പഠനലേഖനം 3
യേശു കരഞ്ഞതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.”—യോഹ. 11:35.
ഗീതം 17 “എനിക്കു മനസ്സാണ്”
ചുരുക്കം *
1-3. നമ്മൾ കരയാൻ ഇടയായേക്കാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
നിങ്ങൾ എപ്പോഴാണ് അവസാനമായി കരഞ്ഞത്? ഇടയ്ക്കൊക്കെ സന്തോഷംകൊണ്ട് നമ്മൾ കരയാറുണ്ട്. എന്നാൽ മിക്കപ്പോഴും കരയുന്നതു സങ്കടം വരുമ്പോഴാണ്. ഉദാഹരണത്തിന്, പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ നമ്മൾ കരയും. ഐക്യനാടുകളിൽനിന്നുള്ള ലോറൽ സഹോദരി പറയുന്നു: “എന്റെ മോളെ നഷ്ടപ്പെട്ടപ്പോൾ അതിന്റെ വേദന എനിക്ക് ഒട്ടും താങ്ങാനായില്ല. എന്നെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയില്ലെന്നു തോന്നിപ്പോയി. സങ്കടംകൊണ്ട് എന്റെ ഹൃദയം പൊട്ടിപ്പോകുമെന്നു ഞാൻ ഓർത്തു.” *
2 മറ്റു ചില കാരണങ്ങൾകൊണ്ടും നമ്മൾ ചിലപ്പോൾ കരഞ്ഞേക്കാം. ജപ്പാനിലെ ഒരു മുൻനിരസേവികയായ ഹിരോമി സഹോദരി പറയുന്നു: “ബൈബിൾസന്ദേശം കേൾക്കാൻ ആളുകൾക്കു താത്പര്യമില്ലെന്നു കാണുമ്പോൾ ഇടയ്ക്കൊക്കെ എനിക്കു സങ്കടം വരാറുണ്ട്. ചിലപ്പോൾ ഞാൻ കണ്ണീരോടെ യഹോവയോടു പറയും, സത്യം അറിയാൻ ശരിക്കും ആഗ്രഹമുള്ളവരെ കണ്ടെത്താൻ സഹായിക്കണേ എന്ന്.”
3 ഈ സഹോദരിമാർക്കു തോന്നിയതുപോലെ നമ്മളിൽ പലർക്കും തോന്നാറുണ്ട്, ശരിയല്ലേ? (1 പത്രോ. 5:9) ‘സന്തോഷത്തോടെ യഹോവയെ സേവിക്കാനാണു’ നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷേ ചിലപ്പോൾ കണ്ണീരോടെയായിരിക്കും സേവിക്കുന്നത്. കാരണം പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുന്നതിന്റെ വേദനയോ നിരുത്സാഹമോ ദൈവത്തോടുള്ള വിശ്വസ്തതയെ പരിശോധിക്കുന്ന സാഹചര്യങ്ങളോ ഒക്കെ നമുക്കു നേരിട്ടേക്കാം. (സങ്കീ. 6:6; 100:2) ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ നമുക്ക് എന്തു ചെയ്യാം?
4. ഈ ലേഖനത്തിൽ നമ്മൾ എന്തായിരിക്കും പഠിക്കുന്നത്?
4 യേശുവിന്റെ ജീവിതത്തിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. ചില സന്ദർഭങ്ങളിൽ ശരിക്കും സങ്കടംകൊണ്ട് യേശുവിന്റെ ‘കണ്ണു നിറഞ്ഞൊഴുകിയതായി’ ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. (യോഹ. 11:35; ലൂക്കോ. 19:41; 22:44; എബ്രാ. 5:7) ആ സന്ദർഭങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. അതിൽനിന്ന്, യേശുവിനെക്കുറിച്ചും പിതാവായ യഹോവയെക്കുറിച്ചും എന്തു പഠിക്കാമെന്നും നമ്മൾ കാണും. കൂടാതെ, സങ്കടപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് എന്തു ചെയ്യാമെന്നും പഠിക്കും.
കൂട്ടുകാരെ ഓർത്ത് കരഞ്ഞു
5. യോഹന്നാൻ 11:32-36-ലെ വിവരണത്തിൽനിന്ന് യേശുവിനെക്കുറിച്ച് എന്തു മനസ്സിലാക്കാം?
5 എ.ഡി. 32-ലെ മഞ്ഞുകാലത്ത് യേശുവിന്റെ അടുത്ത കൂട്ടുകാരനായ ലാസർ അസുഖം വന്ന് മരിച്ചു. (യോഹ. 11:3, 14) ലാസറിനു രണ്ടു പെങ്ങന്മാരുണ്ടായിരുന്നു, മറിയയും മാർത്തയും. യേശുവിന് ഈ കുടുംബത്തെ ഒരുപാട് ഇഷ്ടമായിരുന്നു. തങ്ങൾ ഒത്തിരി സ്നേഹിച്ചിരുന്ന ആങ്ങള മരിച്ചപ്പോൾ ആ പെങ്ങന്മാർ ആകെ തകർന്നുപോയി. ലാസർ മരിച്ചശേഷമാണു യേശു അവരുടെ ഗ്രാമമായ ബഥാന്യയിലേക്കു പോകുന്നത്. യേശു വരുന്നെന്നു കേട്ട ഉടനെ മാർത്ത കാണാൻ ഓടിച്ചെന്നു. എത്ര സങ്കടത്തോടെയായിരിക്കും മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു” എന്നു പറഞ്ഞത്. (യോഹ. 11:21) അതു കഴിഞ്ഞ് മറിയയും മറ്റുള്ളവരും കരയുന്നതു കണ്ടപ്പോൾ യേശുവിന്റെയും “കണ്ണു നിറഞ്ഞൊഴുകി.”—യോഹന്നാൻ 11:32-36 വായിക്കുക.
6. യേശു എന്തുകൊണ്ടായിരിക്കും ആ സന്ദർഭത്തിൽ കരഞ്ഞത്?
6 എന്തുകൊണ്ടായിരിക്കും യേശു അപ്പോൾ കരഞ്ഞത്? തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “കൂട്ടുകാരനായ ലാസർ മരിച്ചതുകൊണ്ടും ലാസറിന്റെ പെങ്ങന്മാരുടെ സങ്കടം കണ്ടതുകൊണ്ടും യേശു ‘വല്ലാതെ അസ്വസ്ഥനായി. യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.’” * അസുഖം വന്നപ്പോൾ ലാസർ എത്ര വേദന സഹിച്ചിരിക്കാമെന്നും താൻ പെട്ടെന്നുതന്നെ മരിക്കുമെന്നു മനസ്സിലായപ്പോൾ ആ പ്രിയ കൂട്ടുകാരൻ എത്രമാത്രം വിഷമിച്ചിട്ടുണ്ടാകുമെന്നും യേശു ചിന്തിച്ചിരിക്കാം. ഇനി, തങ്ങളുടെ ആങ്ങള മരിച്ചപ്പോൾ മറിയയ്ക്കും മാർത്തയ്ക്കും എത്ര സങ്കടമായെന്നു കണ്ടതും യേശുവിനെ വിഷമിപ്പിച്ചിട്ടുണ്ട്. ഒരു അടുത്ത കൂട്ടുകാരനോ ഒരു കുടുംബാംഗമോ മരിച്ചപ്പോൾ നിങ്ങൾക്കും അതുപോലെ സങ്കടം തോന്നിക്കാണും. ഈ സംഭവത്തിൽനിന്നും നമുക്കു പഠിക്കാനാകുന്ന മൂന്നു പാഠങ്ങൾ നോക്കാം.
7. തന്റെ കൂട്ടുകാരെ ഓർത്ത് യേശു കണ്ണീരൊഴുക്കിയതിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു മനസ്സിലാക്കാം?
7 യഹോവയ്ക്കു നിങ്ങളുടെ സങ്കടം മനസ്സിലാകും. യേശു തന്റെ പിതാവിന്റെ ‘തനിപ്പകർപ്പാണ്.’ (എബ്രാ. 1:3) ലാസർ മരിച്ചപ്പോൾ കരഞ്ഞതിലൂടെ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമാകുമ്പോൾ യഹോവയ്ക്കു തോന്നുന്ന സങ്കടമാണു യേശു കാണിച്ചുതന്നത്. (യോഹ. 14:9) അതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കിൽ ഇക്കാര്യം ഓർക്കുക: യഹോവ നിങ്ങളുടെ സങ്കടം കാണുക മാത്രമല്ല നിങ്ങളുടെകൂടെ സങ്കടപ്പെടുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ തകർന്ന മനസ്സിന്റെ വേദന മാറ്റാൻ യഹോവ ആഗ്രഹിക്കുന്നു.—സങ്കീ. 34:18; 147:3.
8. നമ്മുടെ പ്രിയപ്പെട്ടവരെ യേശു തിരികെ ജീവനിലേക്കു കൊണ്ടുവരുമെന്നു നമുക്ക് എന്തുകൊണ്ട് വിശ്വസിക്കാം?
8 നിങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ യേശു ഒരുപാട് ആഗ്രഹിക്കുന്നു. യേശു കരയുന്നതിനു തൊട്ടുമുമ്പ് മാർത്തയ്ക്ക് ഈ ഉറപ്പുകൊടുത്തു: “നിന്റെ ആങ്ങള എഴുന്നേറ്റുവരും.” യേശു പറഞ്ഞതു മാർത്ത വിശ്വസിച്ചു. (യോഹ. 11:23-27) യഹോവയുടെ വിശ്വസ്തയായ ഒരു ആരാധികയായിരുന്ന മാർത്തയ്ക്ക്, നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവാചകന്മാരായ ഏലിയയും എലീശയും മരിച്ചവരെ ഉയിർപ്പിച്ച കാര്യം അറിയാമായിരുന്നു. (1 രാജാ. 17:17-24; 2 രാജാ. 4:32-37) ഇനി, യേശു ആളുകളെ ഉയിർപ്പിച്ചതിനെക്കുറിച്ചും മാർത്ത കേട്ടിട്ടുണ്ടായിരുന്നിരിക്കണം. (ലൂക്കോ. 7:11-15; 8:41, 42, 49-56) മരിച്ചുപോയ പ്രിയപ്പെട്ടവരെ കാണാനാകുമെന്നു നിങ്ങൾക്കും വിശ്വസിക്കാം. കാരണം മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാൻവേണ്ടി യേശു കാത്തിരിക്കുകയാണ്. ലാസർ മരിച്ചപ്പോൾ സങ്കടത്തിലായ തന്റെ കൂട്ടുകാരെ ആശ്വസിപ്പിക്കുന്ന സമയത്ത് യേശു കരഞ്ഞതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം.
9. യേശുവിനെപ്പോലെ വേർപാടിന്റെ വേദന അനുഭവിക്കുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാം? ഒരു ഉദാഹരണം പറയുക.
9 വേർപാടിന്റെ വേദനയിലായിരിക്കുന്നവരെ സഹായിക്കുക. യേശു മാർത്തയുടെയും മറിയയുടെയും കൂടെ കരയുക മാത്രമല്ല ചെയ്തത്. അവർക്കു പറയാനുള്ളതു കേൾക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരുടെ കാര്യത്തിൽ നമുക്കും അതുതന്നെ ചെയ്യാം. ഓസ്ട്രേലിയയിൽ താമസിക്കുന്ന ഡാൻ എന്നു പേരുള്ള ഒരു മൂപ്പൻ പറയുന്നു: “എന്റെ ഭാര്യ മരിച്ചുകഴിഞ്ഞപ്പോൾ എനിക്കു മറ്റുള്ളവരുടെ സഹായം വേണമായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഞാൻ പറയുന്നതെല്ലാം കേട്ടിരിക്കാൻ പല സഹോദരങ്ങളും തയ്യാറായി. പലപ്പോഴും ഞാൻ അവരുടെ മുന്നിൽ ഇരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. അവർ എന്റെ കാറു കഴുകാനും സാധനങ്ങൾ വാങ്ങിത്തരാനും ഭക്ഷണം ഉണ്ടാക്കാനും ഒക്കെ മനസ്സോടെ മുന്നോട്ടുവന്നു. ചിലപ്പോഴൊക്കെ തനിയെ അതൊന്നും ചെയ്യാൻ എനിക്കു പറ്റില്ലായിരുന്നു. ഇനി, മിക്കപ്പോഴും അവർ എന്റെകൂടെ ഇരുന്ന് പ്രാർഥിക്കുമായിരുന്നു. അങ്ങനെ അവർ യഥാർഥ സ്നേഹിതരും ‘കഷ്ടതകളുടെ സമയത്ത്’ കൂടപ്പിറപ്പും ആണെന്നു തെളിയിച്ചു.”—സുഭാ. 17:17.
അയൽക്കാരെ ഓർത്ത് കരഞ്ഞു
10. ലൂക്കോസ് 19:36-40-ൽ ഏതു സംഭവത്തെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്, തുടർന്ന് എന്തു സംഭവിച്ചു?
10 എ.ഡി. 33 നീസാൻ 9-ന് യേശു യരുശലേമിൽ എത്തി. യേശു നഗരത്തിന് അടുത്ത് എത്തിയപ്പോൾ ആളുകൾ യേശുവിനെ തങ്ങളുടെ രാജാവായി സ്വീകരിക്കാൻവേണ്ടി അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. (ലൂക്കോസ് 19:36-40 വായിക്കുക.) എന്നാൽ ശിഷ്യന്മാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണു തുടർന്ന് സംഭവിച്ചത്. “യേശു നഗരത്തിന് അടുത്ത് എത്തിയപ്പോൾ അതിനെ നോക്കി കരഞ്ഞു.” എന്നിട്ട്, നിറകണ്ണുകളോടെ യരുശലേമിലെ ആളുകൾക്കു സംഭവിക്കാൻപോകുന്ന ദുരന്തത്തെക്കുറിച്ച് പറഞ്ഞു.—ലൂക്കോ. 19:41-44.
11. യരുശലേമിൽ താമസിക്കുന്നവരെ ഓർത്ത് യേശു കരഞ്ഞത് എന്തുകൊണ്ടാണ്?
11 യേശുവിന്റെ മനസ്സു വേദനിക്കാൻ കാരണമുണ്ടായിരുന്നു. കാര്യം അവർ തന്നെ സന്തോഷത്തോടെ സ്വീകരിക്കുന്നുണ്ടെങ്കിലും അവിടെയുള്ള ജൂതന്മാരിൽ മിക്കവരും ദൈവരാജ്യസന്ദേശം കേൾക്കാനോ അതനുസരിച്ച് പ്രവർത്തിക്കാനോ തയ്യാറാകില്ലെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ യരുശലേം നശിപ്പിക്കപ്പെടുകയും ആരെങ്കിലും ആ നാശത്തെ അതിജീവിച്ചാൽ അവർ ബന്ദികളായി പോകേണ്ടിവരുകയും ചെയ്യുമായിരുന്നു. (ലൂക്കോ. 21:20-24) യേശു പറഞ്ഞതുപോലെതന്നെ മിക്കവരും യേശുവിനെ തള്ളിക്കളഞ്ഞു. നിങ്ങളുടെ പ്രദേശത്ത് മിക്ക ആളുകളും ദൈവരാജ്യസന്ദേശത്തോട് എങ്ങനെയാണു പ്രതികരിക്കുന്നത്? വളരെ കുറച്ച് പേർ മാത്രമേ സത്യം സ്വീകരിക്കാൻ തയ്യാറാകുന്നുള്ളോ? എങ്കിൽ യേശുവിന്റെ കണ്ണീരിൽനിന്ന് നിങ്ങൾക്കു ചില കാര്യങ്ങൾ പഠിക്കാനാകും. മൂന്നു പാഠങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
12. തന്റെ അയൽക്കാരെ ഓർത്ത് യേശു കരഞ്ഞതിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
12 യഹോവയ്ക്ക് ആളുകളെക്കുറിച്ച് ചിന്തയുണ്ട്. യേശു കരഞ്ഞതിൽനിന്നും യഹോവയ്ക്ക് ആളുകളെക്കുറിച്ച് എത്രമാത്രം ചിന്തയുണ്ടെന്നു നമുക്കു മനസ്സിലാക്കാം. ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാനാണു ദൈവം ആഗ്രഹിക്കുന്നത്.’ (2 പത്രോ. 3:9) ദൈവരാജ്യത്തിന്റെ സന്തോഷവാർത്തയെക്കുറിച്ച് പഠിക്കാൻ ആളുകളെ സഹായിക്കുന്നതിനു നമുക്കു കഴിവിന്റെ പരമാവധി ശ്രമിക്കാം. അങ്ങനെ അയൽക്കാരോടു സ്നേഹമുണ്ടെന്നു നമുക്കും തെളിയിക്കാം.—മത്താ. 22:39. *
13-14. യേശു എങ്ങനെയാണ് ആളുകളോട് അനുകമ്പ കാണിച്ചത്, നമുക്ക് എങ്ങനെ ആ ഗുണം വളർത്തിയെടുക്കാം?
