ജീവിതകഥ
“യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു”
സുരിനാമിലെ മഴക്കാടുകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണു ഗ്രാൻബൊരി. ഒരിക്കൽ ഞങ്ങൾ അതിന് അടുത്തുള്ള ഒരു കൂട്ടത്തെ സന്ദർശിച്ചിട്ടു തിരിച്ചുപോരുകയായിരുന്നു. തപ്നഹോനി നദിയിലൂടെ ഒരു വള്ളത്തിലായിരുന്നു യാത്ര. കുറച്ച് കഴിഞ്ഞ് നല്ല കുത്തൊഴുക്കുള്ള ഒരു സ്ഥലത്ത് എത്തിയപ്പോൾ വള്ളത്തിലെ എഞ്ചിന്റെ ഒരു ഭാഗം കല്ലിൽ തട്ടി. അങ്ങനെ വള്ളവും ഞങ്ങളും എല്ലാം വെള്ളത്തിൽ മുങ്ങി. ഞാൻ വല്ലാതെ പേടിച്ചുപോയി. ഒരു സഞ്ചാര മേൽവിചാരകനായപ്പോൾമുതൽ വർഷങ്ങളായി ഇതുപോലുള്ള വള്ളത്തിൽ യാത്ര ചെയ്യുന്നതാണ്. പക്ഷേ എനിക്കു നീന്താൻ അറിയില്ലായിരുന്നു!
തുടർന്ന് എന്തു സംഭവിച്ചെന്നു പറയുന്നതിനു മുമ്പ് ഞാൻ മുഴുസമയസേവനത്തിലേക്കു വന്നത് എങ്ങനെയാണെന്നു പറയട്ടേ?
1942-ലാണു ഞാൻ ജനിക്കുന്നത്, കുറകാവു എന്ന മനോഹരമായ കരീബിയൻ ദ്വീപിൽ. എന്റെ പപ്പ ശരിക്കും സുരിനാംകാരനാണ്. പക്ഷേ ജോലിക്കുവേണ്ടി അദ്ദേഹം ആ ദ്വീപിലേക്കു മാറിത്താമസിച്ചതായിരുന്നു. ഞാൻ ജനിക്കുന്നതിനു കുറച്ച് വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം യഹോവയുടെ സാക്ഷിയായി സ്നാനമേൽക്കുന്നത്. കുറകാവുവിലെ ആദ്യകാല സാക്ഷികളിൽ ഒരാളായിരുന്നു പപ്പ. a ആഴ്ചതോറും മക്കളോടൊപ്പം ബൈബിൾ പഠിക്കണമെന്ന കാര്യം പപ്പയ്ക്കു നിർബന്ധമായിരുന്നു, ചിലപ്പോഴെല്ലാം ഞങ്ങൾക്ക് അത് അത്ര ഇഷ്ടമായിരുന്നില്ലെങ്കിൽപ്പോലും. എനിക്കു 14 വയസ്സായപ്പോൾ പപ്പയുടെ പ്രായമായ അമ്മയെ നോക്കാൻവേണ്ടി ഞങ്ങൾ തിരിച്ച് സുരിനാമിലേക്കു പോന്നു.
നല്ല കൂട്ടുകാർ എന്നെ സഹായിച്ചു
സുരിനാമിൽ വന്നതോടെ ദൈവസേവനത്തിൽ നല്ല തീക്ഷ്ണതയോടെ പ്രവർത്തിക്കുന്ന, സഭയിലെ ചെറുപ്പക്കാരുമായിട്ടു ഞാൻ കൂട്ടുകൂടി. അവർ എന്നെക്കാൾ അൽപ്പം മൂത്തവരായിരുന്നു, സാധാരണ മുൻനിരസേവകരും. പ്രസംഗപ്രവർത്തനത്തിനു പോകുമ്പോഴുണ്ടാകുന്ന നല്ലനല്ല അനുഭവങ്ങളെപ്പറ്റി അവർ എന്നോടു പറയുമായിരുന്നു. അപ്പോൾ അവരുടെ മുഖത്തുവരുന്ന ആ സന്തോഷം എനിക്കു ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു. മീറ്റിങ്ങു കഴിഞ്ഞ് ഞങ്ങൾ കൂട്ടുകാരെല്ലാം ഒരുമിച്ചിരുന്ന് ബൈബിൾവിഷയങ്ങളൊക്കെ സംസാരിക്കുന്ന ഒരു പതിവുണ്ടായിരുന്നു. ചിലപ്പോൾ വെളിയിൽ നക്ഷത്രങ്ങളൊക്കെയുള്ള ആകാശം നോക്കിയിരുന്നായിരിക്കും സംസാരിക്കുന്നത്. എന്റെ ജീവിതംകൊണ്ട് എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ അവരുടെ നല്ല മാതൃക എന്നെ സഹായിച്ചു. യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കാനാണു ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് 16-ാമത്തെ വയസ്സിൽ ഞാൻ സ്നാനപ്പെട്ടു. 18-ാം വയസ്സിൽ സാധാരണ മുൻനിരസേവനവും തുടങ്ങി.
വിലയേറിയ പാഠങ്ങൾ പഠിക്കുന്നു
മുൻനിരസേവകനായി പ്രവർത്തിച്ച സമയത്ത്, പിന്നീടുള്ള മുഴുസമയസേവനത്തിൽ പ്രയോജനം ചെയ്ത പല പാഠങ്ങളും എനിക്കു പഠിക്കാനായി. അതിൽ ഒന്നാമത്തേത്, മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യമായിരുന്നു. ഞാൻ മുൻനിരസേവനം തുടങ്ങിയ സമയത്ത് വില്ലെം വാൻ സേയ്ൽ എന്ന ഒരു മിഷനറി സഹോദരൻ എന്നോടു പ്രത്യേകതാത്പര്യം കാണിച്ചു. b അദ്ദേഹം സഭയിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ എന്നെ പഠിപ്പിച്ചു. ഈ പരിശീലനം എനിക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന് അന്ന് എനിക്കു മനസ്സിലായില്ല. പക്ഷേ തൊട്ടടുത്ത വർഷം എന്നെ ഒരു പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. അതെത്തുടർന്ന് സുരിനാമിലെ മഴക്കാടുകളിലുള്ള ഒറ്റപ്പെട്ട ഗ്രൂപ്പുകളെ സഹായിക്കാനുള്ള ഉത്തരവാദിത്വം എനിക്കു കിട്ടി. വില്ലെം സഹോദരനെപ്പോലുള്ളവർ എനിക്കു നല്ല പരിശീലനം തന്നതിൽ അപ്പോൾ എനിക്കു വളരെ നന്ദി തോന്നി. അവരുടെ മാതൃക പിന്തുടർന്ന് മറ്റുള്ളവരെ പരിശീലിപ്പിക്കാൻ അന്നു തൊട്ട് ഞാനും ശ്രമിക്കുന്നു.
ഞാൻ പഠിച്ച രണ്ടാമത്തെ പാഠം നല്ല ചിട്ടയോടെയുള്ള ലളിതജീവിതം നയിക്കുന്നതുകൊണ്ട് പ്രയോജനമുണ്ട് എന്നതാണ്. ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ ഞാനും എന്റെകൂടെ മുൻനിരസേവനം ചെയ്യുന്ന സഹോദരനും ആ മാസം എന്തൊക്കെ ഭക്ഷണസാധനങ്ങൾ വേണ്ടിവരുമെന്നു തീരുമാനിക്കുമായിരുന്നു. എന്നിട്ട്, ഞങ്ങളിൽ ഒരാൾ ദൂരെയുള്ള തലസ്ഥാനനഗരംവരെ പോയി സാധനങ്ങൾ മേടിച്ചുകൊണ്ടുവരും. മാസംതോറും ചെലവിനായി കിട്ടിയിരുന്ന പണം വളരെ സൂക്ഷിച്ചാണു ഞങ്ങൾ ഉപയോഗിച്ചിരുന്നത്. അതുപോലെ വാങ്ങിച്ചുകൊണ്ടുവരുന്ന സാധനങ്ങളും ആ മാസം മുഴുവൻ തികയേണ്ടതിനു ശ്രദ്ധയോടെ ഉപയോഗിക്കുമായിരുന്നു. മഴക്കാടിനുള്ളിൽവെച്ച് എന്തെങ്കിലും തീർന്നുപോയാൽ ആരോടു ചോദിക്കാനാ. ചെറുപ്പമായിരുന്നപ്പോൾത്തന്നെ വളരെ ചിട്ടയോടെ, ലളിതമായ ജീവിതം നയിക്കാൻ പഠിച്ചതു ജീവിതകാലം മുഴുവൻ യഹോവയുടെ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിച്ചെന്ന് എനിക്ക് ഉറപ്പുണ്ട്.
ആളുകളെ അവരുടെ മാതൃഭാഷയിൽ ബൈബിൾ പഠിപ്പിക്കുന്നതു വളരെ പ്രയോജനം ചെയ്യും എന്നതായിരുന്നു ഞാൻ മനസ്സിലാക്കിയ മൂന്നാമത്തെ പാഠം. സുരിനാമിലെ സാധാരണഭാഷകളായിരുന്ന ഡച്ച്, ഇംഗ്ലീഷ്, പാപിയമെന്റോ, സ്രാനൻടോംഗോ (സ്രാനൻ എന്നും അറിയപ്പെടുന്നു.) തുടങ്ങിയ ഭാഷകളൊക്കെ ചെറുപ്പംമുതലേ എനിക്ക് അറിയാമായിരുന്നു. എന്നാൽ മഴക്കാടുകളിലെ ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ സന്തോഷവാർത്ത പ്രസംഗിക്കുമ്പോഴാണ് അത് അവരുടെ ഹൃദയത്തിൽ എത്തുന്നതെന്ന് എനിക്കു മനസ്സിലായി. അവരുടെ ചില ഭാഷകൾ സംസാരിക്കാൻ എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു. ഉദാഹരണത്തിന്, ശബ്ദത്തിൽ ചില വ്യത്യാസങ്ങൾ വരുത്തി ഉച്ചരിക്കുന്ന സരമാക്കൻപോലുള്ള ഭാഷകൾ. എങ്കിലും അത്തരം ഭാഷകൾ പഠിച്ചെടുക്കാൻ ശ്രമിച്ചതുകൊണ്ട് പ്രയോജനമുണ്ടായി. അതുകൊണ്ടാണ് അവരിൽ പലരെയും സത്യം പഠിപ്പിക്കാൻ എനിക്കു കഴിഞ്ഞത്.
എനിക്കു വളരെ ചമ്മൽ തോന്നിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, സരമാക്കൻ ഭാഷ സംസാരിക്കുന്ന ഒരു ബൈബിൾ വിദ്യാർഥിനിയോട് ‘ഇപ്പോൾ വയറുവേദന എങ്ങനെയുണ്ട്’ എന്നു ചോദിക്കാനാണു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ചോദിച്ചത് “ഗർഭിണിയാണോ” എന്നായിപ്പോയി! ആ ചോദ്യം കേട്ട് അവർ ആകെ വല്ലാതെയായി. ഇത്തരം അബദ്ധങ്ങളൊക്കെ പറ്റിയിട്ടുണ്ടെങ്കിലും ഞങ്ങളുടെ പ്രദേശത്തുള്ള ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽത്തന്നെ സംസാരിക്കാൻ എപ്പോഴും ഞാൻ ശ്രമിച്ചിരുന്നു.
കൂടുതൽ ഉത്തരവാദിത്വങ്ങൾ കിട്ടുന്നു
1970-ൽ എനിക്ക് ഒരു സർക്കിട്ട് മേൽവിചാരകനായി നിയമനം കിട്ടി. ആ വർഷം “യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം സന്ദർശിക്കുന്നു” എന്ന ഒരു ഫോട്ടോ സ്ലൈഡ് പ്രദർശനമുണ്ടായിരുന്നു. മഴക്കാടുകളിലെ ഒറ്റപ്പെട്ട ഗ്രൂപ്പുകളിൽ അതു കാണിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അവിടെ എത്താൻ ഞങ്ങൾ കുറച്ച് സഹോദരങ്ങൾ തടികൊണ്ടുള്ള നീണ്ട ഒരു വള്ളത്തിൽ കാടിനുള്ളിലെ നദികളിലൂടെ ഒരുപാടു ദൂരം യാത്ര ചെയ്യണമായിരുന്നു. ഞങ്ങളുടെ വള്ളത്തിൽ ഒരു ജനറേറ്റർ, ഇന്ധനം നിറച്ച കന്നാസ്, റാന്തൽ വിളക്കുകൾ, സ്ലൈഡ് പ്രദർശനത്തിനുള്ള ഉപകരണങ്ങൾ എന്നിവയുണ്ടാകും. കരയ്ക്ക് എത്തിയാൽ പരിപാടി നടത്തേണ്ട സ്ഥലത്തേക്ക് ഇവയെല്ലാം കാട്ടിലൂടെ ചുമന്നുകൊണ്ട് പോകണം. അതൊക്കെ അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എങ്കിലും ഇപ്പോഴും എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നത്, പരിപാടി കാണാൻ അവിടെയുള്ള ആളുകൾ കാണിച്ചിരുന്ന ഉത്സാഹമാണ്. യഹോവയെക്കുറിച്ചും സംഘടനയെക്കുറിച്ചും മനസ്സിലാക്കാൻ അവരെ സഹായിക്കാനായതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ദൈവസേവനത്തിൽ ഞാൻ ചെയ്ത
എല്ലാ ത്യാഗങ്ങളെക്കാളും വളരെ വലുതാണ് ആ സന്തോഷം.മൂന്നിഴകൾ ചേരുന്നു
ഒരു ഏകാകിയായി നിയമനം ചെയ്യുന്നതിന്റെ പ്രയോജനം അറിയാമായിരുന്നെങ്കിലും ഒരു ജീവിതപങ്കാളി വേണമെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഇങ്ങനെയൊരു പ്രദേശത്ത് മുഴുസമയസേവനം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളൊക്കെ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ കഴിയുന്ന ഒരു ഭാര്യയെ കണ്ടെത്താൻ സഹായിക്കണേ എന്നു ഞാൻ പ്രത്യേകം പ്രാർഥിക്കാൻതുടങ്ങി. ഏതാണ്ട് ഒരു വർഷത്തിനു ശേഷം അങ്ങനെയുള്ള ഒരാളെ ഞാൻ കണ്ടുമുട്ടി. എത്തൽ എന്നായിരുന്നു അവളുടെ പേര്. ദൈവസേവനത്തിൽ കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള ഒരു പ്രത്യേക മുൻനിരസേവികയായിരുന്നു അവൾ. ചെറുപ്പംമുതലേ പൗലോസ് അപ്പോസ്തലനെ എത്തലിനു വളരെ ഇഷ്ടമായിരുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ പൗലോസിനെപ്പോലെ തന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യാൻ അവൾ ആഗ്രഹിച്ചു. 1971 സെപ്റ്റംബറിൽ ഞങ്ങൾ വിവാഹിതരായി. തുടർന്ന് ഞങ്ങൾ ഒരുമിച്ച് സർക്കിട്ട് വേല ചെയ്യാൻതുടങ്ങി.
പാവപ്പെട്ട ഒരു കുടുംബത്തിലാണ് എത്തൽ വളർന്നുവന്നത്. അതുകൊണ്ട് മഴക്കാടുകളിൽ സഞ്ചാരവേല ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളുമായി പെട്ടെന്ന് ഇണങ്ങിച്ചേരാൻ അവൾക്കു കഴിഞ്ഞു. ഉദാഹരണത്തിന് കാടിനുള്ളിലെ സഭകൾ സന്ദർശിക്കാൻപോകുമ്പോൾ ഞങ്ങൾ വളരെ കുറച്ച് സാധനങ്ങളേ കൈയിലെടുത്തിരുന്നുള്ളൂ. ഞങ്ങൾ പുഴയിൽ പോയി അലക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അവിടത്തെ സഹോദരങ്ങൾ എന്തു കഴിക്കാൻ തന്നാലും അതു കഴിക്കാൻ ഞങ്ങൾ പഠിച്ചു, പല്ലി വർഗത്തിൽപ്പെട്ട ചില ജീവികളെയും പിരാനാ മത്സ്യങ്ങളെയും പോലെ അവർക്കു കാട്ടിൽനിന്നും പുഴയിൽനിന്നും കിട്ടുന്നത് എന്താണോ അതൊക്കെ. പാത്രങ്ങൾ ഇല്ലാത്തപ്പോൾ ഞങ്ങൾ ഇലയിൽ ഭക്ഷണം കഴിച്ചു. സ്പൂൺ ഇല്ലാത്തപ്പോൾ കൈകൊണ്ട് കഴിച്ചു. ദൈവസേവനത്തിനുവേണ്ടി ഇത്തരം ത്യാഗങ്ങളൊക്കെ ഒരുമിച്ച് ചെയ്യാൻ അവസരം കിട്ടിയപ്പോൾ അതു ഞങ്ങളുടെ മുപ്പിരിച്ചരടിനെ കൂടുതൽ ബലമുള്ളതാക്കിയതായി എത്തലിനും എനിക്കും തോന്നി. (സഭാ. 4:12) ലോകത്ത് എന്തൊക്കെ തരാമെന്നു പറഞ്ഞാലും ദൈവസേവനത്തിലെ ഈ സന്തോഷം ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറല്ല!
ഒരിക്കൽ ആ മഴക്കാടുകൾക്കുള്ളിലെ ഒരു സഭ സന്ദർശിച്ചിട്ടു തിരിച്ചുവരുന്ന സമയത്താണു തുടക്കത്തിൽ പറഞ്ഞ അനുഭവം ഞങ്ങൾക്കുണ്ടായത്. വള്ളം നല്ല കുത്തൊഴുക്കുള്ള ഭാഗത്ത് എത്തിയപ്പോൾ പെട്ടെന്നു വെള്ളത്തിന് അടിയിലേക്കു പോയിട്ടു പൊങ്ങിവന്നു. എന്തായാലും ഞങ്ങൾ എല്ലാവരും ലൈഫ് ജാക്കറ്റ് ഇട്ടിട്ടുണ്ടായിരുന്നു,
ആരും വള്ളത്തിൽനിന്ന് വീണുപോയുമില്ല. പക്ഷേ, വള്ളം മുഴുവൻ വെള്ളം നിറഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ കൈയിലുണ്ടായിരുന്ന ഭക്ഷണമൊക്കെ വെളിയിൽ കളഞ്ഞിട്ട് ആ പാത്രം ഉപയോഗിച്ച് ഞങ്ങൾ വെള്ളം കോരിക്കളഞ്ഞു.അങ്ങനെ ഞങ്ങളുടെ ഭക്ഷണമെല്ലാം നഷ്ടപ്പെട്ടതുകൊണ്ട് മുന്നോട്ടു പോകുന്ന വഴിക്കു ഞങ്ങൾ മീൻ പിടിക്കാൻ ശ്രമിച്ചു. പക്ഷേ, ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. അതുകൊണ്ട് അന്നത്തേക്കുള്ള ഭക്ഷണം കണ്ടെത്താൻ സഹായിക്കണേ എന്നു ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. എന്നിട്ട് ഉടനെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹോദരൻ ചൂണ്ടയിട്ടപ്പോൾ ഒരു വലിയ മീൻ കിട്ടി. ഞങ്ങൾക്ക് അഞ്ചു പേർക്കു വയറു നിറയ്ക്കാൻ മാത്രം വലുപ്പമുള്ള മീനായിരുന്നു അത്.
ഭർത്താവ്, പിതാവ്, സഞ്ചാര മേൽവിചാരകൻ
അഞ്ചു വർഷത്തെ സഞ്ചാരവേലയ്ക്കുശേഷം എനിക്കും എത്തലിനും അപ്രതീക്ഷിതമായി ഒരു അനുഗ്രഹം ലഭിച്ചു. ഞങ്ങൾ മാതാപിതാക്കളാകാൻപോകുകയായിരുന്നു. ആ വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷേ ഭാവിയെക്കുറിച്ച് ഓർത്തപ്പോൾ ചില ഉത്കണ്ഠകളൊക്കെയുണ്ടായിരുന്നു. കഴിയുന്നിടത്തോളം മുഴുസമയസേവനത്തിൽ തുടരാനാണു ഞാനും എത്തലും ആഗ്രഹിച്ചത്. 1976-ൽ ഞങ്ങളുടെ മൂത്ത മകൻ എത്നിയേൽ ജനിച്ചു. പിന്നീട്, രണ്ടര വർഷത്തിനു ശേഷം ഇളയ മകൻ ജോവാനിയും ജനിച്ചു.
ഞങ്ങൾക്കു കുട്ടികളുണ്ടായിരുന്നെങ്കിലും സുരിനാമിലെ പ്രത്യേക ആവശ്യം പരിഗണിച്ച് അവിടെ സഞ്ചാര മേൽവിചാരകനായി തുടരാൻ ബ്രാഞ്ചോഫീസ് എന്നോട് ആവശ്യപ്പെട്ടു. മക്കൾ ചെറുതായിരുന്ന സമയത്ത് എനിക്കു വളരെ കുറച്ച് സഭകൾ സന്ദർശിച്ചാൽ മതിയായിരുന്നു. സാധാരണ, മാസത്തിൽ ഒന്നോ രണ്ടോ ആഴ്ച സഭ സന്ദർശിക്കും. ബാക്കി സമയം ഞങ്ങളെ നിയമിച്ചിരുന്ന സഭയിൽ മുൻനിരസേവനം ചെയ്യും. അടുത്തുള്ള സഭകൾ സന്ദർശിക്കുന്ന സമയത്ത് എത്തലും മക്കളും എന്റെകൂടെ വരുമായിരുന്നു. എന്നാൽ മഴക്കാടിനുള്ളിലെ സഭകൾ സന്ദർശിക്കാനും അവിടെ സമ്മേളനങ്ങൾ നടത്താനും ഞാൻ ഒറ്റയ്ക്കാണു പോയിരുന്നത്.
എന്റെ ഉത്തരവാദിത്വങ്ങളൊക്കെ നന്നായി ചെയ്യാൻ കഴിയേണ്ടതിനു ഞാൻ കാര്യങ്ങളൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്യണമായിരുന്നു. എല്ലാ ആഴ്ചയും കുടുംബാധ്യയനം മുടങ്ങാതെ നടക്കുന്നുണ്ടെന്നു ഞാൻ ഉറപ്പുവരുത്തി. കാടിനുള്ളിലെ സഭകൾ സന്ദർശിക്കാനായി ഞാൻ പോകുന്ന സമയത്ത് എത്തൽ മക്കളോടൊപ്പം കുടുംബാധ്യയനം നടത്തിയിരുന്നു. പറ്റുമ്പോഴൊക്കെ ഞങ്ങൾ കുടുംബം ഒരുമിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. എത്തലും ഞാനും കൂടെക്കൂടെ മക്കളോടൊപ്പം കളികളിൽ ഏർപ്പെടുകയും അടുത്തുള്ള സ്ഥലങ്ങൾ കാണാൻപോകുകയും ചെയ്യുമായിരുന്നു. സഭാനിയമനങ്ങൾക്കുവേണ്ടി തയ്യാറാകേണ്ടതുണ്ടായിരുന്നതുകൊണ്ട് പലപ്പോഴും രാത്രി വളരെ വൈകിയാണു ഞാൻ ഉറങ്ങിയിരുന്നത്. എങ്കിലും എത്തൽ എപ്പോഴും നേരം വെളുക്കുന്നതിനു മുമ്പേ എഴുന്നേറ്റ് പണികളൊക്കെ തീർക്കും. അതുകൊണ്ട് മക്കൾ സ്കൂളിൽ പോകുന്നതിനു മുമ്പ് ഞങ്ങൾക്കെല്ലാവർക്കും ഒരുമിച്ചിരുന്ന് ദിനവാക്യം വായിക്കാനും ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നു. ശരിക്കും സുഭാഷിതങ്ങൾ 31:15-ലെ കാര്യപ്രാപ്തിയുള്ള ഭാര്യയെപ്പോലെതന്നെയാണ് എത്തൽ. ഇത്രയേറെ ത്യാഗവും കഠിനാധ്വാനവും ചെയ്യാൻ മനസ്സുള്ള ഒരു ഭാര്യയെ കിട്ടിയതുകൊണ്ടാണ് എനിക്കു സഭാ ഉത്തരവാദിത്വങ്ങളൊക്കെ നന്നായി ചെയ്യാൻ കഴിഞ്ഞത്. അതിൽ എനിക്ക് ഒരുപാടു നന്ദിയുണ്ട്!
മക്കളിൽ യഹോവയോടും ക്രിസ്തീയ ശുശ്രൂഷയോടും സ്നേഹം വളർത്താൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അവരും മുഴുസമയസേവനം തിരഞ്ഞെടുക്കുന്നതു കാണാനാണു ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷേ അതു ഞങ്ങളുടെ നിർബന്ധംകൊണ്ടായിരിക്കരുത്, അവരുടെ സ്വന്തം ഇഷ്ടപ്രകാരമായിരിക്കണം എന്നും ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് മുഴുസമയസേവനത്തിൽനിന്ന് ഞങ്ങൾക്കു കിട്ടിയ സന്തോഷത്തെക്കുറിച്ച് എപ്പോഴും ഞങ്ങൾ അവരോടു സംസാരിച്ചു. ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ അവരിൽനിന്ന് മറച്ചുവെച്ചുമില്ല. എങ്കിലും യഹോവ എങ്ങനെയാണ് ആ സമയത്തും സഹായിക്കുകയും അനുഗ്രഹിക്കുകയും ഒക്കെ ചെയ്തത് എന്ന കാര്യമാണു ഞങ്ങൾ എടുത്തുപറഞ്ഞത്. കൂടാതെ യഹോവയെ ജീവിതത്തിൽ ഒന്നാം സ്ഥാനത്ത് വെക്കുന്ന നല്ല കൂട്ടുകാർ മക്കൾക്കുണ്ടെന്നും ഞങ്ങൾ എപ്പോഴും ഉറപ്പുവരുത്തി.
മക്കളെ വളർത്തിക്കൊണ്ടുവന്ന ആ കാലത്തെല്ലാം യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നതു ഞങ്ങൾ ശരിക്കും അനുഭവിച്ചറിഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി എല്ലായ്പോഴും ഞാനും എന്റെ പരമാവധി ചെയ്തു. മഴക്കാടുകളിൽ പ്രത്യേക മുൻനിരസേവകനായി പ്രവർത്തിച്ച സമയത്ത് കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും പണം സൂക്ഷിച്ച് കൈകാര്യം ചെയ്യാനും ഒക്കെ ഞാൻ പഠിച്ചിരുന്നു. പക്ഷേ അങ്ങനെയെല്ലാം ചെയ്തിട്ടും ചിലപ്പോഴൊക്കെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടു നേരിട്ടിട്ടുണ്ട്. ആ സമയത്തെല്ലാം മുന്നോട്ടുപോകാൻ യഹോവയാണു ഞങ്ങളെ സഹായിച്ചത്. ഉദാഹരണത്തിന്, 1986 മുതൽ 1992 വരെയുള്ള സമയത്ത് സുരിനാമിൽ ആഭ്യന്തരകലാപമുണ്ടായി. ആ വർഷങ്ങളിൽ അവശ്യസാധനങ്ങൾ കിട്ടാൻപോലും വളരെ പാടായിരുന്നു. പക്ഷേ അപ്പോഴും യഹോവ ഞങ്ങൾക്കായി കരുതി.—മത്താ. 6:32.
പിന്തിരിഞ്ഞ് നോക്കുമ്പോൾ
ജീവിതത്തിൽ ഉടനീളം യഹോവ ഞങ്ങൾക്കുവേണ്ടി കരുതി. സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കാൻ യഹോവ സഹായിച്ചു. ഞങ്ങളുടെ മക്കളും ഞങ്ങൾക്കു കിട്ടിയ വലിയ ഒരു അനുഗ്രഹമാണ്. യഹോവയുടെ ദാസന്മാരായി അവരെ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഒരുപാടു സന്തോഷമുണ്ട്. ഞങ്ങളെപ്പോലെ അവരും മുഴുസമയസേവനം തിരഞ്ഞെടുത്തിരിക്കുന്നു. എത്നിയേലും ജൊവാനിയും സംഘടനയുടെ ഒരു പരിശീലന സ്കൂളിൽനിന്ന് ബിരുദം നേടി. അവർ രണ്ടു പേരും ഭാര്യമാരോടൊപ്പം സുരിനാം ബ്രാഞ്ചോഫീസിൽ സേവിക്കുന്നു.
എത്തലിനും എനിക്കും ഇപ്പോൾ വളരെ പ്രായമായി. എങ്കിലും ഞങ്ങൾ ഇപ്പോഴും പ്രത്യേക മുൻനിരസേവകരായി പ്രവർത്തിക്കുന്നു. പണ്ടത്തെപ്പോലെതന്നെ ദൈവസേവനത്തിലെ ഞങ്ങളുടെ തിരക്കിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതുവരെയായിട്ടും നീന്തൽ പഠിക്കാനുമായിട്ടില്ല. എന്നുവെച്ച് എനിക്ക് അതിൽ സങ്കടമൊന്നുമില്ല കേട്ടോ! പിന്തിരിഞ്ഞുനോക്കുമ്പോൾ ചെറുപ്രായത്തിൽത്തന്നെ മുഴുസമയസേവനം തിരഞ്ഞെടുത്തതാണു ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് എനിക്ക് ഉറപ്പുണ്ട്.
b വില്ലെം വാൻ സേയ്ൽ സഹോദരന്റെ ജീവിതകഥ 1999 ഒക്ടോബർ 8 ലക്കം ഉണരുക!-യിൽ കാണാം. “യാഥാർഥ്യം എന്റെ പ്രതീക്ഷകളെ കടത്തിവെട്ടിയിരിക്കുന്നു” എന്നാണു ലേഖനത്തിന്റെ പേര്.