പഠനലേഖനം 25
മറ്റുള്ളവരോടു ക്ഷമിക്കൂ, യഹോവയുടെ അനുഗ്രഹം നേടൂ!
“യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.”—കൊലോ. 3:13.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
ചുരുക്കം *
1. മാനസാന്തരപ്പെടുന്ന പാപികൾക്ക് യഹോവ എന്ത് ഉറപ്പു കൊടുത്തിരിക്കുന്നു?
യഹോവ നമ്മുടെ സ്രഷ്ടാവാണ്, നിയമനിർമാതാവാണ്, ന്യായാധിപനാണ്; അതേസമയം നമ്മളെ ഒരുപാടു സ്നേഹിക്കുന്ന നമ്മുടെ അപ്പനുമാണ്. (സങ്കീ. 100:3; യശ. 33:22) അതുകൊണ്ടുതന്നെ ശരിക്കും മാനസാന്തരപ്പെടുന്ന ഒരു പാപിയോടു ക്ഷമിക്കാൻ യഹോവയ്ക്ക് അധികാരമുണ്ടെന്നു മാത്രമല്ല, അങ്ങനെ ചെയ്യാൻ യഹോവ ഒരുപാട് ആഗ്രഹിക്കുന്നുമുണ്ട്. (സങ്കീ. 86:5) യശയ്യ പ്രവാചകനിലൂടെ യഹോവ സ്നേഹത്തോടെ നമുക്ക് ഇങ്ങനെ ഉറപ്പു തന്നിരിക്കുന്നു: “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലും അവ മഞ്ഞുപോലെ വെളുക്കും.”—യശ. 1:18.
2. മറ്റുള്ളവരുമായി നല്ല സ്നേഹബന്ധമുണ്ടായിരിക്കാൻ നമ്മൾ എന്തു ചെയ്യണം?
2 അപൂർണരായതുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ നമ്മൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. (യാക്കോ. 3:2) അതിന്റെ അർഥം നമുക്ക് ഒരിക്കലും മറ്റുള്ളവരുമായി ഒരു അടുത്ത സ്നേഹബന്ധത്തിലായിരിക്കാൻ കഴിയില്ല എന്നാണോ? അല്ല. ക്ഷമിക്കാൻ പഠിക്കുന്നെങ്കിൽ നമുക്ക് അതിനു കഴിയും. (സുഭാ. 17:9; 19:11; മത്താ. 18:21, 22) മറ്റുള്ളവർ നമ്മളെ ചെറിയ രീതിയിലൊക്കെ വേദനിപ്പിക്കുമ്പോൾ നമ്മൾ അവരോടു ക്ഷമിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. (കൊലോ. 3:13) നമ്മൾ അങ്ങനെ ചെയ്യേണ്ടതുമാണ്. കാരണം യഹോവ നമ്മളോടും “ഉദാരമായി” ക്ഷമിച്ചിട്ടുണ്ട്.—യശ. 55:7.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്ന ചില കാര്യങ്ങൾ ഇവയാണ്: അപൂർണരാണെങ്കിൽപ്പോലും ക്ഷമിക്കുന്ന കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? മൂപ്പന്മാരുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട പാപങ്ങൾ എങ്ങനെയുള്ളവയാണ്? നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? മറ്റുള്ളവരുടെ തെറ്റുകൾ കാരണം ഒരുപാടു വിഷമം അനുഭവിച്ച നമ്മുടെ ചില സഹോദരങ്ങളുടെ അനുഭവങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ഒരു ക്രിസ്ത്യാനി ഗുരുതരമായ പാപം ചെയ്യുമ്പോൾ
4. (എ) ഒരു ക്രിസ്ത്യാനി ഗുരുതരമായ ഒരു പാപം ചെയ്താൽ എന്തു ചെയ്യണം? (ബി) തെറ്റു ചെയ്ത ഒരു വ്യക്തിയുടെ കാര്യത്തിൽ മൂപ്പന്മാർക്കുള്ള ഉത്തരവാദിത്വം എന്താണ്?
4 ദൈവനിയമത്തിന്റെ കടുത്ത ലംഘനത്തെയാണു ഗുരുതരമായ പാപം എന്നു വിളിക്കുന്നത്. 1 കൊരിന്ത്യർ 6:9, 10 വാക്യങ്ങളിൽ അങ്ങനെയുള്ള ചില പാപങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ക്രിസ്ത്യാനി അത്തരമൊരു ഗുരുതരമായ പാപം ചെയ്താൽ അദ്ദേഹം ആദ്യം യഹോവയോടു പ്രാർഥനയിൽ അക്കാര്യം പറയേണ്ടതുണ്ട്. കാരണം യഹോവയ്ക്കു മാത്രമാണു മോചനവിലയുടെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കാനുള്ള അധികാരമുള്ളത്. * എന്നാൽ അതു മാത്രം മതിയോ? പോരാ. സഭയിലെ മൂപ്പന്മാരോടും അദ്ദേഹം അതെക്കുറിച്ച് പറയണം. (സങ്കീ. 32:5; യാക്കോ. 5:14) എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടത്? കാരണം തെറ്റു ചെയ്ത വ്യക്തിക്കു സഭയിൽ തുടരാനാകുമോ എന്നു തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനുള്ള ഉത്തരവാദിത്വം യഹോവ മൂപ്പന്മാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. (1 കൊരി. 5:12) ആ ഉത്തരവാദിത്വം ചെയ്യുമ്പോൾ മൂപ്പന്മാർ കണക്കിലെടുക്കുന്ന ചില കാര്യങ്ങൾ ഇവയാണ്: തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണോ അയാൾ അങ്ങനെയൊരു കാര്യം ചെയ്തത്? ഇനി, അദ്ദേഹം തന്റെ തെറ്റു മറച്ചുവെക്കാൻ ശ്രമിച്ചോ? കുറെക്കാലമായി ആ വ്യക്തി അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നതാണോ? ഏറ്റവും പ്രധാനമായി, അദ്ദേഹത്തിനു ശരിക്കുള്ള മാനസാന്തരം വന്നിട്ടുണ്ടോ? കൂടാതെ യഹോവ അദ്ദേഹത്തോടു ക്ഷമിച്ചതിന്റെ സൂചനകൾ കാണാനാകുന്നുണ്ടോ?—പ്രവൃ. 3:19.
5. മൂപ്പന്മാർ ചെയ്യുന്ന കാര്യങ്ങളുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
5 തെറ്റു ചെയ്ത ഒരു വ്യക്തിയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ, സ്വർഗത്തിലെടുത്ത അതേ തീരുമാനമെടുക്കുക എന്നതാണു മൂപ്പന്മാരുടെ ലക്ഷ്യം. (മത്താ. 18:18) അങ്ങനെ ചെയ്യുന്നതു സഭയ്ക്ക് എങ്ങനെയാണു പ്രയോജനപ്പെടുന്നത്? മാനസാന്തരപ്പെടാത്ത ആളുകൾ യഹോവയുടെ പ്രിയ ദാസന്മാരെ വഴിതെറ്റിക്കുന്നതു തടയാൻ അതുവഴി കഴിയുന്നു. (1 കൊരി. 5:6, 7, 11-13; തീത്തോ. 3:10, 11) മാത്രമല്ല, മാനസാന്തരത്തിലേക്കു വരാനും യഹോവയുടെ ക്ഷമ നേടാനും തെറ്റു ചെയ്ത വ്യക്തിയെ അതു സഹായിച്ചേക്കും. (ലൂക്കോ. 5:32) ഇനി, മാനസാന്തരപ്പെട്ട ഒരു വ്യക്തിയോടൊപ്പം മൂപ്പന്മാർ പ്രാർഥിക്കുന്നത് യഹോവയുമായുണ്ടായിരുന്ന പഴയ ബന്ധത്തിലേക്കു തിരിച്ചുവരാനും അദ്ദേഹത്തെ സഹായിക്കും.—യാക്കോ. 5:15.
6. പുറത്താക്കപ്പെട്ട ഒരു വ്യക്തിക്കുപോലും യഹോവയുടെ ക്ഷമ നേടാനാകുമോ? വിശദീകരിക്കുക.
