നിങ്ങൾക്ക് അറിയാമോ?
മൊർദെഖായി ശരിക്കും ജീവിച്ചിരുന്ന ഒരാളാണോ?
എസ്ഥേർ എന്ന ബൈബിൾപുസ്തകത്തിലെ ഒരു പ്രധാനകഥാപാത്രമാണു മൊർദെഖായി എന്നു പേരുള്ള ഒരു ജൂതൻ. ജൂതപ്രവാസിയായിരുന്ന അദ്ദേഹം പേർഷ്യൻ രാജകൊട്ടാരത്തിലാണു ജോലി ചെയ്തിരുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അതായത് ‘അഹശ്വേരശ് രാജാവിന്റെ ഭരണകാലത്ത്’ ആയിരുന്നു അത്. (ഈ രാജാവ് ഇന്നു പൊതുവേ അറിയപ്പെടുന്നത് സെർക്സിസ് ഒന്നാമൻ എന്നാണ്.) രാജാവിനെ വധിക്കാനായി ശത്രുക്കൾ ഒരു ഗൂഢാലോചന നടത്തിയപ്പോൾ മൊർദെഖായി അതു തടഞ്ഞു. അതിനുള്ള നന്ദിസൂചകമായി ജനങ്ങളുടെ മുന്നിൽ മൊർദെഖായിയെ ആദരിക്കാൻ രാജാവ് ആഗ്രഹിച്ചു. പിന്നീട്, മൊർദെഖായിയുടെയും ജൂതന്മാരുടെയും ഒരു ശത്രുവായിരുന്ന ഹാമാന്റെ മരണശേഷം രാജാവ് മൊർദെഖായിയെ പ്രധാനമന്ത്രിയായി നിയമിച്ചു. അങ്ങനെയൊരു സ്ഥാനത്തേക്കു വന്നതുകൊണ്ട് പേർഷ്യൻ സാമ്രാജ്യത്തിൽനിന്ന് ജൂതന്മാരെ ഒന്നടങ്കം ഇല്ലാതാക്കാനുള്ള ഹാമാന്റെ ശ്രമത്തിനു തടയിടാൻ മൊർദെഖായിക്കു കഴിഞ്ഞു.—എസ്ഥേ. 1:1; 2:5, 21-23; 8:1, 2; 9:16.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുളള ചില ചരിത്രകാരന്മാർ പറഞ്ഞിരുന്നത്, എസ്ഥേറിന്റെ പുസ്തകം ഒരു കെട്ടുകഥയാണെന്നും മൊർദെഖായി എന്നു പേരുള്ള ഒരാൾ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നും ആണ്. എന്നാൽ മൊർദെഖായിയെക്കുറിച്ചുള്ള ബൈബിൾവിവരണം സത്യമാണെന്നു തെളിയിച്ചേക്കാവുന്ന ചിലതൊക്കെ 1941-ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. എന്തായിരുന്നു അവ?
ഗവേഷകർ കണ്ടെടുത്ത ഒരു പേർഷ്യൻ ക്യൂണിഫോം കളിമൺഫലകത്തിൽ മർദൂക (മലയാളത്തിൽ മൊർദെഖായി) എന്നൊരാളുടെ പേര് കാണാം. അദ്ദേഹം ശൂശൻ നഗരത്തിലെ ഭരണതലത്തിൽ പ്രവർത്തിച്ചിരുന്ന ഒരാളാണെന്നും സാധ്യതയനുസരിച്ച് അവിടത്തെ കണക്കുസൂക്ഷിപ്പുകാരനാണെന്നും ആ രേഖ സൂചിപ്പിക്കുന്നു. അതു കണ്ടെടുത്ത സമയത്ത്, പൗരസ്ത്യദേശത്തിന്റെ ചരിത്രത്തിൽ വിദഗ്ധനായ ആർതർ ഉംഗ്നാദ് പറഞ്ഞത്, “ബൈബിൾവിവരണങ്ങളിൽ അല്ലാതെ മൊർദെഖായിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഒരേ ഒരു രേഖയാണ് ഇത്” എന്നാണ്.
പിന്നീട്, ഗവേഷകർ ആയിരക്കണക്കിനു ക്യൂണിഫോം രേഖകൾ കണ്ടെത്തുകയും അവ പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലതാണു പെർസെപൊലിസ് ഫലകങ്ങൾ. നഗരമതിലിനോടു ചേർന്നുള്ള, ഖജനാവിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് അവ കണ്ടെടുത്തത്. സെർക്സിസ് ഒന്നാമൻ രാജാവിന്റെ ഭരണകാലത്തേതാണ് ഈ ഫലകങ്ങൾ. ഏലാമ്യ ഭാഷയിലുള്ള ആ രേഖകളിൽ എസ്ഥേറിന്റെ പുസ്തകത്തിലെ പല പേരുകളും കാണാം. a
സെർക്സിസ് ഒന്നാമൻ രാജാവിന്റെ ഭരണകാലത്ത് ശൂശൻ കൊട്ടാരത്തിൽ ഒരു പകർപ്പെഴുത്തുകാരനായി പ്രവർത്തിച്ചിരുന്ന മർദൂക എന്നൊരാളെക്കുറിച്ച് പല പെർസെപൊലിസ് ഫലകങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു ഫലകം, മർദൂക ഒരു പരിഭാഷകനായിരുന്നെന്നും സൂചിപ്പിക്കുന്നു. അതു മൊർദെഖായിയെക്കുറിച്ചുള്ള ബൈബിൾവിവരണവുമായി യോജിപ്പിലാണ്. മൊർദെഖായി അഹശ്വേരശ് (സെർക്സിസ് ഒന്നാമൻ) രാജാവിന്റെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നെന്നും അദ്ദേഹത്തിനു കുറഞ്ഞത് രണ്ടു ഭാഷയെങ്കിലും സംസാരിക്കാൻ അറിയാമായിരുന്നെന്നും ബൈബിൾവിവരണം സൂചിപ്പിക്കുന്നു. അദ്ദേഹം പതിവായി ശൂശൻ രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരുന്നിരുന്നതായും ബൈബിൾരേഖകളിൽ കാണാം. (എസ്ഥേ. 2:19, 21; 3:3) വാസ്തവത്തിൽ, കൊട്ടാരത്തിലെ ഉദ്യോഗസ്ഥരൊക്കെ ജോലി ചെയ്തിരുന്ന വലിയൊരു കെട്ടിടമായിരുന്നു ഈ കവാടം.
ഈ ഫലകങ്ങളിൽ പറഞ്ഞിരിക്കുന്ന മർദൂകയ്ക്കും ബൈബിൾവിവരണത്തിൽ കാണുന്ന മൊർദെഖായിക്കും പല സമാനതകളുമുണ്ട്. രണ്ടു പേരും ഒരേ കാലത്ത് ഒരേ സ്ഥലത്ത് ജീവിച്ചിരുന്നവരും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരും ആണ്. ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നതു പുരാവസ്തു ഗവേഷകർ പറയുന്ന മർദൂകയും എസ്ഥേറിന്റെ പുസ്തകത്തിൽ കാണുന്ന മൊർദെഖായിയും ഒരേ ആൾതന്നെയായിരിക്കാം എന്നാണ്.
a 1992-ൽ പ്രൊഫസർ എഡ്വിൻ യാമയൂച്ചി, പെർസെപൊലിസ് രേഖകളിൽനിന്നുള്ള പത്തു പേരുകൾ പ്രസിദ്ധീകരിച്ചു. എസ്ഥേറിന്റെ പുസ്തകത്തിലും ആ പേരുകൾ കാണാം.