13 പ്രസംഗപ്രവർത്തനത്തിൽ യേശു കഠിനാധ്വാനം ചെയ്തു. കിട്ടുന്ന എല്ലാ അവസരങ്ങളിലും ആളുകളെ പഠിപ്പിക്കാൻ തയ്യാറായിക്കൊണ്ട് അവരോടു സ്നേഹമുണ്ടെന്നു യേശു തെളിയിച്ചു. (ലൂക്കോ. 19:47, 48) എന്താണ് അതിനു പ്രേരിപ്പിച്ചത്? ആളുകളോടു തോന്നിയ അനുകമ്പ. ചില സന്ദർഭങ്ങളിൽ ഒരുപാടു പേർ യേശു പറയുന്നതു കേൾക്കാൻ വന്നിട്ട് യേശുവിനും ശിഷ്യന്മാർക്കും ‘ഭക്ഷണം കഴിക്കാൻപോലും പറ്റിയില്ല.’ (മർക്കോ. 3:20) ഇനി, ഒരു മനുഷ്യൻ രാത്രിയിൽ സംസാരിക്കാൻ ആഗ്രഹിച്ചപ്പോൾ യേശു അതിനും തയ്യാറായി. (യോഹ. 3:1, 2) യേശു പറയുന്നതു കേൾക്കാൻ മനസ്സുകാണിച്ച മിക്കവരും ശിഷ്യന്മാരായിത്തീർന്നില്ല. എന്നാൽ അവർക്കെല്ലാവർക്കും ദൈവരാജ്യസന്ദേശം കേൾക്കാനുള്ള അവസരം കിട്ടി. ഇന്നും എല്ലാവരോടും സന്തോഷവാർത്ത അറിയിച്ചുകൊണ്ട് സമഗ്രമായി സാക്ഷീകരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. (പ്രവൃ. 10:42) അതിനു പ്രസംഗപ്രവർത്തനം ചെയ്യുന്ന രീതികൾക്കു നമ്മൾ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം.
14 വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാകുക. നമ്മൾ എപ്പോഴും ഒരേ സമയത്തുതന്നെയാണു പ്രസംഗപ്രവർത്തനം ചെയ്യുന്നതെങ്കിൽ ബൈബിൾ പഠിക്കാൻ താത്പര്യമുള്ള ചിലരെ കണ്ടെത്താൻ കഴിയാതെവന്നേക്കാം. മെറ്റിൽഡ എന്നു പേരുള്ള ഒരു മുൻനിരസേവിക പറയുന്നു: “ഞാനും ഭർത്താവും വ്യത്യസ്ത സമയങ്ങളിൽ ആളുകളെ കണ്ടെത്താൻ ശ്രമിക്കുന്നു. അതിരാവിലെ ഞങ്ങൾ ബിസിനെസ്സ് മേഖലകളിൽ പ്രവർത്തിക്കും. ഉച്ചയാകുമ്പോഴേക്കും പൊതുവേ ആളുകളെ വഴിയിലൊക്കെ കാണാനാകുന്നതുകൊണ്ട് ആ സമയത്ത് ഞങ്ങൾ സാഹിത്യകൈവണ്ടി ഉപയോഗിച്ച് സാക്ഷീകരിക്കും. വൈകുന്നേരമാണു വീടുതോറും പോകുന്നത്. കാരണം അപ്പോൾ ആളുകളെ വീടുകളിൽ കാണാറുണ്ട്.” നമ്മുടെ സൗകര്യം നോക്കി പ്രസംഗപ്രവർത്തനം ചെയ്യുന്നതിനു പകരം കൂടുതൽ ആളുകളെ കണ്ടെത്താൻ കഴിയുന്ന സമയത്ത് അതു ചെയ്യാൻ തയ്യാറാകണം. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവയ്ക്കു സന്തോഷമാകും.
പിതാവിന്റെ പേരിനെ ഓർത്ത് കരഞ്ഞു
15. ലൂക്കോസ് 22:39-44 അനുസരിച്ച് യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള രാത്രിയിൽ എന്തു സംഭവിച്ചു?
15 എ.ഡി. 33 നീസാൻ 14-ാം തീയതി രാത്രി യേശു ഗത്ത്ശെമന തോട്ടത്തിലേക്കു പോയി, അവിടെവെച്ച് യഹോവയോടു പ്രാർഥിച്ചു. (ലൂക്കോസ് 22:39-44 വായിക്കുക.) യേശു ‘ഉറക്കെ നിലവിളിച്ചും കണ്ണീരൊഴുക്കിയും കൊണ്ട് ഉള്ളുരുകി പ്രാർഥിച്ചത്’ ആ സമയത്താണ്. (എബ്രാ. 5:7) മരണത്തിനു തൊട്ടുമുമ്പുള്ള ആ രാത്രിയിൽ എന്തിനുവേണ്ടിയാണ് യേശു പ്രാർഥിച്ചത്? യഹോവയോടു വിശ്വസ്തനായി നിൽക്കാനും യഹോവയുടെ ഇഷ്ടം ചെയ്യാനും ഉള്ള ശക്തിക്കുവേണ്ടി. തന്റെ മകന്റെ ആത്മാർഥതയോടെയുള്ള പ്രാർഥന കേട്ട യഹോവ ഒരു ദൂതനെ അയച്ച് യേശുവിനെ ശക്തിപ്പെടുത്തി.
16. ഗത്ത്ശെമന തോട്ടത്തിൽവെച്ച് പ്രാർഥിക്കുമ്പോൾ എന്തുകൊണ്ടാണ് യേശു കരഞ്ഞത്?
16 ഗത്ത്ശെമന തോട്ടത്തിൽവെച്ച് പ്രാർഥിക്കുമ്പോൾ യേശു കരഞ്ഞുപോയി. അതിനു പല കാരണങ്ങളുണ്ടായിരുന്നു. ഒന്ന്, ഒരു ദൈവനിന്ദകനായി ആളുകൾ തന്നെ കാണുമല്ലോ എന്ന ചിന്ത യേശുവിനു സഹിക്കാനായില്ല. രണ്ട്, വലിയൊരു ഉത്തരവാദിത്വമാണു തന്റെ മേൽ ഉള്ളതെന്നു യേശുവിന് അറിയാമായിരുന്നു, അതായത് യഹോവയോടു വിശ്വസ്തനായി നിന്നുകൊണ്ട് ദൈവത്തിന്റെ സത്പേരിനു വന്നിരിക്കുന്ന കളങ്കം ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം. നിങ്ങൾ ഇപ്പോൾ, യഹോവയോടുള്ള നിങ്ങളുടെ വിശ്വസ്തത പരിശോധിക്കുന്ന ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണോ? എങ്കിൽ യേശു കരഞ്ഞതിൽനിന്ന് നിങ്ങൾക്കു ചിലതു പഠിക്കാനാകും. മൂന്നു പാഠങ്ങളെക്കുറിച്ച് ഇപ്പോൾ നോക്കാം.
17. യേശുവിന്റെ ആത്മാർഥമായ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തതിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
17 നിങ്ങളുടെ ഉള്ളുരുകിയുള്ള പ്രാർഥന യഹോവ കേൾക്കുന്നു. യേശു ആത്മാർഥമായി അപേക്ഷിച്ചപ്പോൾ യഹോവ അതു കേട്ടു. കാരണം തന്റെ പിതാവിനോടു വിശ്വസ്തനായി നിൽക്കുകയും പിതാവിന്റെ പേരിനു വന്നിരിക്കുന്ന കളങ്കം ഇല്ലാതാക്കുകയും ചെയ്യുക എന്നതായിരുന്നു യേശുവിന്റെ പ്രധാനലക്ഷ്യം. നമ്മുടെയും പ്രധാനലക്ഷ്യം അതുതന്നെയാണെങ്കിൽ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുമ്പോൾ യഹോവ അതിന് ഉത്തരം തരും.—സങ്കീ. 145:18, 19.
18. നമ്മുടെ അവസ്ഥ മനസ്സിലാക്കുന്ന ഒരു സുഹൃത്തിനെപ്പോലെയാണ് യേശു എന്നു പറയാവുന്നത് എന്തുകൊണ്ട്?
18 നമ്മുടെ അവസ്ഥ യേശുവിനു ശരിക്കും മനസ്സിലാകും. നമ്മൾ വലിയ പ്രയാസത്തിലായിരിക്കുമ്പോൾ നമ്മുടെ വിഷമം ശരിക്കും മനസ്സിലാക്കുന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ടായിരിക്കുന്നത് എത്ര ആശ്വാസമാണല്ലേ? പ്രത്യേകിച്ച് ആ വ്യക്തി നമ്മുടേതുപോലുള്ള പ്രയാസങ്ങൾ അനുഭവിച്ചിട്ടുള്ള ഒരാളാണെങ്കിൽ അദ്ദേഹത്തിനു നമ്മുടെ വിഷമം മനസ്സിലാക്കാൻ എളുപ്പമായിരിക്കും. യേശു അങ്ങനെയുള്ള ഒരു സുഹൃത്താണ്. പ്രതിസന്ധികളുണ്ടാകുമ്പോൾ നമ്മൾ തളർന്നുപോയേക്കാമെന്നും നമുക്കു സഹായം വേണമെന്നും യേശുവിന് അറിയാം. “സഹായം ആവശ്യമുള്ള സമയത്തുതന്നെ” നമുക്ക് അതു കിട്ടുന്നെന്നു യേശു ഉറപ്പുവരുത്തുകയും ചെയ്യും. (എബ്രാ. 4:15, 16) ഗത്ത്ശെമന തോട്ടത്തിൽവെച്ച് ഒരു ദൈവദൂതൻ നൽകിയ സഹായം യേശു സ്വീകരിച്ചു. അതുപോലെ യഹോവ തരുന്ന സഹായം സ്വീകരിക്കാൻ നമ്മളും തയ്യാറാകണം. അതു ചിലപ്പോൾ ഒരു പ്രസിദ്ധീകരണത്തിലൂടെയോ വീഡിയോയിലൂടെയോ പ്രസംഗത്തിലൂടെയോ ലഭിച്ചേക്കാം. അതല്ലെങ്കിൽ ഒരു മൂപ്പനോ സഹോദരങ്ങളിൽ ആരെങ്കിലുമോ നമ്മളെ സന്ദർശിക്കുന്നതിലൂടെയായിരിക്കാം കിട്ടുന്നത്.
19. പരിശോധനകളെ നേരിടാനുള്ള ശക്തി കിട്ടാൻ നിങ്ങൾക്ക് എന്തു ചെയ്യാം? ഒരു ഉദാഹരണം പറയുക.
19 യഹോവ നിങ്ങൾക്ക് ‘സമാധാനം’ തരും. യഹോവ എങ്ങനെയാണു നമ്മളെ ശക്തിപ്പെടുത്തുന്നത്? നമ്മൾ പ്രാർഥിക്കുമ്പോൾ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” തന്നുകൊണ്ട്. (ഫിലി. 4:6, 7) യഹോവ തരുന്ന ആ സമാധാനം നമ്മുടെ മനസ്സിനെ ശാന്തമാക്കും, ശരിയായി ചിന്തിക്കാൻ സഹായിക്കുകയും ചെയ്യും. അക്കാര്യം അനുഭവിച്ചറിഞ്ഞ ഒരാളാണു ലോയിസ്. സഹോദരി പറയുന്നു: “ഞാൻ ഒറ്റയ്ക്കാണല്ലോ എന്ന് എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. അങ്ങനെവരുമ്പോൾ യഹോവ എന്നെ സ്നേഹിക്കുന്നില്ല എന്നൊക്ക ഞാൻ ചിന്തിച്ചുപോകും. പക്ഷേ അപ്പോൾത്തന്നെ ഞാൻ യഹോവയോട് അതെക്കുറിച്ച് പറയും. അങ്ങനെ പ്രാർഥിച്ച് കഴിയുമ്പോൾ മനസ്സു ശാന്തമാകുന്നു.” പ്രാർഥിക്കുന്നതിലൂടെ നമുക്കും സമാധാനം നേടാനാകുമെന്നാണു സഹോദരിയുടെ അനുഭവം കാണിക്കുന്നത്.
20. യേശു കരഞ്ഞ മൂന്നു സന്ദർഭങ്ങളിൽനിന്ന് നമ്മൾ എന്തെല്ലാം പാഠങ്ങളാണു പഠിച്ചത്?
20 യേശു കരഞ്ഞ ആ മൂന്നു സന്ദർഭങ്ങളിൽനിന്നും നമുക്ക് ആശ്വാസം തരുന്നതും ജീവിതത്തിൽ പകർത്താവുന്നതും ആയ എന്തെല്ലാം പാഠങ്ങളാണു നമ്മൾ പഠിച്ചത്? പ്രിയപ്പെട്ടവർ മരിച്ചുപോകുമ്പോൾ യഹോവയും യേശുവും നമ്മളെ സഹായിക്കുമെന്നും അത്തരം വേദന അനുഭവിക്കുന്ന മറ്റുള്ളവരെ സഹായിക്കാൻ നമ്മളും തയ്യാറാകണമെന്നും നമ്മൾ പഠിച്ചു. യഹോവയുടെയും യേശുവിന്റെയും അനുകമ്പയെക്കുറിച്ച് പഠിച്ചത് ആളുകളോട് സന്തോഷവാർത്ത അറിയിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുമ്പോൾ അനുകമ്പ കാണിക്കാൻ നമുക്ക് ഒരു പ്രോത്സാഹനമായി. യഹോവയും ദൈവത്തിന്റെ പ്രിയ മകനും നമ്മുടെ വിഷമങ്ങൾ മനസ്സിലാക്കുന്നുണ്ട്, നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുന്നുണ്ട്, സഹിച്ചുനിൽക്കുന്നതിനു നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നൊക്കെ അറിഞ്ഞത് എത്ര ആശ്വാസമായി! നമ്മുടെ “കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും” എന്ന വാഗ്ദാനം യഹോവ പെട്ടെന്നുതന്നെ നിറവേറ്റും. അതുവരെ ഈ ലേഖനത്തിലൂടെ പഠിച്ച പാഠങ്ങൾ നമുക്കു ജീവിതത്തിൽ പ്രാവർത്തികമാക്കാം.—വെളി. 21:4.
ഗീതം 120 യേശുവിന്റെ സൗമ്യത അനുകരിക്കുക
^ യേശു ഇടയ്ക്കൊക്കെ കരഞ്ഞതിനെക്കുറിച്ച് ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. അത്തരം മൂന്നു സന്ദർഭങ്ങളെക്കുറിച്ചും നമുക്ക് അതിൽനിന്ന് എന്തു പഠിക്കാമെന്നും ഈ ലേഖനത്തിലൂടെ കാണും.
^ ചില പേരുകൾക്കു മാറ്റമുണ്ട്.
^ തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2 പേജ് 69 കാണുക.
^ മത്തായി 22:39-ൽ “അയൽക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം അടുത്ത് താമസിക്കുന്ന ആളെ മാത്രമല്ല ഉദ്ദേശിക്കുന്നത്. ഒരാൾ ഏതെല്ലാം വ്യക്തികളുമായി ഇടപെടുന്നോ അവരെല്ലാം അയാളുടെ അയൽക്കാരാണ്.
^ ചിത്രക്കുറിപ്പ്: മറിയയെയും മാർത്തയെയും യേശു ആശ്വസിപ്പിച്ചു. വേർപാടിന്റെ വേദന അനുഭവിക്കുന്നവർക്കുവേണ്ടി നമുക്കും അതുതന്നെ ചെയ്യാം.
^ ചിത്രക്കുറിപ്പ്: രാത്രിയിൽ നിക്കോദേമൊസിനെ പഠിപ്പിക്കാൻ യേശു തയ്യാറായി. അതുപോലെ, ആളുകൾക്കു സൗകര്യമുള്ള സമയത്ത് നമ്മൾ അവരെ ബൈബിൾ പഠിപ്പിക്കണം.
^ ചിത്രക്കുറിപ്പ്: യഹോവയോടു വിശ്വസ്തനായി തുടരാനുള്ള ശക്തിക്കുവേണ്ടി യേശു പ്രാർഥിച്ചു. പരിശോധനകൾ ഉണ്ടാകുമ്പോൾ നമ്മളും അതുതന്നെ ചെയ്യണം.