പഠനലേഖനം 36
എടുക്കേണ്ടവ എടുക്കുക, അല്ലാത്തവ എറിഞ്ഞുകളയുക
“നമുക്കും, എല്ലാ ഭാരവും . . . എറിഞ്ഞുകളഞ്ഞ് മുന്നിലുള്ള ഓട്ടമത്സരം തളർന്നുപോകാതെ ഓടാം.”—എബ്രാ. 12:1.
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
ചുരുക്കം a
1. എബ്രായർ 12:1 അനുസരിച്ച് ജീവനുവേണ്ടിയുള്ള ഓട്ടം വിജയകരമായി പൂർത്തിയാക്കാൻ നമ്മൾ എന്തു ചെയ്യണം?
ക്രിസ്ത്യാനികളുടെ ജീവിതത്തെ ഒരു ഓട്ടമത്സരത്തോടു ബൈബിൾ താരതമ്യം ചെയ്യുന്നു. അതിൽ വിജയിക്കുന്നവർക്കു നിത്യജീവനാണു സമ്മാനമായി കിട്ടുന്നത്. (2 തിമൊ. 4:7, 8) തളർന്നുപോകാതെ ഈ ഓട്ടം പൂർത്തിയാക്കാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യണം. കാരണം, നമ്മൾ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ്. ഈ ഓട്ടമത്സരത്തിൽ ജയിക്കാൻ നമ്മളെ എന്തു സഹായിക്കുമെന്നു വിജയകരമായി അതു പൂർത്തിയാക്കിയ പൗലോസ് അപ്പോസ്തലൻ നമുക്കു പറഞ്ഞുതരുന്നുണ്ട്. ‘എല്ലാ ഭാരവും എറിഞ്ഞുകളഞ്ഞ് മുന്നിലുള്ള ഓട്ടമത്സരം തളർന്നുപോകാതെ ഓടാൻ’ അദ്ദേഹം നമ്മളോട് ആവശ്യപ്പെടുന്നു.—എബ്രായർ 12:1 വായിക്കുക.
2. ‘എല്ലാ ഭാരവും എറിഞ്ഞുകളയുക’ എന്നതിന്റെ അർഥം എന്താണ്?
2 ‘എല്ലാ ഭാരവും എറിഞ്ഞുകളയുക’ എന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് ഉദ്ദേശിച്ചത്? ക്രിസ്ത്യാനികൾ ഒരു ചുമടും എടുക്കരുത് എന്നാണോ? അല്ല. പകരം അനാവശ്യമായ ഭാരങ്ങൾ നമ്മൾ ഒഴിവാക്കണം എന്നാണ്. കാരണം അത്തരം ഭാരങ്ങൾ നമ്മളെ പെട്ടെന്നു ക്ഷീണിപ്പിക്കുകയും ഓട്ടത്തിന് ഒരു തടസ്സമാകുകയും ചെയ്യും. അതുകൊണ്ട്, ഓട്ടം തുടരണമെങ്കിൽ നമ്മുടെ വേഗത കുറച്ചേക്കാവുന്ന അനാവശ്യമായ എല്ലാ ഭാരങ്ങളും പെട്ടെന്നുതന്നെ കണ്ടെത്തി എറിഞ്ഞുകളയേണ്ടതുണ്ട്. അതേസമയം നമ്മൾ എടുക്കേണ്ട ചുമടുകൾ ഒഴിവാക്കാനും പാടില്ല. കാരണം, അവ ഒഴിവാക്കിയാൽ നമ്മൾ മത്സരത്തിന് അയോഗ്യരായിത്തീരും. (2 തിമൊ. 2:5) അങ്ങനെയെങ്കിൽ നമ്മൾ എടുക്കേണ്ട ചുമടുകൾ ഏതൊക്കെയാണ്?
3. (എ) ഗലാത്യർ 6:5 പറയുന്നതനുസരിച്ച് നമ്മൾ എന്തു ചുമക്കേണ്ടതുണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും, എന്തുകൊണ്ട്?
