ഇണ അശ്ലീലം കാണുന്ന ഒരാളാണെങ്കിൽ
-
“ഭർത്താവ് വീണ്ടുംവീണ്ടും വ്യഭിചാരം ചെയ്യുന്നതായിട്ടാണ് എനിക്കു തോന്നിയത്.”
-
“അദ്ദേഹം എന്നെ നാണംകെടുത്തുന്നതായി എനിക്കു തോന്നി. എനിക്കു തീരെ വിലയില്ലെന്നും എന്നെ കാണാൻ കൊള്ളില്ലെന്നും ഞാൻ ചിന്തിച്ചു.”
-
“എനിക്ക് ഈ പ്രശ്നത്തെക്കുറിച്ച് ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല. ഒറ്റയ്ക്ക് എല്ലാം സഹിക്കുകയായിരുന്നു.”
-
“യഹോവ എന്നെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്നു ഞാൻ ഓർത്തു.”
ഈ അഭിപ്രായങ്ങളെല്ലാം കാണിക്കുന്നതു ഭർത്താവിന് അശ്ലീലം കാണുന്ന ഒരു സ്വഭാവമുണ്ടെങ്കിൽ ഭാര്യയെ അത് എന്തുമാത്രം വേദനിപ്പിക്കുമെന്നാണ്. മാസങ്ങളോ വർഷങ്ങളോ ആയി അദ്ദേഹം രഹസ്യത്തിലാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നതെങ്കിൽ അങ്ങനെയുള്ള ഒരാളെ ഒട്ടും വിശ്വസിക്കാനാകില്ലെന്നു ഭാര്യക്കു തോന്നിയേക്കാം. ഒരു ഭാര്യ പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ഭർത്താവ് ശരിക്കും എങ്ങനെയുള്ള ആളാണെന്ന് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല. അദ്ദേഹം എന്നിൽനിന്ന് ഇതുപോലെ വേറേ എന്തെങ്കിലും ഒളിക്കുന്നുണ്ടാകുമോ?”
പതിവായി അശ്ലീലം കാണുന്ന ഭർത്താക്കന്മാരുള്ള ഭാര്യമാർക്കുവേണ്ടിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. a അവരെ ആശ്വസിപ്പിക്കുകയും, യഹോവ അവരെ സ്നേഹിക്കുന്നുണ്ടെന്നും സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ബൈബിൾതത്ത്വങ്ങൾ ഇതിൽ കാണാം. അത് യഹോവയുമായി അടുത്ത ബന്ധമുണ്ടായിരിക്കാനും മനസ്സമാധാനം വീണ്ടെടുക്കാനും അവരെ സഹായിക്കും. b
നിരപരാധിയായ ഇണയ്ക്ക് എന്തു ചെയ്യാം?
ഭർത്താവ് ചെയ്യുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കാൻ നിങ്ങൾക്കാകില്ലെങ്കിലും നിങ്ങളുടെ വിഷമം കുറയ്ക്കാനും മനസ്സമാധാനം വീണ്ടെടുക്കാനും ചില കാര്യങ്ങൾ ചെയ്യാൻ പറ്റും. ഇനി അതെക്കുറിച്ച് നോക്കാം.
നിങ്ങളെത്തന്നെ കുറ്റപ്പെടുത്താതിരിക്കുക. ഭർത്താവ് അശ്ലീലം കാണുന്നതു തന്റെ എന്തെങ്കിലും കുഴപ്പംകൊണ്ടാണോ എന്ന് ഒരു ഭാര്യ ചിന്തിച്ചേക്കാം. ആലീസിന്റെ c കാര്യം നോക്കുക. ‘എനിക്കു പകരം ഭർത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത് എന്തുകൊണ്ടാണ്’ എന്ന് ആലീസ് എപ്പോഴും ആലോചിച്ചു. ഭർത്താവിന്റെ കണ്ണിൽ തനിക്കു വേണ്ടത്ര സൗന്ദര്യം ഇല്ലാത്തതായിരിക്കാം അതിന്റെ കാരണമെന്ന് അവർക്കു തോന്നി. ഇനി, ഈ പ്രശ്നത്തോടു തങ്ങൾ പ്രതികരിക്കുന്ന വിധമാണു കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതെന്നു ചില ഭാര്യമാർ ചിന്തിക്കുന്നു. ഡാനിയേല പറയുന്നു: “ഭർത്താവിന്റെ ഈ സ്വഭാവം കാരണം ഞാൻ തൊട്ടതിനും പിടിച്ചതിനും എല്ലാം ദേഷ്യപ്പെടാൻതുടങ്ങി. അതു ഞങ്ങളുടെ ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്ത്തുന്നതായി എനിക്കു തോന്നി.”
യാക്കോബ് 1:14 പറയുന്നത്, “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്” എന്നാണ്. (റോമ. 14:12; ഫിലി. 2:12) അതുകൊണ്ട് യഹോവ ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തില്ല. പകരം, നിങ്ങളുടെ വിശ്വസ്തതയെ വിലയേറിയതായി കാണും.—2 ദിന. 16:9.
നിങ്ങൾക്കും ഇങ്ങനെയൊക്കെയാണു തോന്നുന്നതെങ്കിൽ ഒരു കാര്യം ഓർക്കാം: ഭർത്താവ് ചെയ്യുന്ന കാര്യങ്ങൾക്ക് ഒരിക്കലും യഹോവ നിങ്ങളെ ഉത്തരവാദിയാക്കില്ല.തനിക്കു വേണ്ടത്ര സൗന്ദര്യമില്ലാത്തതുകൊണ്ടാണു ഭർത്താവ് അശ്ലീലം കാണുന്നതെന്ന് ഒരു ഭാര്യ ചിന്തിച്ചേക്കാം. പക്ഷേ അതു ശരിയല്ല. കാരണം ചില വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു സ്ത്രീക്ക് എത്രതന്നെ സൗന്ദര്യമുണ്ടായാലും അശ്ലീലത്തിന് അടിമയായ ഒരു വ്യക്തിയുടെ ലൈംഗികമോഹങ്ങളെ തൃപ്തിപ്പെടുത്താനാകില്ല.
അമിതമായ ഉത്കണ്ഠ ഒഴിവാക്കുക. അശ്ലീലം കാണുന്ന ഭർത്താവിന്റെ സ്വഭാവത്തെക്കുറിച്ചായിരുന്നു താൻ ഏതു നേരവും ചിന്തിച്ചിരുന്നതെന്നു കാതറീൻ പറയുന്നു. ഇനി, ഫ്രാൻസെസ് പറയുന്നത് ഇതാണ്: “ഭർത്താവ് എവിടെയാണെന്ന് അറിയാൻ പറ്റാതെ വരുമ്പോൾ എനിക്കു വല്ലാത്ത ഉത്കണ്ഠ തോന്നും.” ഭർത്താവിന്റെ പ്രശ്നത്തെക്കുറിച്ച് അറിയാവുന്ന സഹോദരങ്ങളുടെ മുന്നിൽ തങ്ങൾക്കു വലിയ നാണക്കേടു തോന്നുന്നതായി മറ്റു ചില ഭാര്യമാർ പറയുന്നു. ഇനി, വേറേ ചിലർ ചിന്തിക്കുന്നതു മറ്റുള്ളവർക്കു തങ്ങളുടെ സാഹചര്യം മനസ്സിലാകില്ലെന്നാണ്. അതുകൊണ്ടുതന്നെ തങ്ങൾ ഒറ്റയ്ക്കാണെന്ന് അവർക്കു തോന്നുന്നു.
ഇങ്ങനെയൊക്കെ തോന്നുന്നതു സ്വാഭാവികമാണ്. എന്നാൽ അതെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ ടെൻഷൻ കൂടുകയേ ഉള്ളൂ. അതുകൊണ്ട് അതിനു പകരം യഹോവയുമായി നിങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതു പിടിച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കും.—സങ്കീ. 62:2; എഫെ. 6:10.
പ്രശ്നങ്ങൾ നേരിട്ടപ്പോൾ യഹോവയോടു പ്രാർഥിച്ചുകൊണ്ട് ആശ്വാസം കണ്ടെത്തിയ ബൈബിളിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് വായിക്കുന്നതും അവരെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതും നിങ്ങളെ സഹായിക്കും. യഹോവ എപ്പോഴും അവരുടെ പ്രശ്നങ്ങൾ മാറ്റിയില്ല. പക്ഷേ അവർക്കു വേണ്ട സമാധാനം കൊടുത്തു. ഉദാഹരണത്തിന്, ഹന്നയുടെ കാര്യം നോക്കുക. തന്റെ സാഹചര്യത്തെക്കുറിച്ച് ഓർത്ത് അവർ “കടുത്ത മനോദുഃഖത്തിലായിരുന്നു.” എന്നാൽ ‘യഹോവയുടെ മുമ്പാകെ വളരെ നേരം പ്രാർഥിച്ചുകഴിഞ്ഞപ്പോൾ’ ഹന്നയ്ക്കു സമാധാനം കിട്ടി. പക്ഷേ കാര്യങ്ങൾ എങ്ങനെയൊക്കെ ആയിത്തീരുമെന്ന് അപ്പോഴും ഹന്നയ്ക്ക് അറിയില്ലായിരുന്നു.—1 ശമു. 1:10, 12, 18; 2 കൊരി. 1:3, 4.
സഭയിലെ മൂപ്പന്മാരുടെ സഹായം തേടുക. അവർക്കു “കാറ്റത്ത് ഒരു സുരക്ഷിതസ്ഥാനവും, പെരുമഴയത്ത് ഒരു അഭയസ്ഥാനവും” ആയിരിക്കാനാകും. (യശ. 32:2, അടിക്കുറിപ്പ്) നിങ്ങളുടെ സങ്കടങ്ങൾ തുറന്നുപറയാനും നിങ്ങളെ ആശ്വസിപ്പിക്കാനും പറ്റിയ ഒരു സഹോദരിയെ കാണിച്ചുതരാനും അവർക്കു കഴിഞ്ഞേക്കും.—സുഭാ. 17:17.
നിങ്ങൾക്ക് ഇണയെ സഹായിക്കാനാകുമോ?
അശ്ലീലം കാണുന്ന സ്വഭാവത്തെ മറികടക്കാൻ ഭർത്താവിനെ സഹായിക്കുന്നതിനു നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ? ചിലതൊക്കെ ചെയ്യാനായേക്കും. ഒരു പ്രശ്നം പരിഹരിക്കാൻ, അല്ലെങ്കിൽ ശക്തനായ ഒരു ശത്രുവിനെ നേരിടാൻ, “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്” എന്നു ബൈബിൾ പറയുന്നു. (സഭാ. 4:9-12) ഇക്കാര്യത്തിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പലപ്പോഴും അശ്ലീലം എന്ന ആസക്തിയിൽനിന്ന് പുറത്തുവരാനും അവർക്കിടയിലെ വിശ്വാസം വീണ്ടെടുക്കാനും കഴിഞ്ഞിട്ടുള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
എങ്കിലും ഈ പ്രശ്നത്തിൽനിന്ന് പുറത്തുകടക്കാൻ ഇണയ്ക്ക് ആത്മാർഥമായ ആഗ്രഹവും അതിനുവേണ്ടി കഠിനശ്രമം ചെയ്യാനുള്ള മനസ്സൊരുക്കവും വേണം. അദ്ദേഹത്തിന് അതുണ്ടോ എന്ന് നമുക്ക് എങ്ങനെ അറിയാം? ഈ ശീലം മറികടക്കുന്നതിനുള്ള ശക്തിക്കുവേണ്ടി അദ്ദേഹം യഹോവയോട് അപേക്ഷിച്ചിട്ടുണ്ടോ? മൂപ്പന്മാരുടെ സഹായം തേടിയോ? (2 കൊരി. 4:7; യാക്കോ. 5:14, 15) പ്രലോഭനത്തിൽ വീഴാതിരിക്കാൻ അദ്ദേഹം വ്യക്തമായ ലക്ഷ്യങ്ങൾ വെച്ച് അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നുണ്ടോ? ഉദാഹരണത്തിന്, അദ്ദേഹം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പ്രലോഭനത്തിന് ഇടയേക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ടോ? (സുഭാ. 27:12) നിങ്ങളുടെ സഹായം സ്വീകരിക്കാനും നിങ്ങളോടു സത്യസന്ധനായിരിക്കാനും അദ്ദേഹം മനസ്സുകാണിക്കുന്നുണ്ടോ? അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞേക്കും.
എങ്ങനെ? അതു മനസ്സിലാക്കാൻ ഫെലീഷ്യയുടെയും ഏഥന്റെയും കാര്യം നോക്കാം. ഏഥനു ചെറുപ്പത്തിൽ അശ്ലീലം കാണുന്ന ഒരു ദുശ്ശീലമുണ്ടായിരുന്നു. ഇപ്പോഴും അശ്ലീലം കാണാനുള്ള ആഗ്രഹം ഇടയ്ക്കിടെ വരാറുണ്ട്. പക്ഷേ ഫെലീഷ്യ അദ്ദേഹത്തോടു ക്ഷമയോടെ ഇടപെടുകയും അദ്ദേഹത്തിനു പറയാനുള്ളതു കേൾക്കാൻ എപ്പോഴും മനസ്സുകാണിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവളോടു കാര്യങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഏഥനു തോന്നുന്നു. ഏഥൻ പറയുന്നു: “ഞാൻ എന്റെ ഭാര്യയോട് സത്യസന്ധമായി എല്ലാം തുറന്നുപറയും. അപ്പോൾ ഞാൻ വെക്കേണ്ട പരിധികൾ എന്തൊക്കെയാണെന്ന് അവൾ സ്നേഹത്തോടെ എനിക്കു പറഞ്ഞുതരും. മാത്രമല്ല, അതിനു ചേർച്ചയിൽ ഞാൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ചോദിക്കുകയും ചെയ്യും. ഇന്റർനെറ്റിന്റെ ഉപയോഗം കുറയ്ക്കാനും അവൾ എന്നെ സഹായിക്കുന്നു.” ഏഥന്റെ ഈ മോശം സ്വഭാവത്തെക്കുറിച്ച് ഓർത്ത് ഫെലീഷ്യക്കു വിഷമമുണ്ട്. അവൾ പറയുന്നു: “പക്ഷേ ഞാൻ ദേഷ്യപ്പെട്ടതുകൊണ്ടോ വിഷമം കാണിച്ചതുകൊണ്ടോ ഒന്നും ഈ മോശം ശീലത്തിൽനിന്ന് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്ന് എനിക്ക് അറിയാം. ഈ വിഷയത്തെക്കുറിച്ച് ഞങ്ങൾ തുറന്നു സംസാരിച്ചതോടെ എങ്ങനെയും ഈ ദുശ്ശീലത്തെ മറികടക്കാനും എന്റെ വിഷമം മാറ്റാനും അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.”
ഇതുപോലുള്ള ചർച്ചകൾ അശ്ലീലമെന്ന കെണിയിലേക്കു വീണ്ടും പോകാതിരിക്കാൻ ഭർത്താവിനെ സഹായിക്കും. കൂടാതെ വിശ്വസിക്കാൻ കൊള്ളാവുന്ന ആളായി ഭർത്താവിനെ വീണ്ടും കാണാൻ ഭാര്യക്ക് എളുപ്പമാകുകയും ചെയ്യും. കാരണം ഒരു ഭർത്താവ് ഭാര്യയോട് തന്റെ ബലഹീനതകളെക്കുറിച്ചും എവിടെപ്പോകുന്നു, എന്തു ചെയ്യുന്നു എന്നീ കാര്യങ്ങളെക്കുറിച്ചും ഒക്കെ തുറന്നുപറയുമ്പോൾ അദ്ദേഹം ഒന്നും ഒളിക്കുന്നില്ലെന്നു ഭാര്യക്കു ബോധ്യമാകുന്നു.
നിങ്ങളുടെ ഭർത്താവിനെ ഈ രീതിയിൽ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എങ്കിൽ ഈ ലേഖനം ഒരുമിച്ച് വായിച്ച് ചർച്ചചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ അശ്ലീലം ഒഴിവാക്കുകയും നിങ്ങളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ പ്രശ്നത്തെക്കുറിച്ച് പറയുമ്പോൾ ദേഷ്യപ്പെടുന്നതിനു പകരം അതു നിങ്ങളെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്നു മനസ്സിലാക്കാനും അദ്ദേഹം ശ്രമിക്കണം. ഇനി, നിങ്ങൾ ഈ ദുശ്ശീലത്തെ മറികടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ പിന്തുണയ്ക്കുകയും നിങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ അദ്ദേഹത്തിന് ഒരു അവസരം നൽകുകയും വേണം. ആളുകൾ എന്തുകൊണ്ടാണ് ഈ മോശം ശീലത്തിൽ വീണുപോകുന്നതെന്നും അതിൽനിന്ന് എങ്ങനെ പുറത്തുവരാനാകുമെന്നും നിങ്ങൾ രണ്ടു പേരും മനസ്സിലാക്കിയിരിക്കണം. d
ഈ വിഷയത്തെക്കുറിച്ച് ശാന്തമായി സംസാരിക്കാൻ നിങ്ങൾക്കും ഭർത്താവിനും ബുദ്ധിമുട്ടായിരിക്കുമെന്നു തോന്നുന്നെങ്കിൽ ആ സമയത്ത് കൂടെയിരിക്കാമോ എന്ന് നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമുള്ള ഒരു മൂപ്പനോടു ചോദിക്കാവുന്നതാണ്. ഭർത്താവ് അശ്ലീലത്തിന്റെ പിടിയിൽനിന്ന് പുറത്തുവന്നാലും അദ്ദേഹത്തെ വിശ്വസിക്കാൻ ചിലപ്പോൾ നിങ്ങൾക്കു കുറച്ചുകൂടെ സമയം വേണ്ടിവന്നേക്കും. പക്ഷേ, മടുത്തുപോകരുത്. ബന്ധം പഴയപടിയാക്കാൻ അദ്ദേഹം ചെയ്യുന്ന ചെറിയചെറിയ ശ്രമങ്ങൾപോലും ശ്രദ്ധിക്കുക. രണ്ടു പേരും ക്ഷമ കാണിക്കുന്നെങ്കിൽ കാലങ്ങൾകൊണ്ട് നിങ്ങളുടെ ബന്ധം മുമ്പത്തെപ്പോലെ ശക്തമായിത്തീരും.—വീണ്ടും വീണുപോകുന്നെങ്കിൽ
നാളുകൾക്കു ശേഷം വീണ്ടും അദ്ദേഹം അശ്ലീലം കാണുന്നെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിനു പശ്ചാത്താപം ഇല്ലെന്നോ ഈ പ്രശ്നത്തിൽനിന്ന് പുറത്തുകടക്കാൻ കഴിയില്ലെന്നോ ആണോ? അങ്ങനെ ആയിരിക്കണമെന്നില്ല. അശ്ലീലം കാണുന്ന ശീലത്തിന് അടിമയായിരിക്കുന്ന ഒരാൾക്ക് അതിൽനിന്ന് പുറത്തുവരാൻ ജീവിതകാലം മുഴുവൻ അതിനെതിരെ പോരാടേണ്ടിവരും. ഈ ശീലം ഒഴിവാക്കി വർഷങ്ങൾക്കു ശേഷംപോലും ഒരുപക്ഷേ വീണ്ടും ഈ കെണിയിൽ വീണുപോയേക്കാം. ഭാവിയിൽ അങ്ങനെ സംഭവിക്കാതിരിക്കാൻ പ്രശ്നം പരിഹരിച്ചെന്നു തോന്നിയാൽപ്പോലും വെച്ചിരിക്കുന്ന പരിധികൾക്കുള്ളിൽനിന്ന് പ്രവർത്തിക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കണം. (സുഭാ. 28:14; മത്താ. 5:29; 1 കൊരി. 10:12) അതിനായി അദ്ദേഹം പുതിയ “ചിന്താരീതി” വളർത്തിയെടുക്കുകയും ‘മോശമായതിനെ വെറുക്കാൻ’ പഠിക്കുകയും വേണം. അതിൽ അശ്ലീലവും അതുമായി ബന്ധപ്പെട്ട സ്വയംഭോഗംപോലുള്ള മോശമായ ശീലങ്ങളും ഉൾപ്പെടുന്നു. (എഫെ. 4:23; സങ്കീ. 97:10; റോമ. 12:9) ഇതൊക്കെ ചെയ്യാൻ അദ്ദേഹം തയ്യാറാണോ? അങ്ങനെയാണെങ്കിൽ പതിയെപ്പതിയെ ഈ മോശം ശീലത്തിൽനിന്ന് പൂർണമായി പുറത്തുവരാൻ അദ്ദേഹത്തിനാകും. e
ഈ പ്രശ്നത്തിൽനിന്ന് പുറത്തുവരാൻ ഭർത്താവ് ഒരു താത്പര്യവും കാണിക്കുന്നില്ലെങ്കിലോ? സ്വാഭാവികമായി നിങ്ങൾക്കു ദേഷ്യവും നിരാശയും വഞ്ചിക്കപ്പെട്ടെന്ന തോന്നലും ഉണ്ടാകാം. എല്ലാ വിഷമങ്ങളും യഹോവയോടു പറയുക. അതിലൂടെ നിങ്ങൾക്കു സമാധാനം കിട്ടും. (1 പത്രോ. 5:7) ബൈബിൾ പഠിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും പഠിച്ച കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചുകൊണ്ടും യഹോവയോടു കൂടുതൽക്കൂടുതൽ അടുക്കുക. അങ്ങനെ ചെയ്യുമ്പോൾ ഉറപ്പായും യഹോവ നിങ്ങളോടും അടുത്തുവരും. യശയ്യ 57:15 പറയുന്നതുപോലെ, യഹോവ “എളിയവരോടുകൂടെയും തകർന്നുപോയവരോടുകൂടെയും പാർക്കുന്നു.” കാരണം സന്തോഷം വീണ്ടെടുക്കുന്നതിന് അവരെ സഹായിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നല്ലൊരു ക്രിസ്ത്യാനിയായിരിക്കാൻ ശ്രമിക്കുക. മൂപ്പന്മാരോടു സഹായം ചോദിക്കുക. കൂടാതെ ഭാവിയിൽ ഭർത്താവ് ആത്മാർഥമായി മാറ്റംവരുത്തുമെന്ന പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുക.—റോമ. 2:4; 2 പത്രോ. 3:9.
a ഈ ലേഖനത്തിൽ ഭർത്താക്കന്മാർ അശ്ലീലം വീക്ഷിക്കുന്നതായിട്ടാണു പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതിൽ പറഞ്ഞിരിക്കുന്ന പല തത്ത്വങ്ങളും അശ്ലീലം വീക്ഷിക്കുന്ന ഭാര്യമാരുള്ള ഭർത്താക്കന്മാർക്കും പ്രയോജനം ചെയ്യും.
b അശ്ലീലം കാണുന്നതു വിവാഹമോചനത്തിനുള്ള തിരുവെഴുത്തുപരമായ അടിസ്ഥാനമല്ല.—മത്താ. 19:9.
c പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
d സഹായകമായ വിവരങ്ങൾ jw.org-ലും നമ്മുടെ പ്രസിദ്ധീകരണങ്ങളിലും കാണാനാകും. ഉദാഹരണത്തിന്, jw.org-ലെ “അശ്ലീലം നിങ്ങളുടെ വിവാഹജീവിതം തകർക്കും,” “അശ്ലീലം—അതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നാണോ?” എന്നീ ലേഖനങ്ങളും 2014 ജൂലൈ 1 ലക്കം വീക്ഷാഗോപുരം പേജ് 9-11-ലെ “നിങ്ങൾക്കു പ്രലോഭനം ചെറുത്തുനിൽക്കാൻ സാധിക്കും!” എന്ന ലേഖനവും കാണുക.
e അശ്ലീലം കാണുന്നത് ഒരു ആസക്തിയായതുകൊണ്ട് ചില ദമ്പതികൾ അതിൽനിന്ന് പുറത്തുകടക്കാൻ മൂപ്പന്മാരുടെ സഹായം തേടുന്നതോടൊപ്പം ഡോക്ടറുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.