പഠനലേഖനം 39
നിങ്ങളുടെ പേര് ‘ജീവന്റെ പുസ്തകത്തിലുണ്ടോ?’
“യഹോവയെ ഭയപ്പെടുന്നവരുടെ . . . പേരുകൾ ദൈവത്തിന്റെ മുന്നിലുള്ള ഒരു ഓർമപ്പുസ്തകത്തിൽ എഴുതുന്നുണ്ടായിരുന്നു.”—മലാ. 3:16.
ഗീതം 61 സാക്ഷികളേ, മുന്നോട്ട്!
ചുരുക്കം a
1. മലാഖി 3:16 അനുസരിച്ച് യഹോവ എഴുതുന്ന പുസ്തകം ഏതാണ്, അതിൽ എന്താണുള്ളത്?
ആയിരക്കണക്കിനു വർഷങ്ങളായി യഹോവ ഒരു പ്രത്യേക പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിൽ ഹാബേൽ മുതലുള്ള വിശ്വസ്തരായ സാക്ഷികളുടെ പേരുകളുണ്ട്. b (ലൂക്കോ. 11:50, 51) പല നൂറ്റാണ്ടുകളിലായി യഹോവ അതിൽ ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ എഴുതിയിട്ടുണ്ട്. ബൈബിളിൽ ഈ പുസ്തകത്തെ ‘ഓർമപ്പുസ്തകം,’ ‘ജീവന്റെ പുസ്തകം,’ “ജീവന്റെ ചുരുൾ” എന്നെല്ലാം വിളിച്ചിരിക്കുന്നു. ഈ ലേഖനത്തിൽ നമ്മൾ അതിനെ ‘ജീവന്റെ പുസ്തകം’ എന്നാണു വിളിക്കുന്നത്.— മലാഖി 3:16 വായിക്കുക; വെളി. 3:5; 20:12.
2. ആരുടെ പേരുകളാണു ജീവന്റെ പുസ്തകത്തിൽ എഴുതപ്പെടുക, ജീവന്റെ പുസ്തകത്തിൽ നമ്മുടെ പേരുണ്ടായിരിക്കാൻ നമുക്ക് എന്തു ചെയ്യാം?
2 യഹോവയെ ഭയപ്പെടുകയും ആഴമായി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ പേരുകളാണു ജീവന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കുക. അവർക്കു നിത്യം ജീവിക്കുന്നതിനുള്ള അവസരം ലഭിക്കും. യേശുവിന്റെ മോചനബലിയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് യഹോവയോട് ഒരു അടുത്ത ബന്ധം വളർത്തിയെടുത്താൽ നമ്മുടെ പേരുകളും ആ പുസ്തകത്തിൽ എഴുതപ്പെടും. (യോഹ. 3:16, 36) നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനുള്ളതോ ഭൂമിയിൽ ജീവിക്കാനുള്ളതോ ആയാലും ഈ പുസ്തകത്തിൽ പേരുണ്ടായിരിക്കാനാണു നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്.
3-4. (എ) ജീവന്റെ പുസ്തകത്തിൽ ഇപ്പോൾ നമ്മുടെ പേരുകൾ എഴുതിയിട്ടുണ്ടെങ്കിൽ നമുക്കു നിത്യജീവൻ ഉറപ്പായെന്നാണോ, വിശദീകരിക്കുക. (ബി) ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നമ്മൾ എന്താണു ചർച്ച ചെയ്യാൻപോകുന്നത്?
3 പുസ്തകത്തിൽ പേര് എഴുതിയാൽ നമുക്കു നിത്യജീവൻ ഉറപ്പായെന്നാണോ അർഥം? അതിന്റെ ഉത്തരം പുറപ്പാട് 32:33-ൽ, മോശയോടുള്ള യഹോവയുടെ വാക്കുകളിലുണ്ട്. യഹോവ പറഞ്ഞു: “ആരാണോ എനിക്ക് എതിരെ പാപം ചെയ്തത് അവന്റെ പേര് എന്റെ പുസ്തകത്തിൽനിന്ന് ഞാൻ മായ്ച്ചുകളയും.” ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന പേര് യഹോവയ്ക്കു വേണമെങ്കിൽ മായ്ച്ചുകളയാം എന്നല്ലേ അതു കാണിക്കുന്നത്. എന്തെങ്കിലും പെൻസിലുകൊണ്ട് എഴുതിയിട്ടു പിന്നീട് മായ്ച്ചുകളയുന്നതുപോലെയാണ് അത്. (വെളി. 3:5) അതുകൊണ്ട് ജീവന്റെ പുസ്തകത്തിൽ നമ്മുടെ പേരുകൾ സ്ഥിരമാകുന്ന സമയംവരെ അതിൽ നമ്മുടെ പേരുകളുണ്ടെന്ന് ഉറപ്പാക്കണം.
