1922—നൂറു വർഷം മുമ്പ്
‘ദൈവം യേശുക്രിസ്തുവിലൂടെ നമുക്കു വിജയം തരുന്നു.’ (1 കൊരി. 15:57) ഇതായിരുന്നു 1922-ലെ നമ്മുടെ വാർഷിക വാക്യം. ബൈബിൾവിദ്യാർഥികളുടെ വിശ്വാസത്തോടെയുള്ള സേവനത്തെ യഹോവ അനുഗ്രഹിക്കുമെന്ന് ഈ ബൈബിൾവാക്യം അവർക്ക് ഉറപ്പുകൊടുത്തു. ആ വർഷം അതുപോലെതന്നെ യഹോവ ആ തീക്ഷ്ണരായ പ്രസംഗകരെ അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ സ്വന്തമായി പുസ്തകങ്ങൾ അച്ചടിക്കാനും ബയൻഡ് ചെയ്യാനും റേഡിയോപ്രക്ഷേപണത്തിലൂടെ ബൈബിൾസത്യങ്ങൾ അനേകരെ കേൾപ്പിക്കാനും ഒക്കെ അവർക്കു കഴിഞ്ഞു. പിന്നീട് 1922-ന്റെ അവസാനത്തിൽ യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നതിന്റെ കൂടുതലായ ചില തെളിവുകൾ ലഭിച്ചു. ബൈബിൾവിദ്യാർഥികൾക്കു യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ, ചരിത്രപ്രസിദ്ധമായ ഒരു കൺവെൻഷനു കൂടിവരാൻ കഴിഞ്ഞു. ആ കൺവെൻഷന്റെ സ്വാധീനം ഇന്നും യഹോവയുടെ സംഘടനയിൽ കാണാനാകും.
‘ആവേശം ജനിപ്പിച്ച ഒരു നിർദേശം’
കൂടുതൽ ആളുകൾ സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങിയതോടെ പ്രസിദ്ധീകരണങ്ങളുടെ ആവശ്യം കൂടിക്കൂടിവന്നു. മാസികകൾ ബ്രൂക്ലിൻ ബഥേലിൽത്തന്നെ അച്ചടിച്ചിരുന്നെങ്കിലും ബയൻഡിട്ട പുസ്തകങ്ങൾ അച്ചടിക്കുന്നതിനു പുറത്തെ കമ്പനികളെയാണ് ആശ്രയിച്ചിരുന്നത്. ഒരിക്കൽ മാസങ്ങളോളം നമുക്കു പുസ്തകം കിട്ടാതെവന്നപ്പോൾ അതു നമ്മുടെ പ്രസംഗപ്രവർത്തനത്തിനു ചില തടസ്സങ്ങൾ സൃഷ്ടിച്ചു. അതുകൊണ്ട് റഥർഫോർഡ് സഹോദരൻ ഫാക്ടറിയുടെ ചുമതലയുണ്ടായിരുന്ന റോബർട്ട് മാർട്ടിൻ സഹോദരനോടു പുസ്തകങ്ങളുടെ അച്ചടിയും അവിടെത്തന്നെ നടത്തുന്നതിനെക്കുറിച്ച് ചോദിച്ചു.
മാർട്ടിൻ സഹോദരൻ പറയുന്നു: “അത് ആവേശം ജനിപ്പിച്ച ഒരു നിർദേശമായിരുന്നു. കാരണം, സ്വന്തമായി പുസ്തകം അച്ചടിച്ച്, ബയൻഡ് ചെയ്ത് പുറത്തിറക്കുന്നത് അത്ര നിസ്സാരകാര്യമായിരുന്നില്ല.” അതിനുവേണ്ടി സഹോദരങ്ങൾ ബ്രൂക്ലിനിലെ 18 കോൺകോഡ് സ്ട്രീറ്റിൽ ഒരു സ്ഥലം വാടകയ്ക്കെടുത്ത് വേണ്ട സജ്ജീകരണങ്ങളൊക്കെ ചെയ്തു.
ഈ പുതിയ മുന്നേറ്റം എല്ലാവർക്കും അത്ര രസിച്ചില്ല. നമുക്കുവേണ്ടി പുസ്തകങ്ങൾ നിർമിച്ചിരുന്ന ഒരു കമ്പനിയുടെ പ്രസിഡന്റ് ഈ പുതിയ അച്ചടിശാലയിൽ വന്നിട്ട് പറഞ്ഞു: “നിങ്ങളുടെ ഈ അച്ചടിയന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഒക്കെ ഒന്നാന്തരമാണ്. പക്ഷേ, ഇവിടെയുള്ള ഒരു കുഞ്ഞിനുപോലും അതു മര്യാദയ്ക്ക് ഉപയോഗിക്കാൻ അറിയില്ല. നോക്കിക്കോ, ആറു മാസത്തിനുള്ളിൽ ഇതു മൊത്തം കുട്ടിച്ചോറാകും.”
മാർട്ടിൻ സഹോദരൻ പറയുന്നു: “ഒറ്റ നോട്ടത്തിൽ അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നാമായിരുന്നു. പക്ഷേ ഞങ്ങൾ, എല്ലാം കർത്താവിനു വിട്ടു. ഞങ്ങളുടെകൂടെ കർത്താവ് എപ്പോഴുമുണ്ടായിരുന്നു.” അതിന്റെ തെളിവുകൾ കാണാനുമായി. കാരണം, അധികം വൈകാതെ ആ പുതിയ അച്ചടിശാലയിൽനിന്ന് ദിവസവും 2,000 പുസ്തകങ്ങളാണു പുറത്തിറങ്ങിയിരുന്നത്.
റേഡിയോപ്രക്ഷേപണങ്ങളിലൂടെ ആയിരങ്ങളിലേക്ക്. . .
പ്രസിദ്ധീകരണങ്ങളിലൂടെ സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കുന്നതോടൊപ്പം പുതിയ ഒരു രീതിയിലും യഹോവയുടെ ജനം അതു ചെയ്യാൻതുടങ്ങി—റേഡിയോപ്രക്ഷേപണത്തിലൂടെ. 1922 ഫെബ്രുവരി 26-ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് റഥർഫോർഡ് സഹോദരൻ ആദ്യമായി റേഡിയോയിലൂടെ പ്രസംഗിച്ചു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വിഷയം, “ഇപ്പോൾ
ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്നതായിരുന്നു. യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ചലസിലെ കെഒജി റേഡിയോ നിലയത്തിൽനിന്നായിരുന്നു അത്.25,000-ത്തോളം ആളുകൾ ഈ പരിപാടി കേട്ടു. ചിലർ നന്ദി അറിയിച്ചുകൊണ്ട് കത്തുകൾ എഴുതി. കാലിഫോർണിയയിലെ സാന്താ ആനാ എന്ന സ്ഥലത്ത് താമസിക്കുന്ന വില്യം ആഷ്ഫോർഡ് കത്തുകൾ എഴുതിയവരിൽ ഒരാളായിരുന്നു. റഥർഫോർഡ് സഹോദരന്റെ പ്രസംഗത്തെക്കുറിച്ച് “അതു നല്ല രസമായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തുടർന്നു: “വീട്ടിൽ മൂന്നു രോഗികളുള്ളതുകൊണ്ട് വീടിന്റെ തൊട്ടടുത്ത് എവിടെയെങ്കിലുമാണു പ്രസംഗം നടക്കുന്നതെങ്കിൽപ്പോലും ഞങ്ങൾക്കു പോയി കേൾക്കാനാകുമായിരുന്നില്ല. റേഡിയോയിലൂടെയായതുകൊണ്ട് ഒന്നും നഷ്ടപ്പെടാതെ മുഴുവൻ കേൾക്കാൻ കഴിഞ്ഞു.”
അതു കഴിഞ്ഞുവന്ന ആഴ്ചകളിൽ ധാരാളം പ്രക്ഷേപണങ്ങൾ നടത്തി. വീക്ഷാഗോപുരം പറയുന്നതനുസരിച്ച് ആ വർഷം അവസാനമായപ്പോഴേക്കും “3,00,000 പേരെങ്കിലും റേഡിയോയിലൂടെ ഈ സന്ദേശം കേട്ടു.”
പ്രക്ഷേപണത്തിനു നല്ല പ്രതികരണം ലഭിച്ചുതുടങ്ങിയതോടെ ബൈബിൾവിദ്യാർഥികൾ സ്വന്തമായി ഒരു റേഡിയോ നിലയം പണിയാൻതന്നെ തീരുമാനിച്ചു. അങ്ങനെ ബ്രൂക്ലിൻ ബഥേലിന് അടുത്തുള്ള സ്റ്റേറ്റൺ ദ്വീപിൽ അവർ ഒരു റേഡിയോ നിലയം പണിതു. തുടർന്നുവന്ന വർഷങ്ങളിൽ ബൈബിൾവിദ്യാർഥികൾ ഡബ്ല്യുബിബിആർ എന്ന ആ റേഡിയോ നിലയം രാജ്യസന്ദേശം ധാരാളം പേരെ അറിയിക്കാൻ വിപുലമായി ഉപയോഗിച്ചു.
“ADV”
1922 സെപ്റ്റംബർ 5 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ ഒഹായോയിലെ സീഡാർ പോയിന്റിൽവെച്ച് ഒരു കൺവെൻഷൻ നടക്കുമെന്ന അറിയിപ്പ് 1922 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) ഉണ്ടായിരുന്നു. അന്ന് ആ കൺവെൻഷനുവേണ്ടി കൂടിവന്ന ബൈബിൾവിദ്യാർഥികളുടെ ആവേശം വളരെ വലുതായിരുന്നു.
കൺവെൻഷന്റെ സ്വാഗതപ്രസംഗത്തിൽ റഥർഫോർഡ് സഹോദരൻ സദസ്സിലുള്ളവരോടു പറഞ്ഞു: “എനിക്കു പൂർണ ബോധ്യമുണ്ട്, കർത്താവ് . . . നമ്മുടെ ഈ കൺവെൻഷനെ അനുഗ്രഹിക്കും. ഇതുവരെ ഭൂമിയിൽ നൽകപ്പെടാത്ത വിധത്തിൽ വലിയൊരു സാക്ഷ്യം നൽകാൻ നമ്മളെ സഹായിക്കും.” ആ കൺവെൻഷനിൽ നടന്ന മുഴുവൻ പ്രസംഗങ്ങളിലും സന്തോഷവാർത്ത അറിയിക്കുന്നതിനുള്ള കൂടുതൽ പ്രോത്സാഹനം നൽകി.
സെപ്റ്റംബർ 8, വെള്ളിയാഴ്ച ഏതാണ്ട് 8,000 ആളുകൾ ആ ഓഡിറ്റോറിയത്തിൽ കൂടിവന്നു. റഥർഫോർഡ് സഹോദരന്റെ പ്രസംഗം കേൾക്കാനുള്ള ആവേശത്തിലായിരുന്നു എല്ലാവരും. അവരുടെ കാര്യപരിപാടിയിലുണ്ടായിരുന്ന “ADV” എന്ന അക്ഷരങ്ങളുടെ അർഥം റഥർഫോർഡ് സഹോദരൻ വിശദീകരിക്കുമെന്ന പ്രതീക്ഷയിൽ അവർ ആകാംക്ഷയോടെ കാത്തിരുന്നു. കൂടാതെ സ്റ്റേജിനു മുകളിൽ വലിയൊരു ബാനർ ചുരുട്ടിവെച്ചിരിക്കുന്നതും പലരുടെയും ശ്രദ്ധയിൽപ്പെട്ടു. ഈ കൺവെൻഷൻ കൂടുന്നതിനുവേണ്ടി യു.എസ്.എ.-യിലെ
ഓക്ലഹോമയിലുള്ള ടുൽസയിൽനിന്ന് ആർതർ ക്ലോസ് എന്നു പേരുള്ള ഒരു സഹോദരൻ വന്നിരുന്നു. അന്ന് ഇപ്പോഴുള്ളതുപോലെ മൈക്കും കാര്യങ്ങളും ഒന്നും ഇല്ലാതിരുന്നതുകൊണ്ട് പ്രസംഗം നന്നായി കേൾക്കാൻ പറ്റുന്ന ഒരു സീറ്റ് അദ്ദേഹം കണ്ടെത്തി.“ഓരോ വാക്കും ഞങ്ങൾ വളരെ ശ്രദ്ധയോടെയാണു കേട്ടുകൊണ്ടിരുന്നത്”
റഥർഫോർഡ് സഹോദരന്റെ പ്രസംഗം നടക്കുന്ന സമയത്ത് തടസ്സങ്ങളൊന്നും വരാതിരിക്കാൻ കൺവെൻഷനു വൈകി വരുന്നവരെ കയറ്റിവിടില്ലെന്ന് അധ്യക്ഷൻ അറിയിച്ചിരുന്നു. രാവിലെ കൃത്യം 9:30-നുതന്നെ സഹോദരന്റെ പ്രസംഗം ആരംഭിച്ചു. മത്തായി 4:17–ലെ ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന യേശുവിന്റെ വാക്കുകൾ പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. ആളുകൾ ദൈവരാജ്യസന്ദേശം എങ്ങനെ കേൾക്കും എന്നതിനെക്കുറിച്ച് പറയുന്നതിനിടയ്ക്ക് ‘യേശു തന്റെ സാന്നിധ്യകാലത്ത് വലിയൊരു കൊയ്ത്തു നടത്തുമെന്നും അതിൽ സത്യവും നീതിയും ഉള്ളവരെ കൂട്ടിച്ചേർക്കുമെന്നും യേശുതന്നെ പറഞ്ഞിട്ടുള്ളതായി’ അദ്ദേഹം പറഞ്ഞു.
