പഠനലേഖനം 38
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു തെളിയിക്കുക
“വിശ്വസിക്കാൻ കൊള്ളാവുന്നവൻ രഹസ്യം സൂക്ഷിക്കുന്നു.”—സുഭാ. 11:13.
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം
ചുരുക്കം a
1. ഒരാൾ വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്ന് എങ്ങനെ മനസ്സിലാക്കാം?
വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ എന്തു വന്നാലും താൻ പറയുന്ന വാക്കു പാലിക്കും. (സങ്കീ. 15:4) അതുപോലെ സത്യമേ സംസാരിക്കൂ. അങ്ങനെയുള്ള ഒരാളെ ആളുകൾക്ക് ആശ്രയിക്കാൻ തോന്നും. സഹോദരങ്ങൾ നമ്മളെ അങ്ങനെ കാണാനാണു നമ്മൾ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ ആ വിശ്വാസം നമുക്ക് എങ്ങനെ നേടിയെടുക്കാം?
2. ആശ്രയിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
2 മറ്റുള്ളവർ നമ്മളെ വിശ്വസിക്കണമെന്ന് ആർക്കും വാശിപിടിക്കാനാകില്ല. വിശ്വാസം നമ്മൾ നേടിയെടുക്കേണ്ട ഒന്നാണ്. പണംപോലെതന്നെ വിശ്വാസവും നഷ്ടപ്പെടുത്താൻ വളരെ എളുപ്പമാണ്. എന്നാൽ അതു നേടിയെടുക്കുന്നതിൽ ശ്രമം ഉൾപ്പെടുന്നു. യഹോവ നമ്മുടെ ഓരോരുത്തരുടെയും വിശ്വാസം നേടിയെടുത്തിരിക്കുന്നു. വിശ്വാസം നഷ്ടപ്പെടുത്തുന്നതൊന്നും യഹോവ ചെയ്യില്ല. “ദൈവം ചെയ്യുന്നതെല്ലാം ആശ്രയയോഗ്യം” എന്നാണു ബൈബിൾ പറയുന്നത്. (സങ്കീ. 33:4) നമ്മൾ ഓരോരുത്തരും യഹോവയെ അനുകരിക്കാനാണു യഹോവ ആഗ്രഹിക്കുന്നത്. (എഫെ. 5:1) അങ്ങനെ ചെയ്ത മൂന്നു കഥാപാത്രങ്ങളെ നമുക്കു പരിചയപ്പെടാം. അവർ എങ്ങനെയാണ് ആശ്രയയോഗ്യരായിരുന്നത് എന്നു നമ്മൾ കാണും. അതുപോലെ ആശ്രയയോഗ്യരായിരിക്കാൻ വേണ്ട അഞ്ചു ഗുണങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.
വിശ്വസ്തരായ ദൈവദാസരിൽനിന്ന് പഠിക്കുക
3-4. (എ) ദാനിയേൽ ആശ്രയയോഗ്യനാണെന്ന് എങ്ങനെയാണു തെളിയിച്ചത്? (ബി) ഏതൊക്കെ ചോദ്യങ്ങൾ നമ്മൾ നമ്മളോടുതന്നെ ചോദിക്കണം?
