പഠനലേഖനം 14
മൂപ്പന്മാരേ, പൗലോസ് അപ്പോസ്തലന്റെ മാതൃക അനുകരിക്കുന്നതിൽ തുടരുക
“നിങ്ങൾ എന്റെ അനുകാരികളാകുക.” —1 കൊരി. 11:1.
ഗീതം 99 ആയിരമായിരം സഹോദരങ്ങൾ
ചുരുക്കം *
1-2. പൗലോസ് അപ്പോസ്തലന്റെ മാതൃക ഇന്നു മൂപ്പന്മാരെ സഹായിക്കുന്നത് എങ്ങനെ?
പൗലോസ് അപ്പോസ്തലൻ തന്റെ സഹോദരങ്ങളെ ഒരുപാടു സ്നേഹിച്ചു. അവർക്കുവേണ്ടി അദ്ദേഹം കഠിനാധ്വാനം ചെയ്തു. (പ്രവൃ. 20:31) അതുകൊണ്ട് സഹോദരങ്ങൾക്കും പൗലോസിനെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ എഫെസൊസിൽനിന്നുള്ള മൂപ്പന്മാർ, തങ്ങൾക്ക് ഇനി ഒരിക്കലും പൗലോസിനെ കാണാനാകില്ലെന്ന് അറിഞ്ഞപ്പോൾ ‘കുറെ നേരം കരഞ്ഞതായി’ ബൈബിളിൽ നമ്മൾ വായിക്കുന്നു. (പ്രവൃ. 20:37) അതുപോലെ നമ്മുടെ കഠിനാധ്വാനികളായ മൂപ്പന്മാരും സഹോദരങ്ങളെ ഒരുപാടു സ്നേഹിക്കുന്നു, അവരെ സഹായിക്കാനായി തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ അവർ തയ്യാറുമാണ്. (ഫിലി. 2:16, 17) എന്നാൽ അവർക്കു പല വെല്ലുവിളികളുമുണ്ട്. അവയെ നേരിടാൻ മൂപ്പന്മാരെ എന്തു സഹായിക്കും?
2 നമ്മുടെ കഠിനാധ്വാനികളായ മൂപ്പന്മാർക്കു പൗലോസിന്റെ മാതൃകയിൽനിന്ന് പലതും പഠിക്കാനാകും. (1 കൊരി. 11:1) പൗലോസ് അമാനുഷശക്തിയുള്ള ആളൊന്നുമായിരുന്നില്ല, നമ്മളെപ്പോലെതന്നെ കുറവുകളൊക്കെയുള്ള ആളായിരുന്നു. ശരി ചെയ്യുന്നതു പലപ്പോഴും അദ്ദേഹത്തിന് അത്ര എളുപ്പമായിരുന്നില്ല. (റോമ. 7:18-20) അദ്ദേഹത്തിനു പലപല പ്രശ്നങ്ങളുമായി മുന്നോട്ടു പോകേണ്ടിവന്നു. പക്ഷേ അദ്ദേഹം മടുത്ത് പിന്മാറിയില്ല, അദ്ദേഹത്തിന്റെ സന്തോഷം നഷ്ടപ്പെട്ടുമില്ല. പൗലോസിന്റെ ഈ മാതൃക ഇന്നു മൂപ്പന്മാർക്കും അനുകരിക്കാം. അവർക്കുണ്ടാകുന്ന വെല്ലുവിളികളെ നേരിടാനും യഹോവയെ സേവിക്കുന്നതിലെ സന്തോഷം നിലനിറുത്താനും അത് അവരെ സഹായിക്കും. എങ്ങനെയെന്നു നമുക്കു നോക്കാം.
3. ഈ ലേഖനത്തിൽ നമ്മൾ എന്തൊക്കെ പഠിക്കും?
3 മൂപ്പന്മാർ പൊതുവേ നേരിടുന്ന നാലു വെല്ലുവിളികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്: (1) പ്രസംഗപ്രവർത്തനത്തിനും അതുപോലെ മൂപ്പന്മാരുടെ മറ്റ് ഉത്തരവാദിത്വങ്ങൾക്കും വേണ്ടി സമയം കണ്ടെത്തുന്നത്, (2) സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, അവരെക്കുറിച്ച് ചിന്തയുള്ള ഇടയന്മാരായിരിക്കുന്നത്, (3) സ്വന്തം കുറവുകളെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കുന്നത്, (4) കുറവുകളൊക്കെയുള്ള മറ്റു സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുന്നത്. ഈ ഓരോ വെല്ലുവിളിയെയും പൗലോസ് എങ്ങനെ നേരിട്ടെന്നും മൂപ്പന്മാർക്ക് എങ്ങനെ ആ മാതൃക അനുകരിക്കാമെന്നും നമ്മൾ നോക്കും.
പ്രസംഗപ്രവർത്തനവും മറ്റ് ഉത്തരവാദിത്വങ്ങളും സമനിലയിൽ കൊണ്ടുപോകുന്നത്
4. പ്രസംഗപ്രവർത്തനത്തിൽ നേതൃത്വമെടുക്കുന്നതു മൂപ്പന്മാർക്കു ചിലപ്പോൾ ഒരു വെല്ലുവിളിയായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
4 വെല്ലുവിളിയായിരിക്കുന്നതിന്റെ കാരണം. പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുന്നതോടൊപ്പം മൂപ്പന്മാർക്കു പല ഉത്തരവാദിത്വങ്ങളുമുണ്ട്. ഉദാഹരണത്തിന്, ഇടദിവസത്തെ മീറ്റിങ്ങിന് അധ്യക്ഷനാകണം, സഭാ ബൈബിൾപഠനം നടത്തണം, പല പ്രസംഗനിയമനങ്ങളും ചെയ്യണം. ഇനി, അവർ ശുശ്രൂഷാദാസന്മാരെ പരിശീലിപ്പിക്കാനായി പലതും ചെയ്യുന്നു. അതുപോലെ സന്തോഷത്തോടെ സഹോദരീസഹോദരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. (1 പത്രോ. 5:2) ചില മൂപ്പന്മാരാണെങ്കിൽ രാജ്യഹാളുകളുടെയും നമ്മുടെ മറ്റു പല കെട്ടിടങ്ങളുടെയും നിർമാണത്തിലും പരിപാലനത്തിലും പങ്കെടുക്കുന്നുണ്ട്. എന്നാൽ സഭയിലെ മറ്റെല്ലാവരെയുംപോലെ മൂപ്പന്മാരുടെയും ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം സന്തോഷവാർത്ത അറിയിക്കുന്നതാണ്.—മത്താ. 28:19, 20.
5. പ്രസംഗപ്രവർത്തനത്തിന്റെ കാര്യത്തിൽ പൗലോസ് എന്തു മാതൃകവെച്ചു?
5 പൗലോസിന്റെ മാതൃക. പൗലോസിന്റെ വിജയരഹസ്യം ഫിലിപ്പിയർ 1:10-ൽ കാണാം. അദ്ദേഹം എഴുതി, ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’ (ഫിലി. 1:10) ഈ ഉപദേശം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പൗലോസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പൗലോസിനു പ്രസംഗപ്രവർത്തനത്തിനുള്ള ഒരു നിയമനം ലഭിച്ചു. അന്നുമുതൽ അങ്ങോട്ട് പതിറ്റാണ്ടുകളോളം അതായിരുന്നു പൗലോസിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അദ്ദേഹം “പരസ്യമായും വീടുതോറും” പ്രസംഗിച്ചു. (പ്രവൃ. 20:20) ആഴ്ചയിലെ ഒരു പ്രത്യേക ദിവസമോ ദിവസത്തിലെ ഒരു പ്രത്യേക സമയമോ മാത്രമല്ല പൗലോസ് അതിനുവേണ്ടി മാറ്റിവെച്ചത്. സന്തോഷവാർത്ത അറിയിക്കാനുള്ള എല്ലാ അവസരവും അദ്ദേഹം പ്രയോജനപ്പെടുത്തി. ഉദാഹരണത്തിന്, ആതൻസിൽ തന്റെ കൂട്ടുകാർക്കുവേണ്ടി കാത്തിരിക്കുന്ന സമയത്ത് പൗലോസ് അവിടെയുള്ള പ്രമുഖരായ ചില ആളുകളോടു സന്തോഷവാർത്ത അറിയിച്ചു. അവരിൽ ചിലർ വിശ്വാസികളായിത്തീരുകയും ചെയ്തു. (പ്രവൃ. 17:16, 17, 34) ഇനി, വീട്ടുതടങ്കലിലായിരുന്ന സമയത്തുപോലും പൗലോസ് അവിടെയുണ്ടായിരുന്നവരോടു പ്രസംഗിച്ചു.—ഫിലി. 1:13, 14; പ്രവൃ. 28:16-24.
6. പൗലോസ് മറ്റുള്ളവർക്ക് ഏതെല്ലാം കാര്യങ്ങളിൽ പരിശീലനം കൊടുത്തു?
6 പൗലോസ് തന്റെ സമയം ഏറ്റവും നന്നായി ഉപയോഗിച്ചു. പ്രസംഗപ്രവർത്തനത്തിനു പോയപ്പോൾ അദ്ദേഹം മറ്റു പലരെയും കൂടെക്കൂട്ടി. ഉദാഹരണത്തിന്, ഒന്നാം മിഷനറിയാത്രയുടെ സമയത്ത് യോഹന്നാൻ മർക്കോസും രണ്ടാമത്തേതിന്റെ സമയത്ത് തിമൊഥെയൊസും അദ്ദേഹത്തിന്റെകൂടെയുണ്ടായിരുന്നു. (പ്രവൃ. 12:25; 16:1-4) എങ്ങനെ ഒരു സഭ സംഘടിപ്പിക്കാം, എങ്ങനെ ഇടയവേല ചെയ്യാം, എങ്ങനെ നല്ല അധ്യാപകരായിരിക്കാം എന്നീ കാര്യങ്ങളിലെല്ലാം പൗലോസ് അവർക്കു നല്ല പരിശീലനം കൊടുത്തു.—1 കൊരി. 4:17.
7. എഫെസ്യർ 6:14, 15-ലെ പൗലോസിന്റെ ഉപദേശം മൂപ്പന്മാർക്ക് എങ്ങനെ അനുസരിക്കാം?
7 പാഠം. വീടുതോറും പ്രസംഗിക്കുന്ന കാര്യത്തിൽ മാത്രമല്ല എല്ലാ അവസരങ്ങളിലും സന്തോഷവാർത്ത അറിയിക്കാൻ ഒരുങ്ങിയിരുന്നുകൊണ്ടും മൂപ്പന്മാർക്കു പൗലോസിനെ അനുകരിക്കാനാകും. (എഫെസ്യർ 6:14, 15 വായിക്കുക.) ഉദാഹരണത്തിന്, കടയിൽ പോകുമ്പോഴോ ജോലിസ്ഥലത്തായിരിക്കുമ്പോഴോ അവർക്കു സന്തോഷവാർത്ത അറിയിക്കാൻ കഴിയും. അതല്ലെങ്കിൽ രാജ്യഹാൾ നിർമാണത്തിലും മറ്റും സഹായിക്കുന്ന മൂപ്പന്മാർക്ക് അവിടത്തെ അയൽക്കാരുമായോ കച്ചവടക്കാരുമായോ ബൈബിൾവിഷയങ്ങൾ സംസാരിക്കാനായേക്കും. പൗലോസിനെപ്പോലെ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാരുടെയോ മറ്റുള്ളവരുടെയോ കൂടെ പ്രസംഗപ്രവർത്തനം ചെയ്യുന്ന സമയത്ത് അവരെ പരിശീലിപ്പിക്കാനാകും.
8. ചിലപ്പോൾ ഒരു മൂപ്പൻ എന്തു ചെയ്യേണ്ടിവന്നേക്കാം?
8 മൂപ്പന്മാർക്കു സഭയിലും സർക്കിട്ടിലും പല ഉത്തരവാദിത്വങ്ങളുമുണ്ട് എന്നുള്ളതു ശരിയാണ്. എന്നാൽ പ്രസംഗപ്രവർത്തനത്തിന് ഒട്ടും സമയമില്ലാത്ത വിധം അവർ അത്തരം ജോലികളിൽ മുഴുകരുത്. ഇപ്പോഴുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ശരിയായി ചെയ്യാൻ ആവശ്യത്തിനു സമയം കിട്ടുന്നുണ്ടെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തണം. അതിനുവേണ്ടി, ചില നിയമനങ്ങൾ കിട്ടുമ്പോൾ ‘അതു ചെയ്യാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് അവർ തുറന്നുപറയേണ്ടി വന്നേക്കാം. അങ്ങനെ ചെയ്യാതിരുന്നാൽ ആഴ്ചതോറും കുടുംബാരാധന നടത്തുന്നതും ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്യുന്നതും അതിനായി മക്കളെ പരിശീലിപ്പിക്കുന്നതും പോലുള്ള കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾക്കു സമയം കിട്ടാതെ പോയേക്കാം. ഏതെങ്കിലും ഒരു നിയമനം കിട്ടുമ്പോൾ അതു വേണ്ടെന്നുവെക്കാൻ പലർക്കും ബുദ്ധിമുട്ടു തോന്നാറുണ്ട്. എന്നാൽ ഒന്നോർക്കുക: എല്ലാം സമനിലയോടെ ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം യഹോവയ്ക്കു മനസ്സിലാകും. അതുകൊണ്ട് ഒരു നിയമനം കിട്ടുമ്പോൾ സാഹചര്യങ്ങൾ വിലയിരുത്തി, പ്രാർഥിച്ച് ഒരു തീരുമാനമെടുക്കുക.
സഹോദരങ്ങളെക്കുറിച്ച് ചിന്തയുള്ള ഇടയന്മാരായിരിക്കുന്നത്
9. പല ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ളതുകൊണ്ട് മൂപ്പന്മാർക്ക് എന്തു വെല്ലുവിളി നേരിട്ടേക്കാം?
9 വെല്ലുവിളിയായിരിക്കുന്നതിന്റെ കാരണം. ഈ അവസാനനാളുകളിൽ യഹോവയുടെ ജനത്തിനു പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. അതുകൊണ്ട് നമുക്ക് എല്ലാവർക്കും പ്രോത്സാഹനവും സഹായവും ആശ്വാസവും ആവശ്യമാണ്. ചിലപ്പോൾ തെറ്റിലേക്കു വീണുപോകാതിരിക്കാൻ ചിലരെ സഹായിക്കേണ്ടതുണ്ടായിരിക്കാം. (1 തെസ്സ. 5:14) സഹോദരങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മൂപ്പന്മാർക്കാകില്ലെന്നുള്ളതു ശരിയാണ്. എന്നാൽ യഹോവയുടെ ആടുകളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മൂപ്പന്മാർ തങ്ങളാലാകുന്നതു ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്. ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള മൂപ്പന്മാർക്ക് എങ്ങനെയാണു സഹോദരങ്ങളെ സഹായിക്കാൻ സമയം കണ്ടെത്താനാകുന്നത്?
10. ദൈവജനത്തെ സഹായിക്കാൻവേണ്ടി പൗലോസ് എന്തു ചെയ്തെന്നാണ് 1 തെസ്സലോനിക്യർ 2:7 പറയുന്നത്?
10 പൗലോസിന്റെ മാതൃക. സഹോദരങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും പൗലോസ് എപ്പോഴും ഉത്സാഹമുള്ളവനായിരുന്നു. പൗലോസിന്റെ ഈ മാതൃക മൂപ്പന്മാർക്കും അനുകരിക്കാം. സഹോദരങ്ങളോടു സ്നേഹവും ദയയും കാണിച്ചുകൊണ്ട് അവർക്ക് അതു ചെയ്യാനാകും. (1 തെസ്സലോനിക്യർ 2:7 വായിക്കുക.) സഹോദരങ്ങളെ താൻ എത്രയധികം സ്നേഹിക്കുന്നെന്നും യഹോവയും അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും പൗലോസ് അവരോടു പറഞ്ഞു. (2 കൊരി. 2:4; എഫെ. 2:4, 5) സഭയിലുള്ളവരെ പൗലോസ് കൂട്ടുകാരായി കണ്ടു, അവരുടെകൂടെ സമയം ചെലവഴിച്ചു. പൗലോസിന് അവരെ നല്ല വിശ്വാസമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ ഉത്കണ്ഠകളെക്കുറിച്ചും കുറവുകളെക്കുറിച്ചും ഒക്കെ അവരോടു തുറന്നുപറഞ്ഞു. (2 കൊരി. 7:5; 1 തിമൊ. 1:15) എന്നാൽ അവരുടെ ശ്രദ്ധ മുഴുവൻ തന്റെ പ്രശ്നങ്ങളിലേക്കു കൊണ്ടുവരാനല്ല പൗലോസ് അങ്ങനെ ചെയ്തത്. പകരം അവരെ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
11. പൗലോസ് ചിലപ്പോഴൊക്കെ സഹോദരങ്ങൾക്ക് ഉപദേശം കൊടുത്തത് എന്തുകൊണ്ടാണ്?
11 പൗലോസിന് ഇടയ്ക്കൊക്കെ സഹോദരങ്ങൾക്കു ചില ഉപദേശങ്ങൾ കൊടുക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഒരിക്കലും തന്റെ ദേഷ്യം കാരണമല്ല അദ്ദേഹം അങ്ങനെ ചെയ്തത്. പകരം അദ്ദേഹം അവരെ സ്നേഹിച്ചു, അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ ആഗ്രഹിച്ചു. അവർക്കു മനസ്സിലാകുന്ന രീതിയിലും അവർക്ക് ഉൾക്കൊള്ളാൻ തോന്നുന്ന വിധത്തിലും അതു നൽകാൻ അദ്ദേഹം ശ്രമിച്ചു. ഉദാഹരണത്തിന്, കൊരിന്ത്യർക്ക് എഴുതിയ കത്തിൽ അദ്ദേഹം അവർക്കു ശക്തമായ ഒരു ഉപദേശം നൽകി. എന്നാൽ കത്ത് എഴുതിയിട്ട് അദ്ദേഹം തീത്തോസിനെ അങ്ങോട്ട് അയച്ചു. കാരണം ആ കത്ത് കിട്ടിയപ്പോഴുള്ള അവരുടെ പ്രതികരണം അറിയാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. താൻ കൊടുത്ത ഉപദേശം കൊരിന്തിലെ സഹോദരങ്ങൾ സ്വീകരിച്ചെന്നും വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറായെന്നും അറിഞ്ഞപ്പോൾ പൗലോസിന് ഒരുപാടു സന്തോഷമായി.—2 കൊരി. 7:6, 7.
12. മൂപ്പന്മാർക്കു സഹോദരങ്ങളെ എങ്ങനെ ബലപ്പെടുത്താം?
12 പാഠം. സഹോദരങ്ങളുടെകൂടെ സമയം ചെലവഴിച്ചുകൊണ്ട് മൂപ്പന്മാർക്കു പൗലോസിന്റെ മാതൃക അനുകരിക്കാനാകും. അതിനുള്ള ഒരു വിധം മീറ്റിങ്ങിനു നേരത്തേ വരുന്നതാണ്. അങ്ങനെയാകുമ്പോൾ സഹോദരങ്ങളുമായി സംസാരിക്കാൻ സമയം കിട്ടും. ഒരു സഹോദരനെയോ സഹോദരിയെയോ ഒന്നു പ്രോത്സാഹിപ്പിക്കാൻ പലപ്പോഴും ഏതാനും മിനിട്ടുകൾ സ്നേഹത്തോടെ അവരോടു സംസാരിച്ചാൽ മതിയാകും. (റോമ. 1:12; എഫെ. 5:16) പൗലോസിന്റെ മാതൃക അനുകരിക്കുന്ന ഒരു മൂപ്പൻ ദൈവവചനം ഉപയോഗിച്ച് സഹോദരങ്ങളെ ബലപ്പെടുത്തും. ദൈവത്തിന് അവരോടുള്ള സ്നേഹത്തെക്കുറിച്ച് അവരെ ഓർമിപ്പിക്കും. കൂടാതെ തനിക്ക് അവരോടുള്ള സ്നേഹവും അവർ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അദ്ദേഹം അവരോടു പതിവായി സംസാരിക്കുകയും അവരെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുകയും ചെയ്യും. ഇനി, ഒരു ഉപദേശം നൽകേണ്ടതുള്ളപ്പോൾ അതു ദൈവവചനത്തിൽനിന്ന് നൽകാൻ അദ്ദേഹം ശ്രദ്ധിക്കും. അവർ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നുപറയുമെങ്കിലും ദയയോടെയായിരിക്കും അങ്ങനെ ചെയ്യുന്നത്. കാരണം അവർ ആ ഉപദേശം സന്തോഷത്തോടെ സ്വീകരിക്കണമെന്നും അനുസരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.—ഗലാ. 6:1.
സ്വന്തം കുറവുകളെക്കുറിച്ച് ശരിയായ വീക്ഷണമുണ്ടായിരിക്കുന്നത്
13. മൂപ്പന്മാർ തങ്ങളുടെ കുറവുകളെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിച്ചേക്കാം?
13 വെല്ലുവിളിയായിരിക്കുന്നതിന്റെ കാരണം. മൂപ്പന്മാർ പൂർണരല്ല. മറ്റെല്ലാവരെയുംപോലെ അവർക്കും തെറ്റുകൾ പറ്റും. (റോമ. 3:23) തങ്ങളുടെ കുറവുകളെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കുന്നതു പലപ്പോഴും അവർക്ക് ഒരു ബുദ്ധിമുട്ടായിരുന്നേക്കാം. ചിലർ തങ്ങളുടെ ബലഹീനതകളെക്കുറിച്ച് ഒരുപാടു ചിന്തിച്ച് നിരുത്സാഹിതരാകാറുണ്ട്. ഇനി, മറ്റു ചിലർ തങ്ങളുടെ കുറവുകളെ തീരെ നിസ്സാരമായി കാണുന്നവരായിരിക്കും. തങ്ങളുടെ രീതികൾക്കു മാറ്റമൊന്നും വരുത്തിയില്ലെങ്കിലും കുഴപ്പമില്ല എന്നായിരിക്കും അങ്ങനെയുള്ളവർ ചിന്തിക്കുന്നത്.
14. ഫിലിപ്പിയർ 4:13 അനുസരിച്ച് തന്റെ കുറവുകളെക്കുറിച്ച് ശരിയായ മനോഭാവമുണ്ടായിരിക്കാൻ താഴ്മ പൗലോസിനെ സഹായിച്ചത് എങ്ങനെ?
14 പൗലോസിന്റെ മാതൃക. തന്റെ കുറവുകൾ സ്വന്തശക്തിയാൽ കൈകാര്യം ചെയ്യാനാകില്ലെന്നു പൗലോസ് താഴ്മയോടെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിനു ദൈവത്തിന്റെ സഹായം ആവശ്യമായിരുന്നു. മുമ്പ് ക്രിസ്ത്യാനികളെ കഠിനമായി ഉപദ്രവിച്ചിരുന്ന ആളായിരുന്നു പൗലോസ്. എന്നാൽ പിന്നീട് അദ്ദേഹം തെറ്റു തിരിച്ചറിയുകയും തന്റെ മനോഭാവത്തിനും വ്യക്തിത്വത്തിനും മാറ്റം വരുത്താൻ തയ്യാറാകുകയും ചെയ്തു. (1 തിമൊ. 1:12-16) യഹോവയുടെ സഹായത്താൽ പൗലോസ് സ്നേഹവും അനുകമ്പയും താഴ്മയും ഉള്ള ഒരു മൂപ്പനായിത്തീർന്നു. തനിക്കു പല കുറവുകളുമുണ്ടെന്നു പൗലോസിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം അതെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നില്ല. പകരം, യഹോവ തന്നോടു ക്ഷമിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. (റോമ. 7:21-25) താൻ എല്ലാം തികഞ്ഞവനാകണമെന്നും പൗലോസ് ചിന്തിച്ചില്ല. എന്നാൽ തന്റെ വ്യക്തിത്വം മെച്ചപ്പെടുത്താൻവേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാനുള്ള സഹായത്തിനായി അദ്ദേഹം താഴ്മയോടെ യഹോവയിൽ ആശ്രയിക്കുകയും ചെയ്തു.—1 കൊരി. 9:27; ഫിലിപ്പിയർ 4:13 വായിക്കുക.
15. സ്വന്തം കുറവുകളെക്കുറിച്ച് മൂപ്പന്മാർക്കു ശരിയായ എന്തു മനോഭാവമുണ്ടായിരിക്കണം?
15 പാഠം. മൂപ്പന്മാരെ ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത് അവർ ആരും പൂർണരായതുകൊണ്ടല്ല. അവർക്കും കുറവുകളൊക്കെയുണ്ട്. അതുകൊണ്ടുതന്നെ അവർ തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാനും ക്രിസ്തീയവ്യക്തിത്വം വളർത്തിയെടുക്കാനും യഹോവ പ്രതീക്ഷിക്കുന്നു. (എഫെ. 4:23, 24) ഒരു മൂപ്പൻ ബൈബിൾ പഠിക്കുമ്പോൾ തന്റെ വ്യക്തിത്വത്തിൽ എന്തൊക്കെ മാറ്റങ്ങളാണു വരുത്തേണ്ടതെന്നു ചിന്തിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. അപ്പോൾ സന്തോഷത്തോടെ നല്ലൊരു മൂപ്പനായി പ്രവർത്തിക്കാൻ യഹോവ അദ്ദേഹത്തെ സഹായിക്കും.—യാക്കോ. 1:25.
കുറവുകളൊക്കെയുള്ള സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുന്നത്
16. മൂപ്പന്മാർ സഹോദരങ്ങളുടെ കുറവുകളിലാണു ശ്രദ്ധിക്കുന്നതെങ്കിൽ എന്തു സംഭവിക്കാം?
16 വെല്ലുവിളിയായിരിക്കുന്നതിന്റെ കാരണം. സഹോദരങ്ങളോടൊപ്പം ഒരുപാടു സമയം ചെലവഴിക്കുന്നതുകൊണ്ട് മൂപ്പന്മാർക്ക് അവരുടെ കുറ്റവും കുറവും ഒക്കെ അറിയാമായിരിക്കും. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ മൂപ്പന്മാർക്ക് അവരോടു ദേഷ്യം തോന്നാം. അവർ ഈ സഹോദരങ്ങളോടു ദയയില്ലാതെ ഇടപെടുകയോ അവരെ വിമർശിക്കുകയോ ചെയ്തേക്കാം. ക്രിസ്ത്യാനികൾ അങ്ങനെ ചെയ്തുകാണാനാണു സാത്താൻ ആഗ്രഹിക്കുന്നതെന്നു പൗലോസ് മുന്നറിയിപ്പു നൽകി. —2 കൊരി. 2:10, 11.
17. പൗലോസ് തന്റെ സഹോദരങ്ങളെ എങ്ങനെയാണു കണ്ടിരുന്നത്?
17 പൗലോസിന്റെ മാതൃക. പൗലോസ് സഹോദരങ്ങളുടെ നന്മ കാണാൻ ശ്രമിച്ചു. അവരുടെ കുറവുകൾ പൗലോസിന് അറിയാമായിരുന്നു. കാരണം പലപ്പോഴും അവരുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരാൾ ഒരു തെറ്റു ചെയ്തെന്നു കരുതി അയാൾ മോശക്കാരനാണെന്നു പൗലോസ് ഒരിക്കലും ചിന്തിച്ചില്ല. അദ്ദേഹം അവരെ സ്നേഹിച്ചു, അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിച്ചു. ഇനി, ആർക്കെങ്കിലും ഒരു തെറ്റു പറ്റുമ്പോൾ അവർ ശരി ചെയ്യാൻ ആഗ്രഹിച്ചിട്ടും അതിനു കഴിയാത്തതാണെന്നും അവർക്കു സഹായം വേണമെന്നും അദ്ദേഹം ചിന്തിക്കുമായിരുന്നു.
18. യുവൊദ്യയോടും സുന്തുകയോടും പൗലോസ് ഇടപെട്ട വിധത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം? (ഫിലിപ്പിയർ 4:1-3)
18 ഉദാഹരണത്തിന്, ഫിലിപ്പി സഭയിലെ രണ്ടു സഹോദരിമാരോടു പൗലോസ് ഇടപെട്ടത് എങ്ങനെയാണെന്നു നമുക്കു നോക്കാം. (ഫിലിപ്പിയർ 4:1-3 വായിക്കുക.) നല്ല കൂട്ടുകാരായിരുന്ന യുവൊദ്യയും സുന്തുകയും തമ്മിൽ ഒരു പ്രശ്നമുണ്ടായി. പക്ഷേ അതിന്റെ പേരിൽ പൗലോസ് അവരോടു ദേഷ്യപ്പെടുകയോ അവരെ വിമർശിക്കുകയോ ഒന്നും ചെയ്തില്ല. പകരം അദ്ദേഹം അവരുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിച്ചു. വർഷങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരായിരുന്നു ആ സഹോദരിമാർ. യഹോവ അവരെ സ്നേഹിക്കുന്നുണ്ടെന്നും പൗലോസിന് അറിയാമായിരുന്നു. അവരെക്കുറിച്ച് പൗലോസിന് അങ്ങനെയൊരു ചിന്തയുണ്ടായിരുന്നതുകൊണ്ട് അവർക്കിടയിലെ പ്രശ്നമൊക്കെ പരിഹരിച്ച് വീണ്ടും സമാധാനത്തിലാകാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. ഇനി പൗലോസ് സഹോദരങ്ങളുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിച്ചതുകൊണ്ട് അദ്ദേഹത്തിനു തന്റെ സന്തോഷം നഷ്ടമായില്ലെന്നു മാത്രമല്ല, സഭയിലുള്ള എല്ലാവരുമായി നല്ല സൗഹൃദത്തിലായിരിക്കാനും കഴിഞ്ഞു.
19. (എ) മൂപ്പന്മാർക്ക് എങ്ങനെ സഹോദരങ്ങളെക്കുറിച്ച് നല്ല വീക്ഷണം നിലനിറുത്താം? (ബി) രാജ്യഹാൾ വൃത്തിയാക്കുന്ന മൂപ്പന്റെ ചിത്രത്തിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാനാകും?
19 പാഠം. മൂപ്പന്മാരേ, സഹോദരങ്ങളുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക. എല്ലാവർക്കും കുറവുകളുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ എല്ലാവർക്കും നല്ല ഗുണങ്ങളുമുണ്ടെന്നു നമ്മൾ ഓർക്കണം. (ഫിലി. 2:3) ഇടയ്ക്കൊക്കെ മൂപ്പന്മാർക്ക് ഒരു സഹോദരനോ സഹോദരിക്കോ ചില ഉപദേശങ്ങൾ കൊടുക്കേണ്ടി വന്നേക്കാം. എന്നാൽ പൗലോസിനെപ്പോലെ മൂപ്പന്മാരും സഹോദരങ്ങളുടെ മോശം ഗുണങ്ങളിൽ മാത്രം ശ്രദ്ധിക്കാതിരിക്കാൻ ശ്രമിക്കണം. പകരം അവരുടെ നല്ല കാര്യങ്ങളിൽ, അതായത് ഓരോ വ്യക്തിയും യഹോവയെ എത്രമാത്രം സ്നേഹിക്കുന്നു, ദൈവത്തെ സേവിക്കാൻവേണ്ടി അവർ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യുന്നു, എന്നതുപോലുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാനാകും. അവർ ഓരോരുത്തരും നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരും അതിനു കഴിയുന്നവരും ആണെന്നു മൂപ്പന്മാർക്കു മനസ്സിൽപ്പിടിക്കാം. മൂപ്പന്മാർ ഇങ്ങനെ സഹോദരങ്ങളുടെ നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കുമ്പോൾ സഹോദരങ്ങൾക്കിടയിൽ നല്ലൊരു സ്നേഹബന്ധമുണ്ടായിരിക്കും. കൂടാതെ എല്ലാവർക്കും ആത്മീയമായി വളരാനുള്ള ഒരു സാഹചര്യവും ആ സഭയിൽ കാണും.
പൗലോസിന്റെ മാതൃക അനുകരിക്കുന്നതിൽ തുടരുക
20. മൂപ്പന്മാർക്ക് എങ്ങനെ പൗലോസിന്റെ മാതൃകയിൽനിന്ന് തുടർന്നും പ്രയോജനം നേടാം?
20 പൗലോസിന്റെ ജീവിതമാതൃകയെക്കുറിച്ച് തുടർന്നും പഠിക്കുന്നതു മൂപ്പന്മാർക്ക് ഒരുപാടു പ്രയോജനം ചെയ്യും. ഉദാഹരണത്തിന്, “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്തകത്തിന്റെ 12-ാം അധ്യായം 17-20 ഖണ്ഡികകളിലോ ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്തകത്തിന്റെ 216-17 പേജുകളിലോ കൊടുത്തിരിക്കുന്ന വിവരങ്ങൾ നിങ്ങൾക്കു വായിക്കാവുന്നതാണ്. അവിടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിക്കുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘പൗലോസിന്റെ മാതൃക അനുകരിക്കുന്നത് ഒരു മൂപ്പനെന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വം നിറവേറ്റുമ്പോൾ സന്തോഷം നിലനിറുത്താൻ എന്നെ എങ്ങനെ സഹായിക്കും?’
21. മൂപ്പന്മാർക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
21 മൂപ്പന്മാരേ, ഒരു കാര്യം ഓർക്കുക: യഹോവ നിങ്ങളോട് ആവശ്യപ്പെടുന്നതു വിശ്വസ്തരായിരിക്കാനാണ്, അല്ലാതെ പൂർണരായിരിക്കാനല്ല. (1 കൊരി. 4:2) പൗലോസിന്റെ കഠിനാധ്വാനവും വിശ്വസ്തതയും യഹോവ വിലമതിച്ചു. അതുപോലെ ദൈവസേവനത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും യഹോവയെ സന്തോഷിപ്പിക്കുന്നുണ്ട്. “വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും” യഹോവ ഒരിക്കലും മറക്കില്ല.—എബ്രാ. 6:10.
ഗീതം 87 വരൂ, ഉന്മേഷം നേടൂ!
^ നമ്മളെ സഹായിക്കാൻവേണ്ടി മൂപ്പന്മാർ സ്നേഹത്തോടെ ചെയ്യുന്ന കഠിനാധ്വാനത്തിനു നമ്മളെല്ലാം എത്ര നന്ദിയുള്ളവരാണ്! അവർ പൊതുവേ നേരിടുന്ന നാലു വെല്ലുവിളികളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. പൗലോസ് അപ്പോസ്തലന്റെ മാതൃക അനുകരിക്കുന്നത് ഈ വെല്ലുവിളികളെ തരണം ചെയ്യാൻ മൂപ്പന്മാരെ എങ്ങനെ സഹായിക്കുമെന്നും കാണും. കൂടാതെ നമ്മുടെ ഈ മൂപ്പന്മാരോടു സഹാനുഭൂതി തോന്നാനും അവരോടു സ്നേഹം കാണിക്കാനും അവരുടെ ജോലി എളുപ്പമാക്കിത്തീർക്കാനും ഈ ലേഖനം നമ്മളെ ഓരോരുത്തരെയും പ്രേരിപ്പിക്കും.
^ ചിത്രത്തിന്റെ വിവരണം: ജോലിസ്ഥലത്തുനിന്ന് പോകുന്നതിനിടയ്ക്ക് ഒരു സഹോദരൻ തന്റെകൂടെ ജോലി ചെയ്യുന്ന ഒരാളോടു സന്തോഷവാർത്ത അറിയിക്കുന്നു.
^ ചിത്രത്തിന്റെ വിവരണം: എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് മാറിയിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സഹോദരനോട് ഒരു മൂപ്പൻ സ്നേഹത്തോടെ സംസാരിക്കുന്നു.
^ ചിത്രത്തിന്റെ വിവരണം: അൽപ്പം നീരസപ്പെട്ടിരിക്കുന്ന ഒരു സഹോദരനു മറ്റൊരു സഹോദരൻ ചില നല്ല ഉപദേശങ്ങൾ നൽകുന്നു.
^ ചിത്രത്തിന്റെ വിവരണം: ചെയ്തുകൊണ്ടിരുന്ന ജോലിയിൽനിന്ന് ഒരു സഹോദരന്റെ ശ്രദ്ധ മാറിപ്പോകുന്നു, അതു കാണുന്ന മൂപ്പൻ പക്ഷേ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല.