പഠനലേഖനം 15
യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
‘യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തു.’—പ്രവൃ. 10:38.
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
ചുരുക്കം a
1. യേശു ആദ്യത്തെ അത്ഭുതം നടത്തിയ ആ സാഹചര്യമൊന്നു വിവരിക്കുക.
വർഷം എ.ഡി. 29-ന്റെ അവസാനം. യേശു ശുശ്രൂഷ തുടങ്ങിയ സമയം. കാനായിൽ നടക്കുന്ന ഒരു വിവാഹവിരുന്നിനു യേശുവിനെയും അമ്മ മറിയയെയും ചില ശിഷ്യന്മാരെയും ക്ഷണിച്ചിട്ടുണ്ട്. യേശു വളർന്ന നസറെത്ത് പട്ടണത്തിനു വടക്കാണ് ഈ ഗ്രാമം. വധൂവരന്മാരുടെ വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളാണു മറിയ. അതുകൊണ്ടുതന്നെ സാധ്യതയനുസരിച്ച് മറിയ വിരുന്നുകാരെ സത്കരിക്കുന്ന തിരക്കിലാണ്. എന്നാൽ ഇപ്പോൾ ആ കുടുംബത്തിനും വധൂവരന്മാർക്കും നാണക്കേടു വരുത്തുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു: വീഞ്ഞു തീർന്നുപോയി. b പ്രതീക്ഷിച്ചതിലും കൂടുതൽ വിരുന്നുകാർ വന്നതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്. മറിയ പെട്ടെന്നുതന്നെ മകന്റെ അടുത്ത് ചെന്ന് പറയുന്നു: “അവർക്കു വീഞ്ഞില്ല.” (യോഹ. 2:1-3) യേശു എന്തു ചെയ്തു? അത്ഭുതകരമായി വെള്ളം ‘മേത്തരം വീഞ്ഞാക്കി’ മാറ്റി.—യോഹ. 2:9, 10.
2-3. (എ) ഏതൊക്കെ തരത്തിലുള്ള അത്ഭുതങ്ങളാണു യേശു ചെയ്തത്? (ബി) യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് നമുക്കു പ്രയോജനം നേടാൻ കഴിയുന്നത് എങ്ങനെ?
2 യേശു പ്രസംഗപ്രവർത്തനം നടത്തിയ കാലത്ത് ഇതുപോലെ പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ട്. c ആയിരക്കണക്കിന് ആളുകൾക്കാണ് അതിൽനിന്ന് പ്രയോജനം കിട്ടിയത്. ഉദാഹരണത്തിന് യേശു ചെയ്ത രണ്ട് അത്ഭുതങ്ങളുടെ കാര്യം മാത്രം നോക്കുക: ഒരു അവസരത്തിൽ 5,000 പുരുഷന്മാർക്കും മറ്റൊരു അവസരത്തിൽ 4,000 പുരുഷന്മാർക്കും യേശു അത്ഭുതകരമായി ഭക്ഷണം നൽകി. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കൂടെ ചേർത്താൽ സാധ്യതയനുസരിച്ച് മൊത്തം സംഖ്യ 27,000-ത്തിലധികം വരുമായിരുന്നു. (മത്താ. 14:15-21; 15:32-38) ആ രണ്ടു സന്ദർഭത്തിലും യേശു ഒരുപാടു രോഗികളെയും സുഖപ്പെടുത്തി. (മത്താ. 14:14; 15:30, 31) അത്ഭുതകരമായി ഭക്ഷണം കിട്ടുകയും സുഖംപ്രാപിക്കുകയും ചെയ്തപ്പോൾ ആ ജനം എത്ര അതിശയിച്ചുപോയിരിക്കാം!
3 യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് നമുക്ക് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിയും. വിശ്വാസം ബലപ്പെടുത്തുന്ന അത്തരം ചില പാഠങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. ഇനി, അത്ഭുതങ്ങൾ ചെയ്തപ്പോൾ യേശു കാണിച്ച താഴ്മയും അനുകമ്പയും എങ്ങനെ ജീവിതത്തിൽ പകർത്താമെന്നും പഠിക്കും.
യഹോവയെയും യേശുവിനെയും കുറിച്ചുള്ള പാഠങ്ങൾ
4. യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് നമുക്ക് ആരെക്കുറിച്ച് പഠിക്കാനാകും?
4 യേശു ചെയ്ത അത്ഭുതങ്ങളിൽനിന്ന് യേശുവിനെക്കുറിച്ച് മാത്രമല്ല പിതാവായ ദൈവത്തെക്കുറിച്ചും പലതും പഠിക്കാനാകും. കാരണം ഈ അത്ഭുതങ്ങളൊക്കെ ചെയ്യാനുള്ള ശക്തി യഹോവയിൽനിന്നാണ് യേശുവിനു കിട്ടിയത്. പ്രവൃത്തികൾ 10:38 പറയുന്നത്, “യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തെന്നും ദൈവം കൂടെയുണ്ടായിരുന്നതിനാൽ യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും പിശാച് കഷ്ടപ്പെടുത്തിയിരുന്ന എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തെന്നും” ആണ്. സത്യത്തിൽ, പിതാവിന്റെ ചിന്തകളും വികാരങ്ങളും യേശു അതേ വിധത്തിൽ പകർത്തി. അത്ഭുതങ്ങൾ ഉൾപ്പെടെ യേശു ചെയ്തതും പറഞ്ഞതും ആയ എല്ലാ കാര്യങ്ങളിലും അതാണു കാണുന്നത്. (യോഹ. 14:9) യേശുവിന്റെ അത്ഭുതങ്ങളിൽനിന്ന് പഠിക്കാൻ കഴിയുന്ന മൂന്നു പാഠങ്ങളെക്കുറിച്ച് നോക്കാം.
5. അത്ഭുതങ്ങൾ ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചത് എന്താണ്? (മത്തായി 20:30-34)
5 ഒന്ന്, യേശുവും പിതാവും നമ്മളെ ആഴമായി സ്നേഹിക്കുന്നു. ദുരിതങ്ങൾ അനുഭവിച്ചിരുന്നവരെ സഹായിക്കുന്നതിന് അത്ഭുതകരമായ ശക്തി ഉപയോഗിച്ചതിലൂടെ ആളുകളെ താൻ എത്ര ആഴമായി സ്നേഹിക്കുന്നുണ്ടെന്നു യേശു തെളിയിച്ചു. ഒരിക്കൽ അന്ധരായ രണ്ടു പേർ സഹായത്തിനായി യേശുവിനോട് അപേക്ഷിച്ചു. (മത്തായി 20:30-34 വായിക്കുക.) അപ്പോൾ ‘മനസ്സ് അലിഞ്ഞിട്ട്’ യേശു അവരെ സുഖപ്പെടുത്തി. ‘മനസ്സ് അലിഞ്ഞു’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു ക്രിയാപദത്തിനു ശരീരത്തിന്റെ ഉള്ളിന്റെ ഉള്ളിൽനിന്ന് വരുന്ന തീവ്രമായ അനുകമ്പയെ സൂചിപ്പിക്കാനാകും. ഈ അനുകമ്പയാണ് അനേകർക്കു ഭക്ഷണം കൊടുക്കാനും കുഷ്ഠരോഗിയെ സുഖപ്പെടുത്താനും എല്ലാം യേശുവിനെ പ്രേരിപ്പിച്ചത്. അതിലൂടെ യേശു അവരോടുള്ള സ്നേഹം തെളിയിച്ചു. (മത്താ. 15:32; മർക്കോ. 1:41) ‘ആർദ്രാനുകമ്പയുടെ’ ദൈവമായ യഹോവയും പുത്രനായ യേശുവും നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും നമ്മൾ ദുരിതങ്ങൾ അനുഭവിക്കുമ്പോൾ അത് അവരെ വേദനിപ്പിക്കുന്നുണ്ടെന്നും ഉറപ്പോടെ പറയാൻ കഴിയും. (ലൂക്കോ. 1:78; 1 പത്രോ. 5:7) മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ മാറ്റുന്നതിന് അവർ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടാകും!
6. ദൈവം യേശുവിന് എന്തിനെല്ലാമുള്ള ശക്തി നൽകി?
6 രണ്ട്, മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ശക്തി ദൈവം യേശുവിനു കൊടുത്തിരിക്കുന്നു. സ്വന്തമായി നമുക്കു പരിഹരിക്കാൻ കഴിയാത്ത എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ യേശുവിനു കഴിയുമെന്നാണു യേശുവിന്റെ അത്ഭുതങ്ങൾ തെളിയിക്കുന്നത്. ഉദാഹരണത്തിന്, മനുഷ്യന്റെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമായ പാപത്തെയും അതിന്റെ ഫലമായുള്ള രോഗത്തെയും മരണത്തെയും ഒക്കെ നീക്കംചെയ്യാനുള്ള ശക്തി യേശുവിനുണ്ട്. (മത്താ. 9:1-6; റോമ. 5:12, 18, 19) “എല്ലാ തരം” രോഗങ്ങൾ സുഖപ്പെടുത്താനും മരിച്ചവരെ ഉയിർപ്പിക്കാൻപോലും യേശുവിനു കഴിയുമെന്നു യേശു ചെയ്ത അത്ഭുതങ്ങൾ തെളിയിച്ചു. (മത്താ. 4:23; യോഹ. 11:43, 44) വലിയ കൊടുങ്കാറ്റുകൾ ശമിപ്പിക്കാനും ദുഷ്ടാത്മാക്കളെ തോൽപ്പിക്കാനും ഉള്ള ശക്തിയും യേശുവിനുണ്ട്. (മർക്കോ. 4:37-39; ലൂക്കോ. 8:2) ഇത്തരത്തിലുള്ള ശക്തി യഹോവ തന്റെ മകനു നൽകിയിട്ടുണ്ടെന്ന് അറിയുന്നതു ശരിക്കും ആശ്വാസമാണ്, അല്ലേ?
7-8. (എ) യേശുവിന്റെ അത്ഭുതങ്ങൾ നമുക്ക് എന്ത് ഉറപ്പുതരുന്നു? (ബി) പുതിയ ലോകത്തിൽ ഏത് അത്ഭുതം കാണാനാണു നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത്?
7 മൂന്ന്, ദൈവരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങൾ കിട്ടുമെന്ന ഉറപ്പു നമുക്കു ലഭിക്കുന്നു. ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ താൻ മുഴുഭൂമിയിലും എന്തെല്ലാം ചെയ്യുമെന്നു മനുഷ്യനായിരുന്നപ്പോൾ യേശു ചെയ്ത അത്ഭുതങ്ങൾ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ ഭരണത്തിൻകീഴിൽ പെട്ടെന്നുതന്നെ നമുക്കു കിട്ടാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് നോക്കുക: ഇന്നുള്ള എല്ലാ രോഗങ്ങളും വൈകല്യങ്ങളും നീക്കി മനുഷ്യർക്കു പൂർണാരോഗ്യം കൊടുക്കും. (യശ. 33:24; 35:5, 6; വെളി. 21:3, 4) അന്നു പട്ടിണിയോ പ്രകൃതിദുരന്തത്താലുള്ള കഷ്ടപ്പാടുകളോ ആർക്കും ഉണ്ടാകില്ല. (യശ. 25:6; മർക്കോ. 4:41) “സ്മാരകക്കല്ലറകളിലുള്ള” നമ്മുടെ പ്രിയപ്പെട്ടവരെ തിരികെ കിട്ടുന്നതിന്റെ സന്തോഷവും അന്നു നമുക്ക് അനുഭവിക്കാനാകും. (യോഹ. 5:28, 29) പുതിയ ലോകത്തിൽ ഏത് അത്ഭുതം കാണാനാണു നിങ്ങൾ ഏറ്റവും അധികം ആഗ്രഹിക്കുന്നത്?
8 യേശു അത്ഭുതങ്ങൾ ചെയ്തപ്പോൾ വളരെ താഴ്മയും അനുകമ്പയും ഉള്ളവനാണെന്നു തെളിയിച്ചു. നമ്മൾ ജീവിതത്തിൽ പകർത്തേണ്ട രണ്ടു ഗുണങ്ങളാണ് അവ. യേശു ഈ ഗുണങ്ങൾ കാണിച്ചതിന്റെ രണ്ട് ഉദാഹരണങ്ങൾ നോക്കാം. ആദ്യത്തേത് കാനായിലെ വിവാഹവിരുന്നിന്റെ സമയത്താണ്.
താഴ്മയെക്കുറിച്ചുള്ള ഒരു പാഠം
9. കാനായിലെ വിവാഹവിരുന്നിൽ യേശു അത്ഭുതം ചെയ്തത് എന്തുകൊണ്ട്? (യോഹന്നാൻ 2:6-10)
9 യോഹന്നാൻ 2:6-10 വായിക്കുക. വിവാഹവിരുന്നിൽ വീഞ്ഞു തീർന്നുപോയപ്പോൾ എന്തെങ്കിലും ചെയ്യാനുള്ള കടപ്പാടൊന്നും യേശുവിന് ഉണ്ടായിരുന്നില്ല. കാരണം മിശിഹ അത്ഭുതകരമായി വീഞ്ഞ് ഉണ്ടാക്കുമെന്ന പ്രവചനമൊന്നും ഇല്ലായിരുന്നു. എന്നാൽ ഇങ്ങനെ ഒന്നു ചിന്തിക്കുക: നിങ്ങളുടെ വിവാഹദിവസത്തിൽ ഭക്ഷണപാനീയങ്ങൾ തികയാതെ വന്നാൽ നിങ്ങൾക്ക് എന്തു തോന്നും? അങ്ങനെയൊരു സാഹചര്യത്തിലായിരുന്ന ആ കുടുംബത്തോടു സാധ്യതയനുസരിച്ച് യേശുവിന് അനുകമ്പ തോന്നി, പ്രത്യേകിച്ച് ആ ദമ്പതികളോട്. ഉണ്ടാകുമായിരുന്ന നാണക്കേടിൽനിന്ന് അവരെ രക്ഷിക്കാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ യേശു ഒരു അത്ഭുതം ചെയ്തു. ഏകദേശം 390 ലിറ്റർ വെള്ളം മേത്തരം വീഞ്ഞാക്കി മാറ്റി. യേശു അത്രയധികം വീഞ്ഞ് ഉണ്ടാക്കിയത്, മിച്ചംവരുന്ന വീഞ്ഞ് പിന്നീട് അവർക്ക് ഉപയോഗിക്കാമല്ലോ എന്നോ അതു വിറ്റ് കിട്ടുന്ന പണം ആ ദമ്പതികൾക്ക് ഒരു സാമ്പത്തികസഹായമാകട്ടേ എന്നോ കരുതിയായിരിക്കും. ആ വധൂവരന്മാർക്കു യേശുവിനോട് എത്രമാത്രം നന്ദി തോന്നിയിരിക്കും!
10. യോഹന്നാൻ 2-ാം അധ്യായത്തിലെ വിവരണത്തിൽനിന്ന് പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങൾ നമുക്കു പഠിക്കാം? (ചിത്രവും കാണുക.)
10 യോഹന്നാൻ 2-ാം അധ്യായത്തിലെ ആ വിവരണത്തിൽനിന്ന് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമുക്കു പഠിക്കാനാകും. കൽഭരണിയിൽ വെള്ളം നിറച്ചതു യേശുവല്ല എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? പകരം ജോലിക്കാരെക്കൊണ്ടാണ് അതു ചെയ്യിച്ചത്. (6, 7 വാക്യങ്ങൾ) തന്നിലേക്കു ശ്രദ്ധ ആകർഷിക്കാൻ യേശു ആഗ്രഹിച്ചില്ല. ഇനി, വെള്ളം വീഞ്ഞാക്കിയതിനു ശേഷം യേശുതന്നെ അതു വിരുന്നുനടത്തിപ്പുകാരനു കൊണ്ടുപോയി കൊടുത്തില്ല. പകരം അതും ജോലിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. (8-ാം വാക്യം) താൻ ഉണ്ടാക്കിയ കുറച്ച് വീഞ്ഞ് അതിഥികളുടെ മുന്നിൽ ഉയർത്തിപ്പിടിച്ചിട്ട് ‘ഈ വീഞ്ഞ് ഒന്ന് രുചിച്ചുനോക്കിയേ, ഇതു ഞാൻ ഇപ്പോൾ ഉണ്ടാക്കിയതാ’ എന്നു യേശു വീമ്പിളക്കിയതുമില്ല.
11. യേശുവിന്റെ അത്ഭുതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
11 യേശു വെള്ളം വീഞ്ഞാക്കിയതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? താഴ്മയെക്കുറിച്ച് ഒരു പാഠം പഠിക്കാം. ഈ അത്ഭുതത്തെക്കുറിച്ചെന്നല്ല, തന്റെ ഒരു നേട്ടത്തെക്കുറിച്ചും യേശു ഒരിക്കലും വീമ്പിളക്കിയില്ല. പകരം താഴ്മയോടെ എപ്പോഴും എല്ലാ സ്തുതിയും മഹത്ത്വവും പിതാവിനു കൊടുത്തു. (യോഹ. 5:19, 30; 8:28) യേശുവിനെപ്പോലെ താഴ്മയുള്ളവരാണെങ്കിൽ നമ്മളും, ചെയ്ത ഒരു കാര്യത്തെക്കുറിച്ചും പൊങ്ങച്ചം പറയില്ല. ദൈവസേവനത്തിൽ എന്തൊക്കെ ചെയ്താലും അതെക്കുറിച്ച് വീമ്പിളക്കുന്നതിനു പകരം അതൊക്കെ ചെയ്യാൻ അവസരം നൽകിയ ദൈവത്തിൽ നമുക്ക് അഭിമാനിക്കാം. (യിരെ. 9:23, 24) എല്ലാ സ്തുതിയും മഹത്ത്വവും നൽകേണ്ടത് യഹോവയ്ക്കാണ്. കാരണം യഹോവയുടെ സഹായം കൂടാതെ നമുക്ക് ഒരു നേട്ടവും കൈവരിക്കാനാകില്ല.—1 കൊരി. 1:26-31.
12. യേശുവിന്റെ താഴ്മ അനുകരിക്കാൻ കഴിയുന്ന മറ്റൊരു വിധം ഏതാണ്? ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിക്കുക.
12 യേശുവിന്റെ താഴ്മ അനുകരിക്കാൻ കഴിയുന്ന മറ്റൊരു വിധം നോക്കാം. ഇങ്ങനെ ഒന്നു ചിന്തിക്കുക: ആദ്യത്തെ പൊതുപ്രസംഗം നടത്തുന്നതിനുവേണ്ടി ചെറുപ്പക്കാരനായ ശുശ്രൂഷാദാസനെ ഒരു മൂപ്പൻ ഒരുപാടു സമയമെടുത്ത് സഹായിക്കുന്നു. അങ്ങനെ ആ സഹോദരൻ നല്ലൊരു പ്രസംഗം നടത്തി. സഭയിലെ എല്ലാവർക്കും അത് ഇഷ്ടമാകുകയും ചെയ്തു. മീറ്റിങ്ങ് കഴിഞ്ഞ് ഒരാൾ മൂപ്പനോടു പറയുന്നു: ‘ആ സഹോദരന്റെ പ്രസംഗം സൂപ്പർ ആയിരുന്നല്ലേ?’ അപ്പോൾ മൂപ്പൻ ഇങ്ങനെ പറയേണ്ടതുണ്ടോ? ‘ശരിയാ, പക്ഷേ അദ്ദേഹത്തെ സഹായിക്കാൻ ഞാൻ ഒരുപാടു സമയം ചെലവഴിച്ചിട്ടാ.’ അതോ താഴ്മയോടെ അദ്ദേഹം ഇങ്ങനെയാണോ പറയേണ്ടത്: ‘വളരെ ശരിയാ, ഭംഗിയായിട്ട് ചെയ്തു. ശരിക്കും സന്തോഷം തോന്നി.’ യഥാർഥ താഴ്മയുണ്ടെങ്കിൽ മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ട് നമ്മൾ അതിന്റെ ബഹുമതി ഏറ്റെടുക്കില്ല. പകരം ആ കാര്യങ്ങളൊക്കെ യഹോവ കാണുകയും വിലമതിക്കുകയും ചെയ്യുന്നുണ്ടെന്ന് ഓർത്ത് തൃപ്തരായിരിക്കും. (മത്തായി 6:2-4 താരതമ്യം ചെയ്യുക; എബ്രാ. 13:16) അങ്ങനെ യേശുവിനെ അനുകരിച്ചുകൊണ്ട് നമ്മൾ താഴ്മ കാണിക്കുമ്പോൾ യഹോവയ്ക്കു സന്തോഷമാകുകയും ചെയ്യും.—1 പത്രോ. 5:6.
അനുകമ്പയെക്കുറിച്ചുള്ള ഒരു പാഠം
13. നയിൻ നഗരത്തിന് അടുത്തുവെച്ച് യേശു എന്താണു കണ്ടത്, അപ്പോൾ എന്തു ചെയ്തു? (ലൂക്കോസ് 7:11-15)
13 ലൂക്കോസ് 7:11-15 വായിക്കുക. യേശു പ്രസംഗപ്രവർത്തനം തുടങ്ങി ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞുള്ള ഒരു സമയം. ഇപ്പോൾ യേശു ഗലീലയിലെ നയിൻ എന്ന നഗരത്തിന് അടുത്ത് എത്തിയിരിക്കുകയാണ്. ഏതാണ്ട് 900 വർഷം മുമ്പ് എലീശ പ്രവാചകൻ ഒരു സ്ത്രീയുടെ മകനെ ഉയിർപ്പിച്ച ശൂനേമിന് അടുത്തുള്ള ഒരു സ്ഥലമാണ് ഇത്. (2 രാജാ. 4:32-37) യേശു നഗരകവാടത്തിന് അടുത്ത് എത്തിയപ്പോൾ ആളുകൾ ഒരാളുടെ ശവശരീരം ചുമന്നുകൊണ്ട് പുറത്തേക്കു വരുന്നതു കണ്ടു. ഒരു വിധവയ്ക്ക് ആകെയുണ്ടായിരുന്ന മകനെയാണു നഷ്ടപ്പെട്ടിരിക്കുന്നത്. വളരെ സങ്കടകരമായ ഒരു സാഹചര്യം. എന്നാൽ ആ അമ്മ ഒറ്റയ്ക്കല്ല. നഗരത്തിലെ ഒരു വലിയ ജനക്കൂട്ടം ഒപ്പമുണ്ട്. ആകെ സങ്കടത്തിലായിരുന്ന ആ അമ്മയ്ക്കുവേണ്ടി യേശു ഇപ്പോൾ വലിയൊരു കാര്യം ചെയ്യുന്നു. ശവമഞ്ചത്തിന്റെ അടുത്തേക്കു ചെന്നിട്ട് ആ ചെറുപ്പക്കാരനെ വീണ്ടും ജീവനിലേക്കു കൊണ്ടുവരുന്നു. സുവിശേഷവിവരണങ്ങളിൽ യേശു നടത്തിയതായി പറയുന്ന മൂന്നു പുനരുത്ഥാനങ്ങളിൽ ആദ്യത്തേതാണ് ഇത്.
14. ലൂക്കോസ് 7-ാം അധ്യായത്തിലെ വിവരണത്തിൽ കാണുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ്? (ചിത്രവും കാണുക.)
14 ലൂക്കോസ് 7-ാം അധ്യായത്തിലെ വിവരണത്തിൽ കാണുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്കു നോക്കാം. മകന്റെ മരണത്തിൽ ദുഃഖിച്ചിരിക്കുന്ന അമ്മയെ ‘കണ്ടപ്പോൾ’ യേശുവിന്റെ ‘മനസ്സ് അലിഞ്ഞു’ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചോ? (13-ാം വാക്യം) യേശു അവിടെ കണ്ട കാര്യമാണ് ആ അമ്മയോട് അനുകമ്പ തോന്നാൻ ഇടയാക്കിയത്. എന്നാൽ അവരോട് അനുകമ്പ തോന്നുക മാത്രമല്ല, യേശു അതു പ്രവൃത്തിയിലൂടെ കാണിക്കുകയും ചെയ്തു. ആശ്വസിപ്പിക്കുന്ന രീതിയിൽ ആ അമ്മയോടു സംസാരിച്ചു. അവരോടു “കരയേണ്ടാ” എന്നു പറഞ്ഞു. തുടർന്ന് അവരെ സഹായിക്കാൻ യേശു ഒരു കാര്യം ചെയ്തു: ആ മകനെ ജീവനിലേക്കു കൊണ്ടുവന്നിട്ട് “അമ്മയെ ഏൽപ്പിച്ചു.”—14, 15 വാക്യങ്ങൾ.
15. യേശുവിന്റെ അത്ഭുതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
15 വിധവയുടെ മകനെ യേശു ഉയിർപ്പിച്ച അത്ഭുതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിച്ചിരിക്കുന്നവരോട് അനുകമ്പ കാണിക്കണമെന്ന വലിയൊരു പാഠം ഇതിലൂടെ നമ്മൾ പഠിക്കുന്നു. യേശു ചെയ്തതുപോലെ മരിച്ചുപോയവരെ ജീവനിലേക്കു കൊണ്ടുവരാനൊന്നും നമുക്കു കഴിയില്ല; പക്ഷേ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ ദുഃഖിച്ചിരിക്കുന്നവരെ നന്നായി നിരീക്ഷിക്കുന്നെങ്കിൽ യേശുവിനെപ്പോലെ നമുക്കും അവരോട് അനുകമ്പ തോന്നും. ആശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിച്ചുകൊണ്ടും അവരെ സഹായിക്കാൻ നമ്മളാലാകുന്നതു ചെയ്തുകൊണ്ടും അവരോട് അനുകമ്പ കാണിക്കാൻ നമുക്കു മുൻകൈയെടുക്കാം. d (സുഭാ. 17:17; 2 കൊരി. 1:3, 4; 1 പത്രോ. 3:8) സ്നേഹത്തോടെ പറയുന്നതോ ചെയ്യുന്നതോ ആയ ചെറിയ കാര്യങ്ങൾപോലും അവരെ ഒരുപാട് ആശ്വസിപ്പിച്ചേക്കാം.
16. ചിത്രത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നതുപോലെ, മകളെ നഷ്ടമായ ഒരു അമ്മയ്ക്കുണ്ടായ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 കുറച്ച് വർഷം മുമ്പ് ഉണ്ടായ ഒരു അനുഭവം നോക്കാം. മീറ്റിങ്ങിന് പാട്ടു പാടുന്നതിനിടെ എതിർവശത്തെ നിരയിൽ നിൽക്കുന്ന ഒരു അമ്മ കരയുന്നത് ഒരു സഹോദരി ശ്രദ്ധിച്ചു. പുനരുത്ഥാനപ്രത്യാശയെക്കുറിച്ചുള്ള ഒരു പാട്ടായിരുന്നു അത്. ആ അമ്മയുടെ മകൾ മരിച്ചിട്ട് അധികമായിരുന്നില്ല. അത് അറിയാമായിരുന്ന സഹോദരി പെട്ടെന്നുതന്നെ അടുത്ത് ചെന്ന് അവരെ ചേർത്തുപിടിച്ചുകൊണ്ട് പാട്ടിന്റെ ബാക്കിഭാഗം പാടി. പിന്നീട് ആ അമ്മ പറഞ്ഞു: “എനിക്ക് സഹോദരീസഹോദരന്മാരോട് അകമഴിഞ്ഞ സ്നേഹം തോന്നി.” ആ മീറ്റിങ്ങിനു പോയതു വളരെ നന്നായെന്നു സഹോദരി ചിന്തിച്ചു. “അവിടെ രാജ്യഹാളിൽനിന്നാണു നമുക്കു സഹായം ലഭിക്കുന്നത്” എന്നും ആ അമ്മ പറഞ്ഞു. പ്രിയപ്പെട്ടവരുടെ മരണത്തിൽ ‘ഹൃദയം തകർന്നിരിക്കുന്നവരോട്’ അനുകമ്പ കാണിക്കുന്നതിനുവേണ്ടി നമ്മൾ ചെയ്യുന്ന ചെറിയ കാര്യങ്ങൾപോലും യഹോവ ശ്രദ്ധിക്കുന്നുണ്ട്. മാത്രമല്ല, അതിനെ മൂല്യമുള്ളതായി കാണുകയും ചെയ്യുന്നു.—സങ്കീ. 34:18.
വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു പഠനപരിപാടി
17. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിച്ചത്?
17 യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിരിക്കുന്ന ഭാഗങ്ങൾ പഠിക്കുന്നതു ശരിക്കും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തും. യഹോവയും യേശുവും നമ്മളെ ആഴമായി സ്നേഹിക്കുന്നുണ്ടെന്നും മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശക്തി യേശുവിനുണ്ടെന്നും ദൈവരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങളൊക്കെ പെട്ടെന്നുതന്നെ കിട്ടുമെന്ന് ഉറപ്പുണ്ടായിരിക്കാനാകുമെന്നും അവ നമ്മളെ പഠിപ്പിക്കുന്നു. ആ വിവരണങ്ങൾ പഠിക്കുമ്പോൾ യേശുവിന്റെ ഗുണങ്ങൾ ജീവിതത്തിൽ എങ്ങനെ പകർത്താമെന്നു ചിന്തിക്കുക. യേശു ചെയ്ത മറ്റ് അത്ഭുതങ്ങളെക്കുറിച്ച് പഠിക്കുന്നതിനു കുടുംബാരാധനയുടെ സമയമോ വ്യക്തിപരമായ പഠനത്തിന്റെ സമയമോ നിങ്ങൾക്കു മാറ്റിവെക്കാനാകുമോ? അതിൽനിന്ന് എന്തൊക്കെ പാഠങ്ങൾ പഠിക്കാമെന്നു നോക്കുക. എന്നിട്ട് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും ശ്രമിക്കുക. അതിലൂടെ രസകരവും മറ്റുള്ളവരെ ബലപ്പെടുത്തുന്നതും ആയ പല കാര്യങ്ങളും ചർച്ച ചെയ്യാനുള്ള അവസരം നിങ്ങൾക്കു കിട്ടും.—റോമ. 1:11, 12.
18. അടുത്ത ലേഖനത്തിൽ എന്തു പഠിക്കും?
18 തന്റെ ശുശ്രൂഷ അവസാനിക്കാറായ സമയത്താണു യേശു മൂന്നാമത്തെ പുനരുത്ഥാനം നടത്തിയത്. അതാണു യേശു നടത്തിയതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാനത്തെ പുനരുത്ഥാനം. പക്ഷേ യേശു നടത്തിയ മറ്റു പുനരുത്ഥാനങ്ങളിൽനിന്ന് അതിനൊരു വ്യത്യാസമുണ്ടായിരുന്നു. തന്റെ അടുത്ത ഒരു സുഹൃത്തിനെയാണ് യേശു ഉയിർപ്പിച്ചത്, അതും മരിച്ച് നാലു ദിവസം കഴിഞ്ഞ്. ആ അത്ഭുതത്തെക്കുറിച്ചുള്ള സുവിശേഷവിവരണത്തിൽനിന്ന് നമുക്ക് എന്തൊക്കെ പാഠങ്ങൾ പഠിക്കാൻ കഴിയും? പുനരുത്ഥാനപ്രത്യാശയിലുള്ള വിശ്വാസം നമുക്ക് എങ്ങനെ ശക്തമാക്കാനാകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖനത്തിൽ പഠിക്കും.
ഗീതം 20 അങ്ങ് പ്രിയമകനെ നൽകി
a യേശു ചെയ്ത അത്ഭുതങ്ങളെക്കുറിച്ച് വായിക്കുന്നതു നമ്മളെ ആവേശംകൊള്ളിക്കുന്നു. ഉദാഹരണത്തിന് യേശു, വലിയ കൊടുങ്കാറ്റിനെ ശാന്തമാക്കി, രോഗികളെ സുഖപ്പെടുത്തി, മരിച്ചവരെ ഉയിർപ്പിച്ചു. ഈ കാര്യങ്ങളൊക്കെ ബൈബിളിൽ എഴുതിയിരിക്കുന്നതു നമ്മളെ രസിപ്പിക്കാനല്ല, വിശ്വാസത്തെ ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ പഠിപ്പിക്കാനാണ്. അവയിൽ ചിലത് ഈ ലേഖനത്തിൽ കാണും. അതിലൂടെ യഹോവയെക്കുറിച്ചും യേശുവിനെക്കുറിച്ചും എന്തു പഠിക്കാമെന്നും നമ്മൾ വളർത്തിയെടുക്കേണ്ട ചില ഗുണങ്ങൾ ഏതൊക്കെയാണെന്നും മനസ്സിലാക്കും.
b ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “ബൈബിൾനാടുകളിലെ ആളുകൾ വളരെ സത്കാരപ്രിയരായിരുന്നു. അതിനെ വലിയൊരു ഉത്തരവാദിത്വമായിട്ടാണ് അവർ കണ്ടിരുന്നത്. അതിഥികൾക്കുവേണ്ടി ആവശ്യത്തിലേറെ ഭക്ഷണം കരുതിയിട്ടുണ്ടെന്ന് അവർ ഉറപ്പുവരുത്തണമായിരുന്നു. പ്രത്യേകിച്ച് ഒരു വിവാഹവിരുന്നിന്റെ സമയത്ത് ഭക്ഷണത്തിനും വീഞ്ഞിനും ഒരു കുറവുംവരാതെ നോക്കേണ്ടത് ഒരു നല്ല ആതിഥേയന്റെ കടമയായിരുന്നു.”
c യേശു ചെയ്ത 30-ലധികം അത്ഭുതങ്ങളെക്കുറിച്ച് സുവിശേഷവിവരണങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്നു. പ്രത്യേകംപ്രത്യേകം പറയാത്ത വേറേയും കുറെ അത്ഭുതങ്ങൾ യേശു ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഒരിക്കൽ ഒരു “നഗരം ഒന്നടങ്കം” യേശുവിന്റെ അടുക്കൽ വരുകയും യേശു ‘പല തരം രോഗികളെ സുഖപ്പെടുത്തുകയും’ ചെയ്തു.—മർക്കോ. 1:32-34.
d പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവരെ എങ്ങനെ ആശ്വസിപ്പിക്കാമെന്ന് അറിയാൻ വീക്ഷാഗോപുരം 2016 നമ്പർ 3-ലെ “ദുഃഖിതരെ ആശ്വസിപ്പിക്കാൻ” എന്ന ലേഖനം വായിക്കുക.
e ചിത്രത്തിന്റെ വിവരണം: വധൂവരന്മാരും അതിഥികളും മേത്തരം വീഞ്ഞ് കഴിച്ച് സന്തോഷം പങ്കിടുമ്പോൾ യേശു പുറകിൽ നിൽക്കുന്നതായി കാണാം.