3 ദാനിയേൽ പ്രവാചകൻ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായിരിക്കുന്നതിൽ നല്ല മാതൃകവെച്ചു. ബാബിലോണിലെ അടിമത്തത്തിലേക്കു പോകേണ്ടിവന്നെങ്കിലും ആശ്രയിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു ദാനിയേൽ പെട്ടെന്നുതന്നെ തെളിയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസ്യത കൂടുതൽ തെളിയിക്കപ്പെട്ട മറ്റു സംഭവങ്ങളും തുടർന്നുണ്ടായി. യഹോവയുടെ സഹായത്താൽ ബാബിലോൺ രാജാവായ നെബൂഖദ്നേസറിനുണ്ടായ സ്വപ്നങ്ങൾ വിവരിച്ചുകൊടുത്തപ്പോഴായിരുന്നു അത്. ഒരു സന്ദർഭത്തിൽ നെബൂഖദ്നേസർ രാജാവ് കേൾക്കാൻ ആഗ്രഹിക്കാത്ത പല സന്ദേശങ്ങളും ദാനിയേൽ അദ്ദേഹത്തോടു തുറന്നു പറഞ്ഞു. യഹോവ രാജാവിൽ ഒട്ടും സന്തുഷ്ടനല്ല എന്നുംമറ്റും അദ്ദേഹത്തോടു പറയാൻ ദാനിയേലിനു നല്ല ധൈര്യം വേണമായിരുന്നു. കാരണം മുമ്പ് ഒരിക്കൽ കോപാക്രാന്തനായി ജ്ഞാനികളോട് ഇടപെട്ട ആളായിരുന്നു ഈ രാജാവ്. (ദാനി. 2:12; 4:20-22, 25) വർഷങ്ങൾക്കു ശേഷം, താൻ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു ദാനിയേൽ വീണ്ടും തെളിയിച്ചു. ബാബിലോണിലെ കൊട്ടാരത്തിന്റെ ഭിത്തിയിൽ അത്ഭുതകരമായി എഴുതപ്പെട്ട വാക്കുകളുടെ അർഥം വിശദീകരിച്ചപ്പോഴായിരുന്നു അത്. (ദാനി. 5:5, 25-29) ആ വാക്കുകളുടെ അർഥം കൃത്യതയോടെ ദാനിയേൽ വിവരിച്ചുകൊടുത്തു. പിന്നീട് മേദ്യനായ ദാര്യാവേശും അദ്ദേഹത്തിന്റെ കൊട്ടാരോദ്യോഗസ്ഥരും ദാനിയേൽ ‘അസാധാരണമാംവിധം സമർഥനായ’ ഒരാളാണെന്നു മനസ്സിലാക്കി. ദാനിയേൽ “ആശ്രയയോഗ്യനും ഒന്നിലും വീഴ്ച വരുത്താത്തവനും അഴിമതി കാണിക്കാത്തവനും” ആയിരുന്നു. (ദാനി. 6:3, 4) യഹോവയുടെ ആരാധകർ അല്ലാതിരുന്ന ഈ രാജാക്കന്മാർപോലും ദാനിയേലിനെ ആശ്രയിക്കാൻ കൊള്ളാവുന്ന ഒരാളായി കണ്ടു.
4 ദാനിയേലിന്റ ഈ ഉദാഹരണം മനസ്സിൽപ്പിടിച്ചുകൊണ്ട് നമുക്കു ചില ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കാം: ‘സഭയ്ക്കു വെളിയിലുള്ളവർക്ക് എന്നെക്കുറിച്ച് എന്ത് അഭിപ്രായമാണുള്ളത്? ഉത്തരവാദിത്വങ്ങളൊക്കെ ഏൽപ്പിച്ചാൽ അതു നന്നായി ചെയ്യുന്ന, ആശ്രയിക്കാൻ കൊള്ളാവുന്ന ഒരാളായിട്ടാണോ ആളുകൾ എന്നെ കാണുന്നത്?’ എന്തുകൊണ്ടാണു നമ്മൾ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടത്? കാരണം നമ്മൾ ആശ്രയയോഗ്യരാണെങ്കിൽ അതു യഹോവയെ മഹത്ത്വപ്പെടുത്തും.
5. ആശ്രയയോഗ്യനായിരിക്കാൻ ഹനന്യയെ സഹായിച്ചത് എന്താണ്?
5 ബി.സി. 455-ൽ ഗവർണറായ നെഹമ്യ യരുശലേമിന്റെ മതിലുകളുടെ പണി പൂർത്തിയാക്കി. അതിനു ശേഷം നഗരത്തിന്റെ ചുമതല ഏൽപ്പിക്കാൻ ആശ്രയയോഗ്യരായ ചിലരെ തിരഞ്ഞെടുക്കാൻ നെഹമ്യ തീരുമാനിച്ചു. നെഹമ്യ തിരഞ്ഞെടുത്ത ചിലരിൽ കോട്ടയുടെ അധിപനായ ഹനന്യയും ഉണ്ടായിരുന്നു. അദ്ദേഹം “വളരെ ആശ്രയയോഗ്യനും മറ്റു പലരെക്കാളും ദൈവഭയമുള്ളവനും ആയിരുന്നു” എന്നാണു ബൈബിൾ പറയുന്നത്. (നെഹ. 7:2) യഹോവയോടുള്ള സ്നേഹവും യഹോവയെ വിഷമിപ്പിക്കാതിരിക്കാനുള്ള ആഗ്രഹവും ആണ് ജോലികൾ വളരെ ഉത്തരവാദിത്വത്തോടെ ചെയ്യാൻ ഹനന്യയെ സഹായിച്ചത്. യഹോവയുടെ സേവനത്തിൽ ആശ്രയയോഗ്യരായിരിക്കാൻ ഈ ഗുണങ്ങൾ നമ്മളെയും സഹായിക്കും.
