പഠനലേഖനം 45
പ്രസംഗപ്രവർത്തനം നന്നായി ചെയ്യാൻ യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
“തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന് അവർ നിശ്ചയമായും അറിയും.”—യഹ. 2:5.
ഗീതം 67 “വചനം പ്രസംഗിക്കുക”
ചുരുക്കം a
1. ഭാവിയിൽ നമ്മൾ എന്തു പ്രതീക്ഷിക്കണം, എന്നാൽ ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?
നമ്മൾ പ്രസംഗപ്രവർത്തനം ചെയ്യുമ്പോൾ എതിർപ്പുകളൊക്കെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കണം. അതു ഭാവിയിൽ കൂടിക്കൂടി വരുകയും ചെയ്യും. (ദാനി. 11:44; 2 തിമൊ. 3:12; വെളി. 16:21) എങ്കിലും ആവശ്യമായ സഹായം യഹോവ നൽകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്തുകൊണ്ട്? മുൻകാലങ്ങളിലും നിയമനങ്ങൾ നിർവഹിക്കാൻ യഹോവ എപ്പോഴും തന്റെ ദാസന്മാരെ സഹായിച്ചിട്ടുണ്ട്, അത് എത്ര ബുദ്ധിമുട്ടുള്ള നിയമനമായിരുന്നെങ്കിലും. യഹസ്കേൽ പ്രവാചകന്റെ അനുഭവത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതന്മാരോട് അദ്ദേഹത്തിനു പ്രസംഗിക്കേണ്ടതുണ്ടായിരുന്നു. എങ്ങനെയാണ് യഹസ്കേലിന് അതിനു കഴിഞ്ഞത്? നമുക്കു നോക്കാം.
2. (എ) യഹസ്കേലിനു പ്രസംഗിക്കാനുണ്ടായിരുന്ന ആളുകളെക്കുറിച്ച് യഹോവ എന്താണ് അദ്ദേഹത്തോടു പറഞ്ഞത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തായിരിക്കും പഠിക്കുന്നത്? (യഹസ്കേൽ 2:3-6)
2 എങ്ങനെയുള്ള ആളുകളോടാണ് യഹസ്കേലിനു പ്രസംഗിക്കാനുണ്ടായിരുന്നത്? അവർ “ധിക്കാരികളും കഠിനഹൃദയരും” ആയിരുന്നു. മാത്രമല്ല അവർ കുത്തിനോവിക്കുന്ന മുള്ളുകൾപോലെയുള്ളവരും തേളുകളെപ്പോലെ അപകടകാരികളും ആണെന്നും യഹോവ അദ്ദേഹത്തോടു പറഞ്ഞു. “അവരെ പേടിക്കരുത്” എന്ന് യഹോവ ആവർത്തിച്ച് അദ്ദേഹത്തോടു പറഞ്ഞതു വെറുതേയല്ല. (യഹസ്കേൽ 2:3-6 വായിക്കുക.) എന്നാൽ യഹസ്കേലിനു തന്റെ പ്രസംഗനിയമനം നന്നായി ചെയ്യാൻ കഴിഞ്ഞു. എന്തുകൊണ്ട്? (1) യഹോവയാണ് അദ്ദേഹത്തെ അയച്ചത്. (2) യഹോവയുടെ ആത്മാവ് അദ്ദേഹത്തെ ശക്തീകരിച്ചു. (3) ദൈവവചനത്തിൽനിന്ന് അദ്ദേഹത്തിനു ശക്തി ലഭിച്ചു. ഇതൊക്കെ എങ്ങനെയാണ് യഹസ്കേലിനെ സഹായിച്ചത്? ഇതു നമ്മളെ എങ്ങനെ സഹായിക്കും?
യഹസ്കേലിനെ അയച്ചത് യഹോവയായിരുന്നു
3. (എ) യഹോവയുടെ ഏതു വാക്കുകൾ യഹസ്കേലിനെ ശക്തിപ്പെടുത്തിയിരിക്കണം? (ബി) യഹസ്കേലിനെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് യഹോവ എങ്ങനെയാണ് ഉറപ്പുകൊടുത്തത്?
3 യഹോവ യഹസ്കേലിനോടു പറഞ്ഞു: “ഞാൻ നിന്നെ . . . അയയ്ക്കുകയാണ്.” (യഹ. 2:3, 4) ആ വാക്കുകൾ അദ്ദേഹത്തെ എത്രമാത്രം ശക്തിപ്പെടുത്തിയിരിക്കണം! കാരണം, മുമ്പ് തന്റെ പ്രവാചകന്മാരായി മോശയെയും യശയ്യയെയും തിരഞ്ഞെടുത്തപ്പോൾ യഹോവ സമാനമായ വാക്കുകൾ ഉപയോഗിച്ചത് അദ്ദേഹത്തിന്റെ മനസ്സിലേക്കു വന്നിരിക്കണം. (പുറ. 3:10; യശ. 6:8) കൂടാതെ, ആ രണ്ടു പ്രവാചകന്മാർക്കും ഉണ്ടായ പല പ്രശ്നങ്ങളും തരണം ചെയ്യാൻ യഹോവ അവരെ എങ്ങനെ സഹായിച്ചെന്നും യഹസ്കേലിന് അറിയാമായിരുന്നു. അതുകൊണ്ട് രണ്ടു പ്രാവശ്യം യഹോവ യഹസ്കേലിനോട്, “ഞാൻ നിന്നെ അയയ്ക്കുകയാണ്” എന്നു പറഞ്ഞപ്പോൾ യഹോവ തന്നെയും സഹായിക്കുമെന്നു വിശ്വസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇനി, താൻ യഹസ്കേലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് യഹോവ വേറെ എങ്ങനെയാണ് ഉറപ്പുകൊടുത്തത്? “എനിക്ക് യഹോവയുടെ സന്ദേശം കിട്ടി,” യഹോവയിൽനിന്ന് “എനിക്കു വീണ്ടും സന്ദേശം കിട്ടി” എന്നതുപോലുള്ള പ്രസ്താവനകൾ യഹസ്കേലിന്റെ പുസ്തകത്തിൽ പല തവണ കാണാം. (യഹ. 3:16; 6:1) തന്നെ അയയ്ക്കുന്നത് യഹോവയാണെന്ന് യഹസ്കേലിന് ഉറപ്പുണ്ടായിരുന്നു എന്നാണ് അതു കാണിക്കുന്നത്. അദ്ദേഹത്തിന്റെ അപ്പൻ ഒരു പുരോഹിതനായിരുന്നെന്നു നമുക്ക് അറിയാം. അതുകൊണ്ടുതന്നെ യഹോവ മുൻകാലങ്ങളിലെ പ്രവാചകന്മാരോട് അവർക്ക് തന്റെ പിന്തുണയുണ്ടായിരിക്കുമെന്ന് ഉറപ്പുകൊടുത്ത കാര്യം അദ്ദേഹം മകനെ പഠിപ്പിച്ചിട്ടുണ്ടാകണം. ഉദാഹരണത്തിന്, “ഞാൻ നിന്റെകൂടെയുണ്ട്” എന്ന് യഹോവ യിസ്ഹാക്കിനോടും യാക്കോബിനോടും യിരെമ്യയോടും ഒക്കെ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.—ഉൽപ. 26:24; 28:15; യിരെ. 1:8.
4. ഏതെല്ലാം കാര്യങ്ങൾ യഹസ്കേലിനെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു?
4 യഹസ്കേൽ ജനത്തോടു പ്രസംഗിക്കുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. “ഇസ്രായേൽഗൃഹം നീ പറയുന്നതു കേൾക്കാൻ കൂട്ടാക്കില്ല. കാരണം, ഞാൻ പറയുന്നതു കേൾക്കാൻ മനസ്സില്ലാത്തവരാണ് അവർ” എന്നാണ് യഹോവ പറഞ്ഞത്. (യഹ. 3:7) യഹസ്കേലിനെ തള്ളിക്കളയുന്നതിലൂടെ ജനം വാസ്തവത്തിൽ യഹോവയെയാണു തള്ളിക്കളഞ്ഞത്. യഹോവയുടെ വാക്കുകൾ യഹസ്കേലിന് ഒരു കാര്യത്തിന് ഉറപ്പുകൊടുത്തു: ആളുകൾ അദ്ദേഹത്തെ തള്ളിക്കളഞ്ഞെങ്കിലും പ്രവാചകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു പരാജയമായിരുന്നില്ല. ഇനി, യഹസ്കേൽ പറഞ്ഞ കാര്യങ്ങളൊക്കെ നടക്കുമ്പോൾ “തങ്ങളുടെ ഇടയിൽ ഒരു പ്രവാചകനുണ്ടായിരുന്നെന്ന് അവർ നിശ്ചയമായും അറിയും” എന്നും യഹോവ അദ്ദേഹത്തോടു പറഞ്ഞു. (യഹ. 2:5; 33:33) ഇതെക്കുറിച്ചൊക്കെ അറിഞ്ഞത് യഹസ്കേലിനെ ഒരുപാട് ആശ്വസിപ്പിച്ചു. മാത്രമല്ല ശുശ്രൂഷ നന്നായി ചെയ്യാൻ വേണ്ട ശക്തി നൽകുകയും ചെയ്തു.
യഹോവയാണു നമ്മളെ അയയ്ക്കുന്നത്
5. യശയ്യ 44:8-ലെ ഏതു വാക്കുകൾ നമുക്കു ബലം പകരുന്നു?
