പഠനലേഖനം 19
പുതിയ ലോകത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ശക്തമാക്കാം
“താൻ പറയുന്നതു ദൈവം ചെയ്യാതിരിക്കുമോ?”—സംഖ്യ 23:19.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
ചുരുക്കം a
1-2. പുതിയ ലോകത്തിനായി കാത്തിരിക്കുന്ന ഈ സമയത്ത് നമ്മൾ എന്തു ചെയ്യണം?
ഈ ദുഷിച്ച ലോകത്തിനു പകരം ആ സ്ഥാനത്ത് നീതിയുള്ള ഒരു പുതിയ ലോകം കൊണ്ടുവരുമെന്ന യഹോവയുടെ വാഗ്ദാനത്തെ നമ്മൾ വളരെ വിലയേറിയതായി കാണുന്നു. (2 പത്രോ. 3:13) ആ ലോകം എന്നു വരുമെന്നു നമുക്ക് അറിയില്ലെങ്കിലും തെളിവുകൾ സൂചിപ്പിക്കുന്നത് അതിനുവേണ്ടി നമുക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ്.—മത്താ. 24:32-34, 36; പ്രവൃ. 1:7.
2 സത്യത്തിൽ വന്നിട്ട് എത്ര കാലമായാലും നമ്മളെല്ലാം ഈ വാഗ്ദാനത്തിലുള്ള വിശ്വാസം ശക്തമാക്കേണ്ടതുണ്ട്. കാരണം ശക്തമായ വിശ്വാസംപോലും കുറഞ്ഞുപോകാൻ സാധ്യതയുണ്ട്. വിശ്വാസക്കുറവിനെ പൗലോസ് വിളിച്ചത് ‘എളുപ്പം വരിഞ്ഞുമുറുക്കുന്ന പാപം’ എന്നാണ്. (എബ്രാ. 12:1) അതുകൊണ്ട് പുതിയ ലോകത്തിനായി കാത്തിരിക്കുന്ന ഈ സമയത്ത് നമ്മുടെ വിശ്വാസം കുറഞ്ഞുപോകാതിരിക്കാൻ എന്തു ചെയ്യാം? അതു പെട്ടെന്നു വരുമെന്നതിന്റെ തെളിവുകളെക്കുറിച്ച് പതിവായി ആഴത്തിൽ ചിന്തിക്കുക.—എബ്രാ. 11:1.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 പുതിയ ലോകത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യും: (1) മോചനവിലയെക്കുറിച്ച് ധ്യാനിക്കുന്നത്, (2) യഹോവയുടെ ശക്തിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നത്, (3) ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ ഉൾപ്പെടുന്നത്. കൂടാതെ, ഹബക്കൂക്ക് പ്രവാചകന് യഹോവ നൽകിയ സന്ദേശം ഇന്നു നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കുന്നത് എങ്ങനെയെന്നും പഠിക്കും. എന്നാൽ ആദ്യംതന്നെ, നമ്മുടെ ജീവിതത്തിൽ ഇപ്പോൾ നേരിട്ടേക്കാവുന്ന ചില സാഹചര്യങ്ങളെക്കുറിച്ച് നോക്കാം. യഹോവയുടെ വാഗ്ദാനങ്ങളിൽ ശക്തമായ വിശ്വാസമുണ്ടായിരിക്കുന്നത് അത്തരം സന്ദർഭങ്ങളിൽ നമ്മളെ എങ്ങനെ സഹായിക്കുമെന്നും കാണാം.
ശക്തമായ വിശ്വാസം വേണ്ട സാഹചര്യങ്ങൾ
4. എങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ശക്തമായ വിശ്വാസം ആവശ്യമാണ്?
