പഠനലേഖനം 18
സഭായോഗങ്ങളിൽ പരസ്പരം പ്രോത്സാഹിപ്പിക്കുക
“പരസ്പരം എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക.”—എബ്രാ. 10:24, അടിക്കുറിപ്പ്.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
ചുരുക്കം a
1. മീറ്റിങ്ങിനു നമ്മൾ അഭിപ്രായങ്ങൾ പറയുന്നത് എന്തുകൊണ്ട്?
നമ്മൾ മീറ്റിങ്ങുകൾക്കു പോകുന്നത് എന്തിനാണ്? പ്രധാനമായും യഹോവയെ സ്തുതിക്കുക എന്നതാണു നമ്മുടെ ഉദ്ദേശ്യം. (സങ്കീ. 26:12; 111:1) കൂടാതെ, ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങളിൽ പരസ്പരം പ്രോത്സാഹിപ്പിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. (1 തെസ്സ. 5:11) ഓരോ തവണ കൈ ഉയർത്തി അഭിപ്രായം പറയുമ്പോഴും നമ്മൾ ഈ രണ്ടു കാര്യവും ചെയ്യുകയാണ്.
2. മീറ്റിങ്ങുകളിൽ അഭിപ്രായം പറയാനുള്ള ഏതൊക്കെ അവസരങ്ങൾ നമുക്കുണ്ട്?
2 ഓരോ ആഴ്ചയും മീറ്റിങ്ങുകളിൽ അഭിപ്രായം പറയാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണത്തിന്, ഇടദിവസത്തെ മീറ്റിങ്ങുകളിൽ ആത്മീയരത്നങ്ങൾ എന്ന പരിപാടിയിലും സഭാ ബൈബിൾപഠനത്തിലും ചർച്ച ഉൾപ്പെട്ട മറ്റു പരിപാടികളിലും നമുക്ക് അഭിപ്രായം പറയാനാകും. ഇനി, ആഴ്ചയുടെ അവസാനം നടക്കുന്ന വീക്ഷാഗോപുരപഠനത്തിലും ഉത്തരം പറയാനുള്ള അവസരമുണ്ട്.
3. (എ) അഭിപ്രായം പറയുന്നതിനു തടസ്സമായിരുന്നേക്കാവുന്ന രണ്ടു കാര്യങ്ങൾ ഏതൊക്കെയാണ്? (ബി) എബ്രായർ 10:24, 25 ഇക്കാര്യത്തിൽ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
3 യഹോവയെ സ്തുതിക്കാനും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അഭിപ്രായം പറയുന്നതിനു രണ്ടു കാര്യങ്ങൾ തടസ്സമായേക്കാം. ഒന്നുകിൽ ഉത്തരം പറയാൻ നമുക്കു പേടിയായിരിക്കും. അല്ലെങ്കിൽ ആഗ്രഹിക്കുന്ന അത്രയും തവണ അഭിപ്രായങ്ങൾ പറയാനുള്ള അവസരം നമുക്കു കിട്ടുന്നില്ലായിരിക്കാം. ഈ തടസ്സങ്ങൾ നമുക്ക് എങ്ങനെ മറികടക്കാം? എബ്രായർക്കുള്ള കത്തിൽ പൗലോസ് എഴുതിയ ഒരു കാര്യം അതിനുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കും. മീറ്റിങ്ങിനു കൂടിവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ‘പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ’ ശ്രദ്ധിക്കാൻ പൗലോസ് പറഞ്ഞു. (എബ്രായർ 10:24, 25 വായിക്കുക.) നമ്മുടെ വിശ്വാസത്തെക്കുറിച്ചുള്ള ചെറിയചെറിയ അഭിപ്രായങ്ങൾപോലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്ന് ഓർക്കുന്നത് ഒരു പരിധിവരെ പേടിയെ മറികടക്കാൻ നമ്മളെ സഹായിക്കും. ഇനി കൂടെക്കൂടെ നമ്മളോടു ചോദിക്കുന്നില്ലെങ്കിൽ, അതിലൂടെ സഭയിലെ മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ അവസരം കിട്ടുകയാണല്ലോ എന്ന് ഓർത്ത് നമുക്കു സന്തോഷിക്കാം.—1 പത്രോ. 3:8.
