വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സങ്കീർത്തനം 61:8-ൽ “എന്നും” അഥവാ “എന്നുമെന്നേക്കും” ദൈവത്തിന്റെ പേര് പാടി സ്തുതിക്കും എന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതി. അതു പറഞ്ഞപ്പോൾ താൻ ഒരിക്കലും മരിക്കില്ലെന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്?
▪ അല്ല. ദാവീദ് ഉദ്ദേശിച്ചത് അതായിരുന്നില്ല.
ആ വാക്യത്തിലും അതുപോലുള്ള മറ്റു വാക്യങ്ങളിലും അദ്ദേഹം എഴുതിയത് എന്താണെന്നു നോക്കുക. “ഞാൻ എന്നും അങ്ങയുടെ പേര് പാടി സ്തുതിക്കും, ദിവസവും എന്റെ നേർച്ചകൾ നിറവേറ്റും.” “എന്റെ ദൈവമായ യഹോവേ, ഞാൻ മുഴുഹൃദയാ അങ്ങയെ സ്തുതിക്കുന്നു; തിരുനാമം ഞാൻ എന്നെന്നും മഹത്ത്വപ്പെടുത്തും.” “ഞാൻ . . . എന്നുമെന്നേക്കും അങ്ങയുടെ പേര് സ്തുതിക്കും.”—സങ്കീ. 61:8; 86:12; 145:1, 2.
താൻ ഒരിക്കലും മരിക്കില്ല എന്നു ചിന്തിച്ചിട്ടല്ല ദാവീദ് ആ വാക്കുകൾ എഴുതിയത്. പാപം ചെയ്താൽ മനുഷ്യൻ മരിക്കുമെന്ന് യഹോവ പറഞ്ഞിരുന്ന കാര്യം ദാവീദിന് അറിയാമായിരുന്നു. താൻതന്നെ ഒരു പാപിയാണെന്നു ദാവീദ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. (ഉൽപ. 3:3, 17-19; സങ്കീ. 51:4, 5) മാത്രമല്ല ദൈവത്തിന്റെ അംഗീകാരമുണ്ടായിരുന്ന അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും പോലുള്ളവർ മരിച്ചെന്ന കാര്യവും ദാവീദിന് അറിയാമായിരുന്നു. ഇനി, താൻതന്നെയും കുറച്ച് നാൾ കഴിഞ്ഞ് മരിക്കുമെന്നു ദാവീദ് ചിന്തിച്ചിരുന്നു. (സങ്കീ. 37:25; 39:4) പക്ഷേ താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ദൈവത്തെ സ്തുതിക്കാൻ ദാവീദിനു ശക്തമായ ആഗ്രഹമുണ്ടായിരുന്നു. സങ്കീർത്തനം 61:8-ൽ ‘എന്നും ദൈവത്തെ സ്തുതിക്കും’ എന്നു പറഞ്ഞപ്പോൾ ദാവീദ് അതാണ് ഉദ്ദേശിച്ചത്.—2 ശമു. 7:12.
ദാവീദിന്റെ പല സങ്കീർത്തനങ്ങളും സ്വന്തം ജീവിതാനുഭവങ്ങളാണ്. സങ്കീർത്തനം 18, 51, 52 എന്നിവയുടെ മേലെഴുത്ത് പരിശോധിച്ചാൽ നമുക്ക് അതു മനസ്സിലാകും. ഒരു ഇടയനായിരുന്ന ദാവീദ് 23-ാം സങ്കീർത്തനത്തിൽ, തന്നെ വഴിനടത്തുകയും സംരക്ഷിക്കുകയും തനിക്ക് ഉന്മേഷം പകരുകയും ചെയ്യുന്ന ഒരു ഇടയനായി യഹോവയെ വർണിച്ചിരിക്കുന്നു. ഈ തിരിച്ചറിവ് തന്റെ ‘ജീവിതകാലമെല്ലാം’ ദൈവത്തെ സേവിക്കാൻ ദാവീദിനെ പ്രേരിപ്പിച്ചു.—സങ്കീ. 23:6.