4 ശക്തമായ വിശ്വാസം ആവശ്യമായ പല തീരുമാനങ്ങളും നമുക്കു ജീവിതത്തിൽ എടുക്കേണ്ടിവരാറുണ്ട്. ഉദാഹരണത്തിന്, വിനോദം, വിദ്യാഭ്യാസം, കൂട്ടുകാർ, വിവാഹം, കുട്ടികൾ, ജോലി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഈ ലോകം മാറി ദൈവത്തിന്റെ പുതിയ ലോകം വരുമെന്ന ബോധ്യം എനിക്കുണ്ടെന്നു തെളിയിക്കുന്നതാണോ ഞാൻ എടുക്കുന്ന തീരുമാനങ്ങൾ? അതോ മരണത്തോടെ എല്ലാം അവസാനിക്കുമെന്നു വിശ്വസിക്കുന്ന ആളുകളുടേതുപോലെയാണോ എന്റെ തീരുമാനങ്ങൾ?’ (മത്താ. 6:19, 20; ലൂക്കോ. 12:16-21) പുതിയ ലോകം തൊട്ടടുത്ത് എത്തിയെന്ന വിശ്വാസം ശക്തമാക്കുകയാണെങ്കിൽ ഏറ്റവും നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കാകും.
5-6. വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്കു ശക്തമായ വിശ്വാസം വേണ്ടത് എന്തുകൊണ്ട്? ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
5 ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോഴും ശക്തമായ വിശ്വാസം ആവശ്യമായിവരും. ഉപദ്രവമോ ഗുരുതരമായ രോഗമോ മറ്റ് ഏതെങ്കിലും കാര്യങ്ങളോ ചിലപ്പോൾ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം. ആദ്യമൊക്കെ ആ പരീക്ഷണത്തെ നമ്മൾ സഹിച്ചുനിന്നേക്കാം. എന്നാൽ പ്രശ്നങ്ങൾ പെട്ടെന്നു മാറാതെവരുമ്പോൾ അതു സഹിച്ചുനിൽക്കാനും സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാനും ശക്തമായ വിശ്വാസം കൂടിയേ തീരൂ.—റോമ. 12:12; 1 പത്രോ. 1:6, 7.
6 ഒരു പരീക്ഷണത്തിലൂടെ കടന്നുപോകുമ്പോൾ ‘പുതിയ ലോകം എന്നു വരാനാണ്’ എന്നു നമ്മൾ ചിന്തിച്ചേക്കാം. അതിന്റെ അർഥം നമുക്ക് വിശ്വാസം കുറഞ്ഞുപോയെന്നാണോ? അങ്ങനെയായിരിക്കണമെന്നില്ല. ഇതൊന്നു ചിന്തിക്കുക: ആഴ്ചകളോളം ശക്തമായ മഴ പെയ്യുമ്പോൾ ‘ഇനി എന്നു വെയിൽ തെളിയാനാ’ എന്നു നമുക്കു തോന്നും. പക്ഷേ വെയിൽ വരുമെന്നു നമുക്ക് അറിയാം. ഇതുപോലെ കടുത്ത നിരാശയിലായിരിക്കുമ്പോൾ, പുതിയ ലോകം പെട്ടെന്നൊന്നും വരില്ലെന്നു തോന്നിയേക്കാം. എന്നാൽ വിശ്വാസം ശക്തമാണെങ്കിൽ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ നടപ്പിലാകുമെന്നു നമുക്ക് ഉറപ്പായിരിക്കും. (സങ്കീ. 94:3, 14, 15; എബ്രാ. 6:17-19) അത് യഹോവയെ ആരാധിക്കുന്നതിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ നമ്മളെ സഹായിക്കും.
7. ഏതു തരം ചിന്ത നമ്മൾ ഒഴിവാക്കണം?
7 “സന്തോഷവാർത്ത” മറ്റുള്ളവരെ അറിയിക്കാനും നമുക്കു ശക്തമായ വിശ്വാസം വേണം. (മത്താ. 24:14) ദൈവത്തിന്റെ പുതിയ ലോകം വരുമെന്ന വാർത്ത ആളുകളെ അറിയിക്കുമ്പോൾ അവരിൽ പലരും ചിന്തിക്കുന്നത് ‘ഇതൊന്നും നടക്കാൻപോകുന്നില്ല’ എന്നാണ്. (യഹ. 33:32) അങ്ങനെയൊരു ചിന്ത നമ്മളെയും പിടികൂടാതിരിക്കാൻ ശ്രദ്ധിക്കണം. അതിനായി നമ്മൾ വിശ്വാസം ശക്തമാക്കിക്കൊണ്ടിരിക്കണം. അതിനു സഹായിക്കുന്ന മൂന്നു കാര്യങ്ങൾ നോക്കാം.
മോചനവിലയെക്കുറിച്ച് ധ്യാനിക്കുക
8-9. മോചനവിലയെക്കുറിച്ച് ചിന്തിക്കുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ?
8 നമ്മുടെ വിശ്വാസം ശക്തമാക്കാൻ കഴിയുന്ന ഒരു വിധം മോചനവിലയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതാണ്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ നടക്കും എന്നതിന്റെ പൂർണ ഉറപ്പാണു മോചനവില. എന്തുകൊണ്ടാണു മോചനവില നൽകിയത്, അതിനുവേണ്ടി യഹോവ എന്തൊക്കെ ത്യാഗങ്ങൾ ചെയ്തു എന്നതിനെക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിക്കുക. അപ്പോൾ പുതിയ ഭൂമിയിൽ നിത്യം ജീവിക്കാനാകുമെന്ന, ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാകും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
9 എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചാണ് യഹോവ മോചനവില നൽകിയത്? മറ്റാരെക്കാളും തനിക്ക് അടുപ്പമുണ്ടായിരുന്ന പ്രിയ മകനെ യഹോവ സ്വർഗത്തിൽനിന്ന് ഒരു പൂർണ മനുഷ്യനായി ഭൂമിയിലേക്ക് അയച്ചു. ഭൂമിയിലായിരുന്നപ്പോൾ യേശുവിന് ഒരുപാടു കഷ്ടങ്ങൾ സഹിക്കേണ്ടിവന്നു. അവസാനം വേദന സഹിച്ച് മരിക്കുകയും ചെയ്തു. യഹോവ നൽകിയ വില എത്ര വലുതാണ്, അല്ലേ? നമ്മൾ കുറച്ച് കാലത്തേക്കു മാത്രം നല്ലൊരു ജീവിതം നയിക്കാനാണ് യഹോവ ഉദ്ദേശിച്ചിരുന്നതെങ്കിൽ തന്റെ മകൻ വേദനകൾ സഹിച്ച് മരിക്കാൻ സ്നേഹവാനായ ദൈവം അനുവദിക്കുമായിരുന്നോ? (യോഹ. 3:16; 1 പത്രോ. 1:18, 19) നമുക്കുവേണ്ടി സ്വന്തം മകനെപ്പോലും നൽകിക്കൊണ്ട് വലിയ ത്യാഗം ചെയ്ത യഹോവ പുതിയ ഭൂമിയിൽ നമ്മൾ എന്നേക്കും ജീവിക്കുന്നതിനു വേണ്ട കാര്യങ്ങളും ഉറപ്പായും ചെയ്യും.
യഹോവയുടെ ശക്തിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക
10. എഫെസ്യർ 3:20 പറയുന്നതനുസരിച്ച് യഹോവയ്ക്ക് എന്തു ചെയ്യാൻ കഴിയും?
10 നമ്മുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്ന രണ്ടാമത്തെ കാര്യം യഹോവയുടെ ശക്തിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക എന്നതാണ്. വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും നടത്താനുള്ള ശക്തി യഹോവയ്ക്കുണ്ട്. ‘പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കുക എന്നതു നടക്കുന്ന കാര്യമല്ല’ എന്നാണു പലരും ചിന്തിക്കുന്നത്. എന്നാൽ ഓർക്കുക, താൻ ചെയ്യുമെന്ന് യഹോവ മിക്കപ്പോഴും പറഞ്ഞിട്ടുള്ള കാര്യങ്ങൾ മനുഷ്യനെക്കൊണ്ട് ഒരിക്കലും പറ്റാത്തവയാണ്. യഹോവ സർവശക്തനായ ദൈവമാണല്ലോ. (ഇയ്യോ. 42:2; മർക്കോ. 10:27) അതുകൊണ്ട് നമുക്കു ചിന്തിക്കാൻപോലും പറ്റാത്ത കാര്യങ്ങൾ ദൈവം വാഗ്ദാനം ചെയ്യുമ്പോൾ നമ്മൾ അതിൽ അതിശയിക്കുന്നില്ല.—എഫെസ്യർ 3:20 വായിക്കുക.
11. ദൈവത്തിന്റെ അസാധാരണമായ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുക. (“ നിറവേറിയ ചില അസാധാരണവാഗ്ദാനങ്ങൾ” എന്ന ചതുരം കാണുക.)
11 ഒരിക്കലും നടക്കില്ലെന്നു തോന്നുമായിരുന്ന ചില വാഗ്ദാനങ്ങൾ ദൈവം തന്റെ ജനത്തിനു നൽകിയിട്ടുണ്ട്. വയസ്സുചെന്ന അബ്രാഹാമിനും സാറയ്ക്കും ഒരു മകൻ ജനിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. (ഉൽപ. 17:15-17) അബ്രാഹാമിന്റെ പിൻതലമുറക്കാർക്കു കനാൻ ദേശം കൊടുക്കുമെന്നും യഹോവ അദ്ദേഹത്തോടു പറഞ്ഞു. അബ്രാഹാമിന്റെ പിൻതലമുറക്കാരായ ഇസ്രായേല്യർ കുറെ വർഷങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നു. അതുകൊണ്ടുതന്നെ യഹോവയുടെ ആ വാഗ്ദാനം ഒരിക്കലും നിറവേറില്ലെന്നു തോന്നാമായിരുന്നു. പക്ഷേ യഹോവ പറഞ്ഞതാണു സംഭവിച്ചത്. വർഷങ്ങൾക്കുശേഷം വയസ്സുചെന്ന എലിസബത്ത് ഒരു കുഞ്ഞിനു ജന്മം നൽകുമെന്ന് യഹോവ അറിയിച്ചു. അതുപോലെ കന്യകയായ മറിയയോട് അവൾ തന്റെ മകനു ജന്മം നൽകുമെന്നു യഹോവ പറഞ്ഞു. യേശു ജനിച്ചപ്പോൾ ആ വാഗ്ദാനം നിറവേറി. അതിലൂടെ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ഏദെൻ തോട്ടത്തിൽവെച്ച് യഹോവ നൽകിയ വാഗ്ദാനവും നിറവേറുകയായിരുന്നു!—ഉൽപ. 3:15.
12. യഹോവയുടെ ശക്തിയെക്കുറിച്ച് യോശുവ 23:14-ഉം യശയ്യ 55:10,11-ഉം നമുക്ക് എന്ത് ഉറപ്പു തരുന്നു?
12 യഹോവ നൽകിയ എല്ലാ വാഗ്ദാനങ്ങളെക്കുറിച്ചും അവ നിറവേറിയതിനെക്കുറിച്ചും ചിന്തിക്കുന്നത് യഹോവ എത്ര ശക്തനാണെന്നു തിരിച്ചറിയാൻ നമ്മളെ സഹായിക്കും. (യോശുവ 23:14; യശയ്യ 55:10, 11 വായിക്കുക.) അങ്ങനെ ചിന്തിക്കുന്നതു ഭാവിയെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും. അപ്പോൾ പുതിയ ലോകം വെറുമൊരു സ്വപ്നമോ സങ്കൽപ്പമോ അല്ലെന്നു മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കാനും നമുക്കാകും. പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും വാഗ്ദാനത്തെക്കുറിച്ച് യഹോവ പറഞ്ഞത് ഇതാണ്: “ഈ വാക്കുകൾ സത്യമാണ്, ഇവ വിശ്വസിക്കാം.”—വെളി. 21:1, 5.
ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ ഉൾപ്പെടുക
13. മീറ്റിങ്ങുകൾ നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നത് എങ്ങനെയാണ്, വിശദീകരിക്കുക.
13 നമ്മുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്ന മൂന്നാമത്തെ കാര്യം ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ ഉൾപ്പെടുക എന്നതാണ്. ഉദാഹരണത്തിന്, മീറ്റിങ്ങുകളിലൂടെ നമുക്കു കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. വർഷങ്ങളായി മുഴുസമയസേവനം ചെയ്യുന്ന അന്ന പറയുന്നു: “മീറ്റിങ്ങുകൾ നമ്മുടെ വിശ്വാസം ശക്തമാക്കി നിറുത്തുന്നു. പ്രസംഗകനു പഠിപ്പിക്കൽ പ്രാപ്തി കുറവാണെങ്കിലും പുതിയ വിവരങ്ങളൊന്നും അദ്ദേഹം പറയുന്നില്ലെങ്കിലും ബൈബിൾ സത്യങ്ങൾ എന്റെ മനസ്സിൽ ആഴത്തിൽ പതിയാൻ അവിടെ കേൾക്കുന്ന കാര്യങ്ങൾ സഹായിക്കുന്നു. അവ എന്റെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.” b സഹോദരങ്ങൾ പറയുന്ന അഭിപ്രായങ്ങൾക്കും നമ്മുടെ വിശ്വാസത്തെ ശക്തമാക്കാനാകുമെന്നു നമുക്ക് ഓർക്കാം.—റോമ. 1:11, 12; 10:17.
14. ശുശ്രൂഷ നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ?
14 മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കുന്നതിലൂടെയും നമുക്കു വിശ്വാസം ശക്തമാക്കാനാകും. (എബ്രാ. 10:23) 70-ലേറെ വർഷമായി വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്ന ബാർബറ സഹോദരി പറയുന്നു: “സന്തോഷവാർത്ത പ്രസംഗിക്കുന്നതിലൂടെ എന്റെ വിശ്വാസം ബലപ്പെടുന്നതായി ഞാൻ മനസ്സിലാക്കിയിരിക്കുന്നു. യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് മറ്റുള്ളവരോട് എത്രയധികം സംസാരിക്കുന്നോ അത്രയധികം എന്റെ വിശ്വാസം ശക്തമാകുന്നു.”
15. വ്യക്തിപരമായ പഠനം നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ? (ചിത്രങ്ങളും കാണുക.)
15 നമ്മുടെ വിശ്വാസം ശക്തമാക്കുന്ന മറ്റൊരു ആത്മീയ പ്രവർത്തനമാണു വ്യക്തിപരമായ പഠനം. എപ്പോൾ, എന്തു പഠിക്കും എന്നു നേരത്തേതന്നെ തീരുമാനിക്കുന്നത് ഒരുപാടു ഗുണം ചെയ്യുന്നതായി സൂസൻ സഹോദരി കണ്ടെത്തിയിരിക്കുന്നു. സഹോദരി പറയുന്നു: “ഓരോ ഞായറാഴ്ചയും ഞാൻ, തുടർന്നുവരുന്ന ആഴ്ചയിലെ വീക്ഷാഗോപുരം പഠിക്കും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇടദിവസത്തെ മീറ്റിങ്ങിനുവേണ്ടി തയ്യാറാകും. ബാക്കിയുള്ള ദിവസങ്ങളിൽ മറ്റ് ഏതെങ്കിലും വിഷയത്തെക്കുറിച്ച് പഠിക്കുന്നു.” ഇങ്ങനെ പതിവായി ചിട്ടയോടെ പഠിക്കുന്നതിലൂടെ സൂസൻ സഹോദരിക്കു വിശ്വാസം ശക്തമാക്കാൻ കഴിയുന്നു. വർഷങ്ങളോളം ലോകാസ്ഥാനത്ത് സേവിച്ചിട്ടുള്ള ഐറിൻ സഹോദരി പറയുന്നത്, ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുന്നതു വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്നെന്നാണ്. “പ്രവചനങ്ങളുടെ ചെറിയ വിശദാംശങ്ങൾ പോലും നിറവേറിയതിനെക്കുറിച്ച് മനസ്സിലാക്കുമ്പോൾ അത് എന്നെ വളരെ അതിശയിപ്പിക്കാറുണ്ട്” എന്നു സഹോദരി പറയുന്നു. c
“അതു നിശ്ചയമായും നടക്കും”
16. ഹബക്കൂക്കിന് യഹോവ നൽകിയ ഉറപ്പ് നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ? (എബ്രായർ 10:36, 37)
16 യഹോവയുടെ പല ദാസന്മാരും ഈ ദുഷ്ടലോകത്തിന്റെ നാശത്തിനായി വളരെക്കാലം കാത്തിരുന്നിട്ടുണ്ട്. മാനുഷികമായി ചിന്തിച്ചാൽ ദൈവം തന്റെ വാഗ്ദാനം നിറവേറ്റാൻ വൈകുന്നതായി ചിലപ്പോൾ തോന്നാം. യഹോവയ്ക്ക് അതു മനസ്സിലാകും. അതുകൊണ്ടാണ് യഹോവ ഹബക്കൂക്ക് പ്രവാചകന് ഇങ്ങനെ ഉറപ്പുകൊടുത്തത്: “നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു. അത് അതിന്റെ സമാപ്തിയിലേക്കു കുതിക്കുന്നു, അത് ഒരിക്കലും നടക്കാതെപോകില്ല. വൈകിയാലും അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുക. കാരണം അതു നിശ്ചയമായും നടക്കും, താമസിക്കില്ല!” (ഹബ. 2:3) ആ ഉറപ്പ് ഹബക്കൂക്കിനെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നോ? ആ വാക്കുകളിൽനിന്ന് നമുക്ക് ഇന്നു പ്രയോജനം നേടാൻ കഴിയുമോ? പുതിയ ലോകത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്ത്യാനികളുടെ പ്രയോജനത്തിനുവേണ്ടി ദൈവാത്മാവിന്റെ സഹായത്താൽ അപ്പോസ്തലനായ പൗലോസ് ആ വാക്കുകൾ ഉപയോഗിച്ചു. (എബ്രായർ 10:36, 37 വായിക്കുക.) അതുകൊണ്ട് നമ്മളെ രക്ഷിക്കുമെന്നുള്ള യഹോവയുടെ വാഗ്ദാനം നിറവേറാൻ വൈകുന്നതായി തോന്നിയാലും ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം, “അതു നിശ്ചയമായും നടക്കും, താമസിക്കില്ല.”
17. യഹോവ ഹബക്കൂക്കിനു നൽകിയ ഉപദേശം ഒരു സഹോദരി അനുസരിച്ചത് എങ്ങനെയാണ്?
17 “പ്രതീക്ഷയോടെ കാത്തിരിക്കുക” എന്ന യഹോവയുടെ ഉപദേശം പല ദൈവദാസന്മാരും അനേകം വർഷങ്ങളായി അനുസരിച്ചുപോരുകയാണ്. 1939-ൽ യഹോവയെ ആരാധിക്കാൻതുടങ്ങിയ സഹോദരിയാണു ലോയീസ്. സഹോദരി പറയുന്നു: “എന്റെ ഹൈസ്കൂൾപഠനം പൂർത്തിയാകുന്നതിനു മുമ്പ് അർമഗെദോൻ വരുമെന്നാണു ഞാൻ അന്നു വിചാരിച്ചിരുന്നത്. പക്ഷേ അങ്ങനെ സംഭവിച്ചില്ല. എന്നാൽ ഇക്കാലങ്ങളിലെല്ലാം എന്നെ സഹായിച്ച ഒരു കാര്യമുണ്ട്: യഹോവയുടെ വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാൻ വർഷങ്ങളോളം കാത്തിരുന്ന നോഹയുടെയും അബ്രാഹാമിന്റെയും യോസേഫിന്റെയും അതുപോലുള്ള മറ്റു പല ദൈവദാസന്മാരുടെയും ബൈബിൾ വിവരണങ്ങൾ വായിക്കുന്നതാണ് അത്. അവയെ ‘കാത്തിരിപ്പിൻ വിവരണങ്ങൾ’ എന്നാണു ഞാൻ വിളിക്കുന്നത്. ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിവർത്തിയേറും എന്ന വിശ്വാസം എപ്പോഴും ഉണ്ടായിരിക്കുന്നതു പുതിയ ലോകം തൊട്ടടുത്ത് എത്തി എന്ന ബോധ്യമുണ്ടായിരിക്കാൻ എന്നെയും മറ്റുള്ളവരെയും സഹായിച്ചിട്ടുണ്ട്. “ യഹോവയെ വർഷങ്ങളോളം വിശ്വസ്തമായി സേവിച്ചുവരുന്ന പലരും അതിനോടു യോജിക്കും!
18. സൃഷ്ടികളെ നിരീക്ഷിക്കുന്നത് എങ്ങനെയാണു പുതിയ ലോകത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നത്?
18 പുതിയ ലോകം ഇതുവരെ വന്നിട്ടില്ലെന്നുള്ളതു ശരിയാണ്. എന്നാൽ ഇപ്പോൾത്തന്നെ ഇവിടെയുള്ള ചില കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക: നക്ഷത്രങ്ങൾ, മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ ഇവയൊക്കെ. ഒരു കാലത്ത് ഇവയൊന്നും ഇല്ലായിരുന്നു. പക്ഷേ എന്നു കരുതി ഇന്ന് അവ ഇവിടെയുണ്ടോ എന്ന് ആരും സംശയിക്കില്ലല്ലോ. യഹോവ സൃഷ്ടിച്ചതുകൊണ്ട് മാത്രമാണ് അവയൊക്കെ ഇപ്പോഴുള്ളത്. (ഉൽപ. 1:1, 26, 27) അതുപോലെ ഒരു പുതിയ ലോകം കൊണ്ടുവരുമെന്നും യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. താൻ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ ഉറപ്പായും യഹോവ അതു നിറവേറ്റും. ആ പുതിയ ലോകത്തിൽ മനുഷ്യരെല്ലാം പൂർണാരോഗ്യത്തോടെ എന്നേക്കും ജീവിക്കും. ഇന്നു പ്രപഞ്ചം നമ്മുടെ കൺമുന്നിലുള്ളതുപോലെതന്നെ അന്നു പുതിയ ലോകവും ഒരു യാഥാർഥ്യമായിത്തീരും.—യശ. 65:17; വെളി. 21:3, 4.
19. നിങ്ങൾക്ക് എങ്ങനെ വിശ്വാസം ശക്തമാക്കാം?
19 പുതിയ ലോകം വരുന്നതുവരെ നമ്മുടെ വിശ്വാസം ശക്തമാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കാം. മോചനവിലയോട് എപ്പോഴും നന്ദിയുള്ളവരായിരിക്കുക. യഹോവയുടെ ശക്തിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുക. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ‘വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്ദാനങ്ങൾ അവകാശമാക്കിയവരുടെ കൂടെ’ നിങ്ങളും ഉണ്ടായിരിക്കും.—എബ്രാ. 6:11, 12; റോമ. 5:5.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
a പുതിയ ലോകത്തെക്കുറിച്ചുള്ള ബൈബിളിലെ വാഗ്ദാനം പലരും ഇന്നു വിശ്വസിക്കുന്നില്ല. അത് ഒരിക്കലും നടക്കില്ലാത്ത ഒരു സ്വപ്നമാണെന്നോ കേൾക്കാൻ രസമുള്ള വെറുമൊരു കഥയാണെന്നോ ആണ് പലരും ചിന്തിക്കുന്നത്. എന്നാൽ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നതെല്ലാം അങ്ങനെതന്നെ നടക്കുമെന്നു നമുക്ക് ഉറപ്പാണ്. പക്ഷേ ആ വിശ്വാസം ശക്തമാക്കി നിറുത്താൻ നമ്മൾ തുടർന്നും പ്രവർത്തിക്കേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യാമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
b ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
c ബൈബിൾ പ്രവചനങ്ങളെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിലെ “ബൈബിൾ” എന്നതിനു കീഴിൽ “പ്രവചനം”എന്ന ഭാഗത്ത് കാണാം. 2008 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “യഹോവയുടെ വാക്കുകൾ സത്യമായി ഭവിക്കുന്നു” എന്ന ലേഖനം അതിനൊരു ഉദാഹരണമാണ്.