പഠനലേഖനം 10
നിങ്ങൾക്കു ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാനാകും’
‘പഴയ വ്യക്തിത്വം അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളയുക.’—കൊലോ. 3:9.
ഗീതം 29 ഞങ്ങളുടെ പേരിനൊത്ത് ജീവിക്കുന്നു
ചുരുക്കം *
1. ബൈബിൾ പഠിക്കാൻതുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു?
യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻതുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു? നമ്മളിൽ പലർക്കും അതെക്കുറിച്ച് ഓർക്കാൻപോലും ഇഷ്ടമില്ല. ശരിയും തെറ്റും സംബന്ധിച്ച ലോകത്തിലെ ആളുകളുടെ ചിന്തയായിരിക്കാം നമ്മുടെ മനോഭാവത്തെയും വ്യക്തിത്വത്തെയും സ്വാധീനിച്ചിരുന്നത്. അതുകൊണ്ടുതന്നെ സാധ്യതയനുസരിച്ച് നമ്മൾ “പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരും” ആയിരുന്നു. (എഫെ. 2:12) എന്നാൽ ബൈബിൾ പഠിക്കാൻതുടങ്ങിയതോടെ നമ്മുടെ ജീവിതം ആകെ മാറി.
2. ബൈബിൾ പഠിച്ചപ്പോൾ നിങ്ങൾ എന്തൊക്കെ മനസ്സിലാക്കി?
2 ബൈബിൾ പഠിച്ചപ്പോൾ, നിങ്ങളെ ഒരുപാടു സ്നേഹിക്കുന്ന ഒരു പിതാവ് സ്വർഗത്തിലുണ്ടെന്നു നിങ്ങൾ തിരിച്ചറിഞ്ഞു. യഹോവയെ സന്തോഷിപ്പിക്കാനും ദൈവത്തെ ആരാധിക്കുന്നവരുടെ കുടുംബത്തിലെ അംഗമാകാനും ആഗ്രഹിക്കുന്നെങ്കിൽ, ജീവിതത്തിലും ചിന്താരീതിയിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു നിങ്ങൾ മനസ്സിലാക്കി. യഹോവ ശരിയാണെന്നു പറയുന്നതു ചെയ്യാനും തെറ്റാണെന്നു പറയുന്നത് ഒഴിവാക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു.—എഫെ. 5:3-5.
3. കൊലോസ്യർ 3:9, 10 പറയുന്നതനുസരിച്ച് നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 നമ്മുടെ സ്രഷ്ടാവും പിതാവും ആയ യഹോവയ്ക്ക് തന്റെ ആരാധകരുടെ കുടുംബത്തിലെ ഓരോ അംഗവും എങ്ങനെ പെരുമാറണമെന്നു പറയാനുള്ള അവകാശമുണ്ട്. സ്നാനപ്പെടുന്നതിനു മുമ്പ് നമ്മൾ ‘പഴയ വ്യക്തിത്വം അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളയാൻ’ ശ്രമിക്കണമെന്ന് യഹോവ ആവശ്യപ്പെടുന്നുണ്ട്. * (കൊലോസ്യർ 3:9, 10 വായിക്കുക.) സ്നാനമേൽക്കാൻ ആഗ്രഹിക്കുന്നവർക്കു പിൻവരുന്ന മൂന്നു ചോദ്യങ്ങളുടെ ഉത്തരം ഈ ലേഖനത്തിലൂടെ കണ്ടെത്താനാകും: (1) എന്താണു “പഴയ വ്യക്തിത്വം?” (2) പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ യഹോവ നമ്മളോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്? (3) നമുക്ക് അത് എങ്ങനെ ചെയ്യാം? ഇനി, സ്നാനപ്പെട്ടവർക്കും ഈ ലേഖനം പ്രയോജനം ചെയ്യും. പഴയ വ്യക്തിത്വത്തിന്റെ ഭാഗമായ സ്വഭാവവും ചിന്താരീതിയും വീണ്ടും തലപൊക്കുന്നത് ഒഴിവാക്കാൻ ഇതിലെ വിവരങ്ങൾ അവരെ സഹായിക്കും.
എന്താണു “പഴയ വ്യക്തിത്വം?”
4. ‘പഴയ വ്യക്തിത്വമുള്ള’ ഒരാളുടെ പെരുമാറ്റം എങ്ങനെയായിരിക്കും?
4 ‘പഴയ വ്യക്തിത്വമുള്ള’ ഒരാളുടെ ചിന്തകളും പ്രവർത്തനങ്ങളും പൊതുവേ തെറ്റായ രീതിയിലുള്ളതായിരിക്കും. അങ്ങനെയുള്ള ഒരാൾ സ്വാർഥനും പെട്ടെന്നു ദേഷ്യപ്പെടുന്നവനും നന്ദിയില്ലാത്തവനും അഹങ്കാരിയും ഒക്കെയായിരിക്കാം. അധാർമികതയും അക്രമവും നിറഞ്ഞ സിനിമകൾ കാണാനോ അശ്ലീലം കാണാനോ അയാൾ ഇഷ്ടപ്പെട്ടേക്കാം. എന്നാൽ അയാൾക്കു ചില നല്ല ഗുണങ്ങളൊക്കെയുണ്ട്. ഇനി, താൻ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന മോശമായ കാര്യങ്ങളെക്കുറിച്ച് അയാൾക്കു കുറ്റബോധം തോന്നുന്നുമുണ്ടായിരിക്കാം. പക്ഷേ തന്റെ ചിന്തയിലും പെരുമാറ്റത്തിലും മാറ്റങ്ങൾ വരുത്താനുള്ള അയാളുടെ ആഗ്രഹം അത്ര ശക്തമല്ല.—ഗലാ. 5:19-21; 2 തിമൊ. 3:2-5.
5. പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്ന കാര്യത്തിൽ നമ്മൾ ന്യായമായ എന്തു പ്രതീക്ഷവെക്കണം? (പ്രവൃത്തികൾ 3:19)
5 നമ്മളെല്ലാം അപൂർണരാണ്. അതുകൊണ്ട് നമ്മുടെ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും തെറ്റായ ചിന്തകളും ആഗ്രഹങ്ങളും പൂർണമായി നീക്കം ചെയ്യാൻ നമുക്ക് ആർക്കും കഴിയില്ല. ചിലപ്പോഴൊക്കെ, പിന്നീടു നമുക്കു ദുഃഖം തോന്നുന്ന തരത്തിലുള്ള ചില കാര്യങ്ങൾ നമ്മൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തേക്കാം. (യിരെ. 17:9; യാക്കോ. 3:2) എങ്കിലും പഴയ വ്യക്തിത്വം നമ്മൾ ഉരിഞ്ഞുകളയണം. അങ്ങനെ ചെയ്താൽ തെറ്റായ മനോഭാവങ്ങളെയും ശീലങ്ങളെയും ഒരു പരിധിവരെ നമുക്കു നിയന്ത്രിക്കാനാകും. പിന്നീടു നമ്മൾ പഴയ ആളേ ആയിരിക്കില്ല.—യശ. 55:7; പ്രവൃത്തികൾ 3:19 വായിക്കുക.
6. പഴയ വ്യക്തിത്വത്തിന്റെ ഭാഗമായ തെറ്റായ ചിന്തകളും മോശമായ ശീലങ്ങളും ഉപേക്ഷിക്കാൻ യഹോവ നമ്മളോടു പറയുന്നത് എന്തുകൊണ്ടാണ്?
6 യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. നമുക്കു നല്ലൊരു ജീവിതമുണ്ടായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു തെറ്റായ ചിന്തകളും മോശമായ ശീലങ്ങളും ഉപേക്ഷിക്കാൻ യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്. (യശ. 48:17, 18) നമ്മൾ അങ്ങനെ ചെയ്തില്ലെങ്കിൽ അതു നമ്മളെയും നമ്മുടെ ചുറ്റുമുള്ളവരെയും വേദനിപ്പിക്കുമെന്ന് യഹോവയ്ക്ക് അറിയാം. നമ്മുടെയും മറ്റുള്ളവരുടെയും വിഷമം കാണുന്നത് യഹോവയ്ക്കു സങ്കടമുള്ള കാര്യമാണ്.
7. റോമർ 12:1, 2 അനുസരിച്ച് നമ്മുടെ മുമ്പിൽ ഏതു തിരഞ്ഞെടുപ്പാണുള്ളത്?
7 നമ്മൾ വ്യക്തിത്വത്തിൽ മാറ്റംവരുത്താൻ ശ്രമിക്കുമ്പോൾ ആദ്യമൊക്കെ നമ്മുടെ ചില കൂട്ടുകാരും ബന്ധുക്കളും നമ്മളെ കളിയാക്കിയേക്കാം. (1 പത്രോ. 4:3, 4) ‘ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്, മറ്റുള്ളവർ എന്തിനാ അതിൽ തലയിടുന്നത്’ എന്നായിരിക്കാം അവർ പറയുന്നത്. എന്നാൽ യഹോവയുടെ നിലവാരങ്ങളെ തള്ളിക്കളയുന്നവർക്കു ശരിക്കും സ്വാതന്ത്ര്യം കിട്ടുന്നില്ല. വാസ്തവത്തിൽ, അങ്ങനെ ചെയ്യുന്നതിലൂടെ അവർ സാത്താൻ നിയന്ത്രിക്കുന്ന ഈ ലോകത്തിന്റെ സ്വാധീനത്തിലാകുകയാണ്. (റോമർ 12:1, 2 വായിക്കുക.) അതുകൊണ്ട് നമ്മൾ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിവരും: ഒന്നുകിൽ സാത്താന്റെ ലോകവും നമ്മുടെതന്നെ പാപാവസ്ഥയും രൂപപ്പെടുത്തിയ നമ്മുടെ പഴയ വ്യക്തിത്വം നിലനിറുത്തുക. അല്ലെങ്കിൽ യഹോവയുടെ സഹായത്താൽ വേണ്ട മാറ്റങ്ങൾ വരുത്തി ഒരു നല്ല വ്യക്തിയായിത്തീരുക.—യശ. 64:8.
നിങ്ങൾക്ക് എങ്ങനെ പഴയ വ്യക്തിത്വം ‘ഉരിഞ്ഞുകളയാം?’
8. തെറ്റായ ചിന്തകളും മോശമായ ശീലങ്ങളും ഉപേക്ഷിക്കാൻ നമ്മളെ എന്തു സഹായിക്കും?
8 തെറ്റായ ചിന്തകളും മോശമായ ശീലങ്ങളും ഉപേക്ഷിക്കാൻ നമുക്ക് അത്ര പെട്ടെന്നൊന്നും പറ്റില്ലെന്നും അതിനു ശ്രമം ആവശ്യമാണെന്നും യഹോവയ്ക്ക് അറിയാം. (സങ്കീ. 103:13, 14) എന്നാൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ആവശ്യമായ അറിവും ശക്തിയും പിന്തുണയും യഹോവ തരുന്നുണ്ട്. ദൈവവചനത്തിലൂടെയും ആത്മാവിലൂടെയും സംഘടനയിലൂടെയും ആണ് നമുക്ക് അതു കിട്ടുന്നത്. യഹോവയുടെ സഹായത്താൽ ഇപ്പോൾത്തന്നെ പല മാറ്റങ്ങളും വരുത്താൻ നിങ്ങൾക്കു കഴിഞ്ഞിട്ടില്ലേ? എന്നാൽ സ്നാനമേൽക്കുന്നതിനുള്ള യോഗ്യത നേടാൻ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നതിൽ നിങ്ങൾ ഇനിയും പുരോഗമിക്കേണ്ടതുണ്ടായിരിക്കാം. അതിനുവേണ്ടി ചെയ്യാനാകുന്ന ചില കാര്യങ്ങൾ നമുക്കു നോക്കാം.
9. ബൈബിൾ നിങ്ങളെ എങ്ങനെ സഹായിക്കും?
9 ബൈബിൾ ഉപയോഗിച്ച് നിങ്ങളെത്തന്നെ ഒന്ന് അടുത്ത് പരിശോധിക്കുക. ദൈവവചനം ഒരു കണ്ണാടിപോലെയാണ്. നമ്മൾ ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു ശരിയായിട്ടാണോ എന്നു തിരിച്ചറിയാൻ അതു നമ്മളെ സഹായിക്കും. (യാക്കോ. 1:22-25) നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിക്കും അനുഭവപരിചയമുള്ള മറ്റു ക്രിസ്ത്യാനികൾക്കും ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാനാകും. ഉദാഹരണത്തിന്, നിങ്ങളുടെ കുറവുകളും നല്ല വശങ്ങളും തിരിച്ചറിയാൻ ബൈബിൾ ഉപയോഗിച്ച് അവർ നിങ്ങളെ സഹായിക്കും. ഇനി, മോശമായ ശീലങ്ങളെ മറികടക്കാൻ ആവശ്യമായ നല്ല ഉപദേശങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിലുമുണ്ട്. അവ എങ്ങനെ കണ്ടെത്താമെന്നു പറഞ്ഞുതരാനും അവർക്കാകും. കൂടാതെ, നിങ്ങളെ സഹായിക്കാൻ യഹോവ എപ്പോഴും തയ്യാറാണ്. സഹായിക്കാൻ ഏറ്റവും പറ്റിയ വ്യക്തിയും യഹോവയാണ്. കാരണം നിങ്ങളുടെ ഹൃദയത്തിലുള്ളത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. (സുഭാ. 14:10; 15:11) അതുകൊണ്ട് ദിവസവും പ്രാർഥിക്കുന്നതും ദൈവവചനം പഠിക്കുന്നതും ഒരു ശീലമാക്കുക.
10. ഏലിയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
10 യഹോവയുടെ നിലവാരങ്ങളാണ് ഏറ്റവും നല്ലതെന്ന് ഉറപ്പുണ്ടായിരിക്കുക. യഹോവ നമ്മളോട് ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം നമുക്കു പ്രയോജനം ചെയ്യുന്നവയാണ്. യഹോവയുടെ നിലവാരങ്ങളനുസരിച്ച് ജീവിക്കുന്നെങ്കിൽ നമുക്ക് ആത്മാഭിമാനവും ശരിക്കുള്ള സന്തോഷവും നേടാനാകും. ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടാകും. (സങ്കീ. 19:7-11) എന്നാൽ യഹോവയുടെ നിലവാരങ്ങൾ അവഗണിച്ച് ജഡത്തിന്റെ പ്രവൃത്തികൾ ചെയ്യുന്നവർക്ക് അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരും. സ്വന്തം ജീവിതത്തിലൂടെ അതു തിരിച്ചറിഞ്ഞ വ്യക്തിയാണ് ഏലി സഹോദരൻ. അദ്ദേഹത്തിന്റെ അപ്പനും അമ്മയും യഹോവയെ സ്നേഹിക്കുന്നവരായിരുന്നു. കുട്ടിക്കാലം മുതലേ അവർ യഹോവയെക്കുറിച്ച് അവനെ പഠിപ്പിച്ചു. എന്നാൽ കൗമാരത്തിൽ എത്തിയപ്പോഴേക്കും അവനു കുറെ ചീത്ത കൂട്ടുകാരുണ്ടായിരുന്നു. മയക്കുമരുന്നും ഉപയോഗിക്കാൻതുടങ്ങി. കൂടാതെ അധാർമികതയും മോഷണവും അവന്റെ ജീവിതത്തിന്റെ ഭാഗമായി. അവൻ പെട്ടെന്നു ദേഷ്യപ്പെടുന്ന അക്രമസ്വഭാവമുള്ള ഒരാളായി മാറി. “ചുരുക്കിപ്പറഞ്ഞാൽ, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ എന്തു ചെയ്യരുതെന്നാണോ എന്നെ പഠിപ്പിച്ചിരുന്നത് അതെല്ലാം ഞാൻ ചെയ്തു” എന്ന് ഏലി സമ്മതിക്കുന്നു. പക്ഷേ ചെറുപ്പത്തിൽ പഠിച്ചതൊന്നും ഏലി മറന്നിരുന്നില്ല. ഒടുവിൽ അദ്ദേഹം വീണ്ടും ബൈബിൾ പഠിക്കാൻതുടങ്ങി. നല്ല ശ്രമം ചെയ്ത് തന്റെ ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ച് അദ്ദേഹം 2000-ത്തിൽ സ്നാനമേറ്റു. യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച് ജീവിച്ചത് അദ്ദേഹത്തിന് എങ്ങനെ പ്രയോജനം ചെയ്തു? ഏലി പറയുന്നു: “ഇപ്പോൾ . . . ഒരു ശുദ്ധമനസ്സാക്ഷിയും മനസ്സമാധാനവും എനിക്കുണ്ട്.” * യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാത്തത് നമുക്കുതന്നെ ദോഷം ചെയ്യുമെന്ന് ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നു. യഹോവയുടെ നിലവാരങ്ങളെ തള്ളിക്കളയുന്നവരെപ്പോലും സഹായിക്കാൻ യഹോവ തയ്യാറാണെന്ന് ഓർക്കുക.
11. ഏതെല്ലാം കാര്യങ്ങൾ യഹോവ വെറുക്കുന്നു?
11 യഹോവ വെറുക്കുന്ന കാര്യങ്ങളെ വെറുക്കാൻ പഠിക്കുക. (സങ്കീ. 97:10) “അഹങ്കാരം നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്, നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ” എന്നിവയെല്ലാം യഹോവ വെറുക്കുന്നെന്നു ബൈബിൾ പറയുന്നു. (സുഭാ. 6:16, 17) കൂടാതെ, “അക്രമവാസനയുള്ളവരെയും വഞ്ചകരെയും യഹോവ വെറുക്കുന്നു.” (സങ്കീ. 5:6) ഇത്തരം മനോഭാവങ്ങളും പ്രവർത്തനങ്ങളും യഹോവ എത്രമാത്രം വെറുക്കുന്നെന്നു നോഹയുടെ നാളിലെ സംഭവത്തിൽനിന്ന് നമുക്കു മനസ്സിലാക്കാം. അന്നു ഭൂമി അക്രമംകൊണ്ട് നിറഞ്ഞപ്പോൾ യഹോവ ആ ദുഷ്ടമനുഷ്യരെയെല്ലാം നശിപ്പിച്ചു. (ഉൽപ. 6:13) ഇനി മറ്റൊരു ഉദാഹരണം നോക്കാം. നിരപരാധിയായ ഇണയെ ഉപേക്ഷിക്കാൻവേണ്ടി തന്ത്രപൂർവം പദ്ധതിയിടുന്നവരെ താൻ വെറുക്കുന്നുവെന്നു മലാഖി പ്രവാചകനിലൂടെ യഹോവ പറഞ്ഞു. താൻ വെറുക്കുന്ന കാര്യങ്ങൾ ചെയ്യുന്നവരുടെ ആരാധന യഹോവ സ്വീകരിക്കില്ലെന്നു മാത്രമല്ല യഹോവ അവരെ വിധിക്കുകയും ചെയ്യും.—മലാ. 2:13-16; എബ്രാ. 13:4.
12. “തിന്മയെ വെറുക്കുക” എന്നതിന്റെ അർഥം എന്താണ്?
12 നമ്മൾ ‘തിന്മയെ വെറുക്കാൻ’ യഹോവ ആഗ്രഹിക്കുന്നു. (റോമ. 12:9) “വെറുക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം ശക്തമായ വൈകാരിക പ്രതികരണത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഉള്ളിന്റെ ഉള്ളിൽ എന്തിനോടെങ്കിലും തോന്നുന്ന കടുത്ത അറപ്പിനെയാണ് അത് അർഥമാക്കുന്നത്. അതു മനസ്സിലാക്കാൻ ഇങ്ങനെയൊന്നു ചിന്തിക്കുക. ചീഞ്ഞ എന്തെങ്കിലും ഭക്ഷണസാധനം കഴിക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് എന്തു തോന്നും? അതെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ ഓക്കാനംവരും, ശരിയല്ലേ? അതുപോലെ മോശമെന്ന് യഹോവ പറയുന്ന ഒരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ നമുക്ക് അറപ്പായിരിക്കണം.
13. നമ്മൾ തെറ്റായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കരുതാത്തത് എന്തുകൊണ്ട്?
13 തെറ്റായ കാര്യങ്ങൾ ചിന്തിക്കാതിരിക്കുക. നമ്മൾ എന്തു ചിന്തിക്കുന്നോ അതനുസരിച്ചായിരിക്കും പ്രവർത്തിക്കുന്നത്. അതുകൊണ്ടാണു ഗുരുതരമായ തെറ്റിലേക്കു നയിച്ചേക്കാവുന്ന തരം ചിന്തകൾ നമ്മൾ ഉപേക്ഷിക്കണമെന്നു യേശു പഠിപ്പിച്ചത്. (മത്താ. 5:21, 22, 28, 29) നമ്മുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കാനാണു നമ്മളെല്ലാം ആഗ്രഹിക്കുന്നത്, ശരിയല്ലേ? അതുകൊണ്ട്, നമ്മുടെ മനസ്സിൽ വന്നേക്കാവുന്ന എല്ലാ തെറ്റായ ചിന്തകളെയും അപ്പോൾത്തന്നെ മാറ്റിക്കളയുന്നതു വളരെ പ്രധാനമാണ്.
14. നമ്മുടെ സംസാരം എന്തു വെളിപ്പെടുത്തും, നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കണം?
14 മോശമായ സംസാരം ഒഴിവാക്കുക. യേശു പറഞ്ഞു: “വായിൽനിന്ന് വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്.” (മത്താ. 15:18) അതിന്റെ അർഥം നമ്മൾ പറയുന്ന കാര്യങ്ങളിൽനിന്ന് നമ്മൾ എങ്ങനെയുള്ള ആളാണെന്നു മനസ്സിലാക്കാം എന്നാണ്. ‘എന്തൊക്കെ നഷ്ടം വന്നാലും നുണ പറയില്ല എന്നൊരു ഉറച്ച തീരുമാനം ഞാൻ എടുക്കുമോ? വിവാഹിതനായ ഞാൻ എതിർലിംഗവർഗത്തിൽപ്പെട്ടവരുമായി ശൃംഗരിക്കില്ലെന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ടോ? എന്റെ സംസാരത്തിൽ അശ്ലീലച്ചുവയുള്ള കാര്യങ്ങൾ കടന്നുവരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നുണ്ടോ? ആരെങ്കിലും എന്നെ ദേഷ്യംപിടിപ്പിക്കുമ്പോൾ ശാന്തമായിട്ടാണോ ഞാൻ മറുപടി പറയാറുള്ളത്?’ ഇതെക്കുറിച്ചൊക്കെ ചിന്തിക്കുന്നതു നന്നായിരിക്കും. നമ്മൾ പറയുന്ന കാര്യങ്ങൾ ഒരു ഷർട്ടിലെ ബട്ടൺസുപോലെയാണെന്നു പറയാം. ബട്ടൺസ് അഴിച്ചാൽ ഷർട്ട് ഊരാൻ എളുപ്പമായിരിക്കും. അതുപോലെ നമ്മുടെ സംസാരത്തിൽനിന്ന് നുണയും അശ്ലീലവും മറ്റു മോശമായ കാര്യങ്ങളും ഒഴിവാക്കിയാൽ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാൻ എളുപ്പമായിരിക്കും.
15. നമ്മുടെ പഴയ വ്യക്തിത്വത്തെ ‘സ്തംഭത്തിൽ തറയ്ക്കുക’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്?
15 വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാകുക. നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് എത്ര പ്രധാനമാണെന്നു റോമിലെ ക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ എഴുതിയ വാക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ പഴയ വ്യക്തിത്വത്തെ “സ്തംഭത്തിൽ” തറയ്ക്കണമെന്നാണു പൗലോസ് അവർക്ക് എഴുതിയത്. (റോമ. 6:6) എന്താണ് അതിന്റെ അർഥം? യഹോവയെ സന്തോഷിപ്പിക്കാനായി സ്തംഭത്തിൽ മരിക്കാൻ യേശു തയ്യാറായി. അതുപോലെ നമ്മളും യഹോവയെ സന്തോഷിപ്പിക്കാൻവേണ്ടി യഹോവയ്ക്ക് ഇഷ്ടമില്ലാത്ത മനോഭാവങ്ങളെയും ശീലങ്ങളെയും കൊല്ലാൻ തയ്യാറാകണം. ഒരു ശുദ്ധമനസ്സാക്ഷിയും നിത്യജീവന്റെ പ്രത്യാശയും ഉണ്ടായിരിക്കാൻ നമ്മൾ അങ്ങനെയൊക്കെ ചെയ്യണം. (യോഹ. 17:3; 1 പത്രോ. 3:21) യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് നമ്മളാണു മാറ്റങ്ങൾ വരുത്തേണ്ടത്. അല്ലാതെ നമ്മുടെ ഇഷ്ടമനുസരിച്ച് യഹോവ തന്റെ നിലവാരങ്ങൾക്കു മാറ്റമൊന്നും വരുത്തില്ല.—യശ. 1:16-18; 55:9.
16. തെറ്റായ മോഹങ്ങൾക്കെതിരെ നിങ്ങൾ തുടർന്നും പോരാടേണ്ടത് എന്തുകൊണ്ടാണ്?
16 തെറ്റായ മോഹങ്ങൾക്കെതിരെ നമ്മൾ തുടർന്നും പോരാടണം. സ്നാനമേറ്റശേഷവും നമ്മൾ ആ പോരാട്ടം തുടരേണ്ടതുണ്ട്. മൊറീഷ്യോ എന്നു പേരുള്ള ഒരാളുടെ അനുഭവം നോക്കുക. കൗമാരത്തിൽ അദ്ദേഹം സ്വവർഗരതി ഇഷ്ടപ്പെടുന്ന, അത്തരമൊരു ജീവിതം നയിക്കുന്ന, ആളായിരുന്നു. പിന്നീട് അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും ബൈബിൾ പഠിക്കാൻതുടങ്ങുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. അങ്ങനെ 2002-ൽ സ്നാനമേറ്റു. ഇപ്പോൾ യഹോവയെ സേവിക്കാൻതുടങ്ങിയിട്ട് ഒരുപാടു വർഷങ്ങളായെങ്കിലും മൊറീഷ്യോ പറയുന്നു: “എനിക്ക് ഇപ്പോഴും തെറ്റായ മോഹങ്ങൾക്കെതിരെ ഇടയ്ക്കൊക്കെ പോരാടേണ്ടതുണ്ട്.” പക്ഷേ അതോർത്ത് അദ്ദേഹം നിരുത്സാഹിതനാകുന്നില്ല. പകരം അദ്ദേഹം പറയുന്നു: “അത്തരം തെറ്റായ മോഹങ്ങൾക്കു കീഴ്പെടാതിരിക്കുന്നതിലൂടെ എനിക്ക് യഹോവയെ സന്തോഷിപ്പിക്കാനാകുന്നു എന്ന അറിവ് വലിയൊരു ആശ്വാസമാണ്.” *
17. നബൈഹയുടെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
17 യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക, സ്വന്തം ശക്തിയിലല്ല ദൈവാത്മാവിൽ ആശ്രയിക്കുക. (ഗലാ. 5:22; ഫിലി. 4:6) പഴയ വ്യക്തിത്വം ഉരിഞ്ഞുകളയാനും അതു വീണ്ടും ധരിക്കാതിരിക്കാനും ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ ഭാഗത്ത് നല്ല ശ്രമം ആവശ്യമാണ്. നബൈഹ എന്ന ഒരു സ്ത്രീയുടെ അനുഭവം നമുക്കു നോക്കാം. നബൈഹയ്ക്ക് വെറും ആറു വയസ്സുള്ളപ്പോൾ അപ്പൻ ഉപേക്ഷിച്ചു. “അത് എന്നെ വല്ലാതെ വേദനിപ്പിച്ചു” എന്ന് അവർ പറയുന്നു. അതുകൊണ്ട് വളർന്നുവന്നപ്പോൾ നബൈഹ പെട്ടെന്നു ദേഷ്യപ്പെടുന്ന ഒരു വഴക്കാളിയായി മാറി. മയക്കുമരുന്നിന്റെ വില്പന തുടങ്ങിയ അവർ പോലീസിന്റെ പിടിയിലായി, കുറെ വർഷം ജയിലിലും കിടന്നു. ആ സമയത്ത് ജയിൽ സന്ദർശിച്ച സാക്ഷികളോടൊപ്പം നബൈഹ ബൈബിൾ പഠിക്കാൻ തയ്യാറായി. അതോടെ അവർ ജീവിതത്തിൽ വലിയവലിയ മാറ്റങ്ങൾ വരുത്താൻതുടങ്ങി. “എന്റെ പല ദുശ്ശീലങ്ങളും വിട്ടുകളയാൻ എളുപ്പമായിരുന്നു. എന്നാൽ പുകവലി ഉപേക്ഷിക്കാൻ വലിയ പാടായിരുന്നു” എന്ന് അവർ പറയുന്നു. ഒരു വർഷത്തിലേറെ നല്ല ശ്രമം ചെയ്തിട്ടാണ് അവർക്ക് ആ ശീലം ഉപേക്ഷിക്കാനായത്. അതിനു നബൈഹയെ സഹായിച്ചത് എന്താണ്? അവർ പറയുന്നു: “ഏറ്റവും പ്രധാനമായി എന്നും ഞാൻ അതെക്കുറിച്ച് യഹോവയോടു പ്രാർഥിക്കുമായിരുന്നു. അങ്ങനെ എനിക്ക് അതിനു കഴിഞ്ഞു.” നബൈഹ ഇപ്പോൾ എല്ലാവരോടും ഇങ്ങനെ പറയാറുണ്ട്: “യഹോവയെ സന്തോഷിപ്പിക്കാനായി മാറ്റങ്ങൾ വരുത്താൻ എനിക്കു കഴിഞ്ഞെങ്കിൽ ആർക്കുവേണമെങ്കിലും അതിനു കഴിയും, ഉറപ്പാണ്!” *
നിങ്ങൾക്കു സ്നാനപ്പെടാനുള്ള യോഗ്യത നേടാനാകും
18. 1 കൊരിന്ത്യർ 6:9-11 പറയുന്നതനുസരിച്ച് പല ദൈവദാസന്മാർക്കും എന്തിനു കഴിഞ്ഞിട്ടുണ്ട്?
18 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാൻവേണ്ടി യഹോവ തിരഞ്ഞെടുത്ത പല ആളുകളും മുമ്പ് വളരെ മോശമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. ഉദാഹരണത്തിന്, അവർ ഒരു സമയത്ത് വ്യഭിചാരികളും സ്വവർഗരതിക്കാരും കള്ളന്മാരും ഒക്കെയായിരുന്നു. എങ്കിലും ദൈവാത്മാവിന്റെ സഹായത്താൽ അവർക്കു തങ്ങളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്താനായി. (1 കൊരിന്ത്യർ 6:9-11 വായിക്കുക.) ഇന്നും അതുപോലെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ബൈബിൾ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. * അങ്ങനെ, വിട്ടുകളയാൻ ബുദ്ധിമുട്ടുണ്ടായിരുന്ന പല ദുശ്ശീലങ്ങളും ഉപേക്ഷിക്കാൻ അവർക്കു കഴിഞ്ഞു. അവരുടെയെല്ലാം ജീവിതം ഒരു കാര്യം പഠിപ്പിക്കുന്നു: നിങ്ങൾക്കും വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്താനും ദുശ്ശീലങ്ങളൊക്കെ ഉപേക്ഷിക്കാനും അങ്ങനെ സ്നാനപ്പെടാനുള്ള യോഗ്യത നേടാനും ആകും.
19. അടുത്ത ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
19 സ്നാനപ്പെടാനുള്ള യോഗ്യത നേടാൻ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞാൽ മാത്രം പോരാ, പുതിയ വ്യക്തിത്വം ധരിക്കുകയും വേണം. നമുക്ക് അത് എങ്ങനെ ചെയ്യാമെന്നും അതിനു മറ്റുള്ളവർക്കു നമ്മളെ എങ്ങനെ സഹായിക്കാമെന്നും അടുത്ത ലേഖനത്തിൽ നമ്മൾ കാണും.
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
^ സ്നാനമേൽക്കുന്നതിനു യോഗ്യത നേടാൻ നമ്മൾ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ ലേഖനത്തിൽ, എന്താണു പഴയ വ്യക്തിത്വം, നമ്മൾ അത് ഉരിഞ്ഞുകളയേണ്ടത് എന്തുകൊണ്ടാണ്, നമുക്ക് അത് എങ്ങനെ ചെയ്യാം എന്നീ കാര്യങ്ങളാണു പഠിക്കാൻപോകുന്നത്. അടുത്ത ലേഖനത്തിൽ, നമുക്ക് എങ്ങനെ പുതിയ വ്യക്തിത്വം ധരിക്കാമെന്നും സ്നാനമേറ്റതിനു ശേഷവും പുതിയ വ്യക്തിത്വം ധരിക്കുന്നത് എങ്ങനെ തുടരാമെന്നും നമ്മൾ കാണും.
^ പദപ്രയോഗത്തിന്റെ വിശദീകരണം: ‘പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുക’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം, യഹോവയ്ക്ക് ഇഷ്ടമില്ലാത്ത മനോഭാവങ്ങളും പ്രവണതകളും ഒഴിവാക്കുക എന്നാണ്. സ്നാനപ്പെടുന്നതിനു മുമ്പുതന്നെ നമ്മൾ അതു ചെയ്തുതുടങ്ങണം.—എഫെ. 4:22.
^ കൂടുതൽ വിവരങ്ങൾക്ക്, 2012 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു—‘ഞാൻ യഹോവയുടെ അടുക്കലേക്കു തിരിച്ചുവരണമായിരുന്നു’” എന്ന ലേഖനം കാണുക.
^ കൂടുതൽ വിവരങ്ങൾക്ക് “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു—‘അവർ എന്നോട് വളരെ ദയയോടെ ഇടപെട്ടു’” എന്ന വെബ്സൈറ്റ് ലേഖനം കാണുക (w12-E 5/1).
^ കൂടുതൽ വിവരങ്ങൾക്ക്, 2012 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു—‘ഞാൻ പെട്ടെന്നു ദേഷ്യപ്പെടുന്ന ഒരു വഴക്കാളിയായിരുന്നു’” എന്ന ലേഖനം കാണുക.
^ “ ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു” എന്ന ചതുരം കാണുക.
^ ചിത്രത്തിന്റെ വിവരണം: മോശമായ മനോഭാവങ്ങളും ശീലങ്ങളും ഉപേക്ഷിക്കുന്നതു പഴയ വസ്ത്രം ഊരിക്കളയുന്നതുപോലെയാണ്.