യഹോവ തന്ന ഈ സമ്മാനങ്ങൾ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും എനിക്കു പ്രോത്സാഹനം നൽകുകയും ചെയ്തു.” യഹോവ തരുന്ന ആത്മീയവും അല്ലാത്തതും ആയ എല്ലാ നല്ല ദാനങ്ങളോടും നമ്മൾ നന്ദിയുള്ളവരാണെങ്കിൽ അതു നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. ആ സന്തോഷം, പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോഴും പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും.
17. ജോബിഡന്റേതുപോലുള്ള ഒരു പ്രശ്നം നേരിടുമ്പോൾ സഹിച്ചുനിന്നാൽ എന്തായിരിക്കും പ്രയോജനം? (1 പത്രോസ് 1:6, 7)
17 യഹോവയെ ആരാധിക്കുന്നതിനു ജോബിഡൻ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുകയും ചെയ്തു. സത്യദൈവത്തോടു വിശ്വസ്തനായിരിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. അതാണല്ലോ യേശു നമ്മളെ പഠിപ്പിച്ചത്: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ.” (ലൂക്കോ. 4:8) ജോബിഡൻ തന്റെ വിശ്വാസം ഉപേക്ഷിക്കാനാണു സൈനികോദ്യോഗസ്ഥരും പട്ടാളക്കാരും ആഗ്രഹിച്ചത്. പക്ഷേ സഹോദരൻ എല്ലാ ദിവസവും, രാത്രിയും പകലും യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുകയും വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കണേ എന്ന് അപേക്ഷിക്കുകയും ചെയ്യുമായിരുന്നു. അന്യായമായി ഉപദ്രവം സഹിക്കേണ്ടിവന്നെങ്കിലും ജോബിഡൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അതുകൊണ്ടുതന്നെ, സഹോദരനെ ബലമായി വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോകുകയും ഉപദ്രവിക്കുകയും ജയിലിലാക്കുകയും ഒക്കെ ചെയ്യുന്നതിനു മുമ്പ് ഇല്ലാതിരുന്ന തരത്തിലുള്ള വിശ്വാസം ഇന്ന് അദ്ദേഹത്തിനുണ്ട്—‘മാറ്റു തെളിയിക്കപ്പെട്ട വിശ്വാസം.’ അതിൽ അദ്ദേഹത്തിനു സന്തോഷിക്കാനാകുന്നു.—1 പത്രോസ് 1:6, 7 വായിക്കുക.
18. സന്തോഷത്തോടെയിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
18 ശരിക്കുള്ള സന്തോഷം കണ്ടെത്താൻ നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് യഹോവയ്ക്കു നന്നായി അറിയാം. ഇതുവരെ നമ്മൾ ചർച്ച ചെയ്ത ആ മൂന്നു കാര്യങ്ങൾ, ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും സന്തോഷത്തോടെയിരിക്കാൻ നമ്മളെ സഹായിക്കും. “യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ” എന്ന് അപ്പോൾ നമുക്കും പറയാനാകും.—സങ്കീ. 144:15.
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
^ വിനോദത്തിലേർപ്പെടുന്നതും സമ്പത്ത് വാരിക്കൂട്ടുന്നതും പേരും പ്രശസ്തിയും നേടുന്നതും കുറെ അധികാരം ഉണ്ടായിരിക്കുന്നതും ഒക്കെ സന്തോഷം നൽകുമെന്നാണ് ഇന്നു പലരും കരുതുന്നത്. പക്ഷേ അവർക്കൊന്നും അതുവഴി ശരിക്കുള്ള സന്തോഷം കിട്ടുന്നില്ല. കാരണം അതൊന്നുമല്ല ശരിക്കുള്ള സന്തോഷം തരുന്ന കാര്യങ്ങൾ. യേശു ഭൂമിയിലായിരുന്നപ്പോൾ നമുക്ക് എങ്ങനെ യഥാർഥസന്തോഷം കണ്ടെത്താമെന്നു പറഞ്ഞു. ഈ ലേഖനത്തിൽ ശരിക്കുള്ള സന്തോഷം കണ്ടെത്തുന്നതിനുവേണ്ടി നമ്മൾ ചെയ്യേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് പഠിക്കും.
^ 2014 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾക്ക് ‘തക്കസമയത്ത് ഭക്ഷണം’ ലഭിക്കുന്നുണ്ടോ?” എന്ന ലേഖനം കാണുക.
^ കൂടുതൽ വിവരങ്ങൾക്ക് jw.org-ലെ “വിശ്വാസത്തിനുവേണ്ടി തടവറയിൽ” എന്ന ഭാഗം കാണുക.
^ ചിത്രത്തിന്റെ വിവരണം: ഒരു സഹോദരനെ അറസ്റ്റു ചെയ്ത് വിചാരണയ്ക്കായി കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ മറ്റു സഹോദരങ്ങൾ കയ്യടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് പുനരാവിഷ്കരിച്ചിരിക്കുന്നു.