വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 20

വെളി​പാട്‌—ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കു സംഭവി​ക്കാൻപോ​കു​ന്നത്‌

വെളി​പാട്‌—ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്കു സംഭവി​ക്കാൻപോ​കു​ന്നത്‌

“അവ അവരെ എബ്രായ ഭാഷയിൽ അർമ​ഗെ​ദോൻ എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ കൂട്ടി​ച്ചേർത്തു.”—വെളി. 16:16.

ഗീതം 150 വിടു​ത​ലി​നാ​യി ദൈവത്തെ അന്വേഷിക്കാം

ചുരുക്കം *

1. സാത്താൻ ദൈവ​ജ​ന​ത്തോട്‌ എന്തു ചെയ്യു​ന്ന​താ​യി വെളി​പാട്‌ പുസ്‌തകം പറയുന്നു?

 ദൈവ​ത്തി​ന്റെ രാജ്യം സ്വർഗ​ത്തിൽ ഭരണം ആരംഭി​ച്ചി​രി​ക്കു​ന്നെ​ന്നും സാത്താനെ അവി​ടെ​നിന്ന്‌ പുറന്ത​ള്ളി​യി​രി​ക്കു​ന്നെ​ന്നും വെളി​പാട്‌ പുസ്‌തകം കാണി​ച്ചു​ത​രു​ന്നു. (വെളി. 12:1-9) സാത്താനെ പുറത്താ​ക്കി​യ​തോ​ടെ സ്വർഗ​ത്തി​ലു​ള്ള​വർക്കു സന്തോ​ഷ​മാ​യി. എന്നാൽ ഇവിടെ ഭൂമി​യിൽ ജീവി​ക്കുന്ന നമുക്ക്‌ അതു കൂടുതൽ പ്രശ്‌ന​ങ്ങൾക്ക്‌ ഇടയാക്കി. കാരണം, ഇന്നു ഭൂമി​യിൽ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വരെ ആക്രമി​ക്കാൻ അവൻ ദേഷ്യ​ത്തോ​ടെ ലക്ഷ്യം വെച്ചി​രി​ക്കു​ക​യാണ്‌.—വെളി. 12:12, 15, 17.

2. വിശ്വ​സ്‌ത​രാ​യി നിൽക്കാൻ നമ്മളെ എന്തു സഹായി​ക്കും?

2 സാത്താന്റെ ആക്രമ​ണ​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും നമുക്ക്‌ എങ്ങനെ വിശ്വ​സ്‌ത​രാ​യി നിൽക്കാ​നാ​കും? (വെളി. 13:10) ഭാവി​യിൽ എന്തു സംഭവി​ക്കാൻപോ​കു​ന്നെന്ന്‌ അറിയു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പെട്ടെ​ന്നു​തന്നെ നമുക്കു കിട്ടാ​നി​രി​ക്കുന്ന വലിയ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ വിവരി​ക്കു​ന്നുണ്ട്‌. ആ അനു​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്നാ​ണു ശത്രു​ക്ക​ളു​ടെ നാശം. അതു​കൊണ്ട്‌ നമുക്ക്‌ ഇപ്പോൾ, വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ശത്രുക്കൾ ആരാ​ണെ​ന്നും അവർക്കു സംഭവി​ക്കാൻപോ​കു​ന്നത്‌ എന്താ​ണെ​ന്നും നോക്കാം.

ദൈവ​ത്തി​ന്റെ ശത്രു​ക്കളെ സൂചി​പ്പി​ക്കുന്ന ‘അടയാ​ളങ്ങൾ’

3. വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചില അടയാ​ളങ്ങൾ ഏതൊ​ക്കെ​യാണ്‌?

3 വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ‘അടയാ​ള​ങ്ങ​ളി​ലൂ​ടെ​യാ​ണു’ കാര്യങ്ങൾ വിവരി​ച്ചി​രി​ക്കു​ന്നത്‌, അതായത്‌ ആലങ്കാ​രി​ക​ഭാ​ഷ​യിൽ. (വെളി. 1:1) അതിന്റെ ആദ്യവാ​ക്യ​ത്തിൽത്തന്നെ അക്കാര്യം പറഞ്ഞി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളെ​ക്കു​റിച്ച്‌ വിവരി​ക്കാൻ ചില കാട്ടു​മൃ​ഗ​ങ്ങളെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ‘കടലിൽനിന്ന്‌ കയറി​വ​രുന്ന ഒരു കാട്ടു​മൃ​ഗ​ത്തെ​ക്കു​റിച്ച്‌’ നമ്മൾ വായി​ക്കു​ന്നു. അതിനു “പത്തു കൊമ്പും ഏഴു തലയും” ഉണ്ട്‌. (വെളി. 13:1) ആ കാട്ടു​മൃ​ഗ​ത്തി​ന്റെ പുറകേ ‘വേറൊ​രു കാട്ടു​മൃ​ഗം ഭൂമി​യിൽനിന്ന്‌ കയറി​വ​രു​ന്ന​താ​യും’ പറഞ്ഞി​രി​ക്കു​ന്നു. അത്‌ ഒരു ഭീകര​സർപ്പ​ത്തെ​പ്പോ​ലെ സംസാ​രി​ക്കു​ന്നു. മാത്രമല്ല, അത്‌ “ആകാശ​ത്തു​നിന്ന്‌ ഭൂമി​യി​ലേക്കു തീയി​റ​ക്കു​ക​പോ​ലും ചെയ്യുന്നു.” (വെളി. 13:11-13) തുടർന്ന്‌ മറ്റൊരു കാട്ടു​മൃ​ഗ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌, “കടുഞ്ചു​വപ്പു നിറമുള്ള” ഒരു കാട്ടു​മൃ​ഗം. അതിന്റെ പുറത്ത്‌ ഒരു വേശ്യ ഇരിപ്പുണ്ട്‌. വളരെ​ക്കാ​ല​മാ​യി യഹോ​വ​യെ​യും ദൈവ​രാ​ജ്യ​ത്തെ​യും എതിർത്തു​കൊ​ണ്ടി​രി​ക്കുന്ന ശത്രു​ക്ക​ളെ​യാണ്‌ ഈ മൂന്നു കാട്ടു​മൃ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ അവർ ആരാ​ണെന്നു തിരി​ച്ച​റി​യു​ന്നതു വളരെ പ്രധാ​ന​മാണ്‌.—വെളി. 17:1, 3.

നാലു കൂറ്റൻ മൃഗങ്ങൾ

അവ “സമുദ്രത്തിൽനിന്ന്‌” കയറിവരുന്നു. (ദാനി. 7:1-8, 15-17) ദാനിയേലിന്റെ കാലം​മു​തൽ ഇങ്ങോട്ട്‌ ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ശ്രദ്ധേ​യ​മായ വിധത്തിൽ ഇടപെ​ട്ടി​ട്ടുള്ള ലോക​ശ​ക്തി​ക​ളാണ്‌ അവ. (4, 7 ഖണ്ഡികകൾ കാണുക)

4-5. ദാനി​യേൽ 7:15-17-ൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ കാട്ടു​മൃ​ഗ​ങ്ങളെ തിരി​ച്ച​റി​യാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

4 ആലങ്കാ​രി​ക​ഭാഷ ഉപയോ​ഗിച്ച്‌ പറഞ്ഞി​രി​ക്കുന്ന ഈ ശത്രുക്കൾ ആരാ​ണെന്നു മനസ്സി​ലാ​ക്കാൻ ബൈബി​ളി​ലെ മറ്റു ഭാഗങ്ങൾ നമ്മളെ സഹായി​ക്കും. അതി​ലൊ​ന്നാ​ണു ദാനി​യേൽ പുസ്‌തകം. വെളി​പാ​ടിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പല അടയാ​ള​ങ്ങ​ളു​ടെ​യും വിശദീ​ക​രണം നമുക്ക്‌ ആ പുസ്‌ത​ക​ത്തിൽ കാണാം. ഉദാഹ​ര​ണ​ത്തിന്‌, ദാനി​യേൽ ഒരു സ്വപ്‌ന​ത്തിൽ ‘സമു​ദ്ര​ത്തിൽനിന്ന്‌ നാലു കൂറ്റൻ മൃഗങ്ങൾ കയറി​വ​രു​ന്ന​താ​യി’ കണ്ടു. (ദാനി. 7:1-3) അവ എന്തി​നെ​യാ​ണു ചിത്രീ​ക​രി​ച്ച​തെന്നു ദാനി​യേൽതന്നെ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. ഈ വലിയ നാലു മൃഗങ്ങൾ നാലു ‘രാജാ​ക്ക​ന്മാർ’ അഥവാ ഗവൺമെ​ന്റു​ക​ളാണ്‌. (ദാനി​യേൽ 7:15-17 വായി​ക്കുക.) അതിൽനിന്ന്‌ ഒരു കാര്യം നമുക്കു മനസ്സി​ലാ​ക്കാം: വെളി​പാ​ടിൽ പറഞ്ഞി​രി​ക്കുന്ന ഈ മൃഗങ്ങ​ളും രാഷ്‌ട്രീ​യ​ശ​ക്തി​ക​ളെ​ത്ത​ന്നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌.

5 ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ വെളി​പാ​ടിൽ പറഞ്ഞി​രി​ക്കുന്ന ചില അടയാ​ള​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു നോക്കാം. ഈ കാട്ടു​മൃ​ഗങ്ങൾ ഏതെല്ലാം ഗവൺമെ​ന്റു​ക​ളെ​യാ​ണു സൂചി​പ്പി​ക്കു​ന്ന​തെന്നു നമ്മൾ ആദ്യം കാണും. തുടർന്ന്‌, അവയ്‌ക്ക്‌ എന്താണു സംഭവി​ക്കാൻപോ​കു​ന്നത്‌, അതു മനസ്സി​ലാ​ക്കു​മ്പോൾ നമ്മൾ എന്തു ചെയ്യണം എന്നീ കാര്യ​ങ്ങ​ളും പഠിക്കും.

ദൈവ​ത്തി​ന്റെ ശത്രു​ക്കളെ തിരിച്ചറിയാം

ഏഴു തലയുള്ള കാട്ടു​മൃ​ഗം

അത്‌ “കടലിൽനിന്ന്‌” കയറിവരുന്നു. അതിന്‌ ഏഴു തലയും പത്തു കൊമ്പും പത്തു കിരീടവും ഉണ്ട്‌. (വെളി. 13:1-4) മനുഷ്യരെ ഇക്കാലംവരെ ഭരിച്ചിട്ടുള്ള എല്ലാ ഗവൺമെന്റുകളെയുമാണ്‌ അതു സൂചിപ്പിക്കുന്നത്‌. ഏഴു തല ദൈവജനത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ വിധത്തിൽ ഇടപെട്ടിട്ടുള്ള ഏഴു ലോകശക്തികളാണ്‌. (6-8 ഖണ്ഡികകൾ കാണുക.)

6. വെളി​പാട്‌ 13:1-4-ൽ പറഞ്ഞി​രി​ക്കുന്ന ഏഴു തലയുള്ള കാട്ടു​മൃ​ഗം എന്താണ്‌?

6 ഏഴു തലയുള്ള കാട്ടു​മൃ​ഗം എന്താണ്‌? (വെളി​പാട്‌ 13:1-4 വായി​ക്കുക.) ഈ കാട്ടു​മൃ​ഗം പുള്ളി​പ്പു​ലി​യെ​പ്പോ​ലെ​യി​രി​ക്കു​ന്ന​താ​യി വെളി​പാ​ടിൽ നമ്മൾ വായി​ക്കു​ന്നു. എന്നാൽ അതിന്റെ പാദം കരടി​യു​ടേ​തു​പോ​ലെ​യും വായ്‌ സിംഹ​ത്തി​ന്റേ​തു​പോ​ലെ​യും ആയിരു​ന്നു. അതിനു പത്തു കൊമ്പും ഉണ്ടായി​രു​ന്നു. ഈ ഓരോ​രോ സവി​ശേ​ഷ​തകൾ ദാനി​യേൽ 7-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന നാലു മൃഗങ്ങ​ളി​ലാ​യി കാണാം. എന്നാൽ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ഒരു മൃഗത്തി​നു​തന്നെ ആ പ്രത്യേ​ക​തകൾ എല്ലാമു​ള്ള​താ​യി പറഞ്ഞി​രി​ക്കു​ന്നു. ഈ കാട്ടു​മൃ​ഗം ഏതെങ്കി​ലും ഒരു ഗവൺമെ​ന്റി​നെ​യോ ഒരു സാമ്രാ​ജ്യ​ത്തെ​യോ അല്ല സൂചി​പ്പി​ക്കു​ന്നത്‌. അതിന്‌ “എല്ലാ ഗോ​ത്ര​ങ്ങ​ളു​ടെ​യും വംശങ്ങ​ളു​ടെ​യും ഭാഷക്കാ​രു​ടെ​യും ജനതക​ളു​ടെ​യും മേൽ” അധികാ​രം ഉള്ളതായി നമ്മൾ വായി​ക്കു​ന്നു. (വെളി. 13:7) അതു​കൊണ്ട്‌, ഈ കാട്ടു​മൃ​ഗം സൂചി​പ്പി​ക്കു​ന്നതു മനുഷ്യ​രെ ഇക്കാലം​വരെ ഭരിച്ചി​ട്ടുള്ള എല്ലാ ഗവൺമെ​ന്റു​ക​ളെ​യു​മാണ്‌. *സഭാ. 8:9.

7. കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴു തല എന്തിനെ അർഥമാ​ക്കു​ന്നു?

7 കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴു തല എന്തി​നെ​യാണ്‌ അർഥമാ​ക്കു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ വെളി​പാട്‌ 17-ാം അധ്യായം നമ്മളെ സഹായി​ക്കും. അവിടെ, വെളി​പാട്‌ 13-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാട്ടു​മൃ​ഗ​ത്തി​ന്റെ ഒരു പ്രതി​മ​യെ​ക്കു​റിച്ച്‌ വിവരി​ക്കു​ന്നു. വെളി​പാട്‌ 17:10 ഇങ്ങനെ പറയുന്നു: “ഇവ ഏഴു രാജാ​ക്ക​ന്മാർ; അഞ്ചു പേർ വീണു​പോ​യി; ഒരാൾ ഇപ്പോ​ഴുണ്ട്‌; മറ്റേയാൾ ഇനിയും വന്നിട്ടില്ല. വന്നാൽപ്പി​ന്നെ അയാൾ അൽപ്പകാ​ലം ഉണ്ടായി​രി​ക്കേ​ണ്ട​താണ്‌.” എല്ലാ ഗവൺമെ​ന്റു​ക​ളും സാത്താന്റെ കൈയി​ലെ ഉപകര​ണ​ങ്ങ​ളാ​ണെ​ങ്കി​ലും അവയിൽ ഏഴെണ്ണം എടുത്തു​പ​റ​യേ​ണ്ട​വ​യാണ്‌. അതു​കൊണ്ട്‌ അവയെ “തല” ആയി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. കാരണം ദൈവ​ജ​ന​ത്തിൽ പലരും ഈ ഗവൺമെ​ന്റു​ക​ളു​ടെ പ്രദേ​ശത്ത്‌ താമസി​ക്കു​ക​യും അവരുടെ വെറു​പ്പിന്‌ ഇരയാ​കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. യോഹ​ന്നാൻ അപ്പോ​സ്‌ത​ലന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈജി​പ്‌ത്‌, അസീറിയ, ബാബി​ലോൺ, മേദോ-പേർഷ്യ, ഗ്രീസ്‌ എന്നിങ്ങനെ ആദ്യത്തെ അഞ്ചു ലോക​ശ​ക്തി​ക​ളു​ടെ ഭരണം അവസാ​നി​ച്ചി​രു​ന്നു. ആറാമത്തെ ലോക​ശ​ക്തി​യായ റോമാണ്‌ അപ്പോൾ ഭരണം നടത്തി​യി​രു​ന്നത്‌. എന്നാൽ ഏഴാമ​ത്തേ​തും അവസാ​ന​ത്തേ​തും ആയ ലോക​ശക്തി, അഥവാ തല ഏതായി​രി​ക്കു​മാ​യി​രു​ന്നു?

8. കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തല എന്തി​നെ​യാ​ണു സൂചി​പ്പി​ച്ചത്‌?

8 ഈ അവസാ​ന​കാ​ലത്ത്‌, അതായത്‌ ‘കർത്താ​വി​ന്റെ ദിവസ​ത്തിൽ’ ഏതു ലോക​ശ​ക്തി​യാ​ണു ഭരണം നടത്തു​ന്നത്‌? (വെളി. 1:10) ബ്രിട്ട​നും അമേരി​ക്ക​യും ചേർന്ന ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി. അതു​കൊണ്ട്‌, വെളി​പാട്‌ 13:1-4-ൽ പറഞ്ഞി​രി​ക്കുന്ന കാട്ടു​മൃ​ഗ​ത്തി​ന്റെ ഏഴാമത്തെ തല ഈ ലോക​ശ​ക്തി​യാ​ണെന്നു നമുക്കു മനസ്സി​ലാ​ക്കാം. അതു തിരി​ച്ച​റി​യാൻ ദാനി​യേൽ പുസ്‌ത​ക​മാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌.

കുഞ്ഞാ​ടി​നെ​പ്പോ​ലെ രണ്ടു കൊമ്പുള്ള കാട്ടു​മൃ​ഗം

അതു “ഭൂമി​യിൽനിന്ന്‌ കയറി​വ​രു​ന്നു,” “ഭീകര​സർപ്പ​ത്തെ​പ്പോ​ലെ” സംസാ​രി​ക്കു​ക​യും ചെയ്യുന്നു. ഈ കാട്ടു​മൃ​ഗം ‘ആകാശ​ത്തു​നിന്ന്‌ ഭൂമി​യി​ലേക്കു തീയി​റ​ക്കു​ക​യും’ ‘കള്ളപ്ര​വാ​ച​ക​നെ​പ്പോ​ലെ’ അടയാ​ളങ്ങൾ കാണി​ക്കു​ക​യും ചെയ്യുന്നു. (വെളി. 13:11-15; 16:13; 19:20) രണ്ടു കൊമ്പുള്ള കാട്ടുമൃഗം സൂചിപ്പിക്കുന്നത്‌ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെയാണ്‌ ഒരു കള്ളപ്രവാചകനെപ്പോലെ അതു ഭൂവാസികളെ വഴിതെറ്റിക്കുന്നു; അവരോട്‌ ഏഴു തലയും പത്തു കൊമ്പും ഉള്ള “കാട്ടുമൃഗത്തിന്റെ പ്രതിമ ഉണ്ടാക്കാൻ” ആവശ്യപ്പെടുന്നു. (9-ാം ഖണ്ഡിക കാണുക)

9. ‘കുഞ്ഞാ​ടി​നെ​പ്പോ​ലെ രണ്ടു കൊമ്പു​ണ്ടാ​യി​രുന്ന’ കാട്ടു​മൃ​ഗം എന്തി​നെ​യാണ്‌ അർഥമാ​ക്കി​യത്‌?

9 വെളി​പാട്‌ 13-ാം അധ്യാ​യ​ത്തിൽ ഏഴാമത്തെ തലയായ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യെ​ക്കു​റിച്ച്‌, ‘കുഞ്ഞാ​ടി​നെ​പ്പോ​ലെ രണ്ടു കൊമ്പുള്ള’ ഒരു കാട്ടു​മൃ​ഗം എന്നും പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. “എന്നാൽ അതൊരു ഭീകര​സർപ്പ​ത്തെ​പ്പോ​ലെ സംസാ​രി​ച്ചു.” വെളി​പാട്‌ 16-ഉം 19-ഉം അധ്യാ​യ​ങ്ങ​ളിൽ ഈ കാട്ടു​മൃ​ഗത്തെ ‘കള്ളപ്ര​വാ​ചകൻ’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (വെളി. 16:13; 19:20) ഈ കാട്ടു​മൃ​ഗം “വലിയ അടയാ​ളങ്ങൾ കാണി​ക്കു​ന്നു. മനുഷ്യർ കാൺകെ ആകാശ​ത്തു​നിന്ന്‌ ഭൂമി​യി​ലേക്കു തീയി​റ​ക്കു​ക​പോ​ലും ചെയ്യുന്നു.” (വെളി. 13:11-15) അതു​പോ​ലെ ഒരു കാര്യം ദാനി​യേൽ പ്രവച​ന​ത്തി​ലും കാണാം. അവിടെ, ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ‘ഉഗ്രനാ​ശം വിതയ്‌ക്കു​ന്ന​താ​യി’ നമ്മൾ വായി​ക്കു​ന്നു. (ദാനി. 8:19, 23, 24, അടിക്കു​റിപ്പ്‌) അതാണു രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ സംഭവി​ച്ചത്‌. ബ്രിട്ട​ന്റെ​യും അമേരി​ക്ക​യു​ടെ​യും ശാസ്‌ത്ര​ജ്ഞ​ന്മാർ ചേർന്ന്‌ ഉണ്ടാക്കിയ അണു​ബോംബ്‌ വലിയ നാശം വരുത്തി​വെച്ചു. അങ്ങനെ, ഒരർഥ​ത്തിൽ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ‘ആകാശ​ത്തു​നിന്ന്‌ ഭൂമി​യി​ലേക്കു തീയി​റക്കി’ എന്നു പറയാം.

കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗം

ബാബിലോൺ എന്ന മഹതി എന്നു പേരുള്ള ഒരു വേശ്യ അതിന്റെ പുറത്ത്‌ ഇരിക്കു​ന്നു. ഈ കാട്ടു​മൃ​ഗ​ത്തെ​ക്കു​റിച്ച്‌ എട്ടാമത്തെ രാജാവ്‌ എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. (വെളി. 17:3-6, 8, 11) ആദ്യം കാട്ടുമൃഗത്തെ വേശ്യ നിയന്ത്രിക്കുന്നതായാണു കാണുന്നത്‌. എന്നാൽ പിന്നീട്‌, കാട്ടുമൃഗം വേശ്യയെ നശിപ്പിക്കുന്നു. വ്യാജമത ലോകസാമ്രാജ്യത്തെയാണ്‌ വേശ്യ അർഥമാക്കുന്നത്‌. കാട്ടുമൃഗം ഇന്നു സൂചിപ്പിക്കുന്നതു ഐക്യരാഷ്‌ട്ര സംഘടനയെയാണ്‌. അതു ലോകമെങ്ങുമുള്ള രാഷ്‌ട്രങ്ങളെ പിന്തുണയ്‌ക്കുന്നു. (10, 14-17 ഖണ്ഡികകൾ കാണുക.)

10. “കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ” എന്തി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌? (വെളി​പാട്‌ 13:14, 15; 17:3, 8, 11)

10 അടുത്ത​താ​യി മറ്റൊരു കാട്ടു​മൃ​ഗ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു. അതു കാഴ്‌ച​യ്‌ക്ക്‌ ഏതാണ്ട്‌ ഏഴു തലയുള്ള കാട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ​യാ​ണെ​ങ്കി​ലും അതിന്റെ നിറം കടുഞ്ചു​വ​പ്പാണ്‌. അതിനെ “കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. അത്‌ ‘എട്ടാമത്തെ രാജാ​വാണ്‌’ * എന്നു വിവരണം പറയുന്നു. (വെളി​പാട്‌ 13:14, 15; 17:3, 8, 11 വായി​ക്കുക.) ഈ ‘രാജാവ്‌’ അധികാ​ര​ത്തിൽ വരുന്നു, പിന്നീട്‌ ഇല്ലാതാ​കു​ന്നു, വീണ്ടും പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യ്‌ക്കു നന്നായി യോജി​ക്കു​ന്ന​താണ്‌ ഈ വിവരണം. ആദ്യം അതു സർവരാ​ജ്യ​സ​ഖ്യം എന്ന പേരി​ലാ​യി​രു​ന്നു. പിന്നീട്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ അത്‌ ഇല്ലാതാ​യി. വീണ്ടും അത്‌ ഇപ്പോ​ഴത്തെ അതിന്റെ രൂപത്തിൽ, ഐക്യ​രാ​ഷ്‌ട്ര സംഘടന എന്ന പേരിൽ നിലവി​ലുണ്ട്‌. അതു ലോക​മെ​ങ്ങു​മുള്ള രാഷ്‌ട്ര​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്നു.

11. രാഷ്‌ട്രീയ കാട്ടു​മൃ​ഗങ്ങൾ എന്തു ചെയ്യും, എന്നാൽ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 സംഘടി​ത​മായ വ്യാജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ രാഷ്‌ട്രീയ കാട്ടു​മൃ​ഗങ്ങൾ, യഹോ​വ​യെ​യും ദൈവ​ജ​ന​ത്തെ​യും എതിർക്കാൻ ആളുകളെ പ്രേരി​പ്പി​ക്കും. ‘സർവശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധമായ’ അർമ​ഗെ​ദോ​നി​ലേക്ക്‌ “ഭൂമി​യിൽ എല്ലായി​ട​ത്തു​മുള്ള രാജാ​ക്ക​ന്മാ​രെ” അവർ ആലങ്കാ​രി​ക​മാ​യി കൂട്ടി​ച്ചേർക്കു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. (വെളി. 16:13, 14, 16) എന്നാൽ നമ്മൾ പേടി​ക്കേ​ണ്ട​തില്ല. കാരണം നമ്മുടെ മഹാ​ദൈ​വ​മായ യഹോവ, തന്റെ ഭരണത്തെ പിന്തു​ണ​യ്‌ക്കു​ന്ന​വരെ രക്ഷിക്കാ​നാ​യി പെട്ടെ​ന്നു​തന്നെ പ്രവർത്തി​ക്കും.—യഹ. 38:21-23.

12. എല്ലാ കാട്ടു​മൃ​ഗ​ങ്ങൾക്കും എന്തു സംഭവി​ക്കും?

12 എല്ലാ കാട്ടു​മൃ​ഗ​ങ്ങൾക്കും എന്തു സംഭവി​ക്കും? വെളി​പാട്‌ 19:20 അതിനുള്ള ഉത്തരം തരുന്നു: “കാട്ടു​മൃ​ഗത്തെ പിടിച്ച്‌ ഗന്ധകം കത്തുന്ന തീത്തടാ​ക​ത്തി​ലേക്കു ജീവ​നോ​ടെ എറിഞ്ഞു. കൂടാതെ, അതിന്റെ മുന്നിൽ അടയാ​ളങ്ങൾ കാണിച്ച്‌ ആളുകളെ വഴി​തെ​റ്റിച്ച, കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യേൽക്കു​ക​യും അതിന്റെ പ്രതി​മയെ ആരാധി​ക്കു​ക​യും ചെയ്‌ത​വരെ വഴി​തെ​റ്റിച്ച, കള്ളപ്ര​വാ​ച​ക​നെ​യും ജീവ​നോ​ടെ അവി​ടേക്ക്‌ എറിഞ്ഞു.” ഇതിൽനിന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌ ഈ ഗവൺമെ​ന്റു​കൾ അധികാ​ര​ത്തി​ലി​രി​ക്കു​മ്പോൾത്തന്നെ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളായ അവരെ ദൈവം എന്നേക്കു​മാ​യി നശിപ്പി​ക്കും എന്നാണ്‌.

13. ദൈവ​ജനം എന്തു ചെയ്യാൻ ഗവൺമെ​ന്റു​കൾ ആഗ്രഹി​ക്കു​ന്നു?

13 നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ യഹോ​വ​യോ​ടും ദൈവ​രാ​ജ്യ​ത്തോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കണം. (യോഹ. 18:36) അതിനു നമ്മൾ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​തെ നിഷ്‌പ​ക്ഷ​രാ​യി നിൽക്കണം. എന്നാൽ അങ്ങനെ നിൽക്കു​ന്നത്‌ ഒട്ടും എളുപ്പമല്ല. കാരണം നമ്മുടെ വാക്കു​ക​ളി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും ഗവൺമെ​ന്റു​കളെ പൂർണ​മാ​യി പിന്തു​ണ​യ്‌ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. എന്നാൽ അതിനു വഴങ്ങി​ക്കൊ​ടു​ത്താൽ നമ്മൾ കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര സ്വീക​രി​ക്കു​ന്ന​തു​പോ​ലെ​യാ​യിരി​ക്കും. (വെളി. 13:16, 17) മൃഗത്തി​ന്റെ മുദ്ര​യേൽക്കു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കില്ല, അവർക്കു നിത്യ​ജീ​വ​നും നഷ്ടമാ​കും. (വെളി. 14:9, 10; 20:4) അതു​കൊണ്ട്‌ രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ ഒരുത​ര​ത്തി​ലും ഉൾപ്പെ​ടാ​തെ നിഷ്‌പ​ക്ഷ​രാ​യി നിൽക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! എന്തെല്ലാം സമ്മർദ​ങ്ങ​ളു​ണ്ടാ​യാ​ലും നമുക്ക്‌ അങ്ങനെ​യൊ​രു നിലപാ​ടു സ്വീക​രി​ക്കാം.

മഹാ​വേ​ശ്യ​യു​ടെ നാണം​കെട്ട അന്ത്യം

14. വെളി​പാട്‌ 17:3-5-ൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, തന്നെ അത്ഭുത​പ്പെ​ടു​ത്തിയ ഏതു കാര്യ​മാ​ണു യോഹ​ന്നാൻ അപ്പോ​സ്‌തലൻ അടുത്ത​താ​യി കണ്ടത്‌?

14 അടുത്ത​താ​യി യോഹ​ന്നാൻ അപ്പോ​സ്‌തലൻ മറ്റൊരു കാര്യം കാണുന്നു. അതു കണ്ട്‌ അദ്ദേഹം “ആകെ അത്ഭുത​പ്പെ​ട്ടു​പോ​യി.” എന്തായി​രു​ന്നു അത്‌? കടുഞ്ചു​വപ്പു നിറമുള്ള ഒരു കാട്ടു​മൃ​ഗ​ത്തി​ന്റെ പുറത്ത്‌ ഒരു സ്‌ത്രീ ഇരിക്കു​ന്നു. (വെളി. 17:1, 2, 6) അവൾ ഒരു ‘മഹാ​വേ​ശ്യ​യാണ്‌.’ “ബാബി​ലോൺ എന്ന മഹതി” എന്നാണ്‌ അവളെ വിളി​ച്ചി​രി​ക്കു​ന്നത്‌. അവൾ “ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​മാ​യി” ‘ലൈം​ഗിക അധാർമി​ക​ത​യിൽ’ ഏർപ്പെ​ടു​ന്നു.—വെളി​പാട്‌ 17:3-5 വായി​ക്കുക.

15-16. ആരാണു “ബാബി​ലോൺ എന്ന മഹതി,” അതു നമുക്ക്‌ എങ്ങനെ അറിയാം?

15 ആരാണ്‌ “ബാബി​ലോൺ എന്ന മഹതി?” ഈ സ്‌ത്രീ ഒരു രാഷ്‌ട്രീ​യ​സം​ഘ​ട​ന​യാ​ണോ? അല്ല. കാരണം ലോക​ത്തി​ലെ രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാ​രു​മാ​യി അവൾ അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​താ​യി വെളി​പാട്‌ പുസ്‌ത​ക​ത്തിൽ നമ്മൾ വായി​ക്കു​ന്നു. (വെളി. 18:9) വാസ്‌ത​വ​ത്തിൽ അവൾ ആ മൃഗത്തി​ന്റെ പുറത്ത്‌ ഇരിക്കു​ക​യാണ്‌. അതു കാണി​ക്കു​ന്നത്‌ അവൾ ഈ രാഷ്‌ട്രീ​യ​ഗ​വൺമെ​ന്റു​കളെ നിയ​ന്ത്രി​ക്കാൻ ശ്രമി​ക്കു​ന്നു എന്നാണ്‌. ഇനി, അവൾ സാത്താന്റെ ലോക​ത്തി​ലെ അത്യാ​ഗ്ര​ഹി​ക​ളായ വാണി​ജ്യ​ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും പറയാൻ പറ്റില്ല. കാരണം അവരെ​ക്കു​റിച്ച്‌ വെളി​പാ​ടി​ലെ​ത്തന്നെ മറ്റൊരു ഭാഗത്ത്‌ ‘ഭൂമി​യി​ലെ വ്യാപാ​രി​കൾ’ എന്നു വേർതി​രിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌.—വെളി. 18:11, 15, 16.

16 ദൈവത്തെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ക​യും അതേസ​മയം ഏതെങ്കി​ലും വിധത്തിൽ വിഗ്ര​ഹാ​രാ​ധ​ന​യിൽ ഏർപ്പെ​ടു​ക​യോ ലോക​ത്തി​ന്റെ സൗഹൃദം നേടാൻ ശ്രമി​ക്കു​ക​യോ ചെയ്യുന്ന ആളുകളെ കുറി​ക്കാൻ ബൈബി​ളിൽ “വേശ്യ” എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (1 ദിന. 5:25; യാക്കോ. 4:4) എന്നാൽ ദൈവത്തെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കു​ന്ന​വരെ “നിർമ​ല​ക​ന്യക” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. (2 കൊരി. 11:2; വെളി. 14:4) പുരാ​ത​ന​ബാ​ബി​ലോൺ വ്യാജാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ “ബാബി​ലോൺ എന്ന മഹതി” എല്ലാ തരത്തി​ലു​മുള്ള വ്യാജാ​രാ​ധ​ന​യെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ അവൾ വ്യാജമത ലോക​സാ​മ്രാ​ജ്യ​മാണ്‌.—വെളി. 17:5, 18; “എന്താണ്‌ മഹതി​യാം ബാബി​ലോൺ?” എന്ന ലേഖനം jw.org സൈറ്റിൽ കാണുക.

17. ബാബി​ലോൺ എന്ന മഹതിക്ക്‌ എന്തു സംഭവി​ക്കും?

17 ബാബി​ലോൺ എന്ന മഹതിക്ക്‌ എന്തു സംഭവി​ക്കും? വെളി​പാട്‌ 17:16, 17 അതിനുള്ള ഉത്തരം തരുന്നു: “നീ കണ്ട പത്തു കൊമ്പും കാട്ടു​മൃ​ഗ​വും വേശ്യയെ വെറുത്ത്‌ അവളെ നശിപ്പി​ക്കു​ക​യും നഗ്നയാ​ക്കു​ക​യും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട്‌ അവളെ ചുട്ടു​ക​രിച്ച്‌ ഇല്ലാതാ​ക്കും. കാരണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ . . . ദൈവം അവരുടെ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും.” അതു കാണി​ക്കു​ന്നത്‌, ആ കടുഞ്ചു​വ​പ്പുള്ള കാട്ടു​മൃ​ഗത്തെ, അതായത്‌ ഐക്യ​രാ​ഷ്‌ട്ര സംഘട​നയെ, ഉപയോ​ഗിച്ച്‌ എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും പൂർണ​മാ​യി നശിപ്പി​ക്കാൻ യഹോവ ഗവൺമെ​ന്റു​കളെ പ്രേരി​പ്പി​ക്കും എന്നാണ്‌.—വെളി. 18:21-24.

18. ബാബി​ലോൺ എന്ന മഹതിയെ ഒരുത​ര​ത്തി​ലും പിന്തു​ണ​യ്‌ക്കു​ന്നി​ല്ലെന്നു നമുക്ക്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം?

18 നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? നമ്മുടെ ആരാധ​നാ​രീ​തി “ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധവും നിർമ​ല​വും” ആണെന്നു നമ്മൾ ഉറപ്പു​വ​രു​ത്തണം. (യാക്കോ. 1:27) അതിനു​വേണ്ടി ബാബി​ലോൺ എന്ന മഹതി​യു​മാ​യുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷി​ക്കേ​ണ്ട​തുണ്ട്‌. വ്യാജ​മ​ത​ത്തി​ന്റെ ഉപദേ​ശ​ങ്ങ​ളോ ആചാര​ങ്ങ​ളോ തരംതാണ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ ഭൂതവി​ദ്യ​യോ നമ്മളെ സ്വാധീ​നി​ക്കാൻ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. കൂടാതെ, ‘അവളിൽനിന്ന്‌ പുറത്ത്‌ കടക്കു​ന്ന​തും’ അങ്ങനെ അവളുടെ പാപങ്ങ​ളിൽ പങ്കാളി​ക​ളാ​കാ​തി​രി​ക്കു​ന്ന​തും എത്ര പ്രധാ​ന​മാ​ണെന്നു നമ്മൾ ആളുക​ളോ​ടു പറയു​ക​യും വേണം.—വെളി. 18:4.

ദൈവ​ത്തി​ന്റെ ഏറ്റവും വലിയ ശത്രു​വി​നു വരാനി​രി​ക്കുന്ന ന്യായവിധി

തീനി​റ​മുള്ള ഭീകര​സർപ്പം

സാത്താൻ ഏഴു തലയുള്ള കാട്ടു​മൃ​ഗ​ത്തിന്‌ അധികാ​രം കൊടു​ക്കു​ന്നു. (വെളി. 12:3, 9, 13; 13:4; 20:2, 10) യഹോവയുടെ മുഖ്യ ശത്രുവായ സാത്താനെ 1,000 വർഷത്തേക്ക്‌ അഗാധത്തിലാക്കും. പിന്നീട്‌, “ഗന്ധകം കത്തുന്ന തീത്തടാകത്തിലേക്ക്‌ എറിയും.” (19-20 ഖണ്ഡികകൾ കാണുക.)

19. ‘തീനി​റ​മുള്ള വലിയ ഭീകര​സർപ്പം’ ആരാണ്‌?

19 വെളി​പാട്‌ പുസ്‌തകം ‘തീനി​റ​മുള്ള വലി​യൊ​രു ഭീകര​സർപ്പ​ത്തെ​ക്കു​റി​ച്ചും’ പറയു​ന്നുണ്ട്‌. (വെളി. 12:3) ഈ സർപ്പം യേശു​വി​നും യേശു​വി​ന്റെ​കൂ​ടെ​യുള്ള ദൂതന്മാർക്കും എതിരെ പോരാ​ടു​ന്നു. (വെളി. 12:7-9) അതു ദൈവ​ജ​നത്തെ ആക്രമി​ക്കു​ക​യും രാഷ്‌ട്രീയ കാട്ടു​മൃ​ഗ​ങ്ങൾക്ക്‌ അധികാ​രം നൽകു​ക​യും ചെയ്യുന്നു. (വെളി. 12:17; 13:4) ആരാണ്‌ ഈ ഭീകര​സർപ്പം? അതു ‘പിശാച്‌ എന്നും സാത്താൻ എന്നും അറിയ​പ്പെ​ടുന്ന ആ പഴയ പാമ്പാണ്‌.’ (വെളി. 12:9; 20:2) അവനാണു ദൈവ​ത്തി​ന്റെ എല്ലാ ശത്രു​ക്ക​ളെ​യും ഇന്നു നിയ​ന്ത്രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌.

20. ഭീകര​സർപ്പ​ത്തിന്‌ എന്തു സംഭവി​ക്കും?

20 ആ ഭീകര​സർപ്പ​ത്തിന്‌ എന്തു സംഭവി​ക്കും? വെളി​പാട്‌ 20:1-3 അതെക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. ഒരു ദൈവ​ദൂ​തൻ സാത്താനെ അഗാധ​ത്തി​ലേക്ക്‌ എറിയു​ന്നു. തടവറ​യ്‌ക്കു തുല്യ​മായ ഒരു അവസ്ഥയാണ്‌ അത്‌. അവി​ടെ​യാ​യി​രി​ക്കുന്ന അവന്‌ ‘1,000 വർഷ​ത്തേക്കു ജനതകളെ വഴി​തെ​റ്റി​ക്കാൻ’ കഴിയില്ല. അവസാനം സാത്താ​നെ​യും ഭൂതങ്ങ​ളെ​യും “ഗന്ധകം കത്തുന്ന തീത്തടാ​ക​ത്തി​ലേക്ക്‌ എറിയും,” അതായത്‌ അവരെ എന്നേക്കു​മാ​യി നശിപ്പി​ക്കും. (വെളി. 20:10) സാത്താ​നും ഭൂതങ്ങ​ളും ഇല്ലാത്ത ആ ലോക​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! എത്ര രസമാ​യി​രി​ക്കും അവിടെ!

21. വെളി​പാട്‌ പുസ്‌ത​ക​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ നമുക്കു സന്തോഷം തരുന്നത്‌ എന്തു​കൊണ്ട്‌?

21 “ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അതു കേൾക്കു​ന്ന​വ​രും . . . സന്തുഷ്ടർ” എന്നാണ​ല്ലോ വെളി​പാട്‌ പുസ്‌തകം പറയു​ന്നത്‌. (വെളി. 1:3) വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന അടയാ​ള​ങ്ങ​ളു​ടെ അർഥം മനസ്സി​ലാ​ക്കി​യ​പ്പോൾ നമുക്കു ശരിക്കും സന്തോഷം തോന്നി​യി​ല്ലേ? അതിലൂ​ടെ യഹോ​വ​യു​ടെ ശത്രുക്കൾ ആരാ​ണെ​ന്നും അവർക്കു സംഭവി​ക്കാൻപോ​കു​ന്നത്‌ എന്താ​ണെ​ന്നും നമ്മൾ പഠിച്ചു. എന്നാൽ ദൈവ​ത്തി​ന്റെ ശത്രുക്കൾ നശിപ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടെ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു വിശ്വ​സ്‌ത​രായ ദൈവ​ദാ​സർക്കു കിട്ടാൻപോ​കു​ന്നത്‌? അതെക്കു​റിച്ച്‌ അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കും.

ഗീതം 23 യഹോവ ഭരണം തുടങ്ങുന്നു

^ ദൈവത്തിന്റെ ശത്രുക്കൾ ആരാ​ണെന്നു വെളി​പാട്‌ പുസ്‌തകം ചില അടയാ​ള​ങ്ങ​ളി​ലൂ​ടെ​യാ​ണു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ആ അടയാ​ളങ്ങൾ കൃത്യ​മാ​യി മനസ്സി​ലാ​ക്കാൻ ദാനി​യേൽ പുസ്‌തകം നമ്മളെ സഹായി​ക്കും. അതു​കൊണ്ട്‌, ഈ ലേഖന​ത്തിൽ ദാനി​യേ​ലി​ലെ പ്രവച​ന​ങ്ങ​ളും വെളി​പാ​ടി​ലെ പ്രവച​ന​ങ്ങ​ളും നമ്മൾ ഒന്നു താരത​മ്യം ചെയ്‌ത്‌ പഠിക്കും. ദൈവ​ത്തി​ന്റെ ശത്രുക്കൾ ആരാ​ണെ​ന്നും അവർക്ക്‌ എന്തു സംഭവി​ക്കു​മെ​ന്നും മനസ്സി​ലാ​ക്കാൻ ഈ പഠനം നമ്മളെ സഹായി​ക്കും.

^ ഏഴു തലയുള്ള കാട്ടു​മൃ​ഗം എല്ലാ ഗവൺമെ​ന്റു​ക​ളെ​യു​മാണ്‌ അർഥമാ​ക്കു​ന്ന​തെന്നു പറയാൻ മറ്റൊരു കാരണ​മുണ്ട്‌. അതിന്‌, ‘പത്തു കൊമ്പ്‌’ ഉള്ളതായി നമ്മൾ കാണുന്നു. പത്ത്‌ എന്ന സംഖ്യ ബൈബി​ളിൽ മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൂർണ​തയെ സൂചി​പ്പി​ക്കാ​നാണ്‌.

^ ആദ്യത്തെ കാട്ടു​മൃ​ഗ​ത്തിൽനിന്ന്‌ ഇതി​നൊ​രു വ്യത്യാ​സ​മുണ്ട്‌. ഈ പ്രതി​മ​യ്‌ക്ക്‌ അതിന്റെ കൊമ്പു​ക​ളിൽ കിരീ​ട​മോ ‘രാജമു​ടി​യോ’ ഇല്ല. (വെളി. 13:1) കാരണം, വേറെ ‘ഏഴു രാജാ​ക്ക​ന്മാ​രിൽനി​ന്നാണ്‌ ഇത്‌ ഉത്ഭവി​ക്കു​ന്നത്‌,’ ഇതിന്റെ അധികാ​രം അവരെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.—“വെളി​പാട്‌ 17-ാം അധ്യാ​യ​ത്തി​ലെ കടും​ചു​വപ്പ്‌ നിറമുള്ള കാട്ടു​മൃ​ഗം എന്താണ്‌?” എന്ന ലേഖനം jw.org സൈറ്റിൽ കാണുക.