5 ഇന്നു നമ്മളെ അയയ്ക്കുന്നതും യഹോവയാണെന്ന അറിവ്, നമുക്കു ശരിക്കും ഒരു ബലമാണ്. ഇനി, യഹോവ നമ്മളെ തന്റെ “സാക്ഷികൾ” എന്നു വിളിക്കുകയും ചെയ്തിട്ടുണ്ട്. (യശ. 43:10) നമുക്കു കിട്ടിയിരിക്കുന്ന എത്ര വലിയൊരു ബഹുമതിയാണ് അത്! എന്നാൽ പ്രസംഗപ്രവർത്തനം ചെയ്യുമ്പോൾ നമുക്കും എതിർപ്പുകൾ നേരിടേണ്ടിവരും. പക്ഷേ നമ്മൾ പേടിക്കേണ്ടതില്ല. കാരണം “അവരെ പേടിക്കരുത്” എന്ന് യഹസ്കേലിനോടു പറഞ്ഞതുപോലെ യഹോവ നമ്മളോടും പറയുന്നു: “നിങ്ങൾ ഭയപ്പെടരുത്.” യഹസ്കേലിന്റെ കാര്യത്തിലെന്നപോലെ ഇന്നു നമ്മളെ അയച്ചിരിക്കുന്നതും യഹോവയാണെന്നും നമുക്കു യഹോവയുടെ സഹായമുണ്ടായിരിക്കുമെന്നും എപ്പോഴും ഓർക്കാം.—യശയ്യ 44:8 വായിക്കുക.
6. (എ) യഹോവ നമുക്ക് എന്ത് ഉറപ്പു തന്നിരിക്കുന്നു? (ബി) ഏതു കാര്യം നമുക്ക് ആശ്വാസവും ബലവും നൽകുന്നു?
6 നമ്മളെ സഹായിക്കുമെന്ന് യഹോവ ഉറപ്പു തന്നിട്ടുണ്ട്. ഉദാഹരണത്തിന്, “നിങ്ങൾ എന്റെ സാക്ഷികൾ” എന്നു പറയുന്നതിനു തൊട്ടുമുമ്പ് യഹോവ ഇങ്ങനെ പറഞ്ഞു: “നീ വെള്ളത്തിലൂടെ പോകുമ്പോൾ ഞാൻ കൂടെയുണ്ടാകും, നദികളിലൂടെ സഞ്ചരിക്കുമ്പോൾ അവ നിന്നെ മുക്കിക്കളയില്ല. തീയിലൂടെ നടക്കുമ്പോൾ നിനക്കു പൊള്ളലേൽക്കില്ല, അഗ്നിജ്വാലകളേറ്റ് നീ വാടിപ്പോകില്ല.” (യശ. 43:2) ഇന്നു പ്രസംഗപ്രവർത്തനം ചെയ്യുമ്പോൾ ഇടയ്ക്കൊക്കെ വലിയ വെള്ളപ്പൊക്കംപോലുള്ള തടസ്സങ്ങളോ തീപോലുള്ള പരീക്ഷണങ്ങളോ നേരിട്ടേക്കാം. എന്നാൽ അപ്പോഴും പ്രസംഗപ്രവർത്തനം തുടരാൻ യഹോവ സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (യശ. 41:13) യഹസ്കേലിന്റെ കാലത്തെന്നപോലെതന്നെ ഇന്നും മിക്ക ആളുകളും നമ്മൾ അറിയിക്കുന്ന സന്ദേശം കേൾക്കാൻ തയ്യാറാകുന്നില്ല. എന്നാൽ അതു നമ്മൾ ആ പ്രവർത്തനം നന്നായി ചെയ്യാഞ്ഞിട്ടല്ല എന്ന കാര്യം നമുക്ക് ഓർക്കാം. ആളുകളുടെ പ്രതികരണം എന്തുതന്നെയായാലും നമ്മൾ വിശ്വസ്തമായി രാജ്യസന്ദേശം അറിയിക്കുന്നെങ്കിൽ യഹോവയ്ക്കു സന്തോഷമാകും. ഈ അറിവ് ശരിക്കും ഒരു ബലമാണ്, അതു നമ്മളെ ആശ്വസിപ്പിക്കുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ, “അവനവൻ ചെയ്യുന്ന പണിക്കനുസരിച്ച് പ്രതിഫലവും കിട്ടും.” (1 കൊരി. 3:8; 4:1, 2) വളരെക്കാലമായി മുൻനിരസേവനം ചെയ്യുന്ന ഒരു സഹോദരി പറയുന്നു: “നമ്മൾ ചെയ്യുന്ന ശ്രമത്തിനാണ് യഹോവ പ്രതിഫലം തരുന്നതെന്ന് അറിയുന്നത് വലിയൊരു സന്തോഷമാണ്.”
യഹോവയുടെ ആത്മാവ് യഹസ്കേലിനെ ശക്തീകരിച്ചു
7. തനിക്കു കിട്ടിയ ദർശനത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ യഹസ്കേലിന് എന്തു ബോധ്യമായി? (പുറംതാളിലെ ചിത്രം കാണുക.)
7 ദൈവത്തിന്റെ ആത്മാവ് എത്ര ശക്തമാണെന്ന് യഹസ്കേലിനു മനസ്സിലായി. ഒരു ദർശനത്തിൽ, പരിശുദ്ധാത്മാവ് കരുത്തരായ ദൈവദൂതന്മാരെ സഹായിക്കുന്നതും യഹോവയുടെ സ്വർഗീയരഥത്തിന്റെ കൂറ്റൻ ചക്രങ്ങൾ കറങ്ങാൻ ഇടയാക്കുന്നതും അദ്ദേഹം കണ്ടു. (യഹ. 1:20, 21) അതെല്ലാം കണ്ട് അത്ഭുതസ്തബ്ധനായി അദ്ദേഹം “കമിഴ്ന്നുവീണു.” (യഹ. 1:28) പിന്നീട് തനിക്കു കിട്ടിയ ഉജ്ജ്വലമായ ഈ ദർശനത്തെക്കുറിച്ച് ചിന്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന് ഒരു കാര്യം ബോധ്യമായി: യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ശുശ്രൂഷ നന്നായി ചെയ്യാൻ തനിക്കാകും.
8-9. (എ) എഴുന്നേറ്റുനിൽക്കാൻ യഹോവ യഹസ്കേലിനോടു പറഞ്ഞപ്പോൾ അദ്ദേഹത്തിന് എന്തു സംഭവിച്ചു? (ബി) തന്റെ ബുദ്ധിമുട്ടുള്ള നിയമനം ചെയ്യുന്നതിന് യഹസ്കേലിനെ യഹോവ തുടർന്ന് എങ്ങനെയാണു ശക്തീകരിച്ചത്?
8 യഹോവ യഹസ്കേലിനോടു പറഞ്ഞു: “മനുഷ്യപുത്രാ, എഴുന്നേറ്റുനിൽക്കൂ! എനിക്കു നിന്നോടു സംസാരിക്കാനുണ്ട്.” ആ കല്പനയും ദൈവത്തിന്റെ ആത്മാവും യഹസ്കേലിനു നിലത്തുനിന്ന് എഴുന്നേൽക്കാനുള്ള ശക്തി നൽകി. അതെക്കുറിച്ച് അദ്ദേഹം എഴുതി: “ദൈവാത്മാവ് എന്നിൽ പ്രവേശിച്ച് . . . എന്നെ എഴുന്നേൽപ്പിച്ചുനിറുത്തി.” (യഹ. 2:1, 2) തുടർന്ന് അങ്ങോട്ട് തന്റെ ശുശ്രൂഷക്കാലത്തെല്ലാം ദൈവത്തിന്റെ “കൈ,” അതായത് ദൈവത്തിന്റെ പരിശുദ്ധാത്മാവ് അദ്ദേഹത്തെ വഴിനയിച്ചു. (യഹ. 3:22; 8:1; 33:22; 37:1; 40:1) “കടുംപിടുത്തക്കാരും കഠിനഹൃദയരും” ആയ ആളുകളോടു പ്രസംഗിക്കാൻ, യഹസ്കേലിനു ലഭിച്ച നിയമനം പൂർത്തീകരിക്കാൻ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തെ ശക്തീകരിച്ചു. (യഹ. 3:7) യഹോവ യഹസ്കേലിനോടു പറഞ്ഞു: “ഞാൻ നിന്റെ മുഖം അവരുടെ മുഖംപോലെയും നിന്റെ നെറ്റി അവരുടെ നെറ്റിപോലെയും കടുപ്പമുള്ളതാക്കിയിരിക്കുന്നു. ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കിയിരിക്കുന്നു. അവരെ പേടിക്കുകയോ അവരുടെ മുഖഭാവം കണ്ട് പരിഭ്രാന്തനാകുകയോ അരുത്.” (യഹ. 3:8, 9) ഒരർഥത്തിൽ യഹോവ യഹസ്കേലിനോട് ഇങ്ങനെ പറയുകയായിരുന്നു: ‘ആളുകളുടെ ഈ കടുംപിടുത്തമൊന്നും കണ്ട് നിന്റെ ഉത്സാഹം നശിക്കരുത്. ഞാൻ നിനക്കു വേണ്ട ശക്തി തരും.’
9 അതിനു ശേഷം ദൈവത്തിന്റെ ആത്മാവ് യഹസ്കേലിനെ അദ്ദേഹത്തിനു പ്രവർത്തിക്കാനുള്ള പ്രദേശത്തേക്ക് എടുത്തുകൊണ്ടുപോയി. “യഹോവയുടെ കൈ എന്റെ മേൽ ശക്തിയോടെയുണ്ടായിരുന്നു” എന്നാണ് യഹസ്കേൽ എഴുതിയത്. തനിക്ക് ആളുകളോട് അറിയിക്കാനുള്ള ആ സന്ദേശം ബോധ്യത്തോടെ അവരോടു പറയാൻ കഴിയേണ്ടതിന് അതെക്കുറിച്ച് പഠിക്കാനും അതു നന്നായി മനസ്സിലാക്കാനും അദ്ദേഹത്തിന് ഒരാഴ്ച വേണ്ടിവന്നു. (യഹ. 3:14, 15) അതിനു ശേഷം യഹോവ യഹസ്കേലിനോടു താഴ്വരയിലേക്കു പോകാൻ പറഞ്ഞു. അവിടെവെച്ച് ‘ദൈവാത്മാവ് അദ്ദേഹത്തിൽ പ്രവേശിച്ചു.’ (യഹ. 3:23, 24) അങ്ങനെ യഹസ്കേൽ തന്റെ പ്രസംഗനിയമനം ചെയ്യാൻ തയ്യാറായി.
ദൈവത്തിന്റെ ആത്മാവ് നമ്മളെ ശക്തീകരിക്കുന്നു
10. നമ്മുടെ പ്രസംഗപ്രവർത്തനം നന്നായി ചെയ്യുന്നതിനു നമുക്ക് എന്തു സഹായം വേണം, എന്തുകൊണ്ട്?
10 ഇന്നു പ്രസംഗപ്രവർത്തനം ചെയ്യാൻ നമുക്ക് എന്തു സഹായം ആവശ്യമാണ്? ഉത്തരത്തിനായി യഹസ്കേലിന്റെ കാലത്ത് എന്തു സംഭവിച്ചെന്നു നോക്കാം. യഹസ്കേൽ തന്റെ പ്രസംഗനിയമനം തുടങ്ങുന്നതിനു മുമ്പ് ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന് ആവശ്യമായ ശക്തി നൽകി. ഇന്നും അതുപോലെ ദൈവാത്മാവിന്റെ സഹായത്താൽ മാത്രമേ നമ്മുടെ പ്രസംഗപ്രവർത്തനം നന്നായി ചെയ്യാനാകൂ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം നമ്മുടെ പ്രസംഗപ്രവർത്തനത്തിനു തടയിടാൻ സാത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. (വെളി. 12:17) അവൻ കരുത്തനായതുകൊണ്ട് മാനുഷിക കാഴ്ചപ്പാടിൽ നോക്കുമ്പോൾ അവനെ ജയിക്കാനാകില്ലെന്നു തോന്നിയേക്കാം. എന്നാൽ പ്രസംഗപ്രവർത്തനത്തിലൂടെ നമ്മൾ അവന്റെ മേൽ ജയം നേടുകയാണ്. (വെളി. 12:9-11) എങ്ങനെ? ഓരോ തവണ ശുശ്രൂഷ ചെയ്യുമ്പോഴും സാത്താന്റെ ഭീഷണിയൊന്നും നമ്മളെ ഭയപ്പെടുത്തുന്നില്ലെന്നു നമ്മൾ തെളിയിക്കുകയാണ്. അതു സാത്താനു നേരിടുന്ന വലിയൊരു പരാജയമാണ്. എതിർപ്പുകളൊക്കെയുണ്ടെങ്കിലും നമുക്ക് ഇന്നു പ്രസംഗപ്രവർത്തനം നന്നായി ചെയ്യാനാകുന്നു എന്നതിൽനിന്ന് എന്തു മനസ്സിലാക്കാം? ദൈവത്തിന്റെ ആത്മാവ് നമ്മളെ ശക്തീകരിക്കുന്നുണ്ടെന്നും നമുക്ക് യഹോവയുടെ അംഗീകാരമുണ്ടെന്നും ആണ് അതു തെളിയിക്കുന്നത്.—മത്താ. 5:10-12; 1 പത്രോ. 4:14.
11. (എ) നമുക്കുവേണ്ടി എന്തു ചെയ്യാൻ ദൈവത്തിന്റെ ആത്മാവിനാകും? (ബി) ദൈവാത്മാവിന്റെ സഹായം തുടർച്ചയായി കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
11 യഹോവ യഹസ്കേലിന്റെ മുഖവും നെറ്റിയും ആലങ്കാരികമായി കടുപ്പമുള്ളതാക്കി എന്നു നമ്മൾ വായിച്ചു. എന്താണു നമുക്ക് അതിലൂടെ ലഭിക്കുന്ന ഉറപ്പ്? ശുശ്രൂഷയിൽ ഇന്നു നമുക്കുണ്ടാകുന്ന ഏതൊരു പ്രശ്നത്തെയും നേരിടാൻ ആവശ്യമായ ശക്തി തരാൻ ദൈവത്തിന്റെ ആത്മാവിനാകും. (2 കൊരി. 4:7-9) എന്നാൽ ദൈവാത്മാവിന്റെ ഈ സഹായം തുടർച്ചയായി കിട്ടാൻ നമ്മൾ എന്തു ചെയ്യണം? അതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കണം. യഹോവ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുമെന്ന ഉറപ്പോടെ അങ്ങനെ ചെയ്യണം. കാരണം യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ചോദിച്ചുകൊണ്ടിരിക്കൂ, . . . അന്വേഷിച്ചുകൊണ്ടിരിക്കൂ, . . . മുട്ടിക്കൊണ്ടിരിക്കൂ.” അപ്പോൾ യഹോവ ‘തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും.’—ലൂക്കോ. 11:9, 13; പ്രവൃ. 1:14; 2:4.
ദൈവവചനം യഹസ്കേലിനെ ശക്തിപ്പെടുത്തി
12. യഹസ്കേലിനു നേരെ നീട്ടിയ ചുരുൾ എവിടെനിന്നാണു വന്നത്, അതിൽ എന്താണ് എഴുതിയിരുന്നത്? (യഹസ്കേൽ 2:9–3:3)
12 ദൈവത്തിന്റെ ആത്മാവ് യഹസ്കേലിനെ ശക്തിപ്പെടുത്തിയതുപോലെതന്നെ ദൈവവചനവും അദ്ദേഹത്തിനു ബലം പകർന്നു. ദർശനത്തിൽ, തന്റെ നേരെ ഒരു കൈ നീട്ടിയിരിക്കുന്നത് യഹസ്കേൽ കണ്ടു. ആ കൈയിൽ ഒരു ചുരുളുണ്ടായിരുന്നു. (യഹസ്കേൽ 2:9–3:3 വായിക്കുക.) എവിടെനിന്നാണ് ആ ചുരുൾ വന്നത്? എന്താണ് അതിലുണ്ടായിരുന്നത്? അത് യഹസ്കേലിനെ ശക്തിപ്പെടുത്തിയത് എങ്ങനെയാണ്? നമുക്കു നോക്കാം. ദൈവത്തിന്റെ സിംഹാസനത്തിൽനിന്നാണ് ആ ചുരുൾ വന്നത്. യഹസ്കേൽ നേരത്തേ കണ്ട ദർശനത്തിലെ നാലു ദൂതന്മാരിൽ ഒരാളെ ഉപയോഗിച്ചായിരിക്കാം യഹോവ അത് അദ്ദേഹത്തിനു നൽകിയത്. (യഹ. 1:8; 10:7, 20) ദൈവത്തിന്റെ വചനമാണ് ആ ചുരുളിലുണ്ടായിരുന്നത്. അതായത്, ധിക്കാരികളായ ആ ജനത്തോട് യഹസ്കേലിന് അറിയിക്കാനുണ്ടായിരുന്ന ന്യായവിധിസന്ദേശം. (യഹ. 2:7) അതു ചുരുളിന്റെ അകത്തും പുറത്തും എഴുതിയിരുന്നു.
13. യഹസ്കേലിന് ഒരു ചുരുൾ നൽകിയിട്ട് എന്തു ചെയ്യാനാണ് യഹോവ ആവശ്യപ്പെട്ടത്, അതു തേൻപോലെ മധുരിക്കുന്നതായി അദ്ദേഹത്തിനു തോന്നിയത് എന്തുകൊണ്ട്?
13 യഹോവ യഹസ്കേലിനോട് ആ ചുരുൾ തിന്ന് ‘വയറു നിറയ്ക്കാൻ’ പറഞ്ഞു. അതനുസരിച്ച് യഹസ്കേൽ അതു മുഴുവൻ തിന്നുതീർത്തു. എന്തായിരുന്നു അതിന്റെ അർഥം? തനിക്ക് അറിയിക്കാനുള്ള ആ സന്ദേശം യഹസ്കേൽ നന്നായി മനസ്സിലാക്കണമായിരുന്നു. മാത്രമല്ല, അതൊക്കെ സംഭവിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യണമായിരുന്നു. എങ്കിലേ ഉത്സാഹത്തോടെ അതു പ്രസംഗിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നുള്ളൂ. തുടർന്ന് അതിശയിപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചു. ആ ചുരുൾ അദ്ദേഹത്തിനു “തേൻപോലെ മധുരിച്ചു.” (യഹ. 3:3) എന്തുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ തോന്നിയത്? കാരണം യഹസ്കേലിന് യഹോവയുടെ ഒരു പ്രതിനിധിയായി പ്രവർത്തിക്കാനുള്ള വലിയൊരു പദവിയാണു കിട്ടിയിരുന്നത്. അതു ശരിക്കും അദ്ദേഹത്തിനു വളരെ സന്തോഷം നൽകുന്ന, മധുരിക്കുന്ന ഒരു അനുഭവമായിരുന്നു. (സങ്കീ. 19:8-11) തന്നെ ഒരു പ്രവാചകനായി യഹോവ തിരഞ്ഞെടുത്തതിൽ അദ്ദേഹത്തിന് ഒരുപാടു നന്ദി തോന്നി.
14. തന്റെ നിയമനം സ്വീകരിക്കാനും പൂർത്തീകരിക്കാനും യഹസ്കേലിനെ സഹായിച്ചത് എന്താണ്?
14 തുടർന്ന് യഹോവ യഹസ്കേലിനോടു പറഞ്ഞു: “ഞാൻ നിന്നോടു പറയുന്ന ഈ വാക്കുകളെല്ലാം ശ്രദ്ധിച്ചുകേൾക്കൂ. നീ അവ ഗൗരവമായെടുക്കണം.” (യഹ. 3:10) അങ്ങനെയൊരു നിർദേശം നൽകിയതിലൂടെ യഹോവ പറഞ്ഞത്, ‘ചുരുളിൽ എഴുതിയിരിക്കുന്ന ഈ വാക്കുകളെല്ലാം നീ ഓർമയിൽ സൂക്ഷിക്കണം, അതെക്കുറിച്ച് ചിന്തിക്കണം’ എന്നാണ്. അങ്ങനെ ചെയ്തത് യഹസ്കേലിന്റെ വിശ്വാസം ബലപ്പെടുത്തി. കൂടാതെ, ആളുകളെ അറിയിക്കാനുള്ള ശക്തമായൊരു സന്ദേശവും ആ ചുരുളിലൂടെ അദ്ദേഹത്തിനു കിട്ടി. (യഹ. 3:11) ദൈവത്തിൽനിന്നുള്ള ആ സന്ദേശം ശരിക്കും മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്തതുകൊണ്ട് തന്റെ നിയമനം സ്വീകരിക്കാനും പൂർത്തീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.—സങ്കീർത്തനം 19:14 താരതമ്യം ചെയ്യുക.
ദൈവവചനത്തിൽനിന്ന് നമുക്കു ശക്തി കിട്ടുന്നു
15. പ്രശ്നങ്ങളൊക്കെ ഉള്ളപ്പോഴും മടുത്തുപോകാതെ പ്രവർത്തിക്കാൻ നമ്മൾ എന്തു “ഗൗരവമായെടുക്കണം?”
15 പ്രശ്നങ്ങളൊക്കെ ഉള്ളപ്പോഴും മടുത്തുപോകാതെ പ്രസംഗപ്രവർത്തനം ചെയ്യാൻ കഴിയണമെങ്കിൽ നമ്മളും ദൈവവചനത്തിൽനിന്ന് ശക്തി നേടിക്കൊണ്ടിരിക്കണം, യഹോവ പറയുന്ന കാര്യങ്ങൾ “ഗൗരവമായെടുക്കണം.” ദൈവവചനമായ ബൈബിളിലൂടെയാണ് യഹോവ ഇന്നു നമ്മളോടു സംസാരിക്കുന്നത്. ദൈവം പറയുന്ന കാര്യങ്ങൾ നമ്മുടെ മനസ്സിനെയും ചിന്തകളെയും തീരുമാനങ്ങളെയും ഒക്കെ തുടർന്നും സ്വാധീനിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം?
16. ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഹൃദയത്തിലെത്താൻ നമ്മൾ എന്തൊക്കെ ചെയ്യണം?
16 നമ്മൾ ഭക്ഷണം കഴിക്കുകയും അതു ദഹി ക്കുകയും ചെയ്യുമ്പോൾ ശരീരത്തിനു ബലം കിട്ടുന്നു. അതുപോലെതന്നെ ദൈവവചനം പഠിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുമ്പോൾ നമ്മൾ ആത്മീയമായി ബലപ്പെടും. ഇതാണു ചുരുളിനെക്കുറിച്ചുള്ള ആ ദർശനത്തിൽനിന്ന് നമ്മൾ പഠിക്കുന്ന പാഠം. ദൈവവചനംകൊണ്ട് നമ്മൾ ‘വയറു നിറയ്ക്കാൻ’ യഹോവ പ്രതീക്ഷിക്കുന്നു. അതായത്, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തിലെത്തണം. അതിനുവേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം? പ്രാർഥിക്കുക, ദൈവവചനം വായിക്കുക, അതെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക. പ്രാർഥിക്കുമ്പോൾ ദൈവത്തിന്റെ ചിന്തകൾ മനസ്സിലാക്കാൻ നമ്മൾ ഹൃദയത്തെ ഒരുക്കുകയാണ്. തുടർന്ന്, നമുക്കു ബൈബിൾഭാഗം വായിക്കാനാകും. അടുത്തതായി, വായിച്ച കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കണം, അഥവാ ആഴത്തിൽ ചിന്തിക്കണം. അങ്ങനെയൊക്കെ ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്? ദൈവവചനത്തിൽനിന്നും വായിച്ച കാര്യങ്ങളെക്കുറിച്ച് എത്ര കൂടുതലായി ചിന്തിക്കുന്നോ അതനുസരിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തിലെത്തും.
17. ബൈബിളിൽനിന്ന് വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 നമ്മൾ ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? അങ്ങനെ ചെയ്യുന്നതിലൂടെ ഇന്നു ദൈവരാജ്യസന്ദേശം അറിയിക്കാനും, തൊട്ടടുത്ത ഭാവിയിൽ ശക്തമായ ന്യായവിധിസന്ദേശം അറിയിക്കാനും ഉള്ള ധൈര്യം നമുക്കു കിട്ടും. ഇനി, യഹോവയുടെ ആകർഷകമായ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ദൈവവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാകും. അതു നമുക്കു മനസ്സമാധാനവും സംതൃപ്തിയും നേടിത്തരും. അങ്ങനെ നമ്മുടെ ജീവിതം മധുരമുള്ളതാകും.—സങ്കീ. 119:103.
മടുത്തുപോകാതെ മുന്നോട്ട്
18. നമ്മുടെ പ്രദേശത്തുള്ള ആളുകൾ ഏതു കാര്യം അംഗീകരിക്കേണ്ടിവരും?
18 യഹസ്കേലിനെപ്പോലെ നമ്മളാരും ഇന്നു പ്രവചിക്കുന്നവരല്ല. എങ്കിലും ദൈവവചനമായ ബൈബിളിലൂടെ യഹോവ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ആ സന്ദേശം തുടർന്നും ആളുകളെ അറിയിക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു. ‘മതി’ എന്ന് യഹോവ പറയുന്നതുവരെ നമ്മൾ ഈ പ്രസംഗപ്രവർത്തനം തുടരും. അങ്ങനെയാകുമ്പോൾ, ദൈവത്തിന്റെ ന്യായവിധിയുടെ സമയത്ത്, ‘ദൈവം ഞങ്ങളെ അവഗണിച്ചു’ അല്ലെങ്കിൽ ‘ഞങ്ങൾക്കു വേണ്ടത്ര മുന്നറിയിപ്പ് കിട്ടിയില്ല’ എന്നൊന്നും ആർക്കും പറയാൻ കഴിയില്ല. (യഹ. 3:19; 18:23) പകരം, നമ്മൾ അറിയിച്ച സന്ദേശം ദൈവത്തിൽനിന്നുള്ളതായിരുന്നെന്ന് അവർ അന്ന് അംഗീകരിക്കേണ്ടിവരും.
19. ഏതു കാര്യങ്ങൾ മനസ്സിൽപ്പിടിക്കുന്നതു ധൈര്യത്തോടെ പ്രസംഗപ്രവർത്തനം ചെയ്യാൻ നമ്മളെ സഹായിക്കും?
19 ചുരുക്കത്തിൽ നമ്മൾ എന്താണു പഠിച്ചത്? തന്റെ നിയമനത്തിൽ തുടരാൻ മൂന്നു കാര്യങ്ങൾ യഹസ്കേലിനെ സഹായിച്ചു. അതേ കാര്യങ്ങൾ ഇന്നു പ്രസംഗപ്രവർത്തനത്തിൽ തുടരാൻ നമ്മളെയും സഹായിക്കും. (1) നമ്മളെ അയച്ചിരിക്കുന്നത് യഹോവയാണ്, (2) ദൈവത്തിന്റെ ആത്മാവ് നമ്മളെ ശക്തിപ്പെടുത്തുന്നു, (3) ദൈവവചനത്തിൽനിന്നും നമുക്കു ശക്തി ലഭിക്കുന്നു. അതുകൊണ്ട് യഹോവയുടെ സഹായത്തോടെ നമുക്കു ശുശ്രൂഷയിൽ തുടരാം; “അവസാനത്തോളം” സഹിച്ചുനിൽക്കുകയും ചെയ്യാം.—മത്താ. 24:13.
ഗീതം 65 മുന്നേറുവിൻ!
a ഈ ലേഖനത്തിൽ, തന്റെ പ്രസംഗനിയമനം നന്നായി ചെയ്യാൻ യഹസ്കേൽ പ്രവാചകനെ യഹോവ സഹായിച്ച മൂന്നു വിധങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. അതെക്കുറിച്ച് പഠിക്കുന്നത് യഹോവ നമ്മളെയും ശുശ്രൂഷയിൽ സഹായിക്കുമെന്ന വിശ്വാസം ശക്തമാക്കും.