പഠനലേഖനം 46
സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
“നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു, നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും.”—യശ. 30:18.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
ചുരുക്കം a
1-2. (എ) ഏതെല്ലാം ചോദ്യങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തും? (ബി) നമ്മളെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് എന്തു കാണിക്കുന്നു?
ജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെല്ലാം സഹിച്ചുനിൽക്കാനും ദൈവസേവനത്തിൽ സന്തോഷം കണ്ടെത്താനും യഹോവ നമ്മളെ സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാമാണ് യഹോവ അതു ചെയ്യുന്നത്? ആ സഹായത്തിൽനിന്ന് പൂർണപ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? ഇക്കാര്യങ്ങളെല്ലാം ഈ ലേഖനത്തിൽ പഠിക്കും. എന്നാൽ അതിനു മുമ്പ് മറ്റൊരു കാര്യം നോക്കാം: നമ്മളെ സഹായിക്കാൻ യഹോവയ്ക്കു ശരിക്കും ആഗ്രഹമുണ്ടോ?
2 ആ ചോദ്യത്തിനുള്ള ഉത്തരം പൗലോസ് അപ്പോസ്തലൻ എബ്രായർക്ക് എഴുതിയ കത്തിലുണ്ട്. അവിടെ പൗലോസ് യഹോവയെക്കുറിച്ച് ഇങ്ങനെ എഴുതി: “കർത്താവാണ് എന്റെ സഹായകൻ. ഞാൻ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?” (എബ്രാ. 13:6, പി.ഒ.സി.) ഇവിടെ “സഹായകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തെക്കുറിച്ച് ബൈബിൾപദങ്ങളുടെ അർഥം വിശദീകരിക്കുന്ന ചില പുസ്തകങ്ങൾ പറയുന്നത്, സഹായത്തിനായി നിലവിളിക്കുന്ന ഒരാളുടെ അടുത്തേക്ക് ഓടിച്ചെല്ലുന്ന ഒരു വ്യക്തിയെയാണ് ആ പദം സൂചിപ്പിക്കുന്നത് എന്നാണ്. ബുദ്ധിമുട്ടിലായിരിക്കുന്ന ഒരാളെ സഹായിക്കാനായി പെട്ടെന്ന് ഓടിച്ചെല്ലുന്ന ഒരു വ്യക്തിയായിട്ട് യഹോവയെ ഒന്നു ഭാവനയിൽ കാണുക. നമ്മളെ സഹായിക്കാൻ യഹോവ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അപ്പോൾ നമുക്കു മനസ്സിലാകും. യഹോവ എപ്പോഴും കൂടെയുണ്ടെങ്കിൽ ഏതൊരു കഷ്ടതയും സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ നമുക്കാകും.
3. പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്ന മൂന്നു വിധങ്ങൾ ഏതൊക്കെയാണ്?
3 പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്? അതിന്റെ ഉത്തരത്തിനായി നമുക്ക് യശയ്യ പുസ്തകം ഒന്നു നോക്കാം. കാരണം ആ പുസ്തകത്തിലെ പല പ്രവചനങ്ങളും ഇന്നത്തെ ദൈവദാസർക്കു വേണ്ടിയുംകൂടെ എഴുതിയതാണ്. മാത്രമല്ല നമുക്കെല്ലാം എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിലാണ് യഹോവയെക്കുറിച്ച് പ്രവാചകൻ അതിൽ പറഞ്ഞിരിക്കുന്നത്. ഉദാഹരണത്തിന് യശയ്യ 30-ാം അധ്യായം എടുക്കുകയാണെങ്കിൽ അതിൽ യഹോവ നമ്മളെ സഹായിക്കുന്ന വിധം മനസ്സിലാക്കാൻ ചില നല്ല ഉദാഹരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പ്രധാനമായും യഹോവ നമ്മളെ സഹായിക്കുന്ന മൂന്നു വിധങ്ങളെക്കുറിച്ച് അവിടെ പറയുന്നു. (1) നമ്മുടെ പ്രാർഥനകൾ ശ്രദ്ധിച്ചുകേൾക്കുകയും അതിന് ഉത്തരം നൽകുകയും ചെയ്തുകൊണ്ട്. (2) വേണ്ട നിർദേശങ്ങൾ നൽകി വഴിനയിച്ചുകൊണ്ട്. (3) ഇപ്പോഴും ഭാവിയിലും നമ്മളെ അനുഗ്രഹിച്ചുകൊണ്ട്. യഹോവ നമ്മളെ സഹായിക്കുന്ന ഈ മൂന്നു വിധങ്ങളെക്കുറിച്ച് നമുക്കു കൂടുതലായി പഠിക്കാം.
യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നു
4. (എ) യശയ്യയുടെ നാളിലെ ജൂതന്മാരെക്കുറിച്ച് യഹോവ എന്തു പറഞ്ഞു, അവർക്ക് എന്തു സംഭവിക്കാൻ യഹോവ അനുവദിച്ചു? (ബി) വിശ്വസ്തരായവർക്ക് യഹോവ എന്തു പ്രത്യാശ നൽകി? (യശയ്യ 30:18, 19)
4 യശയ്യ 30-ാം അധ്യായത്തിന്റെ തുടക്കത്തിൽ അക്കാലത്തെ ജൂതന്മാരെക്കുറിച്ച് അവർ ‘ദുശ്ശാഠ്യക്കാരായ പുത്രന്മാരാണെന്നും പാപങ്ങളോട് പാപങ്ങൾ കൂട്ടുന്നവർ’ ആണെന്നും ആണ് യഹോവ പറഞ്ഞത്. അവർ ‘ധിക്കാരികളായ ഒരു ജനവും യഹോവയുടെ നിയമം കേൾക്കാൻ കൂട്ടാക്കാത്തവരും’ ആണെന്നും ദൈവം പറഞ്ഞു. (യശ. 30:1, 9) അവർ യഹോവയെ അനുസരിക്കാൻ തയ്യാറാകാത്തതുകൊണ്ട് അവരുടെ മേൽ വലിയൊരു ദുരന്തം വരാൻ യഹോവ അനുവദിക്കുമെന്ന് യശയ്യ പ്രവചിച്ചു. (യശ. 30:5, 17; യിരെ. 25:8-11) ബാബിലോൺകാർ അവരെ ബന്ദികളാക്കി കൊണ്ടുപോയപ്പോൾ അതു സംഭവിക്കുകയും ചെയ്തു. എന്നാൽ അവരിൽ ചിലർ യഹോവയോടു വിശ്വസ്തരായിരുന്ന ആളുകളായിരുന്നു. അവരെ അറിയിക്കാനായി യശയ്യയുടെ പക്കൽ പ്രത്യാശ നൽകുന്ന ഒരു സന്ദേശമുണ്ടായിരുന്നു. ഒരിക്കൽ യഹോവ അവരെ യരുശലേമിലേക്കു തിരികെ കൊണ്ടുവരും എന്നതായിരുന്നു അത്. (യശയ്യ 30:18, 19 വായിക്കുക.) ആ വാക്കുകൾ അങ്ങനെതന്നെ നിറവേറി. യഹോവ അവരെ ബാബിലോണിൽനിന്ന് മോചിപ്പിച്ചു. പക്ഷേ അവർ ബന്ദികളായി പോയ ഉടനെയല്ല അതു സംഭവിച്ചത്. “നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു” എന്ന വാക്കുകൾ ആ വിശ്വസ്തർ കുറച്ച് കാലം കാത്തിരിക്കേണ്ടിവരുമെന്ന സൂചന നൽകി. 70 വർഷത്തിനു ശേഷമാണ് യഹോവ അവരെ ബാബിലോണിൽനിന്ന് മോചിപ്പിച്ച് യരുശലേമിലേക്കു തിരിച്ചുകൊണ്ടുവന്നത്. (യശ. 10:21; യിരെ. 29:10) അങ്ങനെ സ്വന്തം നാട്ടിൽ തിരിച്ചെത്തിയതോടെ അവരുടെ സങ്കടമെല്ലാം സന്തോഷത്തിനു വഴിമാറി.
5. യശയ്യ 30:19 നമുക്ക് എന്ത് ഉറപ്പാണു തരുന്നത്?
5 “സഹായത്തിനുവേണ്ടിയുള്ള നിന്റെ നിലവിളി കേൾക്കുന്ന മാത്രയിൽ ദൈവം ഉറപ്പായും നിന്നോടു കരുണ കാണിക്കും” എന്ന യശയ്യ പ്രവചനത്തിലെ വാക്കുകൾ ഇന്നു ജീവിക്കുന്ന നമുക്കും എത്ര വലിയ ആശ്വാസമാണു തരുന്നത്. (യശ. 30:19) നമ്മൾ സഹായത്തിനുവേണ്ടി അപേക്ഷിക്കുമ്പോൾ യഹോവ വളരെ ശ്രദ്ധയോടെയാണു കേൾക്കുന്നതെന്ന് യശയ്യ ഉറപ്പുതരുന്നു. അതോടൊപ്പം നമ്മുടെ പ്രാർഥനകളോടു ദൈവം പെട്ടെന്നുതന്നെ പ്രതികരിക്കുകയും ചെയ്യും. ദൈവം “അതു കേൾക്കുന്ന ഉടനെ ഉത്തരം തരും” എന്നാണ് യശയ്യ എഴുതിയത്. നമ്മളെ സഹായിക്കാൻ മനസ്സുള്ള, അതിന് ഒരുപാട് ആഗ്രഹിക്കുന്ന ഒരു പിതാവാണ് യഹോവ എന്നല്ലേ അതു കാണിക്കുന്നത്? അതെക്കുറിച്ച് ചിന്തിക്കുന്നതു സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നില്ലേ?
6. യഹോവ തന്റെ ഓരോ ദാസന്റെയും പ്രാർഥനയ്ക്കു പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ടെന്ന് യശയ്യയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ?
6 ഈ വാക്യത്തിൽനിന്ന് പ്രാർഥനയെക്കുറിച്ച് ഒരു ഉറപ്പുകൂടി കിട്ടുന്നു: യഹോവ നമ്മുടെ ഓരോരുത്തരുടെയും പ്രാർഥന പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? യശയ്യ 30-ാം അധ്യായത്തിന്റെ ആദ്യഭാഗം മുഴു ഇസ്രായേൽജനത്തോടുമായി പറയുന്ന കാര്യങ്ങളാണ്. എന്നാൽ 19-ാം വാക്യത്തിലേക്കു വരുമ്പോൾ “നീ” എന്ന ഏകവചനരൂപം ഉപയോഗിച്ചിരിക്കുന്നതായി കാണാം. കാരണം ആ വിവരങ്ങൾ ഓരോ വ്യക്തിയോടും പറയുന്നവയാണ്. യശയ്യ അവിടെ ഇങ്ങനെ എഴുതി: “നീ ഒരു കാരണവശാലും ദുഃഖിച്ചുകരയില്ല. . . . ദൈവം ഉറപ്പായും നിന്നോടു കരുണ കാണിക്കും. അതു കേൾക്കുന്ന ഉടനെ ഉത്തരം തരും.” യഹോവ സ്നേഹമുള്ള ഒരു പിതാവാണ്. അതുകൊണ്ടുതന്നെ നിരാശപ്പെട്ടിരിക്കുന്ന തന്റെ ഒരു മകനോടോ മകളോടോ, ‘ആ സഹോദരനെ അല്ലെങ്കിൽ സഹോദരിയെ കണ്ടോ, പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടും അവർ എത്ര ധൈര്യത്തോടെയാണു നിൽക്കുന്നത്, നിനക്കും അവരെപ്പോലെയായിക്കൂടേ’ എന്ന് ഒരിക്കലും പറയില്ല. മറിച്ച് നമ്മുടെ ഓരോരുത്തരുടെയും സാഹചര്യം യഹോവ നന്നായി മനസ്സിലാക്കുന്നു. ഓരോ വ്യക്തിയുടെയും പ്രാർഥന ശ്രദ്ധിച്ച് കേൾക്കുന്നു.—സങ്കീ. 116:1; യശ. 57:15.
7. പ്രാർഥിച്ചുകൊണ്ടേയിരിക്കേണ്ടതിന്റെ പ്രാധാന്യം യശയ്യയും യേശുവും എടുത്തുകാണിച്ചത് എങ്ങനെ?
7 നമ്മുടെ ഒരു പ്രശ്നത്തെക്കുറിച്ച് ദൈവത്തോടു പ്രാർഥിക്കുമ്പോൾ ഒരുപക്ഷേ ആ പ്രശ്നം മാറ്റുകയായിരിക്കില്ല ദൈവം ആദ്യം ചെയ്യുന്നത്, മറിച്ച് സഹിച്ചുനിൽക്കാനുള്ള ശക്തി തരുകയായിരിക്കും. ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന രീതിയിൽ ആ പ്രശ്നം മാറിയില്ലെന്നും വരാം. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ പിടിച്ചുനിൽക്കാനുള്ള ശക്തിക്കുവേണ്ടി വീണ്ടുംവീണ്ടും യഹോവയോടു പ്രാർഥിക്കേണ്ടിവരും. നമ്മൾ അങ്ങനെ ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നുമുണ്ട്. യശയ്യയുടെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്: “നിങ്ങൾ (യഹോവയ്ക്കു) സ്വസ്ഥത കൊടുക്കരുത്.” (യശ. 62:7) അതിനർഥം യഹോവയ്ക്ക് ഒരു ‘സ്വസ്ഥതയും’ കൊടുക്കാത്ത വിധത്തിൽ നമ്മൾ തുടർച്ചയായി പ്രാർഥിച്ചുകൊണ്ടിരിക്കണമെന്നാണ്. യശയ്യയുടെ ഈ വാക്കുകൾ കേട്ടപ്പോൾ പ്രാർഥനയെക്കുറിച്ച് ലൂക്കോസ് 11:8-10, 13 വാക്യങ്ങളിൽ യേശു പറഞ്ഞ ദൃഷ്ടാന്തം നിങ്ങളുടെ മനസ്സിലേക്കു വന്നുകാണും. അവിടെ “മടുത്ത് പിന്മാറാതെ” പരിശുദ്ധാത്മാവിനുവേണ്ടി ‘ചോദിച്ചുകൊണ്ടേയിരിക്കാൻ’ യേശു നമ്മളെ പ്രോത്സാഹിപ്പിച്ചു. ഇനി, ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിച്ചുകൊണ്ട് നമ്മളെ വഴിനയിക്കണേ എന്നും യഹോവയോടു പ്രാർഥിക്കാനാകും.
യഹോവ നമ്മളെ വഴിനയിക്കുന്നു
8. യശയ്യ 30:20, 21-ലെ വാക്കുകൾ ഇസ്രായേല്യരുടെ കാര്യത്തിൽ നിറവേറിയത് എങ്ങനെ?
8 യശയ്യ 30:20, 21 വായിക്കുക. ബാബിലോൺകാർ യരുശലേമിനു നേരെ ഉപരോധം ഏർപ്പെടുത്തിയ ഒന്നര വർഷക്കാലം അവിടത്തെ ആളുകൾ ഒരുപാടു കഷ്ടതകൾ അനുഭവിച്ചു. ദിവസവും അപ്പം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതുപോലെ, ദുരിതങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. എങ്കിലും അവർ പശ്ചാത്തപിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അവരെ രക്ഷിക്കുമെന്ന് യഹോവ ഉറപ്പുകൊടുത്തതായി 20, 21 വാക്യങ്ങളിൽ നമ്മൾ വായിക്കുന്നു. അവിടെ യഹോവയെ “മഹാനായ ഉപദേഷ്ടാവ്” എന്നാണു വിളിച്ചിരിക്കുന്നത്. അതിലൂടെ താൻ അംഗീകരിക്കുന്ന രീതിയിൽ തന്നെ ആരാധിക്കാൻ അവരെ പഠിപ്പിക്കുമെന്ന് യഹോവ അവർക്ക് ഉറപ്പുകൊടുത്തു. ബാബിലോണിൽനിന്ന് മോചിതരായ ജൂതന്മാർ യരുശലേമിൽ തിരിച്ചെത്തിയപ്പോൾ ആ വാക്കുകൾ നിറവേറി. അന്ന് യഹോവയുടെ മാർഗനിർദേശത്തിനു കീഴിൽ സത്യാരാധന പുനഃസ്ഥാപിക്കാൻ അവർക്കു കഴിഞ്ഞു. അങ്ങനെ യഹോവ അവരുടെ മഹാനായ ഉപദേഷ്ടാവാണെന്നു തെളിഞ്ഞു. ഇന്നു നമ്മുടെ കാര്യത്തിലും യഹോവ ‘മഹാനായ ഉപദേഷ്ടാവാണ്.’ അതിൽ നമ്മൾ വളരെ സന്തോഷിക്കുന്നു.
9. യഹോവ നമ്മളെ വഴിനടത്തുന്ന ഒരു വിധം ഏതാണ്?
9 ഈ വാക്യങ്ങളിൽ യശയ്യ നമ്മളെ രണ്ടു വിധങ്ങളിൽ യഹോവയിൽനിന്ന് പഠിക്കുന്ന വിദ്യാർഥികളായി വർണിച്ചിരിക്കുന്നു. ആദ്യത്തേത് ഇതാണ്: “നിന്റെ സ്വന്തം കണ്ണുകൊണ്ട് നീ ആ ഉപദേഷ്ടാവിനെ കാണും.” ഈ ദൃഷ്ടാന്തത്തിൽ, വിദ്യാർഥികളുടെ മുന്നിൽനിന്നുകൊണ്ട് അവരെ പഠിപ്പിക്കുന്ന ഒരു അധ്യാപകനോടാണ് യഹോവയെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. യഹോവയിൽനിന്ന് അങ്ങനെ പഠിക്കാൻ കഴിയുന്നതു നമുക്കു കിട്ടിയിരിക്കുന്ന എത്ര വലിയൊരു അനുഗ്രഹമാണ്! എങ്ങനെയാണ് യഹോവ അതു ചെയ്യുന്നത്? തന്റെ സംഘടനയിലൂടെ. മീറ്റിങ്ങുകൾ, കൺവെൻഷനുകൾ, നമുക്കു ലഭിക്കുന്ന പ്രസിദ്ധീകരണങ്ങൾ, പ്രക്ഷേപണപരിപാടികൾ തുടങ്ങി പല വിധങ്ങളിലൂടെ നമുക്കു വേണ്ട നിർദേശങ്ങൾ യഹോവ നൽകുന്നു. പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ അവ നമ്മളെ പ്രാപ്തരാക്കുന്നു. ഈ വിധങ്ങളിലെല്ലാം വ്യക്തമായ നിർദേശങ്ങൾ കിട്ടുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്!
10. നമ്മൾ ദൈവത്തിന്റെ ശബ്ദം ‘പിന്നിൽനിന്ന് കേൾക്കുന്നത്’ എങ്ങനെയാണ്?
10 യഹോവ നമ്മളെ വഴിനടത്തുന്ന രണ്ടാമത്തെ വിധത്തെക്കുറിച്ച് യശയ്യ ഇങ്ങനെ എഴുതി: “‘ഇതാണു വഴി, ഇതിലേ നടക്കുക’ എന്നൊരു ശബ്ദം നിന്റെ പിന്നിൽനിന്ന് കേൾക്കും.” ഇവിടെ പ്രവാചകൻ യഹോവയെ താരതമ്യപ്പെടുത്തിയിരിക്കുന്നതു വിദ്യാർഥികളുടെ പിന്നിൽ നടന്നുകൊണ്ട് പോകേണ്ട വഴി അവർക്കു പറഞ്ഞുകൊടുക്കുന്ന ഒരു അധ്യാപകനോടാണ്. ഇന്നു നമ്മൾ യഹോവയുടെ ശബ്ദം പിന്നിൽനിന്ന് കേൾക്കുന്നുണ്ട്. എങ്ങനെ? ദൈവത്തിന്റെ വചനത്തിൽനിന്ന്. ബൈബിൾ വളരെ വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതായതുകൊണ്ട് നമ്മൾ അതു വായിക്കുമ്പോൾ ദൈവത്തിന്റെ ശബ്ദം പിന്നിൽനിന്ന് കേൾക്കുന്നതുപോലെയാണെന്നു പറയാം.—യശ. 51:4.
11. സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ നമ്മൾ ഏതൊക്കെ കാര്യങ്ങൾ ചെയ്യണം, എന്തുകൊണ്ട്?
11 തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും യഹോവ നമ്മളെ വഴിനയിക്കുമ്പോൾ അതിൽനിന്ന് പൂർണപ്രയോജനം നേടാൻ എന്തു ചെയ്യണം? രണ്ടു കാര്യങ്ങളെക്കുറിച്ച് യശയ്യ പറയുന്നുണ്ട്: ഒന്ന്, “ഇതാണു വഴി.” രണ്ട്, “ഇതിലേ നടക്കുക.” (യശ. 30:21) അതായത് “വഴി” ഏതാണെന്ന് അറിഞ്ഞാൽ മാത്രം പോരാ, ‘അതിലേ നടക്കുകയും’ വേണം. നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു ബൈബിളിലൂടെയും സംഘടനയിലൂടെയും യഹോവ പറഞ്ഞുതരുന്നുണ്ട്. അതിനു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാമെന്നും പഠിപ്പിക്കുന്നുണ്ട്. നമ്മൾ അതു പഠിച്ചാൽ മാത്രം പോരാ, അനുസരിക്കുകയും വേണം. ഈ രണ്ടു കാര്യങ്ങളും ചെയ്താൽ മാത്രമേ ദൈവസേവനത്തിൽ സന്തോഷത്തോടെ തുടരാൻ നമുക്കാകുകയുള്ളൂ. അപ്പോൾ യഹോവ നമ്മളെ അനുഗ്രഹിക്കുകയും ചെയ്യും.
യഹോവ നമ്മളെ അനുഗ്രഹിക്കുന്നു
12. യശയ്യ 30:23-26-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ യഹോവ തന്റെ ജനത്തെ എങ്ങനെയെല്ലാം അനുഗ്രഹിച്ചു?
12 യശയ്യ 30:23-26 വായിക്കുക. ബാബിലോണിൽനിന്ന് ഇസ്രായേൽദേശത്തേക്കു തിരിച്ചെത്തിയ ജൂതന്മാരുടെ കാര്യത്തിൽ ഈ വാക്കുകൾ എങ്ങനെയാണു നിറവേറിയത്? യഹോവ അവർക്കു ഭക്ഷണവും മറ്റും ധാരാളമായി നൽകി. അതിലും പ്രധാനമായി, യഹോവയോടു കൂടുതൽ അടുക്കാനും ശരിയായ വിധത്തിൽ വീണ്ടും യഹോവയെ ആരാധിക്കാനും ആവശ്യമായതെല്ലാം അവർക്കു നൽകി. അവർക്ക് അന്നു ലഭിച്ച ആത്മീയാനുഗ്രഹങ്ങൾ അതുവരെ അവർ ആസ്വദിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെക്കാളും വളരെവളരെ വലുതായിരുന്നു. 26-ാം വാക്യം സൂചിപ്പിച്ചിരുന്നതുപോലെ തന്റെ വചനം മനസ്സിലാക്കാൻ സഹായിച്ചുകൊണ്ട് യഹോവ അവരുടെ മേൽ കൂടുതൽ പ്രകാശം ചൊരിഞ്ഞു. (യശ. 60:2) യഹോവ നൽകിയ അനുഗ്രഹങ്ങൾ സന്തോഷത്തോടെയും ധൈര്യത്തോടെയും ദൈവത്തെ സേവിക്കുന്നതിൽ തുടരാൻ അവരെ സഹായിച്ചു. അങ്ങനെ യശയ്യ പ്രവാചകൻ പറഞ്ഞതുപോലെ “അവർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർത്തു.”—യശ. 65:14.
13. സത്യാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രവചനം ഇന്നു നിറവേറിയിരിക്കുന്നത് എങ്ങനെ?
13 സത്യാരാധനയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പ്രവചനത്തിനു നമ്മുടെ നാളിൽ ഒരു നിവൃത്തിയുണ്ടോ? ഉണ്ട്. 1919 മുതൽ ലക്ഷക്കണക്കിന് ആളുകൾ വ്യാജമതലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽനിന്ന് പുറത്തുവന്നിരിക്കുന്നു. അവരെ കൊണ്ടുവന്നിരിക്കുന്നത് ഇസ്രായേലിലെ വാഗ്ദത്തദേശത്തെക്കാൾ വളരെ മനോഹരമായ ഒരു സ്ഥലത്തേക്കാണ്, ആത്മീയപറുദീസയിലേക്ക്. (യശ. 51:3; 66:8) എന്താണ് ആത്മീയപറുദീസ?
14. എന്താണ് ആത്മീയപറുദീസ, ആരെല്ലാമാണ് അവിടെയുള്ളത്? (പദപ്രയോഗത്തിന്റെ വിശദീകരണം കാണുക.)
14 1919 മുതൽ അഭിഷിക്തർ ആത്മീയപറുദീസയിൽ ജീവിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചുകൊണ്ടാണിരിക്കുന്നത്. b പിന്നീട്, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള “വേറെ ആടുകളും” ഈ ആത്മീയദേശത്തേക്കു പ്രവേശിക്കാനും യഹോവയുടെ ഈ അനുഗ്രഹങ്ങൾ ആസ്വദിക്കാനും തുടങ്ങി.—യോഹ. 10:16; യശ. 25:6; 65:13.
15. ആത്മീയപറുദീസ ഇന്ന് എവിടെയാണ്?
15 ആത്മീയദേശം അഥവാ ആത്മീയപറുദീസ ഇന്ന് എവിടെയാണു സ്ഥിതി ചെയ്യുന്നത്? യഹോവയുടെ ആരാധകരെ ലോകത്ത് എല്ലായിടത്തും കാണാം. അതുകൊണ്ടുതന്നെ അവർ വസിക്കുന്ന ആത്മീയപറുദീസ ലോകത്ത് എല്ലായിടത്തുമായിട്ടാണെന്നു പറയാം. നമ്മൾ എവിടെ ജീവിച്ചാലും സത്യാരാധനയെ ഉത്സാഹത്തോടെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ നമ്മൾ ആ ആത്മീയപറുദീസയിലാണ്.
16. ആത്മീയപറുദീസയുടെ സൗന്ദര്യം ആസ്വദിക്കുന്നതു തുടരാൻ നമുക്ക് എന്തു ചെയ്യാം?
16 ആത്മീയപറുദീസയിൽ തുടരാനാകണമെങ്കിൽ നമ്മൾ പല കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിലൊന്നു ലോകമെങ്ങുമായുള്ള സഹോദരകുടുംബത്തോടു നമുക്കു സ്നേഹവും വിലമതിപ്പും എപ്പോഴും ഉണ്ടായിരിക്കണം എന്നതാണ്. നമുക്ക് എങ്ങനെ അതു ചെയ്യാനാകും? സഹോദരങ്ങളുടെ കുറവുകൾ ശ്രദ്ധിക്കുന്നതിനു പകരം അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട്. (യോഹ. 17:20, 21) എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടത്? ഒരു ദൃഷ്ടാന്തം നോക്കാം: നിങ്ങൾ ഒരു കാടിന്റെ ഭംഗി ആസ്വദിക്കാൻ പോകുമ്പോൾ അവിടെ പല തരത്തിലുള്ള മരങ്ങൾ ഉണ്ടാകുമെന്നു നിങ്ങൾക്ക് അറിയാം. ആ മരങ്ങൾ ഓരോന്നായി എടുത്താൽ അതിനു പല കുറവുകളും കണ്ടേക്കാം; ചിലതു കൊമ്പുകൾ ഒടിഞ്ഞതോ കേടു വന്നതോ ഒക്കെയായിരിക്കാം. പക്ഷേ ആ കുറവുകളെക്കാൾ നിങ്ങൾ ശ്രദ്ധിക്കുന്നതു മരങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോഴുള്ള കാടിന്റെ ഭംഗിയായിരിക്കും. ഒരു കാട്ടിലെ വ്യത്യസ്ത മരങ്ങൾപോലെയാണു നമ്മുടെ സഹോദരങ്ങൾ. അവർക്ക് ഓരോരുത്തർക്കും പലപല കുറവുകളുണ്ടെങ്കിലും അവരെല്ലാവരുംകൂടെ ചേരുമ്പോഴാണ് ആത്മീയപറുദീസയുടെ ഭംഗി കൂടുന്നത്. (യശ. 44:4; 61:3) ആ ഭംഗിയിലായിരിക്കണം നമ്മുടെ ശ്രദ്ധ. ലോകമെങ്ങുമുള്ള സഹോദരങ്ങൾ ഐക്യത്തോടെ യഹോവയെ സേവിക്കുന്നതിന്റെ ഭംഗി ആസ്വദിക്കുന്നതിന് നമ്മുടെയോ മറ്റു സഹോദരങ്ങളുടെയോ കുറവുകൾ ഒരു തടസ്സമാകരുത്.
17. സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും എന്തു ചെയ്യാനാകും?
17 ക്രിസ്തീയസഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും എന്തു ചെയ്യാനാകും? അതിനു നമ്മൾ സമാധാനം ഉണ്ടാക്കുന്നവരായിരിക്കണം. (മത്താ. 5:9; റോമ. 12:18) സഭയിലെ സഹോദരങ്ങളുമായി സമാധാനത്തിലായിരിക്കാൻ ഓരോ തവണ ശ്രമിക്കുമ്പോഴും നമ്മൾ ആത്മീയപറുദീസ കൂടുതൽക്കൂടുതൽ മനോഹരമാക്കുകയാണ്. സത്യാരാധകരുടെ ഈ ആത്മീയപറുദീസയിലായിരിക്കാൻ ഓരോ വ്യക്തിയെയും ആകർഷിക്കുന്നത് യഹോവയാണ്. (യോഹ. 6:44) അവിടെയുള്ള ഓരോരുത്തരെയും യഹോവ വളരെ വിലപ്പെട്ടവരായി കാണുന്നു. അതുകൊണ്ട് നമ്മൾ ഓരോരുത്തരും പരസ്പരം സമാധാനത്തിലും ഐക്യത്തിലും കഴിയുന്നതിനുവേണ്ടി ചെയ്യുന്ന ശ്രമങ്ങൾ കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നുമെന്ന് ഒന്നു ചിന്തിച്ചുനോക്കുക.—യശ. 26:3; ഹഗ്ഗാ. 2:7.
18. എന്തിനെക്കുറിച്ച് നമ്മൾ കൂടെക്കൂടെ ചിന്തിക്കണം, എന്തുകൊണ്ട്?
18 യഹോവ ഇന്നു തന്റെ ദാസന്മാർക്കുവേണ്ടി പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതിൽനിന്ന് പൂർണപ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? ബൈബിളിൽനിന്നും ബൈബിൾപ്രസിദ്ധീകരണങ്ങളിൽനിന്നും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ സമയമെടുക്കണം. അങ്ങനെ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതു ക്രിസ്തീയഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മളെ സഹായിക്കും. അതു സഭയിലെ എല്ലാവരോടും “ആർദ്രതയോടെ സഹോദരസ്നേഹം” കാണിക്കാൻ നമ്മളെ പ്രേരിപ്പിക്കും. (റോമ. 12:10) കൂടാതെ നമുക്ക് ഇപ്പോൾത്തന്നെയുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ യഹോവയോടു കൂടുതൽ അടുപ്പിക്കും. ഇനി, ഭാവിയിൽ നമുക്കു തരാനായി യഹോവ കരുതിവെച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ നിത്യമായി യഹോവയെ സേവിക്കാനുള്ള ആ പ്രത്യാശ എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ ഇപ്പോൾത്തന്നെ സന്തോഷത്തോടെ യഹോവയെ സേവിക്കാൻ നമുക്കാകും.
സഹിച്ചുനിൽക്കാൻ തീരുമാനിച്ചുറച്ച്. . .
19. (എ) യശയ്യ 30:18 അനുസരിച്ച് നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം? (ബി) സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
19 ഇന്നത്തെ ഈ ദുഷ്ടലോകത്തെ നശിപ്പിക്കുമ്പോൾ യഹോവ തന്റെ ജനത്തിനുവേണ്ടി “എഴുന്നേൽക്കും.” (യശ. 30:18) യഹോവ ‘ന്യായത്തിന്റെ ദൈവമാണ്.’ (യശ. 25:9) അതുകൊണ്ട് സാത്താന്റെ ലോകത്തെ നശിപ്പിച്ചുകൊണ്ട് നീതി നടപ്പാക്കുന്ന കാര്യത്തിൽ ദൈവം ഒരു ദിവസംപോലും വൈകില്ലെന്ന കാര്യം ഉറപ്പാണ്. വിടുതലിന്റെ ആ ദിവസം വന്നുകാണാനായി നമ്മൾ ക്ഷമയോടെ കാത്തിരിക്കുകയാണ്. അതുവരെ, യഹോവയോടു പ്രാർഥിക്കാനും ദൈവവചനത്തിൽനിന്ന് പഠിക്കാനും അതിനു ചേർച്ചയിൽ പ്രവർത്തിക്കാനും ദൈവം തരുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാനും ഒക്കെ നമുക്ക് ഇപ്പോഴുള്ള ഈ അവസരം വളരെ നന്നായി ഉപയോഗിക്കാം. അങ്ങനെയെല്ലാം ചെയ്യുന്നെങ്കിൽ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കാനും ദൈവത്തെ സേവിക്കുന്നതിൽ തുടരാനും യഹോവ നമ്മളെ സഹായിക്കും.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
a പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ യഹോവ നമ്മളെ സഹായിക്കുന്ന മൂന്നു വിധങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ പഠിക്കും. യശയ്യ 30-ാം അധ്യായത്തിൽനിന്നാണ് അതു കാണാൻപോകുന്നത്. അതെക്കുറിച്ച് പഠിക്കുമ്പോൾ പ്രാർഥിക്കുന്നതും ദൈവവചനം പഠിക്കുന്നതും ഇപ്പോഴത്തെയും ഭാവിയിലെയും അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും എത്ര പ്രധാനമാണെന്നു നമ്മൾ മനസ്സിലാക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: നമ്മൾ ഐക്യത്തോടെ യഹോവയെ ആരാധിക്കുന്ന, സുരക്ഷിതമായ ഒരു അവസ്ഥയാണ് “ആത്മീയപറുദീസ.” അവിടെ നമുക്ക് ആത്മീയാഹാരം ധാരാളമായുണ്ട്. മറ്റു മതങ്ങൾ പഠിപ്പിക്കുന്ന വ്യാജോപദേശങ്ങളിൽനിന്ന് നമ്മൾ സ്വതന്ത്രരാണ്. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുക എന്ന സംതൃപ്തി തരുന്ന ജോലി നമുക്കു ചെയ്യാനുണ്ട്. ദൈവമായ യഹോവയുമായി വളരെ അടുത്ത ഒരു ബന്ധം നമുക്കുണ്ട്. പ്രയാസസാഹചര്യങ്ങളിൽ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ സഹായിക്കുന്ന, സ്നേഹമുള്ള സഹോദരങ്ങളോടൊപ്പം സമാധാനത്തിൽ ജീവിക്കാനും നമുക്കു കഴിയും. യഹോവയെ ശരിയായ വിധത്തിൽ ആരാധിക്കാൻതുടങ്ങുകയും കഴിവിന്റെ പരമാവധി യഹോവയെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ ഈ ആത്മീയപറുദീസയിൽ പ്രവേശിച്ചെന്നു പറയാം.