6. തിഹിക്കൊസ് എങ്ങനെയാണു പൗലോസിന്റെ ആശ്രയയോഗ്യനായ ഒരു സുഹൃത്തായിരുന്നത്?
6 നമുക്ക് ഇനി തിഹിക്കൊസിന്റെ മാതൃക ശ്രദ്ധിക്കാം. അപ്പോസ്തലനായ പൗലോസിന്റെ ആശ്രയയോഗ്യനായ ഒരു സുഹൃത്തായിരുന്നു അദ്ദേഹം. പൗലോസ് വീട്ടുതടങ്കലിലായിരുന്നപ്പോൾ അദ്ദേഹമാണു കൊലോസ്യയിലും എഫെസൊസിലും ഉള്ള സഭകൾക്കു കത്തുകൾ കൈമാറിയത്. (എഫെ. 6:21, 22) അതുപോലെതന്നെ അവിടെയുള്ളവരെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും പൗലോസ് ഏൽപ്പിച്ചതും തിഹിക്കൊസിനെയാണ്. ഈ ജോലികളെല്ലാം അദ്ദേഹം നന്നായി ചെയ്യുമെന്നു പൗലോസിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തെ ‘വിശ്വസ്തശുശ്രൂഷകൻ’ എന്നാണു പൗലോസ് വിശേഷിപ്പിച്ചത്. തിഹിക്കൊസിന്റെ ഈ നല്ല മാതൃക ഇന്നു നമ്മുടെ ആത്മീയാവശ്യങ്ങൾ നടത്തിത്തരുന്ന വിശ്വസ്തരും ആശ്രയയോഗ്യരും ആയ സഹോദരന്മാരെയാണ് ഓർമിപ്പിക്കുന്നത്.—കൊലോ. 4:7-9.
7. ആശ്രയയോഗ്യരായിരിക്കുന്നതിനെക്കുറിച്ച് മൂപ്പന്മാരിൽനിന്നും ശുശ്രൂഷാദാസന്മാരിൽനിന്നും നമുക്ക് എന്തു പഠിക്കാം?
7 നമ്മുടെ ആശ്രയയോഗ്യരായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നമ്മളും വിലമതിക്കുന്നു. ദാനിയേലിനെയും ഹനന്യയെയും തിഹിക്കൊസിനെയും പോലെ അവരും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യുന്നു. ഉദാഹരണത്തിന്, നമ്മൾ ഇടദിവസത്തെ യോഗത്തിനു പോകുമ്പോൾ അന്ന് അവിടെ നടക്കേണ്ട എല്ലാ പരിപാടികളും മൂപ്പന്മാർ നേരത്തേതന്നെ നിയമിച്ചുകൊടുത്തിട്ടുണ്ടെന്നു നമുക്ക് ഉറപ്പാണ്. അതുപോലെതന്നെ നിയമനങ്ങൾ ലഭിച്ച സഹോദരങ്ങൾ തങ്ങളുടെ പരിപാടികൾ നന്നായി ചെയ്യുമെന്നു മൂപ്പന്മാരും വിശ്വസിക്കുന്നു. ഇനി, ഇങ്ങനെയൊന്നു ചിന്തിക്കുക: നമ്മുടെ ബൈബിൾവിദ്യാർഥിയെയുംകൊണ്ട് ഞായറാഴ്ച മീറ്റിങ്ങിനു പോകുമ്പോൾ ‘അയ്യോ, ഇന്നു പൊതുപ്രസംഗം ഉണ്ടാകുമോ’ എന്നു നമ്മൾ ചിന്തിക്കില്ല. അതുപോലെതന്നെ വയൽസേവനത്തിനു വേണ്ട പ്രസിദ്ധീകരണങ്ങളൊക്കെ രാജ്യഹാളിൽനിന്ന് കിട്ടുമോ എന്നും നമ്മൾ സംശയിക്കാറില്ല. നമ്മുടെ ആത്മീയാവശ്യങ്ങൾ നല്ല രീതിയിൽ നടത്തിത്തരാൻ ഈ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരുണ്ടെന്നു നമുക്ക് ഉറപ്പാണ്. അതിനു നമുക്ക് യഹോവയോടു നന്ദിയുമുണ്ട്. അങ്ങനെയാണെങ്കിൽ നമുക്ക് എങ്ങനെ ആശ്രയയോഗ്യരാണെന്നു തെളിയിക്കാം?
രഹസ്യം സൂക്ഷിച്ചുകൊണ്ട് വിശ്വസ്തരായിരിക്കുക
8. മറ്റുള്ളവരിൽ താത്പര്യം കാണിക്കുമ്പോഴും നമുക്ക് എങ്ങനെ അവരുടെ സ്വകാര്യതയെ മാനിക്കാം? (സുഭാഷിതങ്ങൾ 11:13)
8 നമ്മൾ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നു. അവരുടെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നെന്ന് അറിയാൻ നമുക്കു താത്പര്യവുമുണ്ട്. എന്നാൽ നമ്മൾ അവരുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യണം. ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ ‘പരകാര്യങ്ങൾ പറഞ്ഞുപരത്തുകയും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുകയും ചെയ്തുകൊണ്ട് വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കുന്നവർ’ ആയിരുന്നു. (1 തിമൊ. 5:13) അതുപോലെയായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. എന്നാൽ മറ്റാരോടും പറയാൻ ആഗ്രഹിക്കാത്ത ഒരു കാര്യം ആരെങ്കിലും നമ്മളോട് പറയുന്നെങ്കിലോ? ഉദാഹരണത്തിന്, ചിലപ്പോൾ ഒരു സഹോദരി തനിക്കുള്ള ഒരു ആരോഗ്യപ്രശ്നത്തെക്കുറിച്ചോ താൻ നേരിടുന്ന മറ്റെന്തെങ്കിലും ബുദ്ധിമുട്ടിനെക്കുറിച്ചോ നമ്മളോടു പറഞ്ഞേക്കാം. മറ്റാരോടും അതു പറയരുതെന്നും ആവശ്യപ്പെട്ടേക്കാം. അങ്ങനെയാണെങ്കിൽ നമ്മൾ ആ വാക്കു പാലിക്കണം. b (സുഭാഷിതങ്ങൾ 11:13 വായിക്കുക) കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതു പ്രധാനമായിരിക്കുന്ന ചില സാഹചര്യങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
9. വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണെന്നു കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ തെളിയിക്കാം?
9 കുടുംബത്തിൽ. ചില വീട്ടുകാര്യങ്ങൾ രഹസ്യമാക്കിവെക്കാൻ കുടുംബത്തിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഉദാഹരണത്തിന്, ഭാര്യയുടെ ചില ശീലങ്ങൾ ഭർത്താവിനു കളിയാക്കാൻ തോന്നുന്നവയായിരിക്കാം. എന്നാൽ അത്തരം കാര്യങ്ങൾ അദ്ദേഹം മറ്റ് ആളുകളോടു പറയുകയും ഭാര്യയ്ക്കു നാണക്കേടുണ്ടാക്കുകയും ചെയ്യുമോ? ഒരിക്കലുമില്ല. കാരണം അദ്ദേഹം തന്റെ ഭാര്യയെ സ്നേഹിക്കുന്നു. അവളെ സങ്കടപ്പെടുത്തുകയുമില്ല. (എഫെ. 5:33) ഇനി കുട്ടികളും മറ്റുള്ളവർ തങ്ങളെ ബഹുമാനിക്കാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കൾ അത് ഓർക്കണം. മക്കൾക്കു പറ്റിയ തെറ്റുകളെക്കുറിച്ച് മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് അവരെ കളിയാക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. (കൊലോ. 3:21) രഹസ്യം സൂക്ഷിക്കാൻ കുട്ടികളും പഠിക്കേണ്ടതുണ്ട്. കുടുംബത്തിലെ ചില കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞ് കുടുംബാംഗങ്ങൾക്കു നാണക്കേടുണ്ടാക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കണം. (ആവ. 5:16) ഇങ്ങനെ നമ്മൾ ഓരോരുത്തരും കുടുംബത്തിനുള്ളിൽ നിൽക്കേണ്ട കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിലൂടെ കുടുംബബന്ധങ്ങൾ ശക്തമാക്കുകയാണ്.
10. എങ്ങനെയുള്ള ആളായിരിക്കും ഒരു “യഥാർഥസ്നേഹിതൻ?” (സുഭാഷിതങ്ങൾ 17:17)
10 സുഹൃദ്ബന്ധത്തിൽ. നമ്മുടെ ഉള്ളിലെ ചില വിഷമങ്ങൾ കൂട്ടുകാരോടു പറയാൻ നമ്മൾ ആഗ്രഹിച്ചേക്കാം. എന്നാൽ എപ്പോഴും അത് എളുപ്പമല്ല. കാരണം ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ പുറത്ത് പറയാൻ ചിലപ്പോൾ മടി തോന്നിയേക്കാം. ഇനി പറഞ്ഞെന്നിരിക്കട്ടെ, ആ രഹസ്യം നമ്മുടെ സുഹൃത്ത് മറ്റുള്ളവരോടു പറഞ്ഞുപരത്തുന്നെങ്കിലോ? അതു നമ്മളെ ആകെ വിഷമിപ്പിക്കും. നേരെ മറിച്ച് നമുക്ക് ഉള്ളു തുറക്കാൻ പറ്റുന്ന, നമ്മുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന വിശ്വസ്തനായ ഒരു സുഹൃത്ത് നമുക്കുണ്ടെങ്കിലോ? ആ വ്യക്തിയായിരിക്കും നമ്മുടെ “യഥാർഥസ്നേഹിതൻ.”—സുഭാഷിതങ്ങൾ 17:17 വായിക്കുക.
11. (എ) മൂപ്പന്മാരും അവരുടെ ഭാര്യമാരും വിശ്വസിക്കാൻ കൊള്ളാവുന്നവരാണെന്ന് എങ്ങനെ തെളിയിക്കുന്നു? (ബി) ഈ ഖണ്ഡികയോടു ബന്ധപ്പെട്ട ചിത്രത്തിലെ മൂപ്പനിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം? (ചിത്രം കാണുക.)
11 സഭയിൽ. വിശ്വസ്തരായ മൂപ്പന്മാരെക്കുറിച്ച് ബൈബിൾ പറയുന്നത് അവർ “കാറ്റത്ത് ഒരു ഒളിയിടവും, പെരുമഴയത്ത് ഒരു അഭയസ്ഥാനവും” ആണെന്നാണ്. (യശ. 32:2) അങ്ങനെയുള്ള മൂപ്പന്മാരോട് ഉള്ളു തുറന്ന് സംസാരിക്കാൻ നമുക്കു മടി തോന്നില്ല. നമ്മൾ പറയുന്ന കാര്യങ്ങൾ അവർ രഹസ്യമായി സൂക്ഷിക്കുമെന്നു നമുക്ക് ഉറപ്പാണ്. അതുപോലെതന്നെ അവർ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ നമ്മളോടു പറയാൻ നമ്മൾ നിർബന്ധിക്കില്ല. ഇനി, മൂപ്പന്മാരുടെ ഭാര്യമാരുടെ കാര്യമോ? അവരും തങ്ങളുടെ ഭർത്താവ് രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ കണ്ടെത്താൻ ശ്രമിക്കില്ല. ശരിക്കും അത്തരം കാര്യങ്ങൾ ഭർത്താവ് പറയാതിരിക്കുന്നതു ഭാര്യക്കുതന്നെയാണു പ്രയോജനം ചെയ്യുന്നത്. മൂപ്പനായി സേവിക്കുന്ന ഒരു സഹോദരന്റെ ഭാര്യ ഇങ്ങനെ പറഞ്ഞു: “എന്റെ ഭർത്താവ് സഹോദരങ്ങൾക്ക് ആത്മീയസഹായം കൊടുക്കുന്നതിനെക്കുറിച്ചോ ഇടയസന്ദർശനങ്ങൾ നടത്തുന്നതിനെക്കുറിച്ചോ ഒന്നും വീട്ടിൽ പറയാറില്ല. അവരുടെ പേരുകൾപോലും എന്നോടു പറയില്ല. അദ്ദേഹം അങ്ങനെ ചെയ്യുന്നതു എനിക്കു ശരിക്കും ഒരു ആശ്വാസമാണ്. കാരണം ഈ പ്രശ്നങ്ങളെക്കുറിച്ചൊക്കെ ഓർത്ത് വെറുതേ ടെൻഷനടിക്കേണ്ടല്ലോ. ഇനി, അതെക്കുറിച്ച് അറിഞ്ഞാലും എനിക്ക് ഒന്നും ചെയ്യാനുമില്ല. മൂപ്പന്മാർ സഹായം കൊടുക്കുന്ന സഹോദരങ്ങൾ ആരാണെന്ന് അറിയാത്തതുകൊണ്ട് എല്ലാ സഹോദരങ്ങളെയും ഒരുപോലെ കാണാൻ എനിക്കു കഴിയുന്നു. അതുപോലെതന്നെ ഞാൻ എന്റെ സങ്കടങ്ങളും പ്രശ്നങ്ങളും ഭർത്താവിനോടു പറയുമ്പോൾ അതും അദ്ദേഹത്തിന്റെ ഹൃദയത്തിൽ രഹസ്യമായി തുടരുമെന്ന ഉറപ്പ് എനിക്കുണ്ട്.” അതെ, നമ്മളും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ ആ ലക്ഷ്യത്തിൽ എത്താൻ നമ്മളെ സഹായിക്കുന്ന അഞ്ചു ഗുണങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ നോക്കാം.
