പഠനലേഖനം 17
അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഹോവ നിങ്ങളെ സഹായിക്കും
“നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു; അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.”—സങ്കീ. 34:19.
ഗീതം 44 എളിയവന്റെ പ്രാർഥന
ചുരുക്കം a
1. ഏതൊക്കെ കാര്യത്തിൽ നമുക്ക് ഉറപ്പുണ്ട്?
യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും നമ്മുടെ ജീവിതം ഏറ്റവും നല്ലതായിരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദൈവജനമായ നമുക്ക് അറിയാം. (റോമ. 8:35-39) കൂടാതെ, ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നതു എപ്പോഴും പ്രയോജനം ചെയ്യുമെന്നും നമുക്ക് ഉറപ്പുണ്ട്. (യശ. 48:17, 18) എന്നാൽ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങൾ നേരിട്ടാൽ നമ്മൾ എങ്ങനെ പ്രതികരിക്കും?
2. നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടേക്കാം, അപ്പോൾ നമ്മൾ എങ്ങനെയെല്ലാം ചിന്തിക്കാനിടയുണ്ട്?
2 യഹോവയുടെ എല്ലാ ദാസന്മാരും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവരാണ്. ഉദാഹരണത്തിന്, കുടുംബത്തിലെ ഒരു അംഗം ഏതെങ്കിലും വിധത്തിൽ നമ്മളെ നിരാശപ്പെടുത്തിയേക്കാം. ചിലപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളതുകൊണ്ട് യഹോവയുടെ സേവനത്തിൽ നന്നായി ചെയ്യാൻ പറ്റാതെ വന്നേക്കാം. അല്ലെങ്കിൽ പ്രകൃതിദുരന്തത്താൽ ഉണ്ടായ പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ടാകും. അതുമല്ലെങ്കിൽ വിശ്വാസത്തിന്റെ പേരിൽ ഉപദ്രവങ്ങൾ നേരിടുന്നുണ്ടാകും. ഇതുപോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ ഒരുപക്ഷേ നമ്മൾ ചിന്തിച്ചേക്കാം: ‘എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ? അതോ ഇനി യഹോവയുടെ അനുഗ്രഹമില്ലാത്തതുകൊണ്ടാണോ?’ നിങ്ങൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ വിഷമിക്കേണ്ടാ. യഹോവയുടെ പല വിശ്വസ്തദാസർക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്.—സങ്കീ. 22:1, 2; ഹബ. 1:2, 3.
3. സങ്കീർത്തനം 34:19-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
3 സങ്കീർത്തനം 34:19 വായിക്കുക. ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക: (1) നീതിമാന്മാർക്കു പ്രശ്നങ്ങൾ ഉണ്ടാകുന്നു. (2) പ്രശ്നങ്ങളിൽനിന്ന് യഹോവ നമ്മളെ വിടുവിക്കുന്നു. യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്? ഇപ്പോഴത്തെ നമ്മുടെ ജീവിതത്തെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കാൻ സഹായിക്കുന്നതാണ് ഒരു വിധം. ദൈവത്തെ സേവിക്കുന്നതിലൂടെ നമുക്ക് സന്തോഷം കിട്ടുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. എങ്കിലും ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ദൈവം പറഞ്ഞിട്ടില്ല. (യശ. 66:14) പകരം നമുക്ക് എന്നും സന്തോഷത്തോടെ ജീവിക്കാനാകുന്ന ഭാവിയിലേക്കു നോക്കാനാണ് യഹോവ ആവശ്യപ്പെടുന്നത്. (2 കൊരി. 4:16-18) അതുവരെ ഓരോ ദിവസവും തന്നെ സേവിക്കാനുള്ള സഹായം ദൈവം നമുക്കു തരുന്നു.—വിലാ. 3:22-24.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 ബൈബിൾക്കാലങ്ങളിലെയും ഇപ്പോഴത്തെയും വിശ്വസ്തദാസന്മാരുടെ മാതൃകകളിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം. പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും നമുക്കും നേരിട്ടേക്കാം. പക്ഷേ തന്നിൽ ആശ്രയിക്കുന്നവരെ യഹോവ ഒരിക്കലും കൈവിടില്ല. (സങ്കീ. 55:22) ദൈവത്തിൽ ആശ്രയിച്ച വിശ്വസ്തദാസന്മാരുടെ മാതൃകകളെക്കുറിച്ച് പഠിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘ആ സാഹചര്യത്തിൽ ഞാനായിരുന്നെങ്കിൽ എന്തു ചെയ്തേനേ? ഈ മാതൃകകൾ യഹോവയിലുള്ള എന്റെ വിശ്വാസം എങ്ങനെയാണു ശക്തമാക്കുന്നത്? അതിൽനിന്നുള്ള എന്തൊക്കെ പാഠങ്ങൾ എനിക്കു ജീവിതത്തിൽ പകർത്താം?’
