വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആരായിരിക്കും ഭൂമിയിലേക്കു പുനരുത്ഥാനപ്പെടുക, അവരുടെ പുനരുത്ഥാനം എങ്ങനെയുള്ളതായിരിക്കും?
ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം നോക്കാം.
പ്രവൃത്തികൾ 24:15-ൽ ‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും’ എന്നു പറയുന്നു. നീതിമാന്മാർ ദൈവത്തെ അനുസരിച്ച് മരിച്ചുപോയവരെയാണ് അർഥമാക്കുന്നത്. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. (മലാ. 3:16) യഹോവയെക്കുറിച്ച് പഠിക്കാൻ അവസരം കിട്ടാതെ മരിച്ചുപോയവർ നീതികെട്ടവരിൽ ഉൾപ്പെടുന്നു. അവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടില്ല.
പ്രവൃത്തികൾ 24:15-ൽ പറഞ്ഞിരിക്കുന്ന അതേ രണ്ടു കൂട്ടത്തെക്കുറിച്ചുതന്നെയാണു യോഹന്നാൻ 5:28, 29-ലും പറഞ്ഞിരിക്കുന്നത്. “നല്ല കാര്യങ്ങൾ ചെയ്തവർക്ക്”“ജീവനായുള്ള പുനരുത്ഥാനവും” “മോശമായ കാര്യങ്ങൾ ചെയ്തവർക്ക്” “ന്യായവിധിക്കായുള്ള പുനരുത്ഥാനവും” ഉണ്ടാകുമെന്നു യേശു പറഞ്ഞു. നീതിമാന്മാർ മരിക്കുന്നതിനു മുമ്പ് നല്ല കാര്യങ്ങൾ ചെയ്തു. അവരുടെ പേര് ജീവന്റെ പുസ്തകത്തിലുള്ളതുകൊണ്ട് അവരുടേതു ജീവനായുള്ള പുനരുത്ഥാനമായിരിക്കും. എന്നാൽ നീതികെട്ടവർ മരിക്കുന്നതിനു മുമ്പ് മോശം കാര്യങ്ങൾ ചെയ്തവരാണ്. അവരുടെ പേരുകൾ ഇതുവരെയും ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടില്ല. അവരുടേതു ന്യായവിധിക്കായുള്ള പുനരുത്ഥാനമായിരിക്കും. അവർ ന്യായവിധിയുടെ അഥവാ നിരീക്ഷണത്തിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ആ സമയത്ത് അവർക്ക് യഹോവയെക്കുറിച്ച് പഠിക്കാൻ അവസരമുണ്ടായിരിക്കും. അവരുടെ പ്രവർത്തനങ്ങൾ എങ്ങനെയുള്ളതാണെന്നു നിരീക്ഷിക്കും. മാറ്റം വരുത്തുന്നെങ്കിൽ ജീവന്റെ പുസ്തകത്തിൽ അവരുടെ പേര് എഴുതപ്പെടും.
വെളിപാട് 20:12, 13-ൽ പുനരുത്ഥാനപ്പെട്ടുവരുന്ന ഓരോരുത്തരും ‘ചുരുളുകളിൽ എഴുതിയിരിക്കുന്നത്’ അനുസരിക്കണമെന്നു പറഞ്ഞിരിക്കുന്നു. പുതിയ ലോകത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളാണ് ആ ചുരുളുകളിലുള്ളത്. ആ നിയമങ്ങൾ അനുസരിക്കാത്തവരെ യഹോവ അന്നു നശിപ്പിക്കും.—യശ. 65:20.
ദാനിയേൽ 12:2-ൽ മരണത്തിൽ ‘ഉറങ്ങിക്കിടന്ന ചിലർ നിത്യജീവനിലേക്കും മറ്റുള്ളവർ അപമാനത്തിലേക്കും നിത്യനിന്ദയിലേക്കും ഉണർന്നെണീക്കും’ എന്നു പറയുന്നു. പുനരുത്ഥാനപ്പെട്ടുവരുന്നവരുടെ അന്തിമന്യായവിധിയെക്കുറിച്ചാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. അവർക്കു ‘നിത്യജീവനോ’ ‘നിത്യനിന്ദയോ’ ലഭിച്ചേക്കാം. എന്നുപറഞ്ഞാൽ 1,000 വർഷത്തിന്റെ അവസാനത്തിൽ ചിലർക്കു നിത്യജീവൻ കിട്ടും, മറ്റു ചിലർ നിത്യമായി നശിപ്പിക്കപ്പെടും.—വെളി. 20:15; 21:3, 4.
ഒരു ഉദാഹരണം നോക്കുക. പുതിയ ലോകത്തിലേക്കു പുനരുത്ഥാനപ്പെട്ടുവരുന്ന രണ്ടു കൂട്ടത്തെ മറ്റൊരു രാജ്യത്ത് പോയി താമസിക്കാൻ ആഗ്രഹിക്കുന്നവരോടു താരതമ്യപ്പെടുത്താം. അതിന് ആ രാജ്യത്തെ സർക്കാർ അനുവദിക്കുന്ന വിസ അവർക്ക് ആവശ്യമാണ്. ചില ആളുകൾക്ക് അവിടെ പോയി താമസിക്കാനും ജോലി ചെയ്യാനും ഒക്കെയുള്ള വിസ കിട്ടുന്നു. അതിലൂടെ ആ രാജ്യത്തെ പൗരന്മാർക്കുള്ള ചില അവകാശങ്ങളും അവർക്കു ലഭിക്കുന്നു. പുതിയ ലോകത്തിലേക്കു പുനരുത്ഥാനപ്പെട്ടുവരുന്ന നീതിമാന്മാർ ഇതുപോലെയാണ്. എന്നാൽ മറ്റു ചില ആളുകൾക്കു സന്ദർശകവിസയായിരിക്കും കിട്ടുന്നത്. അനുവദിച്ചിരിക്കുന്നതിൽ കൂടുതൽ സമയം ആ രാജ്യത്ത് താമസിക്കണമെങ്കിൽ അവർ യോഗ്യത തെളിയിക്കേണ്ടതുണ്ട്. പുതിയ ലോകത്തിലേക്കു പുനരുത്ഥാനപ്പെട്ടുവരുന്ന നീതികെട്ടവർ ഇതുപോലെയാണ്. യഹോവ വെച്ചിരിക്കുന്ന നിയമങ്ങൾ അനുസരിച്ചുകൊണ്ട് യോഗ്യത തെളിയിച്ചാൽ മാത്രമേ അവർക്കു പറുദീസയിൽ തുടരാനാകൂ. എന്നാൽ തുടക്കത്തിൽ ഏതു തരത്തിലുള്ള വിസയാണു കിട്ടുന്നതെങ്കിലും പിന്നീടു ചിലർക്ക് ആ രാജ്യത്തെ പൗരത്വം ലഭിച്ചേക്കും, മറ്റുള്ളവർക്ക് അവിടം വിട്ട് പോരേണ്ടതായും വരും. ആ തീരുമാനം അവരുടെ മനോഭാവത്തെയും പെരുമാറ്റത്തെയും ആശ്രയിച്ചാണിരിക്കുന്നത്. അതുപോലെതന്നെയാണു പുനരുത്ഥാനപ്പെട്ട് ഭൂമിയിലേക്കുവരുന്നവരുടെയും കാര്യം. പുതിയ ലോകത്തിലെ അവരുടെ പ്രവൃത്തികളുടെയും വിശ്വസ്തതയുടെയും അടിസ്ഥാനത്തിലായിരിക്കും അന്തിമവിധി.
യഹോവ അനുകമ്പയുള്ള ദൈവം മാത്രമല്ല നീതിയുള്ള ദൈവവുമാണ്. (ആവ. 32:4; സങ്കീ. 33:5) സ്നേഹമുള്ളതുകൊണ്ട് ദൈവം നീതിമാന്മാരെയും നീതികെട്ടവരെയും പുനരുത്ഥാനപ്പെടുത്തും. എന്നാൽ ശരിയും തെറ്റും സംബന്ധിച്ച് താൻ വെച്ചിരിക്കുന്ന നിലവാരങ്ങൾ എല്ലാവരും അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കും. യഹോവയെ സ്നേഹിക്കുകയും യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരെ മാത്രമേ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാൻ യഹോവ അനുവദിക്കുകയുള്ളൂ.