പഠനലേഖനം 33
ദാനിയേലിന്റെ മാതൃകയിൽനിന്ന് പഠിക്കുക
“നീ വളരെ പ്രിയപ്പെട്ടവനാണ്.”—ദാനി. 9:23.
ഗീതം 73 ധൈര്യം തരേണമേ
ചുരുക്കം a
1. ദാനിയേലിനെ ബാബിലോൺകാർക്ക് ഇഷ്ടമായത് എന്തുകൊണ്ട്?
ബാബിലോൺകാർ ഒരു യുദ്ധതടവുകാരനായി ദാനിയേലിനെ വീട്ടിൽനിന്ന് ദൂരേക്കു പിടിച്ചുകൊണ്ട് പോകുമ്പോൾ അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. ദാനിയേലിനെ അവർക്ക് ഒരുപാട് ഇഷ്ടമായി. കാരണം അവർ നോക്കിയത് “കണ്ണിനു കാണാനാകുന്ന” കാര്യങ്ങളായിരുന്നു. (1 ശമു. 16:7) കുലീനകുടുംബത്തിൽനിന്നുള്ള, “വൈകല്യങ്ങളൊന്നുമില്ലാത്ത . . . കണ്ടാൽ കൊള്ളാവുന്ന” ഒരു ചെറുപ്പക്കാരൻ! അതുകൊണ്ടുതന്നെ നല്ല പരിശീലനമൊക്കെ നൽകി ദാനിയേലിനെ ഒരു ഉന്നതപദവിയിൽ നിയമിക്കാൻ ബാബിലോൺകാർ തീരുമാനിച്ചു.—ദാനി. 1:3, 4, 6.
2. യഹോവ ദാനിയേലിനെ എങ്ങനെയാണു കണ്ടിരുന്നത്? (യഹസ്കേൽ 14:14)
2 യഹോവയ്ക്കും ദാനിയേലിനെ ഇഷ്ടമായിരുന്നു. എന്നാൽ അത് അദ്ദേഹത്തിന്റെ സൗന്ദര്യമോ സമൂഹത്തിലെ നിലയോ നോക്കിയിട്ടായിരുന്നില്ല. മറിച്ച് ദാനിയേൽ എങ്ങനെയുള്ള വ്യക്തിയായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. വർഷങ്ങളോളം തന്നെ വിശ്വസ്തമായി സേവിച്ച നോഹയുടെയും ഇയ്യോബിന്റെയും പേരിനൊപ്പം യഹോവ ഒരിക്കൽ ദാനിയേലിന്റെ പേരും പറഞ്ഞു. സാധ്യതയനുസരിച്ച് ആ സമയത്ത് അദ്ദേഹത്തിന് ഏതാണ്ട് 20 വയസ്സേ ഉള്ളൂ എന്നോർക്കുക. (ഉൽപ. 5:32; 6:9, 10; ഇയ്യോ. 42:16, 17; യഹസ്കേൽ 14:14 വായിക്കുക.) ഇനി, അദ്ദേഹത്തിന്റെ ജീവിതകാലത്തെല്ലാം യഹോവ അദ്ദേഹത്തെ പ്രിയപ്പെട്ടവനായി കാണുകയും ചെയ്തു.—ദാനി. 10:11, 19.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 ഈ ലേഖനത്തിൽ, ദാനിയേലിനെ യഹോവയ്ക്കു പ്രിയപ്പെട്ടവനാക്കിയ രണ്ടു ഗുണങ്ങളെക്കുറിച്ച് കാണും. ആദ്യം, അദ്ദേഹത്തിന് ആ ഗുണങ്ങൾ കാണിക്കേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് നോക്കും. അടുത്തതായി, അവ വളർത്തിയെടുക്കാൻ ദാനിയേലിനെ സഹായിച്ചത് എന്താണെന്നു പഠിക്കും. തുടർന്ന്, നമുക്ക് എങ്ങനെ ആ ഗുണങ്ങൾ അനുകരിക്കാമെന്നും ചർച്ച ചെയ്യും. ഈ ലേഖനം പ്രധാനമായും ചെറുപ്പക്കാരെ ഉദ്ദേശിച്ച് തയ്യാറാക്കിയതാണെങ്കിലും നമുക്കെല്ലാം ദാനിയേലിന്റെ മാതൃകയിൽനിന്ന് പലതും പഠിക്കാനാകും.
ദാനിയേലിന്റെ ധൈര്യം അനുകരിക്കുക
4. ദാനിയേൽ ധൈര്യം കാണിച്ചതിന്റെ ഒരു ഉദാഹരണം പറയുക.
4 ധൈര്യമുള്ള ആളുകൾക്കും പേടി തോന്നാം. പക്ഷേ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് തങ്ങളെ തടയാൻ അവർ ആ ഭയത്തെ അനുവദിക്കില്ല. ദാനിയേൽ നല്ല ധൈര്യശാലിയായ ഒരു ചെറുപ്പക്കാരനായിരുന്നു. അദ്ദേഹം ധൈര്യം കാണിച്ച രണ്ടു സന്ദർഭങ്ങളെക്കുറിച്ച് നമുക്കു നോക്കാം. ആദ്യത്തെ സംഭവം നടക്കുന്നതു സാധ്യതയനുസരിച്ച് ബാബിലോൺകാർ യരുശലേം നശിപ്പിച്ച് ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോഴാണ്. ബാബിലോൺ രാജാവായ നെബൂഖദ്നേസർ ഒരു സ്വപ്നം കണ്ടു. ഭീമാകാരമായ പ്രതിമയെക്കുറിച്ചുള്ള ആ സ്വപ്നം അദ്ദേഹത്തെ വളരെ അസ്വസ്ഥനാക്കി. ആ സ്വപ്നവും അർഥവും എന്താണെന്നു പറഞ്ഞില്ലെങ്കിൽ ദാനിയേൽ ഉൾപ്പെടെയുള്ള തന്റെ ജ്ഞാനികളെയെല്ലാം കൊന്നുകളയുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. (ദാനി. 2:3-5) ദാനിയേൽ അപ്പോൾ പെട്ടെന്നു പ്രവർത്തിച്ചില്ലെങ്കിൽ പലരുടെയും ജീവൻ നഷ്ടമാകുമായിരുന്നു. അതുകൊണ്ട് അദ്ദേഹം രാജാവിന്റെ അടുത്ത് ചെന്ന് “സ്വപ്നത്തിന്റെ അർഥം വിശദീകരിക്കാമെന്നും അതിനു കുറച്ച് സമയം തരണമെന്നും അപേക്ഷിച്ചു.” (ദാനി. 2:16) അങ്ങനെ ചെയ്യാൻ അദ്ദേഹത്തിനു നല്ല ധൈര്യവും വിശ്വാസവും വേണമായിരുന്നു. കാരണം മുമ്പൊരിക്കലും ദാനിയേൽ സ്വപ്നങ്ങളുടെ അർഥം വിശദീകരിച്ചതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഇനി, “കനിവ് തോന്നി ഈ രഹസ്യം വെളിപ്പെടുത്തിത്തരണമെന്നു സ്വർഗസ്ഥനായ ദൈവത്തോടു പ്രാർഥിക്കാൻ” കൂട്ടുകാരായ ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ b എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു. (ദാനി. 2:18) യഹോവ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു. അങ്ങനെ ദൈവത്തിന്റെ സഹായത്താൽ ദാനിയേൽ ആ സ്വപ്നത്തിന്റെ അർഥം വിശദീകരിച്ചു. ദാനിയേലും കൂട്ടുകാരും രക്ഷപ്പെടുകയും ചെയ്തു.
5. ദാനിയേലിനു ധൈര്യം കാണിക്കേണ്ടിവന്ന മറ്റൊരു സാഹചര്യം ഏതാണ്?
5 ദാനിയേൽ, പ്രതിമയെക്കുറിച്ചുള്ള സ്വപ്നത്തിന്റെ അർഥം വിശദീകരിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ധൈര്യം പരീക്ഷിക്കുന്ന മറ്റൊരു സാഹചര്യമുണ്ടായി. രാജാവ് വീണ്ടും ഒരു സ്വപ്നം കണ്ടു. ഇത്തവണ ഒരു പടുകൂറ്റൻ മരമാണു കണ്ടത്. ദാനിയേൽ ധൈര്യത്തോടെ ആ സ്വപ്നത്തിന്റെ അർഥം രാജാവിനോടു വിശദീകരിച്ചു. രാജാവിന് സുബോധം നഷ്ടപ്പെടുമെന്നും കുറെക്കാലത്തേക്കു രാജസ്ഥാനത്ത് ഉണ്ടാകില്ലെന്നും ഉള്ള സന്ദേശംപോലും അതിൽ ഉൾപ്പെട്ടിരുന്നു. (ദാനി. 4:25) രാജാവ് അതിനെ തനിക്കെതിരെയുള്ള ധിക്കാരമായി കണ്ടിരുന്നെങ്കിൽ ദാനിയേലിനു വധശിക്ഷ കിട്ടാമായിരുന്നു. എന്നിട്ടും ദാനിയേൽ ധൈര്യത്തോടെ ആ സന്ദേശം രാജാവിനെ അറിയിച്ചു.
6. ജീവിതകാലത്തെല്ലാം ധൈര്യം കാണിക്കാൻ ദാനിയേലിനെ സഹായിച്ചത് എന്തായിരിക്കണം?
6 തന്റെ ജീവിതകാലത്തെല്ലാം ധൈര്യം കാണിക്കാൻ ദാനിയേലിനെ സഹായിച്ചത് എന്തായിരിക്കണം? ചെറുപ്പത്തിൽ അപ്പന്റെയും അമ്മയുടെയും നല്ല മാതൃകയിൽനിന്ന് ദാനിയേൽ ഉറപ്പായും പലതും പഠിച്ചിട്ടുണ്ട്. ഇസ്രായേല്യമാതാപിതാക്കൾക്ക് യഹോവ നൽകിയ നിർദേശങ്ങൾ അവർ അനുസരിക്കുകയും കുട്ടിയായിരുന്ന ദാനിയേലിനെ ദൈവനിയമങ്ങൾ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനു സംശയമില്ല. (ആവ. 6:6-9) അതുകൊണ്ട് പത്തു കല്പനകൾ മാത്രമല്ല ദൈവനിയമം ആവശ്യപ്പെട്ടിരുന്ന ചെറിയചെറിയ കാര്യങ്ങൾപോലും അദ്ദേഹത്തിന് അറിയാമായിരുന്നു. ഉദാഹരണത്തിന്, ഒരു ഇസ്രായേല്യന് എന്തു കഴിക്കാം, എന്തു കഴിക്കാൻ പാടില്ല എന്നതുപോലുള്ള കാര്യങ്ങൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. c (ലേവ്യ 11:4-8; ദാനി. 1:8, 11-13) കൂടാതെ ദൈവജനത്തിന്റെ ചരിത്രവും അദ്ദേഹം പഠിച്ചു. അതുകൊണ്ട് അവർ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാതിരുന്നപ്പോൾ എന്തു സംഭവിച്ചു എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. (ദാനി. 9:10, 11) ഇനി, സ്വന്തം ജീവിതാനുഭവത്തിലൂടെ അദ്ദേഹം മറ്റൊരു കാര്യവും മനസ്സിലാക്കി: എന്തൊക്കെ സംഭവിച്ചാലും യഹോവയും ശക്തരായ ദൈവദൂതന്മാരും തന്നെ സഹായിക്കാനുണ്ടായിരിക്കും.—ദാനി. 2:19-24; 10:12, 18, 19.
7. മറ്റ് എന്തെല്ലാം കാര്യങ്ങളാണു ധൈര്യമുള്ളവനായിരിക്കാൻ ദാനിയേലിനെ സഹായിച്ചത്? (ചിത്രവും കാണുക.)
7 ധൈര്യമുള്ളവനായിരിക്കാൻ ദാനിയേലിനെ സഹായിച്ച മറ്റൊരു കാര്യം യിരെമ്യ പ്രവാചകന്റേത് ഉൾപ്പെടെയുള്ള പ്രവചനങ്ങളെക്കുറിച്ച് അദ്ദേഹം പഠിച്ചു എന്നതാണ്. അതിലൂടെ ബാബിലോണിലെ ജൂതന്മാരുടെ വർഷങ്ങളായുള്ള അടിമത്തം പെട്ടെന്നുതന്നെ അവസാനിക്കുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. (ദാനി. 9:2) ഇനി, ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതു സ്വന്തം കണ്ണാൽ കണ്ടത്, യഹോവയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും ആശ്രയവും ശക്തമാക്കി. അതും ധൈര്യമുള്ളവനായിരിക്കാൻ അദ്ദേഹത്തെ സഹായിച്ചു. (റോമർ 8:31, 32, 37-39 താരതമ്യം ചെയ്യുക.) ഏറ്റവും പ്രധാനമായി, ദാനിയേൽ കൂടെക്കൂടെ തന്റെ സ്വർഗീയപിതാവിനോടു പ്രാർഥിച്ചിരുന്നു. (ദാനി. 6:10) അദ്ദേഹം തന്റെ കുറ്റങ്ങളൊക്കെ ഏറ്റുപറയുകയും തന്റെ ഉള്ളിൽ തോന്നിയ കാര്യങ്ങളെല്ലാം തുറന്നുപറയുകയും ചെയ്തു. കൂടാതെ യഹോവയുടെ സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തു. (ദാനി. 9:4, 5, 19) ദാനിയേലും നമ്മളെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു. ധൈര്യം അദ്ദേഹത്തിനു ജന്മനാ കിട്ടിയതല്ല, അദ്ദേഹം അതു വളർത്തിയെടുത്തതാണ്. ദൈവവചനം നന്നായി പഠിച്ചുകൊണ്ടും പ്രാർഥിച്ചുകൊണ്ടും യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ടും ആണ് അദ്ദേഹം അതു ചെയ്തത്.
8. നമുക്ക് എങ്ങനെ ധൈര്യം വളർത്തിയെടുക്കാം?
8 ധൈര്യം വളർത്തിയെടുക്കാൻ നമുക്ക് എന്തു ചെയ്യാം? നമ്മുടെ മാതാപിതാക്കൾ നല്ല ധൈര്യശാലികളായിരിക്കാം. ധൈര്യം കാണിക്കാൻ അവർ നമ്മളെ ഉപദേശിക്കുകയും ചെയ്തേക്കാം. പക്ഷേ, ഒരു കുടുംബസ്വത്ത് കൈമാറിത്തരുന്നതുപോലെ ഈ ഗുണം നമുക്കു തരാൻ അവർക്കാകില്ല. ധൈര്യം നേടുന്നത് ഒരു പുതിയ കഴിവ് വളർത്തിയെടുക്കുന്നതുപോലെയാണെന്നു പറയാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഏതെങ്കിലും ഒരു കഴിവ് വളർത്തിയെടുക്കണമെന്നിരിക്കട്ടെ. അത് എങ്ങനെ ചെയ്യാം? ഒരു മാർഗം, അതു പഠിപ്പിക്കുന്ന വ്യക്തി ചെയ്യുന്നതു നന്നായി നിരീക്ഷിച്ചിട്ട് അത് അനുകരിക്കുക എന്നതാണ്. ധൈര്യം വളർത്തിയെടുക്കാനും അതുതന്നെ നമുക്കു ചെയ്യാം. മറ്റുള്ളവർ എങ്ങനെയാണു ധൈര്യം കാണിക്കുന്നതെന്നു നന്നായി നിരീക്ഷിക്കുകയും അവരുടെ ആ മാതൃക അനുകരിക്കുകയും ചെയ്യുക. നമ്മൾ ഇതുവരെ, ദാനിയേലിന്റെ ജീവിതത്തിൽനിന്ന് എന്താണു പഠിച്ചത്? ദൈവവചനം നന്നായി പഠിക്കണം. യഹോവയോടു കൂടെക്കൂടെ മനസ്സു തുറന്ന് സംസാരിച്ചുകൊണ്ട് ദൈവവുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കണം. കൂടാതെ നമ്മളെ സഹായിക്കാൻ യഹോവ എപ്പോഴും കൂടെയുണ്ടായിരിക്കുമെന്ന ഉറച്ചബോധ്യത്തോടെ യഹോവയിൽ ആശ്രയിക്കുകയും വേണം. അങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ വിശ്വാസത്തിന്റെ പരീക്ഷണങ്ങൾ നേരിടുമ്പോൾ നമ്മൾ ധൈര്യമുള്ളവരായിരിക്കും.
9. ധൈര്യം കാണിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
9 ധൈര്യം കാണിക്കുന്നതുകൊണ്ട് പല പ്രയോജനങ്ങളുണ്ട്. ബെന്നിന്റെ അനുഭവം നോക്കാം. ജർമനിയിൽ അദ്ദേഹം പഠിച്ച സ്കൂളിലുള്ളവരെല്ലാം പരിണാമത്തിലാണു വിശ്വസിച്ചിരുന്നത്. സൃഷ്ടിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ ഒരു കെട്ടുകഥയാണെന്ന് അവർ ചിന്തിച്ചിരുന്നു. ജീവൻ സൃഷ്ടിക്കപ്പെട്ടതാണെന്നു വിശ്വസിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ക്ലാസിൽ എല്ലാവരോടും വിശദീകരിക്കാൻ ഒരിക്കൽ ബെന്നിന് അവസരം കിട്ടി. തന്റെ വിശ്വാസത്തെക്കുറിച്ച് ബെൻ ധൈര്യത്തോടെ അവരോടു വിശദീകരിച്ചു. എന്തായിരുന്നു ഫലം? ബെൻ പറയുന്നു: “ഞാൻ പറഞ്ഞതെല്ലാം ടീച്ചർ നന്നായി ശ്രദ്ധിച്ചു. എന്നിട്ട്, എന്റെ ഭാഗം ശരിയാണെന്നു തെളിയിക്കാൻ ഞാൻ ഉപയോഗിച്ച ലേഖനത്തിന്റെ കോപ്പികൾ ഉണ്ടാക്കി ക്ലാസിലെ എല്ലാ കുട്ടികൾക്കും കൊടുത്തു.” ബെന്നിന്റെ കൂട്ടുകാർ അതെക്കുറിച്ച് എന്താണു പറഞ്ഞത്? “അവർ പലരും ഞാൻ പറഞ്ഞതൊക്കെ കേട്ടു. ഞാൻ അങ്ങനെ ചെയ്തത് അവർക്ക് ഇഷ്ടപ്പെട്ടെന്നു പറയുകയും ചെയ്തു.” ബെന്നിന്റെ അനുഭവം കാണിക്കുന്നതുപോലെ നമ്മൾ ധൈര്യമുള്ളവരായിരുന്നാൽ മറ്റുള്ളവരുടെ ആദരവ് നേടാനാകും. മാത്രമല്ല അതിലൂടെ യഹോവയെക്കുറിച്ച് അറിയാൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കാനും കഴിഞ്ഞേക്കും. ധൈര്യം വളർത്തിയെടുക്കാനുള്ള എത്ര നല്ല കാരണങ്ങളാണ് അവ!
ദാനിയേലിന്റെ വിശ്വസ്തത അനുകരിക്കുക
10. വിശ്വസ്തത എന്നാൽ എന്താണ്?
10 ബൈബിളിൽ “വിശ്വസ്തത,” “അചഞ്ചലസ്നേഹം” എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ വാക്ക് ഉറ്റ സ്നേഹത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ദൈവത്തിനു തന്റെ ദാസന്മാരോടുള്ള സ്നേഹത്തെ വർണിക്കാനാണു മിക്കപ്പോഴും അത് ഉപയോഗിച്ചിട്ടുള്ളത്. ദൈവദാസന്മാർക്കിടയിലെ സ്നേഹത്തെക്കുറിച്ച് പറയാനും ഇതേ പദം ഉപയോഗിച്ചിട്ടുണ്ട്. (2 ശമു. 9:6, 7) കാലം കടന്നുപോകുന്നതനുസരിച്ച് നമ്മുടെ വിശ്വസ്തത കൂടുതൽക്കൂടുതൽ ശക്തമാകും. ദാനിയേൽ പ്രവാചകന്റെ ജീവിതം അതു തെളിയിക്കുന്നത് എങ്ങനെയാണെന്നു നോക്കാം.
11. പ്രായമായപ്പോൾ ദാനിയേലിന്റെ വിശ്വസ്തത പരീക്ഷിക്കപ്പെട്ടത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
11 യഹോവയോടുള്ള ദാനിയേലിന്റെ വിശ്വസ്തത പലപ്പോഴും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 90-നുമേൽ പ്രായമുള്ളപ്പോഴാണ് അത്തരത്തിലുള്ള ഏറ്റവും വലിയ പരീക്ഷണം അദ്ദേഹത്തിനു നേരിട്ടത്. ആ സമയമായപ്പോഴേക്കും മേദ്യരും പേർഷ്യക്കാരും ബാബിലോൺ കീഴടക്കുകയും ദാര്യാവേശ് രാജാവ് അവിടെ ഭരണം നടത്തുകയും ചെയ്തിരുന്നു. രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാർക്കു ദാനിയേലിനോടു വെറുപ്പായിരുന്നു. ദാനിയേലിന്റെ ദൈവത്തെയും അവർ ആദരിച്ചിരുന്നില്ല. അതുകൊണ്ട് എങ്ങനെയും ദാനിയേലിനെ വകവരുത്താൻ അവർ പദ്ധതിയിട്ടു. അവർ ഒരു നിയമം എഴുതിയുണ്ടാക്കിയിട്ട്, രാജാവിനെക്കൊണ്ട് അതിൽ ഒപ്പുവെപ്പിച്ചു. അതനുസരിച്ച് 30-ദിവസത്തേക്കു രാജാവിനോടു മാത്രമേ പ്രാർഥിക്കാനാകുമായിരുന്നുള്ളൂ. ദാനിയേൽ ദൈവത്തോടു വിശ്വസ്തനായിരിക്കുമോ അതോ രാജാവിനോടു വിശ്വസ്തനായിരിക്കുമോ എന്നതിന്റെ പരീക്ഷണമാകുമായിരുന്നു അത്. മറ്റെല്ലാവരെയുംപോലെ രാജാവിനോടുള്ള തന്റെ വിശ്വസ്തത തെളിയിക്കാൻ ദാനിയേൽ ആ ദിവസങ്ങളിൽ യഹോവയോടു പ്രാർഥിക്കാതിരുന്നാൽ മാത്രം മതിയായിരുന്നു. പക്ഷേ, അങ്ങനെ ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. അതുകൊണ്ട് അദ്ദേഹത്തെ സിംഹക്കുഴിയിൽ എറിഞ്ഞു. എന്നാൽ സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞുകൊണ്ട് യഹോവ ദാനിയേലിന്റെ വിശ്വസ്തതയ്ക്കു പ്രതിഫലം നൽകി. (ദാനി. 6:12-15, 20-22) ദാനിയേലിനെപ്പോലെ നമുക്ക് എങ്ങനെ യഹോവയോട് അചഞ്ചലമായ വിശ്വസ്തത കാണിക്കാനാകും?
12. ദാനിയേൽ എങ്ങനെയാണ് യഹോവയോട് അചഞ്ചലമായ വിശ്വസ്തത വളർത്തിയെടുത്തത്?
12 നമ്മൾ നേരത്തേ കണ്ടതുപോലെ യഹോവയോടു ശക്തമായ സ്നേഹമുണ്ടെങ്കിൽ നമുക്കു വിശ്വസ്തരായിരിക്കാനാകും. യഹോവയോടുള്ള ദാനിയേലിന്റെ വിശ്വസ്തത തകർക്കാൻ പറ്റാത്തതായിരുന്നു. കാരണം അദ്ദേഹം തന്റെ സ്വർഗീയപിതാവിനെ അത്രയധികം സ്നേഹിച്ചിരുന്നു. യഹോവയുടെ ഗുണങ്ങളെക്കുറിച്ചും യഹോവ എങ്ങനെയൊക്കെയാണ് അതു കാണിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ചും സമയമെടുത്ത് ചിന്തിച്ചതുകൊണ്ടാണു ദാനിയേലിന് അത്തരത്തിലുള്ള സ്നേഹം വളർത്തിയെടുക്കാനായത്. (ദാനി. 9:4) കൂടാതെ, തനിക്കും തന്റെ ജനത്തിനും വേണ്ടി യഹോവ ചെയ്തിട്ടുള്ള എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം നന്ദിയോടെ ചിന്തിച്ചതും ആ സ്നേഹം വളരാൻ സഹായിച്ചു.—ദാനി. 2:20-23; 9:15, 16.
13. (എ) യഹോവയോടു വിശ്വസ്തരായിരിക്കുന്നതു ബുദ്ധിമുട്ടാക്കുന്ന എന്തെല്ലാം പ്രശ്നങ്ങൾ നമ്മുടെ ചെറുപ്പക്കാർക്കു നേരിട്ടേക്കാം? (ചിത്രവും കാണുക.) (ബി) യഹോവയുടെ സാക്ഷികൾ സ്വവർഗരതിയെ അനുകൂലിക്കുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും? (JW.ORG-ൽ “യഥാർഥനീതി സമാധാനം വിളയിക്കും” എന്ന വീഡിയോ കാണുക.)
13 ദാനിയേലിന് ഉണ്ടായിരുന്നതുപോലുള്ള ഒരു സാഹചര്യമാണു നമ്മുടെ ചെറുപ്പക്കാർക്കുമുള്ളത്. യഹോവയെയും ദൈവത്തിന്റെ നിലവാരങ്ങളെയും ആദരിക്കാത്ത ആളുകളാണ് അവർക്കു ചുറ്റും. അങ്ങനെയുള്ള ആളുകൾക്കു തങ്ങളുടേതിൽനിന്ന് വ്യത്യസ്തമായ വിശ്വാസങ്ങളോ അഭിപ്രായങ്ങളോ ഉള്ളവരെ ഇഷ്ടമല്ല. യഹോവയോടുള്ള നമ്മുടെ കുട്ടികളുടെ വിശ്വസ്തത തകർക്കാൻപോലും അവർ ചിലപ്പോൾ ശ്രമിക്കാറുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന ഗ്രേയിൻ എന്ന ചെറുപ്പക്കാരനുണ്ടായ അനുഭവം. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് അവനു വലിയൊരു പ്രശ്നം നേരിട്ടു. ഒരു ദിവസം ടീച്ചർ ക്ലാസിൽ എല്ലാവരോടുമായി, നിങ്ങളുടെ കൂട്ടുകാരിൽ ആരെങ്കിലും താൻ ഒരു സ്വവർഗരതിക്കാരനാണെന്നു പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം എന്നു ചോദിച്ചു. ആ കൂട്ടുകാരനെ അനുകൂലിക്കുന്ന എല്ലാവരും ക്ലാസിന്റെ ഒരു വശത്തും അല്ലാത്തവർ മറുവശത്തും നിൽക്കാൻ ടീച്ചർ ആവശ്യപ്പെട്ടു. ഗ്രേയിൻ പറയുന്നു: “ഞാനും സാക്ഷിയായ എന്റെ കൂട്ടുകാരനും ഒഴികെ എല്ലാവരും അതിനെ അനുകൂലിച്ചുകൊണ്ട് ഒരു വശത്ത് നിന്നു.” യഹോവയോടു വിശ്വസ്തനായി തുടരുന്നതു ശരിക്കും ബുദ്ധിമുട്ടാക്കുന്ന കാര്യങ്ങളാണു പിന്നീട് അവിടെ നടന്നത്. “തുടർന്നുള്ള സമയം മുഴുവൻ ബാക്കി കുട്ടികളെല്ലാം ചേർന്ന് ഞങ്ങളെ കളിയാക്കി. ടീച്ചർപോലും അവരുടെകൂടെ ചേർന്നു! എന്റെ വിശ്വാസത്തെക്കുറിച്ച് വളരെ ശാന്തമായ രീതിയിൽ വിശദീകരിക്കാൻ ഞാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ഒരു വാക്കുപോലും അവർ ശ്രദ്ധിച്ചില്ല.” ആ സാഹചര്യത്തിൽ ഗ്രേയിനിന് എന്താണു തോന്നിയത്? ഗ്രേയിൻ പറയുന്നു: “അവരുടെ കളിയാക്കൽ കേൾക്കുന്നത് ഒട്ടും സുഖമുള്ള കാര്യമായിരുന്നില്ല. പക്ഷേ യഹോവയോടു വിശ്വസ്തനായി നിൽക്കാനും എന്റെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാനും കഴിഞ്ഞതിൽ എനിക്ക് ഒരുപാടു സന്തോഷം തോന്നി.”
14. യഹോവയോടു വിശ്വസ്തരായി തുടരാനുള്ള തീരുമാനം ശക്തമാക്കാൻ നമുക്കു ചെയ്യാനാകുന്ന ഒരു കാര്യം എന്താണ്?
14 ദാനിയേലിനെപ്പോലെ യഹോവയെ നമ്മൾ എത്രയധികം സ്നേഹിക്കുന്നോ അത്രയധികമായി ദൈവത്തോടു വിശ്വസ്തരായിരിക്കാനുള്ള നമ്മുടെ തീരുമാനവും ശക്തമാകും. യഹോവയോടുള്ള സ്നേഹം വളർത്താനുള്ള ഒരു വിധം ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ്. ഉദാഹരണത്തിന് ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് നമുക്കു പഠിക്കാം. (റോമ. 1:20) അതിനുവേണ്ടി “ആരുടെ കരവിരുത്?” എന്ന പരമ്പരയിലുള്ള ലേഖനങ്ങൾ വായിക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹവും ആദരവും കൂടുതൽ ശക്തമാകും. കൂടാതെ ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകളിലെ വിവരങ്ങളും അതിനു നിങ്ങളെ സഹായിക്കും. ആ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് ഡെന്മാർക്കിൽനിന്നുള്ള എസ്ഥേർ എന്ന ചെറുപ്പക്കാരിയായ സഹോദരി പറഞ്ഞതു ശ്രദ്ധിക്കുക: “അതിലെ ന്യായവാദങ്ങൾ സൂപ്പറാണ്! നിങ്ങൾ എന്തു വിശ്വസിക്കണമെന്ന് ആ ലഘുപത്രികകളിൽ പറഞ്ഞിട്ടില്ല. പകരം, കുറെ വസ്തുതകൾ അവതരിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ട്, തീരുമാനം നിങ്ങൾക്കു വിട്ടിരിക്കുകയാണ്.” നേരത്തേ കണ്ട ബെൻ ഇങ്ങനെ പറയുന്നു: “വിശ്വാസത്തെ ശരിക്കും ബലപ്പെടുത്തുന്ന വിവരങ്ങളാണ് അതിലുള്ളത്. ദൈവമാണു ജീവൻ സൃഷ്ടിച്ചതെന്ന് അവ എന്നെ ബോധ്യപ്പെടുത്തി.” ഇവയൊക്കെ പഠിച്ചുകഴിയുമ്പോൾ ബൈബിളിലെ ഈ വാക്കുകളോട് ഒരുപക്ഷേ നിങ്ങളും യോജിക്കും: “ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്.”—വെളി. 4:11. d
15. യഹോവയുമായുള്ള സൗഹൃദം ശക്തമാക്കാൻ നിങ്ങൾക്ക് മറ്റ് എന്തുകൂടെ ചെയ്യാം?
15 യഹോവയോടുള്ള സ്നേഹം കൂടുതൽ ശക്തമാക്കാനുള്ള മറ്റൊരു വഴി ദൈവത്തിന്റെ പുത്രനായ യേശുവിനെക്കുറിച്ച് പഠിക്കുക എന്നതാണ്. ജർമനിയിൽ താമസിക്കുന്ന സമീറ എന്ന ചെറുപ്പക്കാരി ചെയ്തത് അതാണ്. സഹോദരി പറയുന്നു: “യേശുവിലൂടെ യഹോവയെക്കുറിച്ച് കൂടുതൽ നന്നായി മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു.” സമീറ ഒരു കുട്ടിയായിരുന്നപ്പോൾ, യഹോവയ്ക്കു തന്നെ സ്നേഹിക്കാനും തന്റെ സുഹൃത്തായിത്തീരാനും കഴിയുമെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നി. എന്നാൽ യേശുവിന് അതു പറ്റുമെന്ന് അവൾക്ക് അറിയാമായിരുന്നു. “കുട്ടികളെയൊക്കെ ഒരുപാടു സ്നേഹിച്ച ഒരു വ്യക്തിയായിരുന്നതുകൊണ്ട് യേശുവിനെ എനിക്ക് ഇഷ്ടമായിരുന്നു” എന്നു സമീറ പറയുന്നു. എന്നാൽ യേശുവിനെക്കുറിച്ച് കൂടുതൽക്കൂടുതൽ പഠിച്ചപ്പോൾ യഹോവയോടുള്ള അവളുടെ സ്നേഹവും വർധിച്ചു. അതെങ്ങനെ? അവൾ പറയുന്നു: “യേശു തന്റെ പിതാവിനെ അങ്ങനെതന്നെ അനുകരിക്കുകയായിരുന്നെന്നു പതിയെപ്പതിയെ എനിക്കു മനസ്സിലായി. അവർ തമ്മിൽ ഒരുപാടു സാമ്യമുണ്ട്. യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചതിന്റെ ഒരു കാരണംപോലും, തന്നെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ആളുകളെ സഹായിക്കുക എന്നതാണെന്നു ഞാൻ തിരിച്ചറിഞ്ഞു.” (യോഹ. 14:9) യഹോവയോടുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ യേശുവിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ സമയം മാറ്റിവെക്കുക. അങ്ങനെ ചെയ്യുമ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്നേഹവും വിശ്വസ്തതയും ഇനിയുമിനിയും വർധിക്കും.
16. യഹോവയോടു വിശ്വസ്തരായിരിക്കുന്നതിന്റെ പ്രയോജനം എന്താണ്? (സങ്കീർത്തനം 18:25; മീഖ 6:8)
16 പരസ്പരം വിശ്വസ്തരായിരിക്കുന്നവർക്കിടയിൽ മിക്കപ്പോഴും നിലനിൽക്കുന്ന ഒരു സ്നേഹബന്ധമുണ്ടായിരിക്കും. (രൂത്ത് 1:14-17) ഇനി, യഹോവയോടു വിശ്വസ്തരായിരിക്കുന്നവർക്ക് നല്ല മനസ്സമാധാനവും സംതൃപ്തിയും തോന്നും. കാരണം, വിശ്വസ്തനോടു താൻ വിശ്വസ്തത കാണിക്കുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. (സങ്കീർത്തനം 18:25; മീഖ 6:8 വായിക്കുക.) ഇതെക്കുറിച്ചൊന്നു ചിന്തിക്കുക: സർവശക്തനായ സ്രഷ്ടാവ് വെറും നിസ്സാരരായ നമ്മളെ എന്നും സ്നേഹിക്കുമെന്നു വാക്കു തന്നിരിക്കുന്നു. യഹോവയ്ക്കു നമ്മളോടുള്ള ആ സ്നേഹം തകർക്കാൻ ഒരു പരീക്ഷണത്തിനോ ഒരു എതിരാളിക്കോ മരണത്തിനുപോലുമോ ഒരിക്കലും കഴിയില്ല. (ദാനി. 12:13; ലൂക്കോ. 20:37, 38; റോമ. 8:38, 39) അതുകൊണ്ട് ദാനിയേലിനെ അനുകരിച്ചുകൊണ്ട് യഹോവയോടു വിശ്വസ്തരായി തുടരുന്നത് എത്ര പ്രധാനമാണ്, അല്ലേ?
ദാനിയേലിൽനിന്ന് തുടർന്നും പഠിക്കുക
17-18. അടുത്ത ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
17 ഈ ലേഖനത്തിൽ നമ്മൾ ദാനിയേലിന്റെ രണ്ടു ഗുണങ്ങളെക്കുറിച്ച് മാത്രമാണു ചർച്ച ചെയ്തത്. എന്നാൽ അദ്ദേഹത്തിൽനിന്ന് പഠിക്കാൻ ഇനിയും ഒരുപാടു കാര്യങ്ങളുണ്ട്. ഉദാഹരണത്തിന്, കുറെ ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും യഹോവ ദാനിയേലിനു പലതും കാണിച്ചുകൊടുത്തു. ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളാണ് അവയിലുണ്ടായിരുന്നത്. അതു വിശദീകരിക്കാനുള്ള കഴിവും യഹോവ അദ്ദേഹത്തിനു നൽകി. അവയിൽ പലതും ഇപ്പോൾത്തന്നെ നടന്നുകഴിഞ്ഞു. മറ്റു പലതും ഇനി നടക്കാനിരിക്കുന്നതേ ഉള്ളൂ. ഭൂമിയിൽ ജീവിക്കുന്ന ഓരോ വ്യക്തിയെയും ബാധിക്കുന്ന സംഭവങ്ങളായിരിക്കും അവ.
18 അടുത്ത ലേഖനത്തിൽ, ദാനിയേലിന്റെ പുസ്തകത്തിൽ കാണുന്ന രണ്ടു പ്രവചനങ്ങളെക്കുറിച്ചായിരിക്കും നമ്മൾ പഠിക്കുന്നത്. അവയുടെ അർഥം മനസ്സിലാക്കുന്നത്, നമ്മൾ ചെറുപ്പക്കാരോ പ്രായമായവരോ ആയാലും, ഇപ്പോൾത്തന്നെ ശരിയായ തീരുമാനമെടുക്കാൻ നമ്മളെ സഹായിക്കും. കൂടാതെ ആ പ്രവചനങ്ങൾ നമ്മുടെ ധൈര്യവും വിശ്വസ്തതയും ശക്തമാക്കുകയും ചെയ്യും. അങ്ങനെയാകുമ്പോൾ പെട്ടെന്നുതന്നെ ഉണ്ടാകാൻ പോകുന്ന വിശ്വാസത്തിന്റെ പരീക്ഷണങ്ങളെ വിജയകരമായി നേരിടാൻ നമുക്കാകും.
ഗീതം 119 നമുക്കു വിശ്വാസമുണ്ടായിരിക്കണം
a യഹോവയെ സേവിക്കുന്ന ചെറുപ്പക്കാർക്ക് ഇന്നു പലപ്പോഴും ധൈര്യവും ദൈവത്തോടുള്ള വിശ്വസ്തതയും തെളിയിക്കേണ്ട സാഹചര്യങ്ങൾ നേരിടാറുണ്ട്. ചിലപ്പോൾ ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ കൂട്ടുകാർ കളിയാക്കിയേക്കാം. അല്ലെങ്കിൽ ദൈവത്തെ സേവിക്കുന്നതും ദൈവികനിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നതും എത്ര മണ്ടത്തരമാണെന്നു വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചേക്കാം. എന്നാൽ ദാനിയേൽ പ്രവാചകന്റെ മാതൃക അനുകരിച്ച് ധൈര്യത്തോടെയും വിശ്വസ്തതയോടെയും യഹോവയെ സേവിക്കുന്നവർ ശരിക്കും ജ്ഞാനികളാണെന്ന് ഈ ലേഖനത്തിൽ നമ്മൾ കാണും.
b ബാബിലോൺകാരാണ് അവർക്ക് ഈ പേര് നൽകിയത്.
c ബാബിലോൺകാരുടെ ഭക്ഷണം ദാനിയേൽ കഴിക്കാതിരുന്നതിനു മൂന്നു കാരണങ്ങളെങ്കിലും ഉണ്ടായിരുന്നിരിക്കാം: (1) ദൈവം തിന്നരുതെന്നു പറഞ്ഞ മൃഗങ്ങളുടെ മാംസമായിരുന്നിരിക്കാം അത്. (ആവ. 14:7, 8) (2) ആ മാംസത്തിലെ രക്തം ശരിക്കും വാർന്നുപോയിട്ടില്ലായിരുന്നിരിക്കാം. (ലേവ്യ 17:10-12) (3) ആ ഭക്ഷണം കഴിക്കുന്നതിലൂടെ വ്യാജാരാധനയിൽ പങ്കുചേരുന്നതായി കണക്കാക്കുമായിരുന്നിരിക്കാം.—ലേവ്യ 7:15-ഉം 1 കൊരിന്ത്യർ 10:18, 21, 22-ഉം താരതമ്യം ചെയ്യുക.
d യഹോവയോടുള്ള നിങ്ങളുടെ സ്നേഹം ശക്തമാക്കാൻ ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും നന്നായി വിവരിച്ചിട്ടുള്ള യഹോവയോട് അടുത്തുചെല്ലുവിൻ എന്ന പുസ്തകവും നിങ്ങൾക്കു പഠിക്കാം.