4. ഈ ലേഖനത്തിൽ ഏതു മൂന്നു കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?
4 ഈ ലേഖനത്തിൽ ആദ്യം, ഉത്തരം പറയാൻ അധികം ആളില്ലാത്ത ചെറിയ സഭകളിൽ നമുക്ക് എങ്ങനെ പരസ്പരം പ്രോത്സാഹിപ്പിക്കാമെന്നു കാണും. അടുത്തതായി, അഭിപ്രായം പറയാൻ ഒരുപാടു പേരുള്ള വലിയ സഭകളിൽ എങ്ങനെ പരസ്പരം പ്രോത്സാഹിപ്പിക്കാമെന്നു ചർച്ച ചെയ്യും. അവസാനമായി, നമ്മുടെ അഭിപ്രായങ്ങൾ മറ്റുള്ളവർക്കു ശരിക്കും പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതാക്കാൻ എന്തൊക്കെ ചെയ്യാമെന്നും കാണും.
ചെറിയ സഭകളിൽ പരസ്പരം പ്രോത്സാഹിപ്പിക്കുക
5. അധികം ആളില്ലാത്ത സഭകളിൽ പരസ്പരം പ്രോത്സാഹിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാം?
5 ചെറിയ സഭകളിലും ഗ്രൂപ്പുകളിലും അഭിപ്രായങ്ങൾ പറയാൻ അധികം ആളുകൾ കാണില്ല. ചിലപ്പോൾ പരിപാടി നടത്തുന്ന സഹോദരൻ, ആരെങ്കിലും കൈ ഉയർത്തുന്നതു കാണാൻ കാത്തുനിൽക്കേണ്ടിവന്നേക്കാം. അങ്ങനെവരുമ്പോൾ മീറ്റിങ്ങ് മൊത്തത്തിൽ ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നാം. അതത്ര പ്രോത്സാഹനം നൽകുന്നതായിരിക്കില്ല. ആ സാഹചര്യത്തിൽ നിങ്ങൾക്ക് എന്തു ചെയ്യാം? കൂടെക്കൂടെ കൈ ഉയർത്തുക. അതു കാണുമ്പോൾ മറ്റുള്ളവർക്കും കൂടുതൽ അഭിപ്രായങ്ങൾ പറയാൻ തോന്നിയേക്കാം.
6-7. അഭിപ്രായം പറയുന്നതിലെ പേടി കുറയ്ക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം?
6 അഭിപ്രായങ്ങൾ പറയുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ നിങ്ങൾക്കു പേടി തോന്നുന്നുണ്ടോ? അങ്ങനെയുള്ള പലരുമുണ്ട്. എന്നാൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിയണമെങ്കിൽ ആ പേടിയെ മറികടന്ന് നമ്മൾ ഉത്തരങ്ങൾ പറയേണ്ടതുണ്ട്. അതിന് എന്തു ചെയ്യാം?
7 വീക്ഷാഗോപുരത്തിന്റെ മുൻ ലക്കങ്ങളിൽ വന്ന ചില നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്തേക്കും. b അതിൽ ഒന്നാണു നന്നായി തയ്യാറാകുക എന്നത്. (സുഭാ. 21:5) ശരിക്കു പഠിച്ചിട്ടുണ്ടെങ്കിൽ അഭിപ്രായം പറയാൻ നിങ്ങൾക്ക് അധികം പേടി തോന്നില്ല. ഇനി, ചെറിയചെറിയ അഭിപ്രായങ്ങൾ പറയുക. (സുഭാ. 15:23; 17:27) ചെറിയ ഉത്തരമാകുമ്പോൾ പറയാൻ കുറെക്കൂടി ധൈര്യം തോന്നും. മാത്രമല്ല, കുറെയധികം ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നീണ്ട അഭിപ്രായങ്ങളെക്കാൾ എളുപ്പം മനസ്സിലാകുന്നത് ഒന്നോ രണ്ടോ വാചകങ്ങളിൽ പറയുന്ന ചെറിയ അഭിപ്രായങ്ങളായിരിക്കും. സ്വന്തവാചകത്തിൽ ചെറിയ ഉത്തരങ്ങൾ പറയുമ്പോൾ, നിങ്ങൾ ആ ഭാഗം നന്നായി തയ്യാറായിട്ടുണ്ടെന്നും ആശയങ്ങൾ നിങ്ങൾക്കുതന്നെ വളരെ വ്യക്തമാണെന്നും മറ്റുള്ളവർക്കു മനസ്സിലാകും.