6 സഭയിലെ മൂപ്പന്മാർ തെറ്റു ചെയ്ത വ്യക്തിയുമായി സംസാരിക്കുമ്പോൾ അദ്ദേഹത്തിനു മാനസാന്തരം വന്നതായി കാണുന്നില്ലെങ്കിലോ? അപ്പോൾ ആ വ്യക്തിയെ സഭയിൽനിന്ന് പുറത്താക്കും. ആ വ്യക്തി ഗവൺമെന്റിന്റെ ഏതെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിലുണ്ടാകുന്ന നിയമനടപടികളിൽനിന്ന് മൂപ്പന്മാർ അദ്ദേഹത്തെ രക്ഷിക്കില്ല. കാരണം നിയമം ലംഘിക്കുന്ന ഏതൊരാളെയും, ആ വ്യക്തിക്കു പശ്ചാത്താപം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ന്യായം വിധിക്കാനും ശിക്ഷിക്കാനും ഉള്ള അധികാരം യഹോവ ഗവൺമെന്റ് അധികാരികൾക്കു നൽകിയിട്ടുണ്ട്. (റോമ. 13:4) എന്നാൽ പിന്നീട് ആ വ്യക്തി തന്റെ തെറ്റു തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ച് തിരിഞ്ഞുവരുകയാണെങ്കിൽ യഹോവ അദ്ദേഹത്തോടു ക്ഷമിക്കും. (ലൂക്കോ. 15:17-24) ആ വ്യക്തിയുടെ തെറ്റ് എത്ര വലുതാണെങ്കിലും യഹോവ അതിനു തയ്യാറാണ്.—2 ദിന. 33:9, 12, 13; 1 തിമൊ. 1:15.
7. നമ്മളോടു തെറ്റു ചെയ്ത ഒരു വ്യക്തിയോടു ക്ഷമിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
7 തെറ്റു ചെയ്ത വ്യക്തി യഹോവയുടെ ക്ഷമയ്ക്ക് അർഹനാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടതു നമ്മളല്ല. എന്നാൽ നമ്മൾ തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട്. എന്താണത്? ഒരാൾ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിയോടു ക്ഷമിക്കാൻ നമുക്കു തീരുമാനിക്കാം. അദ്ദേഹത്തോടു ദേഷ്യമോ നീരസമോ വെക്കാതിരിക്കുന്നതിലൂടെ നമുക്ക് അതു ചെയ്യാനാകും. അദ്ദേഹം നമുക്കെതിരെ ഗുരുതരമായ തെറ്റാണു ചെയ്തിരിക്കുന്നതെങ്കിലും ഇനി, അദ്ദേഹം നമ്മളോടു ക്ഷമ ചോദിക്കാൻ തയ്യാറായിട്ടില്ലെങ്കിലും നമുക്ക് അങ്ങനെ ചെയ്യാം. പക്ഷേ ആ വ്യക്തി നമ്മളെ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അത്ര പെട്ടെന്നൊന്നും അതിനു കഴിഞ്ഞെന്നുവരില്ല, നമ്മൾ നല്ല ശ്രമം ചെയ്യേണ്ടിവരും. ഇതിനോടുള്ള ബന്ധത്തിൽ 1994 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ ഇങ്ങനെ പറഞ്ഞു: “ഒരു പാപിയോടു ക്ഷമിക്കുമ്പോൾ നിങ്ങൾ പാപത്തിന് അംഗീകാരം കൊടുക്കുന്നുവെന്നല്ല അതിന്റെ അർഥം എന്ന വസ്തുതകൂടി തിരിച്ചറിയുക. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്ഷമ എന്നു പറയുമ്പോൾ വിശ്വസ്തതയോടെ സംഗതി യഹോവയുടെ കൈകളിൽ ഏൽപ്പിക്കുക എന്നാണ് അർഥം. മുഴു അഖിലാണ്ഡത്തിന്റെയും നീതിയുള്ള ന്യായാധിപൻ അവനാണ്. ഉചിതമായ സമയത്ത് അവൻ നീതി നടത്തിക്കൊള്ളും.” എന്തുകൊണ്ടായിരിക്കാം ആ ഉത്തരവാദിത്വം യഹോവയെ ഏൽപ്പിക്കാനും നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാനും യഹോവ ആഗ്രഹിക്കുന്നത്?
നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
8. യഹോവ നമ്മളോടു കാണിച്ച കരുണയ്ക്കു നന്ദിയുള്ളവരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
8 നന്ദി കാണിക്കാനുള്ള ഒരു വിധം. അതു മനസ്സിലാക്കാൻ യേശു പറഞ്ഞ ഒരു ദൃഷ്ടാന്തം നോക്കാം. ഒരു രാജാവ് കടം വീട്ടാൻ വകയില്ലാതിരുന്ന അടിമയുടെ വലിയ തുക എഴുതിത്തള്ളി. എന്നാൽ ആ അടിമ തനിക്കു വളരെ ചെറിയൊരു തുക തരാനുണ്ടായിരുന്ന ഒരു അടിമയോടു ക്ഷമിക്കാൻ തയ്യാറായില്ല. (മത്താ. 18:23-35) ഇതിലൂടെ യേശു നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ആ വലിയ കടം എഴുതിത്തള്ളിയ രാജാവിന്റെ സ്ഥാനത്താണ് യഹോവ. യഹോവ നമ്മളോടു കാണിച്ച കരുണയ്ക്കു നമ്മൾ ശരിക്കും നന്ദിയുള്ളവരാണെങ്കിൽ മറ്റുള്ളവരോടു ക്ഷമിക്കാൻ നമ്മൾ തയ്യാറാകും. (സങ്കീ. 103:9) അതെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് ഒരു വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “നമ്മൾ മറ്റുള്ളവരോട് എത്ര തവണ ക്ഷമിച്ചാലും അത് ഒരിക്കലും യഹോവ നമ്മളോടു കാണിച്ച കരുണയ്ക്കു തുല്യമാകില്ല.”
9. യഹോവ ആരോടാണു കരുണ കാണിക്കുന്നത്? (മത്തായി 6:14, 15)
9 ക്ഷമിക്കുന്നവർക്കു ക്ഷമ കിട്ടും. മറ്റുള്ളവരോടു കരുണ കാണിക്കുന്നവരോടാണ് യഹോവ കരുണ കാണിക്കുന്നത്. (മത്താ. 5:7; യാക്കോ. 2:13) എങ്ങനെ പ്രാർഥിക്കാമെന്നു ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ യേശു ആ കാര്യം വ്യക്തമാക്കി. (മത്തായി 6:14, 15 വായിക്കുക.) മുമ്പ് തന്റെ ദാസനായ ഇയ്യോബിനോട് യഹോവ പറഞ്ഞ വാക്കുകളിൽനിന്നും നമുക്ക് അതേ കാര്യം മനസ്സിലാക്കാം. ഇയ്യോബിനെ ആശ്വസിപ്പിക്കാനെന്നു പറഞ്ഞ് വന്ന എലീഫസും ബിൽദാദും സോഫറും തങ്ങളുടെ വാക്കുകളിലൂടെ അദ്ദേഹത്തെ ഒരുപാടു വേദനിപ്പിച്ചു. എന്നാൽ അവർക്കുവേണ്ടി പ്രാർഥിക്കാൻ യഹോവ ഇയ്യോബിനോട് ആവശ്യപ്പെട്ടു. ഇയ്യോബ് അങ്ങനെ ചെയ്തതിനു ശേഷമാണ് യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചത്.—ഇയ്യോ. 42:8-10.
10. ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതു നമുക്കു ദോഷം ചെയ്യുന്നത് എങ്ങനെ? (എഫെസ്യർ 4:31, 32)
10 ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നതു നമുക്കു ദോഷം ചെയ്യും. ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നത് ഒരു ഭാരം ചുമക്കുന്നതുപോലെയാണ്. മറ്റുള്ളവരോടു ക്ഷമിച്ചുകൊണ്ട് ആ ഭാരം ഇറക്കിവെക്കുന്നതിന്റെ സുഖം നമ്മൾ അനുഭവിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. (എഫെസ്യർ 4:31, 32 വായിക്കുക.) അതുകൊണ്ടാണ് “കോപം കളഞ്ഞ് ദേഷ്യം ഉപേക്ഷിക്കൂ!” എന്ന് യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. (സങ്കീ. 37:8) അങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു പ്രയോജനങ്ങളുമുണ്ട്. കാരണം കോപം വെച്ചുകൊണ്ടിരുന്നാൽ അതു നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു ദോഷം ചെയ്യും. (സുഭാ. 14:30) ഇനി, നമ്മൾ ദേഷ്യം വെച്ചുകൊണ്ടിരുന്നാലും നമ്മളെ ദ്രോഹിച്ച ആൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത്, നമ്മൾ വിഷം കുടിച്ചിട്ട് മറ്റേ വ്യക്തിക്കു ദോഷം വരണമെന്ന് ആഗ്രഹിക്കുന്നതുപോലെയായിരിക്കും. വാസ്തവത്തിൽ നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കുമ്പോൾ നമുക്കുതന്നെയാണ് അതിന്റെ പ്രയോജനം. (സുഭാ. 11:17) നമുക്കു സമാധാനം ലഭിക്കും, സന്തോഷത്തോടെ ദൈവസേവനത്തിൽ തുടരാനും കഴിയും.
11. പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? (റോമർ 12:19-21)
11 പ്രതികാരം യഹോവയ്ക്കുള്ളത്. നമ്മളോടു തെറ്റു ചെയ്യുന്ന ഒരു വ്യക്തിയോടു പ്രതികാരം ചെയ്യാനുള്ള അധികാരം യഹോവ നമുക്കു തന്നിട്ടില്ല. (റോമർ 12:19-21 വായിക്കുക.) കാരണം യഹോവയെപ്പോലെ കാര്യങ്ങൾ വിലയിരുത്താനുള്ള കഴിവ് നമുക്കില്ല. നമ്മളെല്ലാം അപൂർണരും പല പരിമിതികളുള്ളവരും ആണല്ലോ. (എബ്രാ. 4:13) ഇനി ചിലപ്പോഴൊക്കെ നമ്മൾ തീരുമാനങ്ങളെടുക്കുന്നത് അപ്പോഴത്തെ നമ്മുടെ വികാരത്തിന്റെപുറത്തായിരിക്കും. ദൈവപ്രചോദിതനായി യാക്കോബ് ഇങ്ങനെ എഴുതി: “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല.” (യാക്കോ. 1:20) എന്നാൽ കാര്യങ്ങൾ യഹോവയ്ക്കു വിട്ടുകൊടുക്കുകയാണെങ്കിൽ അതിന്റെ കൃത്യസമയത്ത് ന്യായത്തോടെ യഹോവ കാര്യങ്ങൾ ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
12. യഹോവ നീതി നടപ്പാക്കുമെന്നു നമ്മൾ വിശ്വസിക്കുന്നുണ്ടെന്ന് എങ്ങനെ തെളിയിക്കാം?
12 യഹോവ നീതി നടത്തിത്തരുമെന്ന വിശ്വാസം നമുക്കുണ്ടെന്നു തെളിയിക്കുകയാണ്. കാര്യങ്ങൾ യഹോവയ്ക്കു വിട്ടുകൊടുക്കുന്നതിലൂടെ, നമുക്കുണ്ടായ എല്ലാ പ്രശ്നങ്ങളും യഹോവ പരിഹരിക്കുമെന്ന വിശ്വാസം നമുക്കുണ്ടെന്നു കാണിക്കുകയാണ്. ദൈവത്തിന്റെ പുതിയ ലോകത്തിൽ വേദനിപ്പിക്കുന്ന ഓർമകളൊന്നും “ആരുടെയും മനസ്സിലേക്കു വരില്ല; ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല” എന്നു ബൈബിൾ പറയുന്നു. (യശ. 65:17) എന്നാൽ നമ്മളെ വല്ലാതെ വേദനിപ്പിച്ചവരോട് ഒട്ടും ദേഷ്യവും നീരസവും വെച്ചുകൊണ്ടിരിക്കാതെ ക്ഷമിക്കാൻ നമുക്കു ശരിക്കും പറ്റുമോ? പറ്റുമെന്നാണ് ചില സഹോദരങ്ങളുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. അതെക്കുറിച്ച് നമുക്ക് ഇനി നോക്കാം.
ക്ഷമിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
13-14. ക്ഷമിക്കുന്ന കാര്യത്തെക്കുറിച്ച് ടോണിയുടെയും ജോസിന്റെയും അനുഭവത്തിൽനിന്ന് എന്തു മനസ്സിലാക്കാം?
13 ചില സഹോദരങ്ങൾ തങ്ങളെ വല്ലാതെ വേദനിപ്പിച്ചവരോടുപോലും ക്ഷമിക്കാൻ തയ്യാറായി. അതുകൊണ്ട് അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങളാണു കിട്ടിയതെന്നു നമുക്കു നോക്കാം.