4 ഇപ്പോൾ ചില സംശയങ്ങൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം. ഉദാഹരണത്തിന്, ജീവന്റെ പുസ്തകത്തിൽ പേരുള്ളവരെയും പേരില്ലാത്തവരെയും കുറിച്ച് ബൈബിൾ എന്താണു പറയുന്നത്? ആ പുസ്തകത്തിൽ പേരുള്ളവർക്ക് എപ്പോഴാണു നിത്യജീവൻ ലഭിക്കുക? യഹോവയെക്കുറിച്ച് അറിയാൻ അവസരം ലഭിക്കാതെ മരിച്ചുപോയവരുടെ കാര്യമോ? അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതാൻ എന്തെങ്കിലും സാധ്യതയുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനത്തിലും തുടർന്നുവരുന്ന ലേഖനത്തിലും നമ്മൾ പഠിക്കും.
ആരുടെയൊക്കെ പേരുകളാണു ജീവന്റെ പുസ്തകത്തിലുള്ളത്?
5-6. (എ) ഫിലിപ്പിയർ 4:3 പറയുന്നതുപോലെ ആരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കും? (ബി) എപ്പോഴായിരിക്കും അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ സ്ഥിരമായി എഴുതപ്പെടുന്നത്?
5 അതിന്റെ ഉത്തരം അറിയാൻ അഞ്ചു വ്യത്യസ്ത കൂട്ടം ആളുകളെക്കുറിച്ച് നമുക്കു നോക്കാം. അവരിൽ ചിലരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മറ്റു ചിലരുടേത് എഴുതിയിട്ടില്ല.
6 സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് ആദ്യത്തെ കൂട്ടം. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിലുണ്ട്. ഫിലിപ്പിയിലെ തന്റെ ‘സഹപ്രവർത്തകർക്കു’ പൗലോസ് അപ്പോസ്തലൻ എഴുതിയ വാക്കുകളിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. (ഫിലിപ്പിയർ 4:3 വായിക്കുക.) എന്നാൽ ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എന്നേക്കും ഉണ്ടായിരിക്കണമെങ്കിൽ അവർ എന്നും വിശ്വസ്തരായിരിക്കണമായിരുന്നു. ഈ അഭിഷിക്തർക്ക് അന്തിമമുദ്ര കിട്ടുമ്പോഴാണ് ആ പുസ്തകത്തിൽ അവരുടെ പേരുകൾ എന്നേക്കുമായി എഴുതപ്പെടുന്നത്. അന്തിമമുദ്ര കിട്ടുന്നത് അവരുടെ മരണത്തിനു മുമ്പോ മഹാകഷ്ടത തുടങ്ങുന്നതിനു തൊട്ടുമുമ്പോ ആയിരിക്കും.—വെളി. 7:3.
7. മഹാപുരുഷാരത്തിന്റെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എന്നേക്കുമായി എഴുതപ്പെടുന്നതിനെക്കുറിച്ച് വെളിപാട് 7:16, 17-ൽനിന്ന് നമ്മൾ എന്താണു കൂടുതലായി മനസ്സിലാക്കുന്നത്?
7 മഹാപുരുഷാരമാണു രണ്ടാമത്തെ കൂട്ടം. അവരുടെ പേരുകൾ ഇപ്പോൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടോ? ഉണ്ട്. അർമഗെദോനെ അതിജീവിച്ചുകഴിഞ്ഞും അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കുമോ? ഉണ്ടായിരിക്കും. (വെളി. 7:14) ഈ ചെമ്മരിയാടുതുല്യരായവർ ‘നിത്യജീവനിലേക്കു കടക്കും’ എന്നാണു യേശു പറഞ്ഞത്. (മത്താ. 25:46) എന്നാൽ അർമഗെദോനെ അതിജീവിക്കുന്നവർക്ക് ഉടനെ നിത്യജീവൻ കിട്ടില്ല. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ പെൻസിലുകൊണ്ട് എഴുതിയതുപോലെതന്നെ തുടരും. ആയിരംവർഷ ഭരണസമയത്ത് യേശു “അവരെ മേയ്ച്ച് ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും.” അപ്പോൾ ക്രിസ്തുവിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുകയും അന്തിമപരിശോധനയിൽ യഹോവയോടു വിശ്വസ്തരാണെന്നു തെളിയുകയും ചെയ്യുന്നവരുടെ പേരുകൾ എന്നും നിലനിൽക്കുന്ന രീതിയിൽ ജീവന്റെ പുസ്തകത്തിൽ യഹോവ എഴുതും.—വെളിപാട് 7:16, 17 വായിക്കുക.
8. ജീവന്റെ പുസ്തകത്തിൽ ആരുടെയൊക്കെ പേരുണ്ടായിരിക്കില്ല, അവർക്ക് എന്തു സംഭവിക്കും?
8 അർമഗെദോനിൽ നശിപ്പിക്കപ്പെടുന്ന കോലാടുതുല്യരായവരാണു മൂന്നാമത്തെ കൂട്ടം. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിലില്ല. അവരെ “എന്നേക്കുമായി നിഗ്രഹിച്ചുകളയും” എന്നാണു യേശു പറഞ്ഞത്. (മത്താ. 25:46) ദൈവാത്മാവിനാൽ പ്രചോദിതനായി അപ്പോസ്തലനായ പൗലോസ് പറഞ്ഞത് “ഇക്കൂട്ടർക്കു വിധിക്കുന്ന നിത്യനാശമെന്ന ശിക്ഷ അവർ അനുഭവിക്കും” എന്നാണ്. (2 തെസ്സ. 1:9; 2 പത്രോ. 2:9) മനുഷ്യചരിത്രത്തിൽ ഇന്നോളം പരിശുദ്ധാത്മാവിന് എതിരെ മനഃപൂർവം പാപം ചെയ്തവർക്കു കിട്ടുന്നതും നിത്യനാശമാണ്. അവർക്കു പുനരുത്ഥാനം ഉണ്ടായിരിക്കില്ല. (മത്താ. 12:32; മർക്കോ. 3:28, 29; എബ്രാ. 6:4-6) ഇനി, പുനരുത്ഥാനപ്പെട്ട് ഭൂമിയിലേക്കു വരുന്ന രണ്ടു കൂട്ടരെക്കുറിച്ച് നമുക്കു കൂടുതലായി മനസ്സിലാക്കാം.
പുനരുത്ഥാനപ്പെട്ടുവരുന്നവർ
9. പ്രവൃത്തികൾ 24:15 പറയുന്നതനുസരിച്ച് ഏതു രണ്ടു കൂട്ടം ആളുകൾ ഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ടുവരും, അവർ തമ്മിലുള്ള വ്യത്യാസം എന്താണ്?
9 ഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ടുവരുന്ന രണ്ടു കൂട്ടത്തെക്കുറിച്ച് ബൈബിൾ പറയുന്നു, ‘നീതിമാന്മാരും നീതികെട്ടവരും.’ ഈ രണ്ടു കൂട്ടർക്കും ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരമുണ്ട്. (പ്രവൃത്തികൾ 24:15 വായിക്കുക.) മരിക്കുന്നതിനു മുമ്പ് യഹോവയെ വിശ്വസ്തമായി സേവിച്ചവരാണ് ‘നീതിമാന്മാർ.’ എന്നാൽ ‘നീതികെട്ടവർ’ യഹോവയുടെ വിശ്വസ്താരാധകർ അല്ലാതിരുന്ന ഒരു കൂട്ടം ആളുകളാണ്. അവരിൽ പലരും വളരെ മോശമായ കാര്യങ്ങൾ ചെയ്തിരുന്നവർപോലുമാണ്. ഈ രണ്ടു കൂട്ടരും പുനരുത്ഥാനപ്പെട്ടു എന്നതുകൊണ്ട് അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നു പറയാൻ പറ്റുമോ? അതിന്റെ ഉത്തരം മനസ്സിലാക്കാനായി നമുക്ക് ഈ ഓരോ കൂട്ടത്തെക്കുറിച്ചും നോക്കാം.
10. ‘നീതിമാന്മാർ’ പുനരുത്ഥാനപ്പെടുന്നതിന്റെ കാരണം എന്താണ്, അവരിൽ ചിലർക്ക് ഏതു പദവി കിട്ടും? (ഭൂമിയിൽ നടക്കാനിരിക്കുന്ന പുനരുത്ഥാനത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്നതും കാണുക.)
10 ‘നീതിമാന്മാരാണു’ നാലാമത്തെ കൂട്ടം. മരിക്കുന്നതിനു മുമ്പ് അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിലുണ്ടായിരുന്നു. എന്നാൽ മരിച്ചപ്പോൾ അവരുടെ പേരുകൾ ആ പുസ്തകത്തിൽനിന്ന് നീക്കിക്കളഞ്ഞോ? ഇല്ല. കാരണം, അവർ ഇപ്പോഴും യഹോവയുടെ ഓർമയിൽ ‘ജീവിക്കുന്നുണ്ട്.’ യഹോവ “മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. കാരണം ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” (ലൂക്കോ. 20:38) ഇതു കാണിക്കുന്നതു നീതിമാന്മാർ പുനരുത്ഥാനപ്പെട്ട് ഭൂമിയിലേക്കു വരുമ്പോൾ അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കുമെന്നാണ്. പക്ഷേ അപ്പോഴും അതു ‘പെൻസിലുകൊണ്ട്’ എഴുതിയതുപോലെയായിരിക്കും. (ലൂക്കോ. 14:14) അവരിൽ ചിലരെ യഹോവ ‘ഭൂമിയിലെമ്പാടും പ്രഭുക്കന്മാരായി നിയമിക്കും.’—സങ്കീ. 45:16.
11. ‘നീതികെട്ടവരുടെ’ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതപ്പെടണമെങ്കിൽ അവർ എന്തു പഠിക്കേണ്ടതുണ്ട്?
11 അവസാനമായി അഞ്ചാമത്തെ കൂട്ടത്തെക്കുറിച്ച് നോക്കാം. ‘നീതികെട്ടവരാണ്’ അവർ. അവരിൽ പലർക്കും മരിക്കുന്നതിനു മുമ്പ് യഹോവയുടെ നിയമങ്ങൾ അറിയില്ലായിരുന്നതുകൊണ്ട് നീതിമാന്മാരായി ജീവിക്കാൻ പറ്റിയില്ല. അതുകൊണ്ട് അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിലില്ല. എന്നാൽ അവരെ തിരികെ ജീവനിലേക്കു കൊണ്ടുവന്നുകൊണ്ട് ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെടാനുള്ള ഒരു അവസരം ദൈവം അവർക്കു കൊടുക്കുന്നു. മരിക്കുന്നതിനു മുമ്പ് അവർ ഒത്തിരി മോശമായ കാര്യങ്ങൾ ചെയ്തവരാണ്. അതുകൊണ്ടുതന്നെ അവർക്കു പല കാര്യങ്ങളിലും സഹായം വേണം. യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച് എങ്ങനെ ജീവിക്കാമെന്ന് അവർ പഠിക്കേണ്ടതുണ്ട്. അവരെ അതു പഠിപ്പിക്കാനായി ഭൂമിയിൽ ഇതുവരെ നടന്നിട്ടുള്ളതിലേക്കും വലിയ ഒരു വിദ്യാഭ്യാസപരിപാടി ദൈവരാജ്യഭരണത്തിൻകീഴിൽ നടക്കും.
12. (എ) ആരായിരിക്കും നീതികെട്ടവരെ പഠിപ്പിക്കുന്നത്? (ബി) പഠിച്ച കാര്യങ്ങൾക്കനുസരിച്ച് ജീവിക്കാത്തവർക്ക് എന്തു സംഭവിക്കും?
12 ആരായിരിക്കും നീതികെട്ടവരെ പഠിപ്പിക്കുന്നത്? മഹാപുരുഷാരവും പുനരുത്ഥാനപ്പെട്ടുവരുന്ന നീതിമാന്മാരും. ജീവന്റെ പുസ്തകത്തിൽ നീതികെട്ടവരുടെ പേരുകൾ എഴുതപ്പെടണമെങ്കിൽ അവർ യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരുകയും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും വേണം. തങ്ങളെ പഠിപ്പിക്കുമ്പോൾ അവർ എങ്ങനെയാണു പ്രതികരിക്കുന്നതെന്നു സ്വർഗത്തിൽനിന്ന് യേശുവും അഭിഷിക്തക്രിസ്ത്യാനികളും വളരെ ശ്രദ്ധയോടെ നിരീക്ഷിക്കും. (വെളി. 20:4) ഇത്രയൊക്കെ സഹായം കിട്ടിയിട്ടും മാറ്റം വരുത്താൻ തയ്യാറാകാത്തവരെ പിന്നെ ജീവനോടെ വെച്ചേക്കില്ല, അവർക്ക് 100 വയസ്സുണ്ടെങ്കിൽപ്പോലും. (യശ. 65:20) യഹോവയ്ക്കും യേശുവിനും ആളുകളുടെ ഹൃദയത്തിലുള്ളത് എന്താണെന്നു കാണാൻ പറ്റുന്നതുകൊണ്ട് പുതിയ ലോകത്തിൽ ഒരു നാശവും വരുത്താൻ ആരെയും അനുവദിക്കില്ല.—യശ. 11:9; 60:18; 65:25; യോഹ. 2:25.
പുനരുത്ഥാനം—ജീവനായുള്ളതും ന്യായവിധിക്കായുള്ളതും
13-14. (എ) യോഹന്നാൻ 5:29-ലെ യേശുവിന്റെ വാക്കുകളെ നമ്മൾ എങ്ങനെയാണു മുമ്പ് മനസ്സിലാക്കിയിരുന്നത്? (ബി) എന്നാൽ യേശു ഉപയോഗിച്ച വാക്കുകൾ നോക്കുകയാണെങ്കിൽ നമുക്ക് എന്തു മനസ്സിലാക്കാം?
13 ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ച് വരുന്നവരെക്കുറിച്ച് യേശുവും പറഞ്ഞു. അവരെക്കുറിച്ച് യേശു പറഞ്ഞത് ഇതാണ്: “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു. നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു ജീവനായുള്ള പുനരുത്ഥാനവും മോശമായ കാര്യങ്ങൾ ചെയ്തവർക്ക് അതു ന്യായവിധിക്കായുള്ള പുനരുത്ഥാനവും ആയിരിക്കും.” (യോഹ. 5:28, 29) യേശു ആ പറഞ്ഞതിന്റെ അർഥം എന്താണ്?
14 യേശുവിന്റെ ആ വാക്കുകളെക്കുറിച്ച് നമ്മൾ മുമ്പ് മനസ്സിലാക്കിയിരുന്നതു പുനരുത്ഥാനം പ്രാപിച്ചുവരുന്നവർ അതിനു ശേഷം ചെയ്യുന്ന പ്രവൃത്തികളെയാണു യേശു അർഥമാക്കിയത് എന്നാണ്. അതായത്, ചിലർ ജീവനിലേക്കു വന്നിട്ടു നല്ല കാര്യങ്ങൾ ചെയ്യും, മറ്റു ചിലർ ജീവനിലേക്കു വന്നിട്ടു മോശമായ കാര്യങ്ങൾ ചെയ്യും എന്ന്. എന്നാൽ സ്മാരകക്കല്ലറകളിൽനിന്ന് പുറത്തുവരുന്നവർ പിന്നീടു നല്ല കാര്യങ്ങൾ ചെയ്യും, മോശമായ കാര്യങ്ങൾ ചെയ്യും എന്നു യേശു പറഞ്ഞില്ല. യേശു ഇവിടെ ഭൂതകാല ക്രിയ ഉപയോഗിച്ചാണു സംസാരിച്ചത്. അതായത്, “നല്ല കാര്യങ്ങൾ ചെയ്തവർ” എന്നും “മോശമായ കാര്യങ്ങൾ ചെയ്തവർ” എന്നും ആണ് യേശു പറഞ്ഞത്. അതു സൂചിപ്പിക്കുന്നത് മരിക്കുന്നതിനു മുമ്പ് അവർ ചെയ്ത പ്രവൃത്തികളെയാണു യേശു അർഥമാക്കിയത് എന്നാണ്. അതു ശരിയാണെന്ന് തോന്നുന്നില്ലേ? കാരണം, പുതിയ ലോകത്തിൽ മോശമായ കാര്യങ്ങൾ ചെയ്യുന്നവരെ അവിടെ തുടരാൻ അനുവദിക്കുകയില്ലല്ലോ. അതുകൊണ്ട് നീതികെട്ടവർ മരിക്കുന്നതിനു മുമ്പ് ആയിരിക്കണം മോശമായ കാര്യങ്ങൾ ചെയ്തത്. അങ്ങനെയെങ്കിൽ ‘ജീവനായുള്ള പുനരുത്ഥാനം’ എന്നും ‘ന്യായവിധിക്കായുള്ള പുനരുത്ഥാനം’ എന്നും യേശു പറഞ്ഞതിന്റെ അർഥം എന്താണ്?
15. ജീവനായുള്ള പുനരുത്ഥാനം ആർക്കാണു കിട്ടുന്നത്, എന്തുകൊണ്ട്?
15 നീതിമാന്മാർക്ക്, അതായത് മരിക്കുന്നതിനു മുമ്പ് നല്ല കാര്യങ്ങൾ ചെയ്തവർക്ക്, ‘ജീവനായുള്ള പുനരുത്ഥാനം’ കിട്ടും. കാരണം, അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അതായത്, യോഹന്നാൻ 5:29-ൽ പറഞ്ഞിരിക്കുന്ന ‘നല്ല കാര്യങ്ങൾ ചെയ്തവരും’ പ്രവൃത്തികൾ 24:15-ൽ പറഞ്ഞിരിക്കുന്ന നീതിമാന്മാരും ഒരേ കൂട്ടത്തെയാണു കുറിക്കുന്നത്. ഒരാൾ മരിക്കുമ്പോൾ അയാൾ പാപത്തിൽനിന്ന് മോചിതനാകുമെന്നു റോമർ 6:7-ൽ പറയുന്നുണ്ടെങ്കിലും അയാൾ ചെയ്ത നല്ല കാര്യങ്ങൾ യഹോവ മറന്നുകളയുന്നില്ല. അതുകൊണ്ട് അപ്പോഴും അവരുടെ പേര് ജീവന്റെ പുസ്തകത്തിലുണ്ടായിരിക്കും. (എബ്രാ. 6:10) പക്ഷേ, പുനരുത്ഥാനപ്പെട്ടുവരുന്ന ഈ നീതിമാന്മാരും വിശ്വസ്തതയോടെ തുടർന്നാൽ മാത്രമേ അവരുടെ പേരുകൾ എന്നും ജീവന്റെ പുസ്തകത്തിൽ ഉണ്ടായിരിക്കുകയുള്ളൂ.
16. എന്താണു ‘ന്യായവിധിക്കായുള്ള പുനരുത്ഥാനം?’
16 മരിക്കുന്നതിനു മുമ്പ് മോശമായ കാര്യങ്ങൾ ചെയ്തവരെക്കുറിച്ച് നമുക്ക് എന്തു പറയാം? മരണത്തോടെ ദൈവം അവരുടെ തെറ്റുകൾ ക്ഷമിച്ചെങ്കിലും അവർ ഇതുവരെ യഹോവയെ വിശ്വസ്തമായി സേവിച്ചിട്ടില്ല. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ ഇല്ല. അതുകൊണ്ട് ‘മോശമായ കാര്യങ്ങൾ ചെയ്തവരും’ പ്രവൃത്തികൾ 24:15-ൽ പറയുന്ന ‘നീതികെട്ടവരും’ ഒരേ കൂട്ടർതന്നെയാണ്. അവർക്കു കിട്ടുന്നതു ‘ന്യായവിധിക്കായുള്ള പുനരുത്ഥാനമായിരിക്കും.’ c ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവർ മാറ്റം വരുത്തുന്നുണ്ടോ എന്ന് അറിയാൻ യേശു അവരെ കുറച്ച് കാലത്തേക്കു നിരീക്ഷിക്കുകയും പരിശോധിക്കുകയും ഒക്കെ ചെയ്യും എന്നാണ്. (ലൂക്കോ. 22:30) ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെടാനുള്ള യോഗ്യത അവർക്കുണ്ടോ എന്നു വിലയിരുത്താൻ കുറച്ച് സമയമെടുക്കും. അവർ മുമ്പത്തെ മോശമായ ജീവിതരീതി ഉപേക്ഷിച്ച് യഹോവയ്ക്കുവേണ്ടി തങ്ങളുടെ ജീവിതം സമർപ്പിച്ചാൽ മാത്രമേ ജീവന്റെ പുസ്തകത്തിൽ അവരുടെ പേരുകൾ എഴുതുകയുള്ളൂ.
17-18. (എ) ഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ടുവരുന്ന എല്ലാവരും എന്തു ചെയ്യേണ്ടതുണ്ട്? (ബി) വെളിപാട് 20:12, 13-ൽ പറഞ്ഞിരിക്കുന്ന പ്രവൃത്തികൾ എന്തിനെയാണു കുറിക്കുന്നത്?
17 പുനരുത്ഥാനപ്പെട്ടുവരുന്നവർ മുമ്പ് നീതിമാന്മാരോ നീതികെട്ടവരോ ആയിരുന്നാലും ആയിരംവർഷ ഭരണകാലത്ത് തുറക്കപ്പെടുന്ന പുതിയ ചുരുളുകളിലുള്ള നിയമങ്ങൾ അവർ അനുസരിക്കേണ്ടതുണ്ട്. അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടത് ഇതാണ്: “മരിച്ചവർ, വലിയവരും ചെറിയവരും എല്ലാം, സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ചുരുളുകൾ തുറന്നു. ജീവന്റെ ചുരുൾ എന്ന മറ്റൊരു ചുരുളും തുറന്നു. ചുരുളുകളിൽ എഴുതിയിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരെ അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിച്ചു.”—വെളി. 20:12, 13.
18 ഏതു “പ്രവൃത്തികളുടെ” അടിസ്ഥാനത്തിലാണ് പുനരുത്ഥാനപ്പെട്ടുവരുന്നവരെ ന്യായം വിധിക്കുന്നത്? മരിക്കുന്നതിനു മുമ്പ് അവർ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണോ? അല്ല. മരണത്തോടെ അവരുടെ തെറ്റുകൾ യഹോവ ക്ഷമിച്ചതാണ്. അതുകൊണ്ട് മരിക്കുന്നതിനു മുമ്പ് അവർ ചെയ്ത കാര്യങ്ങളല്ല ഈ ‘പ്രവൃത്തികൾ.’ മറിച്ച്, പുതിയ ലോകത്തിൽ അവർക്കു കിട്ടുന്ന പരിശീലനത്തോടുള്ള പ്രതികരണത്തെയാണ് അത് അർഥമാക്കുന്നത്. നോഹ, ശമുവേൽ, ദാവീദ്, ദാനിയേൽ എന്നിവരെപ്പോലുള്ള വിശ്വസ്തരായ ദൈവദാസർപോലും യേശുവിനെക്കുറിച്ച് പഠിക്കുകയും യേശുവിന്റെ ബലിയിൽ വിശ്വസിക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നീതികെട്ടവർ എത്രയധികം അതു ചെയ്യേണ്ടതാണ്!
19. പേര് എഴുതപ്പെടാനുള്ള ആ വലിയ അവസരം നഷ്ടപ്പെടുത്തുന്നവർക്ക് എന്തു സംഭവിക്കും?
19 ജീവന്റെ പുസ്തകത്തിൽ പേര് എഴുതപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തുന്നവർക്ക് എന്തായിരിക്കും സംഭവിക്കുക? വെളിപാട് 20:15 പറയുന്നു: “ജീവന്റെ പുസ്തകത്തിൽ പേര് എഴുതിക്കാണാത്തവരെയും തീത്തടാകത്തിലേക്ക് എറിഞ്ഞു.” അതെ, അവരെ എന്നേക്കുമായി നശിപ്പിച്ചുകളയും. അതുകൊണ്ട് നമ്മുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നും അതു മാഞ്ഞുപോകുന്നില്ലെന്നും ഉറപ്പാക്കേണ്ടത് എത്ര പ്രധാനമാണ്!
20. ആയിരംവർഷ ഭരണത്തിന്റെ സമയത്ത് ഏതു വലിയ പ്രവർത്തനം നടക്കും? (പുറംതാളിലെ ചിത്രം കാണുക.)
20 ആയിരംവർഷ ഭരണം എത്ര നല്ല സമയമായിരിക്കും! ഭൂമിയിൽ ഇതുവരെ നടന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ വിദ്യാഭ്യാസപരിപാടി അന്നു നടക്കും. തങ്ങൾ യഹോവയുടെ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണെന്നു നീതിമാന്മാരും നീതികെട്ടവരും ആ സമയത്ത് തെളിയിക്കുകയും വേണം. (യശ. 26:9; പ്രവൃ. 17:31) ഈ വിദ്യാഭ്യാസപരിപാടി എങ്ങനെയായിരിക്കും നടത്തപ്പെടുന്നത്? ദൈവത്തിന്റെ ഈ ക്രമീകരണത്തെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
ഗീതം 147 നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു
a യോഹന്നാൻ 5:28, 29-ൽ “ജീവനായുള്ള പുനരുത്ഥാനവും” “ന്യായവിധിക്കായുള്ള പുനരുത്ഥാനവും” ഉണ്ടെന്നു യേശു പറഞ്ഞു. ആ വാക്യത്തിന്, മുമ്പ് നൽകിയിരുന്ന വിശദീകരണത്തിന് ഒരു മാറ്റം വന്നിരിക്കുന്നു. അതെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യാൻപോകുന്നത്. അതോടൊപ്പം ഈ രണ്ടു പുനരുത്ഥാനങ്ങൾ എന്താണെന്നും അവയിൽ ആരൊക്കെ ഉൾപ്പെടുന്നുണ്ടെന്നും നമ്മൾ മനസ്സിലാക്കും.
b ഈ പുസ്തകത്തിൽ പേര് എഴുതിത്തുടങ്ങിയത് ‘ലോകാരംഭംമുതലാണ്.’ ഇവിടെ ‘ലോകം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു യേശുവിന്റെ മോചനവിലയിൽനിന്ന് പ്രയോജനം നേടാൻ കഴിയുന്ന എല്ലാവരെയുമാണ്. (മത്താ. 25:34; വെളി. 17:8) അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകത്തിൽ പേര് എഴുതിത്തുടങ്ങിയത് നീതിമാനായ ഹാബേലിന്റെ കാലംമുതലായിരിക്കാം.
c ഇവിടെ ഉപയോഗിച്ചിരിക്കുന്ന “ന്യായവിധി” എന്ന പദം ശിക്ഷാവിധിയെ കുറിക്കുന്നതായിട്ടാണു മുമ്പ് നമ്മൾ വിശദീകരിച്ചിരുന്നത്. “ന്യായവിധി” എന്ന പദത്തിന് അങ്ങനെയൊരു അർഥം ഉണ്ടെന്നുള്ളതു ശരിയാണ്. പക്ഷേ യേശു ഇവിടെ ഈ പദം ഉപയോഗിച്ചത് കുറച്ചുകൂടെ പൊതുവായ ഒരു അർഥത്തിലാണെന്നു തോന്നുന്നു, അതായത് ഒരാളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ഒക്കെ ചെയ്യുന്നതിനെ കുറിക്കാൻ. അല്ലെങ്കിൽ ഒരു ഗ്രീക്ക് ബൈബിൾ നിഘണ്ടു പറയുന്നതുപോലെ ഒരാളുടെ “പെരുമാറ്റത്തെ പരിശോധിക്കുന്നതിനെ” സൂചിപ്പിക്കാൻ.