3 ഗലാത്യർ 6:5 വായിക്കുക. നമ്മൾ ചുമക്കേണ്ട ചില കാര്യങ്ങളുണ്ടെന്നു പൗലോസ് അപ്പോസ്തലൻ സൂചിപ്പിച്ചു. അദ്ദേഹം എഴുതി: ‘ഓരോരുത്തരും സ്വന്തം ചുമടു ചുമക്കണം.’ ഓരോ വ്യക്തിക്കും ദൈവമുമ്പാകെയുള്ള ഉത്തരവാദിത്വമാകുന്ന ചുമടിനെയാണു പൗലോസ് ഇവിടെ ഉദ്ദേശിച്ചത്. അതു നമ്മൾ സ്വന്തമായി ചുമക്കേണ്ടതുണ്ട്. ഈ ‘ചുമടിൽ’ എന്തൊക്കെയാണ് ഉൾപ്പെടുന്നതെന്നും നമുക്ക് എങ്ങനെ അവ ചുമക്കാമെന്നും ഈ ലേഖനത്തിൽ പഠിക്കും. കൂടാതെ നമ്മൾ എടുത്തേക്കാവുന്ന അനാവശ്യമായ ഭാരങ്ങൾ എന്തൊക്കെയാണെന്നും അവ എങ്ങനെ എറിഞ്ഞുകളയാമെന്നും കാണും. സ്വന്തം ചുമടു ചുമക്കുന്നതും അനാവശ്യഭാരങ്ങൾ എറിഞ്ഞുകളയുന്നതും ജീവനുവേണ്ടിയുള്ള ഓട്ടം വിജയകരമായി പൂർത്തിയാക്കാൻ നമ്മളെ സഹായിക്കും.
നമ്മൾ ചുമക്കേണ്ട ചുമടുകൾ
4. സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കുന്നത് ഒരു ഭാരമല്ലാത്തത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
4 നമ്മുടെ സമർപ്പണപ്രതിജ്ഞ. നമ്മളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചപ്പോൾ, എന്നും ദൈവത്തെ ആരാധിച്ചുകൊള്ളാമെന്നും ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊള്ളാമെന്നും നമ്മൾ വാക്കുകൊടുത്തതാണ്. അതു നമ്മൾ പാലിക്കണം. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുകയെന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. എങ്കിലും അതൊരു ഭാരമല്ല. കാരണം, നമ്മളെ സൃഷ്ടിച്ചിരിക്കുന്നതുതന്നെ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻവേണ്ടിയാണ്. (വെളി. 4:11) ദൈവത്തിന്റെ ഛായയിലും ദൈവത്തെ അറിയാനും ആരാധിക്കാനും ഉള്ള ആഗ്രഹത്തോടെയും ആണു നമ്മളെ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവത്തോടു അടുക്കാനും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താനും നമുക്കു കഴിയും. (സങ്കീ. 40:8) മാത്രമല്ല, ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും ദൈവപുത്രനെ അനുഗമിക്കുകയും ചെയ്യുമ്പോൾ നമുക്കുതന്നെ ‘ഉന്മേഷം കിട്ടുകയും’ ചെയ്യും.—മത്താ. 11:28-30.
5. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ എന്തു സഹായിക്കും? (1 യോഹന്നാൻ 5:3)
5 നിങ്ങൾക്ക് എങ്ങനെ ആ ചുമടു ചുമക്കാം? രണ്ടു കാര്യങ്ങൾ അതിനു സഹായിക്കും. ഒന്ന്, യഹോവയോടുള്ള സ്നേഹം തുടർന്നും ശക്തമാക്കുക. അതിനായി ദൈവം നിങ്ങൾക്ക് ഇതുവരെ ചെയ്തുതന്നിരിക്കുന്ന എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും ഇനി തരാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുക. ദൈവത്തോടുള്ള സ്നേഹം കൂടുന്നതനുസരിച്ച് ദൈവത്തെ അനുസരിക്കുന്നതും എളുപ്പമായിത്തീരും. (1 യോഹന്നാൻ 5:3 വായിക്കുക.) രണ്ട്, യേശുവിനെ അനുകരിക്കുക. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ യേശു വിജയിച്ചു. കാരണം, സഹായത്തിനുവേണ്ടി യേശു യഹോവയോടു പ്രാർഥിക്കുകയും തനിക്കു കിട്ടാനിരുന്ന സമ്മാനത്തിൽ ശ്രദ്ധിക്കുകയും ചെയ്തു. (എബ്രായർ 5:7; 12:2) യേശുവിനെപ്പോലെ ശക്തിക്കായി യഹോവയോടു പ്രാർഥിക്കുക. നിത്യജീവന്റെ പ്രത്യാശ എപ്പോഴും മനസ്സിൽ അടുപ്പിച്ചുനിറുത്തുക. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം ശക്തമാക്കുകയും യേശുവിനെ അനുകരിക്കുകയും ചെയ്യുന്നെങ്കിൽ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾക്കാകും.
6. നമ്മൾ കുടുംബോത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടത് എന്തുകൊണ്ട്? (ചിത്രവും കാണുക.)
6 നമ്മുടെ കുടുംബോത്തരവാദിത്വങ്ങൾ. ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ കുടുംബാംഗങ്ങളെക്കാൾ അധികം നമ്മൾ യഹോവയെയും യേശുവിനെയും ആണ് സ്നേഹിക്കേണ്ടത്. (മത്താ. 10:37) പക്ഷേ അതിന്റെ അർഥം കുടുംബോത്തരവാദിത്വങ്ങൾ അവഗണിക്കാമെന്നല്ല. ശരിക്കും പറഞ്ഞാൽ യഹോവയെയും യേശുവിനെയും സന്തോഷിപ്പിക്കാനാകണമെങ്കിൽ നമ്മൾ ആ ഉത്തരവാദിത്വങ്ങൾ നിറവേറ്റണം. (1 തിമൊ. 5:4, 8) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ കൂടുതൽ സന്തോഷമുള്ളവരായിരിക്കും. കാരണം, ആ രീതിയിലാണ് യഹോവ കുടുംബങ്ങളെ ഒരുക്കിയിരിക്കുന്നതുതന്നെ; അതായത് ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും മാതാപിതാക്കൾ മക്കളെ സ്നേഹിക്കുകയും പരിശീലിപ്പിക്കുകയും മക്കൾ മാതാപിതാക്കളെ അനുസരിക്കുകയും ചെയ്യുമ്പോൾ അവിടെ സന്തോഷം കളിയാടുന്ന രീതിയിൽ.—എഫെ. 5:33; 6:1, 4.
7. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ നിങ്ങൾക്ക് എങ്ങനെ ഏറ്റവും നന്നായി ചെയ്യാം?
7 നിങ്ങൾക്ക് എങ്ങനെ ആ ചുമടു ചുമക്കാം? കുടുംബത്തിൽ നിങ്ങളുടെ സ്ഥാനം എന്തായിരുന്നാലും ബൈബിളിൽ കാണുന്ന ജ്ഞാനത്തിൽ ആശ്രയിക്കുക. ശരിയെന്നു നിങ്ങൾക്കു തോന്നുന്നതോ പൊതുവേ ആളുകൾ ചെയ്യുന്നതോ വിദഗ്ധരുടെ അഭിപ്രായങ്ങളോ ഒന്നുമായിരിക്കരുതു നിങ്ങളെ നയിക്കുന്നത്. (സുഭാ. 24:3, 4) യഹോവയുടെ സംഘടന നമുക്കു നൽകിയിട്ടുള്ള പ്രസിദ്ധീകരണങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാമെന്ന് അവയിൽ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിനു “കുടുംബങ്ങൾക്കുവേണ്ടി” എന്ന ലേഖനപരമ്പരതന്നെ എടുക്കുക. അതിൽ ദമ്പതികൾ, മാതാപിതാക്കൾ, കൗമാരക്കാർ എന്നിവർ ഇന്നു നേരിടുന്ന ചില പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നു പറഞ്ഞിട്ടുണ്ട്. b ബൈബിൾതത്ത്വങ്ങൾ അനുസരിക്കാൻ മറ്റു കുടുംബാംഗങ്ങൾ തയ്യാറാകുന്നില്ലെങ്കിലും നിങ്ങൾ അങ്ങനെ ചെയ്യാൻ തീരുമാനിച്ചുറയ്ക്കുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ കുടുംബത്തിലെ എല്ലാവർക്കും അതിന്റെ പ്രയോജനം കിട്ടും. കൂടാതെ നിങ്ങൾക്ക് യഹോവയുടെ അനുഗ്രഹമുണ്ടായിരിക്കുകയും ചെയ്യും.—1 പത്രോ. 3:1, 2.
8. നമ്മളെടുക്കുന്ന തീരുമാനങ്ങൾ നമ്മളെ എങ്ങനെ ബാധിച്ചേക്കാം?