8. നമ്മുടെ ആത്മാർഥശ്രമങ്ങളെ യഹോവ എങ്ങനെയാണു കാണുന്നത്?
8 ഈ നിർദേശങ്ങളൊക്കെ പരീക്ഷിച്ചുനോക്കിയിട്ടും ഒന്നോ രണ്ടോ ഉത്തരങ്ങളിൽ കൂടുതൽ പറയാനുള്ള ധൈര്യം തോന്നുന്നില്ലെങ്കിലോ? വിഷമിക്കേണ്ടാ. കഴിവിന്റെ പരമാവധി ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നതു യഹോവയെ സന്തോഷിപ്പിക്കും. (ലൂക്കോ. 21:1-4) നമ്മുടെ കഴിവിന് അപ്പുറം ചെയ്യാൻ യഹോവ ഒരിക്കലും ആവശ്യപ്പെടുന്നില്ല. (ഫിലി. 4:5) അതുകൊണ്ട് നിങ്ങൾക്ക് എത്രത്തോളം ചെയ്യാൻ പറ്റുമെന്നു നോക്കുക. അതു ചെയ്യാൻ ലക്ഷ്യം വെക്കുക. മനസ്സു ശാന്തമാകാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുകയും ചെയ്യുക. ആദ്യമൊക്കെ ചെറിയ ഒരു അഭിപ്രായം പറയാൻ ലക്ഷ്യം വെക്കാവുന്നതാണ്.
വലിയ സഭയിൽ പരസ്പരം പ്രോത്സാഹിപ്പിക്കുക
9. വലിയ സഭകളിൽ എന്തു പ്രശ്നം നേരിട്ടേക്കാം?
9 ഒരുപാടു പ്രചാരകരുള്ള സഭയിൽ മറ്റൊരു പ്രശ്നമായിരിക്കാം നിങ്ങൾ നേരിടുന്നത്. അഭിപ്രായം പറയാൻ ധാരാളം പേരുള്ളതുകൊണ്ട് കൈ പൊക്കിയാലും മിക്കപ്പോഴും നിങ്ങൾക്ക് അതിനുള്ള അവസരം കിട്ടിയില്ലെന്നുവരാം. ഡാനിയേല സഹോദരിയുടെ കാര്യം നോക്കാം. c മീറ്റിങ്ങിന് അഭിപ്രായങ്ങൾ പറയുന്നതു സഹോദരിക്കു വലിയ ഇഷ്ടമുള്ള കാര്യമാണ്. അതിനെ തന്റെ ആരാധനയുടെ ഭാഗമായും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ബൈബിൾസത്യങ്ങൾ തന്റെതന്നെ മനസ്സിൽ പതിപ്പിക്കാനും ഉള്ള അവസരമായും ആണ് സഹോദരി കാണുന്നത്. എന്നാൽ വലിയൊരു സഭയിലേക്കു മാറിയപ്പോൾ സഹോദരിക്കു മുമ്പത്തെ അത്രയും അവസരങ്ങൾ കിട്ടാതെയായി. ചില ദിവസങ്ങളിൽ ഒരു ഉത്തരംപോലും പറയാൻ പറ്റാതെ വന്നിട്ടുണ്ട്. സഹോദരി പറയുന്നു: “എനിക്ക് ആകപ്പാടെ സങ്കടവും നിരാശയും ആയി. സത്യാരാധനയിൽ ഞാൻ ഒരുപാട് ആസ്വദിച്ചിരുന്ന ഒരു കാര്യം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നതുപോലെ എനിക്കു തോന്നി. കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുമ്പോൾ അതു മനഃപൂർവമാണോ എന്നുപോലും ചിലപ്പോൾ ചിന്തിച്ചുപോകും.”
10. ഉത്തരം പറയാനുള്ള അവസരം കിട്ടാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
10 ഡാനിയേലയെപ്പോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ‘ഇനി ഉത്തരമൊന്നും പറയുന്നില്ല, വെറുതേ കേട്ടിരിക്കുന്നതേ ഉള്ളൂ’ എന്നു തീരുമാനിക്കാൻ തോന്നിയേക്കാം. പക്ഷേ അഭിപ്രായം പറയാനുള്ള ശ്രമം ഉപേക്ഷിക്കരുത്. നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇവയാണ്: ഓരോ മീറ്റിങ്ങിനുവേണ്ടിയും പല അഭിപ്രായങ്ങൾ തയ്യാറാകുക. അപ്പോൾ, തുടക്കത്തിൽ ഉത്തരമൊന്നും പറയാൻ പറ്റിയില്ലെങ്കിലും നിങ്ങൾക്ക് ഒരു അവസരം കിട്ടാതെ പോകില്ല. വീക്ഷാഗോപുരപഠനത്തിനുവേണ്ടി തയ്യാറാകുന്ന സമയത്ത് ഓരോ ഖണ്ഡികയും ലേഖനത്തിന്റെ പ്രധാനവിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു ചിന്തിക്കുക. അങ്ങനെയാകുമ്പോൾ നിങ്ങൾക്കു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നല്ല ആശയങ്ങൾ പറയാനുണ്ടാകും; പഠനസമയത്ത് എപ്പോഴെങ്കിലും അതു പറയാനുള്ള അവസരം ലഭിക്കുകയും ചെയ്യും. കൂടാതെ, വിശദീകരിക്കാൻ അൽപ്പം ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഖണ്ഡികകളിൽ അഭിപ്രായം പറയാനും നിങ്ങൾക്ക് ഒരുങ്ങിയിരിക്കാം. (1 കൊരി. 2:10) പലപ്പോഴും ആ ഖണ്ഡികകൾക്ക് ഉത്തരം പറയാൻ അധികം പേരൊന്നും കാണില്ല. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ടും തുടർച്ചയായി പല മീറ്റിങ്ങുകളിലും നിങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരം കിട്ടാതെ വരുന്നെങ്കിലോ? പരിപാടി നടത്തുന്ന സഹോദരനോട് ഏതു ചോദ്യത്തിനുള്ള ഉത്തരം പറയാനാണ് ആഗ്രഹിക്കുന്നതെന്നു മീറ്റിങ്ങിനു മുമ്പുതന്നെ പറയാനാകും.
11. ഫിലിപ്പിയർ 2:4 എന്തു ചെയ്യാനാണു നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്?
11 ഫിലിപ്പിയർ 2:4 വായിക്കുക. മറ്റുള്ളവരുടെ താത്പര്യം നോക്കാൻ അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. മീറ്റിങ്ങിന്റെ സമയത്ത് നമുക്ക് എങ്ങനെ ആ ഉപദേശം അനുസരിക്കാം? നമ്മളെപ്പോലെതന്നെ മറ്റുള്ളവരും അഭിപ്രായങ്ങൾ പറയാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഓർക്കുന്നതിലൂടെ.
12. മീറ്റിങ്ങുകളിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള നല്ല ഒരു വിധം ഏതാണ്? (ചിത്രവും കാണുക.)
12 ഇങ്ങനെയൊന്നു ചിന്തിക്കുക: കൂട്ടുകാരോടു സംസാരിക്കുമ്പോൾ അവർക്കു മിണ്ടാൻ ഒരു അവസരവും കൊടുക്കാത്ത രീതിയിൽ നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമോ? ഒരിക്കലുമില്ല! അവരും സംഭാഷണത്തിൽ ഉൾപ്പെടാൻ നിങ്ങൾ ആഗ്രഹിക്കും. അതുപോലെ മീറ്റിങ്ങുകളിലും കഴിയുന്നത്ര ആളുകൾക്ക് അഭിപ്രായം പറയുന്നതിന് അവസരം കിട്ടാൻ നമ്മൾ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ അവരെ പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും നല്ല ഒരു വിധമാണു തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അഭിപ്രായം പറയാൻ അവർക്ക് അവസരം കൊടുക്കുക എന്നത്. (1 കൊരി. 10:24) നമുക്ക് അത് എങ്ങനെ ചെയ്യാം?
13. അഭിപ്രായങ്ങൾ പറയാൻ കൂടുതൽ പേർക്ക് അവസരം കൊടുക്കുന്നതിനു നമുക്ക് എന്തു ചെയ്യാം?
