വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 50

“നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും”

“നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും”

“സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.”—ലൂക്കോ. 23:43.

ഗീതം 145 ദൈവം വാഗ്‌ദാ​നം ചെയ്‌ത പറുദീസ

ചുരുക്കം a

1. തന്റെ മരണത്തി​നു തൊട്ടു​മുമ്പ്‌ യേശു കുറ്റവാ​ളി​ക​ളിൽ ഒരാ​ളോട്‌ എന്തു പറഞ്ഞു? (ലൂക്കോസ്‌ 23:39-43)

 യേശു​വും രണ്ടു കുറ്റവാ​ളി​ക​ളും ഇഞ്ചിഞ്ചാ​യി മരിക്കു​ക​യാണ്‌. (ലൂക്കോ. 23:32, 33) ആ സമയത്തു​പോ​ലും യേശു​വി​നെ നിന്ദിച്ച്‌ സംസാ​രി​ക്കു​ക​യാണ്‌ ആ കുറ്റവാ​ളി​കൾ. അതിൽനി​ന്നും അവർ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി​രു​ന്നി​ല്ലെന്നു വ്യക്തമാണ്‌. (മത്താ. 27:44; മർക്കോ. 15:32) പക്ഷേ ആ കുറ്റവാ​ളി​ക​ളിൽ ഒരാൾക്കു പെട്ടെന്നു മനംമാ​റ്റം ഉണ്ടാകു​ന്നു. അയാൾ പറഞ്ഞു: “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ.” അതിനു മറുപ​ടി​യാ​യി യേശു അയാ​ളോ​ടു പറഞ്ഞു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” (ലൂക്കോസ്‌ 23:39-43 വായി​ക്കുക.) യേശു തന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ ആളുക​ളോട്‌ അറിയി​ച്ചി​രുന്ന, ‘സ്വർഗ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള’ സന്ദേശം ആ കുറ്റവാ​ളി സ്വീക​രി​ച്ചി​രു​ന്നു എന്നതിനു തെളി​വൊ​ന്നു​മില്ല. ഇനി, ആ രാജ്യ​ത്തി​ന്റെ ഭാഗമാ​കാൻ അയാൾ സ്വർഗ​ത്തി​ലേക്കു പ്രവേ​ശി​ക്കു​മെന്നു യേശു പറഞ്ഞതു​മില്ല. (മത്താ. 4:17) പകരം, ഭാവി​യിൽ ഭൂമി​യിൽ വരാനി​രി​ക്കുന്ന ഒരു പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ മാത്ര​മാണ്‌ അയാ​ളോ​ടു പറഞ്ഞത്‌. അതു നമുക്ക്‌ എങ്ങനെ അറിയാം?

യേശു​വി​നോ​ടു സംസാ​രിച്ച ആ കുറ്റവാ​ളി​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പറയാം? അദ്ദേഹ​ത്തിന്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കും? (2-3 ഖണ്ഡികകൾ കാണുക)

2. മാനസാ​ന്ത​ര​പ്പെട്ട ആ കുറ്റവാ​ളി ഒരു ജൂതനാ​യി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

2 മാനസാ​ന്ത​ര​പ്പെട്ട ആ കുറ്റവാ​ളി സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു ജൂതനാ​യി​രു​ന്നു. അങ്ങനെ പറയാൻ പല കാരണ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അയാൾ കൂടെ​യു​ണ്ടാ​യി​രുന്ന മറ്റേ കുറ്റവാ​ളി​യോ​ടു ചോദി​ച്ചത്‌ “നിനക്കു ദൈവത്തെ ഒട്ടും പേടി​യി​ല്ലേ” എന്നാണ്‌. (ലൂക്കോ. 23:40) ജൂതന്മാർ ഏക​ദൈ​വ​ത്തെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. അതേസ​മയം മറ്റു ജനതകൾ പല ദൈവ​ങ്ങ​ളിൽ വിശ്വ​സി​ച്ചി​രു​ന്നു. (പുറ. 20:2, 3; 1 കൊരി. 8:5, 6) ആ കുറ്റവാ​ളി​കൾ ജനതക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്നെ​ങ്കിൽ “നിനക്കു ദൈവ​ങ്ങ​ളെ​യൊ​ന്നും പേടി​യി​ല്ലേ” എന്ന്‌ അയാൾ ചോദി​ച്ചേനേ. ഇനി മറ്റൊരു കാരണം, യേശു​വി​നെ അയച്ചതു ജനതക​ളു​ടെ അടു​ത്തേക്കല്ല, “ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടു​ത്തേക്കു മാത്ര​മാണ്‌.” (മത്താ. 15:24) ഇനി, യേശു​വി​നോ​ടുള്ള അയാളു​ടെ വാക്കു​ക​ളെ​ക്കു​റി​ച്ചും ചിന്തി​ക്കുക. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭരിക്കാൻ യഹോവ യേശു​വി​നെ ഉയിർപ്പി​ക്കു​മെ​ന്നും ഒരുപക്ഷേ തന്നെയും പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മെ​ന്നും അയാൾ പ്രതീ​ക്ഷി​ച്ചി​രു​ന്നെന്ന്‌ ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്നു. ജൂതനാ​യ​തു​കൊ​ണ്ടാ​യി​രി​ക്കാം അയാൾക്ക്‌ അങ്ങനെ​യൊ​രു പ്രതീ​ക്ഷ​യു​ണ്ടാ​യി​രു​ന്നത്‌. കാരണം മരിച്ച​വരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​മെന്ന കാര്യം ഇസ്രാ​യേ​ല്യർക്ക്‌ അറിയാ​മാ​യി​രു​ന്നു, ദൈവം അത്‌ അവർക്കു വെളി​പ്പെ​ടു​ത്തി​യി​രു​ന്നു.

3. യേശു പറുദീ​സ​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ, മാനസാ​ന്ത​ര​പ്പെട്ട കുറ്റവാ​ളി​യു​ടെ മനസ്സി​ലേക്ക്‌ എന്തായി​രി​ക്കാം വന്നത്‌, വിശദീ​ക​രി​ക്കുക. (ഉൽപത്തി 2:15)

3 ഒരു ജൂതനെന്ന നിലയിൽ മാനസാ​ന്ത​ര​പ്പെട്ട ആ കുറ്റവാ​ളിക്ക്‌ ആദാമി​നെ​യും ഹവ്വയെ​യും കുറി​ച്ചും യഹോവ അവരെ താമസി​പ്പിച്ച പറുദീ​സ​യെ​ക്കു​റി​ച്ചും ഒക്കെ അറിയാ​മാ​യി​രു​ന്നി​രി​ക്കണം. അതു​കൊ​ണ്ടു​തന്നെ യേശു പറുദീ​സ​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ ഭൂമി​യി​ലെ മനോ​ഹ​ര​മായ ഒരു തോട്ട​ത്തെ​ക്കു​റി​ച്ചു​ത​ന്നെ​യാ​യി​രി​ക്കാം അദ്ദേഹം ചിന്തി​ച്ചത്‌.—ഉൽപത്തി 2:15 വായി​ക്കുക.

4. കുറ്റവാ​ളി​യോ​ടുള്ള യേശു​വി​ന്റെ വാക്കുകൾ എന്തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കണം?

4 കുറ്റവാ​ളി​യോ​ടുള്ള യേശു​വി​ന്റെ വാക്കുകൾ പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്നു ചിന്തി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കണം. ശലോ​മോൻ രാജാ​വി​ന്റെ ഭരണത്തിൻകീ​ഴി​ലെ അവസ്ഥ​യെ​ക്കു​റിച്ച്‌ അറിയു​ന്നത്‌ അതു മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കും. ബൈബിൾ യേശു​വി​നെ വലിയ ശലോ​മോൻ എന്നാണ​ല്ലോ വിളി​ച്ചി​രി​ക്കു​ന്നത്‌. (മത്താ. 12:42) അതു​കൊണ്ട്‌ യേശു​വും സഹഭര​ണാ​ധി​കാ​രി​ക​ളും ചേർന്ന്‌ ഭൂമിയെ മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​ക്കു​മെന്നു നമുക്കു ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാം. എന്നാൽ പറുദീ​സ​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള യോഗ്യത നേടു​ന്ന​തി​നു​വേണ്ടി തങ്ങൾ എന്തു ചെയ്യണ​മെ​ന്നും ‘വേറെ ആടുകൾ’ ചിന്തി​ക്കേ​ണ്ട​തുണ്ട്‌.—യോഹ. 10:16.

പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും?

5. പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യാ​യി​രി​ക്കു​മെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

5 പറുദീ​സ​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്നാണു നിങ്ങൾക്കു തോന്നു​ന്നത്‌? ഒരുപക്ഷേ ഏദെൻതോ​ട്ടം​പോ​ലുള്ള മനോ​ഹ​ര​മായ ഒരു തോട്ടം നിങ്ങളു​ടെ മനസ്സി​ലേക്കു വന്നേക്കാം. (ഉൽപ. 2:7-9) ചുറ്റും പല തരത്തി​ലുള്ള ചെടി​ക​ളും മനോ​ഹ​ര​മായ പൂക്കളും. അവയുടെ നറുമണം കാറ്റത്ത്‌ എല്ലായി​ട​ത്തും ഒഴുകി​യെ​ത്തു​ന്നു. ഇനി, മീഖ പ്രവാ​ചകൻ ദൈവ​ജ​ന​ത്തോ​ടു പറഞ്ഞ വാക്കു​ക​ളെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. അദ്ദേഹം എഴുതി: “അവർ ഓരോ​രു​ത്ത​രും സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും.” (മീഖ 4:3, 4) അവിടെ ഇഷ്ടം​പോ​ലെ ഭക്ഷണസാ​ധ​ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കും എന്നതിന്റെ സൂചന​യും ബൈബിൾ നൽകു​ന്നുണ്ട്‌. (സങ്കീ. 72:16; യശ. 65:21, 22) മനോ​ഹ​ര​മായ ആ തോട്ട​ത്തിൽ മേശപ്പു​റത്ത്‌ പല തരത്തി​ലുള്ള ഭക്ഷണസാ​ധ​നങ്ങൾ നിരത്തി​വെ​ച്ചി​രി​ക്കു​ന്നതു നിങ്ങൾ ഭാവന​യിൽ കാണു​ക​യാ​ണോ? വീട്ടു​കാ​രും കൂട്ടു​കാ​രും ഒക്കെ ഒന്നിച്ച്‌ ചിരി​ച്ചു​ക​ളി​ക്കു​ന്ന​തും പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വരെ സ്വീക​രി​ക്കു​ന്ന​തും ഒക്കെ എത്ര രസമാ​യി​രി​ക്കും, അല്ലേ? ഇവയൊ​ന്നും വെറും സ്വപ്‌നമല്ല. ശരിക്കും നടക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌. എന്നാൽ ഇവയോ​ടൊ​പ്പം​തന്നെ നമുക്കു സന്തോ​ഷം​ത​രുന്ന ചില ജോലി​ക​ളും ചെയ്യാ​നു​ണ്ടാ​യി​രി​ക്കും.

വീണ്ടും ജീവനി​ലേക്കു വരുന്ന​വരെ പഠിപ്പി​ക്കാ​നുള്ള വലിയ ഉത്തരവാ​ദി​ത്വം നമുക്കു​ണ്ടാ​യി​രി​ക്കും (6-ാം ഖണ്ഡിക കാണുക)

6. പറുദീ​സ​യിൽ നമുക്ക്‌ എന്തൊക്കെ ചെയ്യാ​നു​ണ്ടാ​കും? (ചിത്രം കാണുക.)

6 ജോലി​യിൽ ആസ്വാ​ദനം കണ്ടെത്താ​നുള്ള കഴി​വോ​ടെ​യാണ്‌ യഹോവ നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. (സഭാ. 2:24) ക്രിസ്‌തു​വി​ന്റെ ആയിരം​വർഷ ഭരണകാ​ലത്ത്‌ നമു​ക്കെ​ല്ലാം ഒരുപാ​ടു കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​കും. മഹാക​ഷ്ട​തയെ അതിജീ​വി​ക്കു​ന്ന​വർക്കും അതു​പോ​ലെ തിരികെ ജീവനി​ലേക്കു വരുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾക്കും വേണ്ടി വസ്‌ത്ര​വും ഭക്ഷണവും വീടും ഒക്കെ ഒരു​ക്കേ​ണ്ട​തുണ്ട്‌. അതി​നെ​ല്ലാം​വേണ്ടി രസകര​മായ പലതും നമുക്ക്‌ ചെയ്യാ​നു​ണ്ടാ​യി​രി​ക്കും. ഇനി, ആദാമി​നോ​ടും ഹവ്വയോ​ടും ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​ക്കാ​നാ​ണ​ല്ലോ ദൈവം ആവശ്യ​പ്പെ​ട്ടത്‌. അതു​പോ​ലെ ഈ ഭൂമി മുഴുവൻ ഒരു പറുദീ​സ​യാ​ക്കു​ന്ന​തി​ന്റെ സന്തോ​ഷ​വും നമുക്ക്‌ അനുഭ​വി​ക്കാ​നാ​കും. കൂടാതെ അന്നു നടക്കുന്ന വലിയ വിദ്യാ​ഭ്യാ​സ​പ്ര​വർത്ത​ന​ത്തെ​ക്കു​റി​ച്ചും ഒന്നു ചിന്തി​ക്കുക. യഹോ​വ​യെ​ക്കു​റി​ച്ചും ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചും കാര്യ​മാ​യി ഒന്നും അറിയി​ല്ലാത്ത ലക്ഷക്കണ​ക്കിന്‌ ആളുകൾ ജീവനി​ലേക്കു വരും. കൂടാതെ യേശു ജീവി​ച്ചി​രു​ന്ന​തി​നു വർഷങ്ങൾക്കു മുമ്പ്‌ മരിച്ചു​പോയ വിശ്വസ്‌ത​രായ ആളുക​ളും ഉയിർത്തെ​ഴു​ന്നേൽക്കും. തങ്ങളുടെ മരണ​ശേഷം നടന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവരും പഠി​ക്കേ​ണ്ട​തുണ്ട്‌. ഇവരെ​യെ​ല്ലാം പഠിപ്പി​ക്കാ​നുള്ള വലിയ ഉത്തരവാ​ദി​ത്വ​മാ​യി​രി​ക്കും നമുക്കു​ള്ളത്‌. അതൊക്കെ എത്ര രസമാ​യി​രി​ക്കും, അല്ലേ?

7. ഏതു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം, എന്തു​കൊണ്ട്‌?

7 പറുദീ​സ​യിൽ എല്ലായി​ട​ത്തും സമാധാ​ന​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ആളുകൾക്കു വേണ്ട​തെ​ല്ലാം സമൃദ്ധ​മാ​യി കിട്ടു​മെ​ന്നും കാര്യ​ങ്ങ​ളൊ​ക്കെ ചിട്ട​യോ​ടെ നടക്കു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. എന്തു​കൊണ്ട്‌? തന്റെ പുത്രന്റെ ഭരണത്തിൻകീ​ഴിൽ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്നതിന്റെ ഒരു സൂചന യഹോവ നമുക്ക്‌ ഇപ്പോൾത്തന്നെ തന്നിട്ടുണ്ട്‌. ശലോ​മോ​ന്റെ ഭരണ​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽനി​ന്നും നമുക്ക്‌ അതു മനസ്സി​ലാ​ക്കാം.

ശലോ​മോ​ന്റെ ഭരണം—പറുദീ​സ​യി​ലെ ജീവി​ത​ത്തി​ലേക്കു വെളിച്ചം വീശുന്നു

8. ദാവീദ്‌ രാജാവ്‌ സങ്കീർത്തനം 37:10, 11, 29 വാക്യ​ങ്ങ​ളിൽ എഴുതിയ വാക്കു​കൾക്ക്‌ പണ്ട്‌ ഒരു നിവൃ​ത്തി​യു​ണ്ടാ​യത്‌ എങ്ങനെ? (ഈ ലക്കത്തിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.)

8 ജ്ഞാനി​യും വിശ്വസ്‌ത​നും ആയ ഒരു രാജാവ്‌ ഭാവി​യിൽ ഭരണം നടത്തു​മ്പോൾ ഭൂമി​യി​ലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്നു ദൈവ​പ്ര​ചോ​ദി​ത​നാ​യി ദാവീദ്‌ രാജാവ്‌ എഴുതി. (സങ്കീർത്തനം 37:10, 11, 29 വായി​ക്കുക.) സങ്കീർത്തനം 37:11-ലെ ആ വാക്കുകൾ മിക്ക​പ്പോ​ഴും വരാനി​രി​ക്കുന്ന ഒരു പറുദീ​സ​യെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴാ​ണു നമ്മൾ ഉപയോ​ഗി​ക്കാ​റു​ള്ളത്‌. അതിൽ തെറ്റൊ​ന്നു​മില്ല. കാരണം മലയിലെ പ്രസം​ഗ​ത്തിൽ യേശു ആ വാക്യം ഉദ്ധരി​ച്ചു​കൊണ്ട്‌ അതു ഭാവി​യിൽ നിറ​വേ​റു​മെന്നു നമുക്കു കാണി​ച്ചു​തന്നു. (മത്താ. 5:5) എന്നാൽ ദാവീ​ദി​ന്റെ ആ വാക്കുകൾ ശലോ​മോ​ന്റെ ഭരണത്തിൻകീ​ഴി​ലെ അവസ്ഥ എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്നു വെളി​പ്പെ​ടു​ത്തു​ന്ന​തും​കൂ​ടെ​യാ​യി​രു​ന്നു. ശലോ​മോൻ ഇസ്രാ​യേ​ലിൽ ഭരിച്ചി​രുന്ന ആ സമയത്ത്‌ ദൈവ​ജ​ന​ത്തി​നു ‘പാലും തേനും ഒഴുകുന്ന ആ ദേശത്ത്‌’ നല്ല സമാധാ​ന​വും സമൃദ്ധി​യും അനുഭ​വി​ക്കാ​നാ​യി. കാരണം ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു: “നിങ്ങൾ തുടർന്നും എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കു​ക​യും . . . അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌താൽ . . . ഞാൻ ദേശത്ത്‌ സമാധാ​നം തരും. ആരും നിങ്ങളെ ഭയപ്പെ​ടു​ത്താ​തെ നിങ്ങൾ സ്വസ്ഥമാ​യി കിടന്നു​റ​ങ്ങും.” (ലേവ്യ 20:24; 26:3, 6) ശലോ​മോ​ന്റെ ഭരണകാ​ലത്ത്‌ ദൈവ​ത്തി​ന്റെ ആ വാക്കുകൾ നിറ​വേ​റു​ന്നത്‌ അവർക്കു കാണാൻ കഴിഞ്ഞു. (1 ദിന. 22:9; 29:26-28) ‘ദുഷ്ടന്മാ​രി​ല്ലാത്ത’ ഒരു കാലം അവർക്കു പ്രതീ​ക്ഷി​ക്കാ​മാ​യി​രു​ന്നു. (സങ്കീ. 37:10) അതു​കൊണ്ട്‌ സങ്കീർത്തനം 37:10, 11, 29-ലെ വാക്കു​കൾക്കു പണ്ട്‌ ഒരു നിവൃ​ത്തി​യു​ണ്ടാ​യെന്നു നമുക്കു മനസ്സി​ലാ​ക്കാം. എന്നാൽ ഭാവി​യി​ലും ആ വാക്കുകൾ നിറ​വേ​റും.

9. ശലോ​മോൻ രാജാ​വി​ന്റെ ഭരണ​ത്തെ​ക്കു​റിച്ച്‌ ശേബയി​ലെ രാജ്ഞി എന്തു പറഞ്ഞു?

9 ശലോ​മോ​ന്റെ ഭരണകാ​ലത്ത്‌ ഇസ്രാ​യേ​ലിൽ നിലനി​ന്നി​രുന്ന സമാധാ​ന​ത്തെ​യും സമൃദ്ധി​യെ​യും കുറിച്ച്‌ ശേബയി​ലെ രാജ്ഞി കേട്ടു. അതെല്ലാം നേരിൽ കാണാ​നാ​യി ഒരുപാ​ടു യാത്ര​ചെയ്‌ത്‌ അവർ യരുശ​ലേ​മിൽ എത്തി. (1 രാജാ. 10:1) എല്ലാം കണ്ട്‌ കഴിഞ്ഞ​പ്പോൾ രാജ്ഞി പറഞ്ഞു: “ഇതിന്റെ പാതി​പോ​ലും ഞാൻ കേട്ടി​രു​ന്നില്ല. . . . അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടു​കൊണ്ട്‌ അങ്ങയുടെ സന്നിധി​യിൽ നിത്യം നിൽക്കുന്ന ഭൃത്യ​ന്മാ​രും എത്ര ഭാഗ്യ​വാ​ന്മാർ!” (1 രാജാ. 10:6-8) എന്നാൽ ശലോ​മോ​ന്റെ ഭരണകാ​ലത്തെ ആ അവസ്ഥകൾ യഹോവ തന്റെ മകനായ യേശു​വി​ന്റെ ഭരണത്തി​ലൂ​ടെ മനുഷ്യർക്കു തരാനി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ചെറി​യൊ​രു മാതൃക മാത്ര​മാ​യി​രു​ന്നു.

10. ഏതെല്ലാം വിധങ്ങ​ളിൽ യേശു ശലോ​മോ​നെ​ക്കാൾ ശ്രേഷ്‌ഠ​നായ ഭരണാ​ധി​കാ​രി​യാണ്‌?

10 എല്ലാ രീതി​യി​ലും യേശു ശലോ​മോ​നെ​ക്കാൾ ശ്രേഷ്‌ഠ​നാണ്‌. ഒരുപാ​ടു കുറവു​ക​ളൊ​ക്കെ​യുള്ള മനുഷ്യ​നാ​യി​രു​ന്നു ശലോ​മോൻ. അദ്ദേഹം ഗുരു​ത​ര​മായ പല തെറ്റു​ക​ളും ചെയ്‌തു. അതു ദൈവ​ജ​ന​ത്തി​നു വളരെ​യേറെ കഷ്ടതക​ളും വരുത്തി. എന്നാൽ യേശു ഒരു കുറവു​മി​ല്ലാത്ത ഭരണാ​ധി​കാ​രി​യാണ്‌. അതു​കൊ​ണ്ടു​തന്നെ യേശു​വി​നു തെറ്റു പറ്റില്ല. (ലൂക്കോ. 1:32; എബ്രാ. 4:14, 15) സാത്താ​നിൽനിന്ന്‌ കഠിന​മായ പരീക്ഷ​ണങ്ങൾ നേരി​ട്ട​പ്പോ​ഴും യേശു വിശ്വസ്‌ത​നാ​യി ഉറച്ചു​നി​ന്നു. താൻ ഒരിക്ക​ലും പാപം ചെയ്യി​ല്ലെ​ന്നും വിശ്വസ്‌ത​രായ തന്റെ പ്രജകൾക്കു ദോഷം​വ​രുന്ന ഒന്നും പ്രവർത്തി​ക്കി​ല്ലെ​ന്നും ക്രിസ്‌തു തെളി​യി​ച്ചി​ട്ടുണ്ട്‌. ഇങ്ങനെ​യൊ​രു രാജാ​വു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര അനുഗൃ​ഹീ​ത​രാണ്‌, അല്ലേ?

11. ഭരണത്തിൽ യേശു​വി​നെ സഹായി​ക്കാൻ വേറെ ആരും​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും?

11 മനുഷ്യ​രു​ടെ ആവശ്യങ്ങൾ നടത്തി​ക്കൊ​ടു​ക്കാ​നും ഭൂമി​യെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം നടപ്പാ​ക്കാ​നും യേശു​വി​നോ​ടൊ​പ്പം 1,44,000 സഹഭര​ണാ​ധി​കാ​രി​ക​ളു​മു​ണ്ടാ​യി​രി​ക്കും. (വെളി. 14:1-3) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അവർ പല കഷ്ടങ്ങളും സഹിച്ചി​ട്ടു​ള്ള​വ​രാണ്‌. അതു​കൊണ്ട്‌ നമ്മുടെ പ്രശ്‌നങ്ങൾ ശരിക്കും മനസ്സി​ലാ​ക്കുന്ന ഭരണാ​ധി​കാ​രി​ക​ളാ​യി​രി​ക്കും അവർ. അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കും?

അഭിഷി​ക്ത​രു​ടെ ഉത്തരവാദിത്വങ്ങൾ

12. യഹോവ 1,44,000 പേർക്ക്‌ എന്ത്‌ ഉത്തരവാ​ദി​ത്വം നൽകും?

12 ശലോ​മോന്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ വലിയ ഉത്തരവാ​ദി​ത്വ​ങ്ങ​ളാ​യി​രി​ക്കും യേശു​വി​നും സഹഭര​ണാ​ധി​കാ​രി​കൾക്കും ഉണ്ടായി​രി​ക്കു​ന്നത്‌. ഇസ്രാ​യേൽ ഭരിച്ചി​രുന്ന ശലോ​മോൻ രാജാ​വി​നു തന്റെ ദേശത്തുള്ള ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ കാര്യം മാത്രം നോക്കി​യാൽ മതിയാ​യി​രു​ന്നു. എന്നാൽ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണാ​ധി​കാ​രി​കൾക്കു ലോക​മെ​ങ്ങു​മുള്ള കോടി​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ആവശ്യങ്ങൾ നടത്തി​ക്കൊ​ടു​ക്കാൻവേണ്ടി പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. 1,44,000 പേർക്ക്‌ എത്ര മഹത്തായ പദവി​യാണ്‌ യഹോവ നൽകു​ന്നത്‌!

13. യേശു​വി​ന്റെ സഹഭര​ണാ​ധി​കാ​രി​കൾക്ക്‌ ഏതു പ്രത്യേക ഉത്തരവാ​ദി​ത്വം​കൂ​ടെ ഉണ്ടായി​രി​ക്കും?

13 യേശു​വി​നെ​പ്പോ​ലെ​തന്നെ 1,44,000 പേരും രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയി സേവി​ക്കും. (വെളി. 5:10) പണ്ട്‌ ദൈവം മോശ​യി​ലൂ​ടെ ഇസ്രാ​യേ​ല്യർക്കു നിയമം നൽകി​യ​പ്പോൾ നല്ല ആരോ​ഗ്യ​ത്തോ​ടി​രി​ക്കാ​നും യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധത്തി​ലാ​യി​രി​ക്കാ​നും ജനത്തെ സഹായി​ക്കാ​നുള്ള മുഖ്യ ഉത്തരവാ​ദി​ത്വം പുരോ​ഹി​ത​ന്മാർക്കാ​യി​രു​ന്നു. എന്നാൽ അവർക്കു നൽകിയ ആ നിയമം ‘വരാനുള്ള നന്മകളു​ടെ ഒരു നിഴലാ​യി​രു​ന്നു.’ (എബ്രാ. 10:1) അതു​കൊണ്ട്‌ യേശു​വി​ന്റെ സഹഭര​ണാ​ധി​കാ​രി​കൾക്കു ദൈവ​ജ​ന​ത്തി​ന്റെ ശാരീ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കാ​നുള്ള പ്രത്യേക ഉത്തരവാ​ദി​ത്വം​കൂ​ടെ ഉണ്ടായി​രി​ക്കു​മെന്നു ന്യായ​മാ​യും നമുക്കു പ്രതീ​ക്ഷി​ക്കാം. അന്നു ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജക​ളു​മാ​യി ഈ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും എങ്ങനെ​യാ​യി​രി​ക്കും ആശയവി​നി​മയം ചെയ്യു​ന്നത്‌? നമ്മൾ കാത്തി​രുന്ന്‌ കാണേ​ണ്ടി​യി​രി​ക്കു​ന്നു. യഹോവ അതിനു​വേണ്ടി ചെയ്യുന്ന ക്രമീ​ക​രണം എന്തുത​ന്നെ​യാ​യാ​ലും അന്നു ഭൂമി​യി​ലു​ള്ള​വർക്ക്‌ ആവശ്യ​മായ നിർദേ​ശങ്ങൾ കൃത്യ​മാ​യി ലഭിക്കു​മെന്ന കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—വെളി. 21:3, 4.

പറുദീ​സ​യിൽ ജീവി​ക്കാൻ “വേറെ ആടുകൾ” എന്തു ചെയ്യണം?

14. ‘വേറെ ആടുക​ളും’ ‘ചെറിയ ആട്ടിൻകൂ​ട്ട​വും’ തമ്മിലുള്ള ബന്ധം എങ്ങനെ​യു​ള്ള​താണ്‌?

14 തന്നോ​ടൊ​പ്പം ഭരിക്കാ​നു​ള്ള​വരെ യേശു ‘ചെറിയ ആട്ടിൻകൂ​ട്ടം’ എന്നാണു വിളി​ച്ചത്‌. (ലൂക്കോ. 12:32) എന്നാൽ മറ്റൊരു കൂട്ട​ത്തെ​ക്കു​റി​ച്ചും യേശു പറഞ്ഞു. അവരാണു ‘വേറെ ആടുകൾ.’ ഈ രണ്ടു കൂട്ടവും ഒറ്റ ആട്ടിൻകൂ​ട്ട​മാ​കു​മെന്നു ബൈബിൾ പറഞ്ഞി​രി​ക്കു​ന്നു. (യോഹ. 10:16) അവർ ഇപ്പോൾത്തന്നെ ഐക്യ​ത്തോ​ടെ പ്രവർത്തി​ക്കു​ക​യാണ്‌. ഇനി, ഭൂമി പറുദീ​സ​യാ​യ​ശേ​ഷ​വും അവർ അങ്ങനെ​തന്നെ തുടരും. പക്ഷേ അപ്പോ​ഴേ​ക്കും ‘ചെറിയ ആട്ടിൻകൂ​ട്ട​ത്തിൽപ്പെ​ട്ടവർ’ സ്വർഗ​ത്തി​ലേക്കു പോയി​ട്ടു​ണ്ടാ​കും. അതേസ​മയം ‘വേറെ ആടുകൾക്ക്‌’ ഭൂമി​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള അവസര​മാ​യി​രി​ക്കും ഉണ്ടായി​രി​ക്കു​ന്നത്‌. അതിനുള്ള യോഗ്യത നേടു​ന്ന​തി​നു​വേണ്ടി ‘വേറെ ആടുകൾ’ ഇപ്പോൾത്തന്നെ ചില കാര്യങ്ങൾ ചെയ്യേ​ണ്ട​തുണ്ട്‌.

പറുദീ​സ​യിൽ ജീവി​ക്കാൻ ഒരുങ്ങു​ന്നെന്നു നമുക്ക്‌ ഇപ്പോൾത്തന്നെ തെളി​യി​ക്കാം (15-ാം ഖണ്ഡിക കാണുക) b

15. (എ) വേറെ ആടുകൾ ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രു​മാ​യി സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ? (ബി) മരുന്നു​ക​ട​യിൽ ചെന്ന ആ സഹോ​ദ​രന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ചിത്രം കാണുക.)

15 മാനസാ​ന്ത​ര​പ്പെട്ട ആ കുറ്റവാ​ളിക്ക്‌, ക്രിസ്‌തു തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങൾക്കു താൻ എത്രമാ​ത്രം നന്ദിയു​ള്ള​വ​നാ​ണെന്നു തെളി​യി​ക്കാ​നാ​യില്ല. അതിനു മുമ്പേ അയാൾ മരിച്ചു​പോ​യി. എന്നാൽ ‘വേറെ ആടുക​ളിൽപ്പെട്ട’ നമുക്കു യേശു​വി​നോ​ടുള്ള നന്ദിയും സ്‌നേ​ഹ​വും തെളി​യി​ക്കാൻ ധാരാളം അവസര​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ ആത്മാഭി​ഷിക്ത സഹോ​ദ​ര​ന്മാ​രോ​ടു സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ ആ സ്‌നേഹം തെളി​യി​ക്കാ​നാ​കും. അതിന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ആരാണു ചെമ്മരി​യാട്‌ എന്നു യേശു വിധി​ക്കു​ന്നത്‌. (മത്താ. 25:31-40) ഇന്ന്‌ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ശിഷ്യ​രാ​ക്കു​ക​യും ചെയ്യുന്ന പ്രവർത്ത​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ പങ്കെടു​ത്തു​കൊണ്ട്‌ ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ നമുക്കു പിന്തു​ണയ്‌ക്കാം. (മത്താ. 28:18-20) ജീവിതം ആസ്വദി​ക്കാം! പുസ്‌ത​കം​പോ​ലെ, അവർ തന്നിട്ടുള്ള ബൈബിൾപഠന സഹായി​കൾ ഏറ്റവും നന്നായി ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം. നിങ്ങൾക്ക്‌ ഇപ്പോൾ ഒരു ബൈബിൾപ​ഠ​ന​മി​ല്ലേ? എങ്കിൽ നിങ്ങൾ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ആളുക​ളു​മാ​യി ഒരു ബൈബിൾപ​ഠനം തുടങ്ങാൻ നല്ലൊരു ശ്രമം ചെയ്യാ​നാ​കു​മോ?

16. ദൈവ​രാ​ജ്യ​ത്തി​ലെ ഒരു പ്രജയാ​യി​രി​ക്കു​ന്ന​തി​നു നമുക്ക്‌ ഇപ്പോൾത്തന്നെ എന്തൊക്കെ ചെയ്യാം?

16 പറുദീ​സ​യിൽ ജീവി​ക്കാൻ യോഗ്യത നേടു​ന്ന​തി​നു നമുക്ക്‌ ഇപ്പോൾത്തന്നെ ഒരുങ്ങാ​വു​ന്ന​താണ്‌. നമ്മുടെ സംസാ​ര​ത്തി​ലും പ്രവർത്ത​ന​ത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ നമുക്കു ശ്രമി​ക്കാം. ശീലങ്ങ​ളിൽ മിതത്വം പാലി​ക്കാം. യഹോ​വ​യോ​ടും വിവാഹ ഇണയോ​ടും നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടും വിശ്വസ്‌ത​രാ​യി​രി​ക്കാം. ഈ ദുഷ്ട​ലോ​ക​ത്തു​പോ​ലും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ പരമാ​വധി ശ്രമി​ക്കു​ന്നെ​ങ്കിൽ പറുദീ​സ​യിൽ നമുക്ക്‌ അങ്ങനെ ചെയ്യു​ന്നതു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. ഇനി, പറുദീ​സ​യിൽ ജീവി​ക്കാൻവേണ്ടി ഒരുങ്ങു​ന്നെന്നു തെളി​യി​ക്കാൻ നമുക്കു ചില കഴിവു​ക​ളും പ്രാപ്‌തി​ക​ളും വളർത്തി​യെ​ടു​ക്കാ​വു​ന്ന​തു​മാണ്‌. ഈ ലക്കത്തിലെ “‘ഭൂമി അവകാ​ശ​മാ​ക്കാൻ’ നിങ്ങൾ തയ്യാറാ​ണോ?” എന്ന ലേഖനം കാണുക.

17. മുമ്പ്‌ ചെയ്‌ത തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ ഇപ്പോ​ഴും വേദനി​ക്കേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

17 നമ്മൾ മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും വലി​യൊ​രു തെറ്റു ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ അതെക്കു​റിച്ച്‌ ഓർത്ത്‌ ഇപ്പോ​ഴും നീറി​നീ​റി കഴി​യേ​ണ്ട​തില്ല. തന്റെ നാളിലെ പരീശ​ന്മാ​രോ​ടു യേശു പറഞ്ഞത്‌ ഓർക്കുക: “നീതി​മാ​ന്മാ​രെയല്ല, പാപി​കളെ വിളി​ക്കാ​നാ​ണു ഞാൻ വന്നത്‌.” (മത്താ. 9:13) അതു​കൊണ്ട്‌ നമ്മൾ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തി​ട്ടുള്ള ഒരാളാ​ണെ​ങ്കിൽപ്പോ​ലും പശ്ചാത്ത​പി​ക്കു​ക​യും യഹോ​വ​യോ​ടു ക്ഷമ ചോദി​ക്കു​ക​യും മൂപ്പന്മാ​രു​ടെ സഹായം സ്വീക​രി​ക്കു​ക​യും ജീവി​ത​ത്തിൽ മാറ്റം വരുത്തു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ യഹോവ പൂർണ​മാ​യും ക്ഷമി​ച്ചെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. (യശ. 55:7; പ്രവൃ. 3:19) നമ്മുടെ പാപം എത്ര വലുതാ​ണെ​ങ്കി​ലും അതെല്ലാം മായ്‌ച്ചു​ക​ള​യാൻ യേശു​വി​ന്റെ ബലിക്കാ​കും. എന്നാൽ മോച​ന​വി​ല​യാ​യി നൽകിയ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ യഹോവ നമ്മളോ​ടു ക്ഷമിക്കു​മെന്നു കരുതി നമ്മൾ ‘മനഃപൂർവം പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യു​മില്ല.’—എബ്രാ. 10:26-31.

നിങ്ങൾക്കു പറുദീ​സ​യിൽ എന്നെന്നും ജീവിക്കാനാകും

18. യേശു​വി​നോ​ടൊ​പ്പം വധിക്ക​പ്പെട്ട ആ കുറ്റവാ​ളി​യോട്‌ എന്തു ചോദി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

18 മാനസാ​ന്ത​ര​പ്പെട്ട ആ കുറ്റവാ​ളി​യെ നിങ്ങൾ പറുദീ​സ​യിൽവെച്ച്‌ കാണു​ന്ന​തും അദ്ദേഹ​ത്തോ​ടു സംസാ​രി​ക്കു​ന്ന​തും ഒന്നു ഭാവന​യിൽ കാണുക. യേശു നമുക്കു​വേണ്ടി മരിച്ച​തിൽ എത്രമാ​ത്രം നന്ദിയു​ള്ള​വ​രാ​ണെന്നു നിങ്ങൾ രണ്ടു പേരും സംസാ​രി​ക്കും, തീർച്ച. ഒരുപക്ഷേ നിങ്ങൾ അദ്ദേഹ​ത്തോട്‌ ഇങ്ങനെ​യൊ​ക്കെ ചോദി​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം: ‘മരണത്തി​ന്റെ തൊട്ടു​മു​മ്പുള്ള യേശു​വി​ന്റെ അവസ്ഥ എങ്ങനെ​യാ​യി​രു​ന്നു? അപ്പോൾ എന്തൊക്കെ സംഭവി​ച്ചു?’ ഇനി, ‘“നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” എന്ന യേശു​വി​ന്റെ വാക്കു കേട്ട​പ്പോൾ എന്തു തോന്നി?’ അതേസ​മയം അദ്ദേഹം നിങ്ങ​ളോ​ടും ചോദി​ച്ചേ​ക്കാം: ‘സാത്താന്റെ വ്യവസ്ഥി​തി​യു​ടെ നാശത്തി​നു തൊട്ടു​മു​മ്പുള്ള ആ കാലത്ത്‌ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?’ ആ മനുഷ്യ​നെ​പ്പോ​ലെ​യുള്ള ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എത്ര സന്തോ​ഷ​മുള്ള അനുഭ​വ​മാ​യി​രി​ക്കും!—എഫെ. 4:22-24.

ആയിരംവർഷ ഭരണകാ​ലത്ത്‌, സന്തോ​ഷ​ത്തോ​ടെ ഒരു സഹോ​ദരൻ താൻ മുമ്പ്‌ ഒരുപാട്‌ ആഗ്രഹി​ച്ചി​രുന്ന ഒരു കഴിവ്‌ വളർത്തി​യെ​ടു​ക്കാൻ ശ്രമി​ക്കു​ന്നു (19 -ാം ഖണ്ഡിക കാണുക)

19. പറുദീ​സ​യി​ലെ ജീവിതം നമുക്കു മടുത്തു​പോ​കി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

19 പറുദീ​സ​യി​ലെ ജീവിതം നമുക്ക്‌ ഒരിക്ക​ലും മടുത്തു​പോ​കില്ല. കാരണം നമുക്ക്‌ എപ്പോ​ഴും പലപല ആളുകളെ കാണാം, പല തരം ജോലി​കൾ ചെയ്യാം. ഏറ്റവും പ്രധാ​ന​മാ​യി ഓരോ ദിവസ​വും നമ്മുടെ സ്വർഗീയ പിതാ​വി​നെ അടുത്ത്‌ അറിയാ​നും ദൈവം നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ ആസ്വദി​ക്കാ​നും കഴിയും. എപ്പോ​ഴും യഹോ​വ​യെ​ക്കു​റി​ച്ചും യഹോവ ഉണ്ടാക്കി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഒരുപാ​ടു പഠിക്കാ​നു​ണ്ടാ​കും. നമ്മൾ എത്ര കൂടുതൽ കാലം ജീവി​ക്കു​ന്നു​വോ അതനു​സ​രിച്ച്‌ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും കൂടും. പറുദീ​സ​യിൽ എന്നെന്നും ജീവി​ക്കാ​നുള്ള പ്രത്യാശ യഹോ​വ​യും യേശു​വും തന്നിരി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!

ഗീതം 22 രാജ്യം സ്ഥാപി​ത​മാ​യി—അതു വരേണമേ!

a പറുദീസയിലെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്നതി​നെ​ക്കു​റിച്ച്‌ നിങ്ങൾ കൂടെ​ക്കൂ​ടെ ചിന്തി​ക്കാ​റു​ണ്ടോ? അങ്ങനെ ചെയ്യു​ന്നതു നമുക്കു നല്ലൊരു പ്രോ​ത്സാ​ഹ​ന​മാണ്‌. കാരണം യഹോവ നമുക്കു​വേണ്ടി കരുതി​യി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ എത്രയ​ധി​കം ചിന്തി​ക്കു​ന്നു​വോ അത്രയ​ധി​കം അതെക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാ​നുള്ള നമ്മുടെ ഉത്സാഹ​വും വർധി​ക്കും. വരാനി​രി​ക്കുന്ന പറുദീ​സ​യെ​ക്കു​റിച്ച്‌ യേശു നൽകിയ വാഗ്‌ദാ​ന​ത്തി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാൻ സഹായി​ക്കു​ന്ന​താണ്‌ ഈ ലേഖനം.

b ചിത്രത്തിന്റെ വിവരണം: വീണ്ടും ജീവനി​ലേക്കു വരുന്ന​വരെ പഠിപ്പി​ക്കാ​നുള്ള അവസര​ത്തി​നാ​യി കാത്തി​രി​ക്കുന്ന ഒരു സഹോ​ദരൻ ഇപ്പോൾത്തന്നെ ആളുകളെ പഠിപ്പി​ക്കു​ന്നു.