എന്നാൽ യഹോവ പ്രചോദിപ്പിച്ചിട്ടാണു ദാവീദ് എല്ലാം എഴുതിയത് എന്ന കാര്യവും നമ്മൾ മനസ്സിൽപ്പിടിക്കണം. അതുകൊണ്ടുതന്നെ ദാവീദ് എഴുതിയ കാര്യങ്ങളിൽ ഭാവിയിൽ നടക്കാനിരുന്ന ചില പ്രവചനങ്ങളും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 110-ൽ ദാവീദ് തന്റെ ‘കർത്താവ് സ്വർഗത്തിൽ ദൈവത്തിന്റെ വലതുവശത്ത് ഇരിക്കുന്നതായും’ വലിയ അധികാരം സ്വീകരിക്കുന്നതായും പറഞ്ഞു. എന്തിനുള്ള അധികാരമായിരുന്നു അത്? ദൈവത്തിന്റെ ശത്രുക്കളെ കീഴടക്കാനും ഭൂമിയിലെ ‘ജനതകൾക്കെതിരെ ന്യായവിധി നടപ്പാക്കാനും’ ഉള്ള അധികാരം. സ്വർഗത്തിലിരുന്ന് ഭരണം നടത്തുകയും ‘എന്നെന്നും പുരോഹിതനായിരിക്കുകയും’ ചെയ്യുമായിരുന്ന ആ മിശിഹയുടെ ഒരു പൂർവപിതാവായിരുന്നു ദാവീദ്. (സങ്കീ. 110:1-6) സങ്കീർത്തനം 110-ലെ പ്രവചനം തന്നെക്കുറിച്ചുള്ളതാണെന്നും അതു ഭാവിയിൽ നിറവേറുമെന്നും യേശു ഭൂമിയിലായിരുന്നപ്പോൾ പറഞ്ഞു.—മത്താ. 22:41-45.
അതുകൊണ്ട് ദാവീദ് എഴുതിയവയിൽ, അദ്ദേഹത്തിന്റെ കാലത്തെ കാര്യങ്ങളും പുനരുത്ഥാനശേഷം അദ്ദേഹം എന്നെന്നും യഹോവയെ സ്തുതിക്കുന്ന ഭാവികാലത്ത് നടക്കാനിരിക്കുന്ന കാര്യങ്ങളും ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോൾ സങ്കീർത്തനം 37:10, 11, 29 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത്, പുരാതന ഇസ്രായേലിലെ അവസ്ഥയെക്കുറിച്ച് മാത്രമല്ല ഭാവിയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറ്റുമ്പോൾ ഈ ഭൂമിയിൽ വരാനിരിക്കുന്ന അവസ്ഥയെക്കുറിച്ചും ആണെന്നു നമുക്കു മനസ്സിലാക്കാം.—ഈ ലക്കത്തിലെ “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” എന്ന ലേഖനത്തിന്റെ 8-ാം ഖണ്ഡിക കാണുക.
ചുരുക്കത്തിൽ, സങ്കീർത്തനം 61:8-ൽനിന്നും അതുപോലുള്ള മറ്റു വാക്യങ്ങളിൽനിന്നും നമ്മൾ മനസ്സിലാക്കുന്ന കാര്യം ഇതാണ്: തന്റെ മരണംവരെ യഹോവയെ സ്തുതിക്കാൻ ദാവീദ് ആഗ്രഹിച്ചു. കൂടാതെ ഭാവിയിൽ യഹോവ ദാവീദിനെ തിരിച്ച് ഭൂമിയിലേക്കു കൊണ്ടുവരുമ്പോൾ അദ്ദേഹത്തിന് എന്നുമെന്നേക്കും ദൈവത്തെ സ്തുതിക്കാനാകുകയും ചെയ്യും.