ഓഡിറ്റോറിയത്തിൽ ഇരുന്ന് പരിപാടി കൂടിയിരുന്ന ക്ലോസ് സഹോദരൻ പറയുന്നു: “ഓരോ വാക്കും ഞങ്ങൾ വളരെ ശ്രദ്ധയോടെയാണു കേട്ടുകൊണ്ടിരുന്നത്.” പക്ഷേ, പെട്ടെന്നു ക്ലോസ് സഹോദരന് ഒരു വയ്യായ്ക തോന്നിയതുകൊണ്ട് ഓഡിറ്റോറിയത്തിൽനിന്ന് പുറത്ത് പോകേണ്ടിവന്നു. ഇറങ്ങിപ്പോയാൽ പിന്നെ തിരിച്ച് കയറാൻ പറ്റില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ മനസ്സില്ലാമനസ്സോടെയാണു പുറത്തേക്കു പോയത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അസ്വസ്ഥതയൊക്കെ മാറി. പ്രസംഗം കേൾക്കുന്നതിനുവേണ്ടി അദ്ദേഹം വീണ്ടും ഓഡിറ്റോറിയത്തിന്റെ അടുത്തേക്കു ചെന്നു. അപ്പോൾ വലിയൊരു കയ്യടിയാണു കേട്ടത്. അതോടെ അദ്ദേഹത്തിന് ആവേശം കൂടി. മേൽക്കൂരയിൽ കയറിയിട്ടാണെങ്കിലും അതു കേൾക്കണമെന്നു തീരുമാനിച്ചു. അന്ന് അദ്ദേഹത്തിന് 23 വയസ്സേ ഉണ്ടായിരുന്നുള്ളൂ, ചെറുപ്രായം. സഹോദരൻ അവിടെ കയറിപ്പറ്റാനുള്ള ഒരു വഴി കണ്ടെത്തി. അവിടെ എത്തിയപ്പോൾ സൂര്യപ്രകാശം ഓഡിറ്റോറിയത്തിനുള്ളിൽ കിട്ടുന്നതിനുവേണ്ടി ഉണ്ടാക്കിയിരുന്ന ദ്വാരങ്ങളെല്ലാം തുറന്നിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പ്രസംഗം നന്നായി കേൾക്കാൻ കഴിഞ്ഞു.
അവിടെ ക്ലോസ് സഹോദരൻ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ചില കൂട്ടുകാരുമുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു ഫ്രാങ്ക് ജോൺസൺ. ക്ലോസ് സഹോദരനെ കണ്ട ഉടനെ അദ്ദേഹം അടുത്ത് വന്ന് ചോദിച്ചു: “കയ്യിൽ മൂർച്ചയുള്ള പേനാക്കത്തിയുണ്ടോ?”
ക്ലോസ് സഹോദരൻ പറഞ്ഞു: “ഉണ്ടല്ലോ.”
അദ്ദേഹം പറഞ്ഞു: “ഹോ, ദൈവം ഞങ്ങളുടെ * പറയുന്നതു ശ്രദ്ധിച്ച് കേൾക്കണം. അദ്ദേഹം ‘പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ’ എന്നു പറയുമ്പോൾ ഈ നാലു ചരടും മുറിക്കണം.”
പ്രാർഥന കേട്ടു. ഇവിടെ കെട്ടിയിരിക്കുന്ന ഈ വലിയ ബാനർ കണ്ടോ, ജഡ്ജിക്ലോസ് സഹോദരനും മറ്റുള്ളവരും ‘പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ’ എന്ന വാക്കുകൾ കേൾക്കാനായി ശ്രദ്ധയോടെ കാത്തിരുന്നു. പെട്ടെന്നുതന്നെ റഥർഫോർഡ് സഹോദരന്റെ പ്രസംഗം അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തെത്തി. വികാരാധീനനായി ആവേശത്തോടെ സഹോദരൻ ഉറക്കെ ഇങ്ങനെ പറഞ്ഞു: “കർത്താവിനു വിശ്വസ്തരും സത്യവാന്മാരുമായ സാക്ഷികളായിരിക്കുവിൻ. ബാബിലോൺ തരിമ്പുപോലും ശേഷിക്കാതെ ശൂന്യമാക്കപ്പെടുന്നതുവരെ മുന്നേറുവിൻ. സന്ദേശം ഉടനീളം ഉദ്ഘോഷിക്കുവിൻ. യഹോവ ദൈവമാണെന്നും യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവുമാണെന്നും ലോകം അറിയുകതന്നെ വേണം. ഇതു സർവദിവസങ്ങളിലേക്കും മഹാദിവസമാണ്. ഇതാ, രാജാവ് വാഴുന്നു! നിങ്ങൾ അവന്റെ പരസ്യപ്രചാരകരാണ്. അതുകൊണ്ട്, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ!”
ക്ലോസ് സഹോദരനും കൂട്ടുകാരും ബാനർ കെട്ടിവെച്ചിരുന്ന വള്ളി കൃത്യസമയത്തുതന്നെ മുറിച്ചു. യാതൊരു തടസ്സവും കൂടാതെ ആ ബാനർ താഴേക്കു നിവർന്നുവന്നു. അപ്പോൾ, കാര്യപരിപാടിയിൽ എഴുതിയിരുന്ന “ADV” എന്നതിന്റെ അർഥം എല്ലാവർക്കും മനസ്സിലായി. “രാജാവിനെയും രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്നാണു ബാനറിൽ എഴുതിയിരുന്നത്. അതിലെ “പ്രസിദ്ധമാക്കുവിൻ” എന്നതിനുള്ള ഇംഗ്ലീഷ് പദത്തിന്റെ (Advertise) ചുരുക്കരൂപമായിരുന്നു “ADV.”
പ്രധാനപ്പെട്ട ഒരു പ്രവർത്തനം
സീഡാർ പോയിന്റിലെ കൺവെൻഷൻ കഴിഞ്ഞപ്പോൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സഹോദരങ്ങൾക്കു പ്രോത്സാഹനം കിട്ടി. അതിനു തയ്യാറായി മുന്നോട്ടുവന്ന ധാരാളം പേർ സന്തോഷത്തോടെ ആ പ്രവർത്തനത്തിൽ പങ്കെടുത്തു. യു.എസ്.എ.-യിലെ ഓക്ലഹോമയിൽനിന്നുള്ള ഒരു കോൽപോർട്ടർ (മുൻനിരസേവകൻ) ഇങ്ങനെ എഴുതി: “ഞങ്ങൾ പ്രവർത്തിച്ചിരുന്നതു കൽക്കരിഖനികളുള്ള പ്രദേശത്താണ്. അവിടെ കൊടും പട്ടിണിയാണ്.” സുവർണയുഗം മാസികയിൽനിന്നുള്ള സന്തോഷവാർത്ത കാണിച്ചുകൊടുക്കുമ്പോൾ “അവർ മിക്കപ്പോഴും പൊട്ടിക്കരയുമായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. “ഇങ്ങനെയുള്ളവരെ ആശ്വസിപ്പിക്കാൻ കഴിയുന്നതു ശരിക്കും ഒരു അനുഗ്രഹമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൂക്കോസ് 10:2-ൽ യേശു പറഞ്ഞു: “വിളവ് ധാരാളമുണ്ട്. പക്ഷേ പണിക്കാർ കുറവാണ്.” യേശുവിന്റെ വാക്കുകൾ കാണിക്കുന്നതുപോലെ ഈ പ്രവർത്തനം എത്രത്തോളം ചെയ്യാനുണ്ടെന്നു ബൈബിൾവിദ്യാർഥികൾ തിരിച്ചറിഞ്ഞു. ആ വർഷം അവസാനമായപ്പോഴേക്കും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ലോകമെങ്ങും പ്രസിദ്ധമാക്കാനുള്ള അവരുടെ തീരുമാനം വളരെ ശക്തമായിരുന്നു.
^ റഥർഫോർഡ് സഹോദരനെ “ജഡ്ജി” എന്നും ഇടയ്ക്കു വിളിക്കാറുണ്ട്. കാരണം യു.എസ്.എ.-യിലെ മിസൂറിയിൽ അദ്ദേഹം ഇടയ്ക്കൊക്കെ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിരുന്നു.