നിങ്ങൾക്ക് അറിയാമോ?
പുരാതന ഇസ്രായേൽജനം വധുവില നൽകിയിരുന്നത് എന്തുകൊണ്ട്?
ബൈബിൾക്കാലങ്ങളിൽ, കല്യാണം നിശ്ചയിച്ചുകഴിഞ്ഞാൽ വരനോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ വധുവിന്റെ കുടുംബത്തിന് ഒരു വധുവില നൽകുന്ന രീതിയുണ്ടായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളോ പണമോ അല്ലെങ്കിൽ മൃഗങ്ങളെയോ ഒക്കെ ഇങ്ങനെ വധുവിലയായി കൊടുത്തിരുന്നു. ചിലപ്പോൾ വധുവിന്റെ വീട്ടുകാർക്കുവേണ്ടി ജോലി ചെയ്തുകൊണ്ടാണ് ഈ വില നൽകിയിരുന്നത്. യാക്കോബ് റാഹേലിനെ ഭാര്യയായി കിട്ടാൻവേണ്ടി ഇതുപോലെ ഏഴു വർഷം ജോലി ചെയ്തിട്ടുണ്ട്. (ഉൽപ. 29:17, 18, 20) എന്തിനുവേണ്ടിയാണ് ഇങ്ങനെ വധുവില നൽകിയിരുന്നത്?
ഒരു ബൈബിൾപണ്ഡിതയായ കാരൾ മയേഴ്സ് പറയുന്നു: “മകളെ കല്യാണംകഴിച്ച് അയയ്ക്കുന്നതോടെ ആ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താനാണു വധുവില നൽകിയിരുന്നത്. കാരണം അന്നത്തെ (കർഷക) കുടുംബങ്ങളിൽ ഒരു പെൺകുട്ടി ചെയ്തിരുന്ന ജോലി വളരെ പ്രധാനപ്പെട്ടതായിരുന്നു.” വിവാഹത്തിലൂടെ ബന്ധുക്കളാകുന്ന ആ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തമാകാനും ഈ ക്രമീകരണം സഹായിച്ചിരുന്നു. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളുണ്ടാകുമ്പോൾ ഇത്തരം ശക്തമായ ബന്ധങ്ങൾ ഇരുകൂട്ടർക്കും ഒരു സഹായമാകുമായിരുന്നു. ഇനി, ഒരു പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും മാതാപിതാക്കളുടെ പരിപാലനത്തിലായിരുന്ന പെൺകുട്ടി പെട്ടെന്നുതന്നെ ഭർത്താവിന്റെ സംരക്ഷണത്തിൻകീഴിലേക്കു മാറുമെന്നും ഉള്ളതിന്റെ ഒരു തെളിവുമായിരുന്നു വധുവില.
വധുവില നൽകി എന്നു കരുതി ഭാര്യയെ വാങ്ങാനോ വിൽക്കാനോ കഴിയുന്ന ഒരു വസ്തുവായി കണക്കാക്കാമെന്ന് അത് അർഥമാക്കിയിരുന്നില്ല. പുരാതന ഇസ്രായേൽ—അതിന്റെ ജീവിതവും ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “പെൺകുട്ടിയുടെ കുടുംബത്തിനു പണമോ അതിനു തുല്യമായ എന്തെങ്കിലുമോ കൊടുത്തിട്ട് അവളെ കൊണ്ടുപോന്നിരുന്നതുകൊണ്ട് ഇസ്രായേലിലെ വിവാഹങ്ങൾ ഒരു കച്ചവടംപോലെ തോന്നാമായിരുന്നു. എന്നാൽ (വധുവില) നൽകിയിരുന്നത് സ്ത്രീയുടെ വിലയായിട്ടല്ല, കുടുംബത്തിനുള്ള നഷ്ടപരിഹാരമായിട്ട് ആയിരുന്നെന്നുവേണം കരുതാൻ.”
വധുവില നൽകുന്ന രീതി ഇന്നും പല രാജ്യങ്ങളിലുമുണ്ട്. ക്രിസ്തീയമാതാപിതാക്കൾ വധുവില ആവശ്യപ്പെടുമ്പോൾ അവർ ‘ന്യായബോധം’ കാണിക്കണം. (ഫിലി. 4:5; 1 കൊരി. 10:32, 33) അതിലൂടെ തങ്ങൾ ‘പണക്കൊതിയന്മാരോ’ അത്യാഗ്രഹികളോ അല്ലെന്നു തെളിയിക്കുകയാണ്. (2 തിമൊ. 3:2) ഇനി, ക്രിസ്തീയമാതാപിതാക്കൾ ന്യായബോധമില്ലാതെ വൻതുക വധുവിലയായി ആവശ്യപ്പെട്ടാൽ അതു കൊടുത്തുതീർക്കാൻവേണ്ടി ഭാവി വരനു ചിലപ്പോൾ വിവാഹം നീട്ടിവെക്കേണ്ടിവന്നേക്കാം. അതല്ലെങ്കിൽ അത്ര വലിയൊരു തുക നൽകാൻവേണ്ടി അദ്ദേഹം മുൻനിരസേവനംപോലും ഉപേക്ഷിച്ച് മുഴുവൻ സമയം ജോലി ചെയ്യാൻ നിർബന്ധിതനായേക്കാം.
ചില രാജ്യങ്ങളിൽ വധുവില കൊടുക്കുന്നതു സംബന്ധിച്ച് ഗവൺമെന്റ് നിയമങ്ങൾ വെച്ചിട്ടുണ്ട്. അത്തരം ദേശങ്ങളിൽ ക്രിസ്തീയമാതാപിതാക്കൾ ആ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. കാരണം ‘ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കാനും’ ദൈവനിയമത്തിന് എതിരല്ലാത്ത നിയമങ്ങൾ അനുസരിക്കാനും ദൈവവചനം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു.—റോമ. 13:1; പ്രവൃ. 5:29.