പഠനലേഖനം 52
പ്രയാസസാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ മറ്റുള്ളവരെ സഹായിക്കുക
“നിനക്കു നന്മ ചെയ്യാൻ കഴിവുള്ളപ്പോൾ, സഹായം ചെയ്യേണ്ടവർക്ക് അതു ചെയ്യാതിരിക്കരുത്.”—സുഭാ. 3:27.
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
ചുരുക്കം a
1. തന്റെ ദാസന്മാരുടെ പ്രാർഥനയ്ക്ക് യഹോവ മിക്കപ്പോഴും എങ്ങനെയാണ് ഉത്തരം നൽകുന്നത്?
ആരെങ്കിലും യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുമ്പോൾ ആ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കാൻ യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാനാകുമെന്ന് അറിയാമോ? നിങ്ങൾ ഒരു മൂപ്പനാണെങ്കിലും ശുശ്രൂഷാദാസനാണെങ്കിലും മുൻനിരസേവകനാണെങ്കിലും ഇനി ഒരു പ്രചാരകനാണെങ്കിലും യഹോവയ്ക്ക് അങ്ങനെ ചെയ്യാനാകും. നിങ്ങൾ ചെറുപ്പക്കാരനോ പ്രായമുള്ളയാളോ സഹോദരനോ സഹോദരിയോ ആയിരുന്നാലും യഹോവയ്ക്ക് അതിനു കഴിയും. യഹോവയെ സ്നേഹിക്കുന്ന ഒരു വ്യക്തി സഹായത്തിനായി പ്രാർഥിക്കുമ്പോൾ ആ വ്യക്തിക്കു ‘വലിയ ഒരു ആശ്വാസമാകാൻ’ മൂപ്പന്മാരെയോ വിശ്വസ്തരായ മറ്റു സഹോദരങ്ങളെയോ മിക്കപ്പോഴും യഹോവ ഉപയോഗിക്കാറുണ്ട്. (കൊലോ. 4:11) ഈ വിധത്തിൽ യഹോവയ്ക്കും സഹോദരങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനാകുന്നതു നമുക്കു വലിയ സന്തോഷം തരുന്ന ഒരു കാര്യമാണ്. ഒരു രോഗം പടർന്നുപിടിക്കുമ്പോഴോ ദുരന്തം ഉണ്ടാകുമ്പോഴോ സഹോദരങ്ങൾക്ക് ഉപദ്രവം സഹിക്കേണ്ടിവരുമ്പോഴോ ഒക്കെ അവരെ സഹായിക്കാൻ നമുക്കു പലതും ചെയ്യാനാകും.
രോഗം പടർന്നുപിടിക്കുമ്പോൾ
2. ഒരു രോഗം പടർന്നുപിടിക്കുന്ന സമയത്ത് മറ്റുള്ളവരെ സഹായിക്കുന്നതു ബുദ്ധിമുട്ടായിത്തീർന്നേക്കാവുന്നത് എന്തുകൊണ്ട്?
2 ഒരു രോഗം പടർന്നുപിടിക്കുന്ന സമയത്ത് മറ്റുള്ളവരെ സഹായിക്കുന്നതു മിക്കപ്പോഴും ബുദ്ധിമുട്ടായിരുന്നേക്കാം. ഉദാഹരണത്തിന്, സുഹൃത്തുക്കളെ ചെന്നുകാണാൻ നമുക്ക് ആഗ്രഹമുണ്ടായിരിക്കും. പക്ഷേ അതു സുരക്ഷിതമായിരിക്കില്ല. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തെ ഒരു നേരത്തെ ഭക്ഷണത്തിനു വീട്ടിലേക്കു വിളിക്കണമെന്നുണ്ടെങ്കിലും അതും ചിലപ്പോൾ നടക്കില്ല. ഇനി, നമ്മുടെതന്നെ കുടുംബം രോഗമോ സാമ്പത്തിക പ്രശ്നമോ നേരിടുന്നതുകൊണ്ട് ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ നമുക്കു കഴിയാതെവന്നേക്കാം. എങ്കിലും അവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അപ്പോഴും നമുക്കുണ്ടാകും. ആ ശ്രമങ്ങൾ യഹോവ കാണുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നുണ്ട്. (സുഭാ. 3:27; 19:17) നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
3. ഡെയ്സി സഹോദരിയുടെ സഭയിലെ മൂപ്പന്മാരിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (യിരെമ്യ 23:4)
3 മൂപ്പന്മാർക്ക് എന്തു ചെയ്യാം? നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ സഹോദരങ്ങളെ അടുത്തറിയാൻ ശ്രമിക്കുക. (യിരെമ്യ 23:4 വായിക്കുക.) കഴിഞ്ഞ ലേഖനത്തിൽ കണ്ട ഡെയ്സി സഹോദരി പറയുന്നു: “എന്റെ വയൽസേവനഗ്രൂപ്പിലെ മൂപ്പന്മാർ ശുശ്രൂഷയ്ക്കും മറ്റു കൂടിവരവുകൾക്കും ഞങ്ങളോടൊപ്പം പതിവായി കൂടുമായിരുന്നു.” b ആ മൂപ്പന്മാർ അങ്ങനെ ചെയ്തിരുന്നതുകൊണ്ട് കോവിഡ്-19 മഹാമാരി കാരണം സഹോദരിക്കു ചില കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട സമയത്ത് വേണ്ട സഹായം നൽകാൻ അവർക്ക് എളുപ്പമായിരുന്നു.
4. മൂപ്പന്മാർക്കു ഡെയ്സി സഹോദരിയെ സഹായിക്കാൻ കഴിഞ്ഞത് എന്തുകൊണ്ട്, എന്താണ് അതിൽനിന്നുള്ള പാഠം?
4 ഡെയ്സി സഹോദരി പറയുന്നു: “മൂപ്പന്മാരുമായിട്ടു നല്ല അടുത്ത സൗഹൃദമുണ്ടായിരുന്നതുകൊണ്ട് വിഷമമേറിയ സാഹചര്യങ്ങളിൽ, എന്റെ പേടിയും ഉത്കണ്ഠയും ഒക്കെ അവരോടു തുറന്നുപറയാൻ എളുപ്പമായിരുന്നു.” ഇതിൽനിന്ന് മൂപ്പന്മാർക്ക് എന്തു പഠിക്കാം? ഒരു പ്രയാസസാഹചര്യം ഉണ്ടാകുന്നതിനു മുമ്പുതന്നെ സഹോദരങ്ങൾക്ക് ഇടയവേല ചെയ്യുക. അവരുടെ സുഹൃത്തുക്കളാകുക. രോഗം പടർന്നുപിടിക്കുന്ന സമയത്ത് ചിലപ്പോൾ സഹോദരങ്ങളെ നേരിട്ട് ചെന്നുകാണാൻ സാധിക്കാതെവന്നേക്കാം. അപ്പോൾ മറ്റു വിധങ്ങളിൽ അവരുടെ വിവരങ്ങൾ അറിയാൻ ശ്രമിക്കുക. ഡെയ്സി സഹോദരി ഇങ്ങനെ തുടർന്നു: “ചിലപ്പോൾ ഒരു ദിവസംതന്നെ പല മൂപ്പന്മാർ ഫോൺ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടുണ്ട്. അവർ കാണിച്ചുതന്ന തിരുവെഴുത്തുകൾ എനിക്ക് അപ്പോൾത്തന്നെ അറിയാവുന്നവയായിരുന്നെങ്കിലും ആ സമയത്ത് അതൊക്കെ എന്നെ ഒരുപാട് ആശ്വസിപ്പിച്ചു.”
5. സഹോദരങ്ങളുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നു മൂപ്പന്മാർക്ക് എങ്ങനെ മനസ്സിലാക്കാം, അവർക്ക് എങ്ങനെ സഹോദരങ്ങളെ സഹായിക്കാം?
5 മൂപ്പന്മാർക്കു സഹോദരങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനാകുന്ന ഒരു വിധം നയപൂർവം ചോദ്യങ്ങൾ ചോദിക്കുന്നതാണ്. (സുഭാ. 20:5) അവർക്ക് ആവശ്യത്തിനു ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഒക്കെയുണ്ടോ? ജോലിയോ താമസസൗകര്യമോ നഷ്ടപ്പെടാൻ സാധ്യതയുണ്ടോ? ഇനി, ഗവൺമെന്റ് ആനുകൂല്യങ്ങൾ കിട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതിന് അവർക്ക് എന്തെങ്കിലും സഹായം ആവശ്യമാണോ? മൂപ്പന്മാർക്ക് ഇതൊക്കെ അവരോടു ചോദിച്ച് മനസ്സിലാക്കാനാകും. ഡെയ്സി സഹോദരിക്കും സഹോദരങ്ങൾ വേണ്ട സാധനങ്ങളൊക്കെ എത്തിച്ചുകൊടുത്തു. എങ്കിലും മൂപ്പന്മാർ കാണിച്ച സ്നേഹവും തിരുവെഴുത്തുകളിലൂടെ നൽകിയ പ്രോത്സാഹനവും ആണ് പിടിച്ചുനിൽക്കാൻ സഹോദരിയെ കൂടുതൽ സഹായിച്ചത്. സഹോദരി പറയുന്നു: “മൂപ്പന്മാർ എന്നോടൊപ്പമിരുന്ന് പ്രാർഥിക്കുമായിരുന്നു. അവർ എന്താണു പ്രാർഥിച്ചത് എന്നൊന്നും ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. എങ്കിലും അപ്പോൾ എനിക്കു തോന്നിയ ആശ്വാസം ഞാൻ ഒരിക്കലും മറക്കില്ല. ‘ഞാൻ നിന്റെകൂടെയുണ്ട്’ എന്ന് യഹോവ എന്നോടു പറയുന്നതുപോലെയാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്.”—യശ. 41:10, 13.
6. മറ്റുള്ളവരെ സഹായിക്കാൻ സഭയിലെ ഓരോരുത്തർക്കും എന്തെല്ലാം ചെയ്യാം? (ചിത്രം കാണുക.)
6 മറ്റുള്ളവർക്ക് എന്തു ചെയ്യാം? സഭയിലെ സഹോദരങ്ങൾക്കു വേണ്ടതു ചെയ്തുകൊടുക്കുന്നതിനു മൂപ്പന്മാർ നേതൃത്വമെടുക്കാൻ നമ്മൾ പ്രതീക്ഷിക്കും. എന്നാൽ നമ്മൾ എല്ലാവരും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും യഹോവ ആഗ്രഹിക്കുന്നുണ്ട്. (ഗലാ. 6:10) സ്നേഹത്തോടെ ചെയ്യുന്ന ചെറിയ ഒരു കാര്യംപോലും രോഗത്താൽ ബുദ്ധിമുട്ടുന്നവരെ ഒരുപാട് ആശ്വസിപ്പിക്കും. നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്? ഒരു കൊച്ചു കുട്ടിക്ക്, ചിലപ്പോൾ ഒരു കാർഡ് ഉണ്ടാക്കുകയോ പടം വരച്ചുകൊടുക്കുകയോ ചെയ്തുകൊണ്ട് ഒരു സഹോദരനെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞേക്കും. ചെറുപ്പക്കാരനായ ഒരു സഹോദരനു പ്രായമായ ഒരു സഹോദരിക്കുവേണ്ടി സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും മറ്റും ചെയ്യാം. ഇനി, രോഗാവസ്ഥയിലായിരിക്കുന്ന ആർക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കി വീട്ടിൽ എത്തിച്ചുകൊടുക്കാൻ നമുക്കു കഴിയുമോ? ഒരു രോഗം പടർന്നുപിടിക്കുന്ന സമയത്ത് സഭയിലെ എല്ലാവർക്കും പ്രോത്സാഹനം ആവശ്യമാണ്. അതുകൊണ്ട് മീറ്റിങ്ങുകൾക്കുശേഷം സഹോദരങ്ങളോടു സംസാരിക്കാനായി കുറച്ച് അധികം സമയം ചെലവഴിക്കാൻ നമുക്കാകുമോ? മീറ്റിങ്ങ് കൂടുന്നതു രാജ്യഹാളിൽ പോയോ വീഡിയോ കോൺഫറൻസിങ്ങിലൂടെയോ ആയാലും നമുക്ക് അങ്ങനെ ചെയ്യാം. മൂപ്പന്മാർക്കും പ്രോത്സാഹനം ആവശ്യമാണ്. അവർക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. ഒരു രോഗം പടർന്നുപിടിക്കുന്ന സമയത്ത് കൂടുതലായി പലതും ചെയ്യാനുള്ളതുകൊണ്ട് അവർ വളരെ തിരക്കിലായിരിക്കും. അതുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കാനായി ചില സഹോദരങ്ങൾ നന്ദി പറഞ്ഞുകൊണ്ടുള്ള കാർഡുകൾ അവർക്കു കൊടുക്കാറുണ്ട്. ഇങ്ങനെയെല്ലാം “പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും” ചെയ്യുന്നതിൽ നമ്മൾ ഓരോരുത്തരും നമ്മുടെ പങ്കു ചെയ്യുമ്പോൾ അത് എത്ര നന്നായിരിക്കും!—1 തെസ്സ. 5:11.
ദുരന്തം ഉണ്ടാകുമ്പോൾ
7. ഒരു ദുരന്തം കാരണം എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടേക്കാം?
7 ഒരു ദുരന്തം ഉണ്ടാകുമ്പോൾ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരിക്കാം ആളുകളുടെ ജീവിതം കീഴ്മേൽ മറിയുന്നത്. അതിന് ഇരയാകുന്നവർക്കു തങ്ങളുടെ വസ്തുവകകളോ വീടോ ചിലപ്പോൾ ഉറ്റവരെപ്പോലുമോ നഷ്ടപ്പെട്ടേക്കാം. നമ്മുടെ സഹോദരീസഹോദരന്മാരും ഇത്തരം ആപത്തുകളിൽനിന്ന് ഒഴിവുള്ളവരല്ല. അങ്ങനെയുള്ളവരെ സഹായിക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
8. ഒരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പുതന്നെ മൂപ്പന്മാർക്കും കുടുംബനാഥന്മാർക്കും എന്തു ചെയ്യാം?
8 മൂപ്പന്മാർക്ക് എന്തു ചെയ്യാം? മൂപ്പന്മാരേ, ദുരന്തം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഒരുങ്ങിയിരിക്കാൻ സഹോദരങ്ങളെ സഹായിക്കുക. ഒരു പ്രശ്നമുണ്ടാകുമ്പോൾ സുരക്ഷിതരായിരിക്കാനും മൂപ്പന്മാരെ ബന്ധപ്പെടാനും എന്താണു ചെയ്യേണ്ടതെന്നു സഭയിലെ എല്ലാവർക്കും അറിയാമെന്ന് ഉറപ്പുവരുത്തുക. കഴിഞ്ഞ ലേഖനത്തിൽ കണ്ട മാർഗരെറ്റ് സഹോദരി പറയുന്നു: “മൂപ്പന്മാർ പ്രാദേശിക ആവശ്യങ്ങൾ എന്ന പരിപാടിയിൽ, കാട്ടുതീ എപ്പോൾ വേണമെങ്കിലും പടർന്നുപിടിക്കാം, അപകടസാധ്യത മാറിയിട്ടില്ല എന്നു ഞങ്ങളെ ഓർമിപ്പിച്ചു. വീട് വിട്ട് പോകാൻ അധികാരികൾ ആവശ്യപ്പെടുകയോ സാഹചര്യം ഗുരുതരമാകുന്നതായി തോന്നുകയോ ചെയ്താൽ ഉടൻതന്നെ അവിടം വിട്ട് പോകണമെന്ന് അവർ ഞങ്ങളോടു പറഞ്ഞു.” മൂപ്പന്മാർ നൽകിയ ആ നിർദേശങ്ങൾ ശരിക്കും തക്കസമയത്തുള്ളതായിരുന്നു. കാരണം അഞ്ച് ആഴ്ച കഴിഞ്ഞപ്പോൾത്തന്നെ അവിടെ വലിയൊരു കാട്ടുതീ ഉണ്ടായി. ഇനി, കുടുംബനാഥന്മാർക്ക് എന്തു ചെയ്യാം? ഒരു ദുരന്തം ഉണ്ടായാൽ കുട്ടികൾ ഉൾപ്പെടെ വീട്ടിലെ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ കുടുംബാരാധനയിൽ അവർക്കു ചർച്ച ചെയ്യാനാകും. അങ്ങനെ മുന്നമേ തയ്യാറായിരിക്കുകയാണെങ്കിൽ പ്രശ്നമുണ്ടാകുന്ന സമയത്ത് ശാന്തരായിരിക്കാൻ നമുക്കു കൂടുതൽ എളുപ്പമായിരിക്കും.
9. ഒരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പും അതിനു ശേഷവും മൂപ്പന്മാർക്ക് എങ്ങനെ തങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാം?
9 നിങ്ങൾ ഒരു ഗ്രൂപ്പ് മേൽവിചാരകനാണെങ്കിൽ ഗ്രൂപ്പിലെ സഹോദരങ്ങളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പരും അഡ്രസ്സും കൈവശമുണ്ടെന്നു ദുരന്തം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഉറപ്പാക്കണം. ആ വിവരങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും അവ കൃത്യമാണെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ ദുരന്തം ഉണ്ടാകുന്ന സമയത്ത് ഓരോ പ്രചാരകനെയും ബന്ധപ്പെടാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും എത്രയും പെട്ടെന്ന് ആ വിവരങ്ങൾ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകന് അയച്ചുകൊടുക്കാനും നിങ്ങൾക്കാകും. അദ്ദേഹം ആ വിവരങ്ങൾ സർക്കിട്ട് മേൽവിചാരകനു കൈമാറും. സഹോദരന്മാർ ഇങ്ങനെ കൂട്ടായി ശ്രമിക്കുമ്പോൾ, എത്രയും പെട്ടെന്നു സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുക്കാനാകും. മാർഗരെറ്റ് സഹോദരിയുടെ പ്രദേശത്ത് കാട്ടുതീ പടർന്നപ്പോൾ അവിടത്തെ സഹോദരങ്ങളെ ബന്ധപ്പെടാനും താമസസ്ഥലം വിട്ട് പോകേണ്ടിവന്ന 450-ഓളം സഹോദരങ്ങൾക്കു വേണ്ട സഹായം എത്തിച്ചുകൊടുക്കാനും മൂപ്പന്മാർ കഠിനശ്രമം ചെയ്തു. അവരുടെ പ്രവർത്തനത്തെ ഏകോപിപ്പിച്ചുകൊണ്ടിരുന്ന സർക്കിട്ട് മേൽവിചാരകൻ ഉറങ്ങുകപോലും ചെയ്യാതെ 36 മണിക്കൂറാണ് അതിനുവേണ്ടി തുടർച്ചയായി പ്രവർത്തിച്ചത്. (2 കൊരി. 11:27) അങ്ങനെ താമസസൗകര്യം ആവശ്യമായിരുന്ന എല്ലാവരെയും സഹായിക്കാൻ അവർക്കായി.
10. മൂപ്പന്മാർ ഇടയവേലയെ വളരെ പ്രധാനപ്പെട്ടതായി കാണേണ്ടത് എന്തുകൊണ്ട്? (യോഹന്നാൻ 21:15)
10 തിരുവെഴുത്തുകൾ ഉപയോഗിച്ച് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്കു വേണ്ട ആശ്വാസം നൽകാനും ഉള്ള ഉത്തരവാദിത്വവും മൂപ്പന്മാർക്കുണ്ട്. (1 പത്രോ. 5:2) ഒരു ദുരന്തം ഉണ്ടാകുമ്പോൾ അവർ ആദ്യം ചെയ്യുന്നത്, സഹോദരങ്ങളെല്ലാം സുരക്ഷിതരാണോ അവർക്കു വേണ്ട ഭക്ഷണവും വസ്ത്രവും താമസസൗകര്യവും ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയായിരിക്കും. എങ്കിലും മാസങ്ങൾക്കുശേഷംപോലും തിരുവെഴുത്തുകൾ ഉപയോഗിച്ച് അവരെ പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ടിവന്നേക്കാം. (യോഹന്നാൻ 21:15 വായിക്കുക.) “ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് പുറത്തുവരാൻ ഒരുപാടു സമയമെടുക്കും” എന്ന് ഒരു ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിക്കുന്ന ഹാരോൾഡ് സഹോദരൻ പറയുന്നു. ദുരന്തത്തിന് ഇരയായ ഒരുപാടു സഹോദരങ്ങളെ കാണുകയും അവരോടു സംസാരിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം ഇങ്ങനെ തുടർന്നു: “ദുരന്തത്തിന് ഇരയാകുന്നവർ പെട്ടെന്നുതന്നെ ഒരു സാധാരണ ജീവിതത്തിലേക്കു മടങ്ങിവന്നേക്കാം. എങ്കിലും ചില ഓർമകൾ, പ്രത്യേകിച്ചും മരണത്തിൽ നഷ്ടപ്പെട്ട ഒരാളെക്കുറിച്ചോ തങ്ങൾക്കു വളരെ പ്രിയപ്പെട്ട ഒരു വസ്തുവിനെക്കുറിച്ചോ ഇനി തലനാരിഴയ്ക്കു ജീവൻ രക്ഷപ്പെട്ടതിനെക്കുറിച്ചോ ഒക്കെയുള്ള ഓർമകൾ കുറെക്കാലം മനസ്സിൽ തങ്ങിനിന്നേക്കാം. അതുകൊണ്ടുതന്നെ അന്ന് അനുഭവിച്ച ആ വേദനകൾ ഇടയ്ക്കിടെ മനസ്സിലേക്കുവരാൻ സാധ്യതയുണ്ട്. അങ്ങനെയൊക്കെ തോന്നുന്നതു തികച്ചും സ്വാഭാവികമാണ്. അത് ഒരിക്കലും അവർക്കു വിശ്വാസമില്ലാത്തതുകൊണ്ടല്ല.”
11. കുടുംബങ്ങൾക്ക് തുടർന്നും എന്തു സഹായം ആവശ്യമാണ്?
11 “കരയുന്നവരുടെകൂടെ കരയുക” എന്ന നിർദേശമനുസരിച്ച് മൂപ്പന്മാർ പ്രവർത്തിക്കുന്നു. (റോമ. 12:15) ദുരന്തത്തിന് ഇരയായവരെ യഹോവയും സഹോദരങ്ങളും ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നു മൂപ്പന്മാർക്ക് അവരോടു പറയാനാകും. ഇനി, കുടുംബങ്ങൾക്കാകട്ടെ പ്രാർഥനയും പഠനവും മീറ്റിങ്ങുകൾക്കു ഹാജരാകുന്നതും പ്രസംഗപ്രവർത്തനത്തിനു പോകുന്നതും ഉൾപ്പെടെയുള്ള ആത്മീയകാര്യങ്ങൾ ക്രമമായി ചെയ്യുന്നതിനു സഹായം ആവശ്യമാണ്. കൂടാതെ ഒരു ദുരന്തത്തിനും കവർന്നെടുക്കാനാകാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും മാതാപിതാക്കളെ സഹായിക്കാൻ മൂപ്പന്മാർക്കാകും. മാതാപിതാക്കളേ, നിങ്ങളുടെ മക്കളോട് യഹോവ എപ്പോഴും ഒരു സുഹൃത്തായി കൂടെയുണ്ടായിരിക്കുമെന്നും സഹായിക്കാൻ എപ്പോഴും ഒരുക്കമാണെന്നും കൂടെക്കൂടെ പറയുക. മാത്രമല്ല, അവരെ സഹായിക്കാൻ മനസ്സുള്ള സഹോദരങ്ങളുടെ ഒരു കുടുംബം ലോകമെങ്ങുമായി അവർക്കുണ്ടെന്നും പറഞ്ഞുകൊടുക്കുക.—1 പത്രോ. 2:17.
12. ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിക്കാൻ മറ്റുള്ളവർക്ക് എന്തു ചെയ്യാനാകും? (ചിത്രം കാണുക.)
12 മറ്റുള്ളവർക്ക് എന്തു ചെയ്യാം? നിങ്ങളുടെ പ്രദേശത്ത് എവിടെയെങ്കിലുമാണ് ഒരു ദുരന്തം ഉണ്ടാകുന്നതെങ്കിൽ സഹായിക്കാൻ ഒരുക്കമാണെന്നു മൂപ്പന്മാരോടു പറയുക. വീടു വിട്ട് പോരേണ്ടിവന്ന സഹോദരങ്ങൾക്കോ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി വരുന്നവർക്കോ താമസസൗകര്യം കൊടുക്കാൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കും. ഇനി, ദുരന്തത്തിൽ അകപ്പെട്ട സഹോദരങ്ങൾക്ക് ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളോ എത്തിച്ചുകൊടുക്കാൻ നിങ്ങൾക്കു സാധിക്കും. ദൂരെ ഒരു സ്ഥലത്താണു ദുരന്തം ഉണ്ടാകുന്നതെങ്കിലും നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണ് അത്? ഒന്നാമതായി, അവർക്കുവേണ്ടി പ്രാർഥിക്കാനാകും. (2 കൊരി. 1:8-11) കൂടാതെ ലോകവ്യാപകവേലയ്ക്കായി സംഭാവനകൾ നൽകിക്കൊണ്ട് ദുരിതാശ്വാസപ്രവർത്തനത്തെ പിന്തുണയ്ക്കാം. (2 കൊരി. 8:2-5) ഇനി, അകലെയുള്ള ഒരു സ്ഥലത്ത് പോയി സഹായിക്കാൻ കഴിയുമെങ്കിൽ അതിനു തയ്യാറാണെന്ന കാര്യം മൂപ്പന്മാരോടു പറയുക. നിങ്ങളെ ക്ഷണിക്കുകയാണെങ്കിൽ അതോടൊപ്പം വേണ്ട പരിശീലനവും നിങ്ങൾക്കു കിട്ടിയേക്കാം. അങ്ങനെയാകുമ്പോൾ ആവശ്യംവരുന്ന സമയത്ത് നിങ്ങളെ ഉപയോഗിക്കാനാകും.
ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ
13. നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള ദേശങ്ങളിലെ സഹോദരങ്ങൾക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം?
13 നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള ചില ദേശങ്ങളിൽ സഹോദരങ്ങൾക്ക് ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകാറുണ്ട്. അവിടെയുള്ള സഹോദരങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നു, രോഗം വരുന്നു, പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെടുന്നു. എന്നാൽ നിരോധനമുള്ളതുകൊണ്ട് മൂപ്പന്മാർക്ക് അവർ ആഗ്രഹിക്കുന്നതുപോലെ അവരെ ചെന്നുകാണാനോ സംസാരിക്കാനോ കഴിഞ്ഞെന്നുവരില്ല. കഴിഞ്ഞ ലേഖനത്തിൽ കണ്ട ആൻഡ്രേ സഹോദരന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചു. സഹോദരന്റെ വയൽസേവനഗ്രൂപ്പിലുള്ള ഒരു സഹോദരിക്കു സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായി. അതിനു ശേഷം സഹോദരി ഒരു കാറപകടത്തിൽപ്പെട്ടു. അതിന്റെ ഭാഗമായി പല ഓപ്പറേഷനുകൾ വേണ്ടിവന്നു, ജോലിക്കു പോകാനും കഴിഞ്ഞില്ല. പക്ഷേ നിരോധനവും മഹാമാരിയും ഒക്കെ ഉണ്ടായിരുന്നിട്ടുപോലും തങ്ങളാലാകുന്ന രീതിയിൽ സഹോദരിയെ സഹായിക്കാൻ സഹോദരങ്ങൾ തയ്യാറായി. സഹോദരിക്ക് ആ സമയത്ത് എന്താണ് ആവശ്യമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു എന്നല്ലേ അതു കാണിക്കുന്നത്?
14. പ്രശ്നങ്ങളുണ്ടാകുമ്പോൾ മൂപ്പന്മാർക്ക് എങ്ങനെ യഹോവയിൽ ആശ്രയിക്കാം?
14 മൂപ്പന്മാർക്ക് എന്തു ചെയ്യാം? ആൻഡ്രേ യഹോവയോടു പ്രാർഥിച്ചു; തനിക്കു ചെയ്യാനാകുന്നതെല്ലാം ചെയ്തു. യഹോവ എങ്ങനെയാണ് അതിനോടു പ്രതികരിച്ചത്? സഹോദരിയെ പല വിധങ്ങളിൽ സഹായിക്കാൻ കഴിയുന്ന ഒരുപാടു സഹോദരങ്ങളെ യഹോവ അതിനു പ്രേരിപ്പിച്ചു. ചിലർ സഹോദരിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായി, മറ്റു ചിലർ പണംകൊടുത്ത് സഹായിച്ചു. ആ സമയത്ത് സഹോദരങ്ങൾ ഒത്തൊരുമിച്ച് ധൈര്യത്തോടെ പ്രവർത്തിച്ചതുകൊണ്ട് യഹോവ അവരെ അനുഗ്രഹിച്ചു, സഹോദരിയുടെ ആവശ്യങ്ങൾ നടക്കുകയും ചെയ്തു. (എബ്രാ. 13:16) മൂപ്പന്മാരേ, നിങ്ങളുടെ പ്രദേശത്ത് നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണങ്ങളുണ്ടെങ്കിൽ ചില ഉത്തരവാദിത്വങ്ങൾ ചെയ്യാൻ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. (യിരെ. 36:5, 6) ഏറ്റവും പ്രധാനമായി, യഹോവയിൽ ആശ്രയിക്കുക. സഹോദരങ്ങളുടെ ആവശ്യം നടത്തിക്കൊടുക്കാൻ യഹോവയ്ക്കു നിങ്ങളെ സഹായിക്കാനാകും.
15. നിരോധനവും മറ്റും ഉണ്ടാകുമ്പോൾ നമ്മുടെ ഇടയിലെ ഐക്യം എങ്ങനെ കാത്തുസൂക്ഷിക്കാം?
15 മറ്റുള്ളവർക്ക് എന്തു ചെയ്യാം? നിരോധനമൊക്കെയുള്ളപ്പോൾ കുറച്ച് പേർ മാത്രമായി നമ്മൾ കൂടിവരേണ്ടിവന്നേക്കാം. അതുകൊണ്ട് എല്ലാ സഹോദരങ്ങളുമായും ഇപ്പോൾത്തന്നെ സമാധാനത്തിലായിരിക്കുന്നതു വളരെ പ്രധാനമാണ്. സാത്താനോടു പോരാടുക, സഹോദരങ്ങളോടല്ല. സഹോദരങ്ങളുമായി എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒന്നുകിൽ അതു കണ്ടില്ലെന്നു വെക്കാം, അല്ലെങ്കിൽ എത്രയും പെട്ടെന്ന് അതു പറഞ്ഞുതീർക്കുക. (സുഭാ. 19:11; എഫെ. 4:26) പരസ്പരം സഹായിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിക്കുക. (തീത്തോ. 3:14) അപകടത്തിൽപ്പെട്ട ആ സഹോദരിയുടെ കാര്യത്തിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചതുകൊണ്ട് എന്തു പ്രയോജനമുണ്ടായി? സഹോദരിയുടെ ആവശ്യങ്ങൾ നടന്നു. മാത്രമല്ല അവരുടെ ഇടയിലെ സ്നേഹവും ഐക്യവും വർധിച്ചു. അവർ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായി.—സങ്കീ. 133:1.
16. കൊലോസ്യർ 4:3, 18 പറയുന്നതനുസരിച്ച് ഉപദ്രവം സഹിക്കുന്ന സഹോദരങ്ങളെ നമുക്ക് എങ്ങനെ സഹായിക്കാം?
16 നമ്മുടെ പ്രവർത്തനത്തിനു ഗവൺമെന്റ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ ആയിരക്കണക്കിനു സഹോദരങ്ങളാണു വിശ്വസ്തമായി യഹോവയെ സേവിക്കുന്നത്. വിശ്വാസത്തിന്റെ പേരിൽ അവരിൽ ചിലർ ജയിലിലാണ്. അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നമുക്കു പ്രാർഥിക്കാം. ഇനി, ജയിലിൽ കഴിയുന്ന ഈ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്കു വേണ്ട സാധനങ്ങൾ എത്തിച്ചുകൊടുക്കാനും കോടതിയിൽ അവരുടെ കേസ് വാദിക്കാനും വേണ്ടി പ്രവർത്തിക്കുന്ന സഹോദരങ്ങളുമുണ്ട്. അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടായിട്ടുപോലും അതൊക്കെ അവഗണിച്ചുകൊണ്ട് അവർ ധൈര്യത്തോടെ പ്രവർത്തിക്കുന്നു. അവരെയും നമുക്കു പ്രാർഥനയിൽ ഓർക്കാം. c (കൊലോസ്യർ 4:3, 18 വായിക്കുക.) നിങ്ങളുടെ പ്രാർഥന ഈ സഹോദരങ്ങളെയെല്ലാം ഒരുപാടു സഹായിക്കും എന്നോർക്കുക!—2 തെസ്സ. 3:1, 2; 1 തിമൊ. 2:1, 2.
17. ഉപദ്രവത്തെ നേരിടുന്നതിനുവേണ്ടി ഇപ്പോൾത്തന്നെ നിങ്ങൾക്ക് എങ്ങനെ ഒരുങ്ങാം?
