വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 5

“സമയം ഏറ്റവും നന്നായി ഉപയോഗിക്കുക”

“സമയം ഏറ്റവും നന്നായി ഉപയോഗിക്കുക”

“നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെ. 5:15, 16.

ഗീതം 8 യഹോവ നമുക്ക്‌ അഭയം

ചുരുക്കം *

1. നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാം?

 ഇഷ്ടമു​ള്ള​വ​രു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാൻ നമു​ക്കെ​ല്ലാം സന്തോ​ഷ​മാണ്‌. നല്ല അടുപ്പ​വും സ്‌നേ​ഹ​വും ഉള്ള ദമ്പതികൾ ഏറ്റവും ആഗ്രഹി​ക്കു​ന്നതു തന്റെ ഇണയോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാ​നാ​യി​രി​ക്കും. ചെറു​പ്പ​ക്കാർക്കാ​ണെ​ങ്കിൽ അവരുടെ കൂട്ടു​കാ​രു​ടെ​കൂ​ടെ​യാ​യി​രി​ക്കാൻ വലിയ ഇഷ്ടമാണ്‌. ഇനി, നമുക്ക്‌ എല്ലാവർക്കും ഇഷ്ടമുള്ള കാര്യ​മാ​ണു നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ​യാ​യി​രി​ക്കു​ന്നത്‌. എന്നാൽ അതി​നെ​ക്കാ​ളെ​ല്ലാം പ്രാധാ​ന്യ​മു​ള്ള​താ​യി നമ്മൾ കാണുന്ന ഒന്നുണ്ട്‌, നമ്മുടെ ദൈവ​ത്തി​ന്റെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്നത്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ദൈവ​ത്തോ​ടു പ്രാർഥി​ക്കുക, ദൈവ​വ​ചനം വായി​ക്കുക, ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും മനോ​ഹ​ര​മായ ഗുണങ്ങ​ളെ​യും കുറിച്ച്‌ ആഴത്തിൽ ചിന്തി​ക്കുക. യഹോ​വ​യു​ടെ​കൂ​ടെ നമ്മൾ ചെലവ​ഴി​ക്കുന്ന ഓരോ നിമി​ഷ​വും വളരെ വില​പ്പെ​ട്ട​താണ്‌!—സങ്കീ. 139:17.

2. നമു​ക്കെ​ല്ലാം ഏതു പ്രശ്‌നം നേരി​ടു​ന്നു​ണ്ടാ​കാം?

2 യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാൻ നമു​ക്കൊ​ക്കെ ഇഷ്ടമാ​ണെ​ങ്കി​ലും പലപ്പോ​ഴും അത്‌ അത്ര എളുപ്പമല്ല. നമ്മു​ടെ​യൊ​ക്കെ ജീവിതം വളരെ തിരക്കു​ള്ള​താണ്‌. അതു​കൊ​ണ്ടു​തന്നെ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി സമയം മാറ്റി​വെ​ക്കാൻ നമ്മളൊ​ക്കെ ബുദ്ധി​മു​ട്ടു​ന്നു. ജോലി, കുടും​ബോ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ, ചെയ്യേ​ണ്ട​തായ മറ്റു കാര്യങ്ങൾ എന്നിവ​യെ​ല്ലാം നമ്മുടെ ഒരുപാ​ടു സമയം കവർന്നെ​ടു​ക്കു​ന്നു​ണ്ടാ​യി​രി​ക്കും. അതു​കൊണ്ട്‌ പ്രാർഥി​ക്കാ​നും ബൈബിൾ വായി​ക്കാ​നും ധ്യാനി​ക്കാ​നും ഒന്നും തീരെ സമയമി​ല്ലെന്നു നമുക്കു ചില​പ്പോൾ തോന്നി​യേ​ക്കാം.

3. നമ്മുടെ സമയം കവർന്നേ​ക്കാ​വുന്ന മറ്റൊരു കാര്യം ഏതാണ്‌?

3 ഇനി, നമ്മൾപോ​ലും അറിയാ​തെ നമ്മുടെ വിലപ്പെട്ട സമയം കവർന്നെ​ടു​ത്തേ​ക്കാ​വുന്ന ചില പ്രവർത്ത​ന​ങ്ങ​ളുണ്ട്‌. അവ തെറ്റായ പ്രവർത്ത​ന​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്നില്ല. എന്നാൽ ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ യഹോ​വ​യു​മാ​യി കൂടുതൽ അടുക്കാ​നുള്ള നമ്മുടെ സമയമാ​യി​രി​ക്കും നമ്മൾ അതിലൂ​ടെ നഷ്ടപ്പെ​ടു​ത്തു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, വിനോ​ദം. നമു​ക്കെ​ല്ലാം കുറ​ച്ചൊ​ക്കെ വിനോ​ദം ആവശ്യ​മാണ്‌. എന്നാൽ സൂക്ഷി​ച്ചി​ല്ലെ​ങ്കിൽ നല്ല വിനോ​ദ​ങ്ങൾപോ​ലും നമ്മുടെ ഒത്തിരി സമയം കവർന്നെ​ടു​ക്കും. പിന്നെ ആത്മീയ​പ്ര​വർത്ത​ന​ങ്ങൾക്കു സമയം കാണില്ല. അതു​കൊണ്ട്‌ വിനോ​ദമല്ല ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​മെന്നു നമ്മൾ ഓർക്കണം.—സുഭാ. 25:27; 1 തിമൊ. 4:8.

4. നമ്മൾ ഈ ലേഖന​ത്തിൽ എന്തു പഠിക്കും?

4 ഈ ലേഖന​ത്തിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌? ഒന്ന്‌, നമ്മൾ ശരിയായ മുൻഗ​ണ​ന​കൾവെച്ച്‌ പ്രവർത്തി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? രണ്ട്‌, യഹോ​വ​യോ​ടൊ​പ്പ​മുള്ള സമയം നമുക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം? മൂന്ന്‌, നമ്മുടെ സമയം ഈ വിധത്തിൽ നന്നായി ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കുക, ശരിയായ മുൻഗ​ണ​നകൾ വെക്കുക

5. എഫെസ്യർ 5:15-17-ൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ ഒരു ചെറു​പ്പ​ക്കാ​രനെ എങ്ങനെ സഹായി​ക്കും?

5 ജീവി​തം​കൊണ്ട്‌ എന്തു ചെയ്യു​മെന്ന കാര്യ​ത്തിൽ ഏറ്റവും നല്ല തീരു​മാ​ന​മെ​ടു​ക്കുക. ജീവിതം എങ്ങനെ ഉപയോ​ഗി​ക്കണം എന്നതി​നെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർ പൊതു​വേ ചിന്തയു​ള്ള​വ​രാണ്‌. അധ്യാ​പ​ക​രും യഹോ​വ​യു​ടെ സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്ക​ളും ഉന്നതവി​ദ്യാ​ഭ്യാ​സം നേടാ​നും നല്ലൊരു ജോലി​യും ഇഷ്ടം​പോ​ലെ പണവും സമ്പാദി​ക്കാ​നും ഒക്കെയാ​യി​രി​ക്കാം അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ഉന്നതവി​ദ്യാ​ഭ്യാ​സം തിര​ഞ്ഞെ​ടു​ത്താൽ അതിനു​വേണ്ടി കുറെ സമയം ചെലവ​ഴി​ക്കേ​ണ്ടി​വ​രും. അതേസ​മയം വിശ്വാ​സ​ത്തി​ലുള്ള മാതാ​പി​താ​ക്ക​ളും കൂട്ടു​കാ​രും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ ദൈവ​സേ​വ​ന​ത്തി​നു​വേണ്ടി തങ്ങളുടെ ജീവിതം വിട്ടു​കൊ​ടു​ക്കാ​നാ​യി​രി​ക്കും. എന്നാൽ ഏറ്റവും നല്ലൊരു തീരു​മാ​ന​മെ​ടു​ക്കാൻ യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​രനെ എന്തു സഹായി​ക്കും? എഫെസ്യർ 5:15-17 വായിച്ച്‌ അതെക്കു​റിച്ച്‌ നന്നായി ചിന്തി​ക്കു​ന്നതു പ്രയോ​ജനം ചെയ്യും. (വായി​ക്കുക.) ഈ വാക്യങ്ങൾ വായി​ച്ചിട്ട്‌ ഒരു ചെറു​പ്പ​ക്കാ​രനു തന്നോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘എന്താണ്‌ “യഹോ​വ​യു​ടെ ഇഷ്ടം?” ഞാൻ എന്തു തീരു​മാ​ന​മെ​ടു​ത്താൽ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും? എനിക്ക്‌ എങ്ങനെ എന്റെ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം?’ ഓർക്കുക, “കാലം ദുഷി​ച്ച​താണ്‌.” സാത്താൻ ഭരിക്കുന്ന ഈ ലോകം പെട്ടെ​ന്നു​തന്നെ അവസാ​നി​ക്കും. അതു​കൊണ്ട്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ നമ്മുടെ ജീവിതം ഉപയോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും ബുദ്ധി.

6. എന്തു ചെയ്യാ​നാ​ണു മറിയ തീരു​മാ​നി​ച്ചത്‌, അതു നല്ലൊരു തീരു​മാ​ന​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

