വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 23

മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ സഹായി​ക്കുക

മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ സഹായി​ക്കുക

“നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.”—മത്താ. 22:37.

ഗീതം 134 മക്കൾ—ദൈവം വിശ്വ​സി​ച്ചേൽപ്പി​ച്ചി​രി​ക്കുന്ന നിക്ഷേപം

ചുരുക്കം *

1-2. ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോൾ ചില തിരു​വെ​ഴു​ത്തു​കൾ നമുക്കു കൂടുതൽ പ്രധാ​ന​പ്പെ​ട്ട​താ​യി​ത്തീ​രു​ന്നത്‌ എങ്ങനെ?

 വിവാ​ഹ​ദി​വസം മനോ​ഹ​ര​മാ​യി ഒരുങ്ങി​വ​ന്നി​രി​ക്കുന്ന വധൂവ​ര​ന്മാർ. തങ്ങൾക്കു​വേണ്ടി നടത്തുന്ന വിവാ​ഹ​പ്ര​സം​ഗം അവർ ശ്രദ്ധി​ക്കു​ക​യാണ്‌. അവിടെ ചർച്ച ചെയ്യുന്ന ബൈബിൾത​ത്ത്വ​ങ്ങൾ അവർ ആദ്യമാ​യി​ട്ടല്ല കേൾക്കു​ന്നത്‌. പക്ഷേ അവരുടെ ജീവി​ത​ത്തിൽ ആ വിവര​ങ്ങൾക്ക്‌ ഇന്നുമു​തൽ പ്രത്യേ​ക​മായ ഒരു അർഥമുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം ഇനിമു​തൽ ദമ്പതി​ക​ളെന്ന നിലയിൽ അവർ ആ തത്ത്വങ്ങൾ അനുസ​രി​ക്കാൻപോ​കു​ക​യാണ്‌.

2 ഒരു ദമ്പതി​കൾക്കു മക്കൾ ഉണ്ടാകു​മ്പോ​ഴും അതു​പോ​ലെ​ത​ന്നെ​യാണ്‌. മക്കളെ വളർത്തു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ധാരാളം പ്രസം​ഗങ്ങൾ അവർ ഇതി​നോ​ടകം കേട്ടി​ട്ടു​ണ്ടാ​കും. എന്നാൽ അതിലെ തത്ത്വങ്ങൾക്ക്‌ ഇപ്പോൾമു​തൽ അവരുടെ ജീവി​ത​ത്തിൽ പ്രത്യേ​ക​മായ അർഥമുണ്ട്‌. കാരണം അവർക്കു മക്കളെ വളർത്താ​നുള്ള ഉത്തരവാ​ദി​ത്വം വന്നിരി​ക്കു​ക​യാണ്‌. അതൊരു നിസ്സാ​ര​കാ​ര്യ​മല്ല. ചില​പ്പോൾ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾക്കു മാറ്റം വരു​മ്പോ​ഴാ​ണു നമുക്ക്‌ അറിയാ​വുന്ന ചില തിരു​വെ​ഴു​ത്തു​ക​ളു​ടെ പ്രാധാ​ന്യം ശരിക്കും നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ ആരാധകർ തിരു​വെ​ഴു​ത്തു​കൾ വായി​ക്കു​ക​യും “ജീവി​ത​കാ​ലം മുഴുവൻ” അതു ധ്യാനി​ക്കു​ക​യും ചെയ്യു​ന്നത്‌.—ആവ. 17:19.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 മാതാ​പി​താ​ക്കളേ, മക്കളെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാ​നുള്ള വലി​യൊ​രു ഉത്തരവാ​ദി​ത്വം നിങ്ങൾക്കുണ്ട്‌. എന്നാൽ വെറുതേ ദൈവ​ത്തെ​ക്കു​റിച്ച്‌ കുറെ കാര്യങ്ങൾ അവർക്കു പറഞ്ഞു​കൊ​ടു​ത്താൽ പോരാ. യഹോ​വയെ ഉള്ളിന്റെ ഉള്ളിൽനിന്ന്‌ സ്‌നേ​ഹി​ക്കാൻ അവരെ സഹായി​ക്കണം. അതിനു​വേണ്ടി നിങ്ങൾക്ക്‌ എന്തു ചെയ്യാം? അതിനു സഹായി​ക്കുന്ന നാലു ബൈബിൾത​ത്ത്വ​ങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും. (2 തിമൊ. 3:16) ഈ ബൈബിൾനിർദേ​ശങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ ചില മാതാ​പി​താ​ക്കൾക്കു ലഭിച്ച പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ കാണും.

മാതാ​പി​താ​ക്കളെ സഹായി​ക്കുന്ന നാലു തത്ത്വങ്ങൾ

എല്ലായ്‌പോ​ഴും യഹോ​വ​യു​ടെ ഉപദേശം തേടു​ക​യും നല്ലൊരു മാതൃക വെക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ അതു നിങ്ങളു​ടെ മക്കളെ എങ്ങനെ സ്വാധീ​നി​ക്കും? (4, 8 ഖണ്ഡികകൾ കാണുക)

4. യഹോ​വ​യോ​ടുള്ള സ്‌നേഹം മക്കളുടെ ഹൃദയ​ത്തിൽ വളർത്തു​ന്ന​തി​നു മാതാ​പി​താ​ക്കളെ സഹായി​ക്കുന്ന ഒരു തത്ത്വം എന്താണ്‌? (യാക്കോബ്‌ 1:5)

4 തത്ത്വം 1: യഹോ​വ​യു​ടെ ഉപദേശം തേടുക. യഹോ​വ​യോ​ടുള്ള സ്‌നേഹം മക്കളിൽ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നുള്ള ജ്ഞാനത്തി​നാ​യി യഹോ​വ​യോ​ടു നിങ്ങൾക്കു പ്രാർഥി​ക്കാ​വു​ന്ന​താണ്‌. (യാക്കോബ്‌ 1:5 വായി​ക്കുക.) നിങ്ങൾക്ക്‌ ഏറ്റവും നല്ല ഉപദേശം തരാൻ യഹോ​വ​യ്‌ക്കേ കഴിയൂ. അതിനു ധാരാളം കാരണ​ങ്ങ​ളുണ്ട്‌. രണ്ടെണ്ണം നോക്കാം. ഒന്ന്‌, ഒരു പിതാ​വെന്ന നിലയിൽ ഏറ്റവും അനുഭ​വ​പ​രി​ച​യ​മു​ള്ളത്‌ യഹോ​വ​യ്‌ക്കാണ്‌. (സങ്കീ. 36:9) രണ്ട്‌, നമുക്കു തരുന്ന ഉപദേ​ശങ്ങൾ എപ്പോ​ഴും നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യാണ്‌.—യശ. 48:17.

5. (എ) മാതാ​പി​താ​ക്ക​ളു​ടെ സഹായ​ത്തി​നാ​യി യഹോ​വ​യു​ടെ സംഘടന എന്തൊക്കെ തന്നിരി​ക്കു​ന്നു? (ബി) മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിൽ അമോ​രിം ദമ്പതി​ക​ളു​ടെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌? (അടിക്കു​റി​പ്പു കാണുക.)

5 യഹോ​വ​യോ​ടുള്ള സ്‌നേഹം മക്കളിൽ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നു സഹായി​ക്കുന്ന ധാരാളം വിവരങ്ങൾ ബൈബി​ളി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ മാതാ​പി​താ​ക്കൾക്കു നൽകി​യി​ട്ടുണ്ട്‌. (മത്താ. 24:45) ഇതിന്‌ ഉദാഹ​ര​ണ​മാണ്‌, വർഷങ്ങ​ളാ​യി ഉണരുക! മാസി​ക​യിൽ പ്രസി​ദ്ധീ​ക​രി​ച്ചി​രുന്ന “കുടും​ബ​ങ്ങൾക്കു​വേണ്ടി” എന്ന ലേഖന​പ​രമ്പര. ഇപ്പോൾ അത്‌ jw.org-ലാണുള്ളത്‌. ആ ലേഖന​ങ്ങ​ളിൽ ദൈവ​ത്തി​ന്റെ ഉപദേ​ശങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​മെന്നു വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. കൂടാതെ ഇതി​നോ​ടു ബന്ധപ്പെട്ട ധാരാളം അഭിമു​ഖ​ങ്ങ​ളും നാടകാ​വി​ഷ്‌ക​ര​ണ​ങ്ങ​ളും ഈ സൈറ്റിൽ കാണാം. *സുഭാ. 2:4-6.

6. യഹോ​വ​യു​ടെ സംഘട​ന​യിൽനിന്ന്‌ തനിക്കും ഭാര്യ​ക്കും ലഭിച്ച ഉപദേ​ശ​ത്തെ​ക്കു​റിച്ച്‌ ഒരു പിതാവ്‌ പറഞ്ഞത്‌ എന്താണ്‌?

6 മക്കളെ വളർത്തു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ സംഘടന നൽകി​യി​രി​ക്കുന്ന എല്ലാ സഹായ​ങ്ങൾക്കും മാതാ​പി​താ​ക്കൾ നന്ദിയു​ള്ള​വ​രാണ്‌. ജോ എന്ന പിതാവ്‌ ഇങ്ങനെ പറയുന്നു: “മൂന്നു മക്കളെ സത്യത്തിൽ വളർത്തി​ക്കൊ​ണ്ടു​വ​രുക എന്നു പറയു​ന്നത്‌ ഒട്ടും എളുപ്പ​മുള്ള കാര്യമല്ല. ഞാനും ഭാര്യ​യും യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി എപ്പോ​ഴും പ്രാർഥി​ക്കും. ഞങ്ങൾ നേരി​ടുന്ന പ്രശ്‌ന​ത്തി​നു പരിഹാ​ര​മാ​യി​ട്ടുള്ള ഒരു ലേഖന​മോ വീഡി​യോ​യോ കൃത്യ​സ​മ​യ​ത്തു​തന്നെ കിട്ടു​ന്ന​താ​യി മിക്ക​പ്പോ​ഴും ഞങ്ങൾക്ക്‌ അനുഭ​വ​പ്പെ​ട്ടി​ട്ടുണ്ട്‌. യഹോ​വ​യു​ടെ മാർഗ​നിർദേശം തേടു​ന്ന​താണ്‌ ഏറ്റവും നല്ല വഴി എന്നു ഞങ്ങൾക്ക​റി​യാം.” യഹോ​വ​യു​ടെ സംഘടന പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും തങ്ങളുടെ മക്കളെ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ സഹായി​ച്ചി​രി​ക്കു​ന്ന​താ​യി ജോയും ഭാര്യ​യും മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.

7. മാതാ​പി​താ​ക്കൾ മക്കൾക്കു നല്ലൊരു മാതൃക വെക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (റോമർ 2:21)

7 തത്ത്വം 2: നല്ലൊരു മാതൃക വെക്കുക. മാതാ​പി​താ​ക്കൾ എന്താണു ചെയ്യു​ന്ന​തെന്നു മക്കൾ നന്നായി നിരീ​ക്ഷി​ക്കു​ക​യും അതു​പോ​ലെ​തന്നെ ചെയ്യാൻ ശ്രമി​ക്കു​ക​യും ചെയ്യും. മാതാ​പി​താ​ക്കൾ പൂർണരല്ല എന്നതു സത്യമാണ്‌. (റോമ. 3:23) എങ്കിലും ജ്ഞാനി​ക​ളായ മാതാ​പി​താ​ക്കൾ മക്കൾക്കു നല്ലൊരു മാതൃക വെക്കാൻ പരമാ​വധി ശ്രമി​ക്കു​ന്നു. (റോമർ 2:21 വായി​ക്കുക.) മക്കളെ​ക്കു​റിച്ച്‌ ഒരു പിതാവ്‌ ഇങ്ങനെ പറയുന്നു: “എല്ലാം വലി​ച്ചെ​ടു​ക്കുന്ന ഒരു സ്‌പോ​ഞ്ചു​പോ​ലെ​യാണ്‌ മക്കൾ. നമ്മൾ അവരോ​ടു ചെയ്യാൻ ആവശ്യ​പ്പെട്ട കാര്യങ്ങൾ നമ്മൾ ചെയ്‌തി​ല്ലെ​ങ്കിൽ ഉടനെ അവർ അതു പറയും.” മക്കൾ യഹോ​വയെ സ്‌നേ​ഹി​ക്ക​ണ​മെ​ങ്കിൽ ആദ്യം യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം ശക്തമാ​യി​രി​ക്കണം, അത്‌ അവർക്കു കാണാ​നു​മാ​കണം.

8-9. ആൻഡ്രൂ, എമ്മ എന്നിവ​രു​ടെ അഭി​പ്രാ​യ​ങ്ങ​ളിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

8 യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾക്കു പല വഴിക​ളുണ്ട്‌. 17 വയസ്സുള്ള ആൻഡ്രൂ പറയുന്നു: “എന്റെ മാതാ​പി​താ​ക്കൾ പ്രാർഥ​ന​യു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ പറയാ​റുണ്ട്‌. ഞാൻ സ്വന്തമാ​യി പ്രാർഥിച്ച്‌ കഴിഞ്ഞ​താ​ണെ​ങ്കിൽപ്പോ​ലും എന്നും രാത്രി ഡാഡി എന്റെ കൂടെ​യി​രു​ന്നു പ്രാർഥി​ക്കും. മാതാ​പി​താ​ക്കൾ എന്നോട്‌ എപ്പോ​ഴും പറയുന്ന ഒരു കാര്യ​മുണ്ട്‌: ‘നിനക്ക്‌ എത്ര തവണ വേണ​മെ​ങ്കി​ലും യഹോ​വ​യോ​ടു പ്രാർഥി​ക്കാം.’ അത്‌ എന്റെ മനസ്സിൽ പതിഞ്ഞു. എനിക്ക്‌ ഇപ്പോൾ യഹോ​വയെ എന്റെ സ്വന്തം പിതാ​വി​നെ​പ്പോ​ലെ കാണാ​നും സംസാ​രി​ക്കാ​നും പറ്റുന്നുണ്ട്‌.” മാതാ​പി​താ​ക്കളേ, യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം മക്കളെ എത്രയ​ധി​കം സ്വാധീ​നി​ക്കു​മെന്ന്‌ ഒരിക്ക​ലും മറക്കരുത്‌.

9 ഇനി, എമ്മ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​യു​ടെ അപ്പൻ കുടും​ബത്തെ ഉപേക്ഷിച്ച്‌ പോയി. അതോടെ അദ്ദേഹം വരുത്തി​വെച്ച വലിയ കടം വീട്ടേണ്ട ഉത്തരവാ​ദി​ത്വം അമ്മയ്‌ക്കാ​യി. എമ്മ പറയുന്നു: “ആവശ്യ​ത്തി​നു പണമി​ല്ലാ​തെ പല സമയത്തും അമ്മയ്‌ക്കു ബുദ്ധി​മു​ട്ടേ​ണ്ടി​വന്നു. എങ്കിലും യഹോവ തന്റെ ദാസന്മാർക്കു​വേണ്ടി എങ്ങനെ​യൊ​ക്കെ കരുതു​ന്നു​വെന്ന്‌ അമ്മ എപ്പോ​ഴും പറയാ​റുണ്ട്‌. അമ്മ അതു വെറുതേ പറയു​ന്ന​ത​ല്ലെന്ന്‌ അമ്മയുടെ ജീവി​ത​ത്തിൽനിന്ന്‌ എനിക്കു മനസ്സി​ലാ​യി. അമ്മ എന്നെ എന്തു പഠിപ്പി​ച്ചോ അതു​പോ​ലെ​ത​ന്നെ​യാണ്‌ അമ്മ ജീവി​ച്ച​തും.” ഈ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളി​ലാ​യി​രി​ക്കു​മ്പോ​ഴും മാതാ​പി​താ​ക്കൾക്കു തങ്ങളുടെ മാതൃ​ക​യി​ലൂ​ടെ മക്കളെ പഠിപ്പി​ക്കാ​നാ​കും.—ഗലാ. 6:9.

10. യഹോ​വ​യെ​ക്കു​റിച്ച്‌ കുട്ടി​ക​ളോ​ടു സംസാ​രി​ക്കാൻ ഇസ്രാ​യേല്യ മാതാ​പി​താ​ക്കൾക്ക്‌ ഏതെല്ലാം അവസര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു? (ആവർത്തനം 6:6, 7)

10 തത്ത്വം 3: കുട്ടി​ക​ളോ​ടു പതിവാ​യി സംസാ​രി​ക്കുക. തന്നെക്കു​റിച്ച്‌ പതിവാ​യി മക്കളെ പഠിപ്പി​ക്കാൻ യഹോവ ഇസ്രാ​യേല്യ മാതാ​പി​താ​ക്ക​ളോട്‌ ആവശ്യ​പ്പെട്ടു. (ആവർത്തനം 6:6, 7 വായി​ക്കുക.) മക്കളോ​ടു സംസാ​രി​ക്കാ​നും അവരുടെ ഉള്ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്താ​നും ആ മാതാ​പി​താ​ക്കൾക്കു ദിവസം മുഴു​വ​നും ധാരാളം അവസര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു ആൺകുട്ടി പാടത്തെ വിതയും കൊയ്‌ത്തും ഒക്കെയാ​യി അപ്പനോ​ടൊ​പ്പം ഒരുപാ​ടു സമയം ഉണ്ടായി​രി​ക്കും. ഇനി, ഒരു പെൺകു​ട്ടി​യാ​ണെ​ങ്കിൽ തുന്നൽപ്പ​ണി​ക​ളും മറ്റു വീട്ടു​ജോ​ലി​ക​ളും ഒക്കെയാ​യി ഏതാണ്ട്‌ പകൽ സമയം മുഴുവൻ അമ്മയോ​ടൊ​പ്പ​മാ​യി​രി​ക്കും. അങ്ങനെ മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും ഒരുമിച്ച്‌ ജോലി​കൾ ചെയ്യുന്ന സമയത്ത്‌ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സംസാ​രി​ക്കാൻ അവർക്കു കഴിഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ നന്മയെ​ക്കു​റി​ച്ചും യഹോവ അവരുടെ കുടും​ബത്തെ സഹായി​ക്കുന്ന വിധങ്ങ​ളെ​ക്കു​റി​ച്ചും അവർക്കു സംസാ​രി​ക്കാൻ പറ്റുമാ​യി​രു​ന്നു.

11. മാതാ​പി​താ​ക്കൾക്കു കുട്ടി​ക​ളോ​ടു സംസാ​രി​ക്കാൻ പറ്റുന്ന ഒരു അവസരം ഏതാണ്‌?

11 കാലം മാറി. പല സ്ഥലങ്ങളി​ലും പകൽ മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും ഒരുമി​ച്ചാ​യി​രി​ക്കുന്ന സമയം വളരെ കുറവാണ്‌. അപ്പനും അമ്മയും ജോലി​സ്ഥ​ല​ത്തും മക്കൾ സ്‌കൂ​ളി​ലും ആയിരി​ക്കും. അതു​കൊണ്ട്‌ മാതാ​പി​താ​ക്കൾ ശ്രമം ചെയ്‌ത്‌ കുട്ടി​ക​ളോ​ടു സംസാ​രി​ക്കാൻ സമയം കണ്ടെത്തണം. (എഫെ. 5:15, 16; ഫിലി. 1:10) അതിനുള്ള നല്ലൊരു അവസര​മാ​ണു കുടും​ബാ​രാ​ധന. 15 വയസ്സുള്ള അലക്‌സാ​ണ്ടർ പറയുന്നു: “ഒരാഴ്‌ച​പോ​ലും കുടും​ബാ​രാ​ധന മുടങ്ങാൻ പപ്പ സമ്മതി​ക്കില്ല. ഞങ്ങൾക്കെ​ല്ലാം ഒരുമി​ച്ചാ​യി​രി​ക്കാൻ കിട്ടുന്ന സമയമാണ്‌ അത്‌. കുടും​ബാ​രാ​ധന കഴിഞ്ഞ്‌ ഞങ്ങൾ ചുമ്മാ വർത്തമാ​നം പറഞ്ഞി​രി​ക്കും.”

12. കുടും​ബാ​രാ​ധ​ന​യു​ടെ സമയത്ത്‌ കുടും​ബ​നാ​ഥ​ന്മാർ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

12 നിങ്ങൾ ഒരു കുടും​ബ​നാ​ഥ​നാ​ണെ​ങ്കിൽ കുട്ടി​കൾക്ക്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ കുടും​ബാ​രാ​ധന നടത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും? ജീവിതം ആസ്വദി​ക്കാം എന്ന പുതിയ പുസ്‌തകം കുട്ടി​ക​ളും ഒരുമിച്ച്‌ പഠിക്കാൻ ശ്രമി​ച്ചു​കൂ​ടേ? ഈ പുസ്‌തകം ഉപയോ​ഗിച്ച്‌ പഠിക്കു​മ്പോൾ പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും തുറന്നു​സം​സാ​രി​ക്കാ​നുള്ള നല്ലനല്ല അവസരങ്ങൾ കിട്ടും. കുട്ടികൾ അവരുടെ ഉള്ളിലെ ചിന്തക​ളും ഉത്‌ക​ണ്‌ഠ​ക​ളും നിങ്ങ​ളോ​ടു പറയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? അതു​കൊണ്ട്‌ കുടും​ബാ​രാ​ധ​ന​യു​ടെ സമയം അവരുടെ കുറ്റം ചൂണ്ടി​ക്കാ​ണി​ക്കാ​നോ വഴക്കു​പ​റ​യാ​നോ ഉപയോ​ഗി​ക്ക​രുത്‌. അവർ ഉള്ളുതു​റ​ക്കു​മ്പോൾ ബൈബി​ളി​നോ​ടു യോജി​ക്കാത്ത ഒരു കാര്യ​മാ​ണു പറയു​ന്ന​തെ​ങ്കി​ലും പെട്ടെന്നു പൊട്ടി​ത്തെ​റി​ക്കാ​തി​രി​ക്കുക. പകരം ഉള്ളിലു​ള്ളതു സത്യസ​ന്ധ​മാ​യി തുറന്നു​പ​റ​ഞ്ഞ​തിന്‌ അവരെ അഭിന​ന്ദി​ക്കുക. ഇനിയും അങ്ങനെ മനസ്സി​ലു​ള്ളതു തുറന്നു​പ​റ​യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക. അവരുടെ ഉള്ളിലു​ള്ളത്‌ എന്താ​ണെന്നു മനസ്സി​ലാ​യാൽ മാത്രമേ നിങ്ങൾക്ക്‌ അവരെ ഏറ്റവും നന്നായി സഹായി​ക്കാൻ പറ്റുക​യു​ള്ളൂ.

സൃഷ്ടികൾ ഉപയോ​ഗിച്ച്‌ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ കുട്ടി​കളെ പഠിപ്പി​ക്കാം? (13-ാം ഖണ്ഡിക കാണുക)

13. യഹോ​വ​യോട്‌ അടുക്കാൻ കുട്ടി​കളെ സഹായി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾക്കു മറ്റ്‌ ഏതെല്ലാം അവസര​ങ്ങ​ളുണ്ട്‌?

13 മാതാ​പി​താ​ക്കളേ, യഹോ​വ​യോട്‌ അടുക്കാൻ കുട്ടി​കളെ സഹായി​ക്കാ​നാ​കുന്ന അവസരങ്ങൾ കണ്ടെത്താൻ എപ്പോ​ഴും ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക. യഹോ​വ​യെ​ക്കു​റിച്ച്‌ കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തിന്‌ അവരു​മാ​യുള്ള ബൈബിൾപ​ഠ​ന​ത്തി​ന്റെ സമയം​വരെ നോക്കി​യി​രി​ക്കേ​ണ്ട​തില്ല. ലിസ എന്ന ഒരു അമ്മ ഇങ്ങനെ പറയുന്നു: “യഹോ​വ​യെ​ക്കു​റിച്ച്‌ കുട്ടി​കളെ പഠിപ്പി​ക്കാൻ, ചുറ്റു​മു​ള്ള​തെ​ല്ലാം ഞങ്ങൾ ഉപയോ​ഗി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങളുടെ പട്ടിയു​ടെ കുസൃ​തി​കൾ കണ്ട്‌ കുട്ടികൾ ചിരി​ക്കു​മ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കാൻ ആ അവസരം ഞങ്ങൾ ഉപയോ​ഗി​ക്കും. നമ്മുടെ സ്രഷ്ടാ​വായ ദൈവം തമാശ​യൊ​ക്കെ ഇഷ്ടപ്പെ​ടുന്ന ദൈവ​മാ​ണെ​ന്നും നമ്മളും അതൊക്കെ ആസ്വദി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും ഞങ്ങൾ അവർക്കു പറഞ്ഞു​കൊ​ടു​ക്കും.”

മാതാ​പി​താ​ക്കളേ, മക്കളുടെ കൂട്ടു​കാ​രെ നിങ്ങൾക്ക്‌ അറിയാ​മോ? (14-ാം ഖണ്ഡിക കാണുക) *

14. നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കാൻ മാതാ​പി​താ​ക്കൾ കുട്ടി​കളെ സഹായി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സുഭാ​ഷി​തങ്ങൾ 13:20)

14 തത്ത്വം 4: നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ മക്കളെ സഹായി​ക്കുക. ദൈവ​വ​ചനം പറയു​ന്ന​ത​നു​സ​രിച്ച്‌ കൂട്ടു​കാർക്കു നമ്മളെ നല്ല രീതി​യി​ലോ മോശം രീതി​യി​ലോ സ്വാധീ​നി​ക്കാ​നാ​കും. (സുഭാ​ഷി​തങ്ങൾ 13:20 വായി​ക്കുക.) മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ കുട്ടി​ക​ളു​ടെ കൂട്ടു​കാ​രെ നിങ്ങൾക്ക്‌ അറിയാ​മോ? നിങ്ങൾ അവരെ കാണു​ക​യും സംസാ​രി​ക്കു​ക​യും ഒക്കെ ചെയ്‌തി​ട്ടു​ണ്ടോ? യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരെ കൂട്ടു​കാ​രാ​ക്കാൻ മക്കളെ നിങ്ങൾക്ക്‌ എങ്ങനെ സഹായി​ക്കാം? (1 കൊരി. 15:33) കുട്ടി​ക​ളു​ടെ​കൂ​ടെ എന്തെങ്കി​ലു​മൊ​ക്കെ ചെയ്യു​മ്പോൾ നിങ്ങളു​ടെ ഒപ്പം കൂടാൻ യഹോ​വയെ സ്‌നേ​ഹി​ക്കുന്ന, നല്ല ആത്മീയ​ത​യുള്ള ആരെ​യെ​ങ്കി​ലും ക്ഷണിക്കാം. അതു നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കാൻ കുട്ടി​കളെ സഹായി​ക്കും.—സങ്കീ. 119:63.

15. നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ മാതാ​പി​താ​ക്കൾക്കു കുട്ടി​കളെ എങ്ങനെ സഹായി​ക്കാം?

15 അഞ്ചു മക്കളുടെ അപ്പനാണു ടോണി സഹോ​ദരൻ. നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ മക്കളെ സഹായി​ക്കു​ന്ന​തി​നു താനും ഭാര്യ​യും എന്തൊ​ക്കെ​യാ​ണു ചെയ്‌ത​തെന്നു സഹോ​ദരൻ പറയുന്നു: “പല പ്രായ​ത്തി​ലുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ വീട്ടി​ലേക്കു ക്ഷണിക്കു​ന്നതു ഞങ്ങളുടെ ഒരു പതിവാണ്‌. ഞങ്ങൾ ഒരുമിച്ച്‌ ഭക്ഷണം കഴിക്കു​ക​യും കുടും​ബാ​രാ​ധന നടത്തു​ക​യും ചെയ്യും. സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കുന്ന സഹോ​ദ​ര​ങ്ങളെ അടുത്ത്‌ അറിയാൻ ഇതു നല്ലൊരു അവസര​മാണ്‌. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും മിഷന​റി​മാ​രെ​യും വീട്ടിൽ താമസി​പ്പി​ക്കാൻ ഞങ്ങൾക്കു പറ്റിയി​ട്ടുണ്ട്‌. ദൈവ​സേ​വ​ന​ത്തി​നു​വേണ്ടി അവർ ചെയ്യുന്ന ത്യാഗ​ങ്ങ​ളും അവരുടെ തീക്ഷ്‌ണ​ത​യും ഒക്കെ കണ്ടതും അവരുടെ നല്ല അനുഭ​വങ്ങൾ കേട്ടതും കുട്ടി​കളെ ശരിക്കും സ്വാധീ​നി​ച്ചു. അത്‌ അവരെ യഹോ​വ​യോ​ടു കൂടുതൽ അടുപ്പി​ച്ചു.” അതു​കൊണ്ട്‌ മാതാ​പി​താ​ക്കളേ, കുട്ടി​കൾക്കു നല്ല സഹവാ​സ​ത്തി​നുള്ള അവസരങ്ങൾ ഒരുക്കി​ക്കൊ​ടു​ക്കുക.

പ്രതീക്ഷ കൈവി​ട​രുത്‌!

16. നിങ്ങളു​ടെ കുട്ടി യഹോ​വയെ സേവി​ക്കേണ്ടാ എന്നു തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

16 നിങ്ങൾ പരമാ​വധി ശ്രമി​ച്ചി​ട്ടും നിങ്ങളു​ടെ മക്കളിൽ ഒരാൾ യഹോ​വയെ സേവി​ക്കേണ്ടാ എന്നു തീരു​മാ​നി​ക്കു​ന്നെ​ങ്കി​ലോ? മാതാ​പി​താ​ക്ക​ളെന്ന നിലയിൽ നിങ്ങൾ ഒരു പരാജ​യ​മാ​ണെന്നു ചിന്തി​ക്ക​രുത്‌. സ്വയം തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പ്രാപ്‌തി നിങ്ങളു​ടെ മക്കൾക്ക്‌ ഉൾപ്പെടെ എല്ലാവർക്കും യഹോവ നൽകി​യി​ട്ടുണ്ട്‌. അതു​കൊണ്ട്‌ യഹോ​വയെ സേവി​ക്ക​ണോ വേണ്ടയോ എന്നത്‌ ഓരോ വ്യക്തി​യു​ടെ​യും തീരു​മാ​ന​മാണ്‌. നിങ്ങളു​ടെ കുട്ടി യഹോ​വയെ ഉപേക്ഷി​ക്കാൻ തീരു​മാ​നി​ച്ചെ​ങ്കിൽ അവൻ ഒരു ദിവസം തിരി​ച്ചു​വ​രും എന്ന പ്രതീക്ഷ കൈവി​ട​രുത്‌. ധൂർത്ത​പു​ത്രന്റെ ദൃഷ്ടാന്തം ഓർക്കുക. (ലൂക്കോ. 15:11-19, 22-24) ആ ചെറു​പ്പ​ക്കാ​രൻ ഒരുപാ​ടു മോശം കാര്യങ്ങൾ ചെയ്‌തു. എന്നിട്ടും അവസാനം തിരി​ച്ചു​വന്നു. “അതു വെറു​മൊ​രു കഥയല്ലേ, ശരിക്കുള്ള ജീവി​ത​ത്തിൽ അങ്ങനെ​യൊ​ക്കെ നടക്കു​മോ” എന്നു ചിലർ പറഞ്ഞേ​ക്കാം. തീർച്ച​യാ​യും അങ്ങനെ സംഭവി​ക്കാം. ഏലി എന്നു പേരുള്ള ചെറു​പ്പ​ക്കാ​രന്റെ അനുഭവം അതാണു തെളി​യി​ക്കു​ന്നത്‌.

17. ഏലിയു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

17 തന്റെ മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ ഏലി പറയുന്നു: “യഹോ​വ​യോ​ടും അവന്റെ വചനമായ ബൈബി​ളി​നോ​ടും ഉള്ള സ്‌നേഹം എന്നിൽ വളർത്തി​യെ​ടു​ക്കാൻ അവർ ആവുന്നത്ര ശ്രമി​ച്ചി​രു​ന്നു. പക്ഷേ കൗമാ​ര​മാ​യ​പ്പോ​ഴേ​ക്കും ഞാൻ ഒരു താന്തോ​ന്നി​യാ​യി​ത്തീർന്നു.” ഏലി പല തെറ്റായ കാര്യ​ങ്ങ​ളും രഹസ്യ​ത്തിൽ ചെയ്യാൻതു​ടങ്ങി. യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​കാ​തി​രി​ക്കു​ന്ന​തിന്‌ ഏലിയെ സഹായി​ക്കാൻ മാതാ​പി​താ​ക്കൾ ശ്രമി​ച്ചെ​ങ്കി​ലും അവൻ അവരെ ശ്രദ്ധി​ച്ചില്ല. വീടു വിട്ട്‌ ഇറങ്ങിയ ഏലി വളരെ മോശ​മായ ഒരു ജീവിതം നയിച്ചു. എങ്കിലും അദ്ദേഹം ഇടയ്‌ക്കൊ​ക്കെ ഒരു കൂട്ടു​കാ​ര​നോ​ടു ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്യു​മാ​യി​രു​ന്നു. ഏലി പറയുന്നു: “എത്ര​ത്തോ​ളം ഞാൻ അവനോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ സംസാ​രി​ച്ചോ അത്ര​ത്തോ​ളം ഞാനും യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻതു​ടങ്ങി. എന്റെ ഹൃദയ​ത്തിൽ ഉറങ്ങി​ക്കി​ട​ന്നി​രുന്ന ബൈബിൾസ​ത്യ​ങ്ങൾ, അച്ഛനമ്മ​മാർ കഠിന​ശ്രമം ചെയ്‌ത്‌ വളർത്താൻനോ​ക്കിയ വിത്തുകൾ, പതി​യെ​പ്പ​തി​യെ മുള​പൊ​ട്ടാൻ തുടങ്ങി.” കുറച്ച്‌ നാളു​കൾക്കു​ശേഷം ഏലി സത്യത്തി​ലേക്കു തിരി​ച്ചു​വന്നു. * ചെറു​പ്രാ​യ​ത്തിൽത്തന്നെ മകന്റെ ഹൃദയ​ത്തിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്താൻ ശ്രമി​ച്ച​തിൽ ഏലിയു​ടെ മാതാ​പി​താ​ക്കൾക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും!—2 തിമൊ. 3:14, 15.

18. കുട്ടി​ക​ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്താൻ കഠിന​ശ്രമം ചെയ്യുന്ന മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

18 മാതാ​പി​താ​ക്കളേ, യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ഒരു പുതിയ തലമു​റയെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള വില​യേ​റിയ ഒരു അവസര​മാ​ണു നിങ്ങൾക്കു ലഭിച്ചി​രി​ക്കു​ന്നത്‌. (സങ്കീ. 78:4-6) പക്ഷേ അത്‌ അത്ര എളുപ്പമല്ല. കുട്ടി​കളെ സഹായി​ക്കാ​നാ​യി നിങ്ങൾ ചെയ്യുന്ന എല്ലാ കഠിന​ശ്ര​മ​ങ്ങ​ളെ​യും ഞങ്ങൾ അഭിന​ന്ദി​ക്കു​ന്നു. തുടർന്നും യഹോ​വയെ സ്‌നേ​ഹി​ക്കാൻ നിങ്ങളു​ടെ കുട്ടി​കളെ സഹായി​ക്കുക. അവരെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രുക. നിങ്ങൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മുടെ സ്‌നേ​ഹ​വാ​നായ പിതാവ്‌ ഉറപ്പാ​യും അതിൽ സന്തോ​ഷി​ക്കും.—എഫെ. 6:4.

ഗീതം 135 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

^ മാതാപിതാക്കൾ മക്കളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു. അവർ മക്കളുടെ എല്ലാ ആവശ്യ​ങ്ങൾക്കു​മാ​യി കരുതു​ന്നു, അവർ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ഏറ്റവും പ്രധാ​ന​മാ​യി, മക്കളുടെ ഉള്ളിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം വളർത്താൻ അവർ പരമാ​വധി ശ്രമി​ക്കു​ന്നു. ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ മാതാ​പി​താ​ക്കളെ സഹായി​ക്കുന്ന നാലു ബൈബിൾത​ത്ത്വ​ങ്ങൾ നമ്മൾ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.

^ 2012 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം​വ​രു​ത്തു​ന്നു” എന്ന ലേഖനം കാണുക.

^ ചിത്രത്തിന്റെ വിവരണം: ഒരു അപ്പൻ മകന്റെ​യും മകന്റെ കൂട്ടു​കാ​ര​ന്റെ​യും കൂടെ ബാസ്‌ക​റ്റ്‌ബോൾ കളിക്കു​ന്നു. അങ്ങനെ മകന്റെ കൂട്ടു​കാ​രെ അറിയാൻ ശ്രമി​ക്കു​ന്നു.