14 ആദ്യത്തേത് ഫിലിപ്പീൻസിൽ താമസിക്കുന്ന ടോണി * സഹോദരന്റെ അനുഭവമാണ്. സഹോദരനു സത്യം കിട്ടുന്നതിനു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ ചേട്ടനെ ജോസ് എന്നു പേരുള്ള ഒരു വ്യക്തി കൊലപ്പെടുത്തി. ആ സമയത്ത് ടോണി വലിയ ദേഷ്യക്കാരനായിരുന്നു. അതുകൊണ്ട് ജോസിനോടു പകരം വീട്ടാൻ അദ്ദേഹം തീരുമാനിച്ചു. പക്ഷേ ജോസ് അറസ്റ്റിലാകുകയും ജയിലിൽ പോകുകയും ചെയ്തു. പിന്നീട് ജോസ് ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ, എങ്ങനെയും അദ്ദേഹത്തെ തേടിപ്പിടിച്ച് കൊല്ലുമെന്നു ടോണി ഉറപ്പിച്ചു. അതിനുവേണ്ടി ഒരു തോക്കു വാങ്ങുകപോലും ചെയ്തു. അതിനിടെ ടോണി യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. അദ്ദേഹം പറയുന്നു: “ബൈബിൾ പഠിച്ചപ്പോൾ ഞാൻ ഒരുപാടു മാറ്റങ്ങൾ വരുത്തണമെന്ന് എനിക്കു മനസ്സിലായി. അതിൽ എന്റെ ദേഷ്യം നിയന്ത്രിക്കുന്നതും ഉൾപ്പെട്ടിരുന്നു.” കുറച്ച് നാളുകൾക്കുശേഷം ടോണി സ്നാനപ്പെടുകയും പിന്നീട് ഒരു മൂപ്പനായിത്തീരുകയും ചെയ്തു. അതിനിടയ്ക്ക് ജോസും ഒരു സാക്ഷിയായി എന്ന് അറിഞ്ഞപ്പോൾ ടോണി അതിശയിച്ചുപോയി. ഒടുവിൽ അവർ രണ്ടു പേരും കണ്ടുമുട്ടിയപ്പോൾ അവർ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ജോസ് ചെയ്തതെല്ലാം ക്ഷമിച്ചെന്ന് ടോണി അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ ക്ഷമിച്ചതിലൂടെ തനിക്കു കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നു ടോണി പറയുന്നു. ടോണി ക്ഷമിക്കാൻ തയ്യാറായതുകൊണ്ട് യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നല്ലേ അതു കാണിക്കുന്നത്?
15-16. ക്ഷമിക്കുന്ന കാര്യത്തെക്കുറിച്ച് പീറ്റർ-സ്യൂ ദമ്പതികളിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
15 1985-ൽ ഒരു ദിവസം പീറ്ററും സ്യൂവും രാജ്യഹാളിൽ മീറ്റിങ്ങ് കൂടിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ വലിയൊരു സ്ഫോടനം ഉണ്ടായി. ആരോ അവിടെ ബോംബ് വെച്ചിട്ടുണ്ടായിരുന്നു. സ്യൂവിന് ഗുരുതരമായ പരിക്കേറ്റു. കാഴ്ചയ്ക്കും കേൾവിക്കും തകരാറു പറ്റി. മാത്രമല്ല, മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടു. * പീറ്ററും സ്യൂവും പലപ്പോഴും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്, ‘ഇത്ര വലിയ ക്രൂരത കാണിക്കാൻ അയാൾക്ക് എങ്ങനെ തോന്നി?’ വർഷങ്ങൾക്കുശേഷം ആ കുറ്റവാളിയെ അറസ്റ്റു ചെയ്ത് ജീവപര്യന്തം തടവിനു വിധിച്ചു. അയാളോടു ക്ഷമിച്ചോ എന്നു പീറ്ററിനോടും സ്യൂവിനോടും ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ്: “ദേഷ്യവും നീരസവും ഒന്നും മനസ്സിൽവെച്ചുകൊണ്ടിരിക്കരുതെന്നാണ് യഹോവ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. കാരണം അതൊക്കെ നമ്മുടെ ശരീരത്തിനും മനസ്സിനും ദോഷം ചെയ്യുകയേ ഉള്ളൂ. അതുകൊണ്ട് ആ സംഭവം കഴിഞ്ഞ് അധികം വൈകാതെതന്നെ, പകയൊന്നും മനസ്സിൽവെക്കാതെ സമാധാനത്തോടെ ജീവിക്കാൻ സഹായിക്കണേ എന്നു ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു.”
16 ആ വ്യക്തിയോടു ക്ഷമിക്കാൻ അവർക്ക് എളുപ്പമായിരുന്നോ? ഒരിക്കലുമല്ല. അവർ പറയുന്നത് ഇങ്ങനെയാണ്: “അന്നത്തെ പരിക്കുകൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ചില സന്ദർഭങ്ങളിൽ സ്യൂവിനെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. അപ്പോൾ ഞങ്ങൾക്കു ശരിക്കും ദേഷ്യം തോന്നും. പക്ഷേ ഞങ്ങൾ അതെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കില്ല. അപ്പോൾ പതിയെപ്പതിയെ ആ ചിന്തകളൊക്കെ മനസ്സിൽനിന്ന് പോകും. എന്തായാലും സത്യസന്ധമായി ഒരു കാര്യം ഞങ്ങൾക്കു പറയാൻ പറ്റും: ഈ വ്യക്തി എന്നെങ്കിലും ഒരു സഹോദരനായിത്തീർന്നാൽ സന്തോഷത്തോടെ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും. ഈ അനുഭവത്തിൽനിന്ന് ഞങ്ങൾ പഠിച്ചത് ഇതാണ്: ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നെങ്കിൽ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളൊക്കെ മറന്ന് നമുക്കു സന്തോഷത്തോടെ മുന്നോട്ടുപോകാനാകും. യഹോവ പെട്ടെന്നുതന്നെ ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം പൂർണമായി പരിഹരിക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”
17. മിറെ സഹോദരിയുടെ അനുഭവത്തിൽനിന്ന് ക്ഷമയെക്കുറിച്ച് നിങ്ങൾ എന്തു പഠിച്ചു?
17 കല്യാണം കഴിഞ്ഞ് മക്കൾ രണ്ടു പേരും തീരെ ചെറുതായിരുന്നപ്പോഴാണ് മിറെ സഹോദരി സത്യം പഠിക്കുന്നത്. സഹോദരിയുടെ ഭർത്താവ് ബൈബിൾ പഠിച്ചില്ല. കുറച്ച് നാൾ കഴിഞ്ഞ് അദ്ദേഹം വ്യഭിചാരം ചെയ്തു, കുടുംബത്തെ ഉപേക്ഷിച്ച് പോയി. മിറെ സഹോദരി പറയുന്നു: “ഭർത്താവ് എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ തോന്നി. എന്റെ കുഴപ്പംകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നുപോലും ഞാൻ ചിന്തിച്ചു. നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾ വഞ്ചിക്കുന്നതിന്റെ വേദന ഒരിക്കലും താങ്ങാനാകില്ല.” അവരുടെ വിവാഹബന്ധം അവസാനിച്ചെങ്കിലും വഞ്ചിക്കപ്പെട്ടതിന്റെ ആ വേദന സഹോദരിയെ തുടർന്നും വേട്ടയാടിക്കൊണ്ടിരുന്നു. മിറെ സഹോദരി തുടരുന്നു: “മാസങ്ങൾ കഴിഞ്ഞിട്ടും എന്റെ ദേഷ്യവും സങ്കടവും ഒന്നും മാറിയില്ല. അതുകൊണ്ടുതന്നെ യഹോവയിൽനിന്നും മറ്റുള്ളവരിൽനിന്നും ഞാൻ അകലാൻതുടങ്ങി.” എന്നാൽ ഇപ്പോൾ മിറെ സഹോദരി പറയുന്നത്, തന്റെ മുൻഭർത്താവിനോടു തോന്നിയ ദേഷ്യമെല്ലാം വിട്ടുകളഞ്ഞു, അദ്ദേഹത്തിന് എന്തെങ്കിലും ദോഷം വരണമെന്നു ചിന്തിക്കുന്നില്ല എന്നാണ്. പകരം അദ്ദേഹം എന്നെങ്കിലും യഹോവയുടെ ഒരു ആരാധകനാകും എന്ന പ്രതീക്ഷയാണു സഹോദരിക്കുള്ളത്. അങ്ങനെയൊക്കെ ചെയ്തതുകൊണ്ട് ഭാവിയിൽ യഹോവ തരാനിരിക്കുന്ന അനുഗ്രഹങ്ങളിലേക്കു നോക്കാൻ സഹോദരിക്കു പറ്റുന്നു. ഒറ്റയ്ക്കായിരുന്നെങ്കിലും സഹോദരി മക്കളെ യഹോവയുടെ ആരാധകരായി വളർത്തിക്കൊണ്ടുവന്നു. ഇപ്പോൾ സഹോദരിയും മക്കളും അവരുടെ കുടുംബങ്ങളും സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു.
യഹോവ ഏറ്റവും നല്ല ന്യായാധിപൻ
18. ഒരു ന്യായാധിപൻ എന്ന നിലയിൽ യഹോവ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ച് നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
18 ആളുകളെ വിധിക്കാനുള്ള ഉത്തരവാദിത്വം നമ്മളെ ഏൽപ്പിക്കാത്തതിൽ നമുക്ക് ആശ്വാസം തോന്നുന്നില്ലേ? യഹോവ പരമോന്നത ന്യായാധിപനായതുകൊണ്ട് ആ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റവും നന്നായി ചെയ്യും. (റോമ. 14:10-12) ശരിയും തെറ്റും സംബന്ധിച്ച തന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ മാത്രമേ യഹോവ വിധി നടപ്പിലാക്കൂ എന്ന കാര്യത്തിൽ നമുക്കു പൂർണവിശ്വാസമുണ്ടായിരിക്കാൻ കഴിയും. (ഉൽപ. 18:25; 1 രാജാ. 8:32) യഹോവയ്ക്ക് ഒരിക്കലും അനീതി പ്രവർത്തിക്കാൻ കഴിയില്ല.
19. ഏറ്റവും നല്ല ന്യായാധിപനായ യഹോവ ഭാവിയിൽ എന്തു ചെയ്യും?
19 യഹോവ മനുഷ്യരുടെ അപൂർണതയും പാപവും എല്ലാം നീക്കുകയും അതുവഴി ഉണ്ടായ പ്രശ്നങ്ങളെല്ലാം പൂർണമായി പരിഹരിക്കുകയും ചെയ്യുന്ന കാലത്തിനായി നമ്മൾ കാത്തിരിക്കുകയാണ്. നമ്മുടെ മനസ്സിനും ശരീരത്തിനും ഏറ്റ എല്ലാ മുറിവുകളും അന്ന് ഉണങ്ങും, എന്നേക്കുമായി. (സങ്കീ. 72:12-14; വെളി. 21:3, 4) ആ വേദനകളൊന്നും പിന്നെ ഒരിക്കലും ആരുടെയും മനസ്സിലേക്കു വരില്ല. ആ കാലം വരുന്നതുവരെ നമുക്ക് എന്തു ചെയ്യാം? യഹോവയെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരോടു ക്ഷമിക്കാം. യഹോവ അങ്ങനെയൊരു കഴിവ് തന്നതിൽ നിങ്ങൾക്കു ശരിക്കും നന്ദി തോന്നുന്നില്ലേ?
ഗീതം 18 മോചനവിലയ്ക്കു നന്ദിയുള്ളവർ
^ മാനസാന്തരപ്പെടുന്ന പാപികളോടു ക്ഷമിക്കാൻ യഹോവ എപ്പോഴും ഒരുക്കമാണ്. നമ്മളെ ആരെങ്കിലും വേദനിപ്പിക്കുമ്പോൾ ക്രിസ്ത്യാനികളായ നമ്മൾ യഹോവയുടെ ആ മാതൃക അനുകരിക്കാൻ ആഗ്രഹിക്കുന്നു. ചില തെറ്റുകൾ നമുക്കു ക്ഷമിച്ചുകളയാനാകും. എന്നാൽ ചിലതു മൂപ്പന്മാർ കൈകാര്യം ചെയ്യേണ്ടവയാണ്. അത് എങ്ങനെയുള്ളവയാണെന്നു നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. കൂടാതെ, നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാൻ യഹോവ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളും അങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനങ്ങളും നമ്മൾ കാണും.
^ 1996 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
^ ചില പേരുകൾക്കു മാറ്റമുണ്ട്.
^ JW പ്രക്ഷേപണത്തിലെ പീറ്റർ ഷുൽസും സ്യൂ ഷുൽസും: ദുരന്തത്തിന്റെ ആഘാതത്തെ നമുക്ക് അതിജീവിക്കാനാകും എന്ന വീഡിയോ കാണുക. ഈ വീഡിയോ കണ്ടുപിടിക്കാൻ jw.org-ലെ തിരയുക എന്ന ഭാഗത്ത് അതിന്റെ പേര് അടിച്ചുകൊടുക്കുക.