പഠനലേഖനം 48
നിങ്ങളുടെ വിശ്വസ്തത പരീക്ഷിക്കപ്പെടുമ്പോൾ സുബോധമുള്ളവരായിരിക്കുക
“സുബോധമുള്ളവരായിരിക്കുക.”— 1 പത്രോ. 5:8.
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
ചുരുക്കം a
1. സുബോധമുള്ളവരായിരിക്കുക എന്നു പറയുന്നതിന്റെ അർഥം എന്താണ്? (1 പത്രോസ് 5:8)
വിഷമിപ്പിക്കുന്ന എന്തെങ്കിലും ജീവിതത്തിൽ ഉണ്ടാകുമ്പോൾ യഹോവയോടും സംഘടനയോടും ഉള്ള നമ്മുടെ വിശ്വസ്തത പരീക്ഷിക്കപ്പെട്ടേക്കാം. നമുക്ക് എങ്ങനെ അത്തരം പ്രശ്നങ്ങളെ നേരിടാം? അതിനുവേണ്ടി നമ്മൾ സുബോധമുള്ളവരായി ഉണർന്നിരിക്കുകയും വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും വേണം. (1 പത്രോസ് 5:8 വായിക്കുക.) ശാന്തരായിരുന്ന് കാര്യങ്ങളെ ശരിയായി വിലയിരുത്തുകയും യഹോവ കാര്യങ്ങളെ കാണുന്നതുപോലെ കാണുകയുമാണെങ്കിൽ നമ്മൾ സുബോധമുള്ളവരാണെന്നു തെളിയിക്കുകയാണ്. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ വികാരത്തിന്റെ പുറത്ത് തീരുമാനങ്ങളെടുക്കില്ല. പകരം നന്നായി ചിന്തിച്ച് പ്രവർത്തിക്കും.
2. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
2 കഴിഞ്ഞ ലേഖനത്തിൽ, സഭയ്ക്കു വെളിയിൽനിന്ന് ഉണ്ടായേക്കാവുന്ന മൂന്നു പ്രശ്നങ്ങളെക്കുറിച്ചാണു നമ്മൾ പഠിച്ചത്. എന്നാൽ ചില സന്ദർഭങ്ങളിൽ സഭയിലെയോ സംഘടനയിലെയോ ചില സാഹചര്യങ്ങൾ യഹോവയോടുള്ള നമ്മുടെ വിശ്വസ്തതയ്ക്ക് ഒരു പരീക്ഷണമായേക്കാം. അത്തരം മൂന്നു സാഹചര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പഠിക്കാൻപോകുന്നത്. ഏതൊക്കെയാണ് അവ? (1) സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ ദ്രോഹിച്ചതായി തോന്നുമ്പോൾ, (2) നമുക്ക് ഒരു ശിക്ഷണം കിട്ടുമ്പോൾ, (3) സംഘടനയിൽ വരുന്ന മാറ്റങ്ങളോടു പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ. ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ നമുക്ക് എങ്ങനെ യഹോവയോടും സംഘടനയോടും വിശ്വസ്തരായിരുന്നുകൊണ്ട് സുബോധമുള്ളവരാണെന്നു തെളിയിക്കാം?
സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ ദ്രോഹിച്ചതായി തോന്നുമ്പോൾ
3. സഹോദരങ്ങളിൽ ആരെങ്കിലും ദ്രോഹിച്ചതായി തോന്നുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിച്ചേക്കാം?
3 സഹോദരങ്ങളിൽ ആരെങ്കിലും, പ്രത്യേകിച്ച് ഉത്തരവാദിത്വസ്ഥാനത്തുള്ള ആരെങ്കിലും, നിങ്ങളെ ദ്രോഹിച്ചതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? സാധ്യതയനുസരിച്ച്, ആ സഹോദരൻ നിങ്ങളെ വിഷമിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടുണ്ടാകില്ല. (റോമ. 3:23; യാക്കോ. 3:2) പക്ഷേ, അദ്ദേഹം ചെയ്ത കാര്യം നിങ്ങളെ ഒരുപാടു വേദനിപ്പിച്ചു. നിങ്ങൾക്ക് അതെക്കുറിച്ച് ഓർത്ത് ഉറക്കം നഷ്ടപ്പെട്ടു. നിങ്ങൾ ഇങ്ങനെപോലും ചിന്തിച്ചുകാണും: ‘ഈ സഹോദരന് ഇതുപോലെയൊക്കെ ചെയ്യാൻ എങ്ങനെ സാധിക്കുന്നു? ശരിക്കും ഇതു ദൈവത്തിന്റെ സംഘടനതന്നെയാണോ?’ നമ്മൾ ആ രീതിയിൽ ചിന്തിക്കാനാണു വാസ്തവത്തിൽ സാത്താൻ ആഗ്രഹിക്കുന്നത്. (2 കൊരി. 2:11) ഇത്തരത്തിലുള്ള തെറ്റായ ചിന്തകൾ നമ്മളെ യഹോവയിൽനിന്നും സംഘടനയിൽനിന്നും അകറ്റിക്കളഞ്ഞേക്കാം. അതുകൊണ്ട് ഒരു സഹോദരനോ സഹോദരിയോ നിങ്ങളെ ദ്രോഹിച്ചതായി എപ്പോഴെങ്കിലും തോന്നുന്നെങ്കിൽ തെറ്റായ അത്തരം ചിന്തകൾ മനസ്സിൽനിന്ന് കളഞ്ഞുകൊണ്ട് നിങ്ങൾക്ക് എങ്ങനെ സുബോധമുള്ളവരായിരിക്കാനാകും?