8 നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു നൽകിയിട്ടുണ്ട്. അങ്ങനെ നല്ല തീരുമാനങ്ങളെടുത്ത് നമ്മൾ അതിൽനിന്ന് പ്രയോജനം നേടാനും യഹോവ ആഗ്രഹിക്കുന്നു. പക്ഷേ തെറ്റായ ഒരു തീരുമാനമെടുക്കുമ്പോൾ അതിന്റെ മോശം ഫലങ്ങളിൽനിന്ന് ദൈവം നമ്മളെ സംരക്ഷിക്കില്ല. (ഗലാ. 6:7, 8) അതുകൊണ്ടുതന്നെ തെറ്റായ ഒരു തീരുമാനമെടുക്കുകയോ ചിന്തിക്കാതെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ നമ്മൾ അതിന്റെ മോശം ഫലങ്ങൾ അനുഭവിക്കേണ്ടിവരും. ചെയ്തുപോയ തെറ്റിനെക്കുറിച്ചോർത്ത് ചിലപ്പോൾ മനസ്സാക്ഷി നമ്മളെ കുറ്റപ്പെടുത്തിയേക്കാം. എന്നാൽ നമ്മുടെ തെറ്റിനു നമ്മൾതന്നെയാണ് ഉത്തരവാദികൾ എന്ന് ഓർക്കുന്നത്, കുറ്റം സമ്മതിക്കാനും തെറ്റു തിരുത്താനും അത് ആവർത്തിക്കാതിരിക്കാനും നമ്മളെ പ്രേരിപ്പിക്കും. ഇങ്ങനെയൊക്കെ ചെയ്യുന്നതു ജീവനുവേണ്ടിയുള്ള ഓട്ടം തുടരാൻ നമ്മളെ സഹായിക്കും.
9. നിങ്ങൾ തെറ്റായ ഒരു തീരുമാനമെടുത്തുപോയെങ്കിൽ എന്തു ചെയ്യാം? (ചിത്രവും കാണുക.)
9 നിങ്ങൾക്ക് എങ്ങനെ ആ ചുമടു ചുമക്കാം? നിങ്ങൾ തെറ്റായ ഒരു തീരുമാനമെടുത്തുപോയെങ്കിൽ എന്തു ചെയ്യാം? കഴിഞ്ഞുപോയ കാര്യങ്ങൾ മാറ്റാനാകില്ലെന്നു സമ്മതിക്കുക. പറ്റിയ തെറ്റിനെ ന്യായീകരിക്കുകയോ നിങ്ങളെത്തന്നെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ട് സമയവും ഊർജവും പാഴാക്കരുത്. പകരം തെറ്റ് സമ്മതിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നത് ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക. ഇനി, ചെയ്തുപോയ തെറ്റിനെക്കുറിച്ച് ഓർത്ത് കുറ്റബോധം തോന്നുന്നെങ്കിൽ താഴ്മയോടെ യഹോവയോടു പ്രാർഥിക്കുക. കുറ്റം ഏറ്റുപറഞ്ഞ് ക്ഷമയ്ക്കായി യാചിക്കുക. (സങ്കീ. 25:11; 51:3, 4) നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ക്ഷമ ചോദിക്കുക. ആവശ്യമെങ്കിൽ മൂപ്പന്മാരുടെ സഹായം തേടുക. (യാക്കോ. 5:14, 15) നിങ്ങൾക്കു പറ്റിയ തെറ്റുകളിൽനിന്ന് പഠിക്കുക. അവ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ യഹോവ നിങ്ങളോടു കരുണ കാണിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്യുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാം.—സങ്കീ. 103:8-13.
‘എറിഞ്ഞുകളയേണ്ട’ ഭാരങ്ങൾ
10. അതിരുകവിഞ്ഞ പ്രതീക്ഷകൾ ഒരു വലിയ ഭാരമായിരിക്കുന്നത് എങ്ങനെ? (ഗലാത്യർ 6:4)
10 അതിരുകവിഞ്ഞ പ്രതീക്ഷകൾ. നമ്മളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്താൽ അതിരുകവിഞ്ഞ പ്രതീക്ഷകൾ വെച്ച് നമ്മൾ നമ്മളെത്തന്നെ ഭാരപ്പെടുത്താനിടയുണ്ട്. (ഗലാത്യർ 6:4 വായിക്കുക.) തുടർച്ചയായി അങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ മറ്റുള്ളവരോട് അസൂയ തോന്നാനും മത്സരമനോഭാവം വളർന്നുവരാനും ഇടയാകും. (ഗലാ. 5:26) നമ്മുടെ പരിമിതികളെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ചിന്തിക്കാതെ മറ്റുള്ളവർ ചെയ്യുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചാൽ അതു നമുക്കുതന്നെ ദോഷം ചെയ്യും. “പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 13:12) ആ സ്ഥിതിക്ക്, ഒരിക്കലും നിറവേറ്റാൻ പറ്റാത്ത പ്രതീക്ഷകളാണു വെക്കുന്നതെങ്കിൽ അതു നമ്മളെ എത്രയധികം നിരാശപ്പെടുത്തും! കൂടാതെ അതു നമ്മുടെ ശക്തി ചോർത്തിക്കളയുകയും ജീവനുവേണ്ടിയുള്ള ഓട്ടത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്യും.—സുഭാ. 24:10.
11. അതിരുകവിഞ്ഞ പ്രതീക്ഷകൾ വെക്കാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
11 ആ ഭാരം നിങ്ങൾക്ക് എങ്ങനെ എറിഞ്ഞുകളയാം? യഹോവ ആവശ്യപ്പെടുന്നതിലും അധികം നമ്മൾ നമ്മളിൽനിന്ന് പ്രതീക്ഷിക്കരുത്. നമുക്കു പറ്റാത്ത ഒരു കാര്യം ചെയ്യാൻ യഹോവ ഒരിക്കലും ആവശ്യപ്പെടില്ല. (2 കൊരി. 8:12) നിങ്ങൾ ചെയ്യുന്നതിനെ യഹോവ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യില്ലെന്നും ഉറപ്പുണ്ടായിരിക്കുക. (മത്താ. 25:20-23) യഹോവ വിലയേറിയതായി കാണുന്നത് നിങ്ങളുടെ മുഴുഹൃദയത്തോടെയുള്ള സേവനവും നിങ്ങളുടെ വിശ്വസ്തതയും നിങ്ങളുടെ സഹനശക്തിയും ആണ്. നിങ്ങളുടെ പ്രായം, ആരോഗ്യം, സാഹചര്യങ്ങൾ തുടങ്ങിയവ കാരണം ആഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ ചിലപ്പോൾ കഴിയില്ല എന്ന കാര്യം താഴ്മയോടെ അംഗീകരിക്കുക. ബർസില്ലായിയെപ്പോലെ പ്രായത്തിന്റെ ബുദ്ധിമുട്ടുകളോ ആരോഗ്യപ്രശ്നങ്ങളോ കാരണം ചില നിയമനങ്ങൾ ചെയ്യാനാകില്ലെന്നു തുറന്നുപറയാൻ മനസ്സുകാണിക്കുക. (2 ശമു. 19:35, 36) മോശയെപ്പോലെ ഉചിതമായിരിക്കുമ്പോൾ മറ്റുള്ളവരിൽനിന്ന് സഹായം സ്വീകരിക്കാനും ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കാനും തയ്യാറാകുക. (പുറ. 18:21, 22) ഈ വിധങ്ങളിൽ താഴ്മയുള്ളവരായിരിക്കുന്നതു ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നമ്മളെ തളർത്തികളഞ്ഞേക്കാവുന്ന അതിരുകവിഞ്ഞ പ്രതീക്ഷകൾ വെക്കാതിരിക്കാൻ സഹായിക്കും.
12. മറ്റുള്ളവർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്കു നമ്മൾ ഉത്തരവാദികളാണോ? വിശദീകരിക്കുക.
12 മറ്റുള്ളവർ എടുക്കുന്ന തെറ്റായ തീരുമാനത്തിനു തങ്ങളാണ് ഉത്തരവാദികൾ എന്ന ചിന്ത. നമുക്കു മറ്റുള്ളവർക്കുവേണ്ടി തീരുമാനമെടുക്കാനോ മറ്റുള്ളവർ എടുത്ത തെറ്റായ തീരുമാനത്തിന്റെ പരിണതഫലങ്ങളിൽനിന്ന് എപ്പോഴും അവരെ സംരക്ഷിക്കാനോ കഴിയില്ല. ഉദാഹരണത്തിന്, ഒരു മകനോ മകളോ ഇനി യഹോവയെ സേവിക്കുന്നില്ലെന്നു പറയുന്ന ഒരു സാഹചര്യം നോക്കാം. ആ തീരുമാനം മാതാപിതാക്കളെ വളരെ സങ്കടത്തിലാക്കും. പക്ഷേ, അവരുടെ ആ തീരുമാനത്തിനു മാതാപിതാക്കൾ തങ്ങളെത്തന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചാൽ അത് അവർക്കു വലിയൊരു ഭാരമായിത്തീരും. മാതാപിതാക്കൾ അങ്ങനെയൊരു ഭാരം ചുമക്കാൻ യഹോവ പ്രതീക്ഷിക്കുന്നില്ല.—റോമ. 14:12.
13. മക്കൾ തെറ്റായ തീരുമാനമെടുക്കുമ്പോൾ മാതാപിതാക്കൾക്ക് എന്തു മനസ്സിൽപ്പിടിക്കാം?
13 ആ ഭാരം നിങ്ങൾക്ക് എങ്ങനെ എറിഞ്ഞുകളയാം? സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്ക് ഓരോരുത്തർക്കും തന്നിട്ടുണ്ടെന്ന കാര്യം ഓർക്കുക. യഹോവയെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അതിൽ ഉൾപ്പെടും. ഒരു മാതാവോ പിതാവോ എന്ന നിലയിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യാനേ യഹോവ പ്രതീക്ഷിക്കുന്നുള്ളൂ. യഹോവ ഒരിക്കലും നിങ്ങളിൽനിന്ന് പൂർണത പ്രതീക്ഷിക്കുന്നില്ല. മക്കൾ എടുക്കുന്ന തീരുമാനത്തിന് അവർതന്നെയാണ് ഉത്തരവാദികൾ, നിങ്ങളല്ല. (സുഭാ. 20:11) എങ്കിലും മാതാപിതാക്കളെന്ന നിലയിൽ വരുത്തിയ തെറ്റുകളെക്കുറിച്ച് കൂടെക്കൂടെ ഓർത്ത് നിങ്ങൾ വിഷമിച്ചേക്കാം. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സങ്കടങ്ങൾ യഹോവയോടു പറഞ്ഞ് ക്ഷമയ്ക്കായി യാചിക്കുക. പുറകോട്ടു ചെന്ന് ചെയ്തുപോയ കാര്യങ്ങൾ നിങ്ങൾ തിരുത്താൻ യഹോവ പ്രതീക്ഷിക്കുന്നില്ല. കാരണം, നിങ്ങൾക്ക് അതിനാകില്ലെന്ന് യഹോവയ്ക്ക് അറിയാം. അതേസമയം, മക്കൾ എടുത്ത തെറ്റായ തീരുമാനത്തിന്റെ മോശം ഫലങ്ങളിൽനിന്ന് നിങ്ങൾ അവരെ സംരക്ഷിക്കാനും യഹോവ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്: യഹോവയിലേക്കു മടങ്ങിവരാൻ മക്കൾ ചെയ്യുന്ന ഓരോ ശ്രമവും യഹോവയെ സന്തോഷിപ്പിക്കും. ഇരുകൈയും നീട്ടി യഹോവ അവരെ സ്വീകരിക്കും.—ലൂക്കോ. 15:18-20.
14. അമിതമായ കുറ്റബോധം എറിഞ്ഞുകളയേണ്ട ഒരു ഭാരമാണെന്നു പറയുന്നത് എന്തുകൊണ്ട്?
14 അമിതമായ കുറ്റബോധം. ഒരു തെറ്റു ചെയ്യുമ്പോൾ നമുക്കു കുറ്റബോധം തോന്നുന്നതു സ്വാഭാവികമാണ്. എന്നാൽ നമ്മൾ അമിതമായ കുറ്റബോധത്തിന്റെ ഭാരം ചുമക്കാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. അതു നമ്മൾ എറിഞ്ഞുകളയേണ്ട ഒന്നാണ്. നമുക്ക് അമിതമായ കുറ്റബോധമുണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും? കുറ്റം ഏറ്റുപറയുകയും പശ്ചാത്തപിക്കുകയും വീണ്ടും അത് ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ യഹോവ നമ്മളോടു ക്ഷമിച്ചെന്ന് ഉറപ്പാണ്. (പ്രവൃ. 3:19) ഇത്രയെല്ലാം ചെയ്തുകഴിഞ്ഞിട്ടും നമ്മൾ കുറ്റബോധത്താൽ നീറി ജീവിക്കുകയാണെങ്കിൽ നമുക്ക് അമിതമായ കുറ്റബോധമുണ്ട് എന്നാണ് അതു കാണിക്കുന്നത്. യഹോവ അത് ആഗ്രഹിക്കുന്നില്ല. കാരണം, അമിതമായ കുറ്റബോധം നമുക്ക് എത്രമാത്രം ദോഷം ചെയ്യുമെന്ന് യഹോവയ്ക്ക് അറിയാം. (സങ്കീ. 31:10) ദുഃഖഭാരത്താൽ തളർന്നുപോയാൽ ജീവനുവേണ്ടിയുള്ള ഓട്ടം നിങ്ങൾ നിറുത്തിക്കളയാനിടയുണ്ട്.—2 കൊരി. 2:7.
15. അമിതമായ കുറ്റബോധം എറിഞ്ഞുകളയാൻ നിങ്ങളെ എന്തു സഹായിക്കും? (1 യോഹന്നാൻ 3:19, 20) (ചിത്രവും കാണുക.)
15 ആ ഭാരം നിങ്ങൾക്ക് എങ്ങനെ എറിഞ്ഞുകളയാം? അമിതമായ കുറ്റബോധം തോന്നുമ്പോൾ ദൈവം കാണിക്കുന്ന ‘യഥാർഥക്ഷമയെക്കുറിച്ച്’ ചിന്തിക്കുക. (സങ്കീ. 130:4) ആത്മാർഥമായി പശ്ചാത്തപിക്കുന്നവർക്ക് യഹോവ ഇങ്ങനെയൊരു ഉറപ്പു കൊടുക്കുന്നു: ‘ഞാൻ അവരുടെ പാപം പിന്നെ ഓർക്കില്ല.’ (യിരെ. 31:34) അതിന്റെ അർഥം താൻ ക്ഷമിച്ചുകളഞ്ഞ പാപങ്ങൾ ഓർത്തുവെച്ച് നമുക്കെതിരെ യഹോവ പിന്നീടു പ്രവർത്തിക്കില്ല എന്നാണ്. അതുകൊണ്ടുതന്നെ ചെയ്ത തെറ്റിന്റെ എന്തെങ്കിലും മോശം ഫലം അനുഭവിക്കേണ്ടിവരുമ്പോൾ അത് യഹോവ നമ്മളോടു ക്ഷമിക്കാത്തതുകൊണ്ടാണെന്ന് ഒരിക്കലും ചിന്തിക്കരുത്. ഇനി, ചെയ്ത തെറ്റിന്റെ ഫലമായി സഭയിൽ നമുക്ക് എന്തെങ്കിലും ഉത്തരവാദിത്വം നഷ്ടമായിട്ടുണ്ടെങ്കിൽ ഏതു നേരവും അതെക്കുറിച്ച് ഓർത്ത് ദുഃഖിക്കുകയുമരുത്. നിങ്ങൾക്കു പറ്റിയ തെറ്റിനെക്കുറിച്ച് യഹോവ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നില്ല. അതുകൊണ്ട്, നിങ്ങളും അങ്ങനെ ചെയ്യരുത്.—1 യോഹന്നാൻ 3:19, 20 വായിക്കുക.
സമ്മാനം നേടാനായി ഓടുക
16. ഓട്ടക്കാരെന്ന നിലയിൽ നമ്മൾ ഏതു കാര്യം തിരിച്ചറിയണം?
16 ജീവനുവേണ്ടിയുള്ള ഓട്ടം ഓടുമ്പോൾ “സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.” (1 കൊരി. 9:24) നമ്മൾ ചുമക്കേണ്ട ചുമടുകൾ ഏതൊക്കെയാണെന്നും എറിഞ്ഞുകളയേണ്ട ഭാരങ്ങൾ ഏതൊക്കെയാണെന്നും മനസ്സിലാക്കുന്നെങ്കിൽ നമുക്ക് അതിനു കഴിയും. അവ ഏതൊക്കെയാണെന്നു തിരിച്ചറിയാൻ സഹായിക്കുന്ന ചില ഉദാഹരണങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പഠിച്ചു. എന്നാൽ ഇനിയും പലതുമുണ്ട്. ഉദാഹരണത്തിന്, “അമിതമായ തീറ്റിയും കുടിയും ജീവിതത്തിലെ ഉത്കണ്ഠകളും കാരണം” നമ്മൾ ഭാരപ്പെട്ടേക്കാമെന്നു യേശു പറഞ്ഞു. (ലൂക്കോ. 21:34) ഇവയും ഇതുപോലുള്ള മറ്റു തിരുവെഴുത്തുകളും ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ നിങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ തിരിച്ചറിയാൻ സഹായിക്കും.
17. ജീവനുവേണ്ടിയുള്ള ഓട്ടമത്സരത്തിൽ വിജയിക്കുമെന്നു നമുക്ക് ഉറപ്പോടെ പറയാനാകുന്നത് എന്തുകൊണ്ട്?
17 ജീവനുവേണ്ടിയുള്ള ഓട്ടമത്സരത്തിൽ നമ്മൾ വിജയിക്കുമെന്ന് ഉറപ്പോടെ പറയാം. കാരണം, നമുക്കു വേണ്ട ശക്തി യഹോവ നൽകും. (യശ. 40:29-31) അതുകൊണ്ട് വേഗത കുറയ്ക്കാതെ ഓടിക്കൊണ്ടിരിക്കുക. തന്റെ മുന്നിലുള്ള സമ്മാനം നേടാനായി സകല ശക്തിയുമെടുത്ത് ഓടിയ പൗലോസ് അപ്പോസ്തലനെ അനുകരിക്കുക. (ഫിലി. 3:13, 14) ജീവനുവേണ്ടിയുള്ള ഓട്ടം നിങ്ങൾക്കുവേണ്ടി ഓടാൻ മറ്റാർക്കും കഴിയില്ല. എന്നാൽ യഹോവയുടെ സഹായത്താൽ നിങ്ങൾക്കുതന്നെ ആ ഓട്ടം പൂർത്തിയാക്കാനാകും. നിങ്ങളുടെ ചുമടുകൾ ചുമക്കാനും അനാവശ്യഭാരങ്ങൾ എറിഞ്ഞുകളയാനും യഹോവയ്ക്കു നിങ്ങളെ സഹായിക്കാനാകും. (സങ്കീ. 68:19) യഹോവ നിങ്ങളുടെകൂടെയുണ്ടെങ്കിൽ ജീവനുവേണ്ടിയുള്ള ഓട്ടമത്സരത്തിൽ തളർന്നുപോകാതെ അവസാനംവരെ ഓടാനും വിജയിക്കാനും നിങ്ങൾക്കു കഴിയും.
ഗീതം 65 മുന്നേറുവിൻ!
a ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും. ഈ ഓട്ടത്തിൽ ചില ചുമടുകൾ നമ്മൾ എടുക്കേണ്ടതുണ്ട്. അതിൽ നമ്മുടെ സമർപ്പണപ്രതിജ്ഞയും കുടുംബോത്തരവാദിത്വങ്ങളും നമ്മളെടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്വങ്ങളും ഉൾപ്പെടുന്നു. എന്നാൽ, ഇങ്ങനെ ഓടുമ്പോൾ വേഗത കുറച്ചേക്കാവുന്ന എല്ലാ അനാവശ്യഭാരങ്ങളും നമ്മൾ എറിഞ്ഞുകളയേണ്ടതുണ്ട്. അവയിൽ ചിലത് എന്തൊക്കെയാണ്? ഈ ലേഖനത്തിൽ അതിന്റെ ഉത്തരവുമുണ്ട്.
b JW.ORG-ൽ “കുടുംബങ്ങൾക്കുവേണ്ടി” എന്ന ലേഖനപരമ്പര കാണാം. അതിലുള്ള ചില ലേഖനങ്ങളാണ് ദമ്പതികൾക്കുവേണ്ടിയുള്ള, “ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാം,” “എങ്ങനെ വിലമതിപ്പു കാണിക്കാം?” മാതാപിതാക്കൾക്കുവേണ്ടിയുള്ള, “വിവേകത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ മക്കളെ പരിശീലിപ്പിക്കുക,” “ആശയവിനിമയം കൗമാരത്തോട്—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ” കൗമാരക്കാർക്കുവേണ്ടിയുള്ള, “പ്രലോഭനങ്ങൾ—എങ്ങനെ ചെറുത്തുനിൽക്കാം?,” “ഏകാന്തത എങ്ങനെ തരണം ചെയ്യാം?” എന്നിവ.