13 നമുക്കു ചെയ്യാനാകുന്ന ഒരു കാര്യം ചെറിയ അഭിപ്രായങ്ങൾ പറയുക എന്നതാണ്. അതാകുമ്പോൾ കൂടുതൽ പേർക്ക് അഭിപ്രായം പറയാനുള്ള സമയം കിട്ടും. മൂപ്പന്മാർക്കും അനുഭവപരിചയമുള്ള പ്രചാരകർക്കും ഇക്കാര്യത്തിൽ മാതൃകവെക്കാനാകും. ഇനി, ചെറിയ അഭിപ്രായങ്ങൾ പറയുമ്പോൾപ്പോലും അതിൽ ഒരുപാട് ആശയങ്ങൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഖണ്ഡികയിലുള്ള എല്ലാം നിങ്ങൾതന്നെ പറഞ്ഞാൽ മറ്റുള്ളവർക്കു പറയാൻ ഒന്നും ബാക്കിയുണ്ടാകില്ല. ഉദാഹരണത്തിന് ഈ ഖണ്ഡികയുടെ കാര്യംതന്നെയെടുക്കുക. ഇവിടെ രണ്ടു നിർദേശം തന്നിട്ടുണ്ട്. ഒന്ന് ഉത്തരം ചെറുതായിരിക്കണം, രണ്ട് ഉത്തരത്തിൽ ഒരുപാട് ആശയങ്ങൾ ഉൾപ്പെടുത്തരുത്. ഈ ഖണ്ഡികയ്ക്ക് ആദ്യം അഭിപ്രായം പറയുന്നതു നിങ്ങളാണെങ്കിൽ അതിലെ ഒരു കാര്യം മാത്രം ഉൾപ്പെടുത്താൻ ശ്രമിക്കുക.
14. എത്ര കൂടെക്കൂടെ കൈ ഉയർത്തണമെന്നു തീരുമാനിക്കാൻ നമ്മളെ എന്തു സഹായിക്കും? (ചിത്രവും കാണുക.)
14 എത്ര കൂടെക്കൂടെ കൈ പൊക്കുന്നു എന്ന കാര്യത്തിൽ വിവേകം കാണിക്കുക. നമ്മൾ എപ്പോഴും കൈ ഉയർത്തിയാൽ വീണ്ടുംവീണ്ടും നമ്മളോടു ചോദിക്കാൻ പരിപാടി നടത്തുന്ന സഹോദരനു സമ്മർദം തോന്നും. മറ്റുള്ളവർക്ക് ഒരു അവസരംപോലും കിട്ടാത്തപ്പോഴായിരിക്കും അദ്ദേഹം നമ്മളോടു വീണ്ടും ചോദിക്കുന്നത്. അതു കാണുമ്പോൾ കൈ ഉയർത്താൻതന്നെ പലർക്കും മടിയാകും.—സഭാ. 3:7.
15. (എ) ഉത്തരം പറയാൻ അവസരം കിട്ടിയില്ലെങ്കിലും നമ്മുടെ മനോഭാവം എന്തായിരിക്കണം? (ബി) പരിപാടി നടത്തുന്ന സഹോദരന്മാർക്ക് എങ്ങനെ എല്ലാവരോടും പരിഗണന കാണിക്കാം? (“ നിങ്ങളാണു പരിപാടി നടത്തുന്നതെങ്കിൽ . . . ” എന്ന ചതുരം കാണുക.)
15 ഉത്തരം പറയാൻ ഒരുപാടു പ്രചാരകരുണ്ടെങ്കിൽ ആഗ്രഹിക്കുന്ന അത്രയും അവസരം നമുക്കു കിട്ടണമെന്നില്ല. ചിലപ്പോൾ ഒരു അഭിപ്രായംപോലും പറയാൻ അവസരം കിട്ടിയില്ലെന്നും വരാം. അങ്ങനെവന്നാൽ നമുക്കു നിരാശ തോന്നിയേക്കാം. പക്ഷേ അതിന്റെ പേരിൽ പരിപാടി നടത്തുന്ന സഹോദരനോടു പരിഭവം വിചാരിക്കരുത്.—സഭാ. 7:9.
16. മറ്റുള്ളവർ അഭിപ്രായം പറയുമ്പോൾ നമുക്ക് എങ്ങനെ അവരെ പ്രോത്സാഹിപ്പിക്കാം?
16 ആഗ്രഹിക്കുന്ന അത്രയും തവണ ഉത്തരം പറയാൻ അവസരം കിട്ടിയില്ലെങ്കിലും നിങ്ങൾക്കു ചെയ്യാവുന്ന ഒന്നുണ്ട്. മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ നന്നായി ശ്രദ്ധിക്കുക. എന്നിട്ട് മീറ്റിങ്ങിനു ശേഷം ആ നല്ല അഭിപ്രായത്തിന് അവരെ അഭിനന്ദിക്കുക. നമ്മൾ അഭിപ്രായം പറയുമ്പോൾ അവർക്കു കിട്ടുന്ന അതേ പ്രോത്സാഹനംതന്നെയായിരിക്കും അങ്ങനെ അഭിനന്ദിക്കുമ്പോഴും അവർക്കു കിട്ടുന്നത്. (സുഭാ. 10:21) സഹോദരങ്ങളെ അഭിനന്ദിക്കുന്നത് ശരിക്കും അവരെ പ്രോത്സാഹിപ്പിക്കാനുള്ള മറ്റൊരു വിധമാണ്.
പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള മറ്റു വിധങ്ങൾ
17. (എ) മക്കളുടെ പ്രായത്തിനനുസരിച്ചുള്ള അഭിപ്രായങ്ങൾ തയ്യാറാകാൻ മാതാപിതാക്കൾക്ക് എങ്ങനെ അവരെ സഹായിക്കാം? (ബി) വീഡിയോയിൽ കാണുന്നതനുസരിച്ച് അഭിപ്രായം പറയുന്നതിനു തയ്യാറാകാൻ ചെയ്യാവുന്ന നാലു കാര്യങ്ങൾ ഏതൊക്കെയാണ്? (അടിക്കുറിപ്പു കാണുക.)
17 മീറ്റിങ്ങുകളിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാകുന്ന മറ്റൊരു വിധം ഏതാണ്? നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കിൽ പ്രായത്തിനനുസരിച്ചുള്ള ഉത്തരങ്ങൾ തയ്യാറാകാൻ മക്കളെ സഹായിക്കുക. (മത്താ. 21:16) ചിലപ്പോൾ മീറ്റിങ്ങിനു നമ്മൾ പഠിക്കുന്നതു കുടുംബപ്രശ്നങ്ങളെക്കുറിച്ചോ ധാർമികശുദ്ധിയെക്കുറിച്ചോ ഒക്കെയായിരിക്കാം. എങ്കിലും കുട്ടികൾക്ക് ഉത്തരം പറയാൻ പറ്റുന്ന രീതിയിലുള്ള ഒന്നോ രണ്ടോ ഖണ്ഡികകൾ കാണും. അതിന് ഉത്തരം പറയാൻ അവരെ സഹായിക്കാം. ഇനി, കൈ പൊക്കുന്ന എല്ലാ തവണയും അവരോടു ചോദിക്കില്ലായിരിക്കുമെന്ന കാര്യവും മക്കളോടു പറയാം. അതിന്റെ കാരണം പറഞ്ഞുകൊടുക്കുന്നത് അവർക്കു പകരം മറ്റൊരാളാടു ചോദിക്കുമ്പോൾ സങ്കടപ്പെടാതിരിക്കാൻ അവരെ സഹായിക്കും.—1 തിമൊ. 6:18. d
18. അഭിപ്രായങ്ങൾ പറയുമ്പോൾ നമ്മളിലേക്കു ശ്രദ്ധവരുന്നത് എങ്ങനെ ഒഴിവാക്കാം? (സുഭാഷിതങ്ങൾ 27:2)
18 യഹോവയെ മഹത്ത്വപ്പെടുത്തുന്ന, സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ നമുക്കെല്ലാം തയ്യാറാകാം. (സുഭാ. 25:11) ഇടയ്ക്കൊക്കെ ചുരുങ്ങിയ വാക്കുകളിൽ നമ്മുടെ അനുഭവങ്ങൾ പറയുന്നതിൽ കുഴപ്പമില്ലെങ്കിലും നമ്മളെക്കുറിച്ചുതന്നെ ഒരുപാടു സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കണം. (സുഭാഷിതങ്ങൾ 27:2 വായിക്കുക; 2 കൊരി. 10:18) പകരം യഹോവയിലേക്കും ബൈബിളിലേക്കും മൊത്തത്തിൽ ദൈവജനത്തിലേക്കും ശ്രദ്ധ തിരിച്ചുവിടുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കാം. (വെളി. 4:11) എന്നാൽ ചില ചോദ്യങ്ങൾ നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാൻ ആവശ്യപ്പെടുന്നവയായിരിക്കാം. അപ്പോൾ അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല. അടുത്ത ഖണ്ഡികയിൽ അത്തരം ഒരു ചോദ്യം കാണാം.
19. (എ) മീറ്റിങ്ങുകൾക്കു വരുന്ന എല്ലാവരോടും പരിഗണന കാണിക്കുന്നതിന്റെ പ്രയോജനം എന്താണ്? (റോമർ 1:11, 12) (ബി) മീറ്റിങ്ങുകളിൽ ഉത്തരം പറയാനുള്ള അവസരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
19 അഭിപ്രായങ്ങൾ എങ്ങനെ പറയണമെന്ന കാര്യത്തിൽ കർശനമായ നിയമങ്ങളൊന്നും ഇല്ലെങ്കിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണു നമ്മുടെ ലക്ഷ്യമെന്ന് ഓർക്കാം. അതിനു നമ്മൾ ചിലപ്പോൾ അഭിപ്രായങ്ങളുടെ എണ്ണം കൂട്ടേണ്ടതുണ്ടായിരിക്കും. അല്ലെങ്കിൽ ഉത്തരം പറയാൻ നമുക്കു കിട്ടുന്ന അവസരങ്ങളിൽ തൃപ്തരായിരിക്കാൻ പഠിക്കേണ്ടതുണ്ടായിരിക്കും. അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർക്കും അവസരം കിട്ടുമല്ലോ എന്ന് ഓർക്കുന്നതു നമുക്കു സന്തോഷം തരും. ഇങ്ങനെയൊക്കെ മീറ്റിങ്ങുകളിൽ മറ്റുള്ളവരുടെ താത്പര്യംകൂടെ കണക്കിലെടുക്കുമ്പോൾ നമുക്കെല്ലാവർക്കും “പരസ്പരം പ്രോത്സാഹനം” ലഭിക്കും.—റോമർ 1:11, 12 വായിക്കുക.
ഗീതം 93 ഞങ്ങളുടെ കൂടിവരവിനെ അനുഗ്രഹിക്കേണമേ!
a മീറ്റിങ്ങുകളിൽ അഭിപ്രായങ്ങൾ പറയുമ്പോൾ നമ്മൾ പരസ്പരം പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഉത്തരം പറയാൻ പേടിയുള്ളവരാണു ചിലർ. മറ്റു പലർക്കും അഭിപ്രായങ്ങൾ പറയാൻ ഇഷ്ടമാണ്. അതിനു കൂടുതൽ അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്നാണ് അവരുടെ ആഗ്രഹം. നമ്മുടെ സാഹചര്യം ഇതിൽ ഏതാണെങ്കിലും നമുക്ക് എങ്ങനെ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും അഥവാ അവരോടു പരിഗണന കാണിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പറ്റും? സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ എങ്ങനെ പറയാം? അതെക്കുറിച്ചെല്ലാം ഈ ലേഖനം വിശദീകരിക്കും.
b കൂടുതൽ നിർദേശങ്ങൾക്ക് വീക്ഷാഗോപുരം 2019 ജനുവരി പേ. 8-13-ഉം 2003 സെപ്റ്റംബർ 1 പേ. 19-22-ഉം കാണുക.
c പേരിനു മാറ്റംവരുത്തിയിരിക്കുന്നു.
d jw.org-ലെ യഹോവയുടെ കൂട്ടുകാരാകാം—തയാറായി അഭിപ്രായങ്ങൾ പറയാം എന്ന വീഡിയോ കാണുക.
f ചിത്രത്തിന്റെ വിവരണം: വലിയ ഒരു സഭയിൽ മീറ്റിങ്ങിനു നേരത്തേതന്നെ ഉത്തരം പറഞ്ഞ ഒരു സഹോദരൻ മറ്റുള്ളവർക്ക് അതിനുള്ള അവസരം നൽകുന്നു