പഠനലേഖനം 40
‘അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നു’
‘അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നവർ നക്ഷത്രങ്ങൾപോലെ എന്നുമെന്നേക്കും ഉജ്ജ്വലമായി പ്രകാശിക്കും.’—ദാനി. 12:3.
ഗീതം 151 ദൈവം വിളിക്കും
ചുരുക്കം a
1. നമുക്കു സന്തോഷം തരുന്ന ഏതു സംഭവങ്ങൾ ആയിരംവർഷ ഭരണകാലത്ത് നടക്കും?
ക്രിസ്തുവിന്റെ ആയിരംവർഷ ഭരണകാലത്ത് ഭൂമിയിൽ പുനരുത്ഥാനം തുടങ്ങുമ്പോൾ അത് എത്ര സന്തോഷത്തിന്റെ ഒരു സമയമായിരിക്കും! പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടവർ അവരെ വീണ്ടും കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യഹോവയും ആ ദിവസത്തിനായി കൊതിയോടെ കാത്തിരിക്കുന്നു. (ഇയ്യോ. 14:15) ഭൂമിയിലെങ്ങും മരിച്ചവരുടെ പുനരുത്ഥാനം നടക്കുന്ന ആ സമയത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ! കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടതുപോലെ “നീതിമാന്മാരുടെ,” അതായത് ജീവന്റെ പുസ്തകത്തിൽ പേരുള്ളവരുടെ, പുനരുത്ഥാനമുണ്ടാകും. അവരുടേത് ‘ജീവനായുള്ള പുനരുത്ഥാനമായിരിക്കും.’ (പ്രവൃ. 24:15; യോഹ. 5:29) നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ട പലരും ആദ്യംതന്നെ ഉയിർത്തെഴുന്നേൽക്കുന്നവരുടെ കൂട്ടത്തിൽ കാണും. b കൂടാതെ, “നീതികെട്ടവരുടെ” പുനരുത്ഥാനവും ഉണ്ടായിരിക്കും. അതായത് യഹോവയെക്കുറിച്ച് പഠിക്കാനോ യഹോവയെ വിശ്വസ്തമായി സേവിക്കാനോ അവസരം കിട്ടാതെ മരിച്ചുപോയവരുടെ പുനരുത്ഥാനമാണ് അത്. അവരുടേത് ‘ന്യായവിധിക്കായുള്ള പുനരുത്ഥാനമായിരിക്കും.’
2-3. (എ) യശയ്യ 11:9, 10 സൂചിപ്പിക്കുന്നതനുസരിച്ച് ഭൂമിയിൽ നടക്കാൻപോകുന്ന ഏറ്റവും വലിയ വിദ്യാഭ്യാസപരിപാടിയിൽ എന്തായിരിക്കും ആളുകളെ പഠിപ്പിക്കുന്നത്, എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 പുനരുത്ഥാനത്തിൽ വരുന്ന എല്ലാവരെയും പലതും പഠിപ്പിക്കേണ്ടതുണ്ട്. (യശ. 26:9; 61:11) അതുകൊണ്ട് ഭൂമിയിൽ ഇതുവരെ നടന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ ഒരു വിദ്യാഭ്യാസപരിപാടി അന്നു നടക്കും. (യശയ്യ 11:9, 10 വായിക്കുക.) നീതികെട്ടവർ യേശുക്രിസ്തുവിനെക്കുറിച്ചും ദൈവരാജ്യ ക്രമീകരണത്തെക്കുറിച്ചും മോചനവിലയെക്കുറിച്ചും പഠിക്കണം. കൂടാതെ ദൈവത്തിന്റെ പേര് വിശുദ്ധീകരിക്കപ്പെടുന്നത് എത്ര പ്രധാനമാണെന്നും ഭൂമിയെ മുഴുവൻ ഭരിക്കാൻ അവകാശമുള്ളത് യഹോവയ്ക്കു മാത്രമാണെന്നും അവർ മനസ്സിലാക്കണം. ഇനി, നീതിമാന്മാരായ ആളുകളും ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റി പലതും പഠിക്കേണ്ടതുണ്ട്. കാരണം അവരിൽ പലരും മരിച്ചുപോയതു ബൈബിൾ എഴുതി പൂർത്തിയാക്കുന്നതിനു വളരെക്കാലം മുമ്പാണ്. അതുകൊണ്ട് നീതികെട്ടവർക്കും നീതിമാന്മാർക്കും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്.
3 ഈ ലേഖനത്തിൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും: ഈ വലിയ വിദ്യാഭ്യാസപ്രവർത്തനം എങ്ങനെയായിരിക്കും ഭൂമിയിൽ നടക്കുന്നത്? അതിനോട് ആളുകൾ അനുകൂലമായി പ്രതികരിച്ചാൽ അവർക്ക് എന്തു കിട്ടും? അവർ അങ്ങനെ ചെയ്തില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കാൻപോകുന്നത്? ഉത്തരത്തിനായി വെളിപാടിലെയും ദാനിയേലിലെയും ചില പ്രവചനങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം. മരിച്ചവർ ഉയിർപ്പിക്കപ്പെട്ടശേഷം നടക്കാൻപോകുന്ന ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുന്ന ചില പ്രവചനങ്ങളാണ് അവ. ആദ്യം നമുക്ക്, ദാനിയേൽ 12:1, 2 വാക്യങ്ങളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് നോക്കാം.
‘പൊടിയിൽ ഉറങ്ങിക്കിടക്കുന്നവർ ഉണരും’
4-5. അവസാനകാലത്തെക്കുറിച്ച് ദാനിയേൽ 12:1-ൽ എന്തു പറഞ്ഞിരിക്കുന്നു?
4 ദാനിയേൽ 12:1 വായിക്കുക. അവസാനകാലത്ത് ഒന്നിനു പുറകേ ഒന്നായി നടക്കാൻപോകുന്ന സംഭവങ്ങളെക്കുറിച്ച് ദാനിയേൽ പുസ്തകം വിവരിക്കുന്നുണ്ട്. ഉദാഹരണത്തിന്, ദാനിയേൽ 12:1-ൽ മീഖായേൽ, അതായത് യേശുക്രിസ്തു, ‘ദൈവജനത്തിനുവേണ്ടി നിൽക്കുന്നതായി’ പറഞ്ഞിരിക്കുന്നു. 1914-ൽ ആ പ്രവചനം നിറവേറാൻതുടങ്ങി. കാരണം ആ വർഷമാണു സ്വർഗരാജ്യത്തിന്റെ രാജാവായി യേശു നിയമിതനായത്.
5 എന്നാൽ ‘ഒരു ജനത ഉണ്ടായതുമുതൽ അതുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതയുടെ ഒരു കാലത്ത്’ യേശു “എഴുന്നേൽക്കും” എന്നും ദാനിയേലിനോടു പറഞ്ഞു. എന്താണ് അതിന്റെ അർഥം? വാസ്തവത്തിൽ “കഷ്ടതയുടെ ഒരു കാലം” എന്നു ദാനിയേലിൽ പറഞ്ഞിരിക്കുന്നതു മത്തായി 24:21-ൽ പറഞ്ഞിരിക്കുന്ന ‘മഹാകഷ്ടതയെക്കുറിച്ചാണ്.’ ആ കാലത്തിന്റെ അവസാനത്തിൽ, അതായത് അർമഗെദോനിൽ, ദൈവജനത്തെ സംരക്ഷിക്കുന്നതിനുവേണ്ടി യേശു എഴുന്നേൽക്കും. അന്നു ജീവിച്ചിരിക്കുന്ന ദൈവജനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിൽ “മഹാകഷ്ടതയിലൂടെ കടന്നുവന്ന” ഒരു “മഹാപുരുഷാരം” എന്നാണു പറഞ്ഞിരിക്കുന്നത്.—വെളി. 7:9, 14.
6. മഹാപുരുഷാരം മഹാകഷ്ടതയെ അതിജീവിച്ചതിനു ശേഷം എന്തു സംഭവിക്കും? വിവരിക്കുക. (ഭൂമിയിൽ നടക്കുന്ന പുനരുത്ഥാനത്തെക്കുറിച്ച് കൂടുതലായി അറിയാൻ ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്നതും കാണുക.)
6 ദാനിയേൽ 12:2 വായിക്കുക. മഹാപുരുഷാരം മഹാകഷ്ടതയെ അതിജീവിച്ചതിനു ശേഷം എന്തായിരിക്കും സംഭവിക്കുന്നത്? ദാനിയേൽ 12:2-ലെ പ്രവചനം സ്വർഗീയപുനരുത്ഥാനത്തെയോ 1918-ൽ എതിരാളികൾ നമ്മുടെ പ്രസംഗപ്രവർത്തനം നിരോധിച്ചതിനു ശേഷം വീണ്ടും നമ്മൾ ഊർജിതമായി പ്രവർത്തിക്കാൻ തുടങ്ങിയതിനെയോ ആണ് അർഥമാക്കുന്നതെന്നു മുമ്പ് നമ്മൾ പഠിപ്പിച്ചിരുന്നു. c എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നതു പുതിയ ലോകത്തിൽ നടക്കാനിരിക്കുന്ന മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചാണെന്നു നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നു. എന്തുകൊണ്ടാണു നമ്മൾ അങ്ങനെ പറയുന്നത്? ദാനിയേൽപ്രവചനത്തിൽ കാണുന്ന “പൊടി” എന്ന പദം ഇയ്യോബ് 17:16-ലും കാണാം. അവിടെ അതു “ശവക്കുഴി” എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽനിന്നും ദാനിയേൽ 12:2-ൽ പറഞ്ഞിരിക്കുന്നത് അക്ഷരാർഥത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചാണെന്നു നമുക്കു മനസ്സിലാക്കാം. ഈ പുനരുത്ഥാനം നടക്കുന്നത് അർമഗെദോൻ യുദ്ധത്തിനു ശേഷമായിരിക്കും.
7. (എ) ചിലർ ‘നിത്യജീവനിലേക്ക്’ ഉണർന്നെണീക്കും എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? (ബി) അതു “ശ്രേഷ്ഠമായ ഒരു പുനരുത്ഥാനം” ആയിരിക്കുന്നത് എന്തുകൊണ്ട്?
7 ദാനിയേൽ 12:2-ൽ ചിലർ ‘നിത്യജീവനിലേക്ക്’ ഉണർന്നെണീക്കും എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? യേശുവിന്റെ ആയിരംവർഷ ഭരണകാലത്ത് അവർ യഹോവയെയും യേശുവിനെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയും അവരെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ അവസാനം അവർക്കു നിത്യജീവൻ കിട്ടും എന്നാണ് അതിന്റെ അർഥം. (യോഹ. 17:3) അവരുടേത് ‘ശ്രേഷ്ഠമായ ഒരു പുനരുത്ഥാനമാണ്.’ (എബ്രാ. 11:35) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം മുമ്പ് ഉയിർപ്പിക്കപ്പെട്ട ആളുകൾ വീണ്ടും മരിച്ചു. എന്നാൽ ഇവരുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല.
8. ചിലർ ‘അപമാനത്തിലേക്കും നിത്യനിന്ദയിലേക്കും ഉണർന്നെണീക്കുന്നത്’ എങ്ങനെ?
8 ചിലർ “അപമാനത്തിലേക്കും നിത്യനിന്ദയിലേക്കും ഉണർന്നെണീക്കും” എന്നും ദാനിയേൽ 12:2 പറയുന്നു. എന്താണ് അതിന്റെ അർഥം? പുതിയ ലോകത്തിൽ യഹോവ ചെയ്യാനിരിക്കുന്ന ആ വലിയ വിദ്യാഭ്യാസപരിപാടിയിൽനിന്ന് എല്ലാവരും പ്രയോജനം നേടുകയോ അതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യില്ല എന്ന്. അവർ ധിക്കാരത്തോടെയുള്ള ഒരു മനോഭാവം കാണിക്കും. അങ്ങനെയുള്ളവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെടുകയോ അവർക്കു നിത്യജീവൻ കിട്ടുകയോ ഇല്ല. പകരം അവർക്കു കിട്ടുന്നതു ‘നിത്യനിന്ദയായിരിക്കും,’ അതായത് നിത്യമായ നാശം. അതുകൊണ്ട് ദാനിയേൽ 12:2-ൽ പറഞ്ഞിരിക്കുന്നതു പുനരുത്ഥാനത്തിനു ശേഷം ചെയ്യുന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ ഓരോരുത്തർക്കും കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചാണ്. d (വെളി. 20:12) ചിലർക്കു നിത്യജീവൻ കിട്ടും, മറ്റുള്ളവർക്കു നിത്യനാശവും.
‘അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നു’
9-10. (എ) ദാനിയേൽ 12:3 അനുസരിച്ച് മഹാകഷ്ടതയ്ക്കുശേഷം മറ്റെന്തുകൂടെ സംഭവിക്കും? (ബി) ആരായിരിക്കും ‘ആകാശവിതാനംപോലെ ഉജ്ജ്വലമായി പ്രകാശിക്കുന്നത്?’
9 ദാനിയേൽ 12:3 വായിക്കുക. വരാനിരിക്കുന്ന ‘കഷ്ടതയുടെ കാലത്തിനു’ ശേഷം വേറെ എന്തുകൂടെ സംഭവിക്കും? ദാനിയേൽ 12:2-ലെപ്പോലെതന്നെ 3-ാം വാക്യത്തിലും മഹാകഷ്ടതയ്ക്കുശേഷം സംഭവിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു.
10 ആരായിരിക്കും ‘ആകാശവിതാനംപോലെ ഉജ്ജ്വലമായി പ്രകാശിക്കുന്നത്?’ അതു മനസ്സിലാക്കാൻ മത്തായി 13:43-ലെ യേശുവിന്റെ വാക്കുകൾ നമ്മളെ സഹായിക്കുന്നുണ്ട്. “അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും” എന്ന് അവിടെ നമ്മൾ വായിക്കുന്നു. യേശു അവിടെ ‘ദൈവരാജ്യത്തിന്റെ പുത്രന്മാരെക്കുറിച്ച്,’ അതായത് സ്വർഗരാജ്യത്തിൽ തന്നോടൊപ്പം ഭരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെക്കുറിച്ച്, ആണ് സംസാരിച്ചതെന്നു വാക്യത്തിന്റെ സന്ദർഭം സൂചിപ്പിക്കുന്നു. (മത്താ. 13:38) അതുകൊണ്ട് ദാനിയേൽ 12:3-ൽ പറഞ്ഞിരിക്കുന്നത് അഭിഷിക്തരെക്കുറിച്ചും ആയിരംവർഷ ഭരണകാലത്ത് അവർ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ആയിരിക്കണം.
11-12. ആയിരംവർഷ ഭരണകാലത്ത് 1,44,000 പേർ എന്തു ചെയ്യും?
11 അഭിഷിക്തർ എങ്ങനെയാണ് ‘അനേകരെ നീതിയിലേക്കു കൊണ്ടുവരുന്നത്?’ ആയിരംവർഷ ഭരണകാലത്ത് ഈ അഭിഷിക്തർ യേശുവിനോടൊപ്പം, ഭൂമിയിൽ നടക്കുന്ന ആ വലിയ വിദ്യാഭ്യാസപ്രവർത്തനത്തെ നയിക്കും. 1,44,000 പേർ രാജാക്കന്മാരായി ഭരിക്കുക മാത്രമല്ല പുരോഹിതന്മാരായി സേവിക്കുകയും ചെയ്യുന്നുണ്ട്. (വെളി. 1:6; 5:10; 20:6) അതുകൊണ്ട് ‘ജനതകളെ സുഖപ്പെടുത്തുന്നതിൽ,’ അതായത് മനുഷ്യരെ വീണ്ടും പൂർണതയിലേക്കു കൊണ്ടുവരുന്നതിൽ അവരും സഹായിക്കും. (വെളി. 22:1, 2; യഹ. 47:12) അഭിഷിക്തർക്ക് എത്ര സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും അത്!
12 അഭിഷിക്തർ നീതിയിലേക്കു കൊണ്ടുവരുന്ന ‘അനേകരിൽ’ ആരാണ് ഉണ്ടായിരിക്കുന്നത്? പുനരുത്ഥാനത്തിൽ വരുന്നവരും അർമഗെദോനെ അതിജീവിക്കുന്നവരും കൂടാതെ പുതിയ ലോകത്തിൽ ജനിച്ചേക്കാവുന്ന മക്കളും അതിൽ ഉൾപ്പെടും. 1,000 വർഷത്തിന്റെ അവസാനമാകുമ്പോഴേക്കും അന്നു ഭൂമിയിലുള്ള എല്ലാവരും പൂർണരായിരിക്കും. അങ്ങനെയെങ്കിൽ എപ്പോഴായിരിക്കും അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ മാഞ്ഞുപോകാത്ത രീതിയിൽ പേനകൊണ്ട് എഴുതപ്പെടുന്നത്?
അന്തിമപരിശോധന
13-14. നിത്യജീവൻ കിട്ടുന്നതിനു ഭൂമിയിലുള്ള എല്ലാ പൂർണമനുഷ്യരും എന്തു തെളിയിക്കേണ്ടതുണ്ട്?
13 ഒരാൾ പൂർണനാണ് എന്നതുകൊണ്ടു മാത്രം അയാൾക്കു നിത്യജീവൻ കിട്ടുമോ? ഇല്ല. ആദാമിന്റെയും ഹവ്വയുടെയും കാര്യംതന്നെ എടുക്കുക. അവർ പൂർണരായിരുന്നു. എന്നാൽ അവർ ദൈവമായ യഹോവയോട് അനുസരണമുള്ളവരായി തുടരണമായിരുന്നു. എങ്കിൽ മാത്രമേ യഹോവ അവർക്കു നിത്യജീവൻ നൽകുമായിരുന്നുള്ളൂ. പക്ഷേ ദൈവത്തെ അനുസരിക്കുന്നതിൽ അവർ പരാജയപ്പെട്ടു.—റോമ. 5:12.
14 1,000 വർഷത്തിന്റെ അവസാനമാകുമ്പോഴേക്കും ആളുകളുടെ അവസ്ഥ എങ്ങനെയുള്ളതായിരിക്കും? അന്ന് എല്ലാവരും പൂർണരായിരിക്കും. എന്നാൽ അന്നുള്ള എല്ലാവരും യഹോവയുടെ ഭരണത്തെ പൂർണമായി പിന്തുണയ്ക്കുന്നതിൽ തുടരുമോ? അതോ ചിലരെങ്കിലും ആദാമിനെയും ഹവ്വയെയും പോലെ യഹോവയോട് അവിശ്വസ്തത കാണിക്കുമോ?
15-16. (എ) യഹോവയോടു വിശ്വസ്തരാണെന്നു തെളിയിക്കാനുള്ള അവസരം എപ്പോഴായിരിക്കും എല്ലാ മനുഷ്യർക്കും കിട്ടുന്നത്? (ബി) അന്തിമപരിശോധനയുടെ ഫലം എന്തായിരിക്കും?
15 1,000 വർഷത്തേക്കു സാത്താനെ ബന്ധനത്തിലാക്കും. ആ സമയത്ത് ഭൂമിയിലുള്ള ആരെയും വഴിതെറ്റിക്കാൻ അവനു കഴിയില്ല. എന്നാൽ 1,000 വർഷത്തിന്റെ അവസാനത്തിൽ സാത്താനെ പുറത്ത് വിടും. അപ്പോൾ പൂർണരായ മനുഷ്യരെ വഴിതെറ്റിക്കാൻ അവൻ പരമാവധി ശ്രമിക്കും. അന്ന് ആ പരിശോധനയിൽ തങ്ങൾ ദൈവത്തിന്റെ പേരിനെ ആദരിക്കുകയും യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടോ എന്നു തെളിയിക്കാനുള്ള അവസരം ഭൂമിയിൽ ജീവിച്ചിരിക്കുന്ന പൂർണരായ എല്ലാ മനുഷ്യർക്കും കിട്ടും. (വെളി. 20:7-10) ആളുകളെ വഴിതെറ്റിക്കാനുള്ള സാത്താന്റെ ശ്രമങ്ങളോട് അവർ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ജീവന്റെ പുസ്തകത്തിൽ അവരുടെ പേര് എന്നേക്കുമായി എഴുതപ്പെടുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത്.
16 ചില ആളുകൾ അന്ന് ആദാമിനെയും ഹവ്വയെയും പോലെ അവിശ്വസ്തരായിത്തീരുമെന്നും അവർ യഹോവയുടെ ഭരണാധികാരത്തെ തള്ളിക്കളയുമെന്നും ബൈബിൾ പറയുന്നു. അവർക്ക് എന്തായിരിക്കും സംഭവിക്കുന്നത്? വെളിപാട് 20:15 പറയുന്നു: “ജീവന്റെ പുസ്തകത്തിൽ പേര് എഴുതിക്കാണാത്തവരെയും തീത്തടാകത്തിലേക്ക് എറിഞ്ഞു.” അതെ, ദൈവത്തെ ധിക്കരിക്കുന്ന എല്ലാവരെയും എന്നേക്കുമായി നശിപ്പിച്ചുകളയും. ആ അന്തിമപരിശോധനയിൽ എത്ര പേർ യഹോവയ്ക്കെതിരെ തിരിയുമെന്നു നമുക്ക് അറിയില്ല. എന്നാൽ മിക്ക ആളുകളും യഹോവയോടു വിശ്വസ്തരായിരിക്കുമെന്നു നമുക്കു പറയാൻ കഴിയും. അവരുടെ പേര് ജീവന്റെ പുസ്തകത്തിൽ എന്നേക്കുമായി എഴുതപ്പെടുകയും ചെയ്യും.
അവസാനകാലത്ത്
17. നമ്മുടെ ഈ കാലത്ത് എന്തു സംഭവിക്കുമെന്നാണു ദൈവദൂതൻ ദാനിയേലിനോടു പറഞ്ഞത്? (ദാനിയേൽ 12:4, 8-10)
17 ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ നമുക്ക് ആവേശം തോന്നുന്നില്ലേ? എന്നാൽ നമ്മുടെ ഈ കാലത്തെക്കുറിച്ച്, അതായത് ‘അവസാനകാലത്തെക്കുറിച്ച്’ വളരെ പ്രധാനപ്പെട്ട മറ്റു ചില കാര്യങ്ങളും ദൈവദൂതൻ ദാനിയേലിനോടു പറഞ്ഞു. (ദാനിയേൽ 12:4, 8-10 വായിക്കുക; 2 തിമൊ. 3:1-5) ദൂതൻ പറഞ്ഞത് ഇതാണ്. “ശരിയായ അറിവ് സമൃദ്ധമാകും.” അതു കാണിക്കുന്നതു ദാനിയേൽ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ ദൈവജനത്തിനു കൂടുതൽ നന്നായി മനസ്സിലാകും എന്നാണ്. പക്ഷേ ഈ അവസാനകാലത്ത് ‘ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കും; ദുഷ്ടന്മാർക്കാർക്കും മനസ്സിലാകില്ല’ എന്നും ദൂതൻ ദാനിയേലിനോടു പറഞ്ഞു.
18. ദുഷ്ടന്മാർക്കു പെട്ടെന്നുതന്നെ എന്തു സംഭവിക്കും?
18 ഇന്നു ദുഷ്ടന്മാർ ദുഷ്ടത ചെയ്തിട്ടും അവർക്കു ശിക്ഷ കിട്ടുന്നില്ലെന്നു നമുക്കു തോന്നിയേക്കാം. (മലാ. 3:14,15) എന്നാൽ യേശു പെട്ടെന്നുതന്നെ എല്ലാവരെയും ന്യായം വിധിക്കും. കോലാടുതുല്യരായ ആളുകളെ ചെമ്മരിയാടുതുല്യരായ ആളുകളിൽനിന്ന് വേർതിരിക്കും. (മത്താ. 25:31-33) ദുഷ്ടരായ ഈ ആളുകൾ മഹാകഷ്ടതയെ അതിജീവിക്കില്ല. അവർക്കു പുതിയ ലോകത്തിൽ പുനരുത്ഥാനവും ലഭിക്കില്ല. അവരുടെ പേരുകൾ മലാഖി 3:16-ൽ പറഞ്ഞിരിക്കുന്ന “ഓർമപ്പുസ്തകത്തിൽ” ഉണ്ടായിരിക്കില്ല.
19. നമ്മൾ ഇപ്പോൾ എന്തു ചെയ്യണം, എന്തുകൊണ്ട്? (മലാഖി 3:16-18)
19 നമ്മൾ ആ ദുഷ്ടമനുഷ്യരുടെകൂടെയല്ല എന്നു തെളിയിക്കാനുള്ള സമയം ഇപ്പോഴാണ്. (മലാഖി 3:16-18 വായിക്കുക.) യഹോവ ഇന്നു താൻ “പ്രത്യേകസ്വത്തായി” അഥവാ “അമൂല്യമായ അവകാശമായി” കാണുന്ന ആളുകളെ കൂട്ടിച്ചേർക്കുകയാണ്. അക്കൂട്ടത്തിൽ ഉണ്ടായിരിക്കാനല്ലേ നമ്മളും ആഗ്രഹിക്കുന്നത്?
20. (എ) അവസാനമായി ദാനിയേലിന് എന്തു വാഗ്ദാനമാണു ദൈവം നൽകിയത്? (ബി) ആ വാഗ്ദാനം നിറവേറുന്നതു കാണാൻ നിങ്ങൾ കാത്തിരിക്കുന്നത് എന്തുകൊണ്ട്?
20 നമ്മളെ ആവേശംകൊള്ളിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ അതിനെക്കാൾ വലിയ സംഭവങ്ങളാണു ഭാവിയിൽ നടക്കാനിരിക്കുന്നത്. പെട്ടെന്നുതന്നെ എല്ലാ ദുഷ്ടമനുഷ്യരെയും ദൈവം നശിപ്പിക്കും. അതിനു ശേഷം, ദാനിയേലിനോടു ദൈവം വാഗ്ദാനം ചെയ്ത ആ കാര്യങ്ങൾ നിറവേറും. “കാത്തിരിപ്പിന്റെ കാലം കഴിയുമ്പോൾ നിന്റെ ഓഹരിക്കായി നീ എഴുന്നേൽക്കും” എന്നാണു ദാനിയേലിനോടു ദൈവം പറഞ്ഞത്. (ദാനി. 12:13) ദാനിയേലും മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരും എഴുന്നേൽക്കുന്ന ആ സമയത്തിനായി നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണോ? എങ്കിൽ യഹോവയോടു വിശ്വസ്തരായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്താൽ യഹോവയുടെ ജീവന്റെ പുസ്തകത്തിൽ നിങ്ങളുടെ പേര് എന്നും ഉണ്ടായിരിക്കും.
ഗീതം 80 “യഹോവ നല്ലവനെന്നു രുചിച്ചറിയൂ!”
a ദാനിയേൽ 12:2, 3 വാക്യങ്ങളെക്കുറിച്ച് മുമ്പ് നൽകിയിരുന്ന വിശദീകരണത്തിനു വന്നിരിക്കുന്ന മാറ്റത്തെപ്പറ്റി ഈ ലേഖനത്തിൽ ചർച്ച ചെയ്യും. അതു മനസ്സിൽപ്പിടിച്ചുകൊണ്ട് നമുക്ക് ഈ കാര്യങ്ങൾ നോക്കാം: പുതിയ ലോകത്തിൽ ഏതു വലിയ വിദ്യാഭ്യാസപരിപാടിയായിരിക്കും നടക്കുന്നത്? ആരാണ് അതിൽ പങ്കെടുക്കുന്നത്? ക്രിസ്തുവിന്റെ ആയിരംവർഷ ഭരണത്തിന്റെ അവസാനം നടക്കുന്ന അന്തിമപരിശോധനയ്ക്കായി ഈ വിദ്യാഭ്യാസപരിപാടി ആളുകളെ എങ്ങനെ ഒരുക്കും?
b അവസാനകാലത്ത് വിശ്വസ്തരായി മരിച്ചുപോയവരായിരിക്കാം ആദ്യം പുനരുത്ഥാനത്തിൽ വരുന്നത്. അതിനു ശേഷം പുറകോട്ട് ഓരോരോ തലമുറകളായി ഉയിർത്തെഴുന്നേറ്റ് വന്നേക്കാം. അത് അങ്ങനെയാണു നടക്കുന്നതെങ്കിൽ ഓരോ തലമുറയിലുള്ളവർക്കും മുൻതലമുറയിലുള്ളവരെ സ്വാഗതം ചെയ്യാൻ കഴിയും. കാരണം അവർക്കു പരസ്പരം നന്നായി അറിയാമായിരിക്കുമല്ലോ. സ്വർഗീയപുനരുത്ഥാനത്തിന്റെ കാര്യത്തിൽ “ക്രമമനുസരിച്ചായിരിക്കും” അതു നടക്കുന്നതെന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് ഭൂമിയിലെ പുനരുത്ഥാനത്തിന്റെ കാര്യത്തിലും നമുക്ക് അതുതന്നെ പ്രതീക്ഷിക്കാനാകും.—1 കൊരി. 14:33; 15:23.
c ഈ വിശദീകരണം നമ്മുടെ പഠിപ്പിക്കലിൽ വന്നിരിക്കുന്ന ഒരു മാറ്റമാണ്. ഇതെക്കുറിച്ച് മുമ്പ് നമ്മൾ പഠിപ്പിച്ചിരുന്നത് എന്താണെന്നു ദാനിയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 17-ാം അധ്യായത്തിലും 1987 ജൂലൈ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) 21-25 പേജുകളിലും കാണാം.
d എന്നാൽ പ്രവൃത്തികൾ 24:15-ൽ ‘നീതിമാന്മാർ’ എന്നും ‘നീതികെട്ടവർ’ എന്നും അതുപോലെ യോഹന്നാൻ 5:29-ൽ “നല്ല കാര്യങ്ങൾ ചെയ്തവർ” എന്നും “മോശമായ കാര്യങ്ങൾ ചെയ്തവർ” എന്നും ആളുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നതു മരിക്കുന്നതിനു മുമ്പ് അവർ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ്.