6 ശരിയായ മുൻഗ​ണ​നകൾ വെക്കുക. ചില​പ്പോൾ നമുക്കു രണ്ടു കാര്യങ്ങൾ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. രണ്ടും തെറ്റുമല്ല. എന്നാൽ സമയം നന്നായി ഉപയോ​ഗി​ക്കു​ന്ന​തിന്‌ അതിൽ ഒന്നു തിര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അതു മനസ്സി​ലാ​ക്കാൻ ഒരു ബൈബിൾവി​വ​രണം നോക്കാം. യേശു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും വീട്ടിൽ പോയ സന്ദർഭ​മാണ്‌ അത്‌. യേശു വീട്ടിൽ വന്നതിൽ അവർക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി. അതു​കൊണ്ട്‌ അതിഥി​പ്രി​യ​യായ മാർത്ത​യു​ടെ ശ്രദ്ധ മുഴുവൻ യേശു​വി​നു​വേണ്ടി വിഭവ​സ​മൃ​ദ്ധ​മായ ഭക്ഷണം ഒരുക്കു​ന്ന​തി​ലാ​യി​രു​ന്നു. എന്നാൽ മാർത്ത​യു​ടെ സഹോ​ദ​രി​യായ മറിയ ആ സമയത്ത്‌ യേശു​വി​ന്റെ കാൽക്കൽ ഇരുന്ന്‌ പഠിക്കാ​നാ​ണു തീരു​മാ​നി​ച്ചത്‌. മാർത്ത ചെയ്‌തതു തെറ്റല്ലാ​യി​രു​ന്നു. പക്ഷേ യേശു പറഞ്ഞത്‌, മറിയ “നല്ല പങ്കു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു” എന്നാണ്‌. (ലൂക്കോ. 10:38-42) അന്നത്തെ ഭക്ഷണം എന്തായി​രു​ന്നെന്നു കുറെ​ക്കാ​ലം കഴിഞ്ഞ​പ്പോൾ മറിയ മറന്നു​പോ​യി​ക്കാ​ണും. പക്ഷേ യേശു​വിൽനിന്ന്‌ കേട്ട്‌ പഠിച്ച കാര്യങ്ങൾ മറിയ ഒരിക്ക​ലും മറന്നി​ല്ലെന്ന്‌ ഉറപ്പാണ്‌. യേശു​വി​ന്റെ​കൂ​ടെ​യാ​യി​രി​ക്കാൻ കിട്ടിയ അവസരത്തെ വളരെ വില​പ്പെ​ട്ട​താ​യി മറിയ കണ്ടതു​പോ​ലെ യഹോ​വ​യു​ടെ​കൂ​ടെ​യാ​യി​രി​ക്കാ​നുള്ള അവസരത്തെ അമൂല്യ​മാ​യി നമുക്കും കാണാം. യഹോ​വ​യോ​ടൊ​പ്പ​മുള്ള സമയം നമുക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം?

യഹോ​വ​യു​ടെ​കൂ​ടെ​യുള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുക

7. പ്രാർഥി​ക്കാ​നും പഠിക്കാ​നും ധ്യാനി​ക്കാ​നും വേണ്ടി സമയം മാറ്റി​വെ​ക്കു​ന്നതു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 പ്രാർഥി​ക്കു​ന്ന​തും പഠിക്കു​ന്ന​തും ധ്യാനി​ക്കു​ന്ന​തും നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാ​ണെന്ന്‌ ഓർക്കുക. പ്രാർഥി​ക്കു​മ്പോൾ നമ്മളെ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന നമ്മുടെ സ്വർഗീ​യ​പി​താ​വു​മാ​യി നമ്മൾ സംസാ​രി​ക്കു​ക​യാണ്‌. (സങ്കീ. 5:7) ബൈബിൾ പഠിക്കു​മ്പോൾ നമ്മൾ ഏറ്റവും വലിയ ജ്ഞാനി​യായ ദൈവ​ത്തിൽനിന്ന്‌ പഠിക്കു​ക​യാണ്‌. (സുഭാ. 2:1-5) ഇനി, പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​മ്പോൾ യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങ​ളെ​ക്കു​റി​ച്ചും നമുക്കു​വേ​ണ്ടി​യും മുഴു​മ​നു​ഷ്യർക്കു​വേ​ണ്ടി​യും ദൈവം ചെയ്യാൻപോ​കുന്ന അത്ഭുത​ക​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കു​ക​യാണ്‌. നമ്മുടെ സമയം ഉപയോ​ഗിച്ച്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യ​ങ്ങ​ളല്ലേ ഇവ? എന്നാൽ നമുക്ക്‌ അത്‌ എങ്ങനെ ഏറ്റവും നന്നായി ചെയ്യാം?

പഠിക്കാൻവേണ്ടി ശാന്തമാ​യൊ​രു സ്ഥലം കണ്ടെത്താൻ നിങ്ങൾക്കാ​കു​മോ? (8-9 ഖണ്ഡികകൾ കാണുക)