ബൈബിൾക്കാലങ്ങളിൽ
5. ലാബാൻ കാരണം യാക്കോബിന് എന്തെല്ലാം പ്രശ്നങ്ങളാണുണ്ടായത്? (പുറംതാളിലെ ചിത്രം കാണുക.)
5 ബൈബിൾക്കാലങ്ങളിൽ യഹോവയുടെ ദാസന്മാർക്ക് ഒട്ടും പ്രതീക്ഷിക്കാതെ പല പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. യാക്കോബിന്റെ ജീവിതംതന്നെ നോക്കുക. തങ്ങളുടെ ബന്ധുവും യഹോവയുടെ ആരാധകനും ആയ ലാബാന്റെ പെൺമക്കളിൽ ഒരാളെ വിവാഹം കഴിക്കാൻ അപ്പൻ യാക്കോബിനോട് ആവശ്യപ്പെട്ടു. യഹോവ യാക്കോബിനെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. (ഉൽപ. 28:1-4) അപ്പൻ പറഞ്ഞതുപോലെതന്നെ അദ്ദേഹം കനാനിൽനിന്ന് ലാബാന്റെ അടുത്തേക്കു പോയി. ലാബാനു രണ്ടു പെൺമക്കളാണുണ്ടായിരുന്നത്, ലേയയും റാഹേലും. ഇളയവളായ റാഹേലിനോട് ഇഷ്ടം തോന്നിയിട്ട് അവളെ വിവാഹം കഴിക്കാൻ യാക്കോബ് ആഗ്രഹിച്ചു. അതിനുവേണ്ടി ലാബാനെ ഏഴു വർഷം സേവിക്കാമെന്നും സമ്മതിച്ചു. (ഉൽപ. 29:18) പക്ഷേ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. റാഹേലിനു പകരം മൂത്ത മകളായ ലേയയെ കൊടുത്തുകൊണ്ട് ലാബാൻ യാക്കോബിനെ ചതിച്ചു. എന്നാൽ ഏഴു വർഷംകൂടെ തന്നെ സേവിക്കാൻ തയ്യാറാണെങ്കിൽ ഒരാഴ്ച കഴിഞ്ഞ് റാഹേലിനെയും ഭാര്യയായി കൊടുക്കാമെന്നു ലാബാൻ സമ്മതിച്ചു. (ഉൽപ. 29:25-27) യാക്കോബുമായുള്ള മറ്റ് ഇടപാടുകളിലും ലാബാൻ അന്യായം കാണിച്ചു. അങ്ങനെ മൊത്തം 20 വർഷമാണു ലാബാൻ യാക്കോബിനോട് അനീതി കാണിച്ചത്.—ഉൽപ. 31:41, 42.
6. യാക്കോബിനു വേറേ എന്തെല്ലാം പ്രശ്നങ്ങളുണ്ടായി?
6 യാക്കോബിനു വേറേയും ചില പ്രശ്നങ്ങളുണ്ടായി. അദ്ദേഹത്തിനു കുറെ മക്കളുണ്ടായിരുന്നെങ്കിലും അവർ തമ്മിൽ എപ്പോഴും അത്ര സമാധാനത്തിലും സന്തോഷത്തിലും ആയിരുന്നില്ല. സ്വന്തം അനിയനായ യോസേഫിനെ അവർ ഒരു അടിമയായി വിൽക്കുകപോലും ചെയ്തു. യാക്കോബിന്റെ രണ്ടു മക്കളായ ശിമെയോനും ലേവിയും കുടുംബത്തിനും യഹോവയുടെ പേരിനും വലിയ നിന്ദ വരുത്തി. കൂടാതെ, യാക്കോബിന്റെ പ്രിയ ഭാര്യയായ റാഹേൽ ഇളയ മകനെ പ്രസവിക്കുന്ന സമയത്ത് മരിച്ചുപോയി. ഇനി, യാക്കോബിനു വളരെ പ്രായമായശേഷം കടുത്ത ക്ഷാമം കാരണം ഈജിപ്തിലേക്കു പോകേണ്ടതായും വന്നു.—ഉൽപ. 34:30; 35:16-19; 37:28; 45:9-11, 28.
7. യാക്കോബിനു തന്റെ സ്നേഹവും അംഗീകാരവും ഉണ്ടെന്ന് യഹോവ എങ്ങനെയാണു തെളിയിച്ചത്?
7 ഇത്രയധികം പ്രശ്നങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും യാക്കോബിന് ഒരിക്കലും യഹോവയിലും യഹോവയുടെ വാഗ്ദാനങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. അതുകൊണ്ടുതന്നെ യാക്കോബിനു തന്റെ സ്നേഹവും അംഗീകാരവും ഉണ്ടെന്ന് യഹോവയും തെളിയിച്ചു. ഉദാഹരണത്തിന്, ലാബാൻ യാക്കോബിനോട് അന്യായമായി പെരുമാറിയെങ്കിലും ധാരാളം സ്വത്തുക്കൾ നൽകി യഹോവ യാക്കോബിനെ അനുഗ്രഹിച്ചു. ഇനി, വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയെന്നു കരുതിയ തന്റെ പ്രിയപ്പെട്ട മകനായ യോസേഫിനോടൊപ്പം വീണ്ടുമായിരിക്കാൻ കഴിഞ്ഞപ്പോൾ യാക്കോബിന് യഹോവയോട് എത്ര നന്ദി തോന്നിക്കാണുമെന്നു ചിന്തിക്കുക. യഹോവയുമായുള്ള വളരെ അടുത്ത സൗഹൃദമാണ് ഈ പ്രശ്നങ്ങളൊക്കെ വിജയകരമായി സഹിക്കാൻ യാക്കോബിനെ സഹായിച്ചത്. (ഉൽപ. 30:43; 32:9, 10; 46:28-30) ഇതുപോലെ യഹോവയുമായി അടുത്ത ബന്ധമുണ്ടെങ്കിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ വിജയകരമായി തരണം ചെയ്യാൻ നമുക്കും കഴിയും.
8. ദാവീദ് രാജാവ് എന്തു ചെയ്യാൻ ആഗ്രഹിച്ചു?
8 ദാവീദ് രാജാവിന് യഹോവയുടെ സേവനത്തിൽ താൻ ആഗ്രഹിച്ചതെല്ലാം ചെയ്യാൻ കഴിഞ്ഞില്ല. ഉദാഹരണത്തിന്, യഹോവയ്ക്ക് ഒരു ആലയം പണിയാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. ആ കാര്യം നാഥാൻ പ്രവാചകനോടു പറയുകയും ചെയ്തു. അതിനു മറുപടിയായി നാഥാൻ പറഞ്ഞു: “അങ്ങയുടെ ആഗ്രഹംപോലെ ചെയ്തുകൊള്ളൂ. ദൈവം അങ്ങയുടെകൂടെയുണ്ട്.” (1 ദിന. 17:1, 2) അതു കേട്ടപ്പോൾ ദാവീദിന് എത്ര സന്തോഷം തോന്നിക്കാണും! ഒരുപക്ഷേ ആ വലിയ നിർമാണപ്രവർത്തനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാനുണ്ടെന്ന് അദ്ദേഹം അപ്പോൾത്തന്നെ ചിന്തിച്ചുതുടങ്ങിയിട്ടുമുണ്ടാകും.
9. വിഷമിപ്പിക്കുന്ന വാർത്ത കേട്ടപ്പോൾ ദാവീദ് എന്താണു ചെയ്തത്?
9 പക്ഷേ “ആ രാത്രിതന്നെ” യഹോവ നാഥാൻ പ്രവാചകനോട് ദേവാലയം പണിയുന്നതു ദാവീദ് ആയിരിക്കില്ല, പകരം അദ്ദേഹത്തിന്റെ മക്കളിൽ ഒരാളായിരിക്കും എന്നു പറഞ്ഞു. (1 ദിന. 17:3, 4, 11, 12) വിഷമിപ്പിക്കുന്ന ആ വാർത്ത നാഥാൻ പ്രവാചകൻ ദാവീദിനെ അറിയിച്ചു. ഇതു കേട്ടപ്പോൾ ദാവീദ് എന്താണു ചെയ്തത്? അദ്ദേഹം ചെയ്യണമെന്നു വിചാരിച്ച കാര്യത്തിനു മാറ്റം വരുത്തി. താൻ ആഗ്രഹിച്ചതുപോലെ ആലയം പണിയാൻ കഴിഞ്ഞില്ലെങ്കിലും മകനായ ശലോമോൻ ചെയ്യാൻപോകുന്ന ആ വലിയ പദ്ധതിക്കു വേണ്ട പണവും മറ്റു സാധനങ്ങളും ശേഖരിക്കുന്നതിന് അദ്ദേഹം കൂടുതൽ ശ്രദ്ധകൊടുത്തു.—1 ദിന. 29:1-5.
10. യഹോവ എങ്ങനെയാണു ദാവീദിനെ അനുഗ്രഹിച്ചത്?
10 ദേവാലയം പണിയുന്നതു ദാവീദ് ആയിരിക്കില്ലെന്ന് അറിയിച്ച ഉടൻതന്നെ യഹോവ ദാവീദുമായി ഒരു ഉടമ്പടി ചെയ്തു. ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരാൾ എന്നെന്നും ഭരിക്കുമെന്നു ദൈവം അപ്പോൾ ഉറപ്പുകൊടുത്തു. (2 ശമു. 7:16) പുതിയ ലോകത്തിൽ ആയിരംവർഷ ഭരണത്തിന്റെ സമയത്ത് തന്റെ പിൻഗാമിയായ യേശുവാണു ഭരിക്കുന്നതെന്ന് അറിയുമ്പോൾ ദാവീദിന് എത്ര സന്തോഷം തോന്നും! ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ആഗ്രഹിക്കുന്നതെല്ലാം യഹോവയ്ക്കുവേണ്ടി ചെയ്യാൻ നമുക്കു കഴിഞ്ഞില്ലെങ്കിലും പ്രതീക്ഷിക്കാത്ത മറ്റു ചില അനുഗ്രഹങ്ങൾ യഹോവ നൽകിയേക്കാം.
11. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ പ്രതീക്ഷിച്ച സമയത്ത് ദൈവരാജ്യം വന്നില്ലെങ്കിലും യഹോവ എങ്ങനെയാണ് അവരെ അനുഗ്രഹിച്ചത്? (പ്രവൃത്തികൾ 6:7)
11 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കും ചില പ്രശ്നങ്ങൾ നേരിട്ടു. ഉദാഹരണത്തിന് അവർ പ്രതീക്ഷിച്ചതുപോലെ എല്ലാ കാര്യങ്ങളും നടന്നില്ല. ദൈവരാജ്യം വരാൻ അവർ ഒരുപാട് ആഗ്രഹിച്ചെങ്കിലും അത് എപ്പോൾ വരുമെന്ന് അവർക്ക് അറിയില്ലായിരുന്നു. (പ്രവൃ. 1:6, 7) അതുകൊണ്ട് അവർ എന്തു ചെയ്തു? ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ടിരുന്നു. കൂടുതൽക്കൂടുതൽ സ്ഥലങ്ങളിൽ സന്തോഷവാർത്ത അറിയിച്ചപ്പോൾ യഹോവ അവരുടെ പ്രവർത്തനങ്ങളെ അനുഗ്രഹിക്കുന്നത് അവർ അനുഭവിച്ചറിഞ്ഞു.—പ്രവൃത്തികൾ 6:7 വായിക്കുക.
12. ക്ഷാമം ഉണ്ടായപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ എന്താണു ചെയ്തത്?
12 ഒരിക്കൽ “ലോകം മുഴുവൻ” വലിയൊരു ക്ഷാമം ഉണ്ടായി. (പ്രവൃ. 11:28) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായിവന്നു. ആ സമയത്ത് എന്തൊക്കെ ചിന്തകൾ അവരുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകും? വീട്ടിലുള്ളവർക്ക് എങ്ങനെ ഭക്ഷണം കൊടുക്കുമെന്ന് ഓർത്ത് തീർച്ചയായും കുടുംബനാഥന്മാർ ഉത്കണ്ഠപ്പെട്ടിട്ടുണ്ട്. ശുശ്രൂഷ കൂടുതൽ നന്നായി ചെയ്യാൻ ആഗ്രഹിച്ച ചെറുപ്പക്കാരുടെ കാര്യമോ? ക്ഷാമം ഒക്കെ മാറിയിട്ട് അതു ചെയ്താൽ മതിയെന്ന് അവർ ചിന്തിച്ചുകാണുമോ? സാഹചര്യം മോശമായിരുന്നെങ്കിലും അന്നത്തെ ക്രിസ്ത്യാനികൾ അതിനോടു പൊരുത്തപ്പെട്ടു. തങ്ങൾക്കു പറ്റുന്നതുപോലെയെല്ലാം അവർ സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടർന്നു. കൂടാതെ തങ്ങൾക്കുള്ള വസ്തുവകകൾ യഹൂദ്യയിലുള്ള പ്രിയ സഹോദരങ്ങൾക്കു സന്തോഷത്തോടെ കൊടുക്കുകയും ചെയ്തു.—പ്രവൃ. 11:29, 30.
13. ക്ഷാമത്തിന്റെ സമയത്ത് എന്തെല്ലാം അനുഗ്രഹങ്ങളാണ് ആ ക്രിസ്ത്യാനികൾക്കു കിട്ടിയത്?
13 ക്ഷാമത്തിന്റെ സമയത്ത് ആ ക്രിസ്ത്യാനികൾക്ക് എന്തൊക്കെ അനുഗ്രഹങ്ങളാണു കിട്ടിയത്? ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി അവർക്കു വേണ്ട അവശ്യസാധനങ്ങളെല്ലാം കിട്ടിയപ്പോൾ യഹോവയുടെ സഹായം അവർ അനുഭവിച്ചറിഞ്ഞു. (മത്താ. 6:31-33) അവരെ സഹായിച്ച സഹോദരങ്ങളോടും അവർക്കു കൂടുതൽ അടുപ്പം തോന്നിയിരിക്കാം. ഇനി, ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു സംഭാവന കൊടുത്തവർക്കും മറ്റ് ഏതെങ്കിലും വിധത്തിൽ അതിൽ ഉൾപ്പെട്ടവർക്കും കൊടുക്കുന്നതിന്റെ സന്തോഷം കിട്ടി. (പ്രവൃ. 20:35) സാഹചര്യങ്ങൾക്കു മാറ്റം വന്നപ്പോഴും അതിനോടു പൊരുത്തപ്പെടാൻ തയ്യാറായതുകൊണ്ട് യഹോവ അവരെയെല്ലാം അനുഗ്രഹിച്ചു.
14. അപ്പോസ്തലനായ പൗലോസിനും ബർന്നബാസിനും എന്തു സംഭവിച്ചു, എന്തായിരുന്നു അതിന്റെ ഫലം? (പ്രവൃത്തികൾ 14:21, 22)
14 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു പലപ്പോഴും ഉപദ്രവങ്ങൾ സഹിക്കേണ്ടതായിവന്നു. ചിലപ്പോൾ അത് അവർ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. ലുസ്ത്രയിൽ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ടിരുന്ന ബർന്നബാസിനും അപ്പോസ്തലനായ പൗലോസിനും എന്താണു സംഭവിച്ചതെന്നു നോക്കാം. ആദ്യം അവിടത്തെ ആളുകൾ അവരെ സ്വീകരിക്കുകയും അവർ പറയുന്നതു കേൾക്കുകയും ചെയ്തു. എന്നാൽ പിന്നീട് എതിരാളികൾ “ജനക്കൂട്ടത്തെ ഇളക്കിവിട്ടു.” അപ്പോൾ ആദ്യമൊക്കെ പൗലോസിനെ ശ്രദ്ധിക്കാൻ തയ്യാറായ ചിലർതന്നെ അദ്ദേഹത്തെ കല്ലെറിയുകയും മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയും ചെയ്തു. (പ്രവൃ. 14:19) എന്നാൽ പൗലോസും ബർന്നബാസും മറ്റു സ്ഥലങ്ങളിൽ പ്രസംഗപ്രവർത്തനം ചെയ്യുന്നതിൽ തുടർന്നു. എന്തായിരുന്നു ഫലം? ‘കുറെ പേരെ ശിഷ്യരാക്കാൻ’ അവർക്കു കഴിഞ്ഞു. കൂടാതെ അവരുടെ മാതൃകയും അവർ പറഞ്ഞ കാര്യങ്ങളും സഹോദരങ്ങളെ ഒരുപാടു ബലപ്പെടുത്തുകയും ചെയ്തു. (പ്രവൃത്തികൾ 14:21, 22 വായിക്കുക.) അങ്ങനെ അപ്രതീക്ഷിതമായി ഉപദ്രവം നേരിട്ടിട്ടും പൗലോസും ബർന്നബാസും പ്രസംഗപ്രവർത്തനം നിറുത്താതിരുന്നതുകൊണ്ട് ഒരുപാടു പേർക്ക് അതിന്റെ പ്രയോജനം കിട്ടി. അതുപോലെ നമ്മളും യഹോവ ഏൽപ്പിച്ച പ്രവർത്തനം ചെയ്യുന്നതിൽ മടുത്തുപോകാതെ തുടർന്നാൽ യഹോവ ഉറപ്പായും നമ്മളെ അനുഗ്രഹിക്കും.
നമ്മുടെ നാളിൽ
15. എ. എച്ച്. മാക്മില്ലൻ സഹോദരന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
15 1914-ൽ ചില കാര്യങ്ങൾ സംഭവിക്കുമെന്ന് അതിനു കുറച്ച് മുമ്പുള്ള വർഷങ്ങളിൽ യഹോവയുടെ ജനം പ്രതീക്ഷിച്ചിരുന്നു. ഉദാഹരണത്തിന്, എ. എച്ച്. മാക്മില്ലൻ സഹോദരന്റെ കാര്യമെടുക്കാം. അക്കാലത്ത് പലരും ചിന്തിച്ചതുപോലെ താനും പെട്ടെന്നുതന്നെ സ്വർഗത്തിലേക്കു പോകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. 1914 സെപ്റ്റംബറിൽ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്: “ഇത് ഒരുപക്ഷേ ഞാൻ നടത്തുന്ന അവസാനത്തെ പരസ്യപ്രസംഗമായിരിക്കും.” എന്നാൽ അത് അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗമായിരുന്നില്ല. പിന്നീട് സഹോദരൻ എഴുതി: “പെട്ടെന്നുതന്നെ സ്വർഗത്തിൽ പോകാമെന്നു ചിന്തിച്ചതിലൂടെ ഞങ്ങളിൽ പലരും ഒരുപക്ഷേ അൽപ്പം തിടുക്കം കാണിക്കുകയായിരുന്നു. ഞങ്ങൾ ചെയ്യേണ്ടിയിരുന്ന കാര്യം കർത്താവിന്റെ വേലയിൽ തിരക്കോടെ പ്രവർത്തിക്കുക എന്നുള്ളതായിരുന്നു.” അദ്ദേഹം അങ്ങനെതന്നെ ചെയ്തു. തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടു. സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിൽ ജയിലിൽ കഴിഞ്ഞിരുന്ന പല സഹോദരങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള അവസരവും അദ്ദേഹത്തിനു കിട്ടി. വളരെ പ്രായമായപ്പോൾപ്പോലും അദ്ദേഹം വിശ്വസ്തതയോടെ മീറ്റിങ്ങിനും വരുമായിരുന്നു. തനിക്കു കിട്ടാൻപോകുന്ന പ്രതിഫലത്തിനായി കാത്തിരുന്ന സമയം മുഴുവൻ ഏറ്റവും നന്നായി ഉപയോഗിച്ചതുകൊണ്ട് മാക്മില്ലൻ സഹോദരന് എന്തു പ്രയോജനമാണു കിട്ടിയത്? 1966-ൽ മരിക്കുന്നതിനു കുറച്ച് നാൾ മുമ്പ് അദ്ദേഹം എഴുതി: “മുമ്പത്തെപ്പോലെതന്നെ എന്റെ വിശ്വാസം ഇന്നും ശക്തമാണ്.” നമുക്ക് അനുകരിക്കാൻ പറ്റിയ എത്ര നല്ല മാതൃക! പ്രത്യേകിച്ച്, പ്രതീക്ഷിച്ചതിലും കൂടുതൽ കാലമായി നമ്മൾ ഒരു പ്രശ്നത്തിലൂടെ കടന്നുപോകുകയാണെങ്കിൽ.—എബ്രാ. 13:7.
16. അപ്രതീക്ഷിതമായ എന്തു പ്രശ്നമാണു ഹെർബർട്ട് ജനിങ്സ് സഹോദരനും ഭാര്യക്കും നേരിട്ടത്? (യാക്കോബ് 4:14)
16 യഹോവയുടെ ജനത്തിൽ പലരും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഉദാഹരണത്തിന് ഹെർബർട്ട് ജനിങ്സ് സഹോദരന്റെ b കാര്യം നോക്കാം. ഘാനയിലെ മിഷനറി സേവനം അദ്ദേഹവും ഭാര്യയും എത്ര നന്നായി ആസ്വദിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ ജീവിതകഥയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ കുറച്ച് നാൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു അസുഖം ഉണ്ടെന്നു കണ്ടെത്തി. വികാരങ്ങൾ പെട്ടെന്നു മാറിമറിയുന്ന ഒരു കടുത്ത രോഗമായിരുന്നു അത്. ആ സാഹചര്യത്തെക്കുറിച്ച് യാക്കോബ് 4:14-ലെ വാക്കുകൾ കടമെടുത്തുകൊണ്ട് ജനിങ്സ് സഹോദരൻ പറഞ്ഞത്, അതു “ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ‘നാളെ’” ആയിരുന്നു എന്നാണ്. (വായിക്കുക.) അദ്ദേഹം എഴുതി: “യാഥാർഥ്യത്തെ അഭിമുഖീകരിച്ചുകൊണ്ട് ഘാനയിലെ ഞങ്ങളുടെ പ്രിയ സുഹൃത്തുക്കളെ വിട്ട് (ചികിത്സയ്ക്കായി) കാനഡയിലേക്കു മടങ്ങാൻ ഞങ്ങൾ ക്രമീകരണങ്ങൾ ചെയ്തു.” ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും തുടർന്നും വിശ്വസ്തമായി സേവിക്കാൻ ജനിങ്സ് സഹോദരനെയും ഭാര്യയെയും യഹോവ സഹായിച്ചു.
17. ജനിങ്സ് സഹോദരന്റെ അനുഭവം എങ്ങനെയാണു മറ്റു സഹോദരങ്ങൾക്കു പ്രയോജനപ്പെട്ടത്?
17 തന്റെ ജീവിതകഥയിൽ ജനിങ്സ് സഹോദരൻ തുറന്നുപറഞ്ഞ പല കാര്യങ്ങളും മറ്റുള്ളവരെ ഒരുപാടു സഹായിച്ചിട്ടുണ്ട്. ഒരു സഹോദരി എഴുതി: “ഈ കാലത്തിനിടയ്ക്കു മറ്റൊരു ലേഖനവും ഇതുപോലെ എന്നെ ആഴത്തിൽ സ്പർശിച്ചിട്ടില്ല. . . . ചികിത്സയ്ക്കു പോകേണ്ടിയിരുന്നതിനാൽ ജനിങ്സ് സഹോദരന് നിയമനം ഒഴിയേണ്ടിവന്നെന്നു വായിച്ചത് എന്റെ സാഹചര്യത്തെ സമനിലയോടെ വീക്ഷിക്കാൻ എന്നെ സഹായിച്ചു.” അതുപോലെതന്നെ ഒരു സഹോദരനും ഇങ്ങനെ എഴുതി: ‘പത്തു വർഷം സഭയിൽ മൂപ്പനായി സേവിച്ചശേഷം, ഒരു മാനസികരോഗം നിമിത്തം എനിക്കു നിയമനം ഒഴിയേണ്ടിവന്നു. എന്റെ ജീവിതം ഒരു പരാജയമാണെന്നു തോന്നിയിരുന്നതുകൊണ്ട് യഹോവയുടെ ജനത്തിന്റെ അസാധാരണ നേട്ടങ്ങൾ വിവരിക്കുന്ന ജീവിതകഥകൾ മിക്കപ്പോഴും ഞാൻ വായിക്കുമായിരുന്നില്ല. പക്ഷേ ജനിങ്സ് സഹോദരന്റെ സഹിഷ്ണുത എനിക്കു പ്രോത്സാഹനമേകി.’ ഇതു നമ്മളെ ഒരു കാര്യം ഓർമിപ്പിക്കുന്നു: അപ്രതീക്ഷിതമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിന്നാൽ മറ്റുള്ളവർക്കും അതൊരു പ്രോത്സാഹനമാകും. അങ്ങനെ വിശ്വാസം കാണിക്കുന്നതിലും സഹിച്ചുനിൽക്കുന്നതിലും ജീവിക്കുന്ന മാതൃകയാകാൻ നമുക്കു കഴിയും.—1 പത്രോ. 5:9.
18. ചിത്രത്തിൽ പുനരവതരിപ്പിച്ചിരിക്കുന്ന നൈജീരിയയിലെ വിധവയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
18 കോവിഡ്-19 മഹാമാരിപോലുള്ള ദുരന്തങ്ങൾ യഹോവയുടെ ജനത്തിൽ പലരുടെയും ജീവിതം ബുദ്ധിമുട്ടിലാക്കി. ഉദാഹരണത്തിന് നൈജീരിയയിലുള്ള വിധവയായ ഒരു സഹോദരിയുടെ കൈയിൽ അധികം പണമോ ഭക്ഷണസാധനങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ദിവസം രാവിലെ സഹോദരിയുടെ വീട്ടിൽ ഒരു നേരത്തേക്കുള്ള അരി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോൾ മകൾ സഹോദരിയോട് അതുകൂടെ തീർന്നാൽ പിന്നെ എന്തു ചെയ്യുമെന്നു ചോദിച്ചു. പണമോ വേറേ ഭക്ഷണസാധനങ്ങളോ ഇനിയില്ലെന്നും സാരെഫാത്തിലെ വിധവയെപ്പോലെ ഉള്ളതു കഴിച്ചിട്ട് യഹോവയ്ക്കായി കാത്തിരിക്കാമെന്നും സഹോദരി പറഞ്ഞു. (1 രാജാ. 17:8-16) ഉച്ചയ്ക്ക് എന്തു കഴിക്കുമെന്നു ചിന്തിക്കുന്നതിനു മുമ്പുതന്നെ ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി വിതരണം ചെയ്തിരുന്ന ഭക്ഷണസാധനങ്ങൾ സഹോദരങ്ങൾ അവർക്ക് എത്തിച്ചുകൊടുത്തു. രണ്ട് ആഴ്ചയിൽ അധികം കഴിക്കാനുള്ള സാധനങ്ങൾ അതിലുണ്ടായിരുന്നു. താൻ മകളോടു പറഞ്ഞ കാര്യം ശ്രദ്ധിച്ചുകൊണ്ട് യഹോവ ഇത്ര അടുത്തുണ്ടായിരുന്നല്ലോ എന്ന് ഓർത്ത് അതിശയിച്ചുപോയതായി സഹോദരി പറഞ്ഞു. ശരിക്കും നമ്മൾ യഹോവയിൽ ആശ്രയിച്ചാൽ ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ പ്രശ്നങ്ങൾ യഹോവയോടു കൂടുതൽ അടുക്കാൻ നമ്മളെ സഹായിക്കും.—1 പത്രോ. 5:6, 7.
19. എന്ത് ഉപദ്രവമാണ് അലക്സി യെർഷോവ് സഹോദരൻ സഹിച്ചത്?
19 ഈ അടുത്തകാലത്ത് നമ്മുടെ സഹോദരങ്ങളിൽ പലർക്കും പ്രതീക്ഷിക്കാത്ത രീതിയിൽ ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഉദാഹരണത്തിന് റഷ്യയിൽ താമസിക്കുന്ന അലക്സി യെർഷോവ് സഹോദരന്റെ കാര്യമെടുക്കാം. 1994-ലാണ് അദ്ദേഹം സ്നാനപ്പെട്ടത്. ആ സമയത്ത് യഹോവയുടെ ജനത്തിന് അവിടെ കുറച്ചൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷേ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ റഷ്യയിലെ സാഹചര്യങ്ങൾ മാറി. 2020-ൽ അധികാരികൾ യെർഷോവ് സഹോദരന്റെ വീട്ടിൽ അതിക്രമിച്ചുകടന്ന് പരിശോധന നടത്തി, അദ്ദേഹത്തിന്റെ പല സാധനങ്ങളും പിടിച്ചെടുത്തു. കുറച്ച് മാസങ്ങൾക്കുശേഷം അധികാരികൾ അദ്ദേഹത്തിന് എതിരെ ക്രിമിനൽ കുറ്റത്തിനു കേസെടുത്തു. ചില വീഡിയോകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. ഏറ്റവും വേദനിപ്പിക്കുന്ന കാര്യം അവ കൊടുത്തത് ഒരു വർഷത്തിലേറെയായി ബൈബിൾ പഠിക്കാൻ ആഗ്രഹമുണ്ടെന്ന മട്ടിൽ കൂടെക്കൂടിയ ഒരാളായിരുന്നു എന്നതാണ്. എത്ര വലിയൊരു ചതി!
20. യെർഷോവ് സഹോദരൻ എങ്ങനെയാണ് യഹോവയുമായുള്ള തന്റെ ബന്ധം ശക്തമാക്കിയത്?
20 യെർഷോവ് സഹോദരന് ഉണ്ടായ ഉപദ്രവങ്ങൾ അദ്ദേഹത്തിന് ഏതെങ്കിലും രീതിയിൽ പ്രയോജനം ചെയ്തോ? തീർച്ചയായും. യഹോവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കൂടുതൽ ശക്തമായി. സഹോദരൻ പറയുന്നു: “ഞാനും ഭാര്യയും ഒരുമിച്ച് മുമ്പത്തെക്കാൾ കൂടുതലായി യഹോവയോടു പ്രാർഥിക്കാറുണ്ട്. യഹോവയുടെ സഹായമില്ലാതെ ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് എനിക്ക് അറിയാം.” സഹോദരൻ ഇങ്ങനെയും പറയുന്നു: “നിരാശയ്ക്കെതിരെ പോരാടാൻ വ്യക്തിപരമായ പഠനം എന്നെ സഹായിക്കുന്നുണ്ട്. മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തദാസരുടെ മാതൃകയെക്കുറിച്ച് ഞാൻ ചിന്തിക്കും. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശാന്തരായിരുന്ന് യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്ന ധാരാളം വിവരണങ്ങൾ ബൈബിളിലുണ്ടല്ലോ.”
21. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിച്ചത്?
21 ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിച്ചത്? ഈ ലോകത്തിൽ നമുക്ക് അപ്രതീക്ഷിതമായി പല പ്രശ്നങ്ങളും നേരിട്ടേക്കാം. എങ്കിലും തന്നിൽ ആശ്രയിക്കുന്നവരെ സഹായിക്കാൻ യഹോവ എപ്പോഴും കൂടെയുണ്ടായിരിക്കും. ആധാരവാക്യം പറയുന്നതുപോലെ “നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു; അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.” (സങ്കീ. 34:19) അതുകൊണ്ട് പ്രശ്നങ്ങളിലേക്കല്ല നമ്മളെ താങ്ങിനിറുത്തുന്ന യഹോവയുടെ ശക്തിയിലേക്കു നമുക്കു തുടർന്നും നോക്കാം. അപ്പോൾ അപ്പോസ്തലനായ പൗലോസിനെപ്പോലെ നമുക്കും പറയാനാകും: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലി. 4:13.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടായേക്കാമെങ്കിലും യഹോവ തന്റെ വിശ്വസ്തരായ ദാസന്മാരെ സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. മുമ്പ് ജീവിച്ചിരുന്ന തന്റെ ദാസന്മാരെ യഹോവ എങ്ങനെയാണു സഹായിച്ചത്? ഇന്ന് എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്? അതു മനസ്സിലാക്കാൻ ബൈബിൾക്കാലങ്ങളിലെയും നമ്മുടെ നാളിലെയും ചില വിശ്വസ്തരുടെ മാതൃകകൾ നോക്കാം. അങ്ങനെ ചെയ്യുന്നതു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നിൽ ആശ്രയിക്കുന്നവരെ യഹോവ സഹായിക്കും എന്നുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും.