വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പൗലോസ് തന്നെത്തന്നെ ‘മാസം തികയാതെ പിറന്നവൻ’ എന്നു വിളിച്ചത് എന്തുകൊണ്ട്? (1 കൊരിന്ത്യർ 15:8)
യേശു “ഏറ്റവും ഒടുവിൽ, മാസം തികയാതെ പിറന്നവനെപ്പോലുള്ള എനിക്കും പ്രത്യക്ഷനായി” എന്ന് 1 കൊരിന്ത്യർ 15:8-ൽ അപ്പോസ്തലനായ പൗലോസ് പറയുന്നു. ഒരു ദർശനത്തിൽ സ്വർഗീയമഹത്ത്വത്തിലുള്ള യേശുവിനെ കണ്ടപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചാണു പൗലോസ് ഇവിടെ പറയുന്നത്. എന്നാൽ ‘മാസം തികയാതെ പിറന്നവൻ’ എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് ഉദ്ദേശിച്ചത്? അതിനു നമ്മൾ മുമ്പ് നൽകിയിരുന്ന വിശദീകരണം ഇതാണ്: ആത്മജീവനിലേക്കുള്ള പുനരുത്ഥാനം അഥവാ ജനനം നടക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ, അതായത് യേശുവിനെ ദർശനത്തിൽ കണ്ടപ്പോൾത്തന്നെ, പൗലോസിന് അതു കിട്ടിയതുപോലെയായി. അതാണു പൗലോസ് ഉദ്ദേശിച്ചതെന്നാണു നമ്മൾ കരുതിയിരുന്നത്. എന്നാൽ ആ വാക്യത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഈ വിശദീകരണത്തിന് ഒരു മാറ്റം ആവശ്യമാണെന്നു മനസ്സിലായി.
ദർശനം കണ്ടപ്പോൾ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചാണു പൗലോസ് ഇവിടെ സംസാരിക്കുന്നത് എന്നതിനു സംശയമില്ല. എന്നാൽ ‘മാസം തികയാതെ പിറന്നവൻ’ എന്നു പറഞ്ഞപ്പോൾ എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? അതിനു പല സാധ്യതകളുണ്ട്. അതു നമുക്കു നോക്കാം.
അദ്ദേഹത്തിന്റെ മാറ്റം പെട്ടെന്നുള്ളതും ഞെട്ടിക്കുന്നതും ആയിരുന്നു. മാസം തികയാതെയുള്ള കുഞ്ഞിന്റെ ജനനം തികച്ചും അപ്രതീക്ഷിതമാണ്. അതുപോലെ പുനരുത്ഥാനപ്പെട്ട യേശുവിനെ പൗലോസ് കണ്ടതും വളരെ അപ്രതീക്ഷിതമായിട്ടാണ്. ശൗൽ (പൗലോസിന്റെ മറ്റൊരു പേര്.) ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനുവേണ്ടി ദമസ്കൊസിലേക്കു യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ, പുനരുത്ഥാനപ്പെട്ട യേശുവിനെ ഒരു ദർശനത്തിൽ കാണുമെന്ന് അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചില്ല. ആ ദർശനം പൗലോസിൽ ഉണ്ടാക്കിയ മാറ്റം അദ്ദേഹത്തെ മാത്രമല്ല അദ്ദേഹം ഉപദ്രവിക്കാൻ പോയ നഗരത്തിലെ ക്രിസ്ത്യാനികളെപ്പോലും അതിശയിപ്പിച്ചു. ഇനി, ആ ദർശനം ഞെട്ടിക്കുന്നതുമായിരുന്നു. താത്കാലികമായി അദ്ദേഹത്തിന്റെ കാഴ്ചപോലും നഷ്ടപ്പെട്ടു.—പ്രവൃ. 9:1-9, 17-19.
പൗലോസിന്റേത് “സമയം തെറ്റിയുള്ള” ഒരു മാറ്റമായിരുന്നു. “മാസം തികയാതെ പിറന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തെ “സമയം തെറ്റി ജനിച്ച” എന്നും പരിഭാഷപ്പെടുത്താനാകും. “ആരും പ്രതീക്ഷിക്കാത്ത സമയത്ത് ഞാൻ പിറന്നതുപോലെയായിരുന്നു അത്” എന്നാണു യെരൂശലേം ബൈബിൾ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ശൗൽ ക്രിസ്ത്യാനിയായപ്പോഴേക്കും യേശു പുനരുത്ഥാനപ്പെട്ട് സ്വർഗത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. പുനരുത്ഥാനപ്പെട്ട യേശുവിനെ കണ്ട ചിലരെക്കുറിച്ച് ഈ വാക്യത്തിനു തൊട്ടുമുമ്പുള്ള വാക്യങ്ങളിൽ പൗലോസ് പറയുന്നുണ്ട്. ആ സമയത്ത് പൗലോസ് യേശുവിനെ കണ്ടില്ല. (1 കൊരി. 15:4-8) എന്നാൽ പിന്നീട് അപ്രതീക്ഷിതമായ ഒരു സമയത്ത് യേശു പൗലോസിനു പ്രത്യക്ഷപ്പെട്ടുകൊണ്ട് അതിനുള്ള ഒരു അവസരം കൊടുക്കുന്നു. അതുകൊണ്ട് അതിനെ ഒരർഥത്തിൽ ‘സമയം തെറ്റിയുള്ളത്’ എന്നു വിളിക്കാനാകും.
പൗലോസ് തന്നെക്കുറിച്ചുതന്നെ താഴ്മയോടെ സംസാരിക്കുകയായിരുന്നു. പൗലോസിന്റെ ആ പ്രസ്താവനയെക്കുറിച്ച് ചില പണ്ഡിതന്മാർ പറയുന്നത് അദ്ദേഹം തന്നെത്തന്നെ വളരെയധികം താഴ്ത്തി സംസാരിക്കുകയായിരുന്നിരിക്കാം എന്നാണ്. അതുതന്നെയാണു പൗലോസ് ഉദ്ദേശിച്ചതെങ്കിൽ ഒരു അപ്പോസ്തലനായിരിക്കാനുള്ള യോഗ്യത തനിക്കില്ല എന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നിരിക്കണം. കാരണം ആ പ്രസ്താവനയ്ക്കുശേഷം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഞാൻ അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച ഞാൻ അപ്പോസ്തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല. ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്.”—1 കൊരി. 15:9, 10.
അതുകൊണ്ട് ‘മാസം തികയാതെ പിറന്നവൻ’ എന്നു പൗലോസ് പറഞ്ഞതു യേശുവിന്റെ പ്രത്യക്ഷപ്പെടൽ പെട്ടെന്നുള്ളതും ഞെട്ടിക്കുന്നതും ആയി അദ്ദേഹത്തിനു തോന്നിയതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ തനിക്കുണ്ടായ മാറ്റം സമയം തെറ്റി സംഭവിച്ചതാണെന്നു ചിന്തിച്ചതുകൊണ്ടായിരിക്കാം. അതുമല്ലെങ്കിൽ അത്രയും അതിശയകരമായ ഒരു ദർശനം കാണാനുള്ള യോഗ്യത തനിക്കില്ല എന്നു കരുതിയതുകൊണ്ടായിരിക്കാം. എന്തായാലും പൗലോസ് തനിക്കുണ്ടായ ഈ അനുഭവത്തെ വളരെ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കി എന്നതിനു സംശയമില്ല. യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നെന്ന കാര്യം ഒരു സംശയവും കൂടാതെ മനസ്സിലാക്കാൻ ആ ദർശനം പൗലോസിനെ സഹായിച്ചു. അതുകൊണ്ടുതന്നെയാണു യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് സംസാരിച്ച പല സന്ദർഭങ്ങളിലും അദ്ദേഹം തനിക്കുണ്ടായ ഈ അപ്രതീക്ഷിത അനുഭവത്തെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞത്.—പ്രവൃ. 22:6-11; 26:13-18.