8. യേശു വിജന​ഭൂ​മി​യിൽ സമയം ചെലവ​ഴി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 കഴിയു​മെ​ങ്കിൽ ശാന്തമായ ഒരിടം കണ്ടെത്തുക. യേശു ചെയ്‌തത്‌ എന്താ​ണെന്നു നോക്കുക. ഭൂമി​യി​ലെ തന്റെ ശുശ്രൂഷ തുടങ്ങു​ന്ന​തി​നു മുമ്പ്‌ യേശു 40 ദിവസം വിജന​ഭൂ​മി​യിൽ ചെലവ​ഴി​ച്ചു. (ലൂക്കോ. 4:1, 2) ശാന്തമായ ആ സ്ഥലത്തു​വെച്ച്‌ യേശു​വിന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നും തന്നെക്കു​റി​ച്ചുള്ള പിതാ​വി​ന്റെ ഇഷ്ടത്തെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാ​നും കഴിഞ്ഞു. തനിക്കു​ണ്ടാ​കാ​നി​രുന്ന പരി​ശോ​ധ​ന​കളെ നേരി​ടാൻ അതു തീർച്ച​യാ​യും യേശു​വി​നെ സഹായി​ച്ചി​ട്ടുണ്ട്‌. യേശു​വി​ന്റെ ആ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? നമ്മുടെ വീട്ടിൽ ഒരുപാട്‌ അംഗങ്ങ​ളൊ​ക്കെ​യു​ണ്ടെ​ങ്കിൽ അവിടെ ശാന്തമായ ഒരിടം കണ്ടെത്തു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. അങ്ങനെ​യു​ള്ള​പ്പോൾ വീടിനു പുറത്ത്‌ പറ്റിയ ഒരു സ്ഥലം കണ്ടെത്താൻ നമ്മൾ ശ്രമി​ച്ചേ​ക്കാം. അതാണു ഫ്രാൻസി​ലെ ജൂലി സഹോ​ദരി ചെയ്യാ​റു​ള്ളത്‌. സഹോ​ദ​രി​യും ഭർത്താ​വും താമസി​ക്കു​ന്നത്‌ ഒറ്റ മുറി​യുള്ള ഒരു അപ്പാർട്ടു​മെ​ന്റി​ലാണ്‌. തടസ്സങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒറ്റയ്‌ക്കി​രുന്ന്‌ പ്രാർഥി​ക്കാൻ പറ്റിയ ഒരിടം അവിടെ കണ്ടെത്താൻ ബുദ്ധി​മു​ട്ടാണ്‌. “അതു​കൊണ്ട്‌ ഞാൻ ദിവസ​വും പാർക്കിൽ പോകും. അവി​ടെ​യാ​കു​മ്പോൾ എനിക്ക്‌ ഒറ്റയ്‌ക്ക്‌ ഏകാ​ഗ്ര​ത​യോ​ടെ ഒരുപാ​ടു സമയം യഹോ​വ​യോ​ടു സംസാ​രി​ക്കാ​നാ​കും” എന്ന്‌ ജൂലി സഹോ​ദരി പറയുന്നു.

9. തിരക്കുള്ള ജീവി​ത​മാ​യി​രു​ന്നെ​ങ്കി​ലും യഹോ​വ​യു​മാ​യുള്ള ബന്ധം തനിക്കു വളരെ വിലപ്പ​ട്ട​താ​ണെന്നു യേശു തെളി​യി​ച്ചത്‌ എങ്ങനെ?

9 വളരെ തിരക്കുള്ള ജീവി​ത​മാ​യി​രു​ന്നു യേശു​വി​ന്റേത്‌. ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ യേശു പോകു​ന്നി​ട​ത്തൊ​ക്കെ ആളുകൾ കൂട്ടമാ​യി പിന്നാലെ ചെന്നി​രു​ന്നു. അവരൊ​ക്കെ യേശു​വി​ന്റെ​കൂ​ടെ​ത്ത​ന്നെ​യാ​യി​രി​ക്കാൻ ആഗ്രഹി​ച്ചു. ഒരിക്കൽ യേശു​വി​നെ കാണാൻ “നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചു​കൂ​ടി.” എന്നിട്ടും യഹോ​വ​യോ​ടു പ്രാർഥി​ക്കാൻവേണ്ടി യേശു സമയം കണ്ടെത്തി. അതിനു​വേണ്ടി അതിരാ​വി​ലെ വെട്ടം വീഴു​ന്ന​തി​നു മുമ്പു​തന്നെ യേശു “ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.” അങ്ങനെ യേശു​വി​നു തന്റെ പിതാ​വി​ന്റെ​കൂ​ടെ തനിച്ചു സമയം ചെലവ​ഴി​ക്കാ​നാ​യി.—മർക്കോ. 1:32-35.

10-11. മത്തായി 26:40, 41 അനുസ​രിച്ച്‌ ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ എന്ത്‌ ഉപദേശം നൽകി, പക്ഷേ എന്തു സംഭവി​ച്ചു?

10 ഭൂമി​യി​ലെ തന്റെ ജീവി​ത​വും ശുശ്രൂ​ഷ​യും ഒക്കെ അവസാ​നി​ക്കുന്ന ആ രാത്രി​യിൽപ്പോ​ലും യേശു പ്രാർഥി​ക്കാ​നും ധ്യാനി​ക്കാ​നും വേണ്ടി ശാന്തമായ ഒരു സ്ഥലം തേടി പോയി. ഗത്ത്‌ശെമന തോട്ടം അതിനു പറ്റിയ സ്ഥലമാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്താ. 26:36) അവി​ടെ​വെച്ച്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പ്രാർഥ​ന​യെ​ക്കു​റിച്ച്‌ വളരെ പ്രധാ​ന​പ്പെട്ട ചില കാര്യങ്ങൾ പറയു​ക​യും ചെയ്‌തു.

11 അവർ ഗത്ത്‌ശെമന തോട്ട​ത്തിൽ എത്തിയ​പ്പോൾ നേരം വളരെ വൈകി​യി​രു​ന്നു. ഒരുപക്ഷേ പാതി​രാ​ത്രി കഴിഞ്ഞു​കാ​ണും. ‘ഉണർന്നി​രി​ക്കാൻ’ തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞിട്ട്‌ യേശു പ്രാർഥി​ക്കാൻ പോയി. (മത്താ. 26:37-39) പക്ഷേ യേശു പ്രാർഥി​ക്കുന്ന സമയത്ത്‌ അവർ ഉറങ്ങി​പ്പോ​യി. അവർ ഉറങ്ങു​ന്നതു കണ്ടപ്പോൾ യേശു അവരോട്‌ “എപ്പോ​ഴും ഉണർന്നി​രുന്ന്‌ പ്രാർഥി​ക്കണം” എന്നു വീണ്ടും പറഞ്ഞു. (മത്തായി 26:40, 41 വായി​ക്കുക.) എന്നാൽ അവർക്കു കടുത്ത മാനസി​ക​സ​മ്മർദ​വും നല്ല ക്ഷീണവും ഉണ്ടെന്നു യേശു​വി​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ യേശു അനുക​മ്പ​യോ​ടെ അവരോട്‌ “ശരീരം ബലഹീ​ന​മാണ്‌, അല്ലേ” എന്നു പറഞ്ഞു. പിന്നെ യേശു രണ്ടു തവണകൂ​ടി പ്രാർഥി​ക്കാൻവേണ്ടി പോയി. എന്നാൽ തിരി​ച്ചു​വന്നു നോക്കി​യ​പ്പോൾ പ്രാർഥി​ക്കു​ന്ന​തി​നു പകരം ശിഷ്യ​ന്മാർ ഉറങ്ങു​ന്ന​താ​ണു പിന്നെ​യും കണ്ടത്‌.—മത്താ. 26:42-45.

പ്രാർഥി​ക്കാൻവേണ്ടി അധികം ക്ഷീണമി​ല്ലാത്ത ഒരു സമയം മാറ്റി​വെ​ക്കാൻ നിങ്ങൾക്കാ​കു​മോ? (12-ാം ഖണ്ഡിക കാണുക)

12. പ്രാർഥി​ക്കാൻ പറ്റാത്ത വിധത്തിൽ ചില​പ്പോ​ഴൊ​ക്കെ മാനസി​ക​സ​മ്മർദ​മോ ക്ഷീണമോ തോന്നു​ന്നു​ണ്ടെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാം?

12 പറ്റിയ സമയം തിര​ഞ്ഞെ​ടു​ക്കുക. നമുക്കു ചില​പ്പോൾ പ്രാർഥി​ക്കാൻ കഴിയാത്ത വിധത്തിൽ ക്ഷീണമോ മാനസി​ക​സ​മ്മർദ​മോ ഉണ്ടാ​യേ​ക്കാം. ഇതു പലർക്കും പൊതു​വേ സംഭവി​ക്കുന്ന ഒരു കാര്യ​മാണ്‌. നിങ്ങൾക്ക്‌ അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ എന്തു ചെയ്യാം? എല്ലാ ജോലി​ക​ളും തീർത്ത്‌ ഉറങ്ങു​ന്ന​തി​നു തൊട്ടു​മുമ്പ്‌ പ്രാർഥി​ക്കുന്ന ശീലമു​ണ്ടാ​യി​രുന്ന ചിലർ അതി​നൊ​രു മാറ്റം വരുത്തി​നോ​ക്കി. അത്രയും ക്ഷീണം തോന്നു​ന്ന​തി​നു മുമ്പ്‌, അതായത്‌ കുറെ​ക്കൂ​ടി നേരത്തേ, പ്രാർഥി​ക്കാൻ സമയം നീക്കി​വെ​ക്കു​ന്നതു നല്ലതാ​ണെന്ന്‌ അവർ കണ്ടെത്തി. ഏകാ​ഗ്ര​ഹൃ​ദ​യ​ത്തോ​ടെ പ്രാർഥി​ക്കു​ന്ന​തിൽ നമ്മുടെ ശാരീ​രി​ക​നി​ല​യ്‌ക്കും വലി​യൊ​രു പങ്കു​ണ്ടെന്നു മറ്റു ചിലർ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഇനി, പ്രാർഥി​ക്കാൻ പറ്റാത്ത വിധത്തിൽ ഉത്‌ക​ണ്‌ഠ​യോ നിരു​ത്സാ​ഹ​മോ ഒക്കെ തോന്നു​ന്നു​ണ്ടെ​ങ്കിൽ എന്തു ചെയ്യാം? നിങ്ങളു​ടെ വിഷമം യഹോ​വ​യോ​ടു പറയാ​നാ​കും. കരുണ​യുള്ള പിതാ​വാ​യ​തു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അതു മനസ്സി​ലാ​കു​മെന്ന്‌ ഉറപ്പാണ്‌.—സങ്കീ. 139:4.

മീറ്റി​ങ്ങി​ന്റെ സമയത്ത്‌ മെസ്സേ​ജു​ക​ളും ഇമെയി​ലു​ക​ളും നോക്കാ​തി​രി​ക്കാൻ നിങ്ങൾക്കാ​കു​മോ? (13-14 ഖണ്ഡികകൾ കാണുക)

13. യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​മ്പോൾ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ നമുക്ക്‌ എങ്ങനെ ഒരു തടസ്സമാ​യേ​ക്കാം?

13 ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കുക. പ്രാർഥ​ന​യ്‌ക്കു പുറമേ യഹോ​വ​യു​മാ​യുള്ള നമ്മുടെ സ്‌നേ​ഹ​ബന്ധം ശക്തമാ​ക്കാ​നുള്ള മറ്റൊരു വിധമാ​ണു ദൈവ​വ​ച​ന​ത്തി​ന്റെ പഠനം. വ്യക്തി​പ​ര​മാ​യി പഠിക്കു​ന്ന​തും സഭാമീ​റ്റി​ങ്ങു​ക​ളി​ലൂ​ടെ പഠിക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നുണ്ട്‌. അതിനു​വേണ്ടി ഉപയോ​ഗി​ക്കുന്ന സമയം ഏറ്റവും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘പഠിക്കാ​നി​രി​ക്കു​മ്പോ​ഴോ മീറ്റിങ്ങ്‌ സ്ഥലത്താ​യി​രി​ക്കു​മ്പോ​ഴോ എന്റെ ശ്രദ്ധ പതറി​ക്കുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?’ നിങ്ങളു​ടെ ഫോണി​ലേ​ക്കും​മ​റ്റും വരുന്ന കോളു​ക​ളോ ഇമെയി​ലു​ക​ളോ മെസ്സേ​ജു​ക​ളോ പഠനത്തിന്‌ ഒരു തടസ്സമാ​കാ​റു​ണ്ടോ? ഇന്ന്‌ ഒരുപാ​ടു പേരുടെ കൈയിൽ ഇത്തരം ഉപകര​ണ​ങ്ങ​ളൊ​ക്കെ​യുണ്ട്‌. നമ്മൾ എന്തെങ്കി​ലും ഏകാ​ഗ്ര​ത​യോ​ടെ ചെയ്യാൻ ശ്രമി​ക്കു​മ്പോൾ അടു​ത്തൊ​രു ഫോണു​ണ്ടാ​യി​രി​ക്കു​ന്ന​തു​തന്നെ നമ്മുടെ ശ്രദ്ധ പതറി​ച്ചേ​ക്കാ​മെന്നു ചില ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അതിന്റെ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ഒരു മനഃശാ​സ്‌ത്ര പ്രൊ​ഫസർ പറയു​ന്നത്‌, “ചെയ്യുന്ന കാര്യ​ത്തി​ലാ​യി​രി​ക്കില്ല നമ്മുടെ ശ്രദ്ധ. മനസ്സു മറ്റു കാര്യ​ങ്ങ​ളി​ലേക്കു പോകും” എന്നാണ്‌. സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും കൂടി​വ​രു​മ്പോൾ, മറ്റുള്ള​വ​രു​ടെ ശ്രദ്ധ പോകാ​തി​രി​ക്കാൻവേണ്ടി ഫോണി​ന്റെ​യോ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളു​ടെ​യോ സെറ്റിങ്ങ്‌ ക്രമീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള അറിയി​പ്പു നമ്മൾ പൊതു​വേ കേൾക്കാ​റുണ്ട്‌. യഹോ​വ​യു​ടെ​കൂ​ടെ​യാ​യി​രി​ക്കുന്ന സമയത്ത്‌ ഇത്തരം ഉപകര​ണങ്ങൾ നമുക്ക്‌ ഒരു ശല്യമോ തടസ്സമോ ആകാതി​രി​ക്കാൻവേ​ണ്ടി​യും അവയുടെ സെറ്റിങ്ങ്‌ ക്രമീ​ക​രി​ക്കാ​നാ​കു​മോ?

14. ഫിലി​പ്പി​യർ 4:6, 7 അനുസ​രിച്ച്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ യഹോവ നമ്മളെ എങ്ങനെ സഹായി​ക്കും?

14 ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. പഠിക്കാ​നി​രി​ക്കു​മ്പോ​ഴോ മീറ്റിങ്ങ്‌ കൂടു​മ്പോ​ഴോ മനസ്സ്‌ അലഞ്ഞു​തി​രി​യു​ന്ന​താ​യി തോന്നി​യാൽ സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. എന്തെങ്കി​ലും ടെൻഷ​നൊ​ക്കെ​യുള്ള സമയത്ത്‌ അതു മനസ്സിൽനിന്ന്‌ കളഞ്ഞിട്ട്‌ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യെ​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്നാലും അങ്ങനെ ചെയ്യേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. അതു​കൊണ്ട്‌, നിങ്ങളു​ടെ ഹൃദയത്തെ മാത്രമല്ല “മനസ്സി​നെ​യും” (“മാനസി​ക​പ്രാ​പ്‌തി​ക​ളെ​യും; ചിന്തക​ളെ​യും,” അടിക്കു​റിപ്പ്‌) കാക്കുന്ന സമാധാ​ന​ത്തി​നു​വേണ്ടി പ്രാർഥി​ക്കുക.ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക.

യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തി​ന്റെ പ്രയോജനങ്ങൾ

15. യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തി​ന്റെ ഒരു പ്രയോ​ജനം എന്താണ്‌?

15 യഹോ​വ​യോ​ടു സംസാ​രി​ക്കാ​നും യഹോവ പറയു​ന്നതു കേൾക്കാ​നും യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും നമ്മൾ സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ അതു​കൊണ്ട്‌ ഒരുപാ​ടു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ഒന്ന്‌, നമുക്ക്‌ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​കും. “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും” എന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു. (സുഭാ. 13:20) അതു​കൊണ്ട്‌ ജ്ഞാനത്തി​ന്റെ ഉറവായ യഹോ​വ​യോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കിൽ നമ്മളും ജ്ഞാനി​ക​ളാ​കും. യഹോ​വയെ എങ്ങനെ സന്തോ​ഷി​പ്പി​ക്കാ​മെ​ന്നും യഹോ​വ​യ്‌ക്കു വിഷമ​മു​ണ്ടാ​ക്കുന്ന കാര്യങ്ങൾ എങ്ങനെ ഒഴിവാ​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

16. യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്നതു പഠിപ്പി​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി എങ്ങനെ മെച്ച​പ്പെ​ടു​ത്തും?

16 രണ്ട്‌, നമ്മൾ നല്ല അധ്യാ​പ​ക​രാ​കും. നമ്മൾ ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​ന്റെ ഒരു പ്രധാ​ന​ല​ക്ഷ്യം യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേ​ക്കു​വ​രാൻ അവരെ സഹായി​ക്കുക എന്നതാണ്‌. നമ്മൾ നമ്മുടെ സ്വർഗീ​യ​പി​താ​വി​നോട്‌ എത്ര കൂടു​ത​ലാ​യി സംസാ​രി​ക്കു​ന്നു​വോ അതനു​സ​രിച്ച്‌ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം കൂടും. അങ്ങനെ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തി​നു ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി​യും വർധി​ക്കും. യേശു​വി​ന്റെ കാര്യ​ത്തിൽ അതു ശരിയാ​യി​രു​ന്നു. യേശു എപ്പോ​ഴും തന്റെ പിതാ​വി​നെ​ക്കു​റിച്ച്‌ വളരെ സ്‌നേ​ഹ​ത്തോ​ടെ സംസാ​രി​ച്ച​തു​കൊണ്ട്‌ ശിഷ്യ​ന്മാർക്കും യഹോ​വ​യോട്‌ അത്തരത്തി​ലുള്ള ഒരു സ്‌നേഹം തോന്നി.—യോഹ. 17:25, 26.

17. പ്രാർഥി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

17 മൂന്ന്‌, നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​കും. അത്‌ എങ്ങനെ? നമ്മളെ വഴി കാണി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും സഹായി​ക്കാ​നും ആയി ഓരോ തവണ നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യും യഹോവ ആ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം തരുക​യും ചെയ്യു​മ്പോൾ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​കും. (1 യോഹ. 5:15) വിശ്വാ​സം ശക്തമാ​ക്കാൻ നമ്മളെ സഹായി​ക്കുന്ന മറ്റൊരു കാര്യം വ്യക്തി​പ​ര​മായ പഠനമാണ്‌. ‘വചനം കേട്ടതി​നു ശേഷമാ​ണ​ല്ലോ വിശ്വാ​സം വരുന്നത്‌.’ (റോമ. 10:17) എന്നാൽ വിശ്വാ​സം ശക്തമാ​ക്കാൻ വെറുതേ കാര്യങ്ങൾ പഠിച്ചാൽ പോരാ. വേറെ എന്താണു നമ്മൾ ചെയ്യേ​ണ്ടത്‌?

18. പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടെന്ന്‌ ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വ്യക്തമാ​ക്കുക.

18 പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ആഴത്തിൽ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. 77-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​ര​നു​ണ്ടായ അനുഭവം നമുക്കു നോക്കാം. തനിക്കും മറ്റ്‌ ഇസ്രാ​യേ​ല്യർക്കും യഹോ​വ​യു​ടെ അംഗീ​കാ​രം നഷ്ടപ്പെ​ട്ടെന്ന ചിന്ത അദ്ദേഹത്തെ ആകെപ്പാ​ടെ വിഷമി​പ്പി​ച്ചു. ആ സങ്കടത്തിൽ അദ്ദേഹ​ത്തി​നു രാത്രി​യിൽ ഉറങ്ങാൻപോ​ലും കഴിഞ്ഞില്ല. (2-8 വാക്യങ്ങൾ) അതു​കൊണ്ട്‌ അദ്ദേഹം യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങയുടെ സകല പ്രവൃ​ത്തി​ക​ളും ഞാൻ ധ്യാനി​ക്കും; അങ്ങയുടെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കും.” (12-ാം വാക്യം) യഹോവ മുമ്പ്‌ തന്റെ ജനത്തി​നു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ഈ സങ്കീർത്ത​ന​ക്കാ​രന്‌ അറിയാ​മാ​യി​രു​ന്നു. എന്നിട്ടും അദ്ദേഹം ഇങ്ങനെ​യൊ​ക്കെ ചിന്തിച്ചു: “ദൈവം പ്രീതി കാണി​ക്കാൻ മറന്നു​പോ​യോ? അതോ കോപം തോന്നി​യി​ട്ടു കരുണ കാട്ടാ​തി​രി​ക്കു​ക​യാ​ണോ?” (9-ാം വാക്യം) എന്നാൽ യഹോ​വ​യു​ടെ പ്രവൃ​ത്തി​ക​ളെ​ക്കു​റി​ച്ചും മുൻകാ​ല​ങ്ങ​ളിൽ യഹോവ തന്റെ ജനത്തോ​ടു കരുണ​യും അനുക​മ്പ​യും കാണി​ച്ച​തി​നെ​ക്കു​റി​ച്ചും ആഴത്തിൽ ചിന്തി​ച്ച​പ്പോ​ഴാണ്‌ യഹോവ ഒരിക്ക​ലും തന്റെ ജനത്തെ ഉപേക്ഷി​ക്കി​ല്ലെന്ന കാര്യം അദ്ദേഹ​ത്തി​നു ബോധ്യ​മാ​യത്‌. (1115 വാക്യങ്ങൾ) അതു​പോ​ലെ യഹോവ തന്റെ ജനത്തി​നു​വേ​ണ്ടി​യും നമുക്കു​വേ​ണ്ടി​യും ഇതുവരെ പ്രവർത്തി​ച്ച​തി​നെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്നെ​ങ്കിൽ നമ്മുടെ വിശ്വാ​സ​വും ശക്തമാ​കും.

19. യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തി​ലൂ​ടെ കിട്ടുന്ന മറ്റൊരു പ്രയോ​ജനം എന്താണ്‌?

19 നാല്‌, യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​ക്കും. നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രയോ​ജ​ന​മാണ്‌ അത്‌. യഹോ​വയെ അനുസ​രി​ക്കാ​നും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാൻവേണ്ടി ത്യാഗങ്ങൾ ചെയ്യാ​നും പരി​ശോ​ധ​ന​ക​ളിൽ സഹിച്ചു​നിൽക്കാ​നും നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ ഈ സ്‌നേ​ഹ​മാണ്‌. (മത്താ. 22:37-39; 1 കൊരി. 13:4, 7; 1 യോഹ. 5:3) യഹോ​വ​യു​മാ​യി ഒരു അടുത്ത സ്‌നേ​ഹ​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ വില​പ്പെ​ട്ട​താ​യി മറ്റൊ​ന്നു​മില്ല!—സങ്കീ. 63:1-8.

20. യഹോ​വ​യു​ടെ​കൂ​ടെ​യുള്ള സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്താൻ നമുക്ക്‌ എന്തു ചെയ്യാം?

20 പ്രാർഥി​ക്കു​ക​യും പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ഒക്കെ ചെയ്യു​ന്നതു നമ്മുടെ ആരാധ​ന​യു​ടെ ഭാഗമാ​ണെന്ന്‌ ഓർക്കുക. യേശു​വി​നെ​പ്പോ​ലെ യഹോ​വ​യു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാൻവേണ്ടി ശാന്തമായ സ്ഥലങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. നമ്മുടെ ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കുക. ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​മ്പോൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. നിങ്ങൾ ഇപ്പോൾ നിങ്ങളു​ടെ സമയം നന്നായി ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ എന്നെന്നും ജീവി​ക്കാ​നുള്ള അവസരം തന്നു​കൊണ്ട്‌ യഹോവ നിങ്ങളെ അനു​ഗ്ര​ഹി​ക്കും.—മർക്കോ. 4:24.

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

^ യഹോവയാണു നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്‌. ആ സൗഹൃദം നമുക്കു വളരെ വില​പ്പെ​ട്ട​താണ്‌. യഹോ​വയെ അടുത്ത​റി​യാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. ഒരാളെ അടുത്ത​റി​യാൻ സമയ​മെ​ടു​ക്കും. യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യ​ത്തി​ലും അതു ശരിയാണ്‌. എന്നാൽ തിരക്കു​പി​ടിച്ച ജീവി​ത​ത്തി​നി​ട​യിൽ സ്വർഗീ​യ​പി​താ​വു​മാ​യുള്ള നമ്മുടെ ബന്ധം ശക്തമാ​ക്കാൻ നമുക്ക്‌ എങ്ങനെ സമയം കണ്ടെത്താം? അങ്ങനെ ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?