4. (എ) ചേട്ടന്മാർ ദ്രോഹിച്ചപ്പോൾ യോസേഫ് എങ്ങനെ സുബോധമുള്ളവനാണെന്നു തെളിയിച്ചു? (ബി) യോസേഫിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം? (ഉൽപത്തി 50:19-21)
4 നീരസപ്പെടരുത്. യോസേഫിന്റെ ദൃഷ്ടാന്തം നോക്കാം. യോസേഫ് ചെറുപ്പമായിരുന്നപ്പോൾ ചേട്ടന്മാർ അവനെ ഒരുപാടു ദ്രോഹിച്ചു. യോസേഫിനോട് അവർക്കു വെറുപ്പായി, അവനെ കൊന്നുകളഞ്ഞേക്കാമെന്നുപോലും അവരിൽ ചിലർ ചിന്തിച്ചു. (ഉൽപ. 37:4, 18-22) അവസാനം അവനെ ഒരു അടിമയായി വിറ്റു. തുടർന്ന് ഏതാണ്ട് 13 വർഷത്തോളം യോസേഫിന് ഒന്നിനു പുറകേ ഒന്നായി ഒരുപാടു കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. യോസേഫിന് ആ സമയത്ത് വേണമെങ്കിൽ, ‘യഹോവ എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ, എനിക്കു സഹായം ആവശ്യമുള്ള സമയത്ത് എന്നെ ഉപേക്ഷിച്ചുകളഞ്ഞല്ലോ’ എന്നൊക്കെ ചിന്തിക്കാമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെയൊന്നും ഓർത്ത് നീരസപ്പെട്ടില്ല. പകരം ശാന്തനായിരുന്ന് സുബോധത്തോടെ ചിന്തിച്ചു. പിന്നീട്, അദ്ദേഹത്തിനു വേണമെങ്കിൽ ചേട്ടന്മാരോടു പകരംവീട്ടാൻ അവസരമുണ്ടായിരുന്നു. പക്ഷേ, അതിനു ശ്രമിക്കുന്നതിനു പകരം അദ്ദേഹം അവരോടു ക്ഷമിക്കുകയും സ്നേഹം കാണിക്കുകയും ചെയ്തു. (ഉൽപ. 45:4, 5) എങ്ങനെയാണു യോസേഫിന് അതിനൊക്കെ കഴിഞ്ഞത്? അദ്ദേഹം കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തിയതുകൊണ്ട്. തന്റെ പ്രശ്നങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നതിനു പകരം യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ അദ്ദേഹം ശ്രമിച്ചു. (ഉൽപത്തി 50:19-21 വായിക്കുക.) എന്താണു നമുക്കുള്ള പാഠം? ആരെങ്കിലും നമ്മളോടു മോശമായി പെരുമാറുമ്പോൾ യഹോവയോടു നീരസം തോന്നുകയോ യഹോവ നമ്മളെ ഉപേക്ഷിച്ചെന്നു ചിന്തിക്കുകയോ അരുത്. പകരം, ഇത്തരം പ്രശ്നങ്ങളൊക്കെ ഉള്ളപ്പോൾ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുക. കൂടാതെ, മറ്റുള്ളവർ നമ്മളോടു മോശമായി പെരുമാറുമ്പോൾ സ്നേഹംകൊണ്ട് അവരുടെ കുറവുകളെ മറയ്ക്കാൻ ശ്രമിക്കുക.—1 പത്രോ. 4:8.
5. സഹോദരങ്ങൾ തന്നെ ദ്രോഹിച്ചതായി തോന്നിയപ്പോൾ മിഖേയസ് സഹോദരൻ എങ്ങനെയാണു സുബോധമുള്ളവനാണെന്നു തെളിയിച്ചത്?
5 തെക്കേ അമേരിക്കയിൽനിന്നുള്ള മിഖേയസ് b സഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹം ഒരു മൂപ്പനാണ്. ഒരിക്കൽ ഉത്തരവാദിത്വസ്ഥാനത്തുള്ള സഹോദരങ്ങൾ തന്നോടു വളരെ മോശമായി പെരുമാറിയെന്ന് അദ്ദേഹത്തിനു തോന്നി. അതെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇതാണ്: “എന്റെ ജീവിതത്തിൽ ഇതുപോലൊരു വിഷമം ഞാൻ അനുഭവിച്ചിട്ടില്ല. രാത്രിയിൽ എനിക്ക് ഉറങ്ങാൻപോലും കഴിഞ്ഞില്ല. എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ ഒരുപാടു കരഞ്ഞു.” പക്ഷേ അപ്പോഴും അദ്ദേഹം തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുകയും സുബോധമുള്ളവനായിരിക്കുകയും ചെയ്തു. സഹോദരൻ കൂടെക്കൂടെ യഹോവയോടു പ്രാർഥിച്ചു. സഹിച്ചുനിൽക്കാനുള്ള ശക്തിക്കും പരിശുദ്ധാത്മാവിനും വേണ്ടി അപേക്ഷിച്ചു. കൂടാതെ, തന്നെ സഹായിക്കുന്ന വിവരങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിലുണ്ടോ എന്നു നോക്കി. എന്താണ് നമുക്കുള്ള പാഠം? സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ ദ്രോഹിച്ചതായി തോന്നുമ്പോൾ ശാന്തരായിരിക്കാൻ ശ്രമിക്കുക. അവരെക്കുറിച്ച് മോശമായി ചിന്തിക്കാതിരിക്കുക. അങ്ങനെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തപ്പോഴത്തെ അവരുടെ സാഹചര്യം എന്തായിരുന്നെന്നു നമുക്ക് അറിയില്ലല്ലോ. അതുകൊണ്ട് ആ വ്യക്തിയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ അവർ മനഃപൂർവം നമ്മളെ ദ്രോഹിക്കാൻ ശ്രമിച്ചതാണെന്നു ചിന്തിക്കാതെ അവരോടു ക്ഷമിക്കാൻ നമുക്കു പറ്റും. (സുഭാ. 19:11) നമുക്ക് ഇക്കാര്യം മനസ്സിൽപ്പിടിക്കാം: നമ്മുടെ സാഹചര്യങ്ങൾ യഹോവ ശരിക്കും മനസ്സിലാക്കുന്നുണ്ട്. സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി ദൈവം നമുക്കു തരുകയും ചെയ്യും.—2 ദിന. 16:9; സഭാ. 5:8.
നമുക്കു ശിക്ഷണം കിട്ടുമ്പോൾ
6. ശിക്ഷണം കിട്ടുമ്പോൾ അതിനെ യഹോവയുടെ സ്നേഹത്തിന്റെ തെളിവായി കാണേണ്ടത് എന്തുകൊണ്ട്? (എബ്രായർ 12:5, 6, 11)
6 ശിക്ഷണം ഒരുപക്ഷേ നമ്മളെ ഒരുപാടു വേദനിപ്പിച്ചേക്കാം. എന്നാൽ നമുക്കുണ്ടായ വിഷമത്തിൽ മാത്രമാണു നമ്മൾ ശ്രദ്ധിക്കുന്നതെങ്കിൽ ഇത്ര വലിയ ശിക്ഷണം കിട്ടാൻ മാത്രം വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെന്നോ അതു തന്ന രീതി ഒട്ടും ശരിയായില്ലെന്നോ ഒക്കെ ചിന്തിച്ച് നമ്മൾ അതിനെ വിലകുറച്ച് കണ്ടേക്കാം. അങ്ങനെയൊക്കെ ചിന്തിക്കുന്നെങ്കിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നമ്മൾ തിരിച്ചറിയാതെപോകും, അതായത്, യഹോവ നമ്മളെ സ്നേഹിക്കുന്നു, അതുകൊണ്ടാണു നമ്മളെ തിരുത്തുന്നത് എന്ന കാര്യം. (എബ്രായർ 12:5, 6, 11 വായിക്കുക.) ഒരു തിരുത്തൽ കിട്ടുമ്പോൾ വികാരങ്ങളാണു നമ്മളെ നിയന്ത്രിക്കുന്നതെങ്കിൽ സാത്താൻ അതു മുതലെടുക്കാൻ ശ്രമിക്കും. കാരണം ലഭിക്കുന്ന ശിക്ഷണത്തെ നമ്മൾ തള്ളിക്കളയാനും അങ്ങനെ പതിയെപ്പതിയെ യഹോവയിൽനിന്നും സംഘടനയിൽനിന്നും നമ്മൾ അകന്നുപോകാനുമാണു സാത്താൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ശിക്ഷണം കിട്ടുമ്പോൾ നമ്മൾ സുബോധമുള്ളവരായിരിക്കണം. അതിന് എന്തു ചെയ്യാം?
7. (എ) ചിത്രത്തിൽ കാണുന്നതുപോലെ, ശിക്ഷണം സ്വീകരിച്ചതുകൊണ്ട് യഹോവ പത്രോസിനെ എങ്ങനെയെല്ലാം ഉപയോഗിച്ചു? (ബി) പത്രോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 ശിക്ഷണം സ്വീകരിക്കുക, വേണ്ട മാറ്റങ്ങൾ വരുത്തുക. അപ്പോസ്തലനായ പത്രോസിന്റെ കാര്യംതന്നെ എടുക്കുക. മറ്റ് അപ്പോസ്തലന്മാരുടെയെല്ലാം മുന്നിൽവെച്ച് യേശു ഒന്നിലധികം തവണ അദ്ദേഹത്തെ തിരുത്തി. (മർക്കോ. 8:33; ലൂക്കോ. 22:31-34) അദ്ദേഹത്തിനു ശരിക്കും വിഷമം തോന്നിക്കാണും. എന്നാൽ പത്രോസ് അപ്പോഴും യേശുവിനോടു വിശ്വസ്തനായി തുടർന്നു. തനിക്കു കിട്ടിയ തിരുത്തൽ അദ്ദേഹം സ്വീകരിക്കുകയും തന്റെ തെറ്റിൽനിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്തു. അതുകൊണ്ട് യഹോവ അദ്ദേഹത്തിന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം നൽകി. സഭയിൽ വലിയവലിയ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. (യോഹ. 21:15-17; പ്രവൃ. 10:24-33; 1 പത്രോ. 1:1) എന്താണു നമുക്കുള്ള പാഠം? ഒരു ശിക്ഷണം കിട്ടുമ്പോൾ നമുക്കുണ്ടാകുന്ന നാണക്കേടിനെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ആ തിരുത്തൽ സ്വീകരിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ആണെങ്കിൽ അതു നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യും. കാരണം നമുക്ക് അപ്പോൾ യഹോവയ്ക്കുവേണ്ടിയും സഹോദരങ്ങൾക്കുവേണ്ടിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും.
8-9. ഒരു ശിക്ഷണം കിട്ടിയപ്പോൾ ബർണാർഡോ സഹോദരന് ആദ്യം എന്താണു തോന്നിയത്, എന്നാൽ തന്റെ ചിന്തയെ തിരുത്താൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്?
8 മൊസാമ്പിക്കിൽ താമസിക്കുന്ന ബർണാർഡോ സഹോദരന് എന്താണു സംഭവിച്ചതെന്നു നോക്കാം. സഭയിൽ ഒരു മൂപ്പനായി സേവിച്ചിരുന്ന അദ്ദേഹത്തിന് ആ സേവനപദവി നഷ്ടപ്പെട്ടു. അതെക്കുറിച്ച് അദ്ദേഹത്തിന് ആദ്യം എന്താണു തോന്നിയത്? സഹോദരൻ പറയുന്നു: “ആ ശിക്ഷണം എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് എനിക്കു നല്ല ദേഷ്യം തോന്നി.” സഭയിലുള്ള സഹോദരങ്ങൾ തന്നെ എങ്ങനെയായിരിക്കും കാണുക എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. സഹോദരൻ പറയുന്നു: “കുറെ മാസങ്ങൾകൊണ്ടാണു കാര്യങ്ങളെ ശരിയായ രീതിയിൽ കാണാനും യഹോവയിലും സംഘടനയിലും ഉള്ള വിശ്വാസം വീണ്ടെടുക്കാനും എനിക്കു കഴിഞ്ഞത്.” തന്റെ ചിന്തയ്ക്കു മാറ്റംവരുത്താൻ ബർണാർഡോ സഹോദരനെ സഹായിച്ചത് എന്താണ്?
9 അതെക്കുറിച്ച് അദ്ദേഹം പറയുന്നു: “ഞാൻ ഒരു മൂപ്പനായിരുന്നപ്പോൾ എബ്രായർ 12:7 സഹോദരങ്ങളെ വായിച്ചുകേൾപ്പിച്ചിട്ടുണ്ട്. യഹോവ ഒരു ശിക്ഷണം തരുമ്പോൾ നമ്മൾ എങ്ങനെ അതു സ്വീകരിക്കണം എന്ന് അവരോടു പറഞ്ഞുകൊടുത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ എന്റെ കാര്യം വന്നപ്പോഴോ? അതുകൊണ്ട് ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ശരിക്കും ഈ വാക്യം ആർക്കുവേണ്ടിയുള്ളതാണ്?’ എനിക്കു മനസ്സിലായി, ഞാൻ ഉൾപ്പെടെ യഹോവയുടെ എല്ലാ ദാസന്മാർക്കുംവേണ്ടിയുള്ളത്.” തുടർന്ന് യഹോവയിലും സംഘടനയിലും ഉള്ള തന്റെ വിശ്വാസം വർധിപ്പിക്കുന്നതിനുവേണ്ടി അദ്ദേഹം മറ്റു ചില കാര്യങ്ങളും ചെയ്തു. അദ്ദേഹം തന്റെ ആത്മീയപ്രവർത്തനങ്ങൾ കൂടുതൽ നന്നായി ചെയ്യാൻതുടങ്ങി. പതിവായി ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്തു. സഭയിലെ സഹോദരങ്ങൾ തന്നെ എങ്ങനെയായിരിക്കും കാണുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അല്പം ചിന്തയുണ്ടായിരുന്നു. എങ്കിലും അദ്ദേഹം അവരുടെകൂടെ വയൽസേവനത്തിനു പോയി. ഇനി, മീറ്റിങ്ങുകളിൽ പതിവായി അഭിപ്രായങ്ങൾ പറഞ്ഞു. അങ്ങനെ കുറെക്കാലത്തിനു ശേഷം അദ്ദേഹത്തെ വീണ്ടും ഒരു മൂപ്പനായി നിയമിച്ചു. ബർണാർഡോയെപ്പോലെ നിങ്ങൾക്കും യഹോവയിൽനിന്നുള്ള ഒരു ശിക്ഷണം കിട്ടുന്നെങ്കിൽ അതിലൂടെയുണ്ടാകുന്ന നാണക്കേടിനെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം കിട്ടുന്ന തിരുത്തൽ സ്വീകരിക്കുക, വേണ്ട മാറ്റങ്ങൾ വരുത്തുക. c (സുഭാ. 8:33; 22:4) അങ്ങനെ ചെയ്താൽ തന്നോടും സംഘടനയോടും വിശ്വസ്തരായി തുടരുന്നതിന്റെ പേരിൽ യഹോവ നിങ്ങളെ അനുഗ്രഹിക്കും.
സംഘടനയിൽ ചില മാറ്റങ്ങൾ വരുമ്പോൾ
10. സംഘടനാപരമായ ഏതു മാറ്റം ഒരുപക്ഷേ ചില ഇസ്രായേല്യരുടെ വിശ്വസ്തതയ്ക്ക് ഒരു പരീക്ഷണമായിത്തീർന്നിരിക്കാം?
10 സംഘടനാപരമായ ചില മാറ്റങ്ങൾ നമ്മുടെ വിശ്വസ്തതയ്ക്ക് ഒരു പരീക്ഷണമായേക്കാം. സൂക്ഷിച്ചില്ലെങ്കിൽ അത് യഹോവയിൽനിന്ന് നമ്മളെ അകറ്റിക്കളയുകപോലും ചെയ്തേക്കാം. ഉദാഹരണത്തിന്, ചില ഇസ്രായേല്യരുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നു നമുക്കു നോക്കാം. യഹോവ അവർക്കു മോശയിലൂടെ നിയമം നൽകുന്നതിനു മുമ്പ് കുടുംബത്തലവന്മാരാണു പുരോഹിതന്റെ ഉത്തരവാദിത്വം ചെയ്തിരുന്നത്. അവർ യാഗപീഠങ്ങൾ പണിയുകയും തങ്ങളുടെ കുടുംബത്തിനുവേണ്ടി യഹോവയ്ക്കു ബലി അർപ്പിക്കുകയും ചെയ്തിരുന്നു. (ഉൽപ. 8:20, 21; 12:7; 26:25; 35:1, 6, 7; ഇയ്യോ. 1:5) എന്നാൽ പിന്നീടു ദൈവം മോശയിലൂടെ നിയമം നൽകിയപ്പോൾ അവർക്ക് ആ പദവി നഷ്ടപ്പെട്ടു. പകരം അഹരോന്റെ കുടുംബത്തിലുള്ളവരെയാണ് യഹോവ യാഗം അർപ്പിക്കാൻ പുരോഹിതന്മാരായി നിയമിച്ചത്. ഇത്തരത്തിൽ ഒരു മാറ്റം വന്നതിനു ശേഷം അഹരോന്റെ വംശത്തിൽപ്പെടാത്ത ആരെങ്കിലും പുരോഹിതന്റെ ഉത്തരവാദിത്വം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ കൊന്നുകളയുമായിരുന്നു. d (ലേവ്യ 17:3-6, 8, 9) കോരഹും ദാഥാനും അബീരാമും 250 തലവന്മാരും മോശയുടെയും അഹരോന്റെയും അധികാരത്തെ ചോദ്യം ചെയ്തതിന്റെ ഒരു കാരണം ഈ ഒരു മാറ്റമായിരിക്കുമോ? (സംഖ്യ 16:1-3) ഒരുപക്ഷേ ആയിരിക്കാം, നമുക്ക് അറിയില്ല. അത് എന്തുതന്നെയായാലും കോരഹും കൂട്ടാളികളും യഹോവയോടു വിശ്വസ്തരായി തുടർന്നില്ല. ഇന്നും അതുപോലെ സംഘടനയിൽ ചില മാറ്റങ്ങൾ വരുമ്പോൾ അത് അംഗീകരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അപ്പോൾ നമുക്ക് എന്തു ചെയ്യാം?
11. കൊഹാത്യരിൽ ചിലരുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11 സംഘടനയിലെ മാറ്റങ്ങളെ പൂർണമായും പിന്തുണയ്ക്കുക. ഇസ്രായേല്യർ വിജനഭൂമിയിലായിരുന്ന സമയത്ത് കൊഹാത്യർക്കു വലിയൊരു ഉത്തരവാദിത്വമുണ്ടായിരുന്നു. ഓരോ തവണ ജനം പുതിയൊരു സ്ഥലത്തേക്കു മാറുമ്പോഴും കൊഹാത്യരിൽ ചിലരാണു ജനത്തിനു മുന്നിൽ ഉടമ്പടിപ്പെട്ടകവുമായി നടന്നിരുന്നത്. (സംഖ്യ 3:29, 31; 10:33; യോശു. 3:2-4) അവർക്കുണ്ടായിരുന്ന എത്ര വലിയൊരു നിയമനമാണ് അത്! എന്നാൽ ഇസ്രായേൽ ജനം വാഗ്ദത്തദേശത്ത് താമസമാക്കിയതോടെ അതിനൊരു മാറ്റം വന്നു. ഉടമ്പടിപ്പെട്ടകം കൂടെക്കൂടെ എങ്ങോട്ടും കൊണ്ടുപോകേണ്ടതില്ലായിരുന്നു. അതുകൊണ്ട് ശലോമോന്റെ ഭരണകാലത്ത് കൊഹാത്യരിൽ ചിലരെ ഗായകരും കാവൽക്കാരും ഒക്കെയായി നിയമിച്ചു. മറ്റു ചിലർ സംഭരണശാലകളിൽ ജോലി ചെയ്തു. (1 ദിന. 6:31-33; 26:1, 24) മുമ്പ് വലിയൊരു ഉത്തരവാദിത്വം വഹിച്ചിരുന്നതുകൊണ്ട് കുറെക്കൂടി നല്ലൊരു നിയമനം തങ്ങൾക്കു വേണമെന്ന് അവർക്കു ചിന്തിക്കാമായിരുന്നു. എന്നാൽ കൊഹാത്യരിൽ ആരെങ്കിലും അങ്ങനെ പരാതി പറഞ്ഞതായി ബൈബിളിൽ എവിടെയും നമ്മൾ വായിക്കുന്നില്ല. എന്താണു നമുക്കുള്ള പാഠം? യഹോവയുടെ സംഘടന വരുത്തുന്ന ഏതൊരു മാറ്റത്തോടും പൂർണമായി യോജിക്കുക, ഒരുപക്ഷേ അതു നമ്മുടെതന്നെ നിയമനത്തിൽ വരുന്ന ഒരു മാറ്റമാണെങ്കിൽപ്പോലും. നമുക്കു ലഭിക്കുന്ന നിയമനത്തിൽ സന്തോഷം കണ്ടെത്തുക. നമ്മുടെ നിയമനം നോക്കിയിട്ടല്ല നമ്മൾ വിലയുള്ളവരാണോ അല്ലയോ എന്ന് യഹോവ തീരുമാനിക്കുന്നത്. യഹോവ പ്രാധാന്യം നൽകുന്നതു നമ്മുടെ അനുസരണത്തിനാണ്.—1 ശമു. 15:22.
12. ഒരു നിയമനമാറ്റം കിട്ടിയപ്പോൾ സൈന സഹോദരിക്ക് എന്തു തോന്നി?
12 സൈന സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി 23 വർഷം ബഥേലിൽ സേവിച്ചു. അതിനു ശേഷം സഹോദരിയെ ഒരു പ്രത്യേക മുൻനിരസേവികയായി നിയമിച്ചു. ബഥേലിൽ ചെയ്തിരുന്ന നിയമനം സഹോദരിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. സഹോദരി പറയുന്നു: “എനിക്കു നിയമനത്തിൽ ഇങ്ങനെയൊരു മാറ്റം കിട്ടിയപ്പോൾ അത് ഒട്ടും ഉൾക്കൊള്ളാനായില്ല. എന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് എനിക്കു തോന്നിപ്പോയി. ‘ഞാൻ എന്തു തെറ്റു ചെയ്തിട്ടാണ് എനിക്ക് ഇങ്ങനെയൊരു മാറ്റം തന്നത്’ എന്നു ഞാൻ വീണ്ടുംവീണ്ടും ചിന്തിച്ചു.” എന്നാൽ അതിലേറെ സഹോദരിയെ വിഷമിപ്പിച്ചത്, സഭയിലെ ചില സഹോദരങ്ങളുടെ വാക്കുകളാണ്. അവർ സഹോദരിയോടു പറഞ്ഞു: “നന്നായിട്ടൊക്കെ ജോലി ചെയ്യുകയായിരുന്നെങ്കിൽ ഇങ്ങനെ പറഞ്ഞുവിടുമായിരുന്നോ?” കുറെക്കാലത്തേക്കു സഹോദരി അതോർത്ത് എന്നും രാത്രി കരയുമായിരുന്നു. എന്നാൽ സഹോദരി പറയുന്നു: “യഹോവയ്ക്ക് എന്നോടു സ്നേഹമില്ലെന്നോ സംഘടന എടുത്ത തീരുമാനം തെറ്റായിരുന്നെന്നോ ഞാൻ ഒരിക്കലും ചിന്തിച്ചില്ല.” സൈന സഹോദരിക്ക് എങ്ങനെയാണു സുബോധമുള്ളവളായി തുടരാൻ കഴിഞ്ഞത്?
13. സൈന സഹോദരിക്ക് എങ്ങനെയാണു തന്റെ ചിന്തയ്ക്കു മാറ്റം വരുത്താൻ കഴിഞ്ഞത്?
13 സൈന സഹോദരിക്ക് എങ്ങനെയാണു തന്റെ ചിന്തയെ മാറ്റാൻ കഴിഞ്ഞത്? താൻ നേരിടുന്നതുപോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന നമ്മുടെ ചില പ്രസിദ്ധീകരണങ്ങൾ സഹോദരി വായിച്ചു. ഉദാഹരണത്തിന്, 2001 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾക്ക് നിരുത്സാഹത്തെ വിജയകരമായി നേരിടാൻ കഴിയും!” എന്ന ലേഖനം സഹോദരിയെ ഒരുപാടു സഹായിച്ചു. ആ ലേഖനത്തിൽ, ബൈബിളെഴുത്തുകാരനായ മർക്കോസിനെക്കുറിച്ച് പറയുന്നുണ്ട്. നിയമനത്തിൽ മാറ്റം കിട്ടിയപ്പോൾ അദ്ദേഹത്തിനും എത്രമാത്രം വിഷമം തോന്നിയിരിക്കണം എന്ന് അതിൽ പറഞ്ഞിരുന്നു. അതെക്കുറിച്ച് സഹോദരി പറയുന്നു: “മർക്കോസിന്റെ ആ അനുഭവം എന്റെ നിരുത്സാഹത്തെ മറികടക്കാനുള്ള ഒരു മറുമരുന്നായിരുന്നു.” സഹോദരി ചെയ്ത മറ്റൊരു കാര്യം, ഒരിക്കലും തന്നെത്തന്നെ ഒറ്റപ്പെടുത്തിയില്ല എന്നതാണ്. സഹോദരങ്ങളോടൊപ്പമായിരിക്കാനും അവരുടെകൂടെ പ്രസംഗപ്രവർത്തനം ചെയ്യാനും സഹോദരി തീരുമാനിച്ചു. മാത്രമല്ല തനിക്കു കിട്ടിയ മാറ്റത്തെക്കുറിച്ച് ഓർത്ത് പിന്നീട് സങ്കടപ്പെട്ടിരുന്നുമില്ല. യഹോവയുടെ ആത്മാവാണ് സംഘടനയെ നയിക്കുന്നതെന്നും നേതൃത്വമെടുക്കുന്നവർ തന്നെക്കുറിച്ച് ശരിക്കും ചിന്തയുള്ളവരാണെന്നും സഹോദരി ഓർത്തു. യഹോവയുടെ ഉദ്ദേശ്യം നടക്കുന്നതിനുവേണ്ടി എന്തു ചെയ്യണം എന്നതിനാണല്ലോ സംഘടന കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന കാര്യം സഹോദരി തിരിച്ചറിഞ്ഞു.
14. സംഘടനയിൽ വന്ന ഏതു മാറ്റത്തോടാണു വ്ലാഡോ സഹോദരനു പൊരുത്തപ്പെടേണ്ടിവന്നത്, അതിന് അദ്ദേഹത്തെ സഹായിച്ചത് എന്താണ്?
14 അടുത്തതായി, സ്ലോവേനിയയിൽനിന്നുള്ള വ്ലാഡോ സഹോദരന്റെ അനുഭവം നോക്കാം. 73 വയസ്സുള്ള അദ്ദേഹം ഒരു മൂപ്പനാണ്. അദ്ദേഹത്തിന്റെ സഭ മറ്റൊരു സഭയുമായി ലയിപ്പിക്കുകയും മീറ്റിങ്ങ് കൂടിയിരുന്ന ഹാൾ അടച്ചുപൂട്ടുകയും ചെയ്തപ്പോൾ സഹോദരനു സങ്കടമായി. അദ്ദേഹം പറയുന്നു: “ഇത്രയും മനോഹരമായൊരു രാജ്യഹാൾ എന്തിനാണ് അടച്ചുപൂട്ടിയതെന്ന് എനിക്കു മനസ്സിലായില്ല. ഞങ്ങൾ അതിന്റെ അറ്റകുറ്റപ്പണികളൊക്കെ തീർത്തതേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഒരു മരപ്പണിക്കാരനാണ്. അന്നു രാജ്യഹാളിനുവേണ്ടിയുള്ള പല സാധനങ്ങളും ഞാൻ ഉണ്ടാക്കിയിരുന്നു. ഇനി, ഈ ഒരു മാറ്റം എന്നെപ്പോലെയുള്ള പ്രായമായ പ്രചാരകർക്കു പല ബുദ്ധിമുട്ടുകളുമുണ്ടാക്കി.” എന്നാൽ ഈ മാറ്റത്തോടു പൊരുത്തപ്പെടാൻ വ്ലാഡോ സഹോദരനെ സഹായിച്ചത് എന്താണ്? അദ്ദേഹം പറയുന്നു: “യഹോവയുടെ സംഘടന എടുക്കുന്ന തീരുമാനത്തോടു നമ്മൾ യോജിക്കുകയാണെങ്കിൽ അതിന് ഒരുപാട് അനുഗ്രഹങ്ങളുണ്ട്. ശരിക്കും പറഞ്ഞാൽ ഭാവിയിൽ വലിയ മാറ്റങ്ങൾ വരുമ്പോൾ അതിനോടു യോജിക്കാനുള്ള ഒരു പരിശീലനമാണ് അത്.” നിങ്ങളുടെ സഭ മറ്റൊരു സഭയുമായി ലയിപ്പിച്ചതുകൊണ്ടോ അല്ലെങ്കിൽ നിയമനത്തിൽ ഒരു മാറ്റം കിട്ടിയതുകൊണ്ടോ അതുമായി പൊരുത്തപ്പെടാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ഒന്നോർക്കുക: നിങ്ങളുടെ വിഷമം യഹോവയ്ക്കു മനസ്സിലാകും. അത്തരം മാറ്റങ്ങളൊക്കെ വരുമ്പോൾ അതിനെ പിന്തുണയ്ക്കുകയും യഹോവയോടും സംഘടനയോടും വിശ്വസ്തമായി പറ്റിനിൽക്കുകയും ആണെങ്കിൽ തീർച്ചയായും യഹോവ നിങ്ങളെ അനുഗ്രഹിക്കും.—സങ്കീ. 18:25.
എല്ലാ കാര്യങ്ങളിലും സുബോധമുള്ളവരായിരിക്കുക
15. സഭയിൽനിന്നുതന്നെ നമുക്കു ചില പ്രശ്നങ്ങളുണ്ടായാൽ നമുക്ക് എങ്ങനെ സുബോധമുള്ളവരാണെന്നു തെളിയിക്കാം?
15 ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുന്തോറും യഹോവയോടും സംഘടനയോടും വിശ്വസ്തരായി തുടരുന്നതു ബുദ്ധിമുട്ടാണെന്നു തോന്നിപ്പിക്കുന്ന തരം ചില സാഹചര്യങ്ങൾ സഭയിലുണ്ടായേക്കാം. നമ്മൾ യഹോവയോടു വിശ്വസ്തരായിരിക്കുമോ ഇല്ലയോ എന്നു തെളിയിക്കാനുള്ള അവസരങ്ങളാണ് അവ. അതുകൊണ്ട് നമുക്കു സുബോധമുള്ളവരായിരിക്കാം. സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ ദ്രോഹിച്ചതായി തോന്നുന്നെങ്കിൽ ഒരിക്കലും അവരോടു നീരസപ്പെടരുത്. ഇനി, നമുക്ക് ഒരു ശിക്ഷണം കിട്ടുന്നെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന നാണക്കേടിനെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ആ തിരുത്തൽ സ്വീകരിക്കുക, വേണ്ട മാറ്റങ്ങൾ വരുത്തുക. യഹോവയുടെ സംഘടന ചില മാറ്റങ്ങൾ വരുത്തുമ്പോൾ അതിനെ പൂർണമായി പിന്തുണയ്ക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.
16. നമുക്ക് എങ്ങനെ യഹോവയോടും ദൈവത്തിന്റെ സംഘടനയോടും വിശ്വസ്തരായി തുടരാനാകും?
16 പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോഴും യഹോവയോടും സംഘടനയോടും വിശ്വസ്തരായി തുടരാൻ നമുക്കു കഴിയും. എന്നാൽ അതിനു നമ്മൾ സുബോധമുള്ളവരായിരിക്കണം. അതായത്, നമ്മൾ ശാന്തരായി തുടരണം, കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തണം, യഹോവ കാര്യങ്ങൾ കാണുന്നതുപോലെ കാണണം. മറ്റ് എന്തെല്ലാംകൂടെ നമുക്കു ചെയ്യാം? നമുക്കുണ്ടായതുപോലുള്ള പ്രശ്നങ്ങൾ വിജയകരമായി നേരിട്ട ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് പഠിക്കുകയും അവരുടെ മാതൃകയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യാം. കൂടാതെ, സഹായത്തിനായി യഹോവയോടു പ്രാർഥിക്കാം. സഭയിൽനിന്ന് ഒരിക്കലും മാറിനിൽക്കുകയും അരുത്. അങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ എന്തുതന്നെ സംഭവിച്ചാലും യഹോവയിൽനിന്നോ ദൈവത്തിന്റെ സംഘടനയിൽനിന്നോ നമ്മളെ അകറ്റാൻ സാത്താന് ഒരിക്കലും കഴിയില്ല.—യാക്കോ. 4:7.
ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക
a യഹോവയോടും സംഘടനയോടും വിശ്വസ്തരായി തുടരുന്നതു ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായിരുന്നേക്കാം. പ്രത്യേകിച്ച്, നമ്മളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും സഭയിൽ നടക്കുമ്പോൾ. അത്തരത്തിൽ ഉണ്ടായേക്കാവുന്ന മൂന്നു പ്രശ്നങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്. അപ്പോഴും നമുക്ക് എങ്ങനെ യഹോവയോടും സംഘടനയോടും വിശ്വസ്തരായി തുടരാമെന്നും നമ്മൾ കാണും.
b ചില പേരുകൾക്കു മാറ്റമുണ്ട്.
c ഇതിനോടു ബന്ധപ്പെട്ട കൂടുതലായ നിർദേശങ്ങൾക്ക് 2009 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-ാം പേജിലെ, “നിങ്ങൾ മുമ്പ് ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നോ? ഇനിയും നിങ്ങൾക്കതിനു കഴിയുമോ?” എന്ന ലേഖനം കാണുക.