17 ഉപദ്രവത്തെ നേരിടാനായി നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഇപ്പോൾത്തന്നെ ഒരുങ്ങാനാകും. (പ്രവൃ. 14:22) സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് ഓർത്ത് തല പുണ്ണാക്കുന്നതിനു പകരം യഹോവയുമായുള്ള സൗഹൃദം ശക്തമാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യാൻ മക്കളെയും സഹായിക്കുക. എപ്പോഴെങ്കിലും ഉത്കണ്ഠ തോന്നുന്നെങ്കിൽ നിങ്ങളുടെ വിഷമങ്ങളെല്ലാം യഹോവയോടു തുറന്നുപറയുക. (സങ്കീ. 62:7, 8) എന്തുകൊണ്ട് യഹോവയിൽ പൂർണമായി ആശ്രയിക്കാനാകും എന്നതിനെക്കുറിച്ച് കുടുംബം ഒരുമിച്ച് ചർച്ച ചെയ്യുക. d ദുരന്തത്തിന്റെ കാര്യത്തിലെന്നപോലെതന്നെ ഉപദ്രവത്തിന്റെ കാര്യത്തിലും, അതിനെ നേരിടാൻ മുന്നമേ ഒരുങ്ങുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നതു ധൈര്യമുള്ളവരായിരിക്കാനും ശാന്തരായിരിക്കാനും നിങ്ങളുടെ മക്കളെ സഹായിക്കും.
18. എങ്ങനെയുള്ള ഒരു ഭാവിയാണു നമ്മളെ കാത്തിരിക്കുന്നത്?
18 ദൈവസമാധാനം ഉണ്ടായിരിക്കുന്നതു സുരക്ഷിതത്വബോധം തോന്നാൻ നമ്മളെ സഹായിക്കും. (ഫിലി. 4:6, 7) ഒരു രോഗം പടർന്നുപിടിക്കുമ്പോഴോ ദുരന്തം ആഞ്ഞടിക്കുമ്പോഴോ ഉപദ്രവം സഹിക്കേണ്ടിവരുമ്പോഴോ സമാധാനം തന്നുകൊണ്ട് യഹോവ നമ്മളെ ശാന്തരാക്കും. നമുക്കു വേണ്ട പ്രോത്സാഹനം തരാനായി യഹോവ ഇന്നു കഠിനാധ്വാനികളായ മൂപ്പന്മാരെ ഉപയോഗിക്കുന്നുണ്ട്. ഇനി, മറ്റുള്ളവരെ സഹായിക്കാനുള്ള അവസരവും യഹോവ നമുക്കു തരുന്നു. കാര്യങ്ങളൊക്കെ സമാധാനപൂർണമായിരിക്കുന്ന ഈ സമയത്ത് വേണ്ട ഒരുക്കങ്ങൾ നടത്തുന്നെങ്കിൽ ‘മഹാകഷ്ടതയുടെ’ സമയത്ത് വലിയ പരീക്ഷണങ്ങളെ നേരിടാൻ നമ്മൾ തയ്യാറായിരിക്കും. (മത്താ. 24:21) കഷ്ടതയുടെ ആ സമയത്ത് നമ്മുടെതന്നെ സമാധാനം നമ്മൾ നിലനിറുത്തണം, അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും വേണം. എന്നാൽ ഒരു കാര്യം ഓർക്കാം: ആ സംഭവത്തിനു ശേഷം നമ്മളെ ഉത്കണ്ഠപ്പെടുത്തുന്ന ഒരു പ്രശ്നവും നമുക്കു നേരിടേണ്ടിവരില്ല. നമ്മൾ ആസ്വദിക്കണമെന്ന് യഹോവ എന്നും ആഗ്രഹിച്ചിട്ടുള്ള പൂർണമായ, നിലനിൽക്കുന്ന സമാധാനം നമുക്ക് അന്നുണ്ടായിരിക്കും.—യശ. 26:3, 4.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കാം
a പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവരെ സഹായിക്കുന്നതിനായി യഹോവ മിക്കപ്പോഴും തന്റെ വിശ്വസ്തരായ ദാസന്മാരെ ഉപയോഗിക്കാറുണ്ട്. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യഹോവയ്ക്കു നിങ്ങളെയും ഉപയോഗിക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും?
b ചില പേരുകൾക്കു മാറ്റമുണ്ട്.
c ജയിലിൽ കഴിയുന്ന സഹോദരങ്ങൾക്കു നിങ്ങൾ അയയ്ക്കുന്ന കത്തുകൾ എത്തിച്ചുകൊടുക്കാൻ ബ്രാഞ്ചോഫീസിനോ ലോകാസ്ഥാനത്തുള്ള സഹോദരങ്ങൾക്കോ കഴിയില്ലെന്ന കാര്യം ഓർക്കുക.
d 2019 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “ഉപദ്രവങ്ങൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കുക” എന്ന ലേഖനം കാണുക.
e ചിത്രത്തിന്റെ വിവരണം: ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്ന ഒരു കുടുംബത്തിന് ഒരു ദമ്പതികൾ ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു.