പഠനലേഖനം 16
“നിന്റെ ആങ്ങള എഴുന്നേറ്റുവരും”
“യേശു മാർത്തയോട്, ‘നിന്റെ ആങ്ങള എഴുന്നേറ്റുവരും’ എന്നു പറഞ്ഞു.”—യോഹ. 11:23.
ഗീതം 151 ദൈവം വിളിക്കും
ചുരുക്കം a
1. പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടെന്ന് ഒരു കുട്ടി തെളിയിച്ചത് എങ്ങനെ?
ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള ഒരു കുട്ടിയായിരുന്നു മാത്യു. അതുകൊണ്ടുതന്നെ പല ഓപ്പറേഷനുകളും ആവശ്യമായിവന്നു. അവന് ഏഴു വയസ്സുള്ള സമയത്ത് ഒരിക്കൽ വീട്ടുകാരുടെകൂടെ JW പ്രക്ഷേപണം കാണുകയായിരുന്നു. പരിപാടിയുടെ അവസാനം, പുനരുത്ഥാനപ്പെട്ടുവരുന്നവരെ തിരികെ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചിത്രഗീതമുണ്ടായിരുന്നു. b അതു കണ്ടുതീർന്ന ഉടനെ മാത്യു അപ്പന്റെയും അമ്മയുടെയും അടുത്ത് ചെന്ന് അവരുടെ കൈ പിടിച്ചിട്ടു പറഞ്ഞു: “ഡാഡീ, മമ്മീ, നിങ്ങൾ വിഷമിക്കേണ്ടാ. ഞാൻ മരിച്ചുപോയാലും യഹോവ എന്നെ ജീവനിലേക്കു കൊണ്ടുവരും. കുറച്ച് നാൾ കാത്തിരിക്കണമെന്നേ ഉള്ളൂ; എല്ലാം ശരിയാകും.” പുനരുത്ഥാനത്തിലുള്ള മകന്റെ വിശ്വാസം കണ്ടപ്പോൾ ആ മാതാപിതാക്കൾക്ക് എത്ര സന്തോഷം തോന്നിക്കാണും!
2-3. പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കുന്നത് എന്തുകൊണ്ട്?
2 പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് ബൈബിളിൽ പറയുന്ന കാര്യങ്ങൾ നമ്മളെല്ലാം ഇടയ്ക്കിടെ ചിന്തിക്കുന്നതു നല്ലതാണ്. (യോഹ. 5:28, 29) കാരണം എപ്പോഴാണു ഗുരുതരമായ ഒരു രോഗം വരുന്നതെന്നോ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുന്നതെന്നോ നമുക്ക് അറിയില്ല. (സഭാ. 9:11; യാക്കോ. 4:13, 14) ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ പുനരുത്ഥാനപ്രത്യാശ നമ്മളെ സഹായിക്കും. (1 തെസ്സ. 4:13) സ്വർഗീയപിതാവിനു നമ്മളെ നന്നായി അറിയാമെന്നും ദൈവം നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും തിരുവെഴുത്തുകൾ ഉറപ്പുതരുന്നുണ്ട്. (ലൂക്കോ. 12:7) നമ്മളെ എത്ര നന്നായി അറിഞ്ഞാലാണ് യഹോവയ്ക്കു നമ്മുടെ വ്യക്തിത്വവും ഓർമകളും എല്ലാം സഹിതം നമ്മളെ തിരികെ ജീവനിലേക്കു കൊണ്ടുവരാനാകുന്നത് എന്നു ചിന്തിക്കുക. ഇനി, യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നതുകൊണ്ടല്ലേ നിത്യജീവനുള്ള അവസരം തുറന്നുതന്നിരിക്കുന്നത്? മരിച്ചുപോയവരെ ഉയിർപ്പിച്ചുകൊണ്ടുപോലും അതു നൽകണമെങ്കിൽ ആ സ്നേഹം എത്ര വലുതായിരിക്കും!
3 പുനരുത്ഥാനപ്രത്യാശയിൽ നമുക്കു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ടാണെന്ന് ഈ ലേഖനത്തിൽ ആദ്യം ചർച്ച ചെയ്യും. തുടർന്ന്, വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു ബൈബിൾവിവരണത്തെക്കുറിച്ച് നമ്മൾ പഠിക്കും. ഈ ലേഖനത്തിന്റെ ആധാരവാക്യത്തിലെ, “നിന്റെ ആങ്ങള എഴുന്നേറ്റുവരും” എന്ന വാക്കുകൾ ഉൾപ്പെടുന്ന ഒരു ഭാഗമാണത്. (യോഹ. 11:23) അവസാനം, പുനരുത്ഥാനപ്രത്യാശയിലുള്ള വിശ്വാസം എങ്ങനെ ശക്തമാക്കാമെന്നും കാണും.
പുനരുത്ഥാനപ്രത്യാശയിൽ എന്തുകൊണ്ട് വിശ്വസിക്കാം?
4. ഒരു വാഗ്ദാനത്തിൽ വിശ്വസിക്കണമെങ്കിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കണം? ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക.
4 ഒരു വാഗ്ദാനത്തിൽ വിശ്വസിക്കണമെങ്കിൽ അതു നൽകുന്ന ആൾക്ക് ആ കാര്യം ചെയ്യാനുള്ള ആഗ്രഹവും കഴിവും ഉണ്ടെന്ന് നമുക്കു ബോധ്യം വരണം. ഉദാഹരണത്തിന്, ഇങ്ങനെ ചിന്തിക്കുക: നിങ്ങളുടെ വീട് ഒരു കൊടുങ്കാറ്റിൽ തകർന്നുകിടക്കുകയാണ്. ഇപ്പോൾ ഒരു സുഹൃത്തു വന്നിട്ടു പറയുന്നു, ‘വീടു പുതുക്കിപ്പണിയാൻ ഞാൻ സഹായിക്കാം.’ അദ്ദേഹം ആത്മാർഥതയുള്ള ഒരു സുഹൃത്താണ്. അതുകൊണ്ട് സഹായിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ടെന്നു നിങ്ങൾക്ക് ഉറപ്പാണ്. അദ്ദേഹം നല്ലൊരു കെട്ടിടംപണിക്കാരനും വേണ്ട ഉപകരണങ്ങളുള്ള ആളും ആയതുകൊണ്ട് ആ വ്യക്തിക്ക് അതിനു കഴിയുമെന്നും നിങ്ങൾക്ക് അറിയാം. അതുകൊണ്ട് അദ്ദേഹത്തിന്റെ വാഗ്ദാനം നിങ്ങൾ വിശ്വസിക്കും. അങ്ങനെയെങ്കിൽ മരിച്ചവരെ തിരികെ ജീവനിലേക്കു കൊണ്ടുവരുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് എന്തു പറയാം? ദൈവത്തിനു ശരിക്കും അങ്ങനെ ചെയ്യാനുള്ള ആഗ്രഹവും കഴിവും ഉണ്ടോ?
5-6. മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവയ്ക്ക് ആഗ്രഹമുണ്ടെന്നു നമുക്ക് എന്തുകൊണ്ട് ഉറപ്പുണ്ടായിരിക്കാനാകും?
5 മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്താനുള്ള ആഗ്രഹം യഹോവയ്ക്കുണ്ടോ? തീർച്ചയായുമുണ്ട്! ആ വാഗ്ദാനത്തെക്കുറിച്ച് എഴുതാൻ പല ബൈബിളെഴുത്തുകാരെയും യഹോവ പ്രചോദിപ്പിച്ചിട്ടുണ്ട്. (യശ. 26:19; ഹോശേ. 13:14; വെളി. 20:11-13) യഹോവ ഒരു വാക്കു തന്നാൽ അതു പാലിച്ചിരിക്കും. (യോശു. 23:14) വാസ്തവത്തിൽ, മരിച്ചവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ യഹോവ കാത്തിരിക്കുകയാണ്. അത് എങ്ങനെ അറിയാം?
6 ഗോത്രപിതാവായ ഇയ്യോബിന്റെ വാക്കുകൾ ശ്രദ്ധിക്കുക. താൻ മരിച്ചുപോയാലും തന്നെ വീണ്ടും കാണാൻ യഹോവയ്ക്ക് ആഗ്രഹം തോന്നുമെന്ന് ഇയ്യോബിന് ഉറപ്പായിരുന്നു. (ഇയ്യോ. 14:14, 15) മരിച്ചുപോയ തന്റെ എല്ലാ ദാസന്മാരെക്കുറിച്ചും യഹോവയ്ക്ക് അതേ ആഗ്രഹമുണ്ട്. അവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാനും ആരോഗ്യത്തോടെയും സന്തോഷത്തോടെയും അവർ ജീവിക്കുന്നതു കാണാനും യഹോവ കാത്തിരിക്കുകയാണ്. എന്നാൽ യഹോവയെക്കുറിച്ച് അറിയാൻ അവസരം കിട്ടാതെ മരിച്ചുപോയ കോടിക്കണക്കിന് ആളുകളുടെ കാര്യത്തിലോ? നമ്മുടെ സ്നേഹവാനായ ദൈവം അവരെയും ഉയിർപ്പിക്കാൻ ആഗ്രഹിക്കുന്നു. (പ്രവൃ. 24:15) അങ്ങനെയാകുമ്പോൾ ദൈവത്തിന്റെ സുഹൃത്തുക്കളാകാനും ഭൂമിയിൽ എന്നേക്കും ജീവിക്കാനും അവർക്കും അവസരം കിട്ടുമല്ലോ. (യോഹ. 3:16) മരിച്ചവരെ പുനരുത്ഥാനപ്പെടുത്താൻ ഉറപ്പായും യഹോവയ്ക്ക് ആഗ്രഹമുണ്ട്.
7-8. മരിച്ചവരെ ഉയിർപ്പിക്കാനുള്ള കഴിവ് യഹോവയ്ക്കുണ്ടെന്നു എങ്ങനെ അറിയാം?
7 മരിച്ചവരെ ഉയിർപ്പിക്കാനുള്ള കഴിവും യഹോവയ്ക്കുണ്ടോ? ഉറപ്പായും! കാരണം യഹോവ “സർവശക്തൻ” ആണ്. (വെളി. 1:8) അതുകൊണ്ട് മരണം ഉൾപ്പെടെ ഏതു ശത്രുവിനെയും കീഴ്പെടുത്താനുള്ള ശക്തി യഹോവയ്ക്കുണ്ട്. (1 കൊരി. 15:26) അത് അറിയുന്നതു നമുക്ക് ഒരു ബലവും ആശ്വാസവും അല്ലേ? എമ്മ അർനോൾഡ് സഹോദരിയുടെ അനുഭവം നോക്കുക. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് സഹോദരിക്കും കുടുംബത്തിനും വിശ്വാസത്തിന്റെ പേരിൽ പല പരീക്ഷണങ്ങളും നേരിട്ടു. നാസി തടങ്കൽപ്പാളയത്തിൽവെച്ച് മരിച്ച പ്രിയപ്പെട്ടവരെ ഓർത്ത് വിഷമിക്കുന്ന മകളോട് സഹോദരി പറഞ്ഞു: ‘മരണത്തിന് മനുഷ്യരെ എന്നേക്കുമായി ശവക്കുഴിയിൽ തളച്ചിടാനാകുമെങ്കിൽ അതു തീർച്ചയായും ദൈവത്തെക്കാൾ ശക്തിയുള്ളതാണെന്നുവരും. പക്ഷേ അങ്ങനെയാകാൻ പറ്റില്ലല്ലോ.’ യഹോവയെക്കാൾ ശക്തിയുള്ള ഒന്നുമില്ല! ജീവൻ സൃഷ്ടിച്ച സർവശക്തനായ ദൈവത്തിനു തീർച്ചയായും മരിച്ചുപോയവർക്കു ജീവൻ തിരികെ നൽകാനും കഴിയും.
8 മരിച്ചവരെ പുനരുത്ഥാനപ്പെടുത്താനുള്ള കഴിവ് യഹോവയ്ക്കുണ്ടെന്നു പറയാനുള്ള മറ്റൊരു കാരണം, യഹോവയുടെ അളവറ്റ ഓർമശക്തിയാണ്. ദൈവം ഓരോ നക്ഷത്രത്തെയും പേരെടുത്ത് വിളിക്കുന്നു. (യശ. 40:26) അതുപോലെ മരിച്ചുപോയവരും ദൈവത്തിന്റെ ഓർമയിലുണ്ട്. (ഇയ്യോ. 14:13; ലൂക്കോ. 20:37, 38) തിരികെ ജീവനിലേക്കു കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നവരെക്കുറിച്ചുള്ള ചെറിയചെറിയ വിവരങ്ങൾപോലും ഓർത്തുവെക്കാൻ യഹോവയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അവർ കാഴ്ചയ്ക്ക് എങ്ങനെയുള്ളവരാണെന്നും അവരുടെ സ്വഭാവസവിശേഷതകളും ജീവിതത്തിലെ അനുഭവങ്ങളും ഓർമകളും എന്തെല്ലാമാണെന്നും ദൈവം ഓർത്തുവെക്കുന്നു.
9. പുനരുത്ഥാനത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനത്തിൽ നിങ്ങൾ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
9 മരിച്ചവരെ ഉയിർപ്പിക്കാനുള്ള ആഗ്രഹവും കഴിവും യഹോവയ്ക്കുള്ളതുകൊണ്ട് പുനരുത്ഥാനത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം നമുക്കു വിശ്വസിക്കാനാകും. അതിനുള്ള മറ്റൊരു കാരണത്തെക്കുറിച്ച് ഇനി നോക്കാം: യഹോവ ഇതിനോടകംതന്നെ ആളുകളെ ഉയിർപ്പിച്ചിട്ടുണ്ട്. ബൈബിൾക്കാലങ്ങളിൽ യേശു ഉൾപ്പെടെയുള്ള ചില വിശ്വസ്തദാസന്മാർക്കു മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തി ദൈവം നൽകി. അത്തരത്തിൽ യേശു നടത്തിയ ഒരു പുനരുത്ഥാനത്തെക്കുറിച്ചാണു നമ്മൾ കാണാൻപോകുന്നത്. യോഹന്നാൻ 11-ാം അധ്യായത്തിൽനിന്നുള്ള വിവരണമാണ് അത്.
യേശുവിന്റെ ഒരു അടുത്ത സുഹൃത്ത് മരിക്കുന്നു
10. യേശു യോർദാന് അക്കരെ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ടിരുന്ന സമയത്ത് എന്താണു സംഭവിച്ചത്, യേശു അപ്പോൾ എന്തു ചെയ്തു? (യോഹന്നാൻ 11:1-3)
10 യോഹന്നാൻ 11:1-3 വായിക്കുക. എ.ഡി. 32-ന്റെ അവസാനത്തോട് അടുത്ത് ബഥാന്യയിൽ നടന്ന ഈ സംഭവം ഒന്നു മനസ്സിൽക്കാണുക: ആ ഗ്രാമത്തിൽ യേശുവിനു വളരെ അടുത്ത സുഹൃത്തുക്കളുണ്ട്, ലാസറും അദ്ദേഹത്തിന്റെ പെങ്ങന്മാരായ മാർത്തയും മറിയയും. (ലൂക്കോ. 10:38-42) ഇപ്പോൾ ലാസറിന് ഒരു രോഗം പിടിപെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹോദരിമാർക്ക് ആകെ ഉത്കണ്ഠയായി. ഈ വിവരം യേശുവിനെ അറിയിക്കാൻ അവർ ആളയച്ചു. പക്ഷേ യേശു ബഥാന്യയിൽനിന്ന് രണ്ടു ദിവസത്തെ വഴിദൂരം അകലെയായി യോർദാന് അക്കരെയുള്ള ഒരു സ്ഥലത്താണ്. (യോഹ. 10:40) സന്ദേശവുമായി വന്നയാൾ യേശുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും ലാസർ മരിച്ചിരുന്നു. തന്റെ സുഹൃത്ത് മരിച്ചെന്നു മനസ്സിലായെങ്കിലും യേശു രണ്ടു ദിവസംകൂടി അവിടെത്തന്നെ തങ്ങുന്നു. അതിനു ശേഷമാണ് ബഥാന്യയിലേക്കു യാത്രതിരിച്ചത്. അതുകൊണ്ട് യേശു അവിടെ എത്തിയപ്പോഴേക്കും ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞു. ഇപ്പോൾ യേശു തന്റെ കൂട്ടുകാർക്ക് വളരെയധികം സന്തോഷം നൽകുന്ന, ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന, ഒരു കാര്യം ചെയ്യാൻപോകുകയാണ്.—യോഹ. 11:4, 6, 11, 17.
11. ഈ വിവരണത്തിൽനിന്ന് സൗഹൃദത്തെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
11 ഈ വിവരണം സൗഹൃദത്തെക്കുറിച്ച് നല്ലൊരു പാഠം പഠിപ്പിക്കുന്നു. യേശുവിനുള്ള സന്ദേശവുമായി ആളെ അയച്ചപ്പോൾ ലാസർ സുഖമില്ലാതെ കിടപ്പിലാണെന്നു മാത്രമേ മറിയയും മാർത്തയും പറഞ്ഞുള്ളൂ. യേശുവിനോട് തങ്ങളുടെ അടുത്തേക്കു വരാൻ ആവശ്യപ്പെട്ടില്ല. (യോഹ. 11:3) ഇനി, ലാസർ മരിച്ചെന്നു മനസ്സിലാക്കിയപ്പോൾ യേശുവിനു വേണമെങ്കിൽ താനായിരിക്കുന്ന സ്ഥലത്തുനിന്നുതന്നെ അദ്ദേഹത്തെ ഉയിർപ്പിക്കാമായിരുന്നു. പക്ഷേ തന്റെ സുഹൃത്തുക്കളായ മറിയയുടെയും മാർത്തയുടെയും കൂടെയായിരിക്കാൻ ബഥാന്യയിലേക്കു പോകാൻ യേശു തീരുമാനിച്ചു. ഇതുപോലെ, ആവശ്യപ്പെടാതെതന്നെ സഹായത്തിനായി ഓടിയെത്തുന്ന ഒരു കൂട്ടുകാരൻ നിങ്ങൾക്കുണ്ടോ? എങ്കിൽ “കഷ്ടതകളുടെ സമയത്ത്” അയാളെയായിരിക്കില്ലേ നിങ്ങൾ ആശ്രയിക്കുക? (സുഭാ. 17:17) യേശു അങ്ങനെയുള്ള ഒരാളായിരുന്നു. യേശുവിനെ അനുകരിച്ചുകൊണ്ട് മറ്റുള്ളവർക്കു നല്ലൊരു സുഹൃത്തായിരിക്കാൻ നമുക്കും ശ്രമിക്കാം. നമുക്ക് ഇനി ബഥാന്യയിലേക്കു തിരിച്ചുപോകാം. തുടർന്ന് അവിടെ എന്തു സംഭവിച്ചെന്നു നോക്കാം.
12. യേശു മാർത്തയ്ക്ക് എന്ത് ഉറപ്പുനൽകി, മാർത്തയ്ക്ക് അതു വിശ്വസിക്കാനാകുമായിരുന്നത് എന്തുകൊണ്ട്? (യോഹന്നാൻ 11:23-26)
12 യോഹന്നാൻ 11:23-26 വായിക്കുക. യേശു ബഥാന്യയുടെ അടുത്ത് എത്തിയെന്ന് അറിഞ്ഞ മാർത്ത യേശുവിനെ കാണാനായി ഓടിച്ചെന്നു. എന്നിട്ട് യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു.” (യോഹ. 11:21) ശരിയാണ്, യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ ലാസറിനെ സുഖപ്പെടുത്തിയേനെ. പക്ഷേ അതിലും വലിയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് യേശു ഇപ്പോൾ ചിന്തിക്കുന്നത്. “നിന്റെ ആങ്ങള എഴുന്നേറ്റുവരും” എന്നു യേശു മാർത്തയ്ക്ക് ഉറപ്പുകൊടുത്തു. “ഞാനാണു പുനരുത്ഥാനവും ജീവനും” എന്നു പറഞ്ഞുകൊണ്ട് ആ വാക്കുകൾ വിശ്വസിക്കാനുള്ള കൂടുതലായ കാരണവും യേശു നൽകി. അതെ, ദൈവം യേശുവിനു മരിച്ചവരെ ഉയിർപ്പിക്കാനുള്ള കഴിവ് നൽകിയിട്ടുണ്ടായിരുന്നു. മുമ്പ് ഒരു ചെറിയ പെൺകുട്ടിയെയും ഒരു ചെറുപ്പക്കാരനെയും അവർ മരിച്ച് അധികം താമസിയാതെ യേശു ഉയിർപ്പിച്ചിരുന്നു. (ലൂക്കോ. 7:11-15; 8:49-55) പക്ഷേ ഇപ്പോൾ ലാസർ മരിച്ചിട്ട് നാലു ദിവസമായി. ഇങ്ങനെ, ശരീരം അഴുകാൻതുടങ്ങിയ ഒരാളെ യേശുവിന് ഉയിർപ്പിക്കാൻ കഴിയുമോ?
“ലാസറേ, പുറത്ത് വരൂ”
13. യോഹന്നാൻ 11:32-35 ൽ പറഞ്ഞിരിക്കുന്നതുപോലെ മറിയയും മറ്റുള്ളവരും കരയുന്നതു കണ്ടപ്പോൾ യേശു എന്തു ചെയ്തു? (ചിത്രവും കാണുക.)
13 യോഹന്നാൻ 11:32-35 വായിക്കുക. തുടർന്ന് എന്തു സംഭവിച്ചെന്നു നോക്കുക. ലാസറിന്റെ മറ്റേ സഹോദരിയായ മറിയ യേശുവിനെ കാണാൻ പുറത്തേക്കു ചെന്നു. മറിയയും യേശുവിനോട്, മാർത്തയുടെ അതേ വാക്കുകൾ പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു.” മറിയയും മറ്റുള്ളവരും ആകെ സങ്കടത്തിലാണ്. അവർ കരയുന്നതു കാണുകയും കേൾക്കുകയും ചെയ്തപ്പോൾ യേശുവിനും വലിയ വിഷമമായി. അവരുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ യേശുവും കരഞ്ഞു. സ്നേഹിക്കുന്ന ഒരാൾ മരിക്കുമ്പോഴുണ്ടാകുന്ന വേദന എത്ര വലുതാണെന്നു യേശുവിനു മനസ്സിലാകും. അതുകൊണ്ടു നമ്മളെ കണ്ണീരിലാഴ്ത്തുന്ന ഇത്തരം കാര്യങ്ങൾ ഇല്ലാതാക്കാൻ ഉറപ്പായും യേശു കാത്തിരിക്കുകയാണ്.
14. മറിയ കരയുന്നതു കണ്ടപ്പോൾ യേശു പ്രതികരിച്ച വിധത്തിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
14 മറിയ കരയുന്നതു കണ്ടപ്പോഴുള്ള യേശുവിന്റെ പ്രതികരണം നമ്മളെ പഠിപ്പിക്കുന്നത് യഹോവ ആർദ്രാനുകമ്പയുള്ള ദൈവമാണെന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, യേശു തന്റെ പിതാവിന്റെ ചിന്തകളും വികാരങ്ങളും ഏറ്റവും നന്നായി അനുകരിക്കുന്നു. (യോഹ. 12:45) തന്റെ കൂട്ടുകാരുടെ വിഷമം കണ്ടപ്പോൾ യേശുവിന് അവരോട് അനുകമ്പ തോന്നുകയും അവരോടൊപ്പം കരയുകയും ചെയ്തു. അതു കാണിക്കുന്നത്, നമ്മുടെ കണ്ണീർ കാണുമ്പോൾ യഹോവയ്ക്കും നമ്മളോട് അതേ അനുകമ്പ തോന്നുമെന്നാണ്. (സങ്കീ. 56:8) ഈ അറിവ് അനുകമ്പയുള്ള ദൈവത്തോടു കൂടുതൽ അടുക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നില്ലേ?
15. യോഹന്നാൻ 11:41-44 പറയുന്നതനുസരിച്ച് ലാസറിന്റെ കല്ലറയ്ക്കൽ എന്താണു നടന്നതെന്നു വിവരിക്കുക. (ചിത്രവും കാണുക.)
15 യോഹന്നാൻ 11:41-44 വായിക്കുക. ലാസറിനെ അടക്കം ചെയ്തിരുന്ന കല്ലറയുടെ അടുത്ത് എത്തിയിട്ട് അതിന്റെ വാതിൽക്കൽ വെച്ചിരിക്കുന്ന കല്ലു മാറ്റാൻ യേശു ആവശ്യപ്പെടുന്നു. പക്ഷേ ദുർഗന്ധം കാണുമെന്നു പറഞ്ഞുകൊണ്ട് മാർത്ത യേശുവിനെ തടയാൻ ശ്രമിച്ചു. അപ്പോൾ യേശു അവളോട്, “‘വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ’ എന്നു ചോദിച്ചു.” (യോഹ. 11:39, 40) എന്നിട്ട് എല്ലാവരുടെയും മുന്നിൽവെച്ച് യേശു കണ്ണുകൾ മേലോട്ട് ഉയർത്തി പ്രാർഥിക്കുന്നു. താൻ ചെയ്യാൻപോകുന്ന കാര്യത്തിന്റെ മഹത്ത്വം മുഴുവൻ യഹോവയ്ക്കു നൽകാനാണു യേശു ആഗ്രഹിക്കുന്നത്. തുടർന്ന് യേശു ഇങ്ങനെ പറയുന്നു: “ലാസറേ, പുറത്ത് വരൂ.” അപ്പോൾ ലാസർ കല്ലറയുടെ പുറത്തേക്കു വന്നു. യേശു ഇപ്പോൾ ചെയ്ത ഈ കാര്യം, ഒരിക്കലും നടക്കില്ലെന്നു പലരും കരുതിയ ഒന്നാണ്. c
16. യോഹന്നാൻ 11-ാം അധ്യായത്തിലെ വിവരണം പുനരുത്ഥാനപ്രത്യാശയിലുള്ള വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ?
16 യോഹന്നാൻ 11-ാം അധ്യായത്തിലെ ഈ വിവരണം, പുനരുത്ഥാനപ്രത്യാശയിലുള്ള നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കുന്നു. എങ്ങനെ? യേശു മാർത്തയ്ക്കു കൊടുത്ത ഉറപ്പ് ഓർക്കുക: “നിന്റെ ആങ്ങള എഴുന്നേറ്റുവരും.” (യോഹ. 11:23) തന്റെ പിതാവിനെപ്പോലെ യേശുവിനും മരിച്ചവരെ ഉയിർപ്പിക്കാനുള്ള ആഗ്രഹവും കഴിവും ഉണ്ട്. ആളുകളെ തിരികെ ജീവനിലേക്കു കൊണ്ടുവരാനും നമുക്കുണ്ടായ സങ്കടങ്ങൾ മായ്ക്കാനും യേശു അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് യേശുവിന്റെ കണ്ണീർ ഉറപ്പുനൽകുന്നു. കൂടാതെ, ലാസറിനെ ഉയിർപ്പിച്ചതിലൂടെ മരിച്ചവരെ പുനരുത്ഥാനപ്പെടുത്താനുള്ള കഴിവ് തനിക്കുണ്ടെന്നു യേശു വീണ്ടും തെളിയിച്ചു. യേശു മാർത്തയെ ഓർമിപ്പിച്ച ആ കാര്യത്തെക്കുറിച്ചും ചിന്തിക്കുക: “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ.” (യോഹ. 11:40) മരിച്ചവരെ ഉയിർപ്പിക്കുമെന്ന ദൈവത്തിന്റെ വാക്കുകൾ വിശ്വസിക്കാൻ നമുക്കു ശക്തമായ കാരണങ്ങളുണ്ട്. എന്നാൽ ആ വാഗ്ദാനത്തിലുള്ള വിശ്വാസം കുറെക്കൂടി ശക്തമാക്കാൻ എന്തു ചെയ്യാം?
പുനരുത്ഥാനത്തിലുള്ള വിശ്വാസം എങ്ങനെ കൂടുതൽ ശക്തമാക്കാം?
17. പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
17 മുമ്പ് നടന്ന പുനരുത്ഥാനങ്ങളെക്കുറിച്ച് വായിക്കുക, ചിന്തിക്കുക. മരിച്ചവരിൽനിന്ന് ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ട എട്ടു പേരെക്കുറിച്ച് ബൈബിൾ പറയുന്നു. d ആ ഓരോ വിവരണത്തെക്കുറിച്ചും വിശദമായി ഒന്നു പഠിച്ചുകൂടേ? അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ഓർക്കുക: പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പുനരുത്ഥാനപ്പെട്ടുവന്ന ആ വ്യക്തികളെല്ലാം ശരിക്കും ഭൂമിയിൽ ജീവിച്ചിരുന്നവർതന്നെയാണ്. ആ ഭാഗങ്ങൾ വായിക്കുമ്പോൾ അതിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ കണ്ടെത്തുക. ഓരോ സംഭവവും മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള യഹോവയുടെ ശക്തിയും ആഗ്രഹവും വെളിപ്പെടുത്തുന്നത് എങ്ങനെയാണെന്നു ചിന്തിക്കുക. ഏറ്റവും പ്രധാനമായി യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ചിന്തിക്കുക. ഇന്നുവരെ നടന്നിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ട പുനരുത്ഥാനം അതാണല്ലോ. ആ പുനരുത്ഥാനം നടന്നു എന്നതിനു നൂറുകണക്കിനു സാക്ഷികളുണ്ട്. ഭാവിയിലെ പുനരുത്ഥാനം നടക്കുമെന്നു വിശ്വസിക്കാൻ നമുക്കുള്ള ഏറ്റവും വലിയ കാരണം യേശുവിന്റെ പുനരുത്ഥാനമാണ്.—1 കൊരി. 15:3-6, 20-22.
18. പുനരുത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ പാട്ടുകളിൽനിന്ന് എങ്ങനെ പ്രയോജനം നേടാം? (അടിക്കുറിപ്പും കാണുക.)
18 പുനരുത്ഥാനപ്രത്യാശയെക്കുറിച്ചുള്ള ‘ആത്മീയഗീതങ്ങളിൽനിന്ന്’ പ്രയോജനം നേടുക. e (എഫെ. 5:19) പുനരുത്ഥാനം ശരിക്കും നടക്കാൻപോകുന്ന ഒന്നായി കാണാനും അതിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാനും ഇത്തരം ഗീതങ്ങൾ സഹായിക്കും. അവ കേൾക്കുക, പാടി പരിശീലിക്കുക, വരികളുടെ അർഥത്തെക്കുറിച്ച് കുടുംബാരാധനയിൽ ചർച്ച ചെയ്യുക. കൂടാതെ, വരികൾ മനഃപാഠമാക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ, ജീവനു ഭീഷണി നേരിടുമ്പോഴോ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോഴോ ഈ പാട്ടുകൾ ഓർത്തെടുക്കാനും അതിൽനിന്ന് ആശ്വാസവും ബലവും നേടാനും ദൈവാത്മാവ് നമ്മളെ സഹായിക്കും.
19. പുനരുത്ഥാനത്തെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ നമുക്കു ഭാവനയിൽ കാണാനാകും? (“ അവരോട് എന്തു ചോദിക്കും?” എന്ന ചതുരം കാണുക.)
19 കാര്യങ്ങൾ ഭാവനയിൽ കാണുക. യഹോവ നമുക്കു കാര്യങ്ങൾ ഭാവനയിൽ കാണാനുള്ള കഴിവ് തന്നിട്ടുണ്ട്. അത് ഉപയോഗിച്ച്, ഇപ്പോൾത്തന്നെ പറുദീസയിലായിരിക്കുന്നതായി നമുക്കു ചിന്തിക്കാനാകും. ഒരു സഹോദരി പറയുന്നു: “പുതിയ ലോകത്തിൽ ജീവിക്കുന്നതിനെക്കുറിച്ച് ഭാവനയിൽ കാണാൻ ഒരുപാടു സമയം ഞാൻ ചെലവഴിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ പറുദീസയിൽ വിരിയുന്ന റോസാപ്പൂക്കളുടെ മണംപോലും എനിക്കു കിട്ടാറുണ്ട്.” ബൈബിൾക്കാലങ്ങളിലെ വിശ്വസ്തരായ സ്ത്രീപുരുഷന്മാരെ നേരിൽ കാണുന്നതിനെക്കുറിച്ച് ഓർക്കുക. ആരെ കാണാനാണു നിങ്ങൾ കാത്തിരിക്കുന്നത്? ആ വ്യക്തിയോട് എന്തൊക്കെ ചോദ്യങ്ങളായിരിക്കും ചോദിക്കുക? ഇനി, മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും ഭാവനയിൽ കാണുക. അവരോട് ആദ്യം പറയുന്ന വാക്കുകൾ, അവരെ കെട്ടിപ്പിടിക്കുന്നത്, സന്തോഷംകൊണ്ട് കണ്ണുകൾ നിറയുന്നത്, അങ്ങനെ ആ കൂടിക്കാഴ്ചയിലെ ചെറിയചെറിയ കാര്യങ്ങൾപോലും മനസ്സിൽ കാണാൻ ശ്രമിക്കുക.
20. എന്തു ചെയ്യാൻ നമ്മൾ തുടർന്നും ശ്രമിക്കണം?
20 പുനരുത്ഥാനപ്രത്യാശ തന്നതിന് യഹോവയോടു നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം! ദൈവം തന്റെ വാക്കു പാലിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. കാരണം യഹോവയ്ക്ക് അതിനുള്ള ആഗ്രഹവും കഴിവും ഉണ്ട്. അതുകൊണ്ട് ഈ പ്രത്യാശയിലുള്ള വിശ്വാസം കൂടുതൽ ശക്തമാക്കാൻ തുടർന്നും ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ദൈവത്തോടു കൂടുതൽക്കൂടുതൽ അടുക്കും. ഒരർഥത്തിൽ ദൈവം നമ്മളോട് ഇങ്ങനെ പറയുകയാണ്: ‘നിന്റെ പ്രിയപ്പെട്ടവർ എഴുന്നേറ്റുവരും!’
ഗീതം 147 നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു
a നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കിൽ പുനരുത്ഥാനപ്രത്യാശ തീർച്ചയായും വലിയൊരു ആശ്വാസമാണ്. എങ്കിലും പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾ എങ്ങനെ മറ്റൊരാളോടു വിശദീകരിക്കും? ഇനി, പുനരുത്ഥാനത്തിലുള്ള നിങ്ങളുടെതന്നെ വിശ്വാസം കൂടുതൽ ശക്തമാക്കാൻ എങ്ങനെ കഴിയും? ഈ പ്രത്യാശയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാനായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ലേഖനം.
b 2016 നവംബർ JW പ്രക്ഷേപണത്തിലെ കാൺമെൻ കൺമുന്നിൽ ഞാൻ എന്ന ചിത്രഗീതമായിരുന്നു അത്.
c 2008 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ, “ലാസറിന്റെ കല്ലറയ്ക്കൽ എത്താൻ യേശു നാലു ദിവസമെടുത്തത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
d 2015 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരം പേ. 4-ലെ “ബൈബിളിൽ പറഞ്ഞിരിക്കുന്ന എട്ടു പുനരുത്ഥാനങ്ങൾ” (ഇംഗ്ലീഷ്) എന്ന ചതുരം കാണുക.
e “സന്തോഷത്തോടെ പാടി സ്തുതിക്കുക” എന്ന പാട്ടുപുസ്തകത്തിലെ ഈ പാട്ടുകൾ കാണുക: “എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!” (ഗീതം 139), “സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!” (ഗീതം 144), “ദൈവം വിളിക്കും” (ഗീതം 151). JW.ORG-ലെ ഈ ചിത്രഗീതങ്ങളും കാണുക: “കാൺമെൻ കൺമുന്നിൽ ഞാൻ,” “വരാനിരിക്കുന്ന പുതിയ ലോകം,” “കാണും നീ.”