നമ്മളെ സഹായിക്കുന്ന അഞ്ച് ഗുണങ്ങൾ
12. സ്നേഹമാണു വിശ്വാസത്തിന്റെ അടിസ്ഥാനമെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
12 വിശ്വാസത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. ഏറ്റവും പ്രധാനപ്പെട്ട രണ്ടു കല്പനകളെക്കുറിച്ച് യേശു പറഞ്ഞു. ഒന്ന് യഹോവയെ സ്നേഹിക്കാനും രണ്ട് അയൽക്കാരെ സ്നേഹിക്കാനും. (മത്താ. 22:37-39) യഹോവയോടു നമുക്കു സ്നേഹമുണ്ടെങ്കിൽ യഹോവയെ അനുകരിച്ചുകൊണ്ട് വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തികളായിത്തീരാൻ നമ്മൾ ശ്രമിക്കും. അതുപോലെ നമുക്കു സഹോദരങ്ങളോടു സ്നേഹമുണ്ടെങ്കിൽ അവരുടെ വ്യക്തിപരമായ വിവരങ്ങളോ അവർക്കു സങ്കടമോ മാനക്കേടോ അപകടമോ ഉണ്ടാക്കുന്ന കാര്യങ്ങളോ നമ്മൾ ആരോടും പറയില്ല.—യോഹ. 15:12.
13. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായിരിക്കാൻ താഴ്മ എങ്ങനെ സഹായിക്കും?
13 വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായിത്തീരാൻ നമ്മളെ സഹായിക്കുന്ന അടുത്ത ഗുണം താഴ്മയാണ്. താഴ്മയുള്ള ഒരാൾ ഒരു കാര്യം മറ്റുള്ളവരുടെ മുമ്പിൽ ആദ്യം വെളിപ്പെടുത്തിക്കൊണ്ട് താൻ വലിയ ആളാണെന്നു കാണിക്കാൻ ശ്രമിക്കില്ല. (ഫിലി. 2:3) അതുപോലെതന്നെ തനിക്കു ചില കാര്യങ്ങൾ അറിയാമെന്നും എന്നാൽ അതു മറ്റുള്ളവരോടു പറയാൻ പറ്റില്ലെന്നും പറഞ്ഞ് തന്നെത്തന്നെ പൊക്കില്ല. ഇനി അങ്ങനെ ഒരാൾ ബൈബിളിലോ പ്രസിദ്ധീകരണങ്ങളിലോ ഇല്ലാത്ത വിവരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയുമില്ല.
14. വിശ്വാസം നേടിയെടുക്കാൻ വിവേകം എങ്ങനെ സഹായിക്കും?
14 വിവേകമുള്ള ഒരു ക്രിസ്ത്യാനി മൗനമായിരിക്കാനുള്ള സമയവും സംസാരിക്കാനുള്ള സമയവും വിവേചിച്ചറിയും. (സഭാ. 3:7) ചില സംസ്കാരങ്ങളിൽ ഇങ്ങനെയൊരു പഴമൊഴിയുണ്ട്: “സംസാരം വെള്ളിപോലെ, എന്നാൽ മൗനം സ്വർണംപോലെ.” മറ്റു വാക്കുകളിൽ പറഞ്ഞാൽ ചില സന്ദർഭങ്ങളിൽ സംസാരിക്കുന്നതിനെക്കാൾ നല്ലതു മൗനമായിരിക്കുന്നതാണ്. അതുകൊണ്ടാണ് സുഭാഷിതങ്ങൾ 11:12-ലും ഇങ്ങനെ പറയുന്നത്: “നല്ല വകതിരിവുള്ളവൻ മിണ്ടാതിരിക്കുന്നു.” നമുക്ക് ഒരു മൂപ്പന്റെ ഉദാഹരണം നോക്കാം. നല്ല അനുഭവപരിചയമുള്ള ആളായതുകൊണ്ട് മറ്റു സഭകളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തെ മിക്കവാറും അയയ്ക്കാറുണ്ട്. അദ്ദേഹത്തെക്കുറിച്ച് സ്വന്തം സഭയിലെ ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “അദ്ദേഹം പ്രശ്നങ്ങളൊക്കെ കൈകാര്യം ചെയ്താലും അവിടത്തെ സാഹചര്യങ്ങളെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ ഒന്നും ഞങ്ങളോടു പറയാറില്ല.” ഈ മൂപ്പന്റെ നല്ല മാതൃക സ്വന്തം സഭയിലെ മൂപ്പന്മാർക്കിടയിൽ അദ്ദേഹത്തിന് നല്ലൊരു പേര് നൽകിയിരിക്കുന്നു. അതുപോലെതന്നെ തങ്ങളുടെ സഭയിലെ കാര്യങ്ങളും അദ്ദേഹം മറ്റാരോടും പറയില്ലെന്ന് അവർക്ക് ഉറപ്പാണ്.
15. സത്യസന്ധനായിരുന്നാൽ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാമെന്ന് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
15 വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളായിരിക്കുന്നതിൽ ഉൾപ്പെടുന്ന മറ്റൊരു ഗുണം സത്യസന്ധതയാണ്. സത്യസന്ധനായ ഒരു വ്യക്തിയിൽ നമ്മൾ ആശ്രയിക്കും. കാരണം അദ്ദേഹം എപ്പോഴും സത്യം മാത്രമേ സംസാരിക്കൂ. (എഫെ. 4:25; എബ്രാ. 13:18) ഇങ്ങനെയൊരു സാഹചര്യം ചിന്തിക്കുക: പഠിപ്പിക്കൽപ്രാപ്തി കുറച്ചുകൂടി മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതിനായി മീറ്റിങ്ങിലെ നിങ്ങളുടെ പരിപാടി ശ്രദ്ധിച്ചുകേട്ട് തുറന്ന അഭിപ്രായം പറയാൻ ആരെയെങ്കിലും ഏൽപ്പിക്കാൻ നിങ്ങൾ ആലോചിക്കുന്നു. ആരെയായിരിക്കും നിങ്ങൾ സമീപിക്കുക? എപ്പോഴും നിങ്ങളെക്കുറിച്ച് നല്ലതു മാത്രം പറയുന്ന ഒരാളെയോ, അതോ ദയയോടെ സത്യസന്ധമായി കാര്യങ്ങൾ തുറന്നുപറയുന്ന ആളെയോ? ഉത്തരം വ്യക്തമാണ്. സത്യസന്ധനായ വ്യക്തിയുടെ അടുക്കലേക്കേ നിങ്ങൾ പോകൂ. ബൈബിൾ ഇങ്ങനെ പറയുന്നു: “മൂടിവെച്ചിരിക്കുന്ന സ്നേഹത്തെക്കാൾ തുറന്ന ശാസന നല്ലത്. കൂട്ടുകാരൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ലക്ഷണം.” (സുഭാ. 27:5, 6) സത്യസന്ധമായ വാക്കുകൾ കേൾക്കാൻ അത്ര സുഖമല്ലെങ്കിലും പുരോഗതിവരുത്താൻ അതു നിങ്ങളെ സഹായിക്കും.
16. സുഭാഷിതങ്ങൾ 10:19 ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത് എങ്ങനെ?
16 വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാൾ തീർച്ചയായും കാണിക്കുന്ന ഒരു ഗുണമാണ് ആത്മനിയന്ത്രണം. രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പറയാൻ തോന്നുന്ന സാഹചര്യങ്ങളിലും ആത്മനിയന്ത്രണമുള്ള വ്യക്തി അതു പറയാതെ സൂക്ഷിക്കും. (സുഭാഷിതങ്ങൾ 10:19 വായിക്കുക.) നമ്മുടെ ആത്മനിയന്ത്രണം പരിശോധിക്കപ്പെടുന്ന ഒരു സാഹചര്യം സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴാണ്. ശ്രദ്ധിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ഒരു വലിയ കൂട്ടം ആളുകളോട് അറിയാതെ നമ്മൾ പങ്കുവെച്ചേക്കാം. നമ്മുടെ കയ്യിൽനിന്ന് അതു പോയാൽ പിന്നെ അതിന്റെ മേൽ യാതൊരു നിയന്ത്രണവും നമുക്കില്ല. ആര് അത് എങ്ങനെ ഉപയോഗിക്കുമെന്നും അതിലൂടെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നമുക്കു പറയാനാകില്ല. ഇനി ആത്മനിയന്ത്രണം പാലിക്കേണ്ട മറ്റൊരു സാഹചര്യം നമ്മുടെ എതിരാളികൾ തന്ത്രപൂർവം നമ്മുടെ സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നമ്മളിൽനിന്ന് ചോർത്താൻ ശ്രമിക്കുമ്പോഴാണ്. നമ്മുടെ പ്രവർത്തനങ്ങൾക്കു നിയന്ത്രണമോ നിരോധനമോ ഉള്ള സ്ഥലങ്ങളിൽ പോലീസ് അധികാരികൾ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുമ്പോഴും നമ്മൾ ആത്മനിയന്ത്രണം പാലിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മുടെ സഹോദരങ്ങളുടെ ജീവനെ അത് അപായപ്പെടുത്തിയേക്കാം. ഇത്തരം സാഹചര്യങ്ങളിലും മറ്റു പല സാഹചര്യങ്ങളിലും ബൈബിളിലെ ഈ തത്ത്വത്തിനു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം: “ഞാൻ വായ് മൂടിക്കെട്ടി അധരങ്ങളെ കാക്കും.” (സങ്കീ. 39:1) നമ്മൾ ചിന്തിച്ചതുപോലെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹോദരങ്ങളോടും അതുപോലെ മറ്റുള്ളവരോടും ഇടപെടുമ്പോൾ നമ്മൾ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്നു തെളിയിക്കാം. അതിന് ആത്മനിയന്ത്രണം കൂടിയേ തീരൂ.
17. നമ്മുടെ ആത്മീയകുടുംബത്തിന്റെ മനോഹാരിത വർധിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാം?
17 സ്നേഹിക്കാനും വിശ്വസിക്കാനും കൊള്ളാവുന്ന ഒരു സഹോദരകുടുംബത്തിലേക്കു നമ്മളെയും കൂട്ടിവരുത്തിയതിൽ യഹോവയോടു നമ്മൾ എത്ര നന്ദിയുള്ളവരാണ്! ആ കുടുംബാംഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കുമുണ്ട്. സ്നേഹം, താഴ്മ, വിവേകം, സത്യസന്ധത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ നമ്മൾ ഓരോരുത്തരും കാണിക്കുമ്പോൾ നമ്മുടെ സഭയുടെ മനോഹാരിത വർധിക്കും. അങ്ങനെ, ആശ്രയയോഗ്യനായ യഹോവയെ അനുകരിച്ചുകൊണ്ട് വിശ്വസിക്കാൻ കൊള്ളാവുന്നവരെന്ന പേര് നേടിയെടുക്കാം, അതിൽ പുരോഗമിക്കാം.
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
a മറ്റുള്ളവർ നമ്മളെ വിശ്വസിക്കണമെന്നുണ്ടെങ്കിൽ നമ്മൾ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്ന് ആദ്യം തെളിയിക്കണം. ഈ ലേഖനത്തിൽ, നമ്മൾ ആശ്രയിക്കാൻ പറ്റുന്ന ഒരാളായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന് നമ്മളെ സഹായിക്കുന്ന ഗുണങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.
b സഭയിലുള്ള ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്തതായി നമ്മൾ അറിഞ്ഞാലോ? മൂപ്പന്മാരുടെ സഹായം സ്വീകരിക്കാൻ നമ്മൾ അദ്ദേഹത്തോട് ആവശ്യപ്പെടും. എന്നാൽ അങ്ങനെ ചെയ്യാൻ അദ്ദേഹം തയ്യാറായില്ലെങ്കിൽ യഹോവയോടും ക്രിസ്തീയസഭയോടും വിശ്വസ്തരായ നമ്മൾ അക്കാര്യം മൂപ്പന്മാരെ അറിയിക്കും.
c ചിത്രത്തിന്റെ വിവരണം: രഹസ്യസ്വഭാവമുള്ള ഒരു കാര്യം കൈകാര്യം ചെയ്ത മൂപ്പൻ തന്റെ കുടുംബാംഗങ്ങളോട് അതെക്കുറിച്ച് ഒന